ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ പിണറായി സര്‍ക്കാര്‍ അടയിരിക്കുമ്പോള്‍| വഴിപോക്കൻ


വഴിപോക്കന്‍

* സഖാവ് പിണറായി വിജയന്‍, സമയം കിട്ടുകയാണെങ്കില്‍ അമേരിക്കയിലെ ആസ്പത്രി കിടക്കയില്‍ കിടന്ന് വി ടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം താങ്കള്‍ ഒന്ന് കൂടി വായിക്കണം. ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒന്നുകൂടി ഒന്ന് കാണണം. താങ്കളുടെ സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അപ്പോള്‍ താങ്കള്‍ക്ക് പിടികിട്ടും.

1928 ലാണ് ശ്രീനാരായണ ഗുരു മരിക്കുന്നത്. അതിന് തൊട്ടടുത്ത കൊല്ലം അതായത് 1929 ഡിസംബറിലായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് 'എന്ന സുപ്രസിദ്ധ നാടകത്തിന്റെ അവതരണം. എടക്കുന്നിയിലെ വടക്കിനിയേടത്തില്ലത്തെ മുറ്റത്ത് ആദ്യമായി ആ നാടകം അരങ്ങേറിയതിനെക്കുറിച്ച് വി ടി എഴുതിയിട്ടുണ്ട്. അണിയറയില്‍ അന്ന് വി ടിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഇ എം എസ് ആയിരുന്നു. ഇല്ലത്തെ നാലുകെട്ടിനകത്തിരുന്ന് നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ തങ്ങളുടെ ജീവിതം പ്രമേയമായ നാടകം കണ്ടു. നാടകത്തിലെ ഓരോ രംഗവും, ഓരോ സംഭാഷണവും സദസ്സിനെ ഇളക്കിമറിക്കുന്നത് കണ്ട് ഇഎംഎസ് തന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് തുള്ളിച്ചാടി എന്നാണ് വി ടി എഴുതുന്നത്.

vt bhattathiripad
വി ടി ഭട്ടതിരിപ്പാട

92 കൊല്ലങ്ങള്‍ക്കിപ്പുറത്ത് കഴിഞ്ഞ വര്‍ഷം ജിയോ ബേബി എന്ന സംവിധായകന്റെ ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ' കേരള സമൂഹത്തെ അഭിസംബോധന ചെയ്യുന്നത് കാണാന്‍ വി ടിയോ ഇഎംഎസ്സോ ഉണ്ടായിരുന്നില്ല. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഉള്ളുകൊണ്ടെങ്കിലും രണ്ടു പേരും തുള്ളിച്ചാടുമായിരുന്നുവെന്നത് ഉറപ്പാണ്. ഇക്കഴിഞ്ഞ നൂറു കൊല്ലങ്ങളില്‍ കേരളീയ സമൂഹത്തില്‍ സ്ത്രീയുടെ വിമോചനം എത്രമാത്രം സാദ്ധ്യമായിട്ടുണ്ടെന്നുള്ള അന്വേഷണത്തില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിനും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയ്ക്കും നിര്‍ണ്ണായക സ്ഥാനമുണ്ട്. ജിയോ ബേബിയുടെ സിനിമ ഇറങ്ങുന്നതിന് രണ്ടു വര്‍ഷം മുമ്പാണ് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടത്.

2017 ഫെബ്രുവരി 17 ന് കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ലൈംഗിക പീഡനമാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ നിയമനത്തിന് വഴിയൊരുക്കിയത്. മലയാള സിനിമയുടെ മുന്‍ നിരയിലുണ്ടായിരുന്ന ഒരു യുവ നടിയെ ഒരു സംഘം ഗുണ്ടകള്‍ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം എല്ലാ അര്‍ത്ഥത്തിലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ജനപ്രിയ നടന്‍ എന്ന വിശേഷണത്തില്‍ അഭിരമിക്കുന്ന നടന്‍ ദിലീപാണ് ഈ കേസില്‍ ഗൂഡാലോചന നടത്തിയതെന്ന പോലീസിന്റെ കണ്ടെത്തല്‍ കേരള സമൂഹത്തിന്റെ മനഃസാക്ഷിക്ക് മേല്‍ അശനിപാതം പോലെയാണ് വന്നു വീണത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ നടത്തിയ ഇടപെടലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ നിയമനത്തിലേക്ക് ആദ്യ പിണറായി സര്‍ക്കാരിനെ നയിച്ചത്.

മുന്‍ ഐഎഎസ് ഓഫീസര്‍ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് രണ്ടംഗങ്ങള്‍. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരില്‍നിന്ന് എടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31ന് ജസ്റ്റിസ് ഹേമ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മലയാള സിനിമ മേഖലയില്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങളും വിവേചനങ്ങളും വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ജസ്റ്റിസ് ഹേമ കമ്മീഷനോട് അക്കമിട്ട് നിരത്തിപ്പറഞ്ഞു. മനസ്സില്‍ വിഗ്രഹങ്ങളായി കൊണ്ടു നടന്നിരുന്ന പല താരങ്ങളുമുള്‍പ്പെടെയുള്ള പുരുഷ ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ വനിത സഹപ്രവര്‍ത്തകരോട് നടത്തിയിട്ടുള്ള അതിക്രമങ്ങളാണ് ആ മൊഴികളില്‍ അനാവൃതമായത്.

മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന ഉച്ചനീചത്വങ്ങളും അതിക്രമങ്ങളും വ്യക്തമാക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ ചെയ്തതെന്നാണറിയുന്നത്. ഇത്തരം ഒരു റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയാല്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് കമ്മീഷന്‍ പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ ജനങ്ങളോട് വെളിപ്പെടുത്തുകയും പരിഹാര നടപടികള്‍ക്ക് തുടക്കം കുറിക്കുകയുമാണ്.

പക്ഷേ, ഇതൊന്നും തന്നെ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം മുഖ്യമന്ത്രി പിണറായിയും സഹപ്രവര്‍ത്തകരും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മുകളില്‍ അടയിരുന്നു.മലയാള ചലച്ചിത്ര മേഖലയെ ആണ്‍മേല്‍ക്കോയ്മയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള അവസരമായി ഈ റിപ്പോര്‍ട്ടിനെ കാണുന്നതിനു പകരം ഇങ്ങനെയൊരു തലവേദന എന്തിനാണ് സ്വയം വരുത്തിവെച്ചതെന്ന ചിന്തയാണ് പിണറായി സര്‍ക്കാരിനെ നയിച്ചത്.

The Great Indian Kitchen release in Mathews Pulickan Mrudula Devi S Suraj Nimisha

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടുന്നതിനോ ആ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനോ തയ്യാറാവാതെ രണ്ടു കൊല്ലം പിണറായി സര്‍ക്കാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് തള്ളിനീക്കി. അടുത്ത സര്‍ക്കാരായി അവരുടെ പാടായി എന്ന നിലപാടെടുക്കുമ്പോള്‍ ഒരു പക്ഷേ, മുഖ്യമന്ത്രി പിണറായി വിചാരിച്ചിരിക്കില്ല താന്‍ തന്നെയാവും അടുത്ത സര്‍ക്കാരിനെയും നയിക്കുകയെന്ന്.

കഴിഞ്ഞ നാലരപ്പതിറ്റാണ്ടിനുള്ളില്‍ ഇതാദ്യമായി ഒരു മുന്നണി കേരളത്തില്‍ തുടര്‍ഭരണം നേടിയെന്ന ഖ്യാതിയുമായി രണ്ടാംവട്ടവും അധികാരമേറിയ പിണറായി വിജയന് മുന്നില്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും തലവേദനയാവുകയാണ്. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ടില്‍ പിണറായി സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ഒരു മറുപടിയും സര്‍ക്കാരിന്റെയോ ഭരണകകഷിയായ സിപിഎമ്മിന്റെയോഭാഗത്ത് നിന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താത്തതിനുള്ള സര്‍ക്കാരിന്റെ മറുപടി കേട്ടാല്‍ നമ്മള്‍ ചിരിച്ച് ചിരിച്ച് ഒരു വഴിയാവും. കമ്മീഷന്‍ ഒഫ് എന്‍ക്വയറി പ്രകാരമല്ലത്രെ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ഒരു ബാദ്ധ്യതയുമില്ലപോലും. സര്‍ക്കാര്‍ മാത്രമല്ല കേരളത്തിലെ വനിതാ കമ്മീഷനും ഇതേ അഭിപ്രായമാണുള്ളതെന്നതാണ് ഏറെ രസകരം.

sathidevi
പി സതീദേവി

ഞങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് പോലീസും കോടതിയും എന്നാണ് മുന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്‍ പറഞ്ഞത്. ഏതാണ്ട് ഇതേ ടോണിലാണ് ഇപ്പോഴത്തെ വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുടെയും സംസാരം. വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ട കാര്യമില്ലെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ നിലപാടെടുക്കുമ്പോള്‍ അതില്‍പരം കോമഡി മറ്റെന്താണുള്ളത്.

സതീദേവിക്ക് മാത്രമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയ്ക്കും ഇതേ നിലപാടാണുള്ളതെന്നതാണ് വിചിത്രം. റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പുറത്തുപറയാന്‍ പറ്റാത്ത അത്രയും സ്‌ഫോടനാത്മകമായ സംഗതികളാണെന്നും ഇവ പുറത്തു വന്നാല്‍ മൊഴി നല്‍കിയ സ്ത്രീകളുടെ ജീവന് പോലും അപകടമുണ്ടായേക്കുമെന്നുമാണ് ഈ നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊഴി നല്‍കിയവരുടെ പേരും മേല്‍വിലാസവും മറച്ചുവെച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ ഇതിലുള്ളു എന്നൊന്നും ചോദിക്കരുത്. കാരണം പ്രശ്‌നം മൊഴി നല്‍കിയവരുടെ സുരക്ഷയല്ല മറിച്ച് മൊഴികളില്‍ പ്രതിസ്ഥാനത്തുള്ളവരുടെ സുരകഷയാണ് എന്ന് തിരിച്ചറിയാന്‍ നിത്യേന അരിയാഹാരം തന്നെ കഴിക്കണമെന്ന നിര്‍ബ്ബന്ധത്തിന്റെയൊന്നും ആവശ്യമില്ല.

ഒരു കോടിയോളം രൂപയാണ് ഹേമ കമ്മീഷനായി സര്‍ക്കാര്‍ ചെലവഴിച്ചത്. എ കെ ജി സെന്ററില്‍ നിന്നോ പാര്‍ട്ടി അധീനതയിലുള്ള സഹകരണ സംഘങ്ങളില്‍ നിന്നോ അല്ല ഈ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ഈ പണം വരുന്നത്. അപ്പോള്‍പിന്നെ കേരള സമൂഹത്തോടും ജനങ്ങളോടും എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ ജസ്റ്റിസ് ഹേമ ചെയ്യേണ്ടത് തന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും പൊതു സമൂഹത്തില്‍ വെളിപ്പെടുത്തുക എന്നതാണ്.

റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ കേരളത്തിനും ലോകത്തിനും മുന്നില്‍ പല ' പ്രമുഖരും ' തുണിയില്ലാതെ നില്‍ക്കേണ്ടി വരും എന്നാണറിയുന്നത്. സ്ത്രീകളോട് ഇവര്‍ കാട്ടിയിട്ടുള്ള ക്രൂരതകള്‍ അനാവരണം ചെയ്യപ്പെടുന്നത് തടയണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് സര്‍ക്കാരിനും വനിതാ കമ്മീഷനുമുള്ളത്. അതായത് ഉത്തമാ , സര്‍ക്കാരും വനിത കമ്മീഷനും ഇരകള്‍ക്കൊപ്പമല്ല മറിച്ച് പ്രതികള്‍ക്കൊപ്പമാണ്.

കഷ്ടകാലം ചില നേരങ്ങളില്‍ കമ്മീഷന്റെ രൂപത്തിലാണ് അവതാരമെടുക്കുക എന്ന് കേട്ടിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ പിണറായി സര്‍ക്കാരിന് ഇങ്ങനെയൊരു ' അമളി ' പറ്റിയിരുന്നു. ചെന്നിത്തലയും കൂട്ടരും സ്വസ്ഥത കെടുത്തിയപ്പോഴാണ് മാധവന്‍ നമ്പ്യാര്‍ എന്നൊരു മുന്‍ ഐഎഎസ് ഓഫീസറെക്കുറിച്ച് പിണറായിയോട് ആരോ പറഞ്ഞുകൊടുത്തത്. നമ്പ്യാരല്ലേ , കണ്ണൂരുകാരനല്ലേ എന്നൊക്കെ കരുതിയാവും കേട്ടപാതി , കേള്‍ക്കാത്ത പാതി കേറിയങ്ങ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു. പക്ഷേ, മാധവന്‍ നമ്പ്യാര്‍ സംഗതി സീരിയസ്സായി എടുത്തു. മുഖ്യമന്ത്രിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ കളിച്ച കളിയാണ് സ്പ്രിങ്ക്‌ളര്‍ കരാര്‍ എന്നാണ് മാധവന്‍ നമ്പ്യാര്‍ കണ്ടെത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറി, ധന, നിയമ , റവന്യു വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരയൊരെയും അറിയിക്കാതെയാണ് ശിവശങ്കര്‍ സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടുപോയതെന്നും കമ്മിഷന്‍ കണ്ടെത്തി. ഭാവിയില്‍ ഇത്തരം അലമ്പുകള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സൈബര്‍ വിദഗ്ദന്‍ ഗുല്‍ഷന്റോയിയായിരുന്നു ഈ വിഷയത്തില്‍ മാധവന്‍ നമ്പ്യാരെ സഹായിച്ചത്.

കമ്മീഷന്‍ എന്നു പറഞ്ഞാല്‍ സമയം കളയാനുള്ള ഉപാധിയാണെന്ന് മാധവന്‍ നമ്പ്യാര്‍ക്കറിയില്ലായിരുന്നു. കുരുക്കഴിക്കുന്നതിനു പകരം മറ്റൊരു കുരുക്കുണ്ടാക്കുകയാണ് കമ്മിറ്റി ചെയ്തതെന്ന് കണ്ടപ്പോള്‍ പിണറായി സര്‍ക്കാര്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. കമ്മിറ്റിക്ക് മേല്‍ മറ്റൊരു കമ്മിറ്റി എന്നതായിരുന്നു ആ ചരിത്രം. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുന്‍ നിയമ സെക്രട്ടറി കെ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റി. ഈ കമ്മിറ്റി സര്‍ക്കാര്‍ ഇംഗിതം കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചു. സ്പ്രിങ്ക്‌ളര്‍ റിപ്പോര്‍ട്ടില്‍ ഒരു തരത്തിലുള്ള ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും ശിവശങ്കറെപ്പോലെ തങ്കപ്പെട്ടൊരു ഉദ്യോഗസ്ഥന്‍ വേറെയില്ലെന്നുമായിരുന്നു നായര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. ആളും തരവും നോക്കി വേണം കമ്മിറ്റിയെ നിയമിക്കല്‍ എന്ന പാഠം അന്നാണ് സഖാവ് പിണറായി പഠിച്ചത്.

ഈ പാഠം വെറുതെയായിരുന്നില്ല. ദാ ഇപ്പോള്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിക്കാനും പിണറായി സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി ആണ് ഈ പുതിയ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. സാംസ്‌കാരിക, നിയമ വകുപ്പുകളില്‍ നിന്നുള്ള അണ്ടര്‍ സെക്രട്ടറിമാരാണ് കമ്മിറ്റിയിലുള്ള മറ്റ് രണ്ട് പേര്‍. ഏത് കമ്മിറ്റിയിലും മൂന്നു പേരുണ്ടായിരിക്കണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഈ പുതിയ മൂന്നംഗ കമ്മിറ്റി പിണറായി സര്‍ക്കാരിനെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തീര്‍ത്തിട്ടുള്ള പ്രതിസന്ധിയില്‍ നിന്ന് പുഷ്പം പോലെ ഊരിയെടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

ചുരുങ്ങിയത് 2026 വരെയെങ്കിലും കമ്മിറ്റിയുടെ പഠനം നീണ്ടുപോവണമെന്നായിരിക്കും പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള സ്‌ഫോടനാത്മകമായ വിവരങ്ങളില്‍ വെള്ളമൊഴിച്ച് സ്‌ഫോടനം എങ്ങിനെ ഇല്ലാതാക്കാം എന്നതാവും അജോയ് കമ്മിറ്റിയുടെ മുന്നിലുള്ള മുഖ്യ അജണ്ട.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇനിയിപ്പോള്‍ അജോയ് കമ്മിറ്റിയുടെ സ്വാസ്ഥ്യം കെടുത്തുമോ എന്നറിയില്ല. നാട്ടിലെ പ്രമുഖരുടെ ലീലാവിലാസങ്ങള്‍ വായിച്ചറിഞ്ഞ് അജോയ്ക്കും കൂട്ടര്‍ക്കും ബുദ്ധനെപ്പോലെ ബോധോദയമുണ്ടാവാനും തദ്വാരാ ഈ ലോക ജീവിതത്തോട് തന്നെ വിരക്തിയും വൈരാഗ്യവും ഉണ്ടാവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.