ഇറാനിൽ ഉയരുന്ന പ്രതിഷേധം ഒരു കണ്ണാടിയാണ്; മതാധിഷ്ഠിത ഏകാധിപത്യം ആർക്കും നന്നല്ല | പ്രതിഭാഷണം


സി.പി.ജോണ്‍.

റാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന അതിക്രമത്തില്‍ 2022 സെപ്റ്റംബര്‍ പതിനേഴിന് 22 വയസ്സുകാരിയായ അമിനി കൊല്ലപ്പെടുകയുണ്ടായി. ഈ യുവതിയുടെ മരണത്തിന് ശേഷം 'ഏകാധിപത്യം മരിക്കട്ടേ' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ ഇറാനിന്റെ തെരുവുവീഥികളില്‍, അടുത്തകാലത്തൊന്നും കാണാത്ത തരത്തിലുളള പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. ടെഹ്‌റാനില്‍നിന്ന് തുടങ്ങിയ ഈ പ്രക്ഷോഭം 46 ഇറാനിയന്‍ നഗരങ്ങളിലേക്ക് പരന്നു എന്നു മാത്രമല്ല, 75 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതില്‍ പലരും സെക്യൂരിറ്റി ഉദ്യോഗസ്ഥരാണെന്ന്‌ ഇറാന്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഏതാണ്ട് അഞ്ചു വര്‍ഷത്തെ പഴക്കമുണ്ട്. 2017 ഡിസംബര്‍ മാസത്തിലാണ് ഇറാനിലെ പ്രസിദ്ധമായ ഇങ്ക്വിലാബ് സ്ട്രീറ്റില്‍ അഥവാ വിപ്ലവത്തിന്റെ വീഥിയില്‍ വിദ മുവാഹീദ്‌ എന്ന പെണ്‍കുട്ടി ഹിജാബ് ഉപേക്ഷിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതും അവള്‍ക്കെതിരായി വലിയ തോതിൽ സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചതും. 2018 ജനുവരി 30-ന്‌ നര്‍ഗീസ് ഹുസൈനി സമരം വീണ്ടും തുടങ്ങി. പടിപടിയായി പ്രക്ഷോഭത്തിന് ശക്തി കൂടി. 2018 ഫെബ്രുവരി മാസം ഒന്നിന് 29 സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ടു. 2018-ല്‍ തന്നെ ഫെബ്രുവരി അവസാനിക്കാറാകുമ്പോഴേക്കും ഇറാന്റെ പലഭാഗത്തും നിരവധി പ്രക്ഷോഭകര്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന് എതിരായ സമരത്തില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു.ഹിജാബ് ഉപേക്ഷിക്കല്‍ മാത്രമല്ല, 2018 ജൂലായിൽ മെയ്ദി ഹുജാബ്രി എന്ന കൊച്ചുപെണ്‍കുട്ടി പാശ്ചാത്യ ഇറാനിയന്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടതും കോലാഹലമായി. താമസിയാതെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രല്‍ ടെഹ്‌റാന്‍ ക്യാംപസിൽ നിരവധി പേര്‍ ഹിജാബ് നയത്തിനെതിരേ സമരരംഗത്ത് വരികയും പോലീസ് ക്യാംപസില്‍ കയറി അവരെ ആക്രമിക്കുകയും ചെയ്തു.

2019-ലേക്കും പടിപടിയായി ഈ പ്രക്ഷോഭം നീണ്ടുവന്നു. ആ വര്‍ഷം ടെഹ്‌റാനില്‍ പലയിടത്തും മാര്‍ച്ച് എട്ടിന്‌ വനിതാദിനം ആചരിക്കപ്പെട്ടു, വനിതാദിനത്തെ മനുഷ്യര്‍ക്കെല്ലാം നീതിയുക്തലോകത്തിന്റെ വാഗ്ദാനം നല്‍കുന്ന ലോകമായി കൊണ്ടാടി. പക്ഷേ പ്രക്ഷോഭം പരക്കുന്നതിനിടയില്‍ അതിനെ തടയാന്‍ മഫ്തിയില്‍ പോലീസ് ഇറങ്ങി സ്ത്രീകളെ ആക്രമിച്ചു. ഈ പരമ്പരയുടെ അവസാനമായിട്ടാണ് സെപ്റ്റംബര്‍ 17-ന് മഹ്‌സ അമിനി ടെഹ്‌റാനില്‍ പോലീസിന്റെ ക്രൂരമായ അക്രമത്തെ തുടര്‍ന്ന് അന്ത്യശ്വാസം വലിച്ചത്.

ഇറാന്റെ സുപ്രീം ലീഡര്‍ എന്ന് സ്വയം അഭിമാനിക്കുന്ന അലി ഖമനേയിയുടെ മുന്നില്‍ ഏത് പ്രക്ഷോഭത്തേയും അടിച്ചമര്‍ത്തുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല. ഖമനേയിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം റൈസി ഇറാന്റെ പ്രസിഡന്റായ പ്രക്രിയതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും റൈസി കുഴപ്പത്തിലായ സമ്പദ്ഘടനയെ നേരെയാക്കാമെന്ന വാഗ്ദാനമെല്ലാം മാറ്റിവെച്ചുകൊണ്ട്, അഴിമതിയില്‍ അമര്‍ന്ന സര്‍ക്കാരിനെ ശരിപ്പെടുത്തുമെന്ന വാഗ്ദാനം മറന്നുകൊണ്ട് ഈ വിധത്തിലുളള അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോവുകയാണ്.

എത്ര കാലം ഇറാന്‍ ഈ വിധത്തില്‍ അടിച്ചമര്‍ത്തി ഭരിക്കുന്ന ഏകാധിപത്യമായി നിലനില്‍ക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. 1979-ല്‍ അധികാരത്തില്‍ വന്ന ഖൊമേനിമാരുടെ ഭരണം ഏകാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ, മതാധിപത്യത്തിന്റെ വൈകൃതങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് കണ്ടത്. എന്നാല്‍, ഇറാനിലെ ചില അഭിപ്രായ അന്വേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് 72 ശതമാനം ഇറാന്‍കാരും ഹിജാബ് അടക്കമുളള മതനിയമങ്ങളെ എതിര്‍ക്കുന്നു എന്നതാണ്. അവരില്‍ മഹാഭൂരിപക്ഷവും ഇസ്ലാമിക മതവിശ്വാസികളാണ് താനും.

ഇസ്ലാമിക മതവിശ്വാസികള്‍ മഹാഭൂരിപക്ഷമുളള ഇറാനിലും ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ മുന്നോട്ടുവന്നിരിക്കുന്നു എന്നത് വളരെ പ്രധാനമായ സന്ദേശമാണ് നല്‍കുന്നത്. ഇവിടെയാണ് ഇറാനിയന്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം മറ്റു പല പ്രക്ഷോഭവുമായി ചേര്‍ത്തുവായിക്കേണ്ടത്. ഹിജാബ് അടിച്ചേല്‍പ്പിക്കരുത് എന്ന സമരം ഇറാനില്‍ കാണുമ്പോള്‍ കര്‍ണാടകത്തില്‍ കണ്ടത് ഹിജാബ് നിരോധിക്കാനുളള മറ്റൊരു മതാധിഷ്ഠിത ബോധത്തിന്റെ തെരുവുപ്രകടനങ്ങളാണ്. പരമ്പരാഗതമായി തട്ടമിട്ടും പര്‍ദ ധരിച്ചും നടക്കുന്ന സ്ത്രീകള്‍ക്ക് പുറകില്‍ മുട്ടന്‍വടികളുമായി അക്രമത്തിന് ഒരുങ്ങുന്ന സദാചാരവാദികളെ കര്‍ണാടകത്തില്‍ കണ്ടത് അടുത്തിടെയാണ്.

കാലാകാലമായി ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം ഇന്ന് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നു. . ഹൈക്കോടതി വിധി അതത്ര അത്യാവശ്യമില്ല എന്നാവുകയും ചെയ്തു. ഇറാനിലെ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കാനുളള മത-ഏകാധിപത്യ ചിന്തയുടെ മറുരൂപമാണ് പരമ്പരാഗതമായ വസ്ത്രധാരണ രീതി ഉപേക്ഷിക്കണമെന്ന മതാധിഷ്ഠിത രാഷ്ട്രബോധത്തിന്റെ ആക്രോശങ്ങളിലും കാണുന്നത്. ഇതിന്റെ ഫലമായി ശിരോവസ്ത്രം ധരിച്ച് കാലാകാലമായി സ്‌കൂളിലും കോളേജിലും പോയിരുന്ന പെണ്‍കുട്ടികള്‍ പലയിടത്തും സ്‌കൂളിലും പോകാന്‍ പറ്റാത്ത വിധം വീടുകളിലേക്ക് പിന്‍വലിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ശിരോവസ്ത്രം ധരിക്കാതെ സ്‌കൂളില്‍ പോയിക്കൂടേയെന്ന നിഷ്‌കളങ്കമായ ചോദ്യം അതിലെ നിഷ്‌കളങ്കതയെല്ല മറിച്ച് മതാധിഷ്ഠിത ആക്രോശങ്ങള്‍ക്ക് കീഴടങ്ങുന്ന തെറ്റായ പൊതുബോധത്തെയാണ് പുറത്തുകൊണ്ടുവരുന്നത്.

ഈ സന്ദര്‍ഭത്തിലാണ് അല്പം പഴക്കമുളള മറ്റൊരു സമരത്തേയും നാം ഓര്‍ത്തെടുക്കേണ്ടത്. പുരോഗതിയുടെ പറുദീസ എന്നുപറയുന്ന അമേരിക്കയില്‍ 1987 മുതല്‍ 93 വരെ നടന്ന ഡോട് ബസ്റ്റേഴ്‌സ്‌ അഥവാ തിലകക്കുറി വിരുദ്ധസമരം നമ്മുടെ നാട്ടില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ്. 1975 മുതല്‍ തന്നെ ന്യൂജഴ്‌സിയിലെ ജഴ്‌സി നഗരത്തില്‍ ഹിന്ദു ഫോബിയ പിടിച്ച വെറുപ്പിന്റെ ഗ്രൂപ്പുകള്‍ സജീവമായിരുന്നു.

പക്ഷേ 1987-ലാണ് അവര്‍ പരസ്യപ്രഖ്യാപനത്തോടെ കടന്നാക്രമണങ്ങളിലേക്ക് തിരിഞ്ഞത്. അതിന്റെ ഫലമായി 87 സെപ്റ്റംബര്‍ 27-ന് വെളളക്കാരനായ സുഹൃത്തിനൊപ്പം കാപ്പി കുടിക്കാനിറങ്ങിയ നവറോസ് മോദിയെന്ന ഇന്ത്യക്കാരനെ അക്രമികള്‍ തല്ലിക്കൊന്നു. മോദിയുടെ കഷണ്ടിയെ കളിയാക്കിയും പേരിനെ പരിഹസിച്ചും തുടങ്ങിയ വര്‍ത്തമാനങ്ങള്‍ ഡേര്‍ട്ടി ഹിന്ദു അഥവാ വൃത്തികെട്ട ഹിന്ദു എന്ന വിളിയിലേക്ക് തിരിയുകയും ജനക്കൂട്ടം വെളളക്കാരനെ വെറുതെ വിട്ട് മോദിയെ തല്ലിക്കൊല്ലുകയുമായിരുന്നു.

1988 ജൂണ്‍ എട്ടിനും ഇതുപോലുളള ഒരു സംഭവമുണ്ടായി. കുട്ടികള്‍ എന്നുപറയാവുന്ന ടീനേജേഴ്‌സ് ആണ് ചഖാറിയ ഗ്രീത്ത് എന്ന ഇന്ത്യക്കാരന് നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ആക്രമണത്തിന് ഇറങ്ങിയത്. 88 ജൂണ്‍ 17-ൽ ടാക്‌സി ഓടിച്ച് ജീവിച്ചിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ മാല്‍ഖിയാത്ത് സിങ് ജഴ്‌സി സിറ്റിയില്‍ വെടിവെച്ചു കൊല്ലപ്പെട്ടു. ഈ അക്രമങ്ങളുമായി ബന്ധപ്പെട്ട ഗൗരവമായ പഠനങ്ങള്‍ ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി നടത്തുകയുണ്ടായി. എലിസബത്ത് ഗുറ്റേറിയസ് എഴുതിയ മിഡില്‍സ്റ്റേറ്റ് ജ്യോഗ്രാഫര്‍ എന്ന ഗവേഷണ മാസികയില്‍ ഇതു സംബന്ധിച്ച വിശദമായ പഠനങ്ങള്‍ നടത്തിയത് ഇന്ന് ലഭ്യമാണ്. 80-കളില്‍ ജഴ്‌സി സിറ്റിയിലേക്ക് കടന്നുവന്ന ഇന്ത്യക്കാരാണ് അവിടെയുളളവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നത് എന്ന വാദത്തില്‍ നിന്നാണ് പൊട്ടിട്ടവരെ കൊല്ലുന്ന ഡോട് ബസ്‌റ്റേഴ്‌സ്‌ സമരം ആരംഭിച്ചത്. തെറ്റായ രാഷ്ട്രീയബോധത്തിന്റെ ഉല്പന്നമായിരുന്നു അത്. ഈ അക്രമങ്ങളെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നത് നേരത്തേ പറഞ്ഞ എല്ലാവരുംതന്നെ കൊല്ലപ്പെടുന്നതിന് മുമ്പ് ചെറിയ സംഘം ആളുകളാല്‍ അപഹസിക്കപ്പെടുകയും കളിയാക്കപ്പെടുകയുംചെയ്ത് ഒന്നോ അതിലധികമോ ആളുടെ മാരകമായ പ്രഹരം കൊണ്ട് മരിച്ചുവീഴുന്നു എന്നതാണ്.

ഒരു തെരുവുനാടകം പോലെ അരങ്ങേറിയ ഈ അക്രമിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ അമേരിക്കയില്‍ പോലീസുകാര്‍ ഉണ്ടായില്ല എന്നതാണ് ഏറ്റവും ദയനീയമായ കാര്യം. പൊട്ടു കുത്തിയ ഇന്ത്യക്കാരനെ കൊല്ലുന്ന അമേരിക്കക്കാരന്റെ ബോധം ഇന്നും പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും പല നഗരങ്ങളിലെയും ഇന്ത്യക്കാരുടെ വര്‍ധിച്ച സാന്നിധ്യവും പൊതുവില്‍ ഏഷ്യന്‍ വിഭാഗങ്ങളുടെ രാഷ്ട്രീയത്തിലുളള ഇടപെടലുകളും അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ഇരുണ്ട തൊലിയുളള ഏഷ്യക്കാര്‍ക്കും അമേരിക്കയിലെ കുറിയിടുന്ന ഇന്ത്യക്കാര്‍ക്കും എതിരായ അക്രമം തെല്ലൊന്ന് കുറഞ്ഞിട്ടുണ്ട് എന്നുമാത്രം.

ഈ കുറിപ്പ് നിങ്ങള്‍ വായിക്കുന്നത് ഗാന്ധി ജയന്തിയുടെ തലേന്നാണ്. ഗാന്ധിയും ശിരോവസ്ത്രം ധരിച്ചതിന് മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയില്‍ അപമാനിക്കപ്പെട്ട യുവ അഭിഭാഷകനായിരുന്നു. 1893 മെയ് മാസത്തില്‍ തൊഴില്‍ദാതാവായ ധനികനായ ദാദാ അബ്ദുളളയെന്ന വ്യാപാരിയോടൊപ്പം ഡര്‍ബന്‍ കോടതിയില്‍ എത്തിയതായിരുന്നു ഗാന്ധി എന്ന യുവ അഭിഭാഷകന്‍. അവിടെവെച്ച് വെളളക്കാരനായ മജിസ്‌ട്രേറ്റ് ഗാന്ധിയോട് തലപ്പാവഴിക്കാന്‍ആവശ്യപ്പെട്ടു. ഗാന്ധി തന്റെ ജീവിതത്തില്‍ നടത്തിയ ആദ്യത്തെ പ്രതിഷേധമായിരുന്നു അത്. തലപ്പാവഴിക്കാതെ എം.കെ. ഗാന്ധി എന്ന യുവാവ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോന്നു.

താമസിയാതെയാണ് മാരിറ്റ്‌സ്ബര്‍ഗ് തീവണ്ടി സ്‌റ്റേഷനില്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യപ്പെട്ടതിന്റെ പേരില്‍ അദ്ദേഹം ചവിട്ടിപ്പുറത്താക്കപ്പെട്ടത്. അന്നു രാത്രി ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ആ യുവാവ് കടുത്ത ശൈത്യവും കാറ്റും സഹിച്ച് റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ ഉറങ്ങാതെ ഇരുന്നതിന് ശേഷമാണ് ലോകത്തെമ്പാടുമുളള മനുഷ്യരെ ഉണര്‍ത്തിവിട്ട സത്യാഗ്രഹത്തിന്റെ വിത്ത് സ്വന്തം മനസ്സില്‍ മുളപ്പിച്ചത്.

സമകാലീന ഇന്ത്യയില്‍ ശിരോവസ്ത്ര വിരോധം മാത്രമല്ല തെരുവുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. പശുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുളളൂ. പരിശോധനയില്‍ അത് ആട്ടിറച്ചിയാണെന്ന് കണ്ടെത്തിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലല്ലോ. ആ കൊലപാതകത്തില്‍ പങ്കെടുത്തയാള്‍ ജയിലില്‍വെച്ച് ഹൃദ്രോഗത്താൽ മരിച്ചപ്പോള്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ വീടിന്റെ മുന്നിലൂടെ തന്നെ മൃതദേഹം ദേശീയപതാക പുതപ്പിച്ച് കൊണ്ടുപോയത് മറ്റൊരു മുന്നറിയിപ്പായിരുന്നു.

പശുക്കളെ കൊന്നുവെന്ന് ആരോപിച്ചുകൊണ്ട്, പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ചുകൊണ്ട്, ഇറാനിലെ ഹിജാബ് വിജിലന്റ് ഗ്രൂപ്പുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഇന്ത്യയില്‍ നടന്ന അക്രമങ്ങള്‍ നിരവധിയാണെന്നും നമുക്കറിയാം. 21-ാം നൂറ്റൂണ്ട് രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആരാണ് യഥാര്‍ഥ വില്ലന്‍? തലയില്‍ ഇട്ട ഒരു മീറ്റര്‍ തുണിയോ നെറ്റിയില്‍ ചാര്‍ത്തിയ അല്പം കുങ്കുമമോ വിശപ്പുമാറാന്‍ കഴിച്ച ഭക്ഷണമോ ഒന്നുമല്ല വില്ലന്‍മാര്‍.

അതിനെകുറിച്ച് കോടതികളും പാര്‍ലമെന്റുകളും അവരുടെ വിലപ്പെട്ട സമയം ഉപയോഗിച്ച് നടത്തുന്ന ചര്‍ച്ചകള്‍ മുതല്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്ന ചെറുതും വലുതമായ ചര്‍ച്ചകള്‍ വരെ എവിടേക്കാണ് നമ്മുടെ ചിന്തകളെ ആനയിക്കുന്നത്. ഉത്തരം ഒന്നാണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്താനുളള മാര്‍ഗമായി പോലീസിനെ ഉപയോഗിച്ചും അവര്‍ സംരക്ഷിച്ച് നിര്‍ത്തുന്ന ഗുണ്ടകളെ ഉപയോഗിച്ചും അതിക്രമ പരമ്പരകള്‍ അഴിച്ചുവിടുകയാണ്. ഓരോ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കും പിന്നീട് അത് കെട്ടണയും. വീണ്ടും മറ്റൊരു സംഭവത്തിലേക്കായി ജനങ്ങളുടെ ശ്രദ്ധ.

ഒരു സമൂഹത്തിന്റെ ചെറിയ ചെറിയ ഡോസുകള്‍ രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ചാല്‍ പടിപടിയായി ഇത്തരം അതിക്രമങ്ങളെല്ലാം സാധാരണ നടക്കുന്നതല്ലേയെന്ന ബോധത്തിലേക്ക് സമൂഹം എത്തിക്കൊളളും എന്നതാണ് അവരുടെ കണക്കുകൂട്ടല്‍. ഇത്തരത്തില്‍ ജഢിലമായ സാമൂഹിക യുക്തിയെ അടിത്തറയാക്കി തങ്ങള്‍ക്കും തങ്ങളുടെ ഇഷ്ടക്കാര്‍ക്കും വേണ്ടിയുളള എന്തു ഭരണവും നടത്താമെന്ന ഫോര്‍മുലയാണ് ഇത്തരം എല്ലാ അതിക്രമങ്ങളുടെയും അടിസ്ഥാനകാരണമെന്ന് ഈ ലേഖകന്‍ കരുതുന്നു.

ഇഷ്ടമുളള വേഷം ധരിക്കാനും ഭക്ഷണം കഴിക്കാനും ഒരു സമൂഹത്തിന് അടിസ്ഥാനപരമായ അവകാശങ്ങള്‍ ഉണ്ട്. അത് നിഷേധിച്ചുകൊണ്ട് ദീര്‍ഘകാലം ഒരു ഭരണാധികാരിക്കും സുഗമമായി ഒരു ജനതയെ കീഴ്‌പ്പെടാത്താനാകില്ലെന്നു തന്നെയാണ് ഇറാനിലെ പെണ്‍കുട്ടികള്‍ നടത്തുന്ന ഐതിഹാസികമായ പോരാട്ടം കാണിച്ചുതരുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ ഇറാനിലെ ഷിയ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസത്തിന്റെ വിളളലുകള്‍ വീണിട്ടുണ്ട്. ഷിയ പണ്ഡിതനായ സയ്യിദ് മെഹ്ദി എന്ന മതപണ്ഡിതന്‍ അഭിപ്രായപ്പെടുന്നത്‌ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹിജാബ് നിയമം മതപരമായി തന്നെ ശരിയല്ലെന്നാണ്‌.
എന്തായാലും ഇറാനിലെ ഇങ്കുലാബ് വീഥിയില്‍നിന്ന് ഉയരുന്ന മതാധിഷ്ഠിത ഏകാധിപത്യത്തിനെതിരായ പെണ്‍കുരുന്നുകളുടെ പോരാട്ടം ആ രാജ്യത്തെ മാത്രമല്ല ലോകത്തെമ്പാടുമുള്ള തീവ്രമതാധിഷ്ഠിത ഏകാധിപതികള്‍ക്ക് നേരെ ഉയരുന്ന ചൂണ്ടുവിരലാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

Content Highlights: Iran's anti hijab protests Pratibhashanam column by C P John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented