ഓരോ ചവിട്ടടിയിലും പാമ്പുകള്‍; മരണം പതിയിരിക്കുന്ന പാമ്പ് ദ്വീപ് അഥവാ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ


അശ്വതി അനില്‍ | aswathyanil@mpp.co.inPremium

snake

ക്കറുകളോളം പരന്നുകിടക്കുന്ന ഒരു ദ്വീപ്. മഴക്കാടുകളും അപൂര്‍വ സസ്യസമ്പത്തും തിങ്ങിനിറഞ്ഞ പ്രദേശം. പക്ഷേ, പച്ചപ്പുകള്‍ക്കിടയില്‍ പതിയിരിക്കുന്നുണ്ട് മരണം. ദ്വീപില്‍ കാല്‍കുത്തിയാല്‍ ഓരോ ചവിട്ടടിയിലും കാലിനടിയിലേക്കെത്തുക ഉഗ്രവിഷമുളള പാമ്പുകളായിരിക്കും. ബ്രസീലിലെ സാവോപോളോയില്‍നിന്ന് ഏതാനും മൈലുകള്‍ അകലെയാണ് പാമ്പുകളുടെ ദ്വീപ് അഥവാ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നറിയപ്പെടുന്ന മരണം മണക്കുന്ന ഈ ദ്വീപുളളത്.

ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നാല്‍ വനനശീകരണം എന്നാണ് അര്‍ഥം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്വീപില്‍ കൃഷി വ്യാപകമാക്കാനായി അവിടെയുള്ള മരങ്ങളും ചെടികളുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. കാട്ടുതീയിട്ടാണ് ദ്വീപ് വൃത്തിയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ പദ്ധതി പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ദ്വീപിലൊളിച്ചിരിക്കുന്ന അപകടം മനസ്സിലാക്കിയതോടെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാതായി. അങ്ങനെയാണ് ദ്വീപിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നുത്.

ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയുടെ ആകാശദൃശ്യങ്ങളില്‍ മനോഹരമായ കാടുകളും പച്ചപ്പും കുന്നുകളും പാറകളുമെല്ലാം തെളിഞ്ഞുകാണാം. എന്നാല്‍, ആ സൗന്ദര്യം തേടി ദ്വീപിലെത്തുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്ന് ഉറപ്പിച്ചു പറയാനാകും. ലോകത്തിലെ ഏറ്റവും മാരകവിഷമുള്ള പമ്പുകളുടെ വിഭാഗത്തില്‍പ്പെട്ട കുന്തത്തലയന്‍ സ്വര്‍ണ അണലികള്‍ ഉള്‍പ്പെടെ നാല് ലക്ഷത്തോളം പാമ്പുകളാണ് 106 ഏക്കര്‍ മാത്രം വലിപ്പമുള്ള ദ്വീപിനകത്തുള്ളത്. ഓരോ ചതുരശ്ര മീറ്ററിലും രണ്ടു മുതല്‍ അഞ്ചു വരെ പാമ്പുകള്‍ ഉണ്ടാവുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ദ്വീപിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല.

ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ പാമ്പ് ദ്വീപ് ആയതെങ്ങനെ?

മെയിന്‍ലാന്‍ഡ് ബ്രസീലിനോട്‌ ചേര്‍ന്ന പ്രദേശമായിരുന്നു ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയും. ഒരു കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നു. എന്നാല്‍, മനുഷ്യസാന്നിധ്യം കുറഞ്ഞതോടെ ദ്വീപിനെ പതിയെ പാമ്പുകള്‍ കയ്യടക്കി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 11,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. വെള്ളം ഉയരുന്നതിനൊപ്പം ആളുകള്‍ മെയിന്‍ലാന്‍ഡിലേക്ക് കുടിയേറി. ജനവാസം കുറഞ്ഞപ്പോള്‍ ഈ പ്രദേശത്തെ പാമ്പുകളുടെ സാന്നിധ്യവും കൂടിക്കൂടി വന്നു. അപ്പോഴേക്കും പ്രദേശം വെള്ളത്താല്‍ ചുറ്റപ്പെട്ട് ദ്വീപായി മാറിയിരുന്നു. ദ്വീപില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ പുതിയ മേഖലയുമായി പാമ്പുകള്‍ക്ക് ഇണങ്ങിച്ചേരേണ്ടിവന്നു. കാലങ്ങള്‍ പിന്നിട്ടതോടെ പാമ്പുകളുടെ എണ്ണം ഇരട്ടിയായി. അതങ്ങനെ ഇരട്ടിച്ചുകൊണ്ടേയിരുന്നു. പതിയെ ദ്വീപ് പൂര്‍ണമായും പാമ്പുകളുടെ വിഹാരകേന്ദ്രമായി മാറി.

Photo Credit: Youtube/Vice

പാമ്പ് ദ്വീപുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. വാഴപ്പഴം ശേഖരിക്കാനായി ദ്വീപിലേക്ക് പോയ മത്സ്യത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റതാണ് അതില്‍ ഒന്നാമത്തെ കഥ. കടിയേറ്റെങ്കിലും അയാള്‍ക്ക് താന്‍ സഞ്ചരിച്ച ബോട്ടിലേക്ക് തിരിച്ചെത്താനായി. പക്ഷേ, ജീവന്‍ തിരിച്ചുകിട്ടിയില്ല. തീരത്തടിഞ്ഞ ബോട്ടില്‍ മത്സ്യത്തൊഴിലാളിയുടെ ജഡത്തിനൊപ്പം രക്തവും തളം കെട്ടിക്കിടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജഡം പരിശോധിച്ചതില്‍നിന്ന് മാരകമായ വിഷമേറ്റാണ് അയാള്‍ മരണപ്പെട്ടതെന്ന് കണ്ടെത്തി. വിഷം കുന്തത്തലയന്‍ അണലി പാമ്പിന്റേതാണെന്നും അധികൃതര്‍ തിരിച്ചറിഞ്ഞു.

ദ്വീപിലെ ലൈറ്റ്ഹൗസിലുണ്ടായിരുന്ന അവസാനത്തെ ജീവനക്കാരനുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. ദ്വീപിലെ ലൈറ്റ് ഹൗസ് ഓപ്പറേറ്റര്‍ കുടുംബത്തോടൊപ്പമാണ് ദ്വീപില്‍ താമസിച്ചിരുന്നത്. ഒരു ദിവസം ജനലിലൂടെ എണ്ണാന്‍ സാധിക്കുന്നതിലുമധികം പാമ്പുകള്‍ വീടിനകത്തേക്ക് പ്രവേശിക്കുകയും ഓപ്പറേറ്ററെയും ഭാര്യയെയും മക്കളേയും ആക്രമിക്കുകയുമായിരുന്നത്രേ. വീട്ടില്‍നിന്ന് ഓടിയിറങ്ങി തീരത്ത് ബന്ധിച്ചിരുന്ന ബോട്ടില്‍ കെട്ടി രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ബോട്ടിനടുത്തേക്ക് ഓടിയടുത്ത കുടുംബത്തെ മരച്ചില്ലകളില്‍ ചുറ്റിയിരുന്ന പാമ്പുകള്‍ കടിക്കുകയും അവര്‍ മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ദ്വീപിലേക്ക് പിന്നീടാരും ലൈറ്റ്ഹൗസ് ഓപ്പറേറ്ററായി എത്തിയിട്ടില്ല.

ദ്വീപിലെ ലൈറ്റ് ഹൗസ്

ദ്വീപിലെ പാമ്പുകളുടെ എണ്ണത്തെകുറിച്ച് നിരവധി കഥകളും റിപ്പോര്‍ട്ടുകളുമുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും അഞ്ച് പാമ്പെങ്കിലും ഉണ്ടാവുമെന്നത് പ്രദേശവാസികളുടെ അതിശയോക്തിയാണെന്നാണ് ഇരുപതിലധികം തവണ പാമ്പ് ദ്വീപ് സന്ദര്‍ശിച്ചിട്ടുള്ള ജീവശാസ്ത്രജ്ഞനായ മാര്‍സെലോ ഡുവാര്‍ട്ടെ പറയുന്നത്. ഓരോ ചതുരശ്ര മീറ്ററിലും ഒരു പക്ഷേ, ഒന്നോ-രണ്ടോ പാമ്പുകള്‍ ഉണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ തന്നെയും പാമ്പുകടിയേല്‍ക്കാനും മരണപ്പെടാനുമുളള സാധ്യത രണ്ടോ മൂന്നോ ചുവടുകള്‍ക്കപ്പുറമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാംസം പോലും അലിയും, കുന്തത്തലയന്‍ സ്വര്‍ണ അണലിയുടെ സ്വന്തം'രാജ്യം'

ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള പാമ്പുകളിലൊന്നായ കുന്തത്തലയന്‍ സ്വര്‍ണ അണലി പാമ്പിന്റെ (golden lancehead) വിഹാരകേന്ദ്രമാണ് ഈ ദ്വീപ്. സാധാരണ വിഷപാമ്പുകളുടെ വിഷത്തേക്കാള്‍ ആറ് മടങ്ങെങ്കിലും കൂടുതല്‍ തീവ്രതയാണ് ഈ പാമ്പുകളുടെ വിഷത്തിനുളളത്. ഇവയുടെ കടിയേറ്റ ഭാഗത്തെ മാംസം അലിഞ്ഞുപോകുമെന്നാണ് പറയപ്പെടുന്നത്. ബ്രസീലിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയേക്കാള്‍ പതിന്മടങ്ങാണ് ദ്വീപിലെ പാമ്പുകളുടെ എണ്ണം. ബ്രസീലിലെ പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 90 ശതമാനവും കുന്തത്തലയന്‍ അണലി കാരണമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

പക്ഷികളാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. ദ്വീപിലുള്ള പക്ഷികളെ സാധാരണയായി ഇവ പിടികൂടാറില്ലെങ്കിലും പുറമേനിന്ന് ഇവിടേക്കെത്തുന്ന ദേശാടനപക്ഷികളെ ഇവ ഇരകളാക്കും. പാമ്പിന്‍ വിഷമേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷികള്‍ ചാവും. ഇവയെ പാമ്പുകള്‍ ഭക്ഷണമാക്കുകയും ചെയ്യും. ദ്വീപിലെ മരത്തിന് മുകളിലെല്ലാം അണലിയുടെ സാന്നിധ്യമുണ്ട്.കുന്തത്തലയന്‍ അണലിയുടെ കടിയേറ്റ ഒരാള്‍ പോലും ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല. കടിയേറ്റ് മിനുട്ടുകള്‍ക്കുള്ളില്‍ വിഷം മനുഷ്യനെ കീഴ്‌പ്പെടുത്തും, മരണം ആലിംഗനം ചെയ്യും.

കുന്തത്തലയന്‍ സ്വര്‍ണ അണലി

പാമ്പ് ദ്വീപിലേക്ക് പ്രവേശനം സാധ്യമോ?

സാവോപോളോ നഗരത്തില്‍നിന്ന് 33 കിലോ മീറ്റര്‍ ദൂരമേ ഈ ദ്വീപിലേക്കുള്ളൂ. വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവേഷകര്‍ക്കും നാവികസേനയ്ക്കും ദ്വീപില്‍ പ്രവേശിക്കാം. ദ്വീപില്‍ മനുഷ്യവാസമുണ്ടായിരുന്ന കാലത്ത് നിര്‍മിച്ച ലൈറ്റ് ഹൗസിന്റെ അറ്റകുറ്റ പണികള്‍ക്കായാണ് ബ്രസീലിലെ നാവികസേനാ ഉദ്യോഗസ്ഥര്‍ ദ്വീപിലെത്തുന്നത്. 1920 മുതല്‍ ഈ ലൈറ്റ് ഹൗസും ഓട്ടോമേറ്റഡ് ആയി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മാത്രമാണ് നാവികസേന ദ്വീപില്‍ കാലുകുത്തുന്നത്.

ഇവരെ കൂടാതെ ബ്രസീലിയന്‍ ഫെഡറല്‍ കണ്‍സര്‍വേഷന്‍ യൂണിറ്റായ ചിക്കോ മെന്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷനിലെ ഗവേഷകരും ദ്വീപിലെത്താറുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കായി പ്രയോഗിക്കുന്ന പ്രതിവിഷവുമായാണ് ഇവര്‍ ഈ ദ്വീപില്‍ പ്രവേശിക്കുന്നത്. ബ്രസീലിയന്‍ നാവികസേനയുടെ സഹകരണമില്ലാതെ ആര്‍ക്കും ഇവിടെ കാലുകുത്താനാവില്ല. ബ്രസീല്‍ സര്‍ക്കാരിന്റേയും നാവികസേനയുടേയും പ്രത്യേക അനുവാദം വാങ്ങിയാലും ഒരു ഡോക്ടര്‍ക്കൊപ്പമല്ലാതെ ആര്‍ക്കും നിയമപരമായി ദ്വീപില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.

'പല രാജ്യങ്ങളില്‍ പാമ്പ് ഗവേഷണത്തിനായി പോയിട്ടുണ്ട്. പല സ്ഥലങ്ങളിലും പാമ്പുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, പാമ്പ് ദ്വീപില്‍ അതല്ല സ്ഥിതി. ഒരോ മൂന്ന് മിനുട്ടിലുമെന്നോണം പാമ്പുകളെ നേരിടേണ്ടി വരും. ഒന്നോ അതിലധികമോ പാമ്പുകള്‍ ഞങ്ങള്‍ക്ക് ചുറ്റുമുണ്ടാകും. മതിയായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഞങ്ങള്‍ ഗവേഷണത്തിനായി പോവുന്നത്. അതുകൊണ്ടു മാത്രമാണ് ആപത്തൊന്നും കൂടാതെ തിരിച്ചുവരാനും കഴിയുന്നത്' ഗവേഷക കരിന റോഡ്രിഗസ്പാമ്പ് ദ്വീപിലെ അനുഭവത്തെ കുറിച്ച് പറഞ്ഞു. പാമ്പുകളെ പിടികൂടി അവയുടെ അളവും ഭാരവുമടക്കം ശേഖരിച്ച് മൈക്രോ ചിപ്പ് ഘടിപ്പിച്ച് തിരിച്ചയക്കുകയാണ് ഈ ഗവേഷകര്‍ ചെയ്യുന്നത്. പാമ്പുകളുടെ പ്രജനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രാക്ക് ചെയ്യാനാണ് ചിപ്പ് ഘടിപ്പിക്കുന്നത്. പാമ്പുകളുടെ ദ്വീപാണെങ്കിലും കുന്തത്തലയന്‍ പാമ്പുകള്‍ വംശനാശ ഭീഷണിയിലാണെന്നും കരിന അഭിപ്രായപ്പെട്ടു. പാമ്പുകളുടെ എണ്ണം ആയിരത്തിലധികം കുറഞ്ഞുവെന്നാണ് കരിന പറഞ്ഞത്.

പാമ്പ് ദ്വീപ് | Photo: Yotube/Vice

വംശനാശ ഭീഷണി നേരിട്ട് മറ്റ് ജീവികള്‍

പാമ്പുകളുടെ ദ്വീപ് മറ്റ് ജീവിവര്‍ഗങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാമ്പുകള്‍ ഭക്ഷണത്തിനു വേണ്ടി ചെറുജീവികളേയും പക്ഷികളേയും പിടിക്കുന്നത് ഇവയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്നുണ്ട്. 41 തരം പക്ഷികളാണ് ഈ ദ്വീപിലുള്ളത്. ഇവയില്‍ രണ്ട് തരം പക്ഷികളെ കുന്തത്തലയന്‍ അണലികള്‍ സ്ഥിരമായി വേട്ടയാടുന്നു.

ദ്വീപില്‍ ഏകദേശം 2000-4000 കുന്തത്തലയന്‍ അണലികള്‍ ഉണ്ടെന്നായിരുന്നു കണക്കുകള്‍. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഡിസ്‌കവറി ഡോക്യുമെന്ററില്‍ ഇവയുടെ എണ്ണം കുറഞ്ഞതായി പറയുന്നു. ഈ പാമ്പുകള്‍ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന പക്ഷികളുടെയും മറ്റും എണ്ണം കുറഞ്ഞത് പാമ്പുകളുടെ നിലനില്‍പ്പിനെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഐ.യു.സി.എന്‍.(ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ) പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയില്‍ ഈ പാമ്പുകളും ഇടംപിടിച്ചിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് ബ്രസീല്‍ തയ്യാറാക്കിയ പട്ടികയിലും ഈ പാമ്പുകള്‍ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം, വേട്ടയാടലിന്റെ വലിയ ഭീഷണി കുന്തത്തലയന്‍ സ്വര്‍ണ അണലിക്കെതിരേ നിലനില്‍ക്കുന്നുണ്ട്. കുന്തത്തലയന്‍ സ്വര്‍ണ അണലിക്ക് കരിഞ്ചന്തയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. അതിനാൽത്തന്നെ പാമ്പുകടത്തുകാര്‍ അനധികൃതമായി ദ്വീപിലേക്ക് അതിക്രമിച്ചുകയറാറുണ്ട്. ഇത് നിരീക്ഷിക്കാനായി നാവികസേന ദ്വീപിലെമ്പാടും ക്യാമറകള്‍ സ്ഥാപിച്ചു. കരിഞ്ചന്തയില്‍ ഒരു പാമ്പിന് 30,000 ഡോളര്‍ വരെയാണ് വില ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാമ്പുകടത്ത് ജാമ്യമില്ലാത്ത കുറ്റമാണ്. വിഷമുള്ള പാമ്പുകള്‍ മാത്രമല്ല ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ ദ്വീപിലുള്ളത്. വിഷമില്ലാത്ത പാമ്പുകളായ Dipsas albifrosn വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടേയും കൂടി സ്വന്തം ആവാസസ്ഥലമാണ് ഈ ദ്വീപ്.

ലോകം ചുറ്റുന്ന സാഹസിക സഞ്ചാരികള്‍ പാമ്പ് ദ്വീപിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കാറുണ്ടെങ്കില്‍ ഒട്ടു മിക്ക കേസുകളിലും ബ്രസീല്‍ അവര്‍ക്ക് അനുവാദം നല്‍കാറില്ല. ദ്വീപിലേക്ക് പോയവരെല്ലാം ഒന്നടങ്കം പറയുന്നത് പാമ്പ് ദ്വീപിലേക്ക് വരാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ്. താഴേയും മുകളിലും ചുറ്റിലുമെല്ലാം പാമ്പ് പതിയിരിക്കുന്ന ഇടം മരണദ്വീപ് ആണെന്നുകൂടി അവര്‍ പറഞ്ഞുവെക്കുന്നു.

Content Highlights: Ilha de Queimada Grande, the snake island in brazil Has the Highest Concentration of Venomous Snakes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented