ഇന്ത്യയുടെ ഏഴു വയസ്സുകാരന്‍ പരമ്പര കൊലയാളി! ഒരു ലോക റെക്കോഡ്!


By അനിര്‍ബന്‍ ഭട്ടാചാര്യ

6 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

2007-ല്‍ ഇന്ത്യ ഒരു ലോക റെക്കോഡിട്ടു. അഭിമാനിക്കാന്‍ തക്കവണ്ണമുള്ള ഒരു നേട്ടമായിരുന്നില്ല അത്. യഥാര്‍ഥത്തില്‍, ലോകജനതയെ ഞെട്ടിച്ച ഒരു റെക്കോഡായിരുന്നു അത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പരമ്പരക്കൊലയാളിയെന്ന റെക്കോഡാണ് 2007-ല്‍ ഇന്ത്യ കരസ്ഥമാക്കിയത്. പരമ്പരക്കൊലയാളിക്ക് കൊലപാതം നടത്തുമ്പോള്‍ വെറും ഏഴുവയസ്സ്‌ മാത്രമായിരുന്നു പ്രായം. അവന്റെ പേര് അമര്‍ജീത്‌ സദയെന്നായിരുന്നു.

കൊലയാളിയുടെ ആദ്യദിനങ്ങള്‍

അമര്‍ജീത്‌ എന്ന പേരാണ് അവന്റെ പാവപ്പെട്ട മാതാപിതാക്കള്‍ അവന് നല്‍കിയത്. ഒരു മകനാല്‍ അനുഗ്രഹിക്കപ്പെട്ടതില്‍ അവര്‍ അത്യധികം സന്തുഷ്ടരായിരുന്നു. അവന്‍ വളരെ മനോഹരമായ ഒരു ജീവിതം നയിക്കുമെന്നും അവന്‍ പോകുന്നിടത്തെല്ലാം സ്‌നേഹത്തിന്റെ പ്രകാശവും സന്തോഷവും പരത്തുമെന്നുമാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക് മേല്‍ അവനുണ്ടാക്കിയത് നേര്‍വിപരീതമായ പ്രഭാവമായിരുന്നു. അവരുടെയെല്ലാം ജീവിതത്തിലെ വെളിച്ചം അവന്‍ കെടുത്തി!

'എനിക്ക് പുതിയ കളിപ്പാട്ടങ്ങള്‍ വേണം!' അമറിന്റെ ദുശാഠ്യങ്ങളുടെ തുടക്കം ഇങ്ങനെയായിരുന്നു.
'മോനേ, നമ്മള്‍ പാവപ്പെട്ടവരാണ്, നമുക്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ മാത്രം ശേഷിയില്ല.' അവനെ ആലിംഗനം ചെയ്തുകൊണ്ട് അമ്മ പറഞ്ഞു. അമ്മയെ ദൂരേക്ക് പിടിച്ചുന്തിക്കൊണ്ടാണ് അമര്‍ജീത്‌ തന്റെ നീരസം പ്രകടിപ്പിച്ചത്. അവന്‍ വളരെയധികം വിഷണ്ണനായിരുന്നു, മുന്‍ശുണ്ഠിയും വാശിയും ഇടയ്ക്കിടെ കാണിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, ഏക മകനായിരുന്നതുകൊണ്ട് വളരെയധികം ലാളിച്ചാണ് അമ്മ വളര്‍ത്തിയത്. ആരുടെ ദൃഷ്ടിദോഷവും എന്റെ കുഞ്ഞിന്റെ മേല്‍ പതിയരുതെന്ന് പറഞ്ഞ് നെറ്റിയില്‍ കണ്‍മഷികൊണ്ട് വലിയ പൊട്ടുതൊടുമായിരുന്നു ആ അമ്മ. ലോകത്തിലെ ദുഷ്ടശക്തികളില്‍ നിന്നെല്ലാം മകനെ രക്ഷിക്കാനായിരുന്നു അവരാഗ്രഹിച്ചിരുന്നത്. ഹനുമാന്‍ ക്ഷേത്രത്തില്‍നിന്ന് ഒരു ഏലസുപോലും മകന് അണിയാനായി അവര്‍ പൂജിച്ചുവാങ്ങി.

'ഇത് നിന്നെ ലോകത്തെ തിന്മകളില്‍ നിന്ന് രക്ഷിക്കും. ഇത് ഹനുമാന്‍ നേരിട്ട് നിനക്ക് തരുന്ന സമ്മാനമാണ്.' അമര്‍ജീത്തിന്റെ കൈവണ്ണയില്‍ ഏലസ് കെട്ടിക്കൊടുക്കവേ അവള്‍ പറഞ്ഞു. തനിക്ക് ലഭിച്ച പുതിയ സമ്മാനത്തോടെ ചിരിയോടെ അമര്‍നോക്കി. താമസിയാതെ ഒരു രാക്ഷസരൂപം സ്വീകരിക്കാന്‍ പോകുന്ന തന്റെ മകനില്‍ നിന്ന് രക്ഷ നേടുന്നതിനായി ഒരുപക്ഷേ മാലോകര്‍ മാന്ത്രികത്തകിടുകള്‍ ധരിക്കേണ്ടി വന്നേക്കുമെന്ന് ആ നിമിഷം അമ്മയ്ക്ക് അറിയില്ലായിരുന്നു.

മാറ്റങ്ങള്‍

'എന്തുകൊണ്ടാണ് നീ ഞങ്ങളുടെ കൂടെ കളിക്കാന്‍ വരാത്തത്?' രാജു ചോദിച്ചു. തന്റെ കളിമണ്‍വീടിന്റെ പടിയിലിരിക്കുകയായിരുന്നു അപ്പോള്‍ അമര്‍ജീത്‌ .
'ഞാനാഗ്രഹിക്കുന്നില്ല.' അമര്‍ മൃദുവായി പറഞ്ഞു.
'എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഇപ്പോള്‍ നീ വരാത്തത്? ഞങ്ങളെന്താ നിന്റെ സുഹൃത്തുക്കളല്ലേ?' മറ്റൊരു കളിക്കൂട്ടുകാരനായ ശങ്കര്‍ ചോദിച്ചു.
അമറില്‍നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.
'വരൂ നമുക്ക് തടാകത്തില്‍ പോയി നീന്താം!' രാജു കൂട്ടുകാരനെ തങ്ങളുടെ കൂടെ വരാന്‍ വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
'ഇല്ലാാാാ....' ഒരു അലര്‍ച്ചയായിരുന്നു അമര്‍ജീത്തിന്റെ മറുപടി. അവന്റെ രണ്ടുകൂട്ടുകാരും ഭയന്നു പിന്മാറി. ഇത്രയും ദേഷ്യത്തില്‍
അമര്‍ജീത്തിനെ അവര്‍ മുമ്പു കണ്ടിട്ടുണ്ടായിരുന്നില്ല. അവര്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. പൊതുവേ വികൃതിയായിരുന്ന അമര്‍ പെട്ടെന്ന് നിശബ്ദനായത് അവന്റെ മാതാപിതാക്കളും ശ്രദ്ധിച്ചു. ഒരിടത്ത് എങ്ങോട്ടെങ്കിലും തുറിച്ചുനോക്കിയിരിക്കുന്നത് അവന്റെ പതിവായി. അവന്‍ വളരെ കുറച്ചാണ് സംസാരിച്ചത്, തനിച്ചിരിക്കുക എന്ന സ്വയം തിരഞ്ഞെടുപ്പിലേക്ക് അവന്‍ തിരിഞ്ഞു.

ആദ്യ കൊലപാതകം

2006-ലായിരുന്നു അത്. അമര്‍ജീത്തിന് ഏഴു വയസ്സ്. ഒരു ദിവസം അമര്‍ജീത്തിന്റെ വീട്ടില്‍ അവന്റെ ചിറ്റ മീന സന്ദര്‍ശനത്തിനെത്തി. അമര്‍ജീത്തിന്റെ
അമ്മ പാരുളിന്റെ സഹോദരിയായിരുന്നു മീന.

'ചേച്ചീ എനിക്കൊരു സഹായം ചോദിക്കാനുണ്ട്.' പാരുളിന്റെ കൈ കവര്‍ന്നുകൊണ്ട് മീന പറഞ്ഞു.

' എന്താണ്?' പാരുള്‍ ചോദിച്ചു.
'എന്റെ ഭര്‍ത്താവും ഞാനും നഗരത്തില്‍ ജോലി തിരഞ്ഞ് പോവുകയാണ്. ഒരു മാസത്തേത്ത് ഞങ്ങളിവിടെ ഉണ്ടാകില്ല. എന്റെ ആറു മാസമായ കുഞ്ഞിനെ നോക്കാന്‍ ചേച്ചിക്കാവുമോ?' മീന അപേക്ഷയുടെ സ്വരത്തില്‍ ചോദിച്ചു.

'ഒരു മാസത്തേക്കോ?'' പാരുള്‍ ആശ്ചര്യപ്പെട്ടു.

'ഞാന്‍ പട്‌നയില്‍ ഒരു വീട്ടുജോലി കണ്ടെത്തിയിട്ടുണ്ട്. അവിടെ ജോലിത്തിരക്കിനിടയില്‍ കുഞ്ഞിനെ നോക്കാന്‍ സമയം കിട്ടില്ല. അവിടെ ആരെന്റെ കുഞ്ഞിനെ നോക്കാനാണ്? ' മീന വീണ്ടും അപേക്ഷിച്ചു.

'ഞങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. നിന്റെ കുഞ്ഞിനെ ഞങ്ങള്‍ എങ്ങനെ നോക്കാനാണ്?' ബുദ്ധിമുട്ടുകള്‍ പാരുള്‍ മറച്ചുവെച്ചില്ല.

'എന്റെ ആദ്യ ശമ്പളം കിട്ടിയാല്‍ ഞാന്‍ എത്രയും വേഗം പണം അയച്ചുതരാം.' പാരുളിനെ ആലിംഗനം ചെയ്തുകൊണ്ട് മീന പറഞ്ഞു. തന്റെ കുഞ്ഞ് സുരക്ഷിതമായ കൈകളിലായിരിക്കുമെന്ന ഉറപ്പിലായിരുന്നു അവള്‍. പക്ഷേ മീനക്ക് തെറ്റി!!

എല്ലാം നല്ലതായി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം പാരുളിന് ചന്തയിലേക്ക് പോകേണ്ട ആവശ്യം വന്നു. 'നിന്റെ അനിയനെ എനിക്ക് വേണ്ടി ഒന്നുനോക്കാമോ? അവനെ വേദനിപ്പിക്കരുത്. നന്നായി നോക്കണം.' ചന്തയിലേക്ക് ഇറങ്ങും മുമ്പ് അമര്‍ജീത്തിന്‌ പാരുള്‍ നിര്‍ദേശങ്ങള്‍ നല്‍കി.

അമ്മ ഇറങ്ങിയപാടെ അമര്‍ സഹോദരനെ പിച്ചാന്‍ തുടങ്ങി. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. കുട്ടി അസ്വസ്ഥനാകുന്നതില്‍ രസം പിടിച്ച അമര്‍ അവനെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. പതിയെ പതിയെ അവന്റെ പിച്ചുന്നത് കടുപ്പത്തിലായി. ഒരുവേള കുട്ടിയുടെ ചെവിപിടിച്ചുവലിച്ചു.. കുട്ടി ഉറക്കെയുറക്കെ കരയാന്‍ തുടങ്ങി. അമര്‍ന് കരച്ചിലിന്റെ ശബ്ദം ഉയര്‍ന്നത് സഹിക്കാനായില്ല. അവന്‍ തന്റെ രണ്ടു കൈകളും കൊണ്ട് കുഞ്ഞിന്റെ തൊണ്ടയില്‍ പിടിച്ചു. ക്ഷണവേഗത്തില്‍ ആ കൈകള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ അമര്‍ന്നു, സഹോദരനെ അവന്‍ മരണത്തിലേക്ക് നയിച്ചു. അതായിരുന്നു അവന്റെ
ആദ്യ കൊലപാതകം, ഏഴാം വയസ്സില്‍.

ചന്തയില്‍ മടങ്ങിയെത്തിയ അവന്റെ അമ്മ കുഞ്ഞിനെ അന്വേഷിച്ചു. ചിരിയായിരുന്നു അമര്‍ജീത്തിന്റെ മറുപടി. അവന്‍ അമ്മയെ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലം കാണിച്ചുകൊടുത്തു.

'ഇഷ്ടിക കൊണ്ട് ഞാനവന്റെ തല അടിച്ചുതകര്‍ത്തു,' ജോലി കഴിഞ്ഞ് അച്ഛനെത്തിയപ്പോള്‍ അഭിമാനത്തോടെയാണ് താന്‍ അന്നു നടത്തിയ കൃത്യത്തെ അമര്‍ വിവരിച്ചത്. ദേഷ്യം നിയന്ത്രിക്കാനാവാതെ ബലറാം, അച്ഛന്‍, അവനെ വീശിയടിച്ചു. തന്റെ പൊന്നുമോന്‍ ഒരു രാക്ഷസരൂപിയായി മാറിയത് അയാള്‍ക്ക് വിശ്വസിക്കാനായില്ല!

എങ്ങനെയാണ് ഒരു ഏഴു വയസ്സുകാരന് ഒരു കുഞ്ഞിനെ കൊലപ്പെടുത്താനാവുകയെന്നും സമാധാനത്തോടെ ഇരിക്കാനാവുകയെന്നും എത്ര ആലോചിച്ചിട്ടും പാരുളിനും മനസ്സിലായില്ല.

ഒരു മാസത്തിന് ശേഷം ചേച്ചിക്കുള്ള സമ്മാനങ്ങളുമായി കുഞ്ഞിനെ തിരികെ വാങ്ങാന്‍ എത്തിയപ്പോഴാണ് കുഞ്ഞിന് സംഭവിച്ചതിനെ കുറിച്ച് മീന അറിയുന്നത്. ഞെട്ടിത്തരിച്ച മീനയ്ക്ക് ലോകം കീഴ്‌മേല്‍മറിയുന്നത് പോലെ തോന്നി.

'അത് ഒരു അപകടമായിരുന്നു.' മകനെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാരുള്‍ മീനയെ അറിയിച്ചത് ഇത്രമാത്രമാണ്.

സംഭവിച്ചത് എന്തുതന്നെയായാലും അത് കുടുംബത്തിനുള്ളില്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന് മീനയുടെ കാല്‍ക്കല്‍ വീണ് ബലറാം അപേക്ഷിച്ചു. അവളോട് പോലീസില്‍ പരാതി നല്‍കരുതെന്നും അയാള്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. തനിക്ക് മുന്നില്‍ അരങ്ങേറുന്ന നാടകം ഒരു വാതിലിന്റെ മറവിലിരുന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു ഈ സമയമത്രയും അമര്‍. അവന് ചിരി അടക്കാനായില്ല.

പല അവസരങ്ങളിലും നമ്മുടെ കുട്ടികള്‍ വികൃതിയോ എന്തെങ്കിലും തെറ്റുചെയ്യുന്നതോ കാണാറുണ്ട്. മിക്ക രക്ഷിതാക്കളും മക്കളെ തിരുത്തും. പക്ഷേ, അതിന് മുതിരാത്ത കുറച്ച് രക്ഷിതാക്കളുണ്ട്. അവര്‍ കുട്ടികളുടെ വികൃതികള്‍ അവഗണിക്കും, വഴക്കുപറയില്ല. അത് വലിയ തെറ്റാണ്. തെറ്റുകള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നാണ് കുട്ടികള്‍ ഇതില്‍നിന്ന് മനസ്സിലാക്കുക. തന്നെയുമല്ല ആ കുട്ടിക്കുറുമ്പുകളും നിഷ്‌കളങ്കമായ കുറ്റകൃത്യങ്ങളും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൊടിയ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാം. ഈ കേസില്‍, അമര്‍ജീത്തിന്റെ മാതാപിതാക്കള്‍ ആദ്യ കൊലപാതകം മറച്ചുവെച്ചു. കൊലപാതകം ചെയ്താലും തനിക്ക് രക്ഷപ്പെടാനാകുമെന്നാണ് ഇതില്‍നിന്ന് അമര്‍ മനസ്സിലാക്കിയത്.

നിങ്ങളുടെ കുട്ടി ഒരു കൊലപാതകം നടത്തിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക?

രണ്ടാമത്തെ കൊലപാതകം

പാരുള്‍ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും കുടുംബം പൂര്‍ണമായതായി അവള്‍ക്കുതോന്നി. പക്ഷേ, തന്റെ കുഞ്ഞനുജത്തിയുമായുള്ള ബന്ധം അമര്‍ജീത്തിന് മാത്രം ഉൾക്കൊള്ളാനായില്ല. കുഞ്ഞിനെയും തുറിച്ചുനോക്കി അവനിരിക്കുമായിരുന്നു. അവന്റെ തലയിലൂടെ എന്തെല്ലാം ചിന്തകളാണ് മിന്നിമറിഞ്ഞിരുന്നതെന്ന് അവന് മാത്രമേ അറിയുമായിരുന്നുള്ളൂ. അമറിന്‌ അപ്പോഴേക്കും എട്ടു തികഞ്ഞിരുന്നു.

ഒരു ഉച്ചനേരം, പാരുള്‍ ഉറക്കത്തിലായിരുന്നു. അനുജത്തിയെ നോക്കാന്‍ അമര്‍ജീത്തിനെ അവര്‍ ചട്ടം കെട്ടിയിരുന്നു. അവളെ തനിച്ചുവിടരുതെന്നും അവനോട് ആവശ്യപ്പെട്ടു. ഉറക്കമുണര്‍ന്ന പാരുള്‍ കണ്ടത് ചിരിച്ചുകൊണ്ടിരിക്കുന്ന അമര്‍ജീത്തിനെയാണ്. അമര്‍ജീത്തിന്റെ ചിരി അവളുടെ അസ്ഥികള്‍ക്കുള്ളിലൂടെ ഒരു മിന്നല്‍പിണര്‍പോലെ പാഞ്ഞു. ഉടന്‍തന്നെ അലറിക്കരഞ്ഞുകൊണ്ട് പാരുള്‍ മകളെ തിരഞ്ഞു. കുഞ്ഞിനെ ശരീരം തണുത്ത് മരവിച്ചിരുന്നു. തന്റെ കുഞ്ഞനുജത്തിയെ അമര്‍ജീത് കൊലപ്പെടുത്തിയെന്ന് ആ അമ്മ വേദനയോടെ തിരിച്ചറിഞ്ഞു.

ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ അമര്‍ജീത്തിനെ പൊതിരേ പ്രഹരിച്ചുകൊണ്ട് അവര്‍ ചോദിച്ചു: 'എന്തിന് നീയിത് ചെയ്തു?'
'അങ്ങനെ തോന്നി.' ഒരു പിശാചിനെ പോലെ ചിരിച്ചുകൊണ്ടായിരുന്നു മറുപടി.

സംഭവമറിഞ്ഞ് വീട്ടിലെത്തിയ അയര്‍ക്കാരില്‍ ചിലര്‍ അവനെ പോലീസില്‍ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 'അവളെ കൊലപ്പെടുത്തിയതില്‍ എന്തു തെറ്റാണ് ഉള്ളത്?' അമര്‍ജീത്തിന്റെ ചോദ്യത്തില്‍ എല്ലാവരും നിശബ്ദരായി.
'ഞാനൊരു രാക്ഷസനാണല്ലോ ജന്മം കൊടുത്തത്!' പാരുള്‍ സ്വയം ശപിച്ചുകൊണ്ട് കരഞ്ഞു.

വീണ്ടും ആ കുറ്റകൃത്യം മൂടിവെക്കപ്പെട്ടു. അമറിന്‌ പശ്ചാത്താപമോ താന്‍ ചെയ്തത് അപരാധമായെന്ന തോന്നലോ ഉണ്ടായില്ല. കൊലപ്പെടുത്തണമെന്ന അതിശക്തമായ ത്വര വന്നു കൊലപ്പെടുത്തി. അതായിരുന്നു ന്യായം. സന്തോഷവും ആനന്ദവുമല്ലാതെ മറ്റൊരു വികാരവും അമറിന്‌ കൃത്യം ചെയ്യുമ്പോള്‍ അനുഭവപ്പെട്ടിരുന്നില്ല. അതിനു ശേഷവും..

വീണ്ടും പൈശാചികത ആവേശിക്കുന്നു

സ്വന്തം അനുജത്തിയെ കൂടി വകരുത്തിയതോടെ ആ ഗ്രാമത്തിലുള്ള എല്ലാവരും അവനെ ഭയത്തോടു കൂടിയാണ് നോക്കിയിരുന്നത്. അവന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും അവര്‍ മടിച്ചു. അതൊന്നും അമര്‍നെ അലട്ടിയതു പോലുമില്ല.

ദിവസങ്ങള്‍ കഴിഞ്ഞു. ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിന് സമീപത്തിലൂടെ പോകുന്നതിനിടയിലാണ് ഒരു കുഞ്ഞിന്റെ ശബ്ദം അമര്‍ സ്‌കൂളിന് അകത്തുനിന്ന് കേള്‍ക്കുന്നത്. കുഞ്ഞിന്റെ ശബ്ദം ശൂന്യമായ ആ ക്ലാസ്‌റൂമില്‍ പ്രതിധ്വനിച്ചു. ക്ലാസ് റൂമിനകത്തേക്ക് ഒളിഞ്ഞുനോക്കിയ അമര്‍ ആ കാഴ്ച കണ്ടു. തുണിയില്‍ പൊതിഞ്ഞ ഒരു കുഞ്ഞ് അവിടെ കിടന്നുകളിക്കുന്നു. അമര്‍ അമര്‍ത്തിച്ചിരിച്ചു.

ചന്തയില്‍നിന്ന് മടങ്ങിയെത്തിയ ചുന്‍ചുന്‍ ദേവിയെ കാത്തിരുന്നത് എട്ടു മാസം പ്രായമുള്ള മകള്‍ ഖുശ്ബുവിനെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു. കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ഏറ്റവും സുരക്ഷിതമായ ഇടമെന്ന് ചുന്‍ചുന്‍ ദേവിക്ക് തോന്നിയ സ്‌കൂളില്‍ കുഞ്ഞിനെ കിടത്തിയാണ് അവള്‍ ചന്തയിലേക്ക് പോയത്. കുഞ്ഞിനെ കാണാതായതിന് പിന്നില്‍ അമര്‍ജീത്താണെന്ന് താമസിയാതെ ചുന്‍ചുന്‍ ദേവി അറിഞ്ഞു.

'എവിടെയാണ് എന്റെ മകള്‍?' അലറിക്കരഞ്ഞുകൊണ്ട് അമറിനോട് ചുന്‍ചുന്‍ദേവി ചോദിച്ചു. 'ഞാനവളെ കൊന്നു' ശാന്തതയോടെ, അതിലേറെ അഭിമാനത്തോടെ അമര്‍ മറുപടി നല്‍കി.

വാര്‍ത്ത കേട്ട ബലറാം ഞെട്ടിത്തരിച്ച് തറയില്‍ ഇരുന്നുപോയി. മകന്‍ മൂന്നു കൊലപാതകങ്ങള്‍ നടത്തിക്കഴിഞ്ഞെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആ പിതാവിന് കഴിയുന്നുണ്ടായിരുന്നില്ല! വൈകാതെ ഗ്രാമവാസികള്‍ അമര്‍ജീത്തിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

അമറിന്റെ മാനസികാരോഗ്യം വിലയിരുത്തിയ മനഃശാസ്ത്രജ്ഞര്‍ അവന് പെരുമാറ്റ വൈകല്യം ഉള്ളതായി കണ്ടെത്തി. തലച്ചോറിലെ ഗുരുതരമായ കെമിക്കല്‍ അസന്തുലിതാവസ്ഥ കാരണം മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലൂടെ മനഃസുഖം ലഭിക്കുന്ന ഒരുതരം അവസ്ഥയിലൂടെയാണ് അമര്‍ജീത്‌ കടന്നുപോകുന്നതെന്നായിരുന്നു അവരുടെ നിഗമനം. ശരി തെറ്റുകളെ കുറിച്ച് യാതൊരു ബോധ്യവും അവനില്ലെന്നും അവര്‍ കണ്ടെത്തി. തന്നേക്കാള്‍ പ്രായക്കുറവായവരായതിനാലും പ്രതികരിക്കില്ലെന്നും ഉറപ്പുള്ളതു കൊണ്ടാണ് കുട്ടികളെ അമര്‍ജീത്‌ ഇരകളാക്കിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

എട്ടു മാസം പ്രായമുള്ള ഖുശ്ബുവിന്റെ കൊലപാതകത്തോടെ കൊലപാതകക്കുറ്റം ആ എട്ടു വയസ്സുകാരനില്‍ ചാര്‍ത്തപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളുടെ ജയിലിലായിരുന്നു പതിനെട്ട് വയസ്സ് തികയും വരെ പാര്‍പ്പിച്ചിരുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ പരമ്പര കൊലയാളിയെ കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടും പരന്നു.

2007-ല്‍ അറസ്റ്റിലാകുമ്പോള്‍ വെറും എട്ടു വയസ്സായിരുന്നു അമറിന്റെ പ്രായം. അതായത് ഇപ്പോള്‍ 24 വയസ്സ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് അമര്‍ തന്റെ പേര് സമര്‍ജിത്തെന്നാക്കി മാറ്റിയെന്നാണ് വിവരം. ഒരു പക്ഷേ, നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ ഇന്ത്യയിലെ ഏതെങ്കിലും തെരുവുകളിലൂടെ അയാള്‍ നടന്നുനീങ്ങുന്നുണ്ടാകും..

ശ്രദ്ധിക്കൂ- ഒരുപക്ഷേ നിങ്ങള്‍ അവനെ കണ്ടുമുട്ടിയേക്കാം...!


യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഡെഡ്‌ലി ഡസന്‍: ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് സീരിയല്‍ കില്ലേഴ്‌സ്, ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് തുടങ്ങിയ ബെസ്റ്റ്‌സെല്ലര്‍ ക്രൈം ത്രില്ലറുകളുടെ രചയിതാവാണ് അനിര്‍ബന്‍ ഭട്ടാചാര്യ. സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ തുടങ്ങിയ ടിവി ഷോകളുടെ നിര്‍മാതാവുമാണ് അദ്ദേഹം.

Content Highlights: INDIA’S 7 YEAR OLD SERIAL KILLER! A WORLD RECORD! BY ANIRBAN BHATTACHARYYA

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023

Most Commented