ഇന്ത്യൻ സൈനികർ തവാങ്ങിൽ.ഫോട്ടോ:AFP
സ്ഥിരമായി ഇറച്ചി ലഭിക്കാതിരുന്ന കാലത്ത് അതിനെ മറികടക്കാന്‍ യൂറോപ്യന്‍ ജനത ഭക്ഷണത്തില്‍ നടത്തിയൊരു പരീക്ഷണമാണ് സലാമി. പ്രധാനമായും പന്നിയിറച്ചി ഫെര്മെന്റേഷന് വിധേയമാക്കി, 45 ദിവസംവരെ കേടുകൂടാതെ ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കുന്ന ഒരുതരം സോസേജാണിത്. ഇത് ഓരോ തവണയും ഉപയോഗിക്കുമ്പോള്‍ നേര്‍ത്ത രീതിയില്‍ മുറിച്ചെടുക്കുകയാണ് പതിവ്. ആവശ്യാനുസരണം എടുത്തശേഷം ബാക്കി ഭാഗം പിന്നീട് മുറിച്ചെടുക്കാനായി മാറ്റിവെക്കുന്നു. അങ്ങനെ തവണകളായി മുഴുവനായും ഇത് പാകം ചെയ്ത് കഴിക്കുന്നു. ഇത്തരത്തില്‍ നേര്‍ത്ത രീതിയില്‍ സലാമി സോസേജ് മുറിച്ചെടുത്ത്, ബാക്കിയുള്ള ഭാഗം പിന്നീട് കഴിക്കാന്‍ മാറ്റിവെക്കുന്നതിനെ സലാമി സ്ലൈസിങ് എന്ന് പറയുന്നു.
അതിര്‍ത്തികളില്‍ ചൈന, ഇന്ത്യയോട് ചെയ്യാന്‍ ശ്രമിക്കുന്നത് ഇതാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളെ ഒരു സലാമിയായി കണ്ടാല്‍, ഒരോ തവണയും നേര്‍ത്ത ഭാഗങ്ങളായി മുറിച്ചെടുത്ത്, മുഴുവനായി അകത്താക്കാന്‍ ശ്രമിക്കുകയാണ് ചൈന. എന്നാല്‍, ഓരോ തവണയും ചൈനയുടെ ശ്രമങ്ങളെ ധീരമായി ഇന്ത്യന്‍സേന പ്രതിരോധിക്കുന്നു. ഇന്ത്യയോട് മാത്രമല്ല, മറ്റ് രാജ്യങ്ങളിലും പതുക്കെ കടന്നുകയറാന്‍ ചൈന സലാമി സ്ലൈസിങ് തന്ത്രം പ്രയോഗിക്കുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത്, അരുണാചല്‍ പ്രദേശ് അതിർത്തിയിലെ തവാങ്ങില്‍ ഇന്ത്യക്ക് പരമാധികാരമുള്ള പ്രദേശങ്ങളിലേക്ക് ചൈനയുടെ കടന്നുകയറ്റമാണ്. ഈ പ്രദേശത്ത് വര്‍ഷങ്ങളായി നീറിപ്പുകയുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം കൂടിയുണ്ട്.
യാഥാര്‍ഥ്യം പേരിലുള്ള നിയന്ത്രണരേഖ
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിരേഖ യഥാര്‍ഥ നിയന്ത്രണരേഖ അഥവാ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് (എല്‍.എ.സി.) എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇന്ത്യ ചൈനയുമായി അതിര്‍ത്തി പങ്കിടുന്നത്. ഇന്ത്യയിലെ ലഡാക്ക് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ സെക്ടര്‍, ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മധ്യ സെക്ടര്‍, അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ സെക്ടര്‍. 1959 നവംബര്‍ ഏഴിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലാ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് അയച്ച കത്തില്‍ സൂചിപ്പിക്കുന്ന നിയന്ത്രണരേഖയാണ് ചൈന യഥാര്‍ഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നെഹ്റു തയ്യാറായില്ല.
ലാമയ്ക്ക് ഇന്ത്യയുടെ അഭയം, പ്രകോപിതമായ ചൈന
ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ടിബറ്റില്‍ നിന്ന് തന്റെ സംഘവുമൊത്ത് രക്ഷപ്പെട്ട 14-ാം ദലൈലാമ ടെന്‍സിങ് ഗ്യാസ്റ്റോയ്ക്ക് ഇന്ത്യ അഭയം നല്‍കിയത് മുതലാണ് ചൈന അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങുന്നത്. 1959 മാര്‍ച്ചില്‍ തന്റെ 23-ാം വയസ്സില്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. അന്നത്തെ പ്രധാനമന്ത്രി നെഹ്റു അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചൗ എന്ലായുമായുള്ള പഞ്ചശീല ഉടമ്പടി നിലനില്‍ക്കുന്ന കാലത്തായിരുന്നു നെഹ്റു ഇത്തരമൊരു തീരുമാനം എടുത്തത്. ചൈനയെ അത് പ്രകോപിപ്പിച്ചു. ഇന്ത്യന്‍ നീക്കത്തില്‍ അതൃപ്തിപൂണ്ട ചൈന അതിര്‍ത്തിയില്‍ അവകാശവാദം ഉന്നയിച്ച് ഇന്ത്യയോട് തര്‍ക്കം ആരംഭിച്ചു.
അതിര്‍ത്തിയിലെ മക്മോഹന്‍ രേഖ സ്വീകാര്യമല്ലെന്നും ലഡാക്ക് ഭാഗത്ത് കാരക്കോണം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നുമായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഒടുവില്‍ ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് എത്തി. 1962-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം. ചൈനയുമായുള്ള യുദ്ധത്തിത്തിന് തുടക്കമിടുന്ന ആദ്യപ്രദേശങ്ങളിലൊന്നും അവസാനം വെടിനിര്‍ത്തല്‍ നടപ്പിലാവുന്ന പ്രദേശവും തവാങ് പ്രവിശ്യയാണ്.
Also Read
ഡിസംബര്‍ ഒന്‍പതിന് നടന്നത്
മൂന്നൂറോളം ചൈനീസ് സൈനികരാണ് ഇന്ത്യന്‍ പോസ്റ്റ് പിടിച്ചടക്കുകയെന്ന ലക്ഷ്യവുമായി 2022 ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച യാങ്സെയിലെത്തിയത്. ഇരുരാജ്യത്തിന്റേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ചൈനീസ് സൈനികരെ തുരത്തുന്നതിനിടയില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തവാങ് സെക്ടറില്‍ രണ്ടുരാജ്യങ്ങളും സ്വന്തമെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ 17,000 അടി ഉയരത്തിനുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റ് കൈയേറുകയെന്നതായിരുന്നു ഡിസംബര്‍ ഒന്‍പതിനെത്തിയ ചൈനീസ് സൈനികരുടെ ലക്ഷ്യം.
ജമ്മു കശ്മീര്‍ റൈഫിള്‍സ്, ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി എന്നീ മൂന്ന് ഇന്ത്യന്‍ സൈനിക യൂണിറ്റുകള്‍ ചേര്‍ന്നാണ് ചൈനീസ് കടന്നുകയറ്റം അന്ന് പ്രതിരോധിച്ചത്. ഇന്ത്യന്‍ പട്ടാളത്തോട് ഏറ്റുമുട്ടാന്‍ മുള്‍വടികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ചൈനീസ് സൈനികര്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന് നേരെ കല്ലേറുമുണ്ടായി. സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനവുമായാണ് ചൈനീസ് സേന എത്തിയത്.
സംഘര്‍ഷത്തിന് പിന്നാലെ കിഴക്കന്‍മേഖലയില്‍ ഡിസംബര്‍ 15, 16 തീയതികളില്‍ വ്യോമാഭ്യാസം നടത്തുമെന്ന് ഇന്ത്യ അറിയിച്ചു. നേരത്തെ ആസൂത്രണം ചെയ്തതും സ്ഥിരമായി നടക്കാറുമുള്ള വ്യോമാഭ്യാസമായിരുന്നു ഇത്. എന്നാല്‍, അതിര്‍ത്തിയില്‍ ചൈനയും സൈനിക തയ്യാറെടുപ്പുകള്‍ നടത്തി. അരുണാചല്‍ പ്രദേശത്തിനടുത്തുള്ള ചൈനീസ് ഇരട്ട ഉപയോഗ വിമാനത്താവളത്തില്‍ ചൈനയുടെ ഔദ്യോഗിക സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിന്റെ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചൈനയുടെ സമയം
ആക്രമണത്തിന് ചൈന തിരഞ്ഞെടുത്ത സമയത്തിനും പ്രത്യേകതകളുണ്ട്. വസുദൈവ കുടുംബകം എന്ന ഉപനിഷദ് വാക്യമുയര്‍ത്തി 2023ല്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഇന്ത്യ ഇന്‍ഡോനീഷ്യയില്‍ നിന്ന് ഏറ്റെടുത്തത് ഡിസംബര്‍ ഒന്നിനായിരുന്നു. ഷാങ്ഹായിലെ കെട്ടിടത്തില്‍ തീപ്പിടത്തമുണ്ടായപ്പോള്, കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ചൈനയില്‍ ഏറെപ്പേരാണ് മരിച്ചുവീണത്. ഇത് ചൈനയുടെ സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഒടുവില്‍ നയം പിന്‍വലിക്കാന്‍ ചൈന നിര്‍ബന്ധിതമാവുകയും പിന്നാലെ കോവിഡ് കേസുകള്‍ അസാധാരണമായി ഉയരുകയുമുണ്ടായി. ഇത്തരത്തില്‍, ഇന്ത്യ തന്ത്രപ്രധാനമായൊരു ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനിരിക്കുകയും ആഭ്യന്തരമായി വെല്ലുവിളികള്‍ നേരിടുകയും ചെയ്ത സമയത്തായിരുന്നു ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത്. രാഷ്ട്രീയമായി അവര്‍ക്ക് അതൊരു 'പെര്‍ഫെക്ട് ടൈമി'ങ്ങായിരുന്നു.
തവാങ്ങിലെന്ത്?
പടിഞ്ഞാറ് ഭൂട്ടാനും വടക്ക് ചൈനീസ് അധീനതയിലുള്ള ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് തവാങ്. ടിബറ്റന്‍ ബുദ്ധിസം ആചരിക്കുന്ന മോണ്‍പാ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ ഭൂരിപക്ഷം. ആറാം ദലൈലാമ സാങ് യാങ് ഗ്യാറ്റ്സോ ജനിച്ചത് തവാങ്ങിലാണ്. അതിനാല്‍ ബുദ്ധമതക്കാരുടെ പ്രധാനപുണ്യസ്ഥലങ്ങളില് ഒന്നാണ് തവാങ്. 1962-ലെ യുദ്ധത്തെ അതിജീവിച്ചവരും അതിന്റെ ഭീതിയില്‍ കഴിയുന്നവരുമാണ് പ്രദേശത്തെ ആളുകള്‍. യുദ്ധത്തില്‍ കൈയടക്കിയ പ്രദേശം, രണ്ടുമാസത്തോളം ചൈനയുടെ കീഴിലായിരുന്നു.
നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയായ പെമ ഖണ്ഡു ജനിച്ചത് തവാങ്ങിലാണ്. 1959-ല്‍ ഇന്ത്യയില്‍ അഭയം തേടിയ അന്നത്തെ ദലൈലാമ ഇന്ത്യയിലേക്ക് പ്രവേശിച്ചതും ഈ പ്രദേശം വഴിയാണ്. 2005 -ല്‍ ചൈനയുമായി ഇന്ത്യ എത്തിച്ചേര്‍ന്ന കരാര്‍ പ്രകാരം തവാങ് ഉള്‍പ്പെടെയുള്ള പ്രദേശം അസ്വസ്ഥതകള്‍ക്ക് ഇടവില്ലാത്തവിധം നിലനില്‍ക്കണമെന്നാണ്. എന്നാല്‍, ആ കരാറും അവരുടെ സൗകര്യത്തിന് വ്യാഖ്യാനിച്ച ചൈന, തവാങ് സാംസ്കാരികമായും ഭരണപരമായും ചൈനീസ് ടിബറ്റിന്റെ അധികാരപരിധിയിലാണെന്ന് വാദിക്കുന്നു.
ചൈനയ്ക്ക് താത്പര്യമില്ലാത്ത അതിര്‍ത്തി രേഖ
1914-ല്‍ ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന സര് ഹെൻറി മക്മഹോന് നിര്‍ദ്ദേശിച്ചത് പ്രകാരം ഇന്ത്യയും ടിബറ്റും തമ്മില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തി രേഖയാണ്, മക്മഹോന് രേഖ. ഇതില്‍ ചൈനയ്ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വെച്ചാണ് ഇന്ത്യയും ടിബറ്റും തമ്മില്‍ രേഖ അംഗീകരിച്ച് കരാറിലെത്തുന്നത്. 890 കിലോമീറ്ററാണ് മക്മഹോന് രേഖയുടെ നീളം. ഈ രേഖപ്രകാരം തവാങ് ഇന്ത്യയുടെ ഭാഗമാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല. ഷിംലയില്‍ വെച്ച് രേഖ അംഗീകരിച്ച് ഒപ്പുവെച്ച ടിബറ്റന്‍ പ്രതിനിധികള്‍ക്ക് കരാറില്‍ പങ്കെടുക്കാനുള്ള യാതൊരു അധികരവുമില്ലെന്നാണ് ചൈനീസ് അവകാശവാദം. സംഘത്തിലെ ചൈനീസ് പ്രതിനിധി ഇവാന് ചാന് സംഘത്തിലെ അംഗീകരിക്കപ്പെട്ട പ്രതിനിധിയല്ലെന്നും ചൈന പറയുന്നു. ടിബറ്റ് തങ്ങളുടെ ഭൂപ്രദേശത്തിന് കീഴിലാണെന്നതിനാലാണ് ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ അവര്‍ക്ക് അധികാരമില്ലെന്ന് ചൈന വ്യക്തമാക്കുന്നത്. 1950-ല്‍ ടിബറ്റ് പൂര്‍ണമായും കീഴടക്കിയതോടെ ഈ വാദം ചൈന ശക്തിയായി ഉന്നയിക്കുകയും ചെയ്യുന്നു.
ഗല്‍വനില്‍ സംഭവിച്ചത്
നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിന് മുമ്പ്, 2020-ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലാണ് ചൈനയുടെ വലിയ പ്രകോപനമുണ്ടായത്. അന്ന് ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ രാജ്യത്തിന് 20 സൈനികരുടെ ജീവനാണ് നല്‍കേണ്ടിവന്നത്. നിയന്ത്രണരേഖ കടന്നെത്തിയ ചൈനീസ് സേനയുടെ ശ്രമം അന്ന് ഇന്ത്യന്‍ സൈന്യം ധീരമായി തന്നെ തടഞ്ഞു. ജൂണ്‍ 15-ന് രാത്രി, ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി ചൈന സ്ഥാപിച്ച ടെന്റ് ഇന്ത്യന്‍ സേന നശിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം കീഴ്പ്പെടുത്തി. ഇവരെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് ബലമായി നീക്കവെ കൂടുതല്‍ ചൈനീസ് പട്ടാളമെത്തി ആക്രമിക്കുകയായിരുന്നു. ആണിതറച്ച ആയുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. അതിര്‍ത്തി തര്‍ക്കങ്ങളില്‍ തോക്കുപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ ഇരുസൈന്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നത്. നാല് സൈനികര്‍ മരിച്ചുവെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. എന്നാല്‍, അതിലേറെ ആള്‍നാശം ചൈനീസ് സേനയ്ക്കുണ്ടായി എന്നാണ് കരുതപ്പെടുന്നത്. 45 സൈനികര്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ രണ്ടുമണിയോളം അന്ന് ഇരുരാജ്യത്തിന്റെ സൈനികര്‍ തമ്മിലും സംഘര്‍ഷമുണ്ടായി.
സംഘര്‍ഷങ്ങളില്‍ വെടിപൊട്ടിക്കരുത്!
ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മൂന്ന് പ്രധാനമേഖലകളിലും സംഘര്‍ഷം പതിവാണെങ്കിലും ഇവിടങ്ങളില്‍ വെടിയുതിര്‍ക്കരുതെന്ന് ഉടമ്പടികള്‍ തന്നെയുണ്ട്. തോക്ക് ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കരുതെന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുള്ളത്. ഇതിനാലാണ് തര്ക്കമുണ്ടാവുമ്പോഴും സൈനിക ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും വെടിയുതിര്‍ത്തതായി വാര്‍ത്തകള്‍ വരാത്തതും ആണിതറച്ച ആയുധങ്ങളടക്കം കണ്ടെത്തിയെന്ന് വിശദീകരണമുണ്ടാവുന്നതും.
1996ലെ ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളും വെടിയുതിര്‍ക്കരുതെന്നും ജീവനാശം ഉണ്ടാക്കരുതെന്നും ധാരണയുണ്ട്. ഇതുപ്രകാരം ജീവഹാനിവരുത്തുന്ന രാസായുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ല. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടുകിലോമീറ്ററിനുള്ളിലാണ് ഈ നിബന്ധനകള്‍. എന്നാല്‍ ഉടമ്പടി പ്രകാരം പതിവ് പരിശീലനത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. 2005 ലേയും 2013 ലേയും ഉടമ്പടികളിലും സമാനനിര്ദ്ദേശങ്ങളുണ്ട്. എന്നാല്‍, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ ഇരുഭാഗത്തും സ്വീകരിക്കാമെന്ന പഴുതാണ് പലപ്പോഴും ഏറ്റമുട്ടലിലേക്ക് നയിക്കുന്നത്.
നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ തവാങ്ങിലെ യാങ്സേയില്‍ കഴിഞ്ഞ ഒക്ടോബറിലും 2016ലും ഇരുസൈന്യവും തമ്മില്‍ ശരീരക ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ ജി20യുമായി ബന്ധപ്പെട്ട് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സജീവമായി നിലനിര്‍ത്തുക എന്ന തന്ത്രമാണ് ചൈന പുതിയ ആക്രമണത്തിലൂടെ ശ്രമിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: India-China border dispute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..