ഗുജറാത്തിലെ ലൂണവാഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാരമണിയിക്കുന്നു | Photo: PTI, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഉജ്ജയിനിൽ എത്തിയപ്പോൾ | Photo: ANI
ഗുജറാത്തിൽ ബി.ജെ.പി. അധികാരം നിലനിർത്തുമോ എന്നതായിരുന്നില്ല ചോദ്യം. 1985-ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്വന്തമാക്കിയ 149 സീറ്റുകളുടെ റെക്കോഡ് തകർക്കാൻ ബി.ജെ.പിക്കാവുമോ എന്നതായിരുന്നു ചോദ്യം. ഗുജറാത്ത് തിരിച്ചുപിടിക്കൽ കോൺഗ്രസിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്തിനെ തൊട്ടതേയില്ല. ഗുജറാത്ത് കോൺഗ്രസ് ഉപേക്ഷിക്കുകയാണ് എന്ന സൂചന ആ നീക്കത്തിലുണ്ടായിരുന്നു. കെജ്രിവാളിന്റെ എ.എ.പിയും ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും കളത്തിലിറങ്ങിയതോടെ കോൺഗ്രസിന്റെ ഉള്ള കഞ്ഞിയിൽ കൂടി പാറ്റ വീഴുമെന്നതായിരുന്നു അവസ്ഥ. അപ്പോൾ പിന്നെ ചോദ്യം സോളങ്കിയുടെ റെക്കോഡ് തകർക്കാൻ മോദിക്കാവുമോ എന്നത് മാത്രമായി.
ഭൂപേന്ദ്ര പട്ടേലായിരിക്കാം ഗുജറാത്ത് മുഖ്യമന്ത്രി. പക്ഷേ, ഹിന്ദുത്വയുടെ ഏറ്റവും വലിയ പരീക്ഷണശാല എന്നറിയപ്പെടുന്ന ഗുജറാത്തിൽ ബി.ജെ.പിക്ക് ഒരു നേതാവേയുള്ളു. നരേന്ദ്ര ദാമോദർദാസ് മോദി. ഈ ഗുജറാത്ത് ഞാൻ സൃഷ്ടിച്ചതാണെന്നാണ് ഈ നവംബർ അവസാനം അഹമ്മദാബാദിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി പ്രഖ്യാപിച്ചത്. 1995-ൽ കേശുഭായ് പട്ടേലാണ് ഗുജറാത്തിൽ ആദ്യമായി ബി.ജെ.പിക്കായി ഭരണം പിടിച്ചത്. ഈ കേശുഭായിയുടെ പകരക്കാരനായാണ് മോദിയെ 2001-ൽ അടൽ ബിഹാരി വാജ്പേയ് ഗുജറാത്തിലേക്ക് പറഞ്ഞുവിട്ടത്. മോദി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 2002-ൽ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 127 സീറ്റുകളുമായാണ് മോദി ഗുജറാത്തിൽ ബി.ജെ.പിയുടെ ഭരണം നിലനിർത്തിയത്. അന്നത്തെ ആ നേട്ടം മറികടക്കാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, 20 വർഷങ്ങൾക്കിപ്പുറത്ത് 2022-ൽ മോദി ഗുജറാത്തിൽ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
ഇക്കുറി ഗുജറാത്തിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. ഭാരത് ജോഡോ യാത്ര എന്തുകൊണ്ട് ഗുജറാത്തിൽ കടക്കുന്നില്ല എന്ന ചോദ്യത്തിന് രണ്ടുത്തരങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജയമല്ല യാത്രയുടെ ലക്ഷ്യമെന്നും സംഘപരിവാറുമായുള്ള ദീർഘ പോരാട്ടമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നുമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ അഭിനവ താത്വികാചാര്യൻ ജയ്റാം രമേശും പറഞ്ഞത്. രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിൽ അധികാരം പിടിക്കുകയാണ് സുപ്രധാനം. അതിൽ താൽപര്യമില്ലെങ്കിൽ പിന്നെ പാർട്ടി പാർട്ടി എന്ന് പറഞ്ഞ് നടക്കുന്നതിൽ അർത്ഥമൊന്നുമില്ല. വിപാസന അനുശീലിക്കുന്നതും എന്നിലെ എന്നെക്കുറിച്ച് തത്വജ്ഞാനം വിളമ്പുന്നതും അധികാര രാഷ്ട്രീയത്തിൽ ഒരു ഗുണവും ചെയ്യില്ല.
ഗുജറാത്തിലെ ചരിത്രവിജയത്തിന് എല്ലാ അർത്ഥത്തിലും ഒരൊറ്റ അവകാശിയേയുള്ളു. വ്യക്തിപൂജകളിൽ ആർ.എസ്.എസിന് താൽപര്യമില്ലെന്നാണ് പൊതുവെ പറയാറുള്ളത്. ജിന്നയെ പുകഴ്ത്തിയതിന് ലാൽ കൃഷ്ണ അദ്വാനിയെപ്പോലും ഇരുത്തേണ്ടിടത്തിരുത്താൻ സംഘത്തിനായിരുന്നു. പക്ഷേ, നരേന്ദ്ര മോദിക്ക് മുന്നിൽ സംഘ പരിവാറിന് ഈ ശാഠ്യമില്ല. ഹിന്ദുത്വയുടെ തട്ടകത്തിൽ തുടർച്ചയായി ഏഴാം വട്ടവും അധികാരം നിലനിർത്തുന്നതിൽ അതും ചരിത്രനേട്ടവുമായി നിർണ്ണായക പങ്ക് വഹിക്കുന്ന നേതാവിനെ അവഗണിക്കാൻ ഒരു പ്രസ്ഥാനത്തിനുമാവില്ല.
കഴിഞ്ഞ 27 വർഷമായി ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിൽ നെഹ്രുവിനെയും കോൺഗ്രസിനെയും പഴിചാരി വോട്ടുപിടിക്കുന്ന കാലം കഴിഞ്ഞെന്ന് മോദിക്കും ബി.ജെ.പിക്കും നന്നായി അറിയാം. ഗുജറാത്തിലെ വോട്ടർമാരിൽ 40 ശതമാനവും 2002-ലെ കാലപത്തിനു ശേഷം വോട്ടുചെയ്യാൻ തുടങ്ങിയവരാണ്. കോൺഗ്രസ് പ്രതാപത്തോടെ കഴിഞ്ഞ ഗുജറാത്ത് ഇവർക്കറിയില്ല. കൂടുതൽ തൊഴിലവസരങ്ങളും മികച്ച ഭരണവുമാണ് ഈ വോട്ടർമാർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കുറി ഇവരിൽ വലിയൊരു വിഭാഗം സ്വമേധയാ ബി.ജെ.പിക്കെതിരെ നീങ്ങുമോ എന്നൊരാശങ്ക സംഘപരിവാറിന് ഉണ്ടായിരുന്നു.
സാധാരണഗതിയിൽ രണ്ടു പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടക്കുക. ഗുജറാത്തിൽ ഇക്കുറി ബി.ജെ.പിയുടെ മേധാവിത്വം ഏതാണ്ട് സമ്പൂർണ്ണമായിരുന്നു. ദുർബ്ബലമായ കോൺഗ്രസിന്റെ വോട്ട് ബാങ്കിലേക്ക് എ.എ.പിയും എ.ഐ.എം.ഐ.എമ്മും കടന്നുകയറിയതോടെ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമായി. ഡൽഹിക്കും പഞ്ചാബിനും പുറത്ത് എ.എ.പി. അവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുമ്പോൾ അതൊരു പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ ഉദയമാണോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. ഗുജറാത്തിൽ, ഹിന്ദുത്വയുടെ തട്ടതകത്തിൽ ബി.ജെ.പിയുടെ ബി ടീം എന്ന ഇആരോപണത്തിന്റെ തണലിൽ എ.എ.പിക്ക് എത്രമാത്രം മുന്നേറാൻ കഴിയും എന്നത് വലിയൊരു ചോദ്യമാണ്.
ഈ ചരിത്രവിജയത്തിൽ ആഹ്ളാദിക്കുമ്പോഴും ആത്മപരിശോധന അനിവാര്യമാണെന്ന് സംഘപരിവാർ തിരിച്ചറിയുന്നുണ്ടാവണം. മോദി എന്ന ഒരൊറ്റ നേതാവിന്റെ വ്യക്തിപ്രഭാവത്തിന് പുറത്ത് ഒരു പാർട്ടിയുടെ രാഷ്ട്രീയ ഭാവി എന്താണെന്ന കാതലായ ചോദ്യം തീർച്ചയായും ഈ വിജയ നിമിഷങ്ങളിൽ പരിവാർ നേരിടുന്നുണ്ട്. മറുവശത്ത്, എതിർപാളയത്ത് സമർത്ഥനോ സമർത്ഥയോ ആയ ഒരു നേതാവ് ഉദിച്ചുയരുമ്പോൾ എല്ലാ വിധത്തിലും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണിത്. കോൺഗ്രസിന്റെ പതനത്തിൽ അമിതാഹ്ളാദം വേണ്ടെന്ന് മോഹൻ ഭാഗവത് ഉള്ളിന്റെയുള്ളിലെങ്കിലും ഈ നിമിഷങ്ങളിൽ പറയുന്നുണ്ടാവണം.
ബംഗാളിൽ മമതയും ഒഡിഷയിൽ നവിൻ പട്നായിക്കും തമിഴകത്ത് എം.കെ. സ്റ്റാലിനും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയും തെളിയിക്കുന്ന ഒരു കാര്യം പ്രാദേശിക തലത്തിൽ ശക്തമായ നേതൃത്വമുണ്ടെങ്കിൽ മോദിയെയും ബി.ജെ.പിയെയും പിടിച്ചുകെട്ടാനാവും എന്ന് തന്നെയാണ്. ഹിമാചലിൽ പോലും ഇതിന്റെ അനുരണനങ്ങളാണ് നമ്മൾ കാണുന്നത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോത്തും ഛത്തിസ്ഗഡിൽ ഭൂപേഷ് ഭാഗലും ഈ യാഥാർത്ഥ്യം തന്നെയാണ് ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനങ്ങളിൽ ശക്തമായ നേതൃത്വം കെട്ടിപ്പടുക്കാൻ കോൺഗ്രസിനാവുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്രയ്ക്കെന്നല്ല ഒരു യാത്രയ്ക്കും കോൺഗ്രസിനെ രക്ഷിച്ചെടുക്കാനാവില്ല. ശശി തരൂരിനെപ്പോലൊരു നേതാവിനെ എങ്ങിനെ ഒതുക്കാം എന്ന് നോക്കുന്ന ഒരു പാർട്ടി എങ്ങിനെയാണ് ഈ പ്രതിസന്ധി മറികടക്കുക എന്നത് കടങ്കഥയ്ക്കുള്ളിലെ പ്രഹേളികയാവുന്നു.
വഴിയിൽ കേട്ടത്: ആർ.എസ്.എസിനെതിരെ അതിദീർഘമായൊരു പോരാട്ടത്തിലാണ് കോൺഗ്രസെന്ന് രാഹുൽ ഗാന്ധി. ദീർഘകാലയളവിൽ നമ്മൾ എല്ലാവരും മരിച്ചിരിക്കുമെന്ന ബ്രിട്ടീഷ് ധനതത്വ ശാസ്ത്രജ്ഞൻ കെയ്ൻസിന്റെ വാക്കുകൾ ഈ ചങ്ങാതിക്ക് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ!
Content Highlights: Gujarat Assembly Election 2022, Narendra Modi, BJP, Congress, Rahul Gandhi, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..