ഇന്ത്യന്‍ ഫെഡറലിസം മമതയോട് കടപ്പെട്ടിരിക്കുന്നു | വഴിപോക്കന്‍


വഴിപോക്കന്‍

കേന്ദ്രം ഉയര്‍ത്തിയ അധികാരവാളിനെതിരെയുള്ള ഒരു ജനതയുടെയും സംസ്ഥാനത്തിന്റെയും ചെറുത്തുനില്‍പിനാണ് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വിപത്ഘട്ടത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു നേതാവും ഒരു പാര്‍ട്ടിയും എങ്ങിനെയാണ് തുണയാവുന്നതെന്നും കൊല്‍ക്കൊത്ത വിളിച്ചുപറയുന്നുണ്ട്.

മമത ബാനർജി | Photo: ANI

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച തകര്‍പ്പന്‍ ഫോമിലായിരുന്നു. 1986-ലെ ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ തകര്‍ത്ത അര്‍ജന്റിനയുടെ ലോകോത്തര താരം ഡീഗൊ മറഡോണയെയും തമിഴകത്തെ ജല്ലിക്കട്ടില്‍ കൂറ്റന്‍ കാളയെ മലര്‍ത്തിയടിക്കുന്ന വീരനേയും തിങ്കളാഴ്ച മമത ഓര്‍മ്മിപ്പിച്ചു.

''മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ബംഗാളിന് തോല്‍വി അറിയില്ല. ആലാപന്‍ ബന്ദോപാദ്ധ്യായ ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായിരിക്കും. മൂന്ന് മാസത്തേക്കാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ സേവനം നീട്ടാന്‍ ഉദ്ദേശിച്ചത്. ഇനിയിപ്പോള്‍ മൂന്ന് കൊല്ലം കൂടി അദ്ദേഹം ബംഗാളിനായി പ്രവര്‍ത്തിക്കും. ഇത് ഞങ്ങളുടെ ധാര്‍മ്മിക വിജയമാണ്. ഞങ്ങള്‍ ആരുടെ മുന്നിലും തല കുനിക്കില്ല.''

മമത അവിടം കൊണ്ടും നിര്‍ത്തിയില്ല. തിങ്കളാഴ്ച എല്ലാ അര്‍ത്ഥത്തിലും മമതയുടെ ദിവസമായിരുന്നു. മോദിയെപ്പോലൊരു പ്രധാനമന്ത്രിയോട് ഏറ്റുമുട്ടി കൈവരിച്ച വിജയം മമത ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കൊത്തയിലെ പത്രസമ്മേളനത്തില്‍ മമത പറഞ്ഞ വാക്കുകളിലേക്ക്: ''Mr. Busy Prime Minister , Mr. Mann Ki Baat Prime Minister... what , do you want to finish me ? Never, ever..As long as people support me, you cannot. I had never seen such a cruel PM or Home Minister. Because they are against Mamamta, they also atack the bureaucrats, not even sparing the chief secretary. This is too much.'' (തിരക്കുള്ള പ്രധാനമന്ത്രീ, ഹൃദയഭാഷണങ്ങളുടെ പ്രധാനമന്ത്രീ, എന്താണ്, താങ്കള്‍ക്കെന്നെ തീര്‍ക്കണമെന്നുണ്ടോ? ഒരിക്കലും നടക്കില്ല... ജനങ്ങള്‍ എനിക്കൊപ്പമുള്ളിടത്തോളം കാലം താങ്കള്‍ക്കതിനാവില്ല. ഇത്രയും ക്രൂരനായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മമതയ്ക്ക് എതിരാണെന്നതുകൊണ്ട് അവര്‍ ഉദ്യോഗസ്ഥരേയും ആക്രമിക്കുന്നു, ചീഫ് സെക്രട്ടറിയെപ്പോലും അവര്‍ വെറുതെ വിടുന്നില്ല. ഇത് ശരിക്കും കൂടിപ്പോയി.)

ഈ പോരാട്ടം എല്ലാ ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നാണ് മമത പറഞ്ഞത്. ഈ ഒരു ദിവസത്തെക്കുറിച്ച് അവര്‍ ദുഃഖിക്കുമെന്നും ഫെഡറലിസം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മമത പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗാളിലെ കലായിക്കുണ്ടയില്‍ പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ മമത പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയത്. വാസ്തവത്തില്‍ മമതയും മോദിയും തമ്മിലുള്ള ഉരസലുകള്‍ കലായിക്കുണ്ടയില്‍ തുടങ്ങിയതല്ല. ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും അന്തഃസത്തകള്‍ നിരാകരിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ഈ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്.

യാസ് ചുഴലിക്കാറ്റ് വിതച്ച കെടുതികള്‍ പരിശോധിക്കുന്നതിന് ഒഡിഷയില്‍ പ്രധാനമന്ത്രി മോദി പോയിരുന്നു. അവിടെ മോദിയും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും തമ്മില്‍ നേര്‍ക്ക് നേര്‍ക്കുള്ള ചര്‍ച്ചയായിരുന്നു. പക്ഷേ, ബംഗാളിലെത്തിയപ്പോള്‍ ചിത്രം മാറി. കലായിക്കുണ്ടയില്‍ മോദിക്കൊപ്പം മമതയുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണ്ണര്‍ ജഗദിപ് ധന്‍കറും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുമുണ്ടായിരുന്നു. സ്വാഭാവികമായും ഇത് തന്നെ വ്യക്തിപരമായി ലക്ഷ്യമിടുന്ന നടപടിയാണെന്ന് മമത ധരിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല.

നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ അക്രമങ്ങളുണ്ടായപ്പോള്‍ മോദി ആദ്യം വിളിച്ചത് ഗവര്‍ണ്ണറെയാണ്. മുഖ്യമന്ത്രിയായ മമത ബാനര്‍ജിയോടല്ല, ഗവര്‍ണ്ണറോടാണ് മോദി ക്രമസമാധാന പരിപലനത്തെക്കുറിച്ച് അന്വേഷിച്ചത്. രാഷ്ട്രപതി ഭരണത്തിനു കീഴിലല്ല ബംഗാള്‍ എന്ന പ്രാഥമിക വസ്തുതയാണ് മോദി മറന്നത്. ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് തിങ്കളാഴ്ച മമത മോദിയുടെ കണ്ണുകള്‍ തുറപ്പിച്ചത്. ഇന്ത്യ എന്നു പറയുന്നത് ഇന്ദ്രപ്രസ്ഥത്തിലെ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കൂടി ഉള്‍പ്പെടുന്ന വലിയൊരു ശൃംഖലയാണെന്നും മമത അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കി.

മമതയെ ബി.ജെ.പി. എന്തുകൊണ്ടാണ് പേടിക്കുന്നതെന്ന് ഈ കോളത്തില്‍ ബംഗാള്‍ തിരഞ്ഞെടുപ്പിനു മുമ്പ് എഴുതിയിരുന്നു. ഹിന്ദുത്വയുടെ ചിറകിലേറി ഭരണഘടന സ്ഥാപനങ്ങളെ ആസൂത്രിതമായി അട്ടിമറിച്ച് പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേല്‍ കുതിര കയറുന്ന ബി.ജെ.പിയുടെ അജണ്ടയ്ക്ക് ബംഗാളില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന നിരീക്ഷണമായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.

മമതയെ അളക്കാനുള്ള അളവുകോല്‍ ബി.ജെ.പിയുടെയും മോദിയുടെയും കൈവശമില്ല. ഇന്ത്യയില്‍ സ്വയം വളര്‍ന്നുവന്ന ഒരു വനിത നേതാവാണ് മമത. ആരുടെയെങ്കിലും കൈപിടിച്ചല്ല അവര്‍ രാഷട്രീയ ഗോദയില്‍ പയറ്റിത്തെളിഞ്ഞത്. നെഹ്രുവിന്റെ തണലിലാണ് ഇന്ദിര ഗാന്ധി വളര്‍ന്നത്. എം.ജി.ആറാണ് ജയലളിതയ്ക്ക് വഴികാട്ടിയത്. കന്‍ഷി റാമിന്റെ ശിക്ഷണത്തിലാണ് മായാവതി ദളിത് രാഷ്ട്രീയത്തിന്റെ അകവും പൊരുളുമറിഞ്ഞത്.

ഒരു പക്ഷേ, സോണിയ ഗാന്ധി മാത്രമായിരിക്കും മമതയെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വയം അടവുകള്‍ അഭ്യസിച്ച മറ്റൊരു വനിതാ നേതാവ്. രാജീവിന്റെ അകാല മരണത്തെതുടര്‍ന്ന് കോണ്‍ഗ്രസില്‍ സോണിയ നടത്തിയ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്ന അദ്ധ്യായങ്ങളാണ്.

മമതയുമായി മുട്ടുമ്പോള്‍ മോദിയും അമിത് ഷായും കുറച്ചുകൂടി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മമതയെ ദീദി .... ഓ ... ദീദി എന്നൊക്കെ കൂവി വിളിക്കുമ്പോള്‍ മോദി ഓര്‍ത്തിരിക്കില്ല കൊടുത്താല്‍ കൊല്‍ക്കൊത്തയിലും കിട്ടുമെന്ന്. 34 കൊല്ലം ബംഗാള്‍ അടക്കിവാണ ഇടതുപക്ഷത്തെയാണ് 2011-ല്‍ മമത വീഴ്ത്തിയത്.

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്ന (സീതാറാം യെച്ചൂരിയുടെ ജനറല്‍ സെക്രട്ടറി പദം തൂങ്ങിയാടിയത് ഈ നയത്തിന്റെ പേരിലായിരുന്നു) കോണ്‍ഗ്രസുമായുള്ള സഖ്യത്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചത് മമതയാണ്. ഈ മമതയോട് ഏറ്റുമുട്ടുമ്പോള്‍ യു.പിയിലും ബിഹാറിലും ഉപയോഗിച്ചു വക്കുകള്‍ തേഞ്ഞ ആയുധങ്ങള്‍ മതിയാവില്ലെന്ന് ബി.ജെ.പി. നേതൃത്വം തിരിച്ചറിയണമായിരുന്നു.

മമതയുടെ തിങ്കളാഴ്ചയിലെ വിജയം ആത്യന്തികമായി ഇന്ത്യന്‍ ഫെഡറലിസത്തിന്റെ വിജയമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആശ്രിതരല്ലെന്ന വ്യക്തമായ സന്ദേശമാണ് തിങ്കളാഴ്ച കൊല്‍ക്കൊത്തയില്‍ നിന്നും ഉയര്‍ന്നത്. ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ അധികാര പിഠത്തില്‍ ഇരുപ്പുറപ്പിക്കുന്നതിനു മുമ്പ് ഫെഡറലിസത്തിന്റെ ആരാധകനും പ്രയോക്താവുമായിരുന്നു മോദി.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാരിയ കമ്മീഷനെ നിയോഗിച്ചത് 1983-ല്‍ ഇന്ദിര ഗാന്ധിയാണ്. 1987 ഒക്ടോബര്‍ 27-നാണ് സര്‍ക്കാരിയ കമ്മീഷന്‍ രാജീവ് ഗാന്ധി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭരണഘടനയുടെ 370, 356 വകുപ്പുകളുടെ സൂക്ഷ്മ വിനിയോഗം, ഗവര്‍ണ്ണര്‍മാരുടെ നിയമനം, ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ രൂപീകരണം എന്നിങ്ങനെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

1990 മെയില്‍ വി.പി. സിങ് സര്‍ക്കാരിന്റെ കാലത്താണ് ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ നിലവില്‍ വന്നത്. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകള്‍ കൃത്യമായി നടപ്പാക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. 2014-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തപ്പോഴും മോദി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന നിലപാടുകാരനായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചെന്നൈയില്‍ നടന്ന ഒരു യോഗത്തില്‍ മോദി പ്രസംഗിച്ചത് ബി.ജെ.പിക്ക് അധികാരം കിട്ടിയാല്‍ എല്ലാ കാര്യങ്ങളും ഡെല്‍ഹിയിലായിരിക്കല്ല സംഭവിക്കുകയെന്നായിരുന്നു.

അധികാരം പക്ഷേ, നിലപാടുകള്‍ മാറ്റിമറിക്കും. പ്രധാനമന്ത്രിപദമെന്ന അധികാര കേന്ദ്രത്തിലേക്കെത്തിയപ്പോള്‍ മോദി ഫെഡറലിസത്തിന്റെ ആന്തരികസത്ത മറന്നു. 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം ഈ മറവിയുടെ ശക്തമായ സൂചനയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുമന്നെുറപ്പുണ്ടായിരുന്ന ഈ നടപടിക്ക് മുമ്പ് ഒരു സംസ്ഥാനവുമായും ഒരു തരത്തിലുള്ള കൂടിയാലോചനകളുമുണ്ടായില്ല.

ജനാധിപത്യം ആവശ്യപ്പെടുന്നത് കൂടിയോലചനകളും ചര്‍ച്ചകളുമാണെന്ന സര്‍ക്കാരിയ കമ്മീഷന്റെ വിലയിരുത്തല്‍ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. അതിനും ഒരു വര്‍ഷം മുമ്പ് ആസൂത്രണ കമ്മീഷന് പകരം ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗും ഫെഡറലിസത്തിന്റെ ചട്ടക്കൂടുകള്‍ ദുര്‍ബ്ബലമാക്കുകയായിരുന്നു. ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയാണ് നീതിയോഗിന്റെ വരവോടെ അസ്തമിച്ചത്. ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നതാണ് അതിനെ നീതി ആയോഗില്‍നിന്നും വ്യത്യസ്തമാക്കുന്ന ഒരു ഘടകം.

കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ 2019-ല്‍ കേന്ദ്രത്തില്‍ അധികാരമെത്തിയ മോദി സര്‍ക്കാര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ ഒരു ബിഗ് ബ്രദര്‍ ആയി മാറുകയും ചെയ്യുന്നതാണ് രാജ്യം കണ്ടത്. 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കി ജമ്മു കാശ്മിരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് ഈ വഴിക്കുള്ള നീക്കമായിരുന്നു.

സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചനയും നടത്താതെ വെറും നാല് മണിക്കൂര്‍ മാത്രം മുന്‍കൂര്‍ നോട്ടീസ് നല്‍കി ദേശമെമ്പാടും നടപ്പാക്കിയ ലോക്ക്ഡൗണ്‍ അധികാരത്തിന്റെ ഏകപക്ഷീയമായ പ്രദര്‍ശനമായിരുന്നു. അടുത്തിടെ രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ലെഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമം ധൃതിപിടിച്ച് കൊണ്ടുവന്നതും ബിഗ് ബ്രദര്‍ സിന്‍ഡ്രോം കൂടുതല്‍ അപകടകരമാവുകയാണെന്നാണ് രാഷ്ട്രത്തോട് പറഞ്ഞത്.

കേന്ദ്രത്തിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ പ്രതികരിക്കാതിരുന്നിട്ടില്ല. സി.ബി.ഐ. അന്വേഷണത്തിനുള്ള അനുമതി എടുത്തുകളഞ്ഞുകൊണ്ടുള്ള ചില സംസ്ഥാന സര്‍ക്കാരുകളുടെ നടപടി കേന്ദ്രത്തിന്റെ തോന്നുംപടിയുള്ള അധികാര വിനിയോഗങ്ങള്‍ക്കെതിരെയുള്ള പ്രതികരണമായിരുന്നു.

പക്ഷേ, തിങ്കളാഴ്ച മമത നല്‍കിയ പ്രഹരം ഇതിനെയൊക്കെ മറികടക്കുന്നുണ്ട്. ബംഗാള്‍ പിടിക്കുകയെന്നത് ബി.ജെ.പിയുടെ വലിയ അജണ്ടയായിരുന്നു. 294 അംഗ നിയമസഭയില്‍ ഇക്കുറി 200-ല്‍ പരം അംഗങ്ങള്‍ ബി.ജെ.പിയുടേതായിരിക്കുമെന്നാണ് നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശ വാദം മുഴക്കിയത്.

ബി.ജെ.പിയെ മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനെയും കൂടി നേരിടേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് മമത പറഞ്ഞത് ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്നില്‍ ഉയര്‍ന്ന വെല്ലുവിളിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. ഈ യുദ്ധമാണ് മെയ് രണ്ടിന് മമത വിജയിച്ചു കയറിയത്. ഇതുപോലൊരു തിരിച്ചടി അടുത്ത കാലത്തെങ്ങും ബി.ജെ.പി. നേരിട്ടിട്ടില്ല. എന്നാല്‍ ബംഗാളിലെ ജനങ്ങളുടെ തീര്‍പ്പ് നിരാകരിക്കുന്ന സമീപനമാണ് ബി.ജെ.പി. നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടായത്.

തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍നിന്ന് രാഷ്ട്രീയ ഇന്ധനം എങ്ങിനെ സംഭരിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. അങ്ങ് ഡെല്‍ഹിയില്‍ മോദി സര്‍ക്കാരിനെ അധികാരമേറ്റിയതു പോലെ തന്നെയാണ് ബംഗാളില്‍ മമതയേയും ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തതെന്ന പ്രാഥമികവും സുപ്രധാനവുമായ ജനാധിപത്യ പാഠമാണ് ബി.ജെ.പി. മറന്നുപോയത്.

ഈ മറവിക്കെതിരെയാണ് മമത തിങ്കളാഴ്ച ആഞ്ഞടിച്ചത്. കേന്ദ്രം ഉയര്‍ത്തിയ അധികാരവാളിനെതിരെയുള്ള ഒരു ജനതയുടെയും സംസ്ഥാനത്തിന്റെയും ചെറുത്തുനില്‍പിനാണ് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വിപദ്ഘട്ടത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു നേതാവും ഒരു പാര്‍ട്ടിയും എങ്ങിനെയാണ് തുണയാവുന്നതെന്നും കൊല്‍ക്കൊത്ത വിളിച്ചുപറയുന്നുണ്ട്. ത്രീ ചിയേഴ്സ് ടു മമത, ത്രീ ചിയേഴ്സ് ടു ഇന്ത്യന്‍ ജനാധിപത്യം!

വഴിയില്‍ കേട്ടത്: സെന്‍ട്രല്‍ വിസ്ത അത്യാവശ്യ പദ്ധതിയാണെന്നും ഇതിനെതിരെ പരാതി നല്‍കിയവര്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും ഡെല്‍ഹി ഹൈക്കോടതി. നീതി കിട്ടാനായി കോടതികളെ സമീപിക്കുകയെന്നത് പൗരസമൂഹത്തിന്റെ അടിസ്ഥാനപരമായ അവകാശമാണ്. അപ്പുറത്ത് കേന്ദ്ര സര്‍ക്കാരാണെങ്കില്‍ ഇത്തരമൊരു അവകാശം മണ്ണാങ്കട്ടയാണെന്നാണോ കോടതി പറയുന്നത്?

Content Highlights: Indian federalism must be thankful to Mamata Banerjee | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented