കര്‍ഷകരെ തെരുവില്‍ നിര്‍ത്തി ജനാധിപത്യത്തിന് കൊട്ടാരം തീര്‍ക്കുമ്പോള്‍ | വഴിപോക്കന്‍


വഴിപോക്കന്‍

പുതിയ കാര്‍ഷിക നിയമങ്ങളില്‍ എടുത്തുപറയേണ്ട കാര്യം അവയുടെ നിയമവിരുദ്ധതയാണ്. നിയമങ്ങള്‍ നടപ്പാക്കുന്നവര്‍ക്കെതിരെ ഒരു സിവില്‍ കോടതിയിലും പോകാനാവില്ലെന്നാണ് സുപ്രധാനമായ ഒരു വ്യവസ്ഥ. ഭരണകൂടം തന്നെ ജഡ്ജിയും നടത്തിപ്പുകാരനുമാവുന്ന വിരോധാഭാസം. കര്‍ഷകര്‍ക്ക് മാത്രമല്ല, സാദാ ജനത്തിനും ഈ നിയമങ്ങള്‍ക്കെതിരെ ഒരു പൊതുതാല്‍പര്യ ഹര്‍ജി പോലും കൊടുക്കാനാവില്ല.

ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന് | ഫോട്ടോ: സാബു സ്‌കറിയമാതൃഭൂമി

''സമാധാനത്തിന്റെ മന്ത്രാലയം യുദ്ധമാണ് നോക്കുന്നത്. സത്യത്തിന്റെ മന്ത്രാലയത്തിനാണ് നുണകളുടെ ചുമതല. പീഡനം കൈകാര്യം ചെയ്യുന്നത് സ്നേഹത്തിന്റെ മന്ത്രാലയമാണ്. പട്ടിണിയുടെ മേല്‍നോട്ടം സമൃദ്ധിയുടെ മന്ത്രാലയത്തിനാവുന്നു. ഈ വൈരുദ്ധ്യങ്ങള്‍ യാദൃശ്ചികമല്ല, വെറും കാപട്യത്തിന്റെ ഫലവുമല്ല. ഇരട്ടത്താപ്പിലുള്ള ആസൂത്രിത നീക്കങ്ങളാണിവ.''

ക്രാന്തദര്‍ശിയായ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 എന്ന ക്ലാസ്സിക് രചനയില്‍നിന്നുള്ള വാക്യങ്ങളാണ് മുകളില്‍ കൊടുത്തത്. സ്റ്റാലിനിസ്റ്റ് റഷ്യയുടെ അനുഭവപരിസരങ്ങളില്‍ നിന്നുകൊണ്ടാണ് ഓര്‍വെല്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികളുടെ അടരുകള്‍ ചികഞ്ഞത്.

ഇന്നലെ ഇന്ദ്രപ്രസ്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുന്നത് കണ്ടപ്പോള്‍ ഓര്‍വെല്ലിനെ ഓര്‍ക്കാതിരിക്കാന്‍ ആവുമായിരുന്നില്ല.

നമുക്ക് പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക് വരാം.
''ഇന്ത്യയില്‍ ജനാധിപത്യം ഭരണത്തിന്റെ മാത്രമല്ല, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന്റെയും മാദ്ധ്യമമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഊര്‍ജ്ജ്വസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. എല്ലായ്പോഴും വ്യത്യാസങ്ങള്‍ക്ക് ഇടമുണ്ടാവണം. ''

വാഹ്, വാഹ് എന്ന് പറയേണ്ട വാക്കുകള്‍. ജനാധിപത്യത്തിന്റെ അന്തഃസത്തയിലേക്ക് വെളിച്ചം വീശുന്ന വാക്കുകള്‍. പക്ഷേ, ഒരു പ്രശ്നമുണ്ട്. വാക്ക് വാക്കാവുന്നത് ചെയ്തിയിലൂടെയാണ്. വചനം മാംസമാവണമെങ്കില്‍ അത് കര്‍മ്മത്തിലേക്ക് പരിണമിക്കണം.

സ്വാതന്ത്ര്യം വെറുമൊരു പ്രതിമ മാത്രമായ അമേരിക്കയെന്ന് ഒരു ലാറ്റിനമേരിക്കന്‍ കവി പറഞ്ഞത് അമേരിക്കന്‍ ഭരണകൂടങ്ങള്‍ ലാറ്റിനമേരിക്കയില്‍ ചെയ്തുകൂട്ടുന്ന സ്വാതന്ത്ര്യ നിഷേധങ്ങള്‍ ഓര്‍ത്തുകൊണ്ടാണ്. വിയോജിപ്പാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ നമുക്ക് ജമ്മു കാശ്മീരിനെ ഓര്‍ക്കാതെ വയ്യ.

അഭിപ്രായപ്രകടനത്തിനും വിവരാന്വേഷണത്തിനുമുള്ള തുറസ്സുകള്‍ കൊട്ടിയടച്ചുകൊണ്ട് ഒരു ജനതയെ കയറില്ലാതെ കെട്ടിയിടുന്നത് കാണാതെ വയ്യ. പൗരത്വ ഭേദഗതി നിയമം എന്ന ഭരണഘടന വിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭം നയിച്ചവര്‍ നേരിടുന്ന നിയമ നടപടികള്‍ ഓര്‍ക്കാതിരിക്കുന്നത് നമ്മള്‍ നമ്മോടു തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. വാക്കിനും ചെയ്തിക്കുമിടയിലുള്ള ഈ അന്തരമാണ് ജനാധിപത്യവാദങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.

ജനാധിപത്യത്തിന് പുതിയ ശ്രീകോവിലും കൊട്ടാരവും തീര്‍ക്കുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയായി തെരുവില്‍ കൊടുംതണുപ്പില്‍ നിലനില്‍പ്പിനും അതിജീവനത്തിനുമായി പോരാടുന്ന കര്‍ഷകരെയും നമ്മള്‍ ഓര്‍ക്കണം. 971 കോടി രൂപ ചെലവഴിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ കെട്ടിപ്പൊക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ ഈ കര്‍ഷകരുടെ കണ്ണീരില്‍ കുതിരുമ്പോള്‍ എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി ആവേശഭരിതനാവുന്നത്?

പുതിയ കാര്‍ഷിക ബില്ലുകള്‍ നിയമമാക്കിയത് ജനാധിപത്യ മര്യാദകള്‍ ചവിട്ടി മെതിച്ചു കൊണ്ടായിരുന്നുവെന്ന സത്യം മുഖാമുഖം നില്‍ക്കുമ്പോഴും ജനാധിപത്യത്തിന്റെ ആത്മാവിനെക്കുറിച്ച് പുളകം കൊള്ളുന്നതിനെയാണ് ഓര്‍വെല്‍ ഇരട്ടത്താപ്പിലുള്ള ഗംഭീര വ്യായാമം എന്നു വിളിക്കുന്നത്.

ബില്ലുകള്‍ വോട്ടിനിടണമെന്നാവശ്യപ്പെട്ട എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്തും ചര്‍ച്ചകള്‍ക്കുനേരെ പുറം തിരിഞ്ഞുകൊണ്ടുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോയത്. കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ പെടുന്നതായിട്ടും ഒരു സംസ്ഥാന സര്‍ക്കാരിനോടും കൂടിയാലോചന നടത്താതെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

കോര്‍പറേറ്റുകളുടെ തീന്‍മേശയിലെ അത്താഴമാവാന്‍ തങ്ങളെക്കിട്ടില്ലെന്ന് പറയുന്ന കര്‍ഷകരോട് എന്തിനാണ് മോദി സര്‍ക്കാര്‍ ബലം പിടിക്കുന്നത്. തനിക്ക് ഒരു തെറ്റും പറ്റില്ലെന്നും തന്റെ ശരികള്‍ സമൂഹത്തിന്റെ ശരികളാണെന്നും വിശ്വസിക്കുന്നവര്‍ പണിതുയര്‍ത്തുന്ന മന്ദിരങ്ങളില്‍ ജനാധിപത്യത്തിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്ന് പറയാന്‍ കടുത്ത ഭക്തര്‍ക്ക് മാത്രമേ കഴിയൂ.

പുതിയ കാര്‍ഷിക നിയമങ്ങളില്‍ എടുത്തുപറയേണ്ട കാര്യം അവയുടെ നിയമവിരുദ്ധതയാണ്. നിയമങ്ങള്‍ നടപ്പാക്കുന്നവര്‍ക്കെതിരെ ഒരു സിവില്‍ കോടതിയിലും പോകാനാവില്ലെന്നാണ് സുപ്രധാനമായ ഒരു വ്യവസ്ഥ. ഭരണകൂടം തന്നെ ജഡ്ജിയും നടത്തിപ്പുകാരനുമാവുന്ന വിരോധാഭാസം. കര്‍ഷകര്‍ക്ക് മാത്രമല്ല, സാദാ ജനത്തിനും ഈ നിയമങ്ങള്‍ക്കെതിരെ ഒരു പൊതുതാല്‍പര്യ ഹര്‍ജി പോലും കൊടുക്കാനാവില്ല.

കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ഗോവധ നിരോധന നിയമത്തിലും ഇതിനു തുല്ല്യമായ വ്യവസ്ഥയുണ്ട്. നിയമം സദുദ്ദേശ്യത്തോടെ നടപ്പാക്കുന്ന ഒരാള്‍ക്കെതിരെയും നിയമ നടപടി എടുക്കാന്‍ പറ്റില്ലെന്നാണ് വ്യവസ്ഥ. പശുസംരക്ഷണത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നാലും കേസുണ്ടാവില്ലെന്നര്‍ത്ഥം.

ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46 പേരെ പശുസംരക്ഷകര്‍ അടിച്ചു കൊന്നിട്ടുണ്ടെന്നോര്‍ക്കണം. ഇതര മതവിഭാഗങ്ങളില്‍പെട്ടവരെ പ്രണയിച്ച് കല്ല്യാണം കഴിക്കുന്നതിനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതും അടുത്തിടെയാണ്. ഈ ജനാധിപത്യ വിരുദ്ധതയുടെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹിമയെ വാഴ്ത്തുന്നത്.

ഇന്ത്യയില്‍ ജനാധിപത്യം കുറച്ച് കൂടുതലാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്താണ്. ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന സംവിധാനമാണ് നീതി ആയോഗ്. ഈ സുപ്രധാന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നയാളാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അളവ് കൂടുതലാണെന്ന് പറയുന്നത്. ഇത്തരമൊരഭിപ്രായ പ്രകടനം നടത്തുന്ന ഒരാള്‍ക്ക് സാധാരണ ഗതിയില്‍ ഇങ്ങനെയൊരു പദവിയില്‍ തുടരുക വിഷമകരമായിരിക്കും. പക്ഷേ, ഇപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യത്തിന് പുതിയ രൂപവും ഭാവവുമാണ്.

മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലിനെത്തിയില്ല. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഭാഗമാണെന്ന മിഥ്യാധാരണ സര്‍ക്കാരിനില്ലാത്തതുകൊണ്ട് കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം പ്രശ്നമല്ല. ലോക്സഭയില്‍ മുഖ്യപ്രതിപക്ഷ നേതാവിന്റെ പദവി ഇനിയും കോണ്‍ഗ്രസിന്റെ സഭാ നേതാവിന് ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നതും മറക്കരുത്. പ്രതിപക്ഷ നേതാവാകുന്നതിന് ആവശ്യമായ എം.പിമാരില്ലെന്ന കാരണം പറഞ്ഞാണ് ഈ നടപടി.

ജനാധിപത്യത്തെക്കുറിച്ച് ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ഒരു സര്‍ക്കാരിന് ഈ സാങ്കേതികത വാസ്തവത്തില്‍ എത്രയോ എളുപ്പത്തില്‍ മറികടക്കാവുന്നതാണ്. കോണ്‍ഗ്രസ് വന്നില്ലെന്നത് തല്‍ക്കാലം നമുക്ക് വിടാം. അവരായി അവരുടെ പാടായി. പക്ഷേ, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്തു കൊണ്ടാണ്? പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ രണ്ടുപേരും പ്രധാനമന്ത്രിക്ക് മുന്നിലാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ചടങ്ങിനെത്തിയാല്‍ പ്രധാനമന്ത്രി മോദിക്ക് മൂന്നാം സ്്ഥാനമേയുണ്ടാവൂ. എന്തിനാണ് വെറുതെ രാഷ്ട്രപതിയെയും ഉപരാഷ്പ്രടതിയെയും ബുദ്ധിമുട്ടിക്കുന്നത്. ക്യാമറകള്‍ക്ക് മുന്നില്‍ ഒരു മുഖവും ഒരു ശരീരവും മാത്രം മതി. അല്ലെങ്കിലും ഒന്നിലധികം മണവാളന്മാരുണ്ടായാല്‍ ഒരു ചടങ്ങിനും പൊലിമയുണ്ടാവില്ല.

രാജ്യം ഇപ്പോഴും കോവിഡ് 19-ന്റെ ദുരന്തമുനമ്പിലാണ്. വാക്സിനുകള്‍ അധികം താമസിയാതെ എത്തുമെന്നാണ് വിവരം. പക്ഷേ, എല്ലാവര്‍ക്കും വാക്സിന്‍ കിട്ടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സൗജന്യമായിട്ടാവുമോ വാക്സിനേഷന്‍ എന്നുമറിയില്ല.

സാമ്പത്തിക മേഖല മൊത്തം തകര്‍ച്ചയിലാണ്. നാടു പിടിക്കാന്‍ കടം വാങ്ങേണ്ടി വന്ന കുടിയേറ്റത്തൊഴിലാളികളുടെ രാജ്യമാണ് ഇന്ത്യ. ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ജന്മനാട്ടിലെത്താന്‍ സൗജന്യ തീവണ്ടി ടിക്കറ്റ് നല്‍കാന്‍ ഈ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ, 20,000 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമുള്ള കൊട്ടാരങ്ങളും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് ഒരു മടിയുമില്ല. 107 രാജ്യങ്ങളുള്ള ആഗോള പട്ടിണി പട്ടികയില്‍ 94-ാം സ്ഥാനത്താണ് ഇന്ത്യ. 75-ാം റാങ്കുമായി ബംഗ്‌ളാദേശും 88-ാം റാങ്കുമായി പാക്കിസ്ഥാനും നമുക്ക് മുന്നിലാണ്.

നൂറു വര്‍ഷം പഴക്കമുണ്ടെങ്കിലും നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം ബലപ്പെടുത്താവുന്നതേയുള്ളുവെന്നാണ് പല പ്രമുഖ വാസ്തുശില്‍പികളും ചൂണ്ടിക്കാട്ടുന്നത്. ഇനിയിപ്പോള്‍ പുതുതായൊന്ന് വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ കുറച്ചു കൂടി കഴിഞ്ഞിട്ടുപോരേയെന്നാണ് ന്യായമായ ചോദ്യം. ഈ ദുരന്തമുഖത്തുനിന്ന് ഒന്ന് കരകയറിയിട്ടായാല്‍ ജനാധിപത്യത്തിന്റെ പുതിയ കോവിലിന് അക്ഷരാര്‍ത്ഥത്തില്‍ ശ്രീയുണ്ടാവും. പക്ഷേ, അതുവരെ കാക്കാനാവില്ല.

21-ാം നൂറ്റാണ്ടിലെ താജ്മഹലാണ് മോദി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതെന്നാണ് ഒരു ബി.ജെ.പി. വക്താവ് ഇന്നലെ ഒരു ചാനലിലരുന്ന് തട്ടിവിട്ടത്. അതിലെ വിരോധാഭാസം കാണാതിരിക്കാനാവുമായിരുന്നില്ല. താജ്മഹല്‍ ആത്യന്തികമായി ഒരു കുടീരമാണ്- ശവകുടീരം. ജനാധിപത്യത്തിന് മോദി സര്‍ക്കാര്‍ തീര്‍ക്കുന്ന അഭിനവ താജ്മഹല്‍ എന്ന് പറയുന്നതുപോലെ അന്വര്‍ത്ഥമായി മറ്റെന്താണുള്ളത്!

വഴിയില്‍ കേട്ടത്: ഫോബ്സ് മാസികയുടെ ലോകത്തെ ശക്തരായ നൂറു വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 41-ാം സ്ഥാനത്ത്. രാജ്യത്തെ സാമ്പത്തികമേഖല പപ്പടം പോലെ പൊടിച്ചതുവെച്ച് നോക്കിയാല്‍ ആദ്യ അഞ്ചില്‍ തന്നെ വരേണ്ടതായിരുന്നു !

Content Highlights: India making new building for Parliament while farmers are protesting in the streets | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented