മോദിയും പിണറായിയും കൂട്ടിമുട്ടുന്ന കവലകൾ | വഴിപോക്കൻ


വഴിപോക്കൻ

നെഹ്രുവിനെ എതിർക്കുമ്പോഴും മോദിയുടെ റോൾ മോഡൽ അടിയന്തരാവസ്ഥയിലെ ഇന്ദിരയാണെന്നൊരു നിരീക്ഷണമുണ്ട്. കോൺഗ്രസിനെയും അടിയന്തരാവസ്ഥയെയും എതിർക്കുമ്പോഴും പിണറായിയുടെ മാതൃകാ ഭരണാധികാരി കെ. കരുണാകരനാണോ എന്ന ചോദ്യം അസ്ഥാനത്താണെന്ന് പറയാനാവില്ല.

Premium

ഐ.എൻ.എസ്. വിക്രാന്തിൽ നടന്ന ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും | Photo: ANI

ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ കുലപതി എന്ന വിളിപ്പേരിന് അർഹനായ റാം മനോഹർ ലോഹ്യ കടുത്ത നെഹ്രു വിരുദ്ധനായിരുന്നു. നെഹ്രുവിന്റെ സോഷ്യലിസത്തിന് തീവ്രത പോരെന്ന ചിന്തയാണ് ലോഹ്യയെ നെഹ്രുവിന്റെ നിതാന്തവിമർശകനാക്കിയത്. എതിർചേരിയിൽ നിൽക്കുന്നവരെ ആക്രമിക്കുമ്പോൾ ലോഹ്യ വാക്കുകൾ ഒരിക്കലും മയപ്പെടുത്തിയിരുന്നില്ല. ഇന്ദിര ഗാന്ധിയെ 'പൊട്ടിക്കാളി' (dumb doll) എന്ന് ലോഹ്യ വിളിച്ചത് വലിയ വിവാദമായിരുന്നു.

ഒരിക്കൽ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ ലോഹ്യയുടെ വാക്കുകൾ അതിരുകൾ കടന്നു: ''എല്ലാവരും കരുതുന്നതുപോലെ നെഹ്രു ഉന്നതകുലജാതനൊന്നുമല്ല. അദ്ദേഹത്തിന്റെ മുത്തശ്ശൻ മുഗൾ രാജധാനിയിലെ 'ചപ്രാസി'( ഓഫീസ് സഹായി) ആയിരുന്നുവെന്ന് തെളിയിക്കാൻ എനിക്കാവും.'' നെഹ്രു ഇതിനെ നേരിട്ടത് ചിരിയോടെയാണ്: ''ജനങ്ങളിൽ ഒരുവനാണ് ഞാനെന്ന് എത്രയോ കാലമായി ഞാൻ പറയുന്നതാണ്. ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട അംഗം അത് സമ്മതിച്ചതിൽ സന്തോഷമേയുള്ളു.''

ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷം കലശലായിരിക്കെ അക്സായ് ചിന്നിൽ ഒരു പുല്ലു പോലും കിളിർക്കുന്നില്ല എന്ന് നെഹ്രു പറഞ്ഞപ്പോൾ കോൺഗ്രസ് എം.പി. മഹാവിർ ത്യാഗി തന്റെ മൊട്ടത്തല തടവിക്കൊണ്ട് പറഞ്ഞത് ഇതാണ്: ''ഇവിടെ ഒരു രോമം പോലുമില്ലെന്നതുകൊണ്ട് ഇതാർക്കെങ്കിലും വിട്ടുകൊടുക്കണോ?'' ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് ഹാസ്യം കൈമോശം വന്നിട്ടില്ലാതിരുന്ന കാലമായിരുന്നു അത്.

ഇന്നിപ്പോൾ കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് പ്രധാനമന്ത്രിയെ ഒന്ന് കളിയാക്കിയതിന്റെ പേരിൽ വിമാനയാത്ര നിഷേധിക്കപ്പെടുകയും വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ നേരിടുകയും ചെയ്യേണ്ടി വരുന്നു. തമാശ പറയുന്നതിൽ പ്രധാനമന്ത്രി മോദി പിന്നിലല്ല. പലപ്പോഴും സാമാന്യമര്യാദകളുടെ അതിരുകൾ ലംഘിക്കുന്ന പദപ്രയോഗങ്ങൾ മോദിജിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. 2019-ൽ ഐ.ഐ.ടി. ഖരക്പൂർ വിദ്യാർത്ഥികളുമായി സംസാരിക്കവെ ഡിസ്ലക്സിയ (വായിക്കാനും പഠിക്കാനും വിഷമമുള്ള അവസ്ഥ) മൂലം വിഷമിക്കുന്നവരെ സഹായിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പരാമർശം കേട്ടപ്പോൾ അതിനെക്കുറിച്ച് പറഞ്ഞ വിദ്യാർത്ഥിയോട് പ്രധാനമന്ത്രി ചോദിച്ചത് ഇതുകൊണ്ട് 50 വയസ്സ് പ്രായമുള്ള 'കുട്ടികൾക്ക്' പ്രയോജനമുണ്ടാവുമോ എന്നാണ്.

രാഹുൽ ഗാന്ധിയെ പരോക്ഷമായി കളിയാക്കാൻ നടത്തിയ പ്രധാനമന്ത്രിയുടെ ഈ ശ്രമം വലിയ വിമർശം വിളിച്ചു വരുത്തി. കേരളത്തെ സൊമാലിയയോട് തുലനം ചെയ്തുകൊണ്ടുള്ള മോദിയുടെ പരാമർശവും ഓർമ്മ വരുന്നു. സുപ്രീം കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ പവൻ ഖേരയുടെ കാര്യം അവതാളത്തിലാവുമായിരുന്നു. സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് ഇന്ത്യയൊട്ടാകെ ഓടി നടന്ന് കേസുകൾ നേരിടുകയെന്ന് പറഞ്ഞാൽ ഒരു വിധക്കാർക്കൊന്നും പിടിച്ചു നിൽക്കാനാവില്ല.

വിജയകാന്ത്

മോദിയെക്കുറിച്ച് ആരും തമാശ പറയുന്നില്ല

വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ചതിന് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് സമാനമായ അനുഭവമുണ്ടായി. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി 28 കേസുകളാണ് വിജയകാന്തിനെതിരെ പോലീസ് രേഖപ്പെടുത്തിയത്. ഓരോ ജില്ലയിലും കോടതികൾ കയറിയിറങ്ങാൻ മാത്രമേ തനിക്ക് സമയമുണ്ടാവുകയുള്ളുവെന്നും രാഷ്ട്രീയ എതിരാളികളെ നിശ്ശബദ്രാക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി വിജയകാന്ത് സുപ്രീം കോടതിയെ സമീപിച്ചു. മാനനഷ്ടക്കേസുകൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് വ്യക്തമാക്കി അന്ന് സുപ്രീം കോടതി ഇടപെട്ടതോടെയാണ് ജയലളിത സർക്കാരിന്റെ പ്രതികാര നിർവ്വഹണ പദ്ധതിയിൽനിന്ന് വിജയകാന്ത് രക്ഷപ്പെട്ടത്.

മോദിയെക്കുറിച്ച് ആരും തമാശ പറയുന്നില്ലെന്ന് 2013-ൽ എഴുതിയ ലേഖനത്തിൽ പത്രപ്രവർത്തകൻ സന്ദീപൻ ദേബ് ചൂണ്ടിക്കാട്ടുന്നുണ്ട്. മൻമോഹൻ സിങ്ങിനെക്കെുറിച്ചും സോണിയ ഗാന്ധിയെക്കുറിച്ചും രാഹുൽ ഗാന്ധിയെക്കുറിച്ചും നൂറുകണക്കിന് തമാശകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും എന്നാൽ മോദിയുടെ തമാശകളല്ലാതെ മോദിയെക്കുറിച്ചുള്ള തമാശകൾ ഒരിടത്തും കാണാനില്ലെന്നുമാണ് സന്ദീപൻ എഴുതിയത്. മോദി അന്ന് പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിട്ടേ ഉണ്ടായിരുന്നുള്ളു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ അധികാരക്കസേരയിൽ കഴിഞ്ഞ ഒമ്പത് കൊല്ലമായി ഇരിക്കുന്ന മോദിയെക്കുറിച്ച് ഇപ്പോഴും കാര്യമായ തമാശകൾ ലഭ്യമാണെന്ന് തോന്നുന്നില്ല. നമ്മൾ മറ്റുള്ളവരെക്കുറിച്ച് തമാശ പറയുന്നതും മറ്റുള്ളവർ നമ്മളെക്കുറിച്ച് തമാശ പറയുന്നതും രണ്ടാണ്. മറ്റുള്ളവർ നമ്മളെ കളിയാക്കുമ്പോൾ അത് സഹിക്കാനാവുന്നില്ലെങ്കിൽ പിന്നെ ജനാധിപത്യമില്ല. മറ്റുള്ളവരെക്കുറിച്ച് എന്ത് തോന്നിവാസം വേണമെങ്കിലും പറയാം എന്നതിനെയല്ല, മറിച്ച് മറ്റുള്ളവർ നമ്മളെ പരിഹസിക്കുമ്പോൾ അത് കേട്ടുനിൽക്കാനും സംയമനം പാലിക്കാനും കഴിയുന്നതിനെക്കൂടിയാണ് സെൻസ് ഒഫ് ഹ്യൂമർ അഥവാ ഹാസ്യബോധം എന്ന് പറയുന്നത്.

2007-ൽ ഓസ്‌കർ നേടിയ No Country For Old Men എന്ന സിനിമയിൽ ഒരു രംഗത്തിൽ വില്ലനെക്കുറിച്ച് ഒന്ന് വിശദീകരിക്കാൻ വില്ലന്റെ ആക്രമണത്തിനിരയായ മോസ് എന്ന കഥാപാത്രത്തോട് ഒരാൾ ആവശ്യപ്പെടുന്നുണ്ട്. ഹവിയർ ബാർഡം എന്ന നടൻ അവിസ്മരണീയമാക്കിയ ആന്റൺ ഷിഗുറ എന്ന വില്ലനെക്കുറിച്ചാണ് ചോദ്യം. ഒരു മയവുമില്ലാതെ എതിരാളികളെ നേരിടുന്ന ആന്റൺ ഷിഗുറ എങ്ങിനെയുള്ളയാളാണെന്ന ചോദ്യത്തിന് മോസിന്റെ മറുപടി ഇതാണ്: ''I guess I would say he doens't have a sense of humour.' തമാശ ആസ്വദിക്കാൻ കഴിയാത്തയാൾ എന്ന ഒരൊറ്റ വിശേഷണത്തിലൂടെയാണ് തിരക്കഥാ രചയിതാക്കളും സംവിധായകരുമായ കോവൻ സഹോദരന്മാർ ആന്റൺ ഷിഗുറയെ പരിചയപ്പെടുത്തുന്നത്. അതൊരു വല്ലാത്ത വിശേഷണമാണ്. ഹാസ്യബോധമില്ലെങ്കിൽ ഒരാൾ എന്തായി മാറുന്നുവെന്നറിയണമെങ്കിൽ ഈ സിനിമ ഒന്നുകൂടി മനസ്സിരുത്തി കാണണം.

എളമരം കരീം, വിനു വി. ജോൺ

എളമരം കരീമും വിനു വി. ജോണും

ഒരു ടി.വി. ചർച്ചയിൽ സി.പി.എം. നേതാവ് എളമരം കരീമിനെ വിമർശിച്ച വിനു വി. ജോൺ എന്ന അവതാരകനെതിരെ പോലീസ് കേസെടുത്ത നടപടി നമ്മുടെ രാഷ്ട്രീയക്കാർ ആന്റൺ ഷിഗുറമാരാവുന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. ഒരു ഹർത്താലിന്റെ അന്ന് ഓട്ടോ ഓടിച്ച ഒരു മനുഷ്യനെ മർദ്ദിച്ച് അവശനാക്കുന്നത് ജനാധിപത്യമല്ലെന്നും ആ മനുഷ്യന്റെ സ്ഥാനത്ത് എളമരം കരീമായിരുന്നെങ്കിൽ എന്താണുണ്ടാവുമായിരുന്നത് എന്നുമാണ് വിനു ചോദിച്ചത്. ഇതിനെയാണ് എളമരം കരീമിനെതിരെയുള്ള ആക്രമണാഹ്വാനമായി വ്യാഖ്യാനിച്ച് സിപിഎം നിരത്തിലിറങ്ങിയത്.

വിനുവിനെതിരെ പോലിസിനെ സമീപിച്ചതിന് സി.പി.എം. സൈബർ സഖാക്കൾ നൽകുന്ന വിശദീകരണങ്ങൾ ഏതാണ്ടിതു പോലെയാണ്: ''എളമരം കരീം ഒരു സാധാരണ പൗരനാകുന്നു. ഒരു മാദ്ധ്യമ പ്രവർത്തകനെതെിരെ അദ്ദേഹം കേസ് കൊടുക്കുന്നത് സ്വന്തം നിലയ്ക്കാണ്. പാർട്ടിയുമായോ ആ പാർട്ടി നയിക്കുന്ന സർക്കാരിലെ ആരെങ്കിലുമായോ എളമരം കരീം ഒരു ചർച്ചയും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഇതേ പ്രശ്‌നത്തിലാണ് പാർട്ടി പ്രവർത്തകർ ഏഷ്യാനെറ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതെന്ന് ഓർക്കരുത്. കാരണം എളമരം കരീം ഒരു ഒറ്റപ്പെട്ട മനുഷ്യനാവുന്നു. ഒരു പൗരന് ലഭ്യമായ നിയമനടപടി സ്വീകരിക്കുക മാത്രമാണ് എളമരം ചെയ്തത്. ''

ഇത്തരം സാഹിത്യമൊക്കെ (ക്യാപ്സൂൾ) വിളമ്പാൻ കഴിയുന്നവർ ഇപ്പോഴും അവശേഷിക്കുന്നുവെന്നതാണ് ജനാധിപത്യം നേരിടുന്ന യഥാർത്ഥ ദുരന്തം. ഹർത്താലെന്ന് പറഞ്ഞാൽ പൊതുജനം സ്വമേധയാ സഹകരിക്കേണ്ട ഒന്നാണ്. ഹർത്താലിനോട് താൽപര്യമില്ലാത്തവർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ബലം പ്രയോഗിച്ച് തടയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ വിരുദ്ധതയെയാണ് വിനു ചോദ്യം ചെയ്തത്. മർദ്ദനമേറ്റ ഓട്ടോ ഡ്രൈവറുടെ സ്ഥാനത്ത് എളമരം കരീമായിരുന്നെങ്കിൽ എന്താണുണ്ടാവുമായിരുന്നത് എന്നാണ് വിനു ചോദിച്ചത്. അതിനെതിരെ പ്രതിഷേധിക്കാനും വിമർശനമുന്നയിക്കാനും എതിരാളികൾക്ക് അവകാശമുണ്ട്. പ്രശ്‌നം അതൊരു പോലീസ് കേസാക്കുമ്പോഴാണ്. അതിന്റെ ഉദ്ദേശ്യം പൗരാവകാശം സംരക്ഷിക്കുകയല്ലെന്നും വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നാണെന്നും അറിയാതിരിക്കാൻ നമ്മളൊക്കെ ഇനിയും ഗോതമ്പുതീനികൾ ആയിട്ടില്ല.

കറുപ്പിനെതിരെ പോലീസ് വീണ്ടും തിരിയുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കേരള പോലീസ് ഇതുപോലുള്ള വൃത്തികേടുകളിൽ ഏർപ്പെട്ടപ്പോൾ തങ്ങളാരും ഇങ്ങനെയൊരു നിർദ്ദേശം കൊടുത്തിട്ടില്ലെന്നാണ് പോലീസിന്റെയും സർക്കാരിന്റെയും പാർട്ടിയുടെയും തലപ്പത്തുള്ളവർ പറഞ്ഞത്. ഇപ്പോഴിതാ കറുത്ത ബാഗുകൾ, കറുത്ത മാസ്‌കുകൾ, കറുത്ത കുപ്പായങ്ങൾ എന്നിങ്ങനെ കേരള പോലീസ് വീണ്ടും കറുപ്പിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം പോലീസിനുണ്ട്. പക്ഷേ, അതിനെ കറുപ്പിനെതിരെയുള്ള പടപ്പുറപ്പാടാക്കി മാറ്റുമ്പോൾ നാണം കെടുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാർട്ടിയുമാണ്. വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശമില്ലെങ്കിൽ അത് പിന്നെ ജനാധിപത്യമല്ല. പോലീസ് നടത്തുന്ന കോമാളിത്തരങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹം ഏത് വെള്ളരിക്കാ പട്ടണത്തിലാണ് താമസിക്കുന്നതെന്ന് ചോദിക്കേണ്ടി വരും.

രമൺ ശ്രീവാസ്തവ

അധികാരവും പിണറായിയും

അധികാരത്തിന്റെ പ്രലോഭനങ്ങൾ മറികടക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേന്ദ്ര സർക്കാരിന്റെ അധികാര കേന്ദ്രീകരണത്തിനെതിരെ ഏറ്റവുമധികം വിമർശനം ഉന്നയിച്ച നേതാവാണ് നരേന്ദ്ര മോദി. അന്ന് മോദി ഫെഡറലിസത്തിനായി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഡി.എം.കെയും തമിഴ്നാട് സർക്കാരും ഇപ്പോൾ പറയുന്നതെന്ന് തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ പറയുന്നത് കാണാതിരിക്കാനാവില്ല. ഇതേ മോദിയാണ് ഇന്ദിര ഗാന്ധിക്ക് ശേഷം ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവുമധികം അധികാരം കേന്ദ്രീകരിക്കുന്ന ഒരു ഭരണകൂടത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.

പ്രതിപക്ഷത്തിരുന്നപ്പോൾ എത്രയെത്ര സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് പിണറായി വിജയൻ. ഉമ്മൻചാണ്ടി സർക്കാരിനെതിരെ സി.പി.എം. നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഓർമ്മയിൽ വരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമായിരുന്നു അടിയന്തരാവസ്ഥ. അന്ന് കേരളത്തിൽ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. ആ ദിവസങ്ങളിൽ കൂത്തുപറമ്പ് എം.എൽ.എ. ആയിരുന്ന പിണറായിയെ പോലിസ് ക്രൂരമായ പീഡനത്തിനാണിരയാക്കിയത്. കൊടിയ മർദ്ദനത്തിന്റെ ബാക്കിപത്രമായ ചോരയിൽ കുതിർന്ന ഷർട്ടുമായി പിന്നീട് പിണറായി കേരള നിയമസഭയിൽ നടത്തിയ പ്രസംഗം ചരിത്രമാണ്.

ഇതേ പിണറായി 2016-ൽ മുഖ്യമന്ത്രിയായപ്പോൾ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന മുൻ പോലിസ് ഓഫിസർ രമൺ ശ്രിവാസ്തവയെ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവാക്കുകയായിരുന്നു. കാക്കിയണിഞ്ഞ പോലീസ് അധികാരത്തിന്റെ പ്രതീകമാണ്. ഈ അധികാരം പരമാവധി ആസ്വദിക്കുന്ന പിണറായിയൊണ് ഇന്നിപ്പോൾ കേരളം കാണുന്നത്. പാർട്ടിയുടെ ക്ഷേമ, ഐശ്വര്യങ്ങളുടെ കാരണഭൂതനെ വാഴ്ത്തുന്ന തിരുവാതിരക്കളി ഓർക്കുന്നില്ലേ!

നെഹ്രുവിനെ എതിർക്കുമ്പോഴും മോദിയുടെ റോൾ മോഡൽ അടിയന്തരാവസ്ഥയിലെ ഇന്ദിരയാണെന്നൊരു നിരീക്ഷണമുണ്ട്. കോൺഗ്രസിനെയും അടിയന്തരാവസ്ഥയെയും എതിർക്കുമ്പോഴും പിണറായിയുടെ മാതൃകാ ഭരണാധികാരി കെ. കരുണാകരനാണോ എന്ന ചോദ്യം അസ്ഥാനത്താണെന്ന് പറയാനാവില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ കൂസലില്ലാതെ നടക്കുകയും ആർ.എസ്.എസ്. വെല്ലുവിളികൾ സധൈര്യം നേരിടുകയും ചെയ്തിരുന്ന പഴയൊരു പിണറായിയുണ്ടെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. ഒരു പ്രത്യേക തരം ഏക്ഷനിലൂടെ എതിരാളികളെ നേരിട്ടിരുന്ന ഭൂതകാലവും പിണറായിക്കുണ്ട്. പക്ഷേ, ഈ 'ധീരത'യൊക്കെ ഇപ്പോൾ പഴങ്കഥയായിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഫിറോസ്പുർ യാത്രയ്ക്കിടെ സുരക്ഷാഭീണണിയെ തുടർന്ന് പാലത്തിൽ നിർത്തിയിട്ടപ്പോൾ | Photo: ANI

ആൾക്കൂട്ടവും നേതാവും

അധികാരവും പേടിയും തമ്മിലുള്ള അന്തർധാര എന്നും എവിടെയും ശക്തമാണ്. അജ്ഞാതമായ എന്തിനെയും സ്വാഭാവികമായി പേടിയുള്ളവരാണ് മനുഷ്യർ. വഴിയിലൂടെ നടക്കുമ്പോൾ, ബസിലും തീവണ്ടിയിലും സഞ്ചരിക്കുമ്പോൾ അപരിചിതരായ മനുഷ്യർ നമ്മുടെ ദേഹത്ത് തൊടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നമ്മൾ കാണിക്കുന്ന കരുതലും ജാഗ്രതയും ഈ പേടി കൊണ്ടാണെന്ന് ജർമ്മൻ എഴുത്തുകാരൻ ഏലിയാസ് കനേറ്റി പറയുന്നുണ്ട്. ഈ പേടി നമുക്ക് നഷ്ടപ്പെടുന്നത് ആൾക്കൂട്ടത്തിൽ ഉൾപ്പെടുമ്പോഴാണ്. ആൾക്കൂട്ടത്തിൽ നമ്മുടെ ശരീരം മറ്റൊരു ശരീരവുമായി ഉരസുമ്പോൾ നമ്മൾ ബേജാറാവുന്നില്ല. നമ്മുടെ പേടികൾ ആൾക്കൂട്ടത്തിൽ അലിഞ്ഞുപോവുന്നു. സാധാരണഗതിയിൽ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ആൾക്കൂട്ടത്തിന്റെ ഭാഗമാവുമ്പോൾ നമ്മൾ ചെയ്യുന്നതും ഇതു കൊണ്ടുതന്നെയാണ്. പൂരപ്പറമ്പിലായാലും കലാപഭൂമിയിലായാലും ആൾക്കൂട്ടങ്ങൾക്ക് ഒരേ മനസ്സും ഒരേ ശരീരവുമായിരിക്കും.

വ്യക്തികളും ആൾക്കൂട്ടവും വ്യത്യസ്തമാണ്. അഭിപ്രായ വ്യത്യാസമുള്ളവരുമായി നേർക്കുനേർ നിൽക്കാൻ ഏകാധിപതികൾക്ക് സങ്കോചമായിരിക്കും. കാര്യങ്ങൾ തുറന്നുപറയുന്നവരെ, കൃത്യമായ നിലപാടുകൾ ഉള്ളവരെ ഏകാധിപതികൾക്ക് പേടിയായിരിക്കും. ഡെൽഹി കലാപത്തിൽ കൃത്യമായ നിലപാടെടുത്ത ജസ്റ്റിസ് മുരളീധർ റാവുവിനെ രാത്രിക്കു രാത്രി സ്ഥലം മാറ്റിയതോർക്കുന്നില്ലേ? മോദിക്കും അമിത് ഷായ്ക്കുമെതിരെ നിലപാടെടുത്ത മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ബന്ധുക്കളെത്തേടി ഇ.ഡിയും ആദായ നികുതി വകുപ്പും എത്തിയതും മറക്കാനാവില്ല.

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയ്ക്ക് ശേഷം ആ സ്ഥാനത്തെത്തേണ്ടിയിരുന്ന ലവാസയെ പൊടുന്നനെ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റാക്കിയതും ഇതിന്റെ തുടർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ ബി.ബി.സി. ഓഫീസുകളിൽ നടത്തിയ റെയ്ഡും മോദി ഭരണകൂടത്തിന്റെ പേടിയാണ് വെളിപ്പെടുത്തിയത്. ആദ്യ പിണറായി സർക്കാരിൽ വ്യക്തിത്വം നിലനിർത്തിയ കെ.കെ. ശൈലജയും തോമസ് ഐസക്കും ജി. സുധാകരനുമൊക്കെ രണ്ടാം പിണറായി സർക്കാരിൽ ഇടം പിടിക്കാതെ പോയതും ഇതിനോട് ചേർത്ത് വായിക്കാം. അടിമകളുടെ നടുവിലാണ് ഏകാധിപതികൾ സുരക്ഷിതത്വവും ആനന്ദവും അനുഭവിക്കുക. തോമസ് ഐസക്കും വി.ഡി. സതീശനും തമ്മിൽ നടന്ന സംവാദം പോലൊന്ന് പിണറായിയും സതീശനും തമ്മിൽ ആലോചിക്കാനാവുമോ? പ്രതിപക്ഷത്തുനിന്നുള്ള ഏതെങ്കിലും ഒരു നേതാവുമായി നേർക്കുനേർ നിന്ന് സംസാരിക്കാൻ മോദി തയ്യാറാവുമോ?

വ്യക്തികളെ നേരിടാൻ ആൾക്കൂട്ടത്തെ അഴിച്ചുവിടുകയാണ് ഏകാധിപതികൾ ചെയ്യുക. കലാപങ്ങളാണ് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. 1984-ലെയും 2020-ലെയും ഡെൽഹി കലാപങ്ങളും 2002-ലെ ഗുജറാത്ത് കലാപങ്ങളും ഓർക്കുക. എതിരാളികൾക്കു നേരെയുള്ള ആൾക്കൂട്ട ആക്രമണമാണ് ഇവിടെ എല്ലായിടത്തും നടന്നത്. സ്വന്തം ആൾക്കൂട്ടങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ മാത്രമാണ് ഈ നേതാക്കൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുക. അവർക്കിടയിലൂടെ കയ്യും വീശി നടക്കാനും ആക്രോശിക്കാനും എതിരാളികളെ പരിഹസിക്കാനും ഈ നേതാക്കൾക്കാവും. എന്നാൽ അപരിചിതമായ മറ്റൊരാൾക്കൂട്ടത്തിന് മുന്നിൽ ഇവർ പൊടുന്നനെ ദുർബ്ബലരാവും. കഴിഞ്ഞ വർഷം പഞ്ചാബിലെ ഫിറോസ്പുരിൽ പ്രധാനമന്ത്രി മോദി നേരിട്ട പ്രതിസന്ധി ഓർക്കുന്നില്ലേ! ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ പോവുകയായിരുന്ന മോദിയുടെ വാഹനവ്യൂഹം പൊടുന്നനെ ഒരു സംഘം പ്രതിഷേധക്കാർക്ക് മുന്നിൽ പെട്ടതാണ് പ്രശ്നമായത്. ഒടുവിൽ പ്രധാനമന്ത്രി മോദിക്ക് ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ചുപോവേണ്ടി വന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതിയിൽ വലിയ വീഴ്ചയുണ്ടായി എന്നത് യാഥാർത്ഥ്യമാണ്. അതിനൊപ്പം തന്നെ വെളിപ്പെട്ട മറ്റൊരു കാര്യം 56 ഇഞ്ചിന്റെ നെഞ്ചളവിലൊന്നും തന്നെ ഒരു കാര്യവുമില്ലെന്നതാണ്. ജനക്കൂട്ടങ്ങൾക്കിടയിലൂടെ നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പലപ്പോഴും പബ്ളിക് റിലേഷൻസ് വകുപ്പുകാർ പ്രചരിപ്പിക്കാറുണ്ട്. ഫിറോസ്പുരിൽ രണ്ട് കാര്യങ്ങൾ പ്രധാനമന്ത്രിക്ക് ചെയ്യാമായിരുന്നുവെന്ന് ഇതിനെക്കുറിച്ചുള്ള ഒരു വിശകലനത്തിൽ പത്രപ്രവർത്തകൻ ഹരിഷ് ഖരെ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നുകിൽ ആൾക്കൂട്ടത്തിനടുത്തേക്ക് പോയി തന്റെ മാസ്മരിക പ്രഭാഷണ ചാതുരിയിലൂടെ അവരെ അദ്ദേഹത്തിന് കൈയ്യിലടുക്കാമായിരുന്നു. അല്ലെങ്കിൽ സുരക്ഷാ സൈനികരെ ഉപയോഗിച്ച് ആൾക്കൂട്ടത്തിനെ ഒഴിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരാമായിരുന്നു.

എന്നാൽ ഇതിനൊന്നിനും മുതിരാതെ തന്റെ വാഹനത്തിനുള്ളിൽ ആകെ സ്തംഭിച്ചിരിക്കുന്ന മോദിയെയാണ് ലോകം കണ്ടതെന്ന് ഖരെ എഴുതുന്നു. മുതലകളെ അമ്മാനമാടുകയും ഹിമാലയൻ വന്യതയിൽ ഏകനായി യാത്ര ചെയ്യുകയും ചെയ്തിട്ടുള്ള ആ പഴയ മോദി എവിടെപ്പോയി എന്ന് അത്ഭുതപ്പെടാൻ മാത്രമേ സാധാരണ മനുഷ്യർക്കായുള്ളു. 1984-ൽ താൻ താമസിച്ചിരുന്ന ഹോട്ടലിൽ ഐറിഷ് റിപ്പബ്ളിക്കൻ ആർമി ബോംബ് സ്ഫോടനം നടത്തിയിട്ടും പതറാതെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടു പോയ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെ ഈ സന്ദർഭത്തിൽ മറക്കാനാവില്ലെന്നും ഖരെ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ | ഫോട്ടോ: മാതൃഭൂമി

മരണവീട്ടിലെ കൊടി പിഴുതുമാറ്റുന്നവർ

നമുക്ക് കേരളത്തിലേക്ക് വരാം. ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ഒരു മരണവീട്ടിലേക്ക് എത്തുന്നതിന് മുമ്പ് വഴിയിൽ ഉയർത്തിയിരുന്ന കറുത്ത കൊടി പോലിസുകാർ അഴിച്ചുമാറ്റി. പരേതനോടുള്ള ആദരസൂചകമായി ഉയർത്തിയ കൊടിയാണ് പോലീസുകാർ നീക്കിയത്. വെള്ളരിക്കാപട്ടണങ്ങളിൽ മാത്രം നടക്കുന്ന പ്രതിഭാസമാണിത്. കേരളം പോലൊരു ജനാധിപത്യ സമൂഹത്തിൽ സി.പി.എം. നേതൃത്വം നൽകുന്ന ഒരു സർക്കാരിന് കീഴിലുള്ള പോലീസുകാർ ഇത്തരം അസംബന്ധങ്ങളിൽ ഏർപ്പെട്ടിട്ട് ആ പോലീസുകാർക്കെതിരെ എന്തെങ്കിലും നടപടി ആഭ്യന്തര വകുപ്പിൽ നിന്നുണ്ടായോ?

സഖാവേ, ഇങ്ങനെയല്ല ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായിയോട് പറയാൻ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് കഴിയാതെ പോവുന്നത് എന്തുകൊണ്ടാണ്? നേതാക്കളെ ചോദ്യം ചെയ്യുന്ന പ്രവർത്തകർ ഇല്ലാതെ പോവുന്നതാണ് ഇന്നിപ്പോൾ സി.പി.എം. നേരിടുന്ന വലിയൊരു പ്രതിസന്ധി.

ജനങ്ങളെ പേടിക്കുന്ന ഭരണാധികാരികൾക്ക് പോലീസിന് വിധേയരാവാതെ നിവൃത്തിയില്ല. ജനങ്ങളല്ല, പോലീസും അധികാരവുമാണ് തങ്ങളെ സംരക്ഷിക്കുന്നതെന്നും നിലനിർത്തുന്നതെന്നുമുള്ള മിഥ്യയാണ് ഇവരെ നയിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പരമാധികാരിയായിരുന്ന സ്റ്റാലിനെക്കുറിച്ച് രസകരമായ ഒരു തമാശയുണ്ട്. ജോർജിയയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ താൻ പുകവലിക്കുന്ന പൈപ്പ് അപ്രത്യക്ഷമായതായി സ്റ്റാലിൻ മനസ്സിലാക്കുന്നു. ഉടനെ തന്നെ രഹസ്യപ്പോലിസ് മേധാവി ബെറിയയെ വിളിച്ച് സ്റ്റാലിൻ സംഗതി പറയുന്നു. പ്രതിനിധി സംഘത്തിനെ ഉടനെ ചോദ്യം ചെയ്യുമെന്ന് ബെറിയ സ്റ്റാലിന് ഉറപ്പ് നൽകുന്നു.

കാണാതായ പൈപ്പ് തന്റെ മേശയുടെ അടിയിൽനിന്ന് കുറച്ച് സമയത്തിന് ശേഷം സ്റ്റാലിൻ കണ്ടെത്തുന്നു. പൈപ്പ് തിരിച്ചുകിട്ടിയ കാര്യം സ്റ്റാലിൻ ബെറിയയോട് പറയുന്നു. വൈകിപ്പോയെന്നും നടക്കേണ്ടത് നടന്നു കഴിഞ്ഞെന്നുമായിരുന്നു ബെറിയയുടെ മറുപടി. പ്രതിനിധി സംഘത്തിലെ പത്ത് പേരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ബെറിയ സ്റ്റാലിനോട് പറയുന്നു. പൈപ്പ് തിരിച്ചുകിട്ടിയ സ്ഥിതിക്ക് അവരെ മോചിപ്പിക്കാമെന്ന് സ്റ്റാലിൻ പറയുമ്പോൾ ബെറിയയുടെ മറുപടി ഇതാണ്: ''അത് സാദ്ധ്യമാവില്ല.'' എന്തുകൊണ്ട് അവരെ മോചിപ്പിച്ചുകൂടാ എന്ന് സ്റ്റാലിൻ വീണ്ടും ചോദിക്കുന്നു. അപ്പോൾ ബെറിയ പറയുന്ന മറുപടിയിൽ നിതാന്ത പേടിയിൽ കഴിഞ്ഞുകൂടുന്ന ഏകാധിപതികളുടെ നേർ ചിത്രമുണ്ട്: ''പത്തു പേരിൽ അഞ്ചു പേർ ചോദ്യം ചെയ്യലിനിടയിൽ മരിച്ചു. ബാക്കി അഞ്ചു പേർ കുറ്റം സമ്മതിച്ചു. അവരെ അപ്പോൾ തന്നെ വെടിവെച്ചു കൊല്ലുകയും ചെയ്തു.''

സാമാന്യയുക്തിയും വകതിരിവും നഷ്ടപ്പെടുന്ന ഭരണകൂടങ്ങളുടെ ചിത്രമാണിത്. പിണറായിയുടെയും മോദിയുടെയും സമകാലിക ഇന്ത്യ നമ്മോട് പറയുന്നത് തമാശകളിൽനിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം അത്രകണ്ട് വലുതല്ലെന്ന് തന്നെയാണ്.

വഴിയിൽ കേട്ടത്: ആരു നയിക്കുമെന്നതോ ആരു പ്രധാനമന്ത്രിയാകുമെന്നതോ അല്ല ബി.ജെ.പിക്കെതിരെയുള്ള ഒറ്റക്കെട്ടായ പോരാട്ടമാണ് മുഖ്യമെന്ന് മല്ലികാർജുൻ ഖാർഗെ. രാഹുൽജിയുടെ സേവനം കോൺഗ്രസ് വേണ്ടെന്നു വെയ്ക്കുകയാണോ?

Content Highlights: Narendra Modi, Pinarayi Vijayan, Indira Gandhi, K Karunakaran, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented