അംബാനിക്കും അദാനിക്കുമിടയിൽ ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിക്കുന്നത് | വഴിപോക്കൻ


വഴിപോക്കൻ

ഫിറോസിന്റെ കാലത്ത് നെഹ്രുവായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ഹിൻഡൻബർഗിന്റെ കാലത്ത് നരേന്ദ്ര മോദിയും. അതൊരു വ്യത്യാസമാണ്. ആ വ്യത്യാസമാണ് ഡാൽമിയയുടെ അറസ്റ്റിലും കൃഷ്ണമാചാരിയുടെ രാജിയിലും കലാശിച്ചത്. ആ വ്യത്യാസമാണ് ബി.ബി.സി. ഓഫീസുകളിൽ നടക്കുന്ന 'റെയ്ഡുകൾ'.

Premium

മുകേഷ് അംബാനി, ഗൗതം അദാനി | Photo: PTI

അമിതമായ ഓരോ അഭിവൃദ്ധിക്കും പിന്നിൽ ഒരു കുറ്റകൃത്യമുണ്ടെന്ന് പറഞ്ഞത് ഫ്രഞ്ച് നോവലിസ്റ്റ് ബൽസാക്ക് ആണ്. ഈ വാക്യത്തിൽനിന്നാണ് അമേരിക്കയിലെ ഇറ്റാലിയൻ മാഫിയയെക്കുറിച്ചുള്ള മരിയൊ പുസൊയുടെ നോവൽ 'ഗോഡ്ഫാദർ' തുടങ്ങുന്നത്. മണിരത്നത്തിന്റെ 'ഗുരു' എന്ന സിനിമയും ഓർമ്മ വരുന്നു. റിലയൻസ് സ്ഥാപകൻ ധിരുബായ് അംബാനിയുടെ ജീവിതകഥയാണ് ഗുരുവിന്റെ പ്രമേയം എന്നത് രഹസ്യമല്ല. സിനിമ പുറത്തിറങ്ങും മുമ്പ് അതിന്റെ ആദ്യപ്രദർശനം തനിക്കു വേണ്ടി നടത്താമോ എന്ന് ധിരുബായിയുടെ മകൻ മുകേഷ് അംബാനി അഭ്യർത്ഥിച്ചെങ്കിലും മണിരത്നം അതിന് തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അഭിനേതാവെന്ന നിലയിൽ അഭിഷേക് ബച്ചന്റെ തലവര മാറ്റിമറിച്ച സിനിമയായിരുന്നു ഗുരു. ഗുരുവിന് മുമ്പും പിമ്പും അതുപോലൊരു പകർന്നാടൽ അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തിലുണ്ടായിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ് ഉടമ രാം നാഥ് ഗോയങ്കയുടെ റോളിൽ മിഥുൻ ചക്രവർത്തിയുടെ പ്രകടനവും അനിതരസാധാരാണമായിരുന്നു. ധിരുബായ് അംബാനിയെ ഓർമ്മിപ്പിക്കുന്ന അഭിഷേകിന്റെ കഥാപാത്രം സിനിമയിൽ ഒരിടത്ത് നടത്തുന്ന പ്രസ്താവന ശ്രദ്ധേയമാണ്: ''40 വർഷം മുമ്പ് നിയമങ്ങൾക്കെതിരെ നിന്ന ഒരാൾ ഇവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ നമ്മൾ ഇപ്പോൾ ബാപ്പു എന്നാണ് വിളിക്കുന്നത്. ഞാൻ ഗാന്ധിയല്ല, എനിക്കറിയാവുന്ന ഒരു കാര്യം എന്റെ ബിസിനസ്സ് എങ്ങിനെ നടത്താം എന്നതാണ്.''

ധിരുബായ് അംബാനി നടത്തിയതായി പറയപ്പെടുന്ന നിയമലംഘനങ്ങൾ ഗാന്ധിജിയുടെ നിയമലംഘനങ്ങളുമായി തുലനം ചെയ്യാനുള്ള മണിരത്നത്തിന്റെ ശ്രമം വലിയ തോതിൽ വിമർശിക്കപ്പെട്ടു. നിയമം നമുക്കനുകൂലമല്ലെങ്കിൽ ആ നിയമം വളയ്ക്കുകയോ ഒടിക്കുകയോ ചെയ്യണമെന്ന പ്രകൃതക്കാരനായിരുന്നു ധിരുബായ്. ഗാന്ധിജിയുടെ നിയമലംഘനങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെയായിരുന്നു. അവയുടെ ലക്ഷ്യം ഒരു ജനതയുടെ വിമോചനവും പുരോഗതിയുമായിരുന്നു. പൊതുജനത്തിന്റെ പണം കൊണ്ട് സ്വന്തം ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കുന്നവരെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് ലളിതമായി പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാവുന്നു.

ഗാന്ധിജിക്ക് ഇന്ത്യയിലെ പ്രമുഖ ബിസിനസ് മേധാവികളുമായി അടുപ്പമുണ്ടായിരുന്നു. ജെ.ആർ.ഡി. ടാറ്റയും അംബലാൽ സാരാബായിയും ഘനശ്യാം ദാസ് ബിർളയും ഗാന്ധിജിയെ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നു. ഇവരിൽ ജി.ഡി. ബിർളയുമായിട്ടായിരുന്നു ഗാന്ധിജിക്ക് ഏറെ അടുപ്പം. പക്ഷേ, ആ അടുപ്പം തന്റെ കർമ്മപദ്ധതികളെ സ്വാധീനിക്കുന്നതിന് ഗാന്ധിജി ഒരിക്കലും ഇടം കൊടുത്തിരുന്നില്ല. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തോട് ബിർളയ്ക്ക് താൽപര്യമൊട്ടുമുണ്ടായിരുന്നില്ല. ബിർളയോട് ചോദിച്ചിട്ടായിരുന്നില്ല ഇത്തരം വിഷയങ്ങളിൽ ഗാന്ധിജി തീരുമാനമെടുത്തിരുന്നത്. തനിക്ക് ബിർള തന്നിരുന്ന പണം എങ്ങിനെയാണ് ചെലവഴിക്കപ്പെടുന്നതെന്നതിന്റെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താനും അത് ബിർളയ്ക്ക് അയച്ചുകൊടുക്കാനും ഗാന്ധിജി പ്രത്യേകം ശ്രദ്ധവെച്ചു. സുതാര്യമല്ലാത്ത ഒരു പരിപാടിയും ഗാന്ധിജിയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. പി.എം. കെയേഴ്സ് ഫണ്ടും ഇലക്ടറൽ ബോളണ്ടുകളും ഗാന്ധിജിക്ക് അന്യമായിരുന്നു.

ജവഹർ ലാൽ നെഹ്രു, ജി.ഡി. ബിർള | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

വ്യവസായികളും വലതുപക്ഷവും

നെഹ്രുവിനോടായിരുന്നില്ല, പട്ടേലിനോടായിരുന്നു ബിർളയടക്കമുള്ള പല ഇന്ത്യൻ വ്യവസായികൾക്കും കൂടുതൽ അടുപ്പം. കോൺഗ്രസിനുള്ളിലെ വലതുപക്ഷത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൽ ജി.ഡി. ബിർളയെപ്പോലുള്ളവർക്ക് കൂടുതൽ ആലോചിക്കേണ്ടിയിരുന്നില്ല. 1924-ൽ ഗാന്ധിജിയുടെ സാന്നിദ്ധ്യത്തിലാണ് നെഹ്രു ജി.ഡി. ബിർളയുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. 2013-ൽ ബിസിനസ് സ്റ്റാന്റേഡിൽ 'Political Birla' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഭൂപേഷ് ഭണ്ഡാരി ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

ഒരു കൊല്ലത്തിനപ്പുറത്ത് ഗാന്ധിജിയോട് തനിക്ക് കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് നെഹ്രു പറയുന്നു. ഗാന്ധിജി ഇക്കാര്യം ഒരു സംഭാഷണമദ്ധ്യേ ജി.ഡി. ബിർളയോട് പറഞ്ഞു. അടുത്ത ദിവസം ബിർള അലഹബാദിൽ നെഹ്രുവിന്റെ വീട്ടിലെത്തുന്നു. തനിക്ക് പണം നൽകാനാണ് ബിർള വന്നിരിക്കുന്നതെന്നറിഞ്ഞ് നെഹ്രു കുപിതനായെങ്കിലും ബിർളയെ ഒരു കണക്കിന് അവിടെനിന്നു പറഞ്ഞയച്ചു. ബിർളയുമായുള്ള നെഹ്രുവിന്റെ അസ്വാരസ്യങ്ങൾ അന്ന് തുടങ്ങിയെന്നാണ് ഭൂപേഷ് എഴുതുന്നത്. ഒരു വ്യവസായിയുമായും നെഹ്രുവിന് അമിതമായ അടുപ്പമുണ്ടായിരുന്നില്ല. ബംഗാളിലെ ദുർഗാപ്പൂരിൽ സ്റ്റീൽ പ്ലാന്റ് തുടങ്ങാൻ ബിർള താൽപര്യം പ്രകടിപ്പിച്ചപ്പോൾ സ്റ്റീൽ പ്ലാന്റുകൾ കേന്ദ്ര സർക്കാർ തുടങ്ങുമെന്നാണ് നെഹ്രു നിലപാടെടുത്തത്.

ഇന്ദിര ഗാന്ധി പക്ഷേ, ഇക്കാര്യത്തിൽ നെഹ്രുവിന്റെ കർക്കശ നിലപാടുകളുടെ ആരാധികയായിരുന്നില്ല. ജി.ഡി. ബിർളയുടെ മകൻ കെ.കെ. ബിർളയ്ക്ക് ഇന്ദിരയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായിരുന്ന ബി.ജി. വർഗീസിനെ അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ നിർദ്ദേശാനുസരണം മാനേജ്മെന്റ് പിരിച്ചുവിട്ടത് വൻവിവാദമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന ജനത സർക്കാർ കെ.കെ. ബിർളയെ നോട്ടമിട്ടതും മറക്കാനാവില്ല.

അന്ന് ആസന്നമായ അറസ്റ്റിൽനിന്ന് രക്ഷതേടി ഇന്ത്യ വിട്ട് പാരീസിലേക്ക് പറക്കുന്നതിന് കെ.കെ. ബിർളയെ സഹായിച്ചത് അന്നത്തെ വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്പേയിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നാഷനലിസ്റ്റ് ബിസിനസ്മാൻ എന്ന വിളിപ്പേരിന് ഉടമയായിരുന്നെങ്കിലും തനിക്കോ തന്റെ സ്ഥാപനങ്ങൾക്കോ എതിരെയുള്ള നീക്കങ്ങൾ ഇന്ത്യയ്ക്കെതിരെയാണെന്ന് വിളിച്ചുകൂവാൻ ബിർള ഒരിക്കലും ഒരുമ്പെട്ടിരുന്നില്ല. രാഷ്ട്രവും പ്രധാനമന്ത്രിയും ഒന്നല്ലെന്നും രാഷ്ട്രവും ബിസിനസ് സാമ്രാജ്യവും ഒന്നല്ലെന്നും തിരിച്ചറിയാനുള്ള വിവേകം ബിർളയ്ക്കുണ്ടായിരുന്നു. ബിർളയിൽനിന്ന് അദാനിയിലേക്കെത്തുമ്പോൾ രാഷ്ട്രവും ബിസിനസും അധികാരവും ത്രവേണി സംഗമത്തിലെന്ന പോലെ ഒന്നിക്കുന്നു. രണ്ടായി നിൽക്കേണ്ടത് ഒന്നാവുകയും രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന വിധ്വംസക ശക്തിയായി പരിണമിക്കുകയും ചെയ്യുന്നു.

ഫിറോസ് ഗാന്ധി, ടി.ടി. കൃഷ്ണമാചാരി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

ഫിറോസ് ഗാന്ധി എന്ന പോരാളി

നെഹ്രു പ്രധാനമന്ത്രിയായിരിക്കെയാണ് ഫിറോസ് ഗാന്ധി രണ്ട് കുംഭകോണങ്ങൾ പുറത്തുകൊണ്ടുവന്നത്. രാമകൃഷ്ണ ഡാൽമിയ മേധാവിയായിരുന്ന ഡാൽമിയ ഗ്രൂപ്പിന്റെ കള്ളക്കളികളുടെ വെളിപ്പെടുത്തലായിരുന്നു അതിൽ ഒന്ന്. ഇൻഷുറൻസ് പ്രീമിയമായി ശേഖരിച്ച ഫണ്ടുകൾ തന്റെ സ്വന്തം ബിസിനസ് താൽപര്യങ്ങൾക്കായി ഡാൽമിയ വഴിവിട്ട് ഉപയോഗിച്ചതാണ് ഫിറോസ് ഗാന്ധി ഇന്ത്യൻ പാർലമെന്റിൽ 1955-ൽ നടത്തിയ പ്രസംഗത്തിൽ പുറത്തുവിട്ടത്. ഡാൽമിയ കോൺഗ്രസിനെ പിന്തുണച്ചിരുന്ന വ്യവസായി ആയിരുന്നിട്ടും നെഹ്രു സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ കണ്ടെത്തലുകൾ ഡാൽമിയയ്ക്ക് പ്രതികൂലമായിരുന്നു. രാമകൃഷ്ണ ഡാൽമിയയ്ക്ക് രണ്ട് കൊല്ലം തിഹാർ ജയിലിൽ കഴിയേണ്ടി വന്നു.

ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിക്കപ്പെട്ടതും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ രൂപവത്കരിക്കപ്പെടുന്നതും ഇതേത്തുടർന്നാണ്. ഈ എൽ.ഐ.സിയെക്കൊണ്ട് അന്യായമായ രീതിയിൽ മുന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ 1.25 കോടി രൂപ മൂല്യമുള്ള ഓഹരികൾ വാങ്ങിപ്പിക്കാൻ അന്നത്തെ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി കൂട്ടുനിന്നു എന്നതായിരുന്നു ഫിറോസ് ഗാന്ധിയുടെ അടുത്ത വെളിപ്പെടുത്തൽ. സാക്ഷാൽ നെഹ്രുവിന്റെ വലംകൈ ആയിരുന്നു ടി.ടി.കെ. എന്ന ടി.ടി. കൃഷ്ണമാചാരി. തന്റെ മകളുടെ ഭർത്താവ് കൂടിയായ ഫിറോസ് തന്റെ ഏറ്റവും വിശ്വസ്തരിലൊരാൾക്കെതിരെ പടപ്പുറപ്പാട് നടത്തുന്നത് നെഹ്രു അമ്പരപ്പോടും അതിശയത്തോടുമാണ് കണ്ടത്. മുന്ദ്ര കേസിൽ ഒടുവിൽ ടി.ടി.കെയ്ക്ക് രാജി വെയ്ക്കേണ്ടി വന്നു. ഹരിദാസ് മുന്ദ്രയ്ക്ക് 22 കൊല്ലത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

ഈ ഫിറോസ് ഗാന്ധിയിൽനിന്നാണ് രാഹുൽ ഗാന്ധിക്ക് ഗാന്ധി എന്ന വിളിപ്പേര് കിട്ടുന്നത്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയൂ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടിയപ്പോൾ നിങ്ങളെ എന്തു കൊണ്ടാണ് നെഹ്രു എന്ന് വിളിക്കാത്തതെന്നും ഗാന്ധി എന്ന് വിളിക്കുന്നതെന്നുമുള്ള വഷളൻ പ്രതിരോധമാണ് പ്രധാനമന്ത്രി മോദി ഉയർത്തിയത്. അനീതിയുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ഫിറോസ് ഗാന്ധി സന്നദ്ധനായിരുന്നില്ല. ആ ജനിതകത്തിന്റെ നീരൊഴുക്കുള്ളതുകൊണ്ട് കൂടിയാവാം അദാനി പോലുള്ള വമ്പന്മാർക്കെതിരെ തിരിയുമ്പോഴും രാഹുലിന്റെ മുട്ട് കൂട്ടിയിടിക്കാത്തത്.

രണ്ട് വ്യവസായ പ്രമുഖന്മാർക്കെതിരെ വെടിയുതിർത്ത ഫിറോസിനെ തകർക്കാനല്ല നെഹ്രു ഭരണകൂടം ശ്രമിച്ചതെന്നതും സ്മരണീയമാണ്. ഡെൽഹിയിൽ അന്ന് ജനാധിപത്യം പണാധിപത്യത്തിന് കീഴ്പ്പെടാൻ തുടങ്ങിയിരുന്നില്ല. ഇന്നിപ്പോൾ ബി.ജെ.പിയിൽനിന്നുള്ള ഏതെങ്കിലുമൊരു എം.പി. പാർലമെന്റിൽ അദാനിക്കോ അംബാനിക്കോ എതിരെ ഏതെങ്കിലും തരത്തിലുള്ള നിലപാട് എടുക്കുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഗതികേടും പ്രതിസന്ധിയും ഉള്ളടങ്ങിയിരിക്കുന്നത്.

നരേന്ദ്ര മോദിയും ബോറിസ് ജോൺസണും | Photo: ANI

മോദിനോമിക്സ് എന്നാൽ

2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനായി നരേന്ദ്ര മോദി അഹമ്മദാബാദിൽനിന്നു ഡെൽഹിയിലേക്ക് പറന്നത് അദാനിയുടെ പ്രൈവറ്റ് ജെറ്റിലായിരുന്നുവെന്നത് യാദൃച്ഛികതയായിരുന്നില്ല. 2002-ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ പലരും മോദിയിൽനിന്ന് കുറച്ചകലം പാലിച്ചപ്പോൾ താങ്ങും തണലുമായി അദാനി ഒപ്പമുണ്ടായിരുന്നു. മോദിയുടെ രാഷ്ട്രീയ വളർച്ചയും അദാനി വ്യവസായ ഗ്രൂപ്പിന്റെ സാമ്പത്തിക വളർച്ചയും ഒന്നിച്ചായിരുന്നു. ഈ രണ്ടു വളർച്ചയ്ക്ക് പിന്നിലും ഗുജറാത്ത് കലാപത്തിന്റെ നിഴലുണ്ടെന്ന വിമർശം കാണാതിരിക്കാനാവില്ല.

ഗുജറാത്ത് കലാപത്തിന്റെ രാഷ്ട്രീയവും സമ്പദ് ശാസ്ത്രവും എന്ന വിഷയത്തിൽ ആരെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക വീക്ഷണങ്ങൾ 'modinomics' എന്നാണ് അറിയപ്പെടുന്നത്. ഇന്തോ-അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ അർജുൻ അപ്പാദുരൈ രണ്ട് വർഷം മുമ്പ് ദ വയറിൽ എഴുതിയ ലേഖനത്തിൽ മോദിനോമിക്സിനെ ഇങ്ങനെയാണ് വിവരിച്ചത്: ''Modinomics is about siphoning national wealth to the Adanis and Ambanis and to their myriad regional and local counterparts, who are sucking the blood out of Indian rivers, soils, forests and fields, supported by local militias and corrupt local officials. These local elites are the counterparts of the 'white ants' of the colonial period, who ate away local resources while serving the extractive interests of urban and national elite'' (മോദിനോമിക്സ് എന്ന് പറഞ്ഞാൽ ദേശീയ സമ്പത്ത് അദാനിമാർക്കും അംബാനിമാർക്കും അവരുടെ വിവിധ തരത്തിലുളള പ്രാദേശിക അനുചരന്മാർക്കും ചോർത്തിക്കൊടുക്കുന്ന കലാപരിപാടിയാണ്. അഴിമതിക്കാരായ പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഇന്ത്യയുടെ പുഴകളുടെയും കാടുകളുടെയും പാടങ്ങളുടെയും രക്തം ഊറ്റിക്കുടിക്കുന്നവരാണിവർ. വരേണ്യ വർഗ്ഗത്തിന്റെ ചോർത്തൽ താൽപര്യങ്ങൾക്ക് ചൂട്ടുപടിച്ചുകൊണ്ട് പ്രാദേശിക വിഭവങ്ങളത്രയും തിന്നൊടുക്കിയ കൊളോണിയൽ കാലത്തെ 'വെളുത്ത ഉറുമ്പു'കളുടെ ഇന്നത്തെ പ്രതിരൂപങ്ങളാണിവർ.)

അർജുൻ അപ്പാദുരൈയുടെ മേൽപറഞ്ഞ ലേഖനം വാസ്തവത്തിൽ ഈ ഘട്ടത്തിൽ ശരിക്കും മനസ്സിരുത്തി വായിക്കേണ്ടതുണ്ട്. ബി.ബി.സിയെ കൊളോണിയൽ മാനസിക ഭാവത്തിനുടമ എന്ന് ആക്ഷേപിക്കുന്നവർ എങ്ങിനെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കറകളഞ്ഞ പ്രതിനിധികളെപ്പോലെ പെരുമാറുന്നതെന്ന് അപ്പാദുരൈ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് ഗാന്ധിയോടും നെഹ്രുവിനോടും മുസ്ലീങ്ങളോടുമുള്ള വിരോധം എന്നിവ എങ്ങിനെയാണ് മോദിയിലും പ്രതിഫലിക്കുന്നതെന്ന് അപ്പാദുരൈ എഴുതുന്നു. കൊളോണിയലിസത്തിനെതിരെ മുഷ്ടി ചുരുട്ടുമ്പോഴും രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കൊളോണിയൽ നിയമങ്ങൾ ജനാധിപത്യത്തിൽ സമർത്ഥമായി മോദി പ്രയോജനപ്പെടുത്തതെങ്ങിനെയാണെന്നും അപ്പാദുരൈ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ സംവിധാനങ്ങൾ, സി.ബി.ഐ. ആയാലും ആദായ നികുതി വകുപ്പായാലും, പ്രതിയോഗികൾക്കെതിരെ അണിനിരത്തുന്നതിലും മോദി പിന്തുടരുന്നത് കൊളോണിയൽ രീതിയാണെന്ന് അപ്പാദുരൈ കണ്ടെത്തുന്നു. ദല്ലാൾ മുതലാളിത്തത്തിൽ അധിഷ്ഠിതമായ പുതിയ സാമ്രാജ്യത്വത്തിന്റെ അസ്ഥിവാരമാണ് സെൻട്രൽ വിസ്ത പോലെ ഇന്ദ്രപ്രസ്ഥത്തിൽ മോദി ഭരണകൂടം നിർമ്മിക്കുന്ന പുതിയ കെട്ടുകാഴ്ചകളിൽ പ്രതിഫലിക്കുന്നതെന്നും അപ്പാദുരൈ നിരീക്ഷിക്കുന്നു.

അണ്ണ ഹസാരെ | Photo: PTI

അഴിമതിക്കും കള്ളപ്പണത്തിനും എതിരെ

അഴിമതിക്കെതിരെ അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ സമരങ്ങളുടെ ചിറകിലേറിയാണ് മോദിയും ബി.ജെ.പിയും 2014-ൽ അധികാരത്തിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇരുന്ന ആദ്യദിവസം, 2014 മെയ് 28-ന് മോദി സർക്കാർ ഒരു സുപ്രധാന നടപടി പ്രഖ്യാപിച്ചു. കള്ളപ്പണം കണ്ടെത്തുന്നതിനായി ഒരു മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്. ഈ അന്വേഷണ സംഘത്തിന്റെ മുന്നിലേക്കെത്തിയ ഏറ്റവും വലിയ കേസ് അദാനി ഗ്രൂപ്പിന് എതിരെയുള്ളതായിരുന്നുവെന്ന് 'The Feast of Vultures: The Hidden Business Of Democracy In India' എന്ന പുസ്തകത്തിൽ പത്രപ്രവർത്തകനായ ജോസി ജോസഫ് വെളിപ്പെടുത്തുന്നുണ്ട്.

ദക്ഷിണ കൊറിയയിൽനിന്നും ചൈനയിൽനിന്നും ഇറക്കുമതി ചെയ്ത ഊർജ്ജ ഉപകരണങ്ങളുടെ ബില്ലുകൾ പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് 5000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും മോദി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. കേസ് ശരിക്കും അന്വേഷിക്കുകയാണെങ്കിൽ അദാനി ഗ്രൂപ്പ് 15,000 കോടി രൂപയെങ്കിലും പിഴയൊടുക്കേണ്ടി വരുമെന്നാണ് ഇ.ഡിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ ജോസിയോട് വെളിപ്പെടുത്തിയത്.

ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു. എന്നാൽ, അദാനി ഗ്രൂപ്പിനെതിരെ പ്രാഥമികമായി കേസെടുത്ത ഇ.ഡി. ഉദ്യോസ്ഥർക്ക് പിന്നീട് സംഭവിച്ചത് കാണാതിരിക്കാനാവില്ലെന്ന് ജോസി തന്റെ പുസ്തകത്തിൽ എഴുതുന്നു. ഇ.ഡിയുടെ അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ഓഫീസർക്ക് സി.ബി.ഐ. റെയ്ഡ് നേരിടേണ്ടി വന്നു. അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ടെന്ന് പറഞ്ഞായിരുന്നു സി.ബി.ഐ. റെയ്ഡ്. മാസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ ഓഫീസർക്ക് അങ്ങിനെയാരു സമ്പാദ്യവുമില്ലെന്ന് സി.ബി.ഐ. കണ്ടെത്തി.

അദാനിക്കെതിരെയുള്ള അഹമ്മദാബാദ് ഓഫിസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുംബൈയിലെ രണ്ട് സീനിയർ ഉദ്യോഗസ്ഥർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്നു പുറത്തുപോകേണ്ടി വന്നു. ഈ അന്വേഷണം നടക്കുമ്പോൾ ഇ.ഡിയുടെ തലപ്പത്തുണ്ടായിരുന്ന രാജൻ എസ്. കത്തോക്കിന്റെ കാലാവധിയും പൊടുന്നനെ കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കി. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയവർ അവർക്കു മുന്നിലുയർന്ന ഏറ്റവും വലിയ അഴിമതികളിലൊന്നിനോട് കണ്ണടയ്ക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊരുങ്ങിയ ഉദ്യോഗസ്ഥരെ വേട്ടയാടുക കൂടിയാണ് ചെയ്തതെന്നത് ദല്ലാൾ മുതലാളിത്തം ഇന്ത്യയിൽ എത്രമാത്രം ശക്തിയാർജ്ജിച്ചു കഴിഞ്ഞുവെന്നതിന്റെ ഏറ്റവും പ്രകടമായ സൂചനകളിലൊന്നായിരുന്നു.

അരുൺ ഷൂരി, ഗുരുമൂർത്തി

അരുൺ ഷൂറിയും ഗുരുമൂർത്തിയും

ഇന്നിപ്പോൾ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തരിലൊരാളായ സ്വാമിനാഥൻ ഗുരുമൂർത്തി എന്ന എസ്. ഗുരുമൂർത്തിയെയും മോദിയുടെ എതിർപാളയത്തിൽ നിൽക്കുന്ന അരുൺ ഷൂറിയെയും ഈ ഘട്ടത്തിൽ ഓർക്കാതിരിക്കാനാവില്ല. അംബാനിക്കും റിലയൻസിനുമെതിരെ ഏറ്റവും ശക്തമായി പൊരുതിയവരുടെ മുൻനിരയിൽ ഇവർ രണ്ടു പേരുമുണ്ടായിരുന്നു. രാംനാഥ് ഗോയങ്കയുടെ ഇന്ത്യൻ എക്സ്പ്രസ്സിൽ അരുൺ ഷൂറിക്കൊപ്പം അംബാനിമാർക്കെതിരെയുള്ള അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുന്തമുനയായിരുന്നു ഗുരുമൂർത്തിയുടെ റിപ്പോർട്ടുകൾ. മണിരത്നത്തിന്റെ 'ഗുരു'വിൽ നടൻ മാധവൻ വേഷമിട്ട ചെറുപ്പക്കാരനായ റിപ്പോർട്ടർ ഗുരുമൂർത്തിയുടെയും ഷൂറിയുടെയും സമന്വയമാണ്.

2002 ജൂലായ് ആറിന് 69-ാമത്തെ വയസ്സിൽ മരിക്കുമ്പോൾ റിലയൻസ് സ്ഥാപകൻ ധിരജ്ലാൽ ഹിരാചന്ദ് എന്ന ധിരുബായ് അംബാനിയുടെ കമ്പനികളുടെ മൊത്തം വിറ്റുവരവ് 75,000 കോടി രൂപയായിരുന്നു. യെമനിലെ ഏഡനിൽ ഒരു പെട്രോൾ പമ്പിൽ സഹായിയായി തൊഴിൽ തുടങ്ങിയ ധിരുബായി 1957-ൽ മുംബൈയിലെത്തിയത് 500 രൂപയുമായിട്ടാണ്. മുംബൈയിലെ ബുലേശ്വറിലുള്ള ജയ്ഹിന്ദ് എസ്റ്റേറ്റിൽ ഒറ്റമുറി വീട്ടിലായിരുന്നു അക്കാലത്ത് ധിരുബായിയും കുടുംബവും കഴിഞ്ഞിരുന്നത്. 53 കൊല്ലങ്ങൾക്കപ്പുറത്ത് 2010-ൽ ധിരുബായിയുടെ മകൻ മുകേഷ് ഇതേ മുംബൈയിൽ കെട്ടിയുയർത്തിയ 27 നിലകളുള്ള അന്റിലിയ എന്ന വീടിന്റെ നിർമ്മാണച്ചെലവ് 15,000 കോടി രൂപയാണെന്നായിരുന്നു (ഭൂമി വില ഉൾപ്പെടെ) റിപ്പോർട്ടുകൾ.

1980-കളിൽ ബോംബെ ഡൈയിങ് ഉടമ നുസ്ലി വാഡിയയുമായി അംബാനി നടത്തിയ ബിസിനസ് പോരാട്ടം ചരിത്രമാണ്. ഇക്കാലത്താണ് ഇന്ത്യൻ എക്സ്പ്രസിൽ അരുൺ ഷൂറിയും ഗുരുമൂർത്തിയും ധിരുബായ് അംബാനിയുടെ സാമ്രാജ്യത്തിന്റെ അടിക്കല്ലിളക്കുന്ന റിപ്പോർട്ടുകൾ എഴുതിയത്. ഓഹരി വിപണിയിലെ കള്ളക്കളികളിലൂടെയും സ്പെയർ പാർട്ടുകൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ഉപയോഗിച്ച് ഒരു ടെക്സ്റ്റൈൽ പ്ലാന്റ് തന്നെ ' ഇറക്കുമതി' ചെയ്തും ധിരുബായ് അംബാനി നടത്തിയ കളികൾ അതുവരെ ഇന്ത്യൻ വ്യവസായലോകം ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തവയായിരുന്നുവെന്നാണ് ഗുരുമൂർത്തിയുടെയും ഷൂറിയുടെയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയത്.

രാഷ്ട്രീയ നേതാക്കളുടെയും അധികാരത്തിന്റെയും അനന്തസാദ്ധ്യതകൾ തിരിച്ചറിഞ്ഞ ആദ്യ ഇന്ത്യൻ വ്യവസായി ധിരുബായ് ആയിരുന്നില്ല. പക്ഷേ, ആ സാദ്ധ്യതകൾ ഇത്രയും സമർത്ഥമായി ചൂഷണം ചെയ്ത മറ്റൊരു വ്യവസായി ഇന്ത്യൻ ചരിത്രത്തിലുണ്ടെന്ന് തോന്നുന്നില്ല. കയ്യിലുള്ള മുട്ടകൾ ഒരു കുട്ടയിൽ മാത്രം നിക്ഷേപിക്കരുതെന്ന് സാമ്പത്തിക മേഖലയിൽ ഒരു ചൊല്ലുണ്ട്. ഈ ചൊല്ലിന്റെ അർത്ഥം ധിരുബായിയെ പഠിപ്പിച്ചത് ചിലപ്പോൾ മുൻ പ്രധാനമന്ത്രി വി.പി. സിങ് ആയിരുന്നിരിക്കണം. 1989-ൽ വി.പി. സിങ് പ്രധാനമന്ത്രിയായപ്പോഴാണ് റിലയൻസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. അന്ന് ലാർസൺ ആന്റ് ടുബ്രൊ എന്ന ഇന്ത്യയിലെ പ്രമുഖ നിർമ്മാണക്കമ്പനി ഏറ്റെടുക്കാനുള്ള റിലയൻസിന്റെ നീക്കത്തിന്റെ മുനയൊടിച്ചത്‌ വി.പി. സിങ്ങിന്റെ ഇടപെടലായിരുന്നുവെന്ന് പത്രപ്രവർത്തകൻ പരഞ്ചോയ് ഗുഹ തക്കുർത്ത ഒരു ലേഖനത്തിൽ സ്മരിക്കുന്നുണ്ട്.

ധിരുബായ് അംബാനി

കീപ്പ് യുവർ ഫ്രണ്ട്സ് ക്ലോസ് ആന്റ യുവർ എനിമിസ് ക്ലോസർ

എതിരാളിയായിരുന്ന അരുൺ ഷൂറി പിന്നീട് ധിരുബായിയുടെ സുഹൃത്തായി. 2002-ൽ വാജ്പേയി മന്ത്രിസഭയിൽ ഓഹരി വിറ്റഴിക്കൽ വകുപ്പിന്റെ ചുമതല അരുൺ ഷൂറിക്കായിരുന്നു. ഇന്ത്യൻ പെട്രൊ കെമിക്കൽസ് കോർപറേഷന്റെ 26% ശതമാനം ഓഹരികൾ 1,491 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കുന്നത് അന്നാണ്. അന്ന് 231 രൂപയാണ് ഐ.പി.സി.എല്ലിന്റെ ഒരു ഷെയറിന് റിലയൻസ് വിലയിട്ടത്. ലേലത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നോട്ടുവെച്ച വില 128 രൂപയായിരുന്നു. എന്തുകൊണ്ടാണ് ഐ.ഒ.സി. എന്ന പൊതുമേഖല സ്ഥാപനം ഐ.പി.സി.എൽ. എന്ന 'സ്വർണ്ണഖനി'യുടെ ഓഹരിക്ക് ഇത്രയും കുറവ് വില കണ്ടതെന്നത് വലിയൊരു ചോദ്യമാണ്. എന്തായാലും ഇന്ത്യയിലെ പെട്രൊ കെമിക്കൽസ് ഉത്പന്ന വിപണിയുടെ മൂന്നിൽ രണ്ടു ശതമാനമാണ് അതോടെ ധിരുബായിയുടെ പിടിയിലായത്.

ധിരുബായിയുടെ ഒന്നാം ചരമവാർഷികത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ ഷൂറി ഒരു സംഭവം ഓർത്തു. ധിരുബായിയും വൻ മാദ്ധ്യമ ശൃംഖല ഉടമ രുപേർട്ട് മർദോക്കും തമ്മിൽ നടന്ന കൂടിക്കാഴ്ച. അന്ന് മർദോക്കിന് ധിരുബായി നൽകിയ ഉപദേശം എല്ലാവർക്കും വഴികാട്ടിയാവണമെന്നാണ് ഷൂറി പറഞ്ഞത്. ഇതായിരുന്നു ആ ഉപദേശം: ''ഇന്ത്യയിൽ വന്നപ്പോൾ താങ്കൾ ശരിയായ ആളുകളെ മാത്രമല്ല 'മോശം' ആളുകളെയും കാണണമായിരുന്നു.'' ഇതൊരു ഗുരുമന്ത്രമാണെന്നാണ് ഷൂറി വിശേഷിപ്പിച്ചതെന്ന് തക്കുർത്ത എഴുതുന്നുണ്ട്. ഒരർത്ഥത്തിൽ ഗോഡ്ഫാദറിൽ വിറ്റൊ കൊർലിയോണി എന്ന മാഫിയ തലവനും ഇതു തന്നെയാണ് പറയുന്നത്: ''Keep your friends close and your enemies closer.''

അരുൺ ഷൂറിയെ എന്തായാലും ധിരുബായ് ചേർത്ത് പിടിച്ചു. ഐ.പി.സി.എൽ. ഓഹരി കൈമാറ്റം കഴിഞ്ഞപ്പോൾ ധിരുബായ് ഷൂറിയെ വിളിച്ചു: ''ഈ കൈമാറ്റം നടക്കാതിരിക്കാൻ ഒരു പാട് സമ്മർദ്ദമുണ്ടായി എന്നെനിക്കറിയാം. താങ്കളുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ പിന്മാറുമായിരുന്നു. ഇത് ഞാനൊരിക്കലും മറക്കില്ല. ബിസിനസ് അല്ല ബന്ധങ്ങളാണ് എനിക്ക് മുഖ്യം. എന്റെ കുടുംബത്തിലെ ആരും തന്നെ ഇത് മറക്കില്ല.'' ഷൂറിയെ ചേർത്തുപിടിക്കാൻ ആയെങ്കിലും ഗുരുമൂർത്തിയെ അങ്ങിനെയങ്ങ് ചേർത്തുപിടിക്കാൻ അംബാനിക്കായില്ല.

റിലയൻസ് ഗ്രൂപ്പ് ടെലി കമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് കടന്നപ്പോൾ നടത്തിയതായി പറയപ്പെടുന്ന കള്ളക്കളികൾക്കെതിരെ ഏറ്റവും ശക്തമായി എഴുതിയത് ഗുരുമൂർത്തിയാണ്. ലൈസൻസിലെ പഴുതുകൾ ഉപയോഗിച്ച് ടെലി കമ്മ്യൂണിക്കേഷൻ ബിസിനസ് വ്യാപിപ്പിക്കാൻ റിലയൻസ് നടത്തിയ നീക്കങ്ങൾ തുറന്നുകാട്ടുന്ന ലേഖനങ്ങളാണ് ഗുരുമൂർത്തി എഴുതിയത്. റിലയൻസിന്റെ ആ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു. ആദ്യ നിയമവിരുദ്ധ ടെലിഫോൺ കോൾ രാജ്യത്തെ പ്രധാനമന്ത്രിയാണ് സ്വീകരിച്ചത് എന്നായിരുന്നു ഗുരുമൂർത്തിയുടെ ഒരു വാചകം.

കച്ചവടവും ജനാധിപത്യവും

വാജ്പേയിയുടെ ക്യാമ്പിലല്ല മോദിയുടെ കൂടെയായിരുന്നു ഗുരുമൂർത്തി എന്നത് ചിലപ്പോൾ യാദൃച്ഛികമാവാം. അംബാനിമാർക്കെതിരെ എഴുതിയതുപോലെ അദാനിമാർക്കെതിരെ ഗുരുമൂർത്തി എഴുതിയിട്ടില്ലെന്നതും യാദൃച്ഛികമാവാം. കോർപറേറ്റുകളും രാഷ്ട്രീയലോകവും തമ്മിലുള്ള ബന്ധം അത്രമേൽ സങ്കീർണ്ണവും ആഴമേറിയതുമാണ്. എവിടെ, ഏതൊക്കെ കവലകളിൽ ആരൊക്കെ പരസ്പരം സന്ധിക്കുന്നുണ്ടെന്നത് സാധാരണ മനുഷ്യരുടെ ദൃഷ്ടികൾക്ക് ഗോചരമാവണമെന്നില്ല.

ഹിൻഡൻബർഗും അദാനി ഗ്രൂപ്പും തമ്മിലുള്ള ഏറ്റമുട്ടൽ ഫിറോസ് ഗാന്ധിയേയും ഇന്ത്യൻ എക്‌സ്പ്രസ്സിനേയും ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. കഥാപാത്രങ്ങൾ മാത്രമാണ് മാറുന്നത്. പ്രമേയം ഒന്നു തന്നെയാണ്. രാജ്യത്തിന്റെ സമ്പത്ത് കോർപറേറ്റുകൾ അപഹരിക്കുന്നതിന്റെ പുതുരൂപങ്ങൾ. ഫിറോസിന്റെ കാലത്ത് നെഹ്രുവായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ഹിൻഡൻബർഗിന്റെ കാലത്ത് നരേന്ദ്ര മോദിയും. അതൊരു വ്യത്യാസമാണ്. ആ വ്യത്യാസമാണ് ഡാൽമിയയുടെ അറസ്റ്റിലും കൃഷ്ണമാചാരിയുടെ രാജിയിലും കലാശിച്ചത്. ആ വ്യത്യാസമാണ് ബി.ബി.സി. ഓഫീസുകളിൽ നടക്കുന്ന 'റെയ്ഡുകൾ'.

വാട്ടർഗേറ്റ് വിവാദത്തിൽ അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ കസേര തെറിച്ചു. ഇന്നിപ്പോൾ ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകൾക്കിടയിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്ന് 470 വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്. ഈ കച്ചവടം എങ്ങിനെയാണ് അമേരിക്കൻ, ബ്രിട്ടിഷ്, ഫ്രഞ്ച് ഭരണകൂടങ്ങളെ മോദി സർക്കാരിലേക്ക് അടുപ്പിക്കുന്നതെന്നതിനെക്കുറിച്ച് വർഗ്ഗീസ് ജോർജ് കഴിഞ്ഞ ദിവസം ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ജനാധിപത്യത്തിലും കച്ചവടം കച്ചവടം തന്നെയാണ്. ബി.ബി.സി. ഓഫീസുകളിലെ റെയ്ഡുകൾ ബ്രിട്ടീഷ്- അമേരിക്കൻ ഭരണകൂടങ്ങൾക്ക് വലിയ വിഷയമാവാത്തതും കച്ചവടം മുന്നോട്ടുവെയ്ക്കുന്ന അനന്തസാദ്ധ്യതകൾ നിമിത്തമാണ്. ഭരണകൂടങ്ങളല്ല, പൊതുസമൂഹവും മാദ്ധ്യമങ്ങളും തന്നെയാണ് ജനാധിപത്യത്തിന്റെ ആത്യന്തിക സംരക്ഷകർ എന്ന സത്യവും ഈ കാഴ്ചകൾ വ്യക്തമാക്കുന്നു.

വഴിയിൽ കേട്ടത്: ഒരു വ്യക്തിക്കോ ഒരാശയത്തിനോ ഒരു ഗ്രൂപ്പിനോ ഒരു രാജ്യം നിർമ്മിക്കാനോ നശിപ്പിക്കാനോ ആവില്ലെന്ന് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്. ഇത് രാജ്യത്തിനെതിരെയുള്ള ആക്രമണമാവുന്നു. മോഹൻ ഭാഗവത്ജിക്ക് പാക്കിസ്താനിലേക്ക് പോവേണ്ടി വരുമോ?

Content Highlights: Hindenburg, Adani, BBC, Narendra Modi, vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023

Most Commented