വനയോര മേഖലയിലെ കർഷകരും കാടിന്റെ ഭാഗമാണ്; അവരെ കൃഷി ചെയ്യാൻ അനുവദിക്കുക | പ്രതിഭാഷണം


prathibhashanam

by സി.പി.ജോണ്‍

7 min read
Read later
Print
Share

കാട്ടുപോത്ത്. ഫോട്ടോ: സാലി പാലോട്

ശിവൻപിള്ള നന്നേ കാലത്ത് റബ്ബർ വെട്ടാൻ ഇറങ്ങി. 'പുലരാൻ തുടങ്ങുമൊരു രാത്രി'യിൽ എന്ന് ആലങ്കാരികമായി പറയാം. റബ്ബർ വെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. അത് തൊട്ടുമുൻപിൽ കിടന്നുറങ്ങുന്ന കടുവയ്ക്ക് ഇഷ്ടപ്പെട്ടില്ല. കടുവ ഉറക്കച്ചടവോടെ ശിവൻപിള്ളയെ നോക്കി. ശിവൻ പിള്ളയുടെ ഭാഗ്യത്തിന് കടുവയ്ക്ക് ബ്രേക്ക്ഫാസ്റ്റിന് സമയമായിരുന്നില്ല. ശിവൻപിള്ള തന്നെയാണ് ഇക്കാര്യം ഏയ്ഞ്ചൽവാലി എന്ന കൊച്ചുഗ്രാമത്തിൽ വെച്ച് ഈ ലേഖകനോട് പറഞ്ഞത്.

കേരളത്തിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ-മൃഗ സംഘർഷത്തിന്റെ കഥകൾ നാം കേൾക്കുന്നുണ്ട്. മെയ് മാസത്തിലാണ് നാം 'കാട്ടുപോത്ത്' എന്ന് വിളിക്കുന്ന ഇന്ത്യൻ ഗൗർ(Indian Gaur) മൂന്നുപേരെ ഇടിച്ചുകൊന്നത്. അതിൽ ഒരു സ്ഥലം കൊല്ലം ജില്ലയിലെ ആയൂരിനടുത്താണ്. എം.സി. റോഡിൽനിന്ന് ഏതാനും കിലോ മീറ്ററുകൾ മാത്രം ചെന്നാൽ അവിടെ മരിച്ച സാമുവലിന്റെ വീട്ടിലെത്താം.

കാട്ടുപോത്തുകൾ പോയിട്ട് നാടൻപോത്തുകൾ പോലുമില്ലാത്ത ഗ്രാമത്തിലേക്ക് എങ്ങനെ എത്രയോ കിലോ മീറ്ററുകൾ താണ്ടി ഈ കാട്ടുപോത്ത് വന്നു എന്നതിനെക്കുറിച്ച് വനവിദഗ്ധന്മാർ പോലും ഒന്നും പറഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഏതാനും ദിവസം മുമ്പാണ് അതേ ദിവസം കാട്ടുപോത്ത് കുത്തിക്കൊന്ന കണമല ചാക്കോച്ചന്റെ വീട്ടിൽ സഹപ്രവർത്തകരോടൊപ്പം സന്ദർശനം നടത്തിയത്. ചാക്കോച്ചൻ ആസ്ബറ്റോസ് ഇട്ട കൊച്ചുവീടിന് മുന്നിലെ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കസേരകൾ മാത്രം ഇടാൻ കഴിയുന്ന വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനോട് ചേർന്നാണ് ചാക്കോച്ചന്റെ വീട്. അല്പം മുകളിലാണ് എന്നുമാത്രം. അതിനും മുകളിലുള്ള വനയോര മേഖലയിൽനിന്ന് ചാടി വന്നാണ് ചാക്കോച്ചനെ പോത്ത് സ്വന്തം വീടിന്റെ ചുമരിനോട് ചേര്‍ത്ത് ഇടിച്ചുകൊന്നത്. അദ്ദേഹത്തിന്റെ അയൽക്കാരനും ഇതേ പോത്തിന്റെ കുത്തുകൊണ്ട് കൊല്ലപ്പെട്ടു.

ആയൂരിൽ വനയോര മേഖലയിലല്ല പോത്തിന്റെ അക്രമം ഉണ്ടായത്. കണമല എന്ന കൊച്ചുഗ്രാമം തീർത്തും വനയോര മേഖലയാണ്. ദീർഘകാലമായി കർഷകർ അവരുടെ സ്വത്തവകാശത്തിനു വേണ്ടി നെട്ടോട്ടമോടുന്ന പമ്പാവാലി പ്രദേശം. ആയിരത്തിലധികം കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. പെരിയാർ ടൈഗർ റിസർവിന്റെ പടിഞ്ഞാറൻ അതിർത്തിയാണ് പമ്പാവാലി. അവിടെനിന്ന് ഏതാനും കിലോ മീറ്ററുകൾ പോയാൽ ശബരിമലയായി. അവിടെവെച്ചാണ് ശിവൻ പിള്ളയോട് കടുവ ഗുഡ്മോണിങ് പറഞ്ഞത്.

വനയോര മേഖലയിലെ ജനങ്ങൾ കേരളത്തിൽ അക്ഷരാർഥത്തിൽ ഭയചകിതരാണ് ഏതു സമയവും കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാം. കാർഷികവിളകൾക്കും സ്വത്തിനുമാണ് തുടക്കത്തിൽ വെല്ലുവിളി സൃഷ്ടിച്ചിരുന്നതെങ്കിൽ ഇന്നത് കർഷകന്റെ ജീവനുതന്നെ ഭീഷണിയായിരിക്കുന്നു. കാട്ടുപന്നികൾ മുതൽ മയിലുകൾ വരെ കാർഷികവിളകളുടെ നാശത്തിനു കാരണമാകുന്നു. കേരളത്തിന്റെ വനയോര മേഖലകൾ, വനത്തിൽനിന്ന് നിരവധി കിലോ മീറ്ററുകൾ പടിഞ്ഞാറ് കിടക്കുന്ന മേഖലകൾ പോലും, കൃഷി ചെയ്ത് ജീവിക്കാൻ സാധിക്കാത്ത പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ സന്ദർശനം വസ്തുതകൾ കണ്ടുപഠിക്കാൻ മാത്രമായിരുന്നു. ആ പ്രദേശങ്ങളിലെ കർഷകരോടും രാഷ്ട്രീയ പ്രവർത്തകരോടും അവിടത്തെ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മതനേതാക്കന്മാരോടും വിശദമായി സംസാരിച്ചു. എല്ലാവർക്കും ഒരേ സ്വരമാണ്. രാഷ്ട്രീയ വ്യത്യാസമോ ജാതി-മത വ്യത്യാസമോ അവരുടെ വാദങ്ങളെ മലീമസമാക്കിയിട്ടില്ല. 'എന്തെങ്കിലും ചെയ്തേ പറ്റൂ.. ഈ നിലയിൽ മുന്നോട്ടുപോവുക, ജീവിക്കുക അസാധ്യമാണ്.'

പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്നതാണ് ഈ കുറിപ്പിലെ ചർച്ചാവിഷയം. വാർത്തകൾ അരിക്കൊമ്പന്മാരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വനയോരത്തു ജീവിക്കുന്ന കർഷകരിലേക്കു കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമുണ്ടെന്ന് ആദ്യമേ പറയട്ടെ. പമ്പാവാലിയുടെ കാര്യമെടുക്കാം. രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായ ബംഗാൾ ക്ഷാമം പോലുളള കടുത്ത പട്ടിണിയുടെ കാലത്താണ് അന്നത്തെ ഗവൺമെന്റ് 'ഗ്രോ മോർ ഫുഡ്‌' എന്ന പദ്ധതി മുന്നോട്ടുവെച്ചത്. ലോകമഹായുദ്ധം കഴിഞ്ഞ് സ്വാതന്ത്ര്യം ലഭിച്ച ഉടനെ തന്നെ 47 മുതൽ 52-53 വരെയുള്ള കാലത്താണ് കൂടുതൽ ഭക്ഷണമുണ്ടാക്കുന്നതിനായി കർഷകരോട് വനയോര മേഖലകളിലേക്ക്പോകാൻ സർക്കാർ ആവശ്യപ്പെട്ടത്. ആ മേഖലകളിൽ താമസിക്കുന്നവർക്ക് അന്ന് പട്ടയം കൊടുക്കാൻ സാധിച്ചില്ല എന്നത് വീഴ്ചയായി ഇന്നും നിലനിൽക്കുന്നു. മറിച്ച് അവർക്ക് ലഭിച്ചത് കൈവശാവകാശ സർട്ടിഫിക്കറ്റ് ആണ്. അതെങ്ങനെ അവകാശത്തോടു കൂടിയ പട്ടയമാക്കി മാറ്റാമെന്ന് 70 വർഷത്തിനു ശേഷവും വനയോര കർഷകർ ചിന്തിച്ചു വിഷമിക്കുകയാണ്.

1968-ൽ അന്നത്തെ കോട്ടയം എം.പിയായിരുന്ന മാത്യു മണിയങ്ങാടന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പമ്പാവാലി പ്രദേശത്തെ വനമായി പ്രഖ്യാപിക്കേണ്ടതില്ലെന്നുംഅവിടുത്തെ കർഷകർ കൃഷിയുമായി ജീവിക്കട്ടേയെന്നും കൃത്യമായി ശുപാർശ ചെയ്യുന്നുണ്ട്. പക്ഷേ 55 വർഷം കഴിഞ്ഞിട്ടും അവരുടെ പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല.

ഇതിനിടയിൽ 1978-ൽ പെരിയാർ കടുവാസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. പെരിയാർ ടൈഗർ റിസർവ് എന്നാണ് സാങ്കേതികമായി പറയുന്നത്. അവിടം മുതൽ അവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമായി. അതിനകം മുപ്പത് വർഷത്തിലധികം കൃഷി ചെയ്ത് ജീവിച്ച ആ നാട്ടിലെ ജനങ്ങൾ ഏതു നിമിഷവും കുടിയിറക്കപ്പെടും എന്ന ഭീഷണിയിലെത്തി. ഒടുവിലതിനു സാങ്കേതികമായ പരിഹാരം ഉണ്ടായത് 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ഉപാധികളില്ലാത്ത ഒരു പട്ടയം അവർക്ക് നൽകപ്പെട്ടു. പക്ഷേ 2011 മാർച്ചു മാസത്തിൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ ഇത് ടൈഗർ റിസർവിന്റെ ഭാഗമാണെന്നതുകൊണ്ട് കർഷകർക്കു കുടിയിറങ്ങേണ്ടി വരും എന്നർഥത്തിലുള്ള ഉത്തരവുകൾ ഇറങ്ങിയത് അവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

എന്തായാലും ഇന്നത്തെ സർക്കാർ പഴയ പട്ടയത്തിന് പുറമേ പുതിയ പട്ടയവും കൂടി നൽകിയിരിക്കുകാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മെയ് മാസം 30-ാം തിയതി മുഖ്യമന്ത്രി തന്നെ ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ 2015-ലെ പട്ടയം പുതുക്കി നൽകിയിട്ടുണ്ടെന്ന് പറയാം. എന്തായാലും പ്രശ്നങ്ങൾ അവിടെ അവസാനിക്കുന്നില്ല.

പമ്പാവാലിയിലും കേരളത്തിലുടനീളമുള്ള വനയോര മേഖലകളിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചേ മതിയാകൂ. വനയോര കർഷകർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 1972-ൽ നിലവിൽ വന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് വന്യജീവികളെ സംരക്ഷിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ശരിയായ നടപടി തന്നെയാണ് അത്. പക്ഷേ, കർഷകർ ചോദിക്കുന്നു, സർക്കാർ സംരക്ഷണയിൽ വളരുന്ന മൃഗങ്ങൾ കൃഷിയിടങ്ങളിൽ പ്രവേശിച്ച് വിള നശിപ്പിക്കുകയും കർഷകരെ കൊലപ്പെടുത്തുകയും ചെയ്യുമ്പോൾ അതിന് നഷ്ടപരിഹാരം തരാനുള്ള ഉത്തരവാദിത്തം സർക്കാരിനില്ലേ?

വാഹനാപകടത്തിൽ വാഹനമിടിച്ച് മറ്റൊരാൾ കൊല്ലപ്പെടുമ്പോൾ വാഹന ഉടമസ്ഥൻ എങ്ങനെയാണ് ബാധ്യസ്ഥനാകുന്നത് എന്നതുപോലെ വന്യജീവികളെ സംരക്ഷിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന ആളുകളെ, അവരുടെ സ്വത്തിനെ സംരക്ഷിക്കുന്നത്. ഇതിനാവശ്യമായ ഒരു സംവിധാനവുമില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാൽ പത്തു ലക്ഷം രൂപ നൽകണമെന്ന തീരുമാനമുണ്ട്. പക്ഷേ, അവിടെയും ഒരു ചോദ്യമുണ്ട്. 70 വയസ്സുള്ള ഗൃഹനാഥൻ മരിച്ചാൽ നൽകുന്ന പത്തു ലക്ഷം തന്നെ മതിയോ 35 വയസ്സുള്ള ഗൃഹനാഥൻ മരണപ്പെടുമ്പോഴും?

വാഹാനാപകടങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ തീർപ്പുണ്ട്. ഒരാളുടെ വയസ്സും അയാളുടെ വരുമാനവുമെല്ലാം കണക്കാക്കിക്കൊണ്ടുള്ള ഒരു പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതുപോലെ തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്ന കർഷകരുടെ വയസ്സെങ്കിലും കണക്കാക്കിക്കൊണ്ട് അവർക്ക് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം. മിനിമം നഷ്ടപരിഹാരം പത്തു ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉർത്തണം എന്നാണ് അവരുടെ ആവശ്യം.

ഇതിനിടയിൽ വനംവകുപ്പ് മുന്നോട്ടുവെക്കുന്ന മറ്റൊരു ഓഫറും കർഷകരുടെ മുന്നിലുണ്ട്. വനയോര മേഖലയിൽനിന്നും വനമായി പ്രഖ്യാപിക്കപ്പെട്ട കൃഷിയിടങ്ങളിൽനിന്നും ഒഴിഞ്ഞുപോവുകയാണെങ്കിൽ മറ്റൊരു ഭവനം കണ്ടെത്തുന്നതിന് 15 ലക്ഷം രൂപ നൽകും. ഈ നിയമത്തിനും ഭേദഗതി ആവശ്യമുണ്ട്. 15 സെന്റുള്ള ആൾക്കും ഒന്നരയേക്കർ ഭൂമിയുളള ആൾക്കും ഒരേ നഷ്ടപരിഹാരം നൽകിയാൽ പോര. ഇവിടെ പാലിക്കേണ്ടത് ഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കുമ്പോൾ സർക്കാർ ഈ അടുത്ത കാലത്ത് കാണിച്ച ഏറ്റെടുക്കൽ രീതിയാണ്. ഹൈവേക്ക് സ്ഥലമെടുക്കുമ്പോൾ മാർക്കറ്റ് വിലയുടെ പലമടങ്ങ് പണം നൽകി. ഹൈവേ വികസനം സാധ്യമാക്കുന്ന അതേ രീതിയിൽതന്നെ വനപരിപാലനത്തെ മുൻനിർത്തി വനയോര മേഖല വിട്ടുപോകാൻ നിർബന്ധിക്കപ്പെടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകിയാൽ പലരും അതംഗീകരിക്കും എന്നാണ് അവരിൽനിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചത്.

എന്തായാലും വനയോര മേഖല വലിയ പ്രതിസന്ധിയിലാണ്. ആളുകളെ ഒഴിപ്പിക്കുക എന്നത് ഒരു ലക്ഷ്യമായി സർക്കാർ കാണുന്നത് അത്ര ശാസ്ത്രീയമായ കാഴ്ചപ്പാടാണെന്ന് തോന്നുന്നില്ല. നമ്മുടെ വനയോരമേഖലകൾ ഒന്നാന്തരം കാർഷിക മേഖലകളാണ്. അവിടെയാണ് റബ്ബർ മുതൽ ഏലവും കുരുമുളകും തുടങ്ങി പച്ചക്കറികൾ വരെ സമൃദ്ധമായി വിളയുന്നത് ആ മേഖലയിൽനിന്ന് ആളുകളെ പണം കൊടുത്ത് കൊച്ചുനഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കൊണ്ടുപോകുന്നത് കേരളത്തിന്റെ നഗരവത്കരണത്തെ കൂടുതൽ മോശമായാണ് ബാധിക്കുകയെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് വനയോര മേഖലയിൽ ആളുകളെ സമാധാനപരമായി ജീവിക്കാൻ എങ്ങനെ പ്രേരിപ്പിക്കാം എന്നാണ് സർക്കാർ ചിന്തിക്കേണ്ടതെന്ന് ഈ ലേഖകൻ കരുതുന്നു.

കാർഷിക മേഖലകൾ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായ അന്തരീക്ഷ മലിനീകരണമില്ലാത്ത പ്രദേശങ്ങൾ കൂടിയാണെന്ന് നാം മനസ്സിലാക്കണം. നഗരങ്ങൾ കാർബൺ ഡൈ ഓക്സൈഡിന്റെ ഉല്പാദന കേന്ദ്രങ്ങൾ ആകുമ്പോൾ കാര്‍ഷികമേഖല ഉല്പാദിപ്പിക്കുന്നത് ഓക്സിജനാണ്. അവർ നശിപ്പിക്കുന്നത് കാർബൺ ഡൈ ഓക്സൈഡാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കാർബൺ ക്രെഡിറ്റ് നേടിയെടുക്കാൻ സർക്കാരിന് സാധിക്കും. അതിനായി അന്താരാഷ്ട്ര ഏജൻസികളെ പോലും സമീപിക്കാം എന്ന നിർദേശങ്ങളും നിലവിൽ ഉണ്ട്.

കർഷകരെ ഒഴിപ്പിക്കുന്നതിന് മുമ്പ് ആദ്യം സർക്കാർ ഒഴിയുകയാണ് വേണ്ടതെന്ന് അവർ പറയുന്നു. സർക്കാർ നടത്തുന്ന പ്ലാന്റേഷനുകളും ഒരു കാലത്ത് വനങ്ങൾ വെട്ടിത്തെളിച്ചുണ്ടാക്കിയ മറ്റു പ്ലാന്റേഷനുകളും പുനഃവനവത്കരിക്കു(reforestation)ന്നതിന് പകരം കാർഷികവത്കരിക്കപ്പെട്ട കർഷകജീവിതം തുടിച്ചുനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് കർഷകരെ ആട്ടിപ്പായിച്ച് അവരെ അഭയാർഥികളാക്കുന്നത് എന്തിനാണെന്ന ചോദ്യം പ്രസക്തമായി തോന്നി.

മൃഗങ്ങൾ മുമ്പില്ലാത്ത വിധം നാട്ടുപ്രദേശങ്ങളിലേക്ക് കടന്നുവന്നതിനെ കുറിച്ചും നാട്ടുകാർക്ക് വിവിധ അഭിപ്രായങ്ങളുണ്ട്. മൃഗങ്ങൾക്ക് കഴിക്കാൻ പറ്റിയ ഭക്ഷണസാധനങ്ങളുടെ അഭാവം അവരെ നാട്ടിലേക്കെത്തിക്കുന്നു എന്ന വാദം പുതിയതല്ല. ഇതിൽ ആനകൾ കടന്നുവരുന്നത് വനമേഖലയിലെ ഈറ്റയുടെ കാര്യത്തിലെ കുറവിലാണെന്ന് പറയുന്നു. ഈറ്റയും മുളയും ആനകൾക്ക് തിന്നാൻ വലിയ ഇഷ്ടമാണ്.

പ്ലാവു പോലുള്ള മരങ്ങൾ വനങ്ങളിൽ നട്ടുപിടിപ്പിച്ചാൽ അല്ലെങ്കിൽ പ്ലാവിന്റെ വിത്തുകൾ വ്യാപകമായി വിതറിയാൽ അവിടെ നിന്നുലഭിക്കുന്ന ചക്ക തിന്നാനും ആനകൾക്ക് ഇഷ്ടമാണ്. ഇത്തരത്തിൽ അവരുടെ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കണം. അതുപോലെ തന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന വികൃതമായ വനവത്കരണം- തേക്കിൻതോട്ടം ഉണ്ടാക്കൽ, യൂക്കാലിപ്റ്റ്സ് ഉണ്ടാക്കൽ, വനങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ അടിയന്തരമായി നിർത്തണമെന്നു മാത്രമല്ല. അത്തരം മരങ്ങൾ വെട്ടിക്കളയണമെന്നാണ് അഭിപ്രായം. കാരണം ഈ മരങ്ങൾ പല ജലസ്രോതസ്സുകളെയും വറ്റിക്കുന്നു. വെള്ളം കിട്ടാതെയാണ് പലപ്പോഴും കാട്ടുമൃഗങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത്. ഇത്തരത്തിൽ നാട്ടുകാർക്ക് അറിയാവുന്ന കാര്യങ്ങൾ പോലും വനപാലകർ ശ്രദ്ധിക്കുന്നില്ലെന്നതാണ് അവരുടെ സങ്കടം.

വന്യമൃഗങ്ങളുടെ ഭക്ഷണത്തെക്കുറിച്ച്, അത് വനത്തിന് അകത്ത് എങ്ങനെ സൃഷ്ടിക്കാമെന്നതിനെ കുറിച്ച് ഗൗരവമായ പഠനവും നടപടിയും ഉണ്ടായാൽ വലിയൊരു തരത്തിൽ വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുകയില്ല എന്നവർ കരുതുന്നു. കാർഷിക വിഭവങ്ങൾ നഷ്ടപ്പെടുന്നതും കർഷകന്റെ ജീവൻ തന്നെ നഷ്ടപ്പെടുന്നതും വലിയൊരു സാമൂഹ്യ ആശങ്ക സൃഷ്ടിക്കുകയാണെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയും ഫാ. നിരപ്പേലും ഫാ.ജയിംസും എടുത്തുപറഞ്ഞു.

വനയോര മേഖലകളിലെ വീടുകളിൽ മതവ്യത്യാസമില്ലാതെ വിവാഹങ്ങൾ നടത്താൻ കഴിയുന്നില്ല. വനയോര മേഖലയിൽ നിന്നല്ലാതെ ആരും ആ പ്രദേശത്തേക്ക് വിവാഹം ആലോചിച്ച് കടന്നുവരുന്നില്ല. അതുകൊണ്ട് പലരും ചെറിയ സ്ഥലങ്ങൾ പട്ടണത്തോട് ചേർന്ന് വാങ്ങി അവിടേക്ക് മാറാൻ നിർബന്ധിക്കപ്പെടുന്നു. അതിനായി ബാങ്കിൽനിന്ന് കടമെടുക്കാനും നിർബന്ധിക്കപ്പെടുന്നു. ഈ സാമൂഹിക ആശങ്ക വലിയ തോതിലുള്ള മാനസിക സംഘർഷത്തിലേക്ക് കർഷകരെ നയിച്ചുകഴിഞ്ഞിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഈ പ്രദേശങ്ങൾ സ്വയം വിട്ടെറിഞ്ഞ് ഇതിനകംതന്നെ ചെറുനഗരങ്ങളോട് ചേർന്ന് താമസിക്കാൻ തുടങ്ങിയിട്ടുണ്ട്.

പാരിസ്ഥിതിക അഭയാർഥികളുടെ ഒരു എതിർവശമാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഇരകളായി തീരുന്ന അഭയാർഥികളെന്നവരെ വിളിക്കാം. പരിസ്ഥിതി അഭയാർഥികളെ പോലെ തന്നെ ഈ അഭയാർഥികളും സമൂഹത്തിന് പുതിയ ഭാരമാണ് സൃഷ്ടിക്കുക. എന്തായാലും ചെറുതും വലുതുമായ വാർത്തകളിലേക്ക് ചുരുങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ സംബന്ധിച്ച വിവരങ്ങളും അപകടങ്ങൾ ഉണ്ടാകുന്ന വരുന്ന റിപ്പോർട്ടുകളുമല്ല മറിച്ച്, പതിനായിരക്കണക്കിന് കുടുംബങ്ങൾ എങ്ങനെ മുന്നോട്ടുപോകണം എന്നറിയാതെ ആശങ്കപ്പെടുന്നു എന്നതാണ് കേരളത്തിന്റെ വനയോര മേഖലയുടെ പ്രധാന പ്രശ്നം. ഇതുപരിഹരിക്കാൻ പതിവു പല്ലവികൾ ഉരുവിട്ടാൽ പോര. പുതിയ നടപടികളാണ് വേണ്ടത്.

വനനിയമവും വന്യജീവി സംരക്ഷണ നിയമവും നടപ്പാക്കുമ്പോൾ തന്നെ ആദിവാസി വിഭാഗത്തിൽപെട്ട പരമ്പരാഗത ഗോത്രങ്ങളുടെ സെറ്റിൽമെന്റുകൾ നാം അംഗീകരിച്ചിട്ടുണ്ട്. ഏതാണ്ട് അതുപോലെ പതിറ്റാണ്ടുകളായി കൃഷി ചെയ്തു ജീവിക്കുന്ന കർഷകരുടെ സെറ്റിൽമെന്റുകൾ സർക്കാരിന് എളുപ്പത്തിൽ കണ്ടെത്താവുന്നതേയുള്ളൂ. പഞ്ചായത്തുകളും ഗ്രാമസഭകളും സജീവമായി പ്രവർത്തിക്കുന്ന കേരളത്തിൽ അതൊരു പ്രശ്നമേയല്ല. അതോടൊപ്പം തന്നെ റേഷൻകാർഡും ആധാർ കാർഡും നിരവധി രേഖകളും ഔദ്യോഗികമായിട്ടുമുണ്ട്. ഇത്തരം ഫാർമർ സെറ്റിൽമെന്റുകൾ വനാതിർത്തിക്ക് അകത്താണെങ്കിൽ പോലും അവർക്കിഷ്ടമുള്ള കാലത്തോളം വനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ അവരുടെ കൃഷിയിടത്തിൽ കൃഷി ചെയ്ത് ജീവിക്കാൻ അനുവദിക്കുക എന്നതാണ് അഭിലഷണീയമായ കാര്യമെന്ന് ഈ ലേഖകൻ കരുതുന്നു.

അവർക്ക് അവിടം വിട്ടുപോകണമെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിനാവശ്യമായ നഷ്ടപരിഹാരം കൊടുത്ത് സർക്കാരിന് ആ സ്ഥലങ്ങൾ ഏറ്റെടുക്കാവുന്നതാണ്. വനത്തിന് പുറത്ത് നഗരപ്രദേശങ്ങളിൽ പോലും വനം വകുപ്പിന് ഫോറസ്റ്റ് പാച്ചു(forest patches)കളുണ്ട് (ഉദാഹരണത്തിന് കണ്ടല്‍കാടുകള്‍). അതുപോലെ തന്നെ ജണ്ടയിട്ട ഫോറസ്റ്റ് അതിർത്തിക്ക് അകത്തും പരമ്പരാഗതമായ ഹ്യൂമൻ സെറ്റിൽമെന്റുകൾ പ്രകൃതിയെ കേടുവരുത്താതെ നിലനിർത്തുമെങ്കിൽ അതിൽ വലിയ അങ്കലാപ്പ് കാണിക്കേണ്ട കാര്യമില്ല. റവന്യൂ ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിരിടൽ രണ്ടു ശത്രുരാജ്യങ്ങൾ പോലുള്ള അതിർരേഖ സംരക്ഷണമാക്കി മാറ്റാൻ ശ്രമിക്കുന്ന വനം വകുപ്പിന്റെ നടപടികളിൽ മാറ്റങ്ങൾ ഉണ്ടാവുകയാണ് വേണ്ടത്.

അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വനങ്ങളോട് ചേർന്നും പലപ്പോഴും വനങ്ങൾക്ക് അകത്തുതന്നെയും സഹവർത്തിച്ചു ജീവിക്കാൻ കഴിയുന്ന സെറ്റിൽമെന്റുകൾ ഉണ്ടാക്കാവുന്നതേയുള്ളൂ. അവിടേക്കു പുതിയ ആളുകൾ കുടിയേറി വരുന്ന സ്ഥിതി ഇന്ന് കേരളത്തിൽ ഇല്ല. കഴിഞ്ഞ 55 വർഷക്കാലത്തെ കുടുംബാസൂത്രണ സംവിധാനങ്ങളുടെ വിജയംമൂലം ജനസംഖ്യാ വളർച്ചയിൽനിന്ന് ജനസംഖ്യാ കുറവിലേക്ക് കേരളം നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കർഷകരുടെ ജനവാസ മേഖലകളും ആദിവാസികളുടെ ഊരുകളും വനാതിർത്തിക്കുള്ളിൽ നിലനിൽക്കുന്നത് വലിയൊരു പാപമായി വനം വകുപ്പ് കാണരുതെന്നു തന്നെയാണ് പറയാനുള്ളത്.

Content Highlights: human- animal conflict and solutions; Prathibhashanam Column by CP John

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
care
Premium

5 min

പ്രായമായവരെ എങ്ങനെ നോക്കണം? കെ.ജി. ജോർജിന്റെ മരണം ഉയർത്തുന്ന ഉത്തരങ്ങൾ | പ്രതിഭാഷണം

Sep 29, 2023


Representative Image
Premium

5 min

ജോലി സൈക്കിളില്‍ ചായ വില്‍പ്പന, കോടികളുടെ ആസ്തി | മധുരം ജീവിതം

Sep 16, 2023


karuvannur bank
Premium

8 min

സഹകരണ മേഖലയിലെ ത്രികോണ തട്ടിപ്പ് | പ്രതിഭാഷണം

Sep 20, 2023

Most Commented