വെല്ലൂർ കോട്ട, ലേഖകൻ പകർത്തിയ ചിത്രം
ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ യൂറോപ്യന്‍ ശക്തികള്‍ പിടിമുറുക്കാന്‍ തുടങ്ങിയ 16-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് 1566-ലാണ് വിജയനഗര സാമ്രാജ്യത്തിലെ രണ്ടു പ്രഭുക്കന്മാരായിരുന്ന ചിന്നബൊമ്മൈ റെഡ്ഡിയും തിമ്മാറെഡ്ഡി നായ്ക്കും ചേര്‍ന്ന് വെല്ലൂര്‍ കോട്ട പണിതത്. ദക്ഷിണേന്ത്യയിലെ സൈനിക നിര്‍മിതികള്‍ എന്തു മാത്രം ശക്തമായിരുന്നു എന്നതിന്റെ പ്രതീകമാണ് വെല്ലൂര്‍ കോട്ട. കൂറ്റന്‍ കരിങ്കല്ലുകൊണ്ട് പണിതുയര്ത്തിയിട്ടുളള കോട്ടമതിലുകളും കൊത്തളങ്ങളും ഇന്നും അത്ഭുതത്തോടുകൂടി മാത്രമേ കാണാൻ സാധിക്കൂ. അന്യരാരും പ്രവേശിക്കാതിരിക്കുന്നതിന് കോട്ടയ്ക്ക് ചുറ്റും വലിയ കിടങ്ങുകളുണ്ട്. ആ കിടങ്ങുകളില്‍ ആയിരക്കണക്കിന് മുതലകള്‍ ഉണ്ടായിരുന്നുവത്രേ. കിടങ്ങുകള്‍ സാമാന്യം വലിയ ജലസംഭരണിള് തന്നെയാണ്. ആ ജലസംഭരണികള്‍ ഇന്ന് കോട്ടയുടെ ഭംഗിയെ പത്തിരട്ടി വര്‍ധിപ്പിക്കുന്നുമുണ്ട്.
കോട്ട നിര്‍മിച്ച് ഒരു നൂറ്റാണ്ട് ആകുമ്പോഴേക്കും 1656-ല്‍ കോട്ടയുടെ നിയന്ത്രണം ബിജാപുര്‍ സുല്ത്താന്മാര് പിടിച്ചെടുത്തു. അതിനുശേഷം 1678 ആയപ്പോള്‍ അത് മറാത്തകളുടെ കൈയിലായി. അവിടെനിന്ന് 1707-ല്‍ ഡല്‍ഹിയിലെ മുഗള്‍ രാജവംശം ഔറംഗസീബിന്റെ മരണത്തിന് ശേഷം ഈ കോട്ട കൈയടക്കി. ദാവൂദ്ഖാന്റെ നേതൃത്വത്തിലുളള പട്ടാളമാണ് 1707-ല്‍ മുഗളന്മാര്ക്ക് വേണ്ടി ഈ കോട്ട പിടിച്ചെടുത്തത്. വീണ്ടും കോട്ടയുടെ ചരിത്രം മാറിമറിഞ്ഞു. 1799 ആയപ്പോള്‍ അത് പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലായി സ്വാതന്ത്ര്യലബ്ധി വരെ.
ഇത്രയും വിപുലമായ അധികാര കൈമാറ്റങ്ങള്‍ നടന്ന സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. വിജയനഗരവും ബിജാപുര്‍ സുല്ത്താന്മാരും മറാത്തകളും മുഗളന്മാരും ബ്രിട്ടീഷുകാരും നാലു നൂറ്റാണ്ടു കൈവശം വെച്ച ഈ അത്യപൂര്‍വമായ കോട്ട മലയാളികള്‍ക്ക് ഏറെ പരിചിതമല്ല. പഴയ കഥകളിലേക്ക് ഏറെ ശ്രദ്ധിക്കാനല്ല ഈ കുറിപ്പ്. മുഗളന്മാരുടെ കൈയില്‍നിന്ന് ബ്രിട്ടീഷുകാര്‍ കൈയടക്കിയ ഈ കോട്ടയില്‍ അവരുടെ കടന്നാക്രമണത്തിന് വിധേയരായ രാജാക്കന്മാരെയും രാജകുടുംബങ്ങളെയും തടവില്‍ പാര്‍പ്പിച്ച ചരിത്രം ഏറെ പ്രസിദ്ധമാണ്.
1799-ല്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും അമ്മയെയും മക്കളെയുമടക്കം ഏതാണ്ട് മൂവായിരത്തോളം കൊട്ടാരഭൃത്യന്മാര് അടക്കമുളള ആളുകളെ ബ്രിട്ടീഷുകാര്‍ മൈസൂരില്‍നിന്ന് വെല്ലൂര്‍ കോട്ടയില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. ടിപ്പുവിന്റെ മക്കളോട് ക്രൂരത കാണിക്കുന്നതിന് പകരം അവരെ രാഷ്ട്രീയ കാര്യങ്ങളില്‍നിന്ന് മാറ്റുന്നതിന് സാമാന്യം നല്ല സ്റ്റൈപ്പന്റ് നല്‍കിയാണ് താമസിപ്പിച്ചതെന്ന് ഇക്കാര്യങ്ങളില്‍ വിശാരദനായ ജയിംസ് ഡബ്ല്യു. ഹൂവര്‍ എഴുതുന്നുണ്ട്. അതൊരു പാശ്ചാത്യ നിഗമനമായിരിക്കാം.
വെല്ലൂരില്‍ തടവിലാക്കപ്പെട്ട ടിപ്പു സുല്‍ത്താന്റെ മക്കളില്‍ മൂത്തമകനായിരുന്നു ഫത്തേ ഹൈദര്‍. തന്റെ പിതാവായ ഹൈദരാലിയുടെ പേരാണ് ടിപ്പു മൂത്തമകന് നല്‍കിയത്. ബ്രിട്ടീഷുകാര്‍ വെച്ചുനീട്ടിയ സൗഭാഗ്യങ്ങളോട് കൊച്ചു ഹൈദറിന് വലിയ താല്പര്യം തോന്നിയില്ല. ടിപ്പുവിന്റെ സൈന്യത്തിലെ പടയാളിയായി പ്രവര്‍ത്തിച്ച പരിചയം ഹൈദര്ക്കുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് വെല്ലൂര്‍ കോട്ടയില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരായ ഇന്ത്യക്കാര്‍ക്ക് പുതിയ യൂണിഫോമും വേഷവിധാനങ്ങളും അന്നത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ നിര്‍ദേശിച്ചത്. എല്ലാ തരത്തിലുളള മതചിഹ്നങ്ങളും ഉപേക്ഷിച്ചുകൊണ്ടു പാശ്ചാത്യ മാതൃകയിലുളള യൂണിഫോമായിരുന്നു അത്. തോലു കൊണ്ടുളള തൊപ്പി അതിലൊന്നായിരുന്നു. താടിവെക്കാന്‍ ആരേയും അനുവദിച്ചിരുന്നില്ല. കുറിയിടാനും ബ്രിട്ടീഷ് പട്ടാളക്കാര്‍ അനുവാദം മനല്കിയില്ല. പട്ടാളത്തിന്റെ ഏകതയും യൂണിഫോമിറ്റിയും കാത്തുസൂക്ഷിക്കാനാണത്രേ ഇത്തരം പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നത്.
പക്ഷേ, ഇന്ത്യക്കാര്‍ അതു മനസ്സിലാക്കിയത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. പുതുതായി നല്കിയ തൊപ്പി പശുവിന്റെ തോലുകൊണ്ട് ഉണ്ടാക്കിയതാണെന്നും കുറിയിടാതെ നടക്കാന്‍ തയ്യാറല്ലെന്നും ഹിന്ദു സൈനികര്‍ പറഞ്ഞപ്പോള്‍ താടിവെക്കാനുളള അവകാശത്തെ ചോദ്യം ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലെന്ന് ബ്രിട്ടീഷ് പട്ടാളക്കാരും മുറുമുറുത്തു. ഇത് ടിപ്പുവിന്റെ മക്കളുടെ ചെവിയിലുമെത്തി. ജയിംസ് ഡബ്ല്യൂ. ഹൂവര്‍ പറയുന്നത് അവര്‍ അതിന് വലിയ പ്രാധാന്യമൊന്നും കൊടുത്തില്ല എന്നാണെങ്കിലും കോട്ടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മ്യൂസിയം നമ്മളോട് പറയുന്നത് ബ്രിട്ടീഷ് പട്ടാളക്കാര്ക്കിടയിലുളള വൈരുധ്യത്തെ ടിപ്പുവിന്റെ മകന് നന്നായി പ്രയോജനപ്പെടുത്തി എന്നുതന്നെയാണ്.
അതിന്റെ ഫലമായി 1806 ജൂലായ് 10-ാം തിയതി നേരം വെളുക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പട്ടാളത്തിലെ അവര്‍ സിപ്പോയി എന്ന് വിളിച്ച പട്ടാളക്കാര്‍ കോട്ടവാതില്‍ അടച്ചു. നേരത്തേ തീരുമാനിച്ചതുപോലെ കലാപം പൊട്ടിപ്പുറപ്പെട്ടു. നൂറിലധികം യൂറോപ്യന്‍ സൈനികരും 15 ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടു. ഇപ്പുറത്തും വെടിയുണ്ടകള്‍ ഇന്ത്യന്‍ കലാപകാരികളെ കൊന്നൊടുക്കി. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അതിവേഗത്തില്‍ ബ്രിട്ടീഷ് പട്ടാളം പലയിടത്തുനിന്നുമായി കുതിച്ചെത്തിയെങ്കിലും അതിനിടയില്‍ കലാപകാരികള്‍ ഒന്നുചേര്‍ന്ന് മൈസൂരിന്റെ പതാക കോട്ടയില്‍ ഉയര്‍ത്തി എന്നതാണ് പ്രധാനം.
1857-ല്‍ നടന്ന, ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സിപ്പായിമാര്‍ എന്നുവിളിച്ച ഇന്ത്യന്‍ സൈനികരുടെ കലാപത്തിന് അരനൂറ്റാണ്ട് മുമ്പ് ദക്ഷിണേന്ത്യയില്‍ ഇന്ത്യന്‍ ചരിത്രത്തിലുടനീളം പ്രധാനമായ വെല്ലൂര്‍ കോട്ടക്കയ്ക്കകത്ത് ബ്രിട്ടീഷ് സൈനികര്‍ ബ്രിട്ടണെതിരേ തിരിഞ്ഞത് ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്റെ നിര്‍ണായകമായ വഴിത്തിരിവാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ മലയാളിയുടെ മനസ്സില്‍ 1857-ലെ ലഹളയോട് സമാനമായ ഒരു സ്ഥാനം വെല്ലൂര്‍ കലാപത്തിനില്ല.
അവിടെ നിന്നങ്ങോട്ട് എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ടിപ്പുവിന്റെ മക്കളോട് പെരുമാറിയതെന്നു നോക്കാം. ടിപ്പുവിന്റെ കുടുംബത്തെ അവരുടെ സഹായികളില്ലാതെ തന്നെ ബംഗാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹൈദരാലിയുടെ വിധവ- ടിപ്പുവിന്റെ അമ്മ വെല്ലൂരില്‍ വെച്ചുതന്നെ മരണമടഞ്ഞു. കല്‍ക്കട്ടയുടെ പ്രാന്തപ്രദേശങ്ങളില്‍ അന്ന് വനമായി ചേര്‍ന്നുകിടന്ന തുളുഗഞ്ചിലേക്കാണ് ടിപ്പുവിന്റെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചത്. വെല്ലൂരില്‍ തുടര്കലാപങ്ങള് നടത്താതിരിക്കുന്നതിന് ധാരാളം സ്റ്റൈപന്റ് കൊടുത്ത ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി സ്റ്റൈപന്റിന്റെ തിളക്കത്തില്‍ മൈസൂര്‍ പുലിയുടെ മക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ തിരിയാതിരിക്കില്ലെന്ന്.
കല്‍ക്കട്ടയിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട ടിപ്പുവിന്റെ കുടുംബം ചിന്നിച്ചിതറിപ്പോയി. ഇന്നും അവരുടെ പിന്മുറക്കാര് കൊല്‍ക്കത്തയില്‍ ഉണ്ട്. ചിലര്‍ റിക്ഷ ഓടിക്കുന്നു. ഒരാള്‍ മണ്ണെണ്ണ ഷോപ്പ് നടത്തുന്നു. മറ്റൊരാള്‍ ചെറിയ തുണിപ്പീടികയും. ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്തും മാധ്യമങ്ങളില്‍ വരികയുണ്ടായി. പക്ഷേ, അവരിപ്പോഴും ടിപ്പുവിന്റെ പിന്മുറക്കാരാണെന്നു കരുതുകയും അതിന്റെ പേരില്‍ എത്ര പ്രയാസങ്ങള്‍ നേരിടാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്യുന്നുഎന്നത് വര്‍ത്തമാന ചരിത്രമാണ്.
പക്ഷേ, കൊല്‍ക്കത്തയിലെ ഗുലാം മുഹമ്മദ് ട്രസ്റ്റ് കോടാനുകോടി രൂപയുടെ സമ്പത്തുളള ഒരു സ്ഥാപനമാണ്. ആ ട്രസ്റ്റിന്റെ അവകാശികള്‍ ടിപ്പുവിന്റെ പിന്മുറക്കാരാണെങ്കിലും അതു സംബന്ധിച്ച തര്‍ക്കങ്ങള്‍ എവിടെയും എത്താതെ കിടക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും പട്ടിണി കിടക്കുന്ന ടിപ്പുവിന്റെ പിന്മുറക്കാര്ക്കില്ല. കൊല്‍ക്കത്തയിലെ ഗോള്‍ഫ് ക്ലബും ടോളിഗഞ്ച് ക്ലബും ടോളിഗഞ്ച് റേയ്സ് ഹോഴ്സും കൈമുതലായിട്ടുള്ള ഈ ട്രസ്റ്റിന്, ബ്രിട്ടീഷുകാര്‍ നാടുകടത്തിയ ഈ കുടുംബങ്ങളെ സഹായിക്കാന്‍ കഴിയാത്തത് ഒരു ദുരന്തമാണെന്നു മാത്രമേ പറയാന്‍ ആകൂ.
ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ഈ പോരാട്ടങ്ങൾ ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഇനിയും അതിന് ഇടം കിട്ടിയിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ഈ കുറിപ്പ്. ഇതുപോലെ നിരവധി സംഭവങ്ങള്‍ ചരിത്രത്തിന്റെ ഒഴിഞ്ഞ മൂലകളില്‍ ആരും ശ്രദ്ധിക്കാതെ കിടക്കുന്നുണ്ടാകാം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കോളനിഭരണത്തിനെതിരായ പോരാട്ടങ്ങളിൽ പങ്കെടുത്തവരും വീരമൃത്യുവരിച്ചവരും അവരുടെ പിന്മുറക്കാരും പരാജയത്തിന്റെ കയ്പുനീര് കുടിക്കുമ്പോഴും നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായാണ് ഇതുപോലുളള സംഭവങ്ങള്‍ ഉണ്ടായിട്ടുളളത്. കേരളത്തിന് പരിചിതമായ പരിസരങ്ങളില്‍ നടന്ന ഈ ചരിത്രസംഭവം ഇന്നത്തെ രാഷ്ട്രീയത്തിലും വളരെ പ്രാധാന്യമുളളതാണ്. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും.
ടിപ്പുവിനെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ തെറ്റാണെന്നു വാദിക്കുന്നവരാണ് ഇന്നത്തെ കര്‍ണാടകത്തിലെ ഭരണാധികാരികള്‍. ഇതിനര്‍ഥം ടിപ്പു എന്ന രാജാവ് മറ്റനേകം രാജാക്കന്മാരെ പോലെ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് തിരിച്ച് വാദിക്കുകയല്ല. ഏത് രാജ്യത്തെ രാജാക്കന്മാരും അവരുടെ നാടിന്റെയും കാലത്തിന്റെയും രാഷ്ട്രീയ നേതാക്കളാണ്. അവരുടെ ചെയ്തികള്‍ ആ കാലഘട്ടത്തിന്റെ രാഷ്ട്രീയമായാണ് നാം മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും. അതില്‍ വൈദേശിക ആധിപത്യത്തിനെതിരായി പൊരുതിയവര്‍ക്ക് തീര്‍ച്ചയായും അധിക പ്രാധാന്യമുണ്ട്. പക്ഷേ, അവര്‍ ആഭ്യന്തര രംഗത്ത് എടുത്ത എല്ലാ നടപടികളെയും അതിന്റെ പേരില്‍ ന്യായീകരിക്കാനോ അഭിനന്ദിക്കാനോ പുതിയ കാലഘട്ടത്തില്‍ നാം പരിശ്രമിക്കേണ്ടതില്ല.
ടിപ്പു യൂറോപ്യന്‍ ഭരണാധികാരികളെ വിറപ്പിച്ച ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ് എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, ടിപ്പുവിന്റെ ഭരണകാലത്ത്, ഇതരമതക്കാരോടുളള പ്രത്യേകിച്ചും അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലെ ഇതരമതസ്ഥരോട് പൂര്‍ണമായും നല്ല രീതിയില്‍ പെരുമാറിയെന്ന് കരുതേണ്ടതുമില്ല. ഉത്തരകേരളത്തില്‍ അത്തരത്തിലുളള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതംമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും തന്നെ ടിപ്പുവിന്റെയോ ടിപ്പുവിനെ പോലെ എല്ലാ മതങ്ങളിലും പെട്ട ഭരണാധികാരികളുടെ വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടങ്ങളെ ചെറുതാക്കുന്നവയല്ല. നമ്മുടെ പൈതൃകത്തില്‍ ടിപ്പുവും ശിവജിയും മുഗള്‍ രാജാക്കന്മാരും ദക്ഷിണേന്ത്യയിലെ ഇതര രാജകുടുംബങ്ങളും ഒരു പോലെ പരിഗണന അര്‍ഹിക്കുന്നവരാണ്.
ഇന്നത്തെ മതവൈര്യത്തിന്റെ രാഷ്ട്രീയത്തില്‍ മുന്‍കാല രാജാക്കന്മാരെ അവരുടെ വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടങ്ങളെ പോലും അവഗണിക്കുകയും അവരുടെ ചെയ്തികളെ മതം തിരിച്ച് പൂര്‍ണമായും ത്യജിക്കുകയും പൂര്‍ണമായും അംഗീകരിക്കുകയും ചെയ്യുന്ന ചരിത്രരീതി സമകാലിക രാഷ്ട്രീയത്തിന്റെ മുകളില്‍ കെട്ടിവെക്കുന്നതിനോടാണ് വിയോജിക്കുന്നത്. ടിപ്പുവിന്റെ കുടുംബം ടിപ്പുവിന്റെ മക്കളും കുടുംബവും വൈദേശിക ആധിപത്യത്തിന്റെ കണ്ണിലെ കരടായി തുടര്‍ന്നു എന്നുമാത്രമല്ല, അവര്‍ വീണ്ടും ബ്രിട്ടീഷുകാര്‍ക്ക് നേരെ തടവില്‍ കിടന്നുകൊണ്ട് 1806-ല്‍ തന്നെ പോരാട്ടത്തിന് നേതൃത്വം നല്‍കിയെന്നാണ് വെല്ലൂര്‍ കോട്ടയുടെ കഥകളില്‍ നിന്ന് നാം പഠിക്കേണ്ടത്.
Content Highlights: historical significance of Vellore Fort ; Pratibhasgahanam by C P John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..