ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം


സി.പി.ജോണ്‍പി.സി.ജോർജ്

വിഷനാവുകള്‍ കൊണ്ടുളള വിദ്വേഷ പ്രസംഗങ്ങളുടെ നാടായി കേരളം അധഃപതിച്ചു കഴിഞ്ഞു. ആരുടെ വിദ്വേഷ പ്രസംഗമാണ് ഏറ്റവും മോശമായത് എന്നതിനെ കുറിച്ചല്ലാതെ, വിദ്വേഷപ്രസംഗങ്ങള്‍ എന്തിന് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ഉയരുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.

പി.സി. ജോര്‍ജ് ജയിലില്‍ എത്തിക്കഴിഞ്ഞു. പി.സി. ജോര്‍ജിനെ സംബന്ധിച്ചിടത്തോളം വിദ്വേഷ പ്രസംഗം അദ്ദേഹത്തിന്റെ കുലത്തൊഴിലാണ്. ഒരു പ്രത്യേക വിഭാഗനെതിരേ മാത്രമേ വിദ്വേഷപ്രസംഗം നടത്തൂ എന്ന ഒരു നിര്‍ബന്ധവും പി.സി. ജോര്‍ജിന് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ 'മതാതീതനായ വിദ്വേഷപ്രസംഗകന്‍' എന്ന് വിളിക്കാവുന്നതാണ്. ഒരു കാലത്ത് എസ്.ഡി.പി.ഐയുടെ വേദികളില്‍ നിറഞ്ഞാടിയ പി.സി. ജോര്‍ജ് പിന്നീട് ഹിന്ദുവേദി ഉപയോഗിച്ചുകൊണ്ടാണ് മുസ്ലീം സമുദായത്തെ കടന്നാക്രമിച്ചത്. ദീപസ്തംഭം മഹാശ്ചര്യം എന്നുപറയുന്നതുപോലെ വിദ്വേഷ പ്രസംഗം മഹാശ്ചര്യം എന്ന മുദ്രാവാക്യം കണ്ടുപിടിച്ച മഹാനാണ് പി.സി. ജോര്‍ജ്. പി.സി. ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗമാണ് ഇന്ന് അദ്ദേഹത്തെ ജയിലില്‍ എത്തിച്ചിരിക്കുന്നത്.

ഒരു കാലത്ത് ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗങ്ങളായിരുന്നു മാര്‍ക്കറ്റില്‍ തിളങ്ങി നിന്നിരുന്നത്. അന്ന് അതിനെതിരേ കേസെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്ന് അതിനെതിരേ കേസെടുത്തെങ്കില്‍ പിന്നീട് ഒരാള്‍ക്ക് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ രാഷ്ട്രീയമായി ലാഭകരാണ് എന്നുതോന്നുമായിരുന്നുമില്ല. ഇതിനിടയിലാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന് കുട്ടികളെ തിരഞ്ഞെടുക്കുന്ന പുതിയ രീതി കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പിഞ്ചുബാലന്മാരുടെ കുരുന്ന് തൊണ്ടയില്‍നിന്ന് കൊലവിളികള്‍ ഉയരുന്നത് കേട്ട് കേരളം ഞെട്ടിപ്പോയി. അത് ആ കുട്ടികള്‍ എഴുതിയതല്ലെന്നും അത് ആ കുട്ടികള്‍ വിളിച്ചത് അല്ലെന്നും മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിയൊന്നും ആവശ്യമില്ല. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുളള വിധ്വംസക പ്രവര്‍ത്തനത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണമായി ഈ മുദ്രവാക്യം വിളി മാറിക്കഴിഞ്ഞു.

ഇത്തരത്തില്‍ ഓരോ ഷോക്കുകള്‍ കേരളത്തിന് കിട്ടുമ്പോഴും രാഷ്ട്രീയ കേരളം എന്തുചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ അതേ ധാരയിലല്ല പലപ്പോഴും കേരളം യാത്ര ചെയ്തിട്ടുളളത്. ഇപ്പോഴും അങ്ങനെ തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നിരവധി വര്‍ഗീയ കലാപങ്ങളുണ്ടാവുകയും വര്‍ഗീയ കലാപങ്ങളുടെ ഫലമായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാര്‍ ഇന്നത്തെ പോലെ കേട്ടാല്‍ അറയ്ക്കുന്ന വിദ്വേഷപ്രസംഗം നടത്തിയതായി നമുക്ക് ഓര്‍മയില്ല.

അടുത്തകാലത്ത് ഹരിദ്വാറില്‍നിന്ന് ഉയര്‍ന്ന മുദ്രാവാക്യം ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ കൊല്ലണമെന്ന പച്ചയായ ആഹ്വാനമായിരുന്നു. ഈ ആഹ്വാനങ്ങള്‍ ഉയര്‍ത്തിയ അലയടി അവസാനിക്കുമ്പോഴേക്കും വീണ്ടുമിതാ നൂറ്റാണ്ടുകള്‍ പഴക്കമുളള സ്മാരകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിദ്വേഷപ്രസംഗങ്ങളുടെ തിരിയാവുകയാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലവറകളില്‍ എന്തോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന മട്ടില്‍ കുറേ ദിവസം വലിയ കോലാഹലങ്ങളുണ്ടായി. ഈ അറകളില്‍ പ്രത്യേകിച്ച് ഒന്നും ഒളിപ്പിച്ചുവെച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ പറഞ്ഞതോടെ അതൊന്ന് ശമിച്ചുവെങ്കിലും താജ്മഹല്‍ നിന്നിടത്ത് ഒരു ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നു എന്ന വിസ്‌ഫോടനാത്മകമായ അവകാശവാദം അന്തരീക്ഷത്തില്‍ മായാതെ തന്നെ നില്‍ക്കുകയാണ്. ലോകാത്ഭുതമായ താജ്മഹലിനെപ്പോലും വൈരാഗ്യത്തിന്റെ അല്ലെങ്കില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആയുധമാക്കി മാറ്റുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലുളളത്.

താജ്മഹലിനെ കുറിച്ചുളള ചര്‍ച്ച ഒതുങ്ങുമ്പോഴേക്കും കുത്തബ്മിനാറിനെ കുറിച്ചുളള ചര്‍ച്ച തുടങ്ങുകയായി. താജ്മഹലിനേക്കാളും നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ് കുത്തബ്മിനാര്‍. ആ കുത്തബ്മിനാര്‍ ആയിരം വര്‍ഷത്തിലധികമായി എങ്ങനെ കേടുകൂടാതെ എങ്ങനെ നില്‍ക്കുന്നു എന്നതല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത് മറിച്ച് കോടതിയില്‍ വന്നിരിക്കുന്ന കേസ് അവിടെ ഒരു ജൈനമതക്ഷേത്രം ഉണ്ടായിരുന്നുവെന്നതാണ്. ആയിരം വര്‍ഷം മുമ്പ് അവിടെ ജൈനമതക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തന്നെയിരിക്കട്ടേ. ഇപ്പോള്‍ എന്തുചെയ്യാന്‍ കഴിയും? കുത്തബ് മിനാര്‍ പൊളിച്ചടുക്കി അവിടെ ഉണ്ടായിരുന്ന ജൈനമത ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നാണോ ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നത്. ഈ ഹര്‍ജിയും കോടതിയില്‍ എത്തിയിരിക്കുന്നു.

ഈ രണ്ടുസംഭവങ്ങളുണ്ടായിട്ടും ഇന്ത്യയുടെ പൈതൃകത്തിന്റെ മഹാസ്തംഭങ്ങളായ താജ്മഹലിനെയും കുത്തബ്മിനാറിനെയും പരസ്യമായി തകര്‍ക്കുന്നതിന് വേണ്ടിയുളള ഗൂഢാലോചനകളുടെ ഭാഗമായി കേസുകള്‍ കുത്തിപ്പൊക്കുമ്പോഴും ഇന്ത്യയുടെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരക്ഷരം മിണ്ടിയില്ലെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കാതല്‍. ബി.ജെ.പിക്ക് നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്തിന് ആര്‍.എസ്എസിന് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പാര്‍ശ്വവിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ അത് കണ്ടില്ലെന്ന് നടിക്കുകയും ചില ഉദ്യോഗസ്ഥന്മാരെക്കൊണ്ട് പ്രസ്താവനകള്‍ നടത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെ എന്നാണ് ഈ ഘട്ടത്തില്‍ നാം ചോദിക്കേണ്ട ചോദ്യം.

ഇത്തരത്തില്‍ ഒരു വിദ്വേഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ ഉല്പന്നമാണ് കേരളത്തിലെയും വിദ്വേഷപ്രസംഗങ്ങളും അതിനെതിരായ പ്രതികരണങ്ങളും. ഇന്ത്യയില്‍ ഒരു വലിയ വര്‍ഗീയ അഗ്നിപര്‍വതം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അത് ഏത് നിമിഷവും പൊട്ടിത്തെറിക്കാം. അത് പൊട്ടിത്തെറിക്കട്ടേ, അതിന് ശേഷമുണ്ടാകുന്ന കാര്യങ്ങള്‍ മാനേജ് ചെയ്യാം എന്നുകരുതുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുന്നു എന്ന കാര്യം മറന്നുകൂടാ.

ദേശീയ സ്മാരകങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും നമുക്കുണ്ടാകേണ്ട ധാരണയെന്താണെന്ന് ഈ ഘട്ടത്തില്‍ പറഞ്ഞുവെക്കാം. ഒരു നിശ്ചിതകാലത്തിന് അപ്പുറമുണ്ടായിട്ടുളള ഉദാഹരണത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിട്ടുളള സ്മാരകങ്ങളെക്കുറിച്ചൊന്നും തന്നെ ഇനി ചര്‍ച്ച പാടില്ലെന്നും അത് എങ്ങനെ നിലനില്‍ക്കുന്നുവോ അങ്ങനെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അര്‍ഥമാക്കുന്ന നിയമനിര്‍മാണം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അത് കണ്ടഭാവം പോലും നടിക്കുന്നില്ല. ഇന്ത്യയുടെ പൈതൃകങ്ങളും സാംസ്‌കാരിക മുദ്രകളും തകര്‍ത്തെറിഞ്ഞുകൊണ്ടാണോ പുതിയൊരു സംസ്‌കൃതി ഇന്ത്യയില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം ബി.ജെ.പിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഈ നിലയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ അങ്ങനെയുളള ഒരു ഇന്ത്യയെ നയിക്കാന്‍ ഒരു പക്ഷേ ബി.ജെ.പിക്ക് പോലും സാധിച്ചു എന്നുവരികയില്ല. ഇത്തരത്തിലുളള തീവ്ര വര്‍ഗീയ ധ്രുവീകരണ മന്ത്രങ്ങള്‍ കൊണ്ട് രാഷ്ട്രീയത്തില്‍ ക്ലച്ചുപിടിക്കാന്‍ കഴിയും എന്ന് കരുതുന്ന ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിച്ചുവരും. ഇപ്പോള്‍ തന്നെ ബി.ജെ.പിക്കും ആര്‍.എസ്എസിനും പുറത്ത് സംഘപരിവാറിന്റെ ഔദ്യോഗിക ശക്തികള്‍ക്കപ്പുറത്ത് നിരവധി നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാവുകയും ആ ഗ്രൂപ്പുകള്‍ അവര്‍ക്ക് തോന്നിയ തരത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ സംസാരിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സര്‍വസാധാരണമായി തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് പി.സി. ജോര്‍ജിന്റെ വിദ്വേഷപ്രസംഗമായാലും പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിലേക്ക് ഇറക്കിവെച്ച കൊലവിളികളായാലും അതിന്റെ അടിസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വര്‍ഗീയ ചേരിതിരിവുകളാണ്.

ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ച ഒരു പുതിയഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് സംഘര്‍ഷങ്ങളും വിദ്വേഷപ്രസംഗങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ഇന്ത്യന്‍ ഫാസിസം മറ്റു രാജ്യങ്ങളിലെ ഫാസിസത്തിന്റെ അതേ മാതൃകയിലായിരിക്കും വളരുക എന്നത് ഒരു തെറ്റായ ചിന്ത മാത്രമാണ്. ഫാസിസം വേണ്ടത്ര വളര്‍ന്നിട്ടില്ല, വളര്‍ന്നെങ്കില്‍ തന്നെ മൂത്തിട്ടില്ല എന്ന് താത്വികമായി വിശകലനം ചെയ്യുന്ന ഇടതുപക്ഷ നേതാക്കന്മാരും ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകള്‍ എടുക്കാന്‍ സമയമായിരിക്കുന്നു. എന്തു വിലകൊടുത്തും ഇത്തരത്തിലുളള വര്‍ഗീയ ജ്വരവും വിദ്വേഷം പടര്‍ത്തുന്ന ജീവിതരീതിയും അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിന്റെ മാത്രമല്ല, നമ്മുടെ ഓരോ കുടുംബത്തിന്റെയും സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

വര്‍ഗീയമായ അന്തരീക്ഷത്തില്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന കുട്ടികള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളേക്കാള്‍ മാനസിക സംഘര്‍ഷം നിറഞ്ഞവരായിരിക്കുമെന്ന് മനസ്സിലാക്കുന്നതിന് ഒരുപാട് ഗവേഷണങ്ങളുടെ അകമ്പടികള്‍ ആവശ്യമില്ല. മാത്രമല്ല, നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കുതകുന്ന ഏറ്റവും നല്ല വ്യവസായങ്ങള്‍ ഇത്തരത്തിലുളള വര്‍ഗീയ സംഘര്‍ഷങ്ങളുടെ മണ്ണിലേക്ക് മടിച്ച് മടിച്ച് മാത്രമേ കടന്നുവരികയുളളൂ. അതുകൊണ്ട് ഈ വിഷനാക്കുകള്‍ കൊണ്ടുളള വിദ്വേഷ പ്രസംഗങ്ങള്‍ ഉടനെ അവസാനിപ്പിക്കണം.

ഇതോടൊപ്പം തന്നെ ചേര്‍ത്തുപറയേണ്ടതാണ് രാഷ്ട്രീയ കക്ഷികള്‍ അങ്ങോളമിങ്ങോളം സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന തെറിപ്രസംഗങ്ങളും അതുപോലെ തന്നെ വൃത്തികെട്ട ആരോപണ വൈകൃതങ്ങളും. ഒരു നേതാവിനെ ഇഷ്ടമില്ലെങ്കില്‍ അയാളെ തെറികൊണ്ട് അഭിഷേകം ചെയ്യുന്ന തരത്തിലുളള വാട്‌സാപ്പ് മെസേജുകളും ഫെയ്‌സ്ബുക് മെസേജുകളും ഇന്ന് കേരളത്തില്‍ സര്‍വസാധാരണമാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ജയിക്കേണ്ടതായിട്ടുണ്ട്, ഭരിക്കേണ്ടതായിട്ടുണ്ട്.

പക്ഷേ, നമ്മുടെ സംസ്‌കൃതിയേയും സംസ്‌കാരത്തേയും നശിപ്പിച്ചുകൊണ്ട് നേടുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ ഹ്രസ്വകാല നേട്ടങ്ങളേക്കാള്‍ ദീര്‍ഘകാല ദുരന്തങ്ങളിലേക്ക് എത്തിക്കും മുഴുവന്‍ ആളുകളേയും എത്തിക്കും എന്നാരും മറന്നുപോകരുത്. ഇന്ന് നേട്ടങ്ങളുണ്ടാക്കിയവര്‍ക്ക് പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ വിഷലിപ്തമായ പ്രസംഗങ്ങളും പ്രചരണങ്ങളും ഉടനെ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം കേരള അസംബ്ലി കൊണ്ടുവരേണ്ടതായിട്ടുണ്ട്.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു 'ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ഇസ്ലാം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം,ഞങ്ങളിലുളളത് മാനവരക്തം' എന്ന മുദ്രാവാക്യം. ഇന്നിത് 'ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുളളത് മാനവ രക്തം' എന്ന രണ്ടു വരികളിലേക്ക് ചുരുക്കാം. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ കേരളത്തിന്റെ തെരുവുകളില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചിറങ്ങേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുകയാണ്. വിഷനാക്കുകള്‍ക്ക് വിലങ്ങുവെച്ചതുകൊണ്ട് മാത്രം തീരുന്ന വിഷയമല്ല ഇത്. ക്രിയാത്മകമായ മതേതര ശക്തികളുടെ മുന്നേറ്റം തെരുവില്‍ തന്നെ തുടങ്ങേണ്ടതായിട്ടുണ്ട്. അതിനായി എല്ലാ മതവിശ്വാസികളുടേയും ഐക്യം ഊട്ടിയുറപ്പിക്കപ്പെടട്ടേ എന്നുമാത്രം പറഞ്ഞുവെക്കുന്നു.

Content Highlights: hate speeches and Indian politics, pratibhashanam column by CP John

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented