ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു | Photo: ANI
കന്യാകുമാരിയിൽനിന്നു തുടങ്ങി നാലായിരത്തോളം കിലോ മീറ്റർ യാത്ര ചെയ്ത്, 136 ദിവസം കൊണ്ട്, മഞ്ഞു പെയ്യുന്ന ശ്രീനഗറിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധി തന്റെ ജീവിതത്തിലും കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലും; ഇന്ത്യയുടെ തന്നെ ചരിത്രത്തിലും ഒരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുന്നു. 21-ാം നൂറ്റാണ്ടിൽ ഇത്രയും നീണ്ട പദയാത്രകൾ ലോകം കണ്ടിട്ടില്ല. ലോകത്താകെ ജീവിച്ചിരിക്കുന്ന 800 കോടി ജനങ്ങളിൽ രാഹുൽ ഗാന്ധിയോടൊപ്പം മുഴുവൻ ദൂരം നടന്നവല്ലാതെ ആരുംതന്നെ ഇതുപോലൊരു ദൗത്യം നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. ആ അർത്ഥത്തിൽ 21-ം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയനടത്തക്കാരനായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു.
മാവോ സെ തൂങ് 1937-38 കാലഘട്ടത്തിൽ എണ്ണായിരത്തിലധികം കിലോ മീറ്റർ പ്രസിദ്ധമായ ലോങ് മാർച്ചിലൂടെ നടക്കുക മാത്രമല്ല, ഗ്രാമങ്ങൾ വിമോചിപ്പിച്ചു കൊണ്ട് ചൈനീസ് വിപ്ലവത്തിന്റെ കൊടുംപാതകൾ പിന്നിടുകയും ചെയ്തിട്ടുണ്ട്. അന്ന് ലോങ് മാർച്ചിൽ പരിക്കേറ്റ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈനികർക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ ഇല്ലാതിരുന്നതുകൊണ്ട് ചൗ എൻലായിയുടെ അഭ്യർത്ഥന പ്രകാരം ജവഹർ ലാൽ നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും അഞ്ച് ഡോക്ടർമാരെ ലോങ് മാർച്ചിന് അയച്ചു കൊടുക്കുകയുണ്ടായി. അതിലൊരാൾ ഡോ. കോട്‌നീസ് ചൈനീസ് ചരിത്രത്തിന്റെയും എ.ഐ.സിസിയുടെ ചരിത്രത്തിന്റെയും ഭാഗമായി. അദ്ദേഹം ചൈനയിൽവെച്ച് പിന്നീട് അസുഖം വന്നു മരിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ആറ്റിങ്ങലിൽവെച്ച് രാഹുൽ ഗാന്ധിയോട് പറയാനുള്ള അവസരം ഈ ലേഖകന് ഉണ്ടായി.
ലോകചരകിത്രത്തിൽ മാവോ സേ തൂങ് കഴിഞ്ഞാൽ ഈ ജാഥ പൂർത്തിയാകുമ്പോൾ താങ്കൾ രണ്ടാമത്തെ ആളാകുമെന്ന എന്റെ പരാമർശം വളരെ താൽപ്പര്യത്തോടു കൂടിയാണ് അദ്ദേഹം കേട്ടത്. ആറ്റിങ്ങലിൽ എത്തുമ്പോൾ ജാഥ തുടങ്ങിയിട്ടേയുള്ളൂ. എന്നാൽ, ഇന്ന് രാഹുൽ ഗാന്ധി ശരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒന്നാമനും ആധുനികലോകത്ത് മാവോ കഴിഞ്ഞാൽ രണ്ടാമനായും ഒരു വലിയ രാഷ്ട്രീയദൗത്യം നിറവേറ്റിയിരിക്കുന്നു. പുരാതന ഇന്ത്യയിൽ ശങ്കരാചാര്യർ ഇത്തരത്തിലുള്ള നീണ്ട യാത്രകൾ നടത്തിയതായി കേട്ടിട്ടുണ്ട്. ലോകമാകെ പിടിച്ചുകുലുക്കിയ ചെങ്കിസ് ഖാനും അലക്‌സാണ്ടർ ചക്രവർത്തിയും ഇന്ത്യയിലെ തന്നെ നിരവധി രാജാക്കന്മാരും ആയിരക്കണക്കിനു കിലോ മീറ്ററുകൾ നീണ്ട പടയോട്ടങ്ങൾ നടത്തിയിട്ടുണ്ട്.
അതിനോടൊന്നും താരതമ്യം ചെയ്യാനല്ല ഈ കുറിപ്പ്. മറിച്ച്, ആധുനിക ലോകചരിത്രത്തിൽ, ഇന്ത്യൻ ചരിത്രത്തിൽ, ശാരീരിക പ്രാമുഖ്യം ഉയർത്തിക്കാണിച്ചു കൊണ്ട് നെഞ്ചളവുകൾ രാഷ്ട്രീയത്തിന്റെ മുദ്രകളാക്കി മാറ്റിക്കൊണ്ട് അധികാരത്തിൽ വന്ന ബി.ജെ.പിയെ പിടിച്ചുകുലുക്കാൻ അതിലുമെത്രയോ ത്യാഗനിർഭരമായ തന്റെ ശരീരസമർപ്പണം കൊണ്ടു സാധിക്കുമെന്ന് രാഹുൽ ഗാന്ധി ശ്രീനഗറിൽവെച്ച് വ്യക്തമാക്കിയിരിക്കുന്നു. പക്ഷെ, ഏറെ വിനയത്തോടു കൂടിയാണെന്നു മാത്രം. വിനയത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിലാണു രാഹുൽ സംസാരിച്ചത്. വെറുപ്പിന്റെ തത്ത്വശാസ്ത്രം വിൽക്കുന്ന തന്റെ എതിരാളികൾക്കിടയിൽ സ്‌നേഹത്തിന്റെ വ്യാപാരിയാവുക എന്നതായിരുന്നു രാഹുലിന്റെ ലക്ഷ്യം.
.jpg?$p=e21ff5b&&q=0.8)
കൃത്യമായ രാഷ്ട്രീയം പറഞ്ഞെങ്കിലും കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് ഇന്ത്യയുടെ ആത്മാവ് കണ്ടെത്താൻ നടത്തിയ രാഹുൽ ഗാന്ധിയുടെ യാത്ര നമ്മുടെ ചരിത്രത്തിൽനിന്നു മാഞ്ഞുപോവില്ലെന്ന കാര്യം വ്യക്തമാണ്. രാഷ്ട്രീയമൗഢ്യമുള്ള ഒരു ചെറുപ്പക്കാരനായി എതിരാളികളാൽ ചിത്രീകരിക്കപ്പെട്ടെങ്കിലും മുതിർന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ ഏറ്റവും ശക്തനായ, എല്ലാ അർത്ഥത്തിലും ജനപിന്തുണയും ആത്മസ്ഥൈര്യവുമുള്ള നേതാവായി വളർന്നു കഴിഞ്ഞിരിക്കുന്നു. കശ്മീരിന്റെ മണ്ണിലൂടെ കടന്നുപോവുമ്പോൾ ആ ജാഥ അക്ഷരാർത്ഥത്തിൽ ഇന്ത്യയെ തുന്നിചേർത്ത ജാഥായായി മാറി.
കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തെ മുഴുവൻ തടവിലാക്കിക്കൊണ്ട്, ഒരു സഹകരണ ബാങ്ക് പിരിച്ചുവിടുന്നതിനേക്കാൾ ലാഘവത്തോടെ സംസ്ഥാനം തന്നെ പിരിച്ചുവിട്ട് ജനങ്ങളെ ബന്ദിയാക്കിയ ഗവൺമെന്റിന്റെ മുഖത്ത് നോക്കിക്കൊണ്ട് തെരുവുകളിലേക്ക് ആർത്തലച്ചു വന്ന ജനക്കൂട്ടിന്റെ നടുവിലൂടെ രാഹുൽ ഗാന്ധി ശ്രീനഗറിൽ എത്തിയപ്പോൾ കശ്മീരിൽ ഇന്ത്യയുടെ ദേശീയപതാക പതിനായിരക്കണക്കിന് കശ്മീരികൾ ഉയർത്തി വീശി. അക്ഷരാർത്ഥത്തിൽ ജോഡോ യാത്ര സഫലമായി. ഈ സാഫല്യം നിശ്ചയമായും ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവായി തീരും എന്ന കാര്യത്തിൽ സംശയമില്ല. ജോഡോ യാത്രയുടെ ഐതിഹാസികമായ വിജയത്തെക്കുറിച്ച് ആയിരക്കണക്കിനു വാക്കുകളിൽ ഉപന്യസിക്കാമെങ്കിലും ഈ കുറിപ്പിന്റെ ലക്ഷ്യം അതല്ല.
ഉജ്ജ്വലമായ ഈ മുന്നേറ്റത്തിന്റെ തുടർച്ചലനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുമോ എന്നതാണ് പ്രസക്തമായി പരിശോധിക്കണ്ടത്. കന്യാകുമാരി മുതൽ ശ്രീനഗർ വരെയുള്ള നടത്തത്തിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഒരു കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന സംഘടനാ സംവിധാനവും ആൾബലവുമുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസാണ്. ഇരുപതു ശതമാനം വോട്ടുണ്ട്് എന്നു മാത്രമല്ല, ഏതു ഗ്രാമത്തിലും കോൺഗ്രസിന് ആളുണ്ടെന്നും അവരെ സംഘടിപ്പിക്കാനുള്ള സംഘടനാബലവും നേതൃബലവും ഉണ്ടെന്നും കോൺഗ്രസ് തെളിയിച്ചു.
ഹോട്ടലുകളിലും വില കൂടിയ താവളങ്ങളിലും തങ്ങാതെ ഇന്ത്യയ്‌ക്കൊരു പുതിയ അനുഭവം സൃഷ്ടിച്ചുകൊണ്ട്, തകരപ്പാട്ടകൾ തട്ടിക്കൂട്ടിയ വീടുകളിൽ അഥവാ കണ്ടെയ്‌നറുകളിൽ അന്തിയുറങ്ങിയാണ് 136 ദിവസവും ഈ ജാഥ പിന്നിട്ടത്. ഈ മഹായാത്ര കഴിയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം എവിടേക്കു പോവുന്നുവെന്ന് പരിശോധിക്കാവുന്നതാണ്. ശ്രീനഗറിൽ 21 കക്ഷികളെ രാഹുൽ ഗാന്ധി ക്ഷണിച്ചിരുന്നു. 21 കക്ഷികളെ കോൺഗ്രസ് പ്രസിഡന്റ് ക്ഷണിച്ചിരുന്നു. ആ കക്ഷികളിൽ എത്ര പേർ ഹാജരായി എന്നു പരിശോധിക്കുമ്പോൽ വൻജനപിന്തുണയുള്ള സമാജ്‌വാദി പാർട്ടിയും ജെ.ഡി.യുവും ആർ.ജെ.ഡിയും തൃണമൂൽ കോൺഗ്രസും ബി.എസ്.പിയും വന്നില്ലെന്നത് ശ്രീനഗർ യോഗത്തെ, ജോഡോ യാത്രയെയല്ല, ക്ഷീണിപ്പിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയുള്ള കക്ഷിയെന്ന നിലയിൽ ഡി.എം.കെ. മാത്രമാണ് അവിടെ പങ്കെടുത്തത്. ടി.ഡി.പിയെയും സി.പി.എമ്മിനെയും ക്ഷണിച്ചിരുന്നുവെങ്കിലും ഖമ്മത്ത് നടന്ന ചന്ദ്രശേഖര റാവുവിന്റെ യോഗത്തിൽ പങ്കെടുത്ത പിണറായി വിജയനോ സി.പി.എമ്മോ ശ്രീനഗറിൽ എത്തിയില്ല.
മഞ്ഞുവീഴ്ച്ചയായിരുന്നില്ല കാരണം. കോൺഗ്രസുമായി ഇനിയും തൊട്ടുകൂടായ്മ പറഞ്ഞു നിൽക്കുകയാണ് സി.പി.എം. എന്നാൽ സി.പി.എമ്മിന്റെ ദേശീയ സഖ്യകക്ഷികളായ സി.പി.ഐയും ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും ഉത്സാഹത്തോടെ ശ്രീനഗറിൽ പങ്കെടുത്തു. മഹാരാഷ്ട്രയയിൽ പിൻബലമുള്ള പഴയ ബി.ജെ.പിയുടെ കൂട്ടുകക്ഷിയായ ശിവസേനയും കശ്മീരിലെ പി.ഡി.പിയും നാഷണൽ കോൺഫറൻസും ശ്രീനഗറിൽ ഉണ്ടായി. അവരുടെ നേതാക്കന്മാരും സജീവമായി. പക്ഷെ, എവിടെപ്പോയി എസ്.പിയുടെയും ആർജെ.ഡിയുടെയും ജെ.ഡി.യുവിന്റെയും നേതാക്കളെന്ന് കോൺഗ്രസിനോടു ചോദിക്കുന്നതിനേക്കാൾ നല്ലത് ഈ കക്ഷികളോടു ചോദിക്കുന്നതു തന്നെയാണ്.
പ്രത്യേകിച്ചും സി.പി.എമ്മിനോട്. കേരളം വിട്ടാൽ എവിടയും കോൺഗ്രസ് വിരോധമൊന്നും സി.പി.എമ്മിന് ഇന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ്, പതിറ്റാണ്ടുകൾ ഭരിച്ച ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ചെങ്കൊടി പോലും ഉപയോഗിക്കാതെ ദേശീയ പതാകയുമേന്തി കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചു നടത്തിയ യാത്രയ്ക്ക് നേതൃത്വം കൊടുത്തത് പൊളിറ്റ്ബ്യൂറോ അംഗം മണിക് സർക്കാരും ത്രിപുര പ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. ത്രിപുരയിൽ കോൺഗ്രസുമൊത്ത് ഒരുമിച്ച് പ്രകടനം നടത്തുകയും സീറ്റുകൾ വിഭജിച്ച് ഒരുമിച്ച് മത്സരിക്കുകയും ചെയ്യാൻ മടിയില്ലാത്ത സി.പി.എം. ശ്രീനഗറിൽ പിണക്കം കാണിക്കുന്നു. കേരളത്തിൽ കോൺഗ്രസ് ശത്രുത രാഷ്ട്രീയ ഊർജമായി ഉപയോഗിക്കുന്നു.
തൊട്ടപ്പുറത്ത് തമിഴ്‌നാട്ടിൽ ഡി.എം.കെ. നേതൃത്വം നൽകുന്ന മുന്നണിയിൽ സി.പി.എമ്മും കോൺഗ്രസും മുസ്ലി ംലീഗും സി.പി.ഐയുമെല്ലാം ഒരുമിച്ചാണ് മത്സരിച്ചത്. സി.പി.ഐയുടെ രണ്ടേ രണ്ട് എം.പിമാർ തമിഴ്‌നാട്ടിൽനിന്നാണ് ജയിച്ചത്. സി.പി.എമ്മിനും രണ്ട് എം.പിമാരെ കിട്ടി. കേരളത്തിൽനിന്ന് ഒന്നും. അങ്ങനെ ഇടതുകക്ഷികളുടെ ആറ് എം.പിമാരിൽ അഞ്ചു പേരും കോൺഗ്രസുമായി ബന്ധപ്പെട്ട് വിജയിച്ചവരാണ്. കേരളത്തിൽനിന്നുള്ള ആർ.എസ്.പി. എം.പി. എൻ.കെ. പ്രേമചന്ദ്രനടക്കം. വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ പഴയ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ ഇത്രയും മഹത്തായ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയ മഹായാത്രയുടെ സമാപന ചടങ്ങിൽനിന്ന് സി.പി.എം. മാറിനിന്നത് അൽപ്പത്തമാണ്.
എസ്.പിയും ആർ.ജെ.ഡിയും ജെ.ഡി.യുവും ടി.എം.സിയും സി.പിഎമ്മിന്റെ നീക്കങ്ങൾ എന്താണെന്നു നോക്കിയല്ല രാഷ്ട്രീയ നിലപാട് എടുക്കുന്നതെന്ന് നമുക്കറിയാം. അവരെ സമ്മേളിപ്പിക്കുന്നതിൽ വേണ്ടത്ര കൗശലം കോൺഗ്രസ് കാണിച്ചില്ലാ എന്നോ ഇതിന്റെ ഭാഗഭാക്കാവാൻ ഈ പാർട്ടികൾ ഉത്തരവാദിത്തത്തോടു കൂടി പ്രവർത്തിച്ചില്ലാ എന്നോ ഒരു രാഷ്ട്രീയ നിരീക്ഷകനു പറയാവുന്നതാണ്. പക്ഷെ, 2024-ൽ ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റുകയാണ് ലക്ഷ്യമെങ്കിൽ 2004- ലേതു പോലെ ഒരു പുതിയ യു.പി.എ. രൂപികരിക്കേണ്ടതുണ്ട്.
അന്നത്തെ യു.പി.എയ്ക്കു മുൻകൈയെടുത്തത് സോണിയ ഗാന്ധിയും. സോണിയ ഗാന്ധിയെ ശക്തമായി പിന്താങ്ങിയത് അന്ന് സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയായിരുന്ന സുർജിത് സിങ് ബർണാലയും ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവുമാണ്. ഇന്നതിനു നേതൃത്വം കൊടുക്കാൻ ആളില്ലാതെ പോയോ എന്നാണ് രാഷ്ട്രീയഭാരതം ഉറ്റുനോക്കുന്നത്. ഇവിടെയാണ് രാഹുൽ ഗാന്ധി തന്റെ പുതിയ ഭാവപ്പകർച്ച് രാഷ്ട്രീയദൗത്യത്തിലേക്കു തർജ്ജമ ചെയ്യേണ്ടത്. തന്റെ മാതാവ് സോണിയ ഗാന്ധി കാണിച്ച നിശ്ചയദാർഢ്യത്തോടെയും വിനയത്തോടെയും ബി.ജെ.പിക്കെതിരായ മുഴുവൻ കക്ഷികളെയും ഒന്നിപ്പിച്ച് കോർത്തിണക്കി, യു.പി.എ. എന്നുതന്നെ വിളിച്ചില്ലെങ്കിലും, ഒരു പുതിയ രാഷ്ട്രീയ സഖ്യം, പ്രവർത്തിക്കുന്ന സഖ്യം, ഉണ്ടാക്കാനുള്ള കാലം അതിക്രമിച്ചിരിക്കുകയാണ്. ആ സഖ്യത്തിന്റെ അടിത്തറയാണ് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ഇട്ടതെന്ന്് ഉറപ്പിച്ചു പറയാം.
പക്ഷെ, അടിത്തറ മാത്രം പോരാ. മേൽക്കൂരയും വേണം. അതുകൊണ്ട് ഇനിയും താമസിച്ചുകൂടാ. എല്ലാ രാഷ്ട്രീയകക്ഷികളെയും ഒന്നിപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. രാഷ്ട്രീയ കക്ഷികളുടെ ഐക്യത്തിന്റെ അഭാവത്തിൽ അവരെ പിന്താങ്ങുന്ന വോട്ടർമാരുടെ വോട്ടുകൾ ശിഥിലമാവും. ആ ശൈഥില്യത്തിന്റെ കണക്കുകളും വിതരണ സമ്പ്രദായവും തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോളങ്ങളും ഗ്രാഫുകളും വരച്ച് അക്കാദമിക വ്യായാമം നടത്തിയിട്ടു വലിയ പ്രയോജനമൊന്നുമില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് മുന്നണി രാഷ്ട്രീയത്തിനു പുതിയ പല പ്രശ്‌നങ്ങളും ഉണ്ട്്. മുന്നണിയുടെ പരീക്ഷണശാലയായിരുന്നു കേരളം. കേരളത്തിൽ അറുപതുകളിൽ കോൺഗ്രസ്, ലീഗ്, പി.എസ്.പി. മുന്നണിയും 67-ലെ സപ്തകക്ഷി മുന്നണിയും മുതൽ പതിറ്റാണ്ടുകളായി മുന്നണി സമ്പ്രദായം നമുക്കു പരിചയമുണ്ട്. കേരളത്തിലെ മുന്നണികളുടെ ഏറ്റവും വലിയ പ്രത്യേകത മുന്നണി കക്ഷികളുടെ വോട്ടുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ്. തെക്കൻ കേരളത്തിൽ പലപ്പോഴും സ്ഥാനാർത്ഥിയുടെ സാമുദായിക പ്രത്യേകതകൾ പ്രതിഫലിക്കാറുണ്ടെങ്കിലും പൊതുവിൽ കേരളത്തിൽ കക്ഷിബന്ധങ്ങളുടെ ഐക്യം അതിലണിനിരന്ന വോട്ടർമാരുടെ ഐക്യമായി പരിണമിക്കാറുണ്ട്.
ഉത്തരേന്ത്യയിൽ അങ്ങനെയല്ല. എസ്.പിയും ബി.എസ്.പിയുമായി സഖ്യമുണ്ടായാൽ രണ്ടു പേരുടെയും വോട്ടുകൾ പരസ്പരം കൈമാറ്റം ചെയ്യാൻ പലപ്പോഴും സാധിക്കുന്നില്ല്. ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ഐക്യമുണ്ടാക്കിയപ്പോഴും സി.പി.എമ്മിന്റെ വോട്ട് കോൺഗ്രസിനു കിട്ടിയ ശതമാനവുമായി തട്ടിച്ചുനോക്കിയാൽ കോൺഗ്രസിൽനിന്നു മുഴുവൻ വോട്ടുകളും സി.പി.എമ്മിനും കിട്ടിയില്ല. ത്രിപുരയിൽ എന്താണു സംഭവിക്കുകയെന്നു ഏതാനും ആഴ്ച്ചകൾ കൊണ്ട് കാണാവുന്നതേയുള്ളൂ. അതുകൊണ്ട് കേവലം കക്ഷികളുടെ ഐക്യമെന്നു പത്രഭാഷയിൽ പറഞ്ഞിട്ടു കാര്യമില്ല.
കക്ഷികളുടെ ഐക്യമെന്ന ഫ്രെയിംവർക്ക് പൊളിറ്റിക്കൽ ഫ്രെയിംവർക്കിൽനിന്നുകൊണ്ട് തന്നെ, അതതു കക്ഷികളിലെ വോട്ടർമാരുടെ വോട്ടുകൾ തന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് പകരം കൂട്ടുകക്ഷി സ്ഥാനാർത്ഥിക്ക് കൈമാറുക എന്ന രാഷ്ട്രീയദൗത്യം സ്വന്തം അണികളെ പഠിപ്പിച്ചെടുക്കുക എന്നത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിരക്ഷരും സാധാരണക്കാരുമായ വോട്ടർമാർ അമ്പതും അറുപതും വർഷക്കാലം മുമ്പ് വോട്ട് ട്രാൻസ്ഫർ നടത്തിയ ലാഘവത്തിൽ ഇന്ന് സാക്ഷരരും വിദ്യാസമ്പന്നരുമായ ആളുകൾ മുന്നണി കക്ഷികൾക്ക് വോട്ട് ട്രാൻസ്ഫർ ചെയ്യുന്നില്ല. എന്നത് ഒരു യാഥാർത്ഥ്യം തന്നെ.
ഈ സാഹചര്യത്തിൽ ഒന്നുകിൽ ഒറ്റയ്ക്കു നിൽക്കുക അല്ലെങ്കിൽ വോട്ട് ട്രാൻസ്ഫറിന് പ്രയാസമുള്ള മുന്നണികൾ ഉണ്ടാക്കുക എന്നതൊഴിച്ചാൽ മൂന്നാമതെന്തെങ്കിലും മാർഗമുണ്ടോയെന്ന് കക്ഷികൾ ആലോചിക്കേണ്ടതുണ്ട്, വലിയ കക്ഷികളും ചെറിയ കക്ഷികളും തമ്മിൽ. ദക്ഷിണാഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ അവിടത്തെ കമ്യൂണിസ്റ്റ് പാർട്ടി അഫിലിയേറ്റ് ചെയ്തതു പോലെ അഫിലിയേറ്റ് ചെയ്യുന്ന സമ്പ്രദായം പരീക്ഷിക്കാൻ കഴിയുമോയെന്നു നോക്കണം. ദക്ഷിണാഫ്രിക്കൻ നാഷണൽ കോൺഗ്രസിലെ ഒരു അഫിലിയേറ്റായ സൗത്താഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ ബൈ ഡിഫോൾട്ട് എന്നു പറയുന്നതുപോലെ, അങ്ങനെ പറയുന്നൊരാൾ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിലും എത്തുകയാണ്.
ഇത് ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരുന്നത് അത്ര എളുപ്പല്ലെന്ന് അറിയാമെങ്കിലും ഒരു ചിഹ്നത്തിൽ മത്സരിക്കുക എന്ന നിലയിലേക്ക് മുന്നണിബന്ധങ്ങളെ കൊണ്ടുവരുന്ന ദക്ഷിണാഫ്രിക്കൻ മോഡൽ എങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു പ്രാവർത്തികമാക്കേണ്ടതെന്നു ഒറ്റവാചകത്തിലോ ഖണ്ഡികയിലോ പറഞ്ഞു തീർക്കാവുന്ന വിഷയമല്ല. പ്രശ്‌നം ലളിതമാണ്. ബി.ജെ.പിക്കെതിരെ ഇന്നത്തെ സാഹചര്യത്തിൽ ധാരാളം കക്ഷികളുണ്ട്. ആ കക്ഷികളെ ഒരുമിച്ച് ഇരുത്താൻതന്നെ പ്രയാസപ്പെടുമോ? അങ്ങനെ ഒരുമിച്ചിരുന്ന് ഐക്യമുണ്ടാക്കിയാൽതന്നെ വോട്ടുകൾ ഒരുമിച്ചു കൂട്ടുന്നതിന് പോളിങ് ബൂത്തിൽ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു മുന്നണിയുടെ പുതിയ മാതൃകകൾ എന്താണെന്ന് പുതിയ കാലഘട്ടത്തിൽ അന്വേഷിക്കണമെന്നേ തൽക്കാലം പറഞ്ഞുവെക്കുന്നുള്ളൂ.
എന്തായാലും രാഹുൽ ഗാന്ധിയുടെ നടത്തം ലോകശ്രദ്ധ നേടി. ലോക രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടി. ഈ കരുത്തുമായി വരുന്ന രാഹുൽ പഴയ രാഹുൽ അല്ല. പുതിയ രാഹുലാണ്. പുതിയ രാഹുൽ പിറന്നിരിക്കുന്നു. പുതിയ രാഷ്ട്രീയം അദ്ദേഹത്തെ കാത്തുനിൽക്കുകയാണ്. പുതിയ രാഹുലിനു വേണ്ടതും പുതിയ രാഷ്ട്രീയം തന്നെ. വെറുപ്പിന്റേതല്ലാത്ത രാഷ്ട്രീയം. സാധാരണക്കാരന്റെ രാഷ്ട്രീയം. പാവപ്പെട്ടവന്റെ ഉന്നമനത്തിനു വേണ്ടിയുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ പ്രതീകമായി രാഹുൽ ഗാന്ധി മാറുമ്പോൾ അതിനെ തിരഞ്ഞെടുപ്പു വിജയങ്ങളിലേക്കു നയിക്കണമെങ്കിൽ പുതിയ മുന്നണി മാതൃകകൾ, പുതിയ പരീക്ഷണങ്ങൾ വേണം.
Content Highlights: Rahul Gandhi, Bharat Jodo Yatra, New Political Front, Prathibhashanam, CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..