ആർക്കും വേണ്ടാത്ത വൻമരങ്ങൾ...! കൂടുന്ന ചൂടും വറ്റുന്ന കിണറും ആരും കാണുന്നില്ലേ?


എഴുത്തും ചിത്രങ്ങളും പ്രഭു.പി.എംനക്ഷത്ര ആമ

പ്രകൃതിനിയമങ്ങള്‍ ആത്യന്തികമാണെന്ന്‌ ഒരിക്കല്‍ കൂടി വായിച്ചെടുക്കേണ്ട കാലമാണിത്. പരിണാമശ്രേണിയില്‍ ഏകദേശം മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജന്മംകൊണ്ട ആധുനിക മനുഷ്യന് കാട് ഏറെക്കുറെ അന്യമായിക്കഴിഞ്ഞു. മൃഗങ്ങള്‍ അതിലേറെയും. കൊല്ലുന്നത് നിലനില്‍പ്പിനും വിശപ്പടക്കാനും മാത്രമായ കാലത്ത് നിയമങ്ങള്‍ പ്രകൃതി തന്നെ ചിട്ടപ്പെടുത്തിവെച്ചിരുന്നു. ജീവന്‍ അതിനനുസരിച്ച് വന്നും രൂപാന്തരപ്പെട്ടും നിലച്ചും അതിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ജനനത്തിന്റെ ആത്യന്തികലക്ഷ്യം ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുക എന്നത് മാത്രമായിരുന്നു. എന്നാല്‍, ലക്ഷ്യം അതിനപ്പുറത്തേക്ക് വിശാലമായി വിഭാവനം ചെയ്യാനും കൊണ്ടുപോകാനും മനുഷ്യര്‍ക്ക് സാധ്യമായി. മനുഷ്യജീവന് പ്രകൃതി എന്ത് ഉദ്ദേശമാണ് കല്‍പ്പിച്ചു നല്‍കിയതെന്നത് ഒരു സമസ്യയാണ്.

'തീ'യുടെ കണ്ടെത്തലാണ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഭക്ഷണത്തിനായി നായാടി അലഞ്ഞിരുന്ന മനുഷ്യന്‍ കാര്‍ഷികവൃത്തിയുടെ ആരംഭത്തോടെ കാടുകളില്‍ പലയിടത്തായി തമ്പടിച്ചു. ചുറ്റുപാടുകളെ സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ആരംഭിച്ചു. സ്ഥായിയായ നിലനില്പായിരുന്നു അടുത്തലക്ഷ്യം. ക്രമേണ കൃഷി ചെയ്യാനും ധാന്യങ്ങള്‍ ശേഖരിച്ചുവെക്കാനും ആരംഭിച്ചു. ജീവന്റെ നിലനില്‍പ്പിനും, ഭക്ഷണത്തിനും വേണ്ടി മൃഗങ്ങളോട് മല്ലിട്ടിരുന്ന മനുഷ്യന്‍, അന്നുവരെ പങ്കിട്ട് ജീവിച്ച സ്വഭാവം വെടിഞ്ഞു. കാര്‍ഷികവിളകളുടെ സംരക്ഷണത്തിനുവേണ്ടിയുളള മുന്‍കരുതലുകള്‍ക്കും അനാവശ്യ നായാട്ടുകള്‍ക്കും മുതിര്‍ന്നു. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് അത് തടസ്സം സൃഷ്ടിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുളള അനാവശ്യസംഘര്‍ഷങ്ങള്‍ക്ക് അത് തുടക്കം കുറിച്ചു. ചിന്തിക്കാന്‍ ശേഷിയുളള ' ആധുനിക മനുഷ്യന്റെ' പിറവിയായിരുന്നു അത്.കാലാവസ്ഥകളുടെ തീക്ഷ്ണതയും അനേക വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായ മാറ്റങ്ങള്‍ കാടുകളെ ചുരുക്കി. നാഗരികതയുടെ വികാസവും വ്യാപകമായ കൃഷിയും കാടുകളെ മലകളോടു മാത്രമെന്ന രീതിയില്‍ ചേര്‍ത്തുനിര്‍ത്തി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വനങ്ങളെ 'ഉപയോഗശൂന്യമായ ഇട'മായി വിലയിരുത്തിക്കൊണ്ട് കൃഷി അനുവദിച്ചുവന്നിരുന്നു. കാട്ടില്‍നിന്നു സര്‍ക്കാരിന് വരുമാനമൊന്നും ലഭിക്കുന്നില്ലല്ലോ! അന്നെല്ലാം കൂടുതലും ഏലക്കൃഷിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍, 1798-ല്‍ കാപ്പിത്തോട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും 50 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സ്ഥിരത കൈവരുന്നത്.

ആനമുടി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയും വനപ്രദേശങ്ങളായിരുന്നു. 1865-ലെ ഇന്ത്യന്‍ വനനിയമം സമൃദ്ധമായ വനങ്ങളുടെ മേല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി രൂപം കൊടുത്ത ഒന്നായിരുന്നു. പശ്ചിമഘട്ടവനങ്ങളില്‍ നിന്ന് വന്‍മരങ്ങള്‍ പുഴകളിലൂടെ ഒഴുക്കി കടലില്‍ എത്തിച്ചു കപ്പല്‍ കയറ്റി. ചുരുളി മരങ്ങള്‍, നാഗകേസരം(Iron Wood Tree) എന്നിവ ഇന്ത്യയിലുടനീളം പണിതുവന്നിരുന്ന റെയില്‍വേ പാളങ്ങള്‍ക്ക് സ്ലീപ്പറായി വന്‍തോതില്‍ ഉപയോഗിച്ച് തുടങ്ങി. പശ്ചിമഘട്ടത്തിലെ വനനിരകളില്‍നിന്ന്‌ ഈ വൃക്ഷം ഏറെക്കുറെ അപ്രത്യക്ഷമാകുന്ന അവസ്ഥ വന്നു. നിലമ്പൂരില്‍നിന്നും പറമ്പിക്കുളം ഉള്‍ക്കാടുകളില്‍നിന്നും ഒന്നാന്തരം തേക്ക് തടികള്‍ തുടര്‍ച്ചയായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. പറമ്പിക്കുളം മുതല്‍ ചാലക്കുടി പുഴ വരെ നിര്‍മ്മിച്ച ഫോറെസ്റ്റ് ട്രാം വേയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 1940-ല്‍ TRAMWAY RULES വരെ രൂപീകൃതമായി.

പറമ്പിക്കുളം മുതല്‍ ചാലക്കുടി പുഴ വരെ നിര്‍മ്മിച്ച ഫോറെസ്റ്റ് ട്രാം വേ

1865-ലെ 'WASTE LAND RULES' തിരുവിതാംകൂറിലുള്ള കാപ്പി തോട്ടം മേഖലയുടെ പരിപോഷണത്തിന് വഴിതെളിച്ചു. എന്നിരുന്നാലും വിശാലമായ മലഞ്ചെരുവുകള്‍ കൈവശം വെച്ചിരുന്ന മലബാറിലുളള ജന്മിമാര്‍ ഭൂമി കൃഷിക്ക് വിട്ടുനല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബ്രിട്ടീഷ് കമ്മിഷണര്‍ വയനാട്ടിലെ പല സ്വകാര്യവനങ്ങളും ജന്മിമാരില്‍നിന്നു പിടിച്ചെടുത്തു. ഏലവും കുരുമുളകും കൃഷിയിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മൺറോ സായിപ്പിന്റെ മൂന്നാര്‍ സന്ദര്‍ശനത്തോടെയാണ് മൂന്നാര്‍ മലനിരകളില്‍ ഏലം ഉള്‍പ്പടെയുളള നാണ്യവിളകളുടെ കൃഷി ആരംഭിക്കുന്നത്. 1879-ല്‍ അദ്ദേഹം North Travancore Land Planting & Agricultural society-ക്ക് രൂപം നല്‍കി. പൂഞ്ഞാര്‍ രാജാവില്‍നിന്നു തോട്ടങ്ങള്‍ക്കായി മലനിരകള്‍ പാട്ടത്തിനു ലഭ്യമാക്കി. മൂന്നാറില്‍ തേയില തോട്ടങ്ങള്‍ക്ക് ജന്മം നല്‍കിയത് എ.എച്ച്. ഷാര്‍പ് എന്ന ബ്രിട്ടീഷുകാരനായിരുന്നു.

ക്രമേണ മൂന്നാറില്‍ തേയിലയും, ഏലവും ഒരുപോലെ വ്യാപകമായി, കയ്യേറ്റങ്ങളും. 1920 മുതല്‍ 1940 വരെയുള്ള കാലയളവില്‍ ഏലക്കാടുകളുടെ രജിസ്ട്രേഷനും തുടര്‍ന്നുള്ള കയ്യേറ്റങ്ങളും, നിയന്ത്രണവിധേയമായും അല്ലാതെയും തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടാം ലോക മഹായുദ്ധം ബര്‍മയില്‍നിന്നുള്ള അരി കയറ്റുമതിയെ (പ്രത്യേകിച്ച് ഇന്ത്യയിലേക്ക്) സാരമായി ബാധിച്ചു. കൂടാതെ 1940-കളില്‍ ബംഗാളില്‍ ഉണ്ടായ കൊടിയക്ഷാമത്തില്‍നിന്നു കരകയറാനായി ഇന്ത്യയില്‍ ഉടനീളം പരമാവധി കാര്‍ഷികവിളകള്‍ അതത് സ്ഥലങ്ങളില്‍ പരമാവധി ഉത്പാദിപ്പിക്കാന്‍ [Grow More Food Campaign] ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ഈ ആശയത്തിന്റെ മറ പറ്റി വനം കയ്യേറ്റങ്ങള്‍ ശക്തമായി.

കാലക്രമേണ സര്‍ക്കാര്‍ ഏലക്കാടുകളുടെ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയും ഭൂമി കുത്തക പാട്ട വ്യവസ്ഥയില്‍ 12 വര്‍ഷം വരെ കാലയളവില്‍ കര്‍ഷകര്‍ക്ക് നല്‍കിത്തുടങ്ങി. 1961-ല്‍ അത് 20 വര്‍ഷത്തേക്ക് പുതുക്കി നല്‍കിക്കൊണ്ട് ഉത്തരവായി. 1974-ല്‍ ഇടുക്കിയിലെ പാട്ടസമ്പ്രദായം സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കി. പാട്ടക്കാലാവധി കഴിഞ്ഞ ഏലമലകള്‍ സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് തിരിച്ചുപിടിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുമുള്ള വിഫലശ്രമങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. കുത്തക പാട്ടത്തിനു നല്‍കിയ കൃഷിഭൂമി തിരിച്ചു പിടിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ 1975-ല്‍ വന്ന കമ്മിറ്റി സര്‍ക്കാരിന് നല്‍കിയത് രസകരമായ റിപ്പോര്‍ട്ടായിരുന്നു. പാട്ടഭൂമി തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല, അടുത്ത 45 വര്‍ഷത്തേക്ക് കൂടി പുതുക്കാനും അന്ന് വരെയുണ്ടായ വനം കയ്യേറ്റങ്ങള്‍ സാധൂകരിച്ചു നല്‍കാനും ശുപാര്‍ശ ചെയ്യുകയായിരുന്നു ഉന്നത സംഘം ചെയ്തത്. നിലവില്‍ 1.1.1977 വരെയുള്ള വനം കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കി.

1963-ലെ 'ഭൂപരിഷ്‌കരണ നിയമം' സ്വകാര്യ വനങ്ങളെയും, തോട്ടങ്ങളെയും കര്‍ഷകര്‍ക്കും കാര്‍ഷിക വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ആവിഷ്‌കരിച്ചപ്പോള്‍ നിബിഡമായ കാടിനോട് ചേര്‍ന്ന സ്വകാര്യവനങ്ങളുടെ, അവയിലെ വന്യജീവനുകളുടെ പ്രസക്തി കണക്കിലെടുത്തില്ല എന്നുവേണം കരുതാന്‍. മലഞ്ചെരുവിലെ സ്വകാര്യവനങ്ങള്‍ ഗ്രാമങ്ങളിലേക്കുളള വന്യമൃഗങ്ങളുടെ വിഹാരം ഒരളവ് വരെ ശമിപ്പിച്ചിരുന്നു. കാപ്പിയും തേയിലയും നിറഞ്ഞ തോട്ടങ്ങള്‍ക്കിടയില്‍ ചെറുവനങ്ങളായി കിടന്നിരുന്ന ഭൂമികളായിരുന്നു ഇവയെല്ലാം.

1971-ല്‍ പാസ്സാക്കിയ കണ്ണന്‍ ദേവന്‍ ആക്ട് [KANNAN DEVAN ACT 1971] ലൂടെ വ്യാഴവട്ടങ്ങളായി പാട്ടക്കരാറില്‍ നിലനിന്നിരുന്ന മൂന്നാര്‍-മാങ്കുളം മലനിരകളെ സര്‍ക്കാര്‍ ഏറ്റെടുത്തു. മാങ്കുളം കാടുകളും, ഇന്നത്തെ ഇരവികുളം ദേശീയോദ്യാനവുമെല്ലാം അതില്‍ ഉള്‍പ്പെടും. ആനമുടിയും ചുറ്റുപാടുമുള്ള വിശാലമായ പുല്‍മേടുകളും ഒരിക്കല്‍ ബ്രിട്ടീഷുകാരുടെ നായാട്ട് വിനോദങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച 'Hunting reserve'കള്‍ ആയിരുന്നു. 1978-ല്‍ ഇരവികുളം ദേശീയോദ്യാനം രൂപീകൃതമായാതോടെ സ്വര്‍ഗ്ഗസമാനമായ ചോലക്കാടുകള്‍ക്കും, പുല്‍മേടുകള്‍ക്കും സംരക്ഷണത്തിന്റെ ഇരുമ്പുകവചം സ്വായത്തമായി.

സര്‍ക്കാര്‍ കയ്യേറ്റഭൂമികളിലെ ഏലത്തോട്ടങ്ങള്‍ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ ഭദ്രമാക്കി. തുടര്‍ന്നുകണ്ടത് ഇലവ്, മട്ടി, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ തോട്ടങ്ങളുടെ ജനനമായിരുന്നു. 'ഗ്വാളിയോര്‍ റയോണ്‍സ്', 'ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റെഡ് (HNL) എന്നീ കമ്പനിക്ക് വേണ്ടി കമ്പനികളുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. തേക്ക് തോട്ടങ്ങളുടെ പിന്‍ഗാമികളായി ഏകവിള കൃഷിത്തോട്ടങ്ങള്‍ {MONOCULTURE PLANTATIONS} വനപ്രദേശങ്ങള്‍ കയ്യടക്കി. സ്വാതന്ത്ര്യാനന്തരം മൂന്നുഭാഗങ്ങളായി (തിരുവിതാംകൂര്‍- കൊച്ചി- മലബാര്‍) കിടന്ന കേരളത്തെ 1956-ല്‍ ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിച്ചതിന് ശേഷമാണ് കേരളത്തിന് ഒന്നാകെ ബാധകമായ ആദ്യനിയമം എന്ന രീതിയില്‍ 1961-ലെ കേരള വനനിയമം വരുന്നത്. അന്നോളം നിലവില്‍ ഉണ്ടായിരുന്ന 1951-ലെ തിരുവിതാംകൂര്‍ - കൊച്ചി വന നിയമവും 1882-ലെ മദ്രാസ് വന നിയമവും 1873-ലെ കാട്ടാന സംരക്ഷ നിയമവും റദ്ദ് ചെയ്യപ്പെട്ടു. കേരളത്തിലെ വനങ്ങളും വനവിഭവങ്ങളും സംരക്ഷിക്കപ്പെടുന്നത് ശക്തമായ കേരള വന നിയമം ഉളളതിനാലാണ് എന്ന് നിസ്സംശയം പറയാം. വനങ്ങള്‍ക്കുള്ളില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കയറുക, കൃഷി ചെയ്യുക തുടങ്ങി തടിയുള്‍പ്പടെ എന്തുനീക്കം ചെയ്താലും നശിപ്പിച്ചാലും നിയമപ്രകാരം നടപടികള്‍ നേരിടേണ്ടി വരും.

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സംരക്ഷണ നിയമം 1887-ല്‍ പാസാക്കിയ കാട്ടുപക്ഷികളുടെ സംരക്ഷണ നിയമമാണ്. ആനകളുടെ വേട്ടയാടലിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി 1879-ല്‍ ആന പരിപാലന നിയമത്തിന് രൂപംകൊടുത്തു. ഈ നിയമത്തില്‍ ആനകളെ വേട്ടയാടുന്നതിന് ലൈസന്‍സ് നല്‍കാനും വ്യവസ്ഥ ചെയ്തിരുന്നു. 1912-ല്‍ രൂപം കൊടുത്ത കാട്ടുപക്ഷി-മൃഗ സംരക്ഷണനിയമം ആനകളേയും വലിയ മാംസഭുക്കുകളെയും നിയമത്തിന്റെ പരിധിയില്‍നിന്ന് സൗകര്യാര്‍ഥം അകറ്റി നിര്‍ത്തിയിരിക്കുന്നു. 1952-ല്‍ വന്ന ഭേദഗതിയോടെ ഈ നിയമത്തിലൂടെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും രൂപീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരം കൈവന്നു. എന്നാല്‍, സംരക്ഷിത മേഖലയ്ക്ക് പുറത്തു നായാട്ട് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. അനിയന്ത്രിതമായ ആ കൂട്ടക്കുരുതിയില്‍ വേരറ്റുപോയ ചില വന്യജീവി വിഭാഗങ്ങളുണ്ട്.

അവസാന നൂറ്റാണ്ടിന്റെ പകുതിവരെ ഇസ്രയേല്‍ മുതല്‍ ഇറാന്‍ വഴി അഫ്ഗാനിസ്ഥാനും പാക്കിസ്താനും കടന്ന് വടക്കേ ഇന്ത്യ മുതല്‍ ഇങ്ങു താഴെ തിരുനല്‍വേലിവരെയും വാണിരുന്ന വേഗരാജാവായിരുന്നു ഏഷ്യന്‍ ചീറ്റകള്‍. 1947-ല്‍ സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ്ണ പതാക വാനോളം ഉയര്‍ന്നതോടൊപ്പം അതേവര്‍ഷം ഇന്ത്യയിലെ അവസാന മൂന്ന് ഏഷ്യന്‍ചീറ്റകളെയും *സുര്‍ഗുജ നാട്ടു രാജാവായ രാമാനുജ പ്രതാപ് സിങ് ഡിയോ വെടിവെച്ചിടുമ്പോള്‍ ആരുമറിഞ്ഞില്ല, ഒരിക്കല്‍ മുഗള്‍ കൊട്ടാരക്കെട്ടുകളില്‍ സുലഭമായി ഇണക്കി വളര്‍ത്തിയിരുന്ന ഈ ''നായാട്ടു പുലികള്‍'' ഇനി ഇന്ത്യന്‍ വനങ്ങളില്‍ ഒന്നുപോലും അവശേഷിക്കുന്നില്ലായെന്ന സത്യം. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യന്‍ വന്യജീവിചരിത്രത്തില്‍ രേഖപ്പെടുത്തിയ ''വന്യവിഡ്ഢിത്വം''. ഇറാനില്‍ മാത്രം അവശേഷിക്കുന്ന ഏതാനും ഏഷ്യന്‍ ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുളള, പ്രായശ്ചിത്തമെന്നോണം മുറിഞ്ഞ ജീവന്റെ കണ്ണികള്‍ക്ക് ഇഹലോകവാസത്തുടര്‍ച്ച നല്‍കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഒടുവില്‍ ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയുടെ ആവാസവ്യവസ്ഥയില്‍ പരീക്ഷിക്കാനാണ് കേന്ദ്രം തീരുമാനമെടുത്തത്. നമീബിയയില്‍നിന്ന് മധ്യപ്രദേശത്തിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് വന്നിറങ്ങിയ ചീറ്റകള്‍ക്ക് രാജ്യം നല്‍കിയ സ്വീകരണവും നാം കണ്ടു.

കുനോ ദേശീയ ഉദ്യാനത്തിലേക്ക് വന്നിറങ്ങിയ ചീറ്റ(Photo:PTI)

'ഞാനാരായാലും ഇവിടെ ഉണ്ടെന്നുള്ളത്, ഇനിയുമിവിടെ തുടരേണ്ടത് എന്റെ ജന്മാവകാശമാണ്' എന്ന സത്യമാണ് നാം മറന്നുപോയത്. നിയമങ്ങള്‍ പലതും അതിന്റെ ആഴങ്ങള്‍ മനസ്സിലാക്കാതെ അതിന്റെ പഴുതുകളിലൂടെ ചോരുന്ന ജൈവ വൈവിധ്യം പരിഗണിക്കാതെ രൂപപ്പെട്ടിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമവും തുടര്‍ന്ന് അതില്‍ വന്ന ഭേദഗതികളും വന്യജീവി വൈവിധ്യത്തിന്റെ ശോഷണം തടയാന്‍ ഉതകുന്ന വന്മതിലായിരുന്നു. വന്യജീവികളുടെ പ്രാധാന്യമനുസരിച്ച് അവയെ അഞ്ചു ഷെഡ്യൂളുകളായി തരംതിരിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് തോതനുസരിച്ച് ജാമ്യം ലഭിക്കാത്ത ഗണത്തില്‍ ഉളളവയും മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നവയുമായി രൂപീകരിച്ചു.

ഏറെ സംരക്ഷണം അര്‍ഹിക്കുന്ന അപൂര്‍വമായി മാറിക്കൊണ്ടിരിക്കുന്ന വന്യജീവികളെ ഷെഡ്യൂള്‍ I-ലും സെപ്ഷ്യല്‍ എന്ന് വിശേഷിപ്പിക്കുന്നവയെ ഷെഡ്യൂള്‍ II-ലും ബിഗ് ഗെയിം എന്ന് പേരിട്ടവയെ ഷെഡ്യൂള്‍ III-ലും സ്മാള്‍ ഗെയിം എന്ന് പേരിട്ടവയെ ഷെഡ്യൂള്‍ IV-ലും ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഷെഡ്യൂള്‍ I-ല്‍ ഉള്‍പ്പെടുത്തിയ ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി തുടങ്ങിയ മൃഗങ്ങളെ നായാട്ടില്‍നിന്നു പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ ഷെഡ്യൂള്‍ II, III, IV എന്നിവയില്‍ ഉള്‍പ്പെട്ട വന്യജീവികളെ നായാട്ടു നടത്തുന്നതിന് നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു.1991-ല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയോടെ നായാട്ടു പൂര്‍ണ്ണമായും നിരോധിക്കുകയും വന്യജീവികളുടെ ഗെയിം സ്റ്റാറ്റസ് എടുത്തു കളയുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ 10 തവണ ഷെഡ്യൂളുകളില്‍ ഭേദഗതി വരുത്തി. രണ്ടിലും മൂന്നിലും നാലിലും ഒക്കെയുള്ള പല മൃഗങ്ങളെയും കാലാന്തരത്തില്‍ അതിനു കൈവന്ന പ്രാധാന്യം അനുസരിച്ച് ഒന്നാമത്തെ ഷെഡ്യൂളിലേക്ക് പുനഃപ്രതിഷ്ഠിച്ചു. വനനിയമങ്ങള്‍ ശക്തമായിരിക്കുമ്പോള്‍ തന്നെ വനപാലകരുടെ ശ്രദ്ധയെത്താത്ത, കാടിനോട് ചേര്‍ന്ന ഉള്‍പ്രദേശങ്ങളില്‍ പ്രത്യേകിച്ചും വനം കൈയേറി വനപട്ടയം [Forest land assigned patta land]കരസ്ഥമാക്കി കൃഷിയിറക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും നായാട്ട് തുടരുന്നതായി കാണാം. അതില്‍ പ്രധാനം കാട്ടുപന്നിയാണ്. കൂരമാന്‍, ഉടുമ്പ്, കരിങ്കുരങ്ങ്, മലമ്പാമ്പ്, മുള്ളന്‍ പന്നി, കരടി എന്നിവയും ഇരകളാവാറുണ്ട്.

കൂരമാനും കരിങ്കുരങ്ങും മലമ്പാമ്പുമെല്ലാം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതും ഇവയെ കൊല്ലുന്നതും മാംസം ഭക്ഷിക്കുന്നതും 7 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. എഴുപതുകളുടെ അവസാനം വരെയുളള വനംകയ്യേറ്റങ്ങള്‍ കര്‍ഷകര്‍ക്ക് സ്ഥിരപ്പെടുത്തി നല്‍കിയതോടെ അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം സമീപമുളള കാട്ടില്‍ നിന്നറങ്ങി വരുന്ന വന്യമൃഗങ്ങളുമായുളള സംഘര്‍ഷം ഏറി. അതിന്റെ കാരണങ്ങള്‍ നിരവധിയാണ്. കാടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍ വനത്തോട് അരികുപറ്റിക്കിടക്കുന്ന കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തവകാശമാണ് മൃഗങ്ങള്‍ക്കുളളതെന്ന ചിന്തയോടെ കര്‍ഷകര്‍ പ്രതികരിച്ചു തുടങ്ങി.

ഒരു വര്‍ഷത്തെ അല്ലെങ്കില്‍ അനേകം വര്‍ഷങ്ങളുടെ അധ്വാനവും സമ്പാദ്യവും ഒരു രാത്രികൊണ്ട് വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തില്‍ നാമാവശേഷമാകുന്നത് ഒരു വശത്ത്. മുറിഞ്ഞു പോയ കാടിന്റെ തുടര്‍ച്ച തേടി ഭക്ഷണവും വെള്ളവും തേടി വരുന്ന ആനയും മ്ലാവും കാട്ടുപോത്തും എളുപ്പത്തില്‍ തരപ്പെട്ട ഭക്ഷണം ആവോളം ആസ്വദിച്ചത് കുറ്റപ്പെടുത്തുന്നത് എങ്ങനെ എന്ന ചിന്ത മറുവശത്ത്. ഇതിനിടയില്‍ അതിര്‍ത്തികളില്‍ ആഴത്തില്‍ കുഴിച്ച കിടങ്ങുകളും, വൈദ്യുതി വേലികളും ഇരുമ്പ് വേലികളും കൊണ്ട് സംഘര്‍ഷം തടയാനുള്ള വനം വകുപ്പ് ശ്രമങ്ങള്‍ തുടരുന്നു.

തേക്കടി

മനുഷ്യകേന്ദ്രീകൃത ചിന്തകളില്‍ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്‍പ്പിന് ഈ ഒരു തുണ്ട് ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയില്‍ മൃഗങ്ങള്‍ ചെയ്ത പാതകമെന്താണെന്ന് തുടരെ ചിന്തിക്കേണ്ട സമയമാണ് ഇത്. ഇടുക്കിയിലെ മൂന്നാറിന് അടുത്ത് ആനയിറങ്കല്‍ എന്നൊരു സ്ഥലമുണ്ട്. ഇടമുറിഞ്ഞു പോയ ആനത്താരയിലൂടെ സ്ഥിരമായി ആനക്കൂട്ടങ്ങള്‍ വന്ന് മുറിച്ചുകടക്കുന്ന ഇടമാണ് പൊന്മുടി റിസര്‍വോയറിന് ചേര്‍ന്ന് കിടക്കുന്ന ആനയിറങ്കല്‍. മനുഷ്യവാസം ഒരിക്കലും അനുവദിക്കരുതാത്ത ഇടം. അവിടെ ഇന്ന് സമൃദ്ധമായ ഏലത്തോട്ടങ്ങളും ഇടമുറിച്ച് പാതയുമുണ്ട്.

ഭൂരഹിതരായ ജനങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുകയും ചെയ്തു. തികച്ചും ഒരു ജനവാസകേന്ദ്രം.അവിടെയുണ്ടാകുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ക്കും, മരണങ്ങള്‍ക്കും ആരാണ് ഉത്തരവാദി? മനുഷ്യ കേന്ദ്രീകൃത ചിന്തകളിലെ, രാഷ്ട്രീയ നയങ്ങളിലെ വീഴ്ച വ്യക്തമായി കാണാം ഇവിടെ. കാട് നിലനില്‍ക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണെന്നുള്ള ചിന്തകളോടെ തന്നെ പറയട്ടെ.. കാട് സംരക്ഷിക്കുന്നതില്‍, അതിന്റെ ആവാസ വ്യവസ്ഥ യഥാവിധി നില നിര്‍ത്തുന്നതില്‍ മനുഷ്യന്റെ പങ്കെന്ത്? മൃഗങ്ങളുടെ പങ്കെന്ത് ? 0:100 എന്ന അനുപാതത്തിലായിരിക്കും കണക്കുകള്‍. ഒരുപക്ഷെ മനുഷ്യനല്ലാത്ത, മനുഷ്യ നിര്‍മ്മിതമല്ലാത്ത എന്തില്‍നിന്നാണ് കാട് കാക്കേണ്ടത്? ആരില്‍നിന്നുമില്ല. കാടിനൊന്നും നമ്മള്‍ ചെയ്യുന്നില്ല, മാത്രമല്ല കാട് നാം കാക്കുന്നുമില്ല.

പുല്‍ക്കൊടി,വ്യക്ഷം, കാട് അതിനു പിന്നില്‍ എത്രയെത വന്യജീവനുകളുടെ പരസ്പര പൂരിതമായ ഇടപെടലുകള്‍ ഉണ്ടെന്നും അത് മൂലമാണ് ഇന്ന് മനുഷ്യന്‍ ഉള്‍പ്പടെ ശ്വസിക്കുന്ന വായുവും, കുടിക്കുന്ന ഓരോ തുള്ളി ജലവും ഉണ്ടായിട്ടുള്ളത് എന്ന ചിന്തയും ഒരിക്കലെങ്കിലും നാഗരിക മനുഷ്യന്റെ ചിന്തകളിലൂടെ ആഴത്തില്‍ കാടറിഞ്ഞു കടന്നുപോയിട്ടുണ്ടെങ്കില്‍ ഒരിക്കലും മനുഷ്യകേന്ദ്രീകൃത ചിന്തകളില്‍ മാത്രം അഭിരമിക്കുന്ന നമുക്ക് കാടിനെ അവഗണിച്ചുളള ഒന്നും സ്വപ്‌നം കാണാനാവില്ല.

ഇനി നാട്ടിലേക്ക് വരാം. അവികസിതം, ഓണം കേറാമൂല എന്നൊക്കെ വിളിക്കുന്ന നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കുമ്പോള്‍ കാണുന്ന കാഴ്ചകളും കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. വികസനത്തിന്റെ പേരില്‍ തകൃതയായി നടക്കുന്ന മരംമുറികള്‍. പൊതുസ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ വികസന ആവശ്യങ്ങള്‍ക്കായി മുറിച്ചുമാറ്റുന്നതിന് ജില്ലാതലത്തില്‍ രൂപീകരിക്കുന്ന ട്രീ കമ്മിറ്റിയുടെ പരിശോധനയും അനുമതിയും ആവശ്യമുണ്ട്. മരം മുറിക്കാനുള്ള അപേക്ഷ ജില്ലയിലെ അസിസ്റ്റന്റ്‌ ഫോറസ്റ്റ് കോണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ചതിന് ശേഷം ട്രീ കമ്മിറ്റി കൂടുന്നതിന് മുന്‍പൊരു പരിശോധനയുണ്ട്.

ഒരനുഭവം പറയാം

ഗ്രാമീണപാതകള്‍ക്ക് വികസന വീതി കൂടുമ്പോള്‍ ഒരു നൂറു വര്‍ഷങ്ങളുടെ തണലിന്റെ, തണുപ്പിന്റെ, കടയറുക്കപ്പെടാന്‍ കാത്തുനില്‍ക്കുന്ന അനേകം ജീവനുകളുള്ള ഒരു പാതയോരത്ത് ഒരിക്കല്‍ ഞാന്‍ വണ്ടിയിറങ്ങി. തികച്ചും ഔദ്യോഗികമായി. എന്റെ സഹപ്രവര്‍ത്തകരും പി.ഡബ്ല്യു.ഡി. റോഡ്‌സ്‌ എന്‍ജിനീയറും ഓവര്‍സീറും കൂടെയുണ്ട്. നാല്‍ക്കവലയില്‍ ഇന്നും പലകയടപ്പുള്ള പലചരക്ക് കടയും ചായക്കടയും. മൂന്നാലു പേര് കടയില്‍ നിന്നും റോഡിലേക്ക് ഇറങ്ങി വന്നു.

'ചേട്ടാ ഈ നിക്കണ മാവിന് എത്ര പ്രായം ഉണ്ടാകും'.? ഞാന്‍ ചോദിച്ചു.
'ഒരെണ്‍പത് തൊണ്ണൂറ് വര്‍ഷം.. കാണും.'
'പി.ഡബ്ല്യു.ഡി. ഈ പാതയ്ക്ക വീതി കൂട്ടുമ്പോള്‍ വളവിലുള്ള ഈ മാവ് മുറിക്കാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നുനോക്കാനായി വന്നതാണ്.'
'അനുമതി കൊടുക്കണോ എന്ന് നോക്കാന്‍ നേരിട്ട് പരിശോധന. എത്ര കാലമായി ഇതിന്റെ തണലില്‍ ഇരിക്കുന്നു...!?'
'ഏയ്...മുറിക്കണം..സാര്‍ ഇത് മുറിക്കാതെ പറ്റില്ല'. അറുപത് കഴിഞ്ഞ ഒരാള്‍ വിളിച്ചു പറഞ്ഞു.

'റോഡ് വീതി കൂടുമ്പോള്‍ ഈ തിരിവില്‍ വണ്ടികള്‍ സ്പീഡില്‍ വന്നാല്‍ ഈ മരത്തില്‍ ഇടിക്കും.. അതോണ്ട് എന്തായാലും മുറിക്കണം'. എല്ലാവരുടെയും മുഖത്ത് തിളങ്ങുന്നത് വികസനവെളിച്ചം മാത്രം.
'അതിനു വണ്ടികള്‍ ഇവിടെ ഇത്തിരി സ്പീഡ് കുറച്ചു പോയാ പോരെ..? റോഡരികില്‍ സൈന്‍ ബോര്‍ഡ് വച്ചാല്‍ പോരെ..? എന്റെ അനുനയ ശ്രമങ്ങള്‍ .
'ഏയ്..അതൊന്നും ശരിയാവില്ല...സാറേ. മുറിക്കുന്നതാണ് നല്ലത് '. 'ഈ കടക്ക് നല്ല നോട്ടവും കിട്ടും'.

റോഡ് ഏഴ്‌ മീറ്റര്‍ ആയി വീതി കൂട്ടിയാലും ഈ മരം റോഡരികിലേ വരൂ. പി.ഡബ്ല്യു.ഡി. അധികാരികള്‍ മാവ് മുറിച്ചില്ലെങ്കിലും കാന പണി അല്‍പം വളച്ച് മരത്തെ രക്ഷപെടുത്താം എന്ന് ഒരു വിധം സമ്മതിച്ചു വരുമ്പോള്‍ (നൂറു വട്ടം എന്നെ പ്രാകിക്കൊണ്ട്) പക്ഷെ നാടന്‍ വികസനമുഖങ്ങള്‍ ഇരുളുന്നു. ആര്‍ക്കും ആ മാവ് മുറിക്കുന്നതില്‍ എതിര്‍പ്പില്ല.അതന്നെ വല്ലാതെ ഭയപ്പെടുത്തി !
'മുറിക്കണം സാര്‍.. ഇല്ലെങ്കില്‍ മരം എന്റെ കടയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞു മുറിക്കാനുള്ള അപേക്ഷ ഞാന്‍ തരും .. പോരെ?'

അവരുടെ ഓര്‍മകള്‍ക്ക് ജീവനില്ലേ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി. ബാല്യ,കൗമാരങ്ങളില്‍, നിത്യജീവിതത്തിന്റെ വേഗമില്ലാത്ത കാലങ്ങളില്‍ ഈ മാവ് അവരില്‍ വേണ്ടവിധം പൂത്തു കാച്ചില്ലേ..? അല്ലെങ്കില്‍ ഈ വാര്‍ദ്ധക്യത്തില്‍ ഇവരില്‍ അതിന്റെ വേരറുത്തത് ആരാവാം, എങ്ങനെയാവാം?.. വികസനമുഖം ഇത്രമേല്‍ ഏകപക്ഷീയമായി സാധാരണക്കാരില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. മരം - വില മാത്രം. വികസനത്തിന് സര്‍ക്കാരിലേക്ക് കെട്ടുന്ന ലേലത്തുക മാത്രം.

കൂടുന്ന ചൂടിലും വറ്റുന്ന കിണറിലും നാട്ടിന്‍പുറത്തുള്ളവര്‍ക്കെങ്കിലും അതിന്റെ കാരണങ്ങളൊന്നും വായിച്ചെടുക്കാന്‍ ആവുന്നില്ലേ എന്ന് ആശങ്കകളോടെ ഓര്‍ത്തു പോയി. നിരയായി മുട്ടുകുത്തി നിര്‍ത്തി നാട്ടുവഴികളിലും ദേശീയപാതകളിലും നാല്‍ക്കവലകളിലും നിന്നിരുന്ന മരങ്ങളുടെ ഗളച്ഛേദം നടത്തുമ്പോള്‍ അവയുടെ കൈകാലുകളും ഉടലും അറ്റ് തൂങ്ങി വീഴുമ്പോള്‍ അവ നാളിതു വരെ പകര്‍ന്നു നല്‍കിയ ദാഹജലവും തണലും തണുപ്പും പ്രാണവായുവും നിക്ഷിപ്ത നിഗൂഢ താല്പര്യങ്ങളില്‍ ഒന്നുമല്ലാതായി മാറിയിരിക്കുന്നു.

ഒന്നിന് പത്തു വച്ചു നട്ടാലും അടുത്ത അര നൂറ്റാണ്ടു കൊണ്ട് തിരികെപ്പിടിക്കാന്‍ ആവാത്ത ചിലതാണ് നഷ്ടപ്പെടുന്നത്.വമ്പന്‍ പ്രോജക്ടുകള്‍ ഗ്രാമങ്ങളിലേക്ക് എത്തിനോക്കുമ്പോള്‍ ആദ്യ പരിഗണന അര്‍ഹിക്കുന്ന വസ്തുത അവിടെ പാരസ്ഥിതിക പ്രാധാന്യം ഉള്ള എന്തിനെങ്കിലും സാരമായ മുറിവേല്‍ക്കുന്നുണ്ടോ എന്നതിനായിരിക്കണം. നിര്‍ഭാഗ്യവശാല്‍ പ്രഥമ പരിഗണന അതിനല്ല എന്ന് നിരാശയോടെ നമ്മള്‍ ഉള്‍ക്കൊള്ളണ്ടിയിരിക്കുന്നു. പ്രൊജക്റ്റ് ശാസ്ത്രീയമായി വിഭാവനം ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആദ്യം കുരുതികൊടുക്കുന്നത് മരങ്ങളെയാണ്. ചിലപ്പോള്‍ നീരുറവകളെ, നീര്‍ച്ചാലുകളെ, കുന്നുകളെ, മണ്ണിനെ, ജലാശയങ്ങളെ.. ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായുള്ളവയെ..

എത്രയെത്ര പദ്ധതികളാണ് പക്ഷേ, മനുഷ്യന്റെ ശാശ്വതമായ നിലനില്‍പ്പിന് ഭീഷണിയായി (മറ്റുജീവിജാലങ്ങളെ പരിഗണിക്കുന്നില്ല) വികസനമെന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്നത്. വേണ്ടത് വികസന പദ്ധതികളുടെ ശാസ്ത്രീയമായ തിരഞ്ഞെടുപ്പാണ്. ജീവന്റെ അടിസ്ഥാന നിലനില്‍പ്പിന് നേരിട്ട് സംഭാവനകള്‍ നല്‍കുന്ന ഒന്നിനെയും അലോസരപ്പെടുത്താത്ത അഥവാ ഗുരുതരമായി ബാധിക്കാത്ത വികസനങ്ങളാണ് വേണ്ടത്.

ചൂടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ അതിന്റെ തീക്ഷണതയെ ശമിപ്പിച്ചുകൊണ്ട് ഒരിളം കാറ്റ് വീശാന്‍, കിണറുകളില്‍ ആറു മാസമെങ്കിലും ദാഹജലം നിലനിര്‍ത്താന്‍ അവശേഷിക്കുന്ന വന്‍മരങ്ങളുടെ ജീവന്‍ നിലനിര്‍ത്തണം. കുറഞ്ഞത് ഇരുന്നൂറു സെന്റീ മീറ്റര്‍ ചുറ്റുവണ്ണം ഉള്ള മരങ്ങളെങ്കിലും ഇനിയുള്ള അമ്പതു വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്തണം. പൊതുസ്ഥലത്തായാലും സ്വകാര്യസ്ഥലത്തായാലും അവയെ നിയമപ്രകാരം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും അത്യാവശ്യമാണെങ്കില്‍ നീക്കം ചെയ്യുന്നതിനും ഒരു വൃക്ഷനയം ഉണ്ടാക്കേണ്ടയിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്ന് നിരാശയോടെ മനസ്സിലാക്കുന്നു


ലേഖകന്‍ പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്

Content Highlights: human being and forest acts; Prabhu P M writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented