ഗവർണർ, രാജ്ഭവൻ ബി.ജെ.പി. ഓഫീസല്ല! | വഴിപോക്കൻ


വഴിപോക്കൻ

ഷേക്സ്പിയർ പറയുന്നതുപോലെ ഈ ഭ്രാന്ത് വെറും ഭ്രാന്തല്ല. ഇതിനൊരു രീതിയുണ്ട്. ഇ.ഡിയും സി.ബി.ഐയും ആദായ നികുതി വകുപ്പുമൊക്കെ കളിക്കുന്ന കളികളെ പൂരിപ്പിക്കുന്ന കളിയാണിത്. ശൂന്യതയിൽനിന്ന് ഉടലെടുക്കുന്നതല്ല ഈ കളി. ഇതിനൊരു ആസൂത്രണവും കേന്ദ്രവുമുണ്ട്. കാപ്പിയിലെ പത മാത്രമാണ് ബി.ജെ.പിയെന്നും ശരിക്കുള്ള കാപ്പി ആർ.എസ്.എസ്. ആണെന്നും പറയുമ്പോൾ പ്രശാന്ത് കിഷോർ വിരൽ ചൂണ്ടുന്നത് ഇത്തരം കളികളിലേക്ക് കൂടിയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു | ഫോട്ടോ: റിധിൻ ദാമു|മാതൃഭൂമി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ചെറിയ മീനല്ല. 1977-ൽ 26-ാമത്തെ വയസ്സിൽ ജനത പാർട്ടി ടിക്കറ്റിൽ ഉത്തർപ്രദേശിൽ എം.എൽ.എ. ആയിരുന്നു ഖാൻ. ജനത പാർട്ടി എന്ന പ്രതിഭാസത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആർ.എസ്.എസ്. ബന്ധമൊഴിവാക്കണം എന്ന നിർദ്ദേശം വാജ്പേയിയും അദ്വാനിയും കാറ്റിൽ പറത്തിയതോടെ ജനതാ പരീക്ഷണം തകർന്നു. പുരോഗമന ചിന്താഗതിയുള്ള മുസ്ലിം രാഷ്ട്രീയ നേതാവ് എന്ന പ്രതിച്ഛായയോടെ ഖാൻ കോൺഗ്രസിലെത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയ 1980-ൽ കാൺപൂരിൽനിന്നുള്ള പ്രതിനിധിയായി ഖാനും ലോക്സഭയിൽ ഉണ്ടായിരുന്നു. 1984-ൽ വൻഭൂരിപക്ഷത്തോടെ രാജീവ് പ്രധാനമന്ത്രിയായപ്പോൾ ആഭ്യന്തരം, വ്യവസായം, ഊർജ്ജം, കമ്പനി അഫയേഴ്സ് എന്നീ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു ഖാൻ. മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകൾക്ക് ചെലവിന് കൊടുക്കാൻ മുൻഭർത്താക്കന്മാർക്ക് ബാദ്ധ്യതയുണ്ടെന്ന സുപ്രീം കോടതി വിധി അട്ടിമിറിക്കാൻ രാജീവ് സർക്കാർ 1986-ൽ നിയമമുണ്ടാക്കിയപ്പോൾ അതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചിറങ്ങിപ്പോകാൻ ഖാന് ഒരു മടിയുമുണ്ടായിരുന്നില്ല.

പിന്നീട് കുറച്ചു കാലം വി.പി. സിങ്ങിന്റെ കൂടെ ജനതാദളിൽ. അതും കഴിഞ്ഞ് കൻഷി റാമിന്റെയും മായാവതിയുടെയും ബി.എസ്.പിയിൽ. 2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം ബി.ജെ.പി. സഖ്യത്തിൽ ബി.എസ്.പി. യു.പിയിൽ സർക്കാരുണ്ടാക്കാൻ തീരുമാനിച്ചതോടെ ഖാൻ ബി.എസ്.പിയോട് വിട പറഞ്ഞു. അന്ന് ബി.എസ്.പി. നേതാവ് കൻഷി റാമിന് എഴുതിയ കത്തിൽ ഖാൻ ഇങ്ങനെ എഴുതിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്: ''വർഗീയതയ്ക്കെതിരെ പോരാടാൻ സ്വയം സമർപ്പിച്ചിട്ടുള്ളതുകൊണ്ടും ബി.ജെ.പിയുമായി സഖ്യത്തിന് ബി.എസ്.പി. തീരുമാനിച്ചിട്ടുള്ളതുകൊണ്ടും പുറത്തുപോവുകയല്ലാതെ എന്റെ മുന്നിൽ മറ്റ് ധാർമ്മികവഴികളൊന്നും ഇല്ല. വിഘടിത ശക്തികൾക്കെതിരെ ഇനിയെനിക്ക് മുഴുവൻ സമയവും ചെലവഴിക്കാനാവും. വെറുപ്പിന്റെ പരിശീലകർ ഇതുവരെയില്ലാത്ത രീതിയിൽ ഗുജറാത്തിൽ ഭീകരമായ അക്രമം അഴിച്ചുവിടുമ്പോൾ ബി.എസ്.പി. അവരുമായി ഒന്നിക്കുന്നുവെന്നത് ഞാനുൾപ്പെടെ നിരവധി പേരുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പായിക്കുന്നു.''ഈ വാക്കുകൾ ഓർക്കാൻ ബഹുമാനപ്പെട്ട ഗവർണർ ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഇതേ ബി.ജെ.പിയിലേക്കാണ് 2004-ൽ ഖാൻ പോയത്. കളങ്കിതർക്ക് ബി.ജെ.പി. സീറ്റ് കൊടുക്കുന്നുവെന്നാരോപിച്ച് മൂന്നു കൊല്ലത്തിന് ശേഷം ഖാൻ ബി.ജെ.പിയുമായി പിരിഞ്ഞു. ഖാൻ പിന്നീട് ബി.ജെ.പിയുമായി അടുക്കുന്നത് 2014-ൽ മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. ഗുജറാത്ത് കലാപവും മോദിക്കെതിരെ അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും അപ്പോഴേക്കും ഓർമ്മ മാത്രമായിക്കഴിഞ്ഞിരുന്നു. മോദി സർക്കാർ മുത്തലാക്കിനെതിരെ നിയമം കൊണ്ടുവന്നപ്പോഴും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും ഖാൻ പൂർണ്ണ പിന്തുണയേകി. 2019-ൽ കേരളത്തിലേക്ക് ഗവർണറായി ആരെ വിടണമെന്ന കാര്യത്തിൽ മോദി സർക്കാർ ഖാനിലേക്കെത്തുന്നത് ഈ പരിസരത്തിലാണ്. 26.5 ശതമാനം മുസ്ലീങ്ങളുള്ള ഒരു സംസ്ഥാനത്തിൽ ഖാന്റെ സാന്നിദ്ധ്യം പരീക്ഷിച്ചുനോക്കാമെന്ന് മോദി സർക്കാർ കരുതിയെങ്കിൽ കുറ്റം പറയാനാവില്ല.

പ്രശാന്ത് കിഷോർ | ഫോട്ടോ: സാബു സ്‌കറിയ\മാതൃഭൂമി

ഇതൊരു വെറും വട്ടല്ല

ഗവർണർ പദവി നിലനിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ഭരണഘടന അസംബ്ലിയിൽ കൊണ്ടുപിടിച്ച ചർച്ച നടന്നിരുന്നു. ഭരണഘടന സംരക്ഷിക്കപ്പെടുന്നു എന്നുറപ്പ് വരുത്താൻ ഗവർണർ പദവി ആവശ്യമാണെന്ന വാദത്തിനാണ് ഒടുവിൽ അംഗീകാരം കിട്ടിയത്. ഗവർണർമാർ കേന്ദ്രം നാമനിർദ്ദേശം ചെയ്യുന്നവരായിരിക്കണമെന്നത് ഗാന്ധിജിയും നെഹ്രുവും അംബദ്കറുമൊക്കെ തത്വത്തിൽ സമ്മതിച്ചു. ഗവർണർ രാഷ്ട്രീയമുക്തമായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നിലകൊള്ളുമെന്ന കാഴ്ചപ്പാടാണ് ഇവരെ നയിച്ചത്. സിദ്ധാന്തവും പ്രയോഗവും പലപ്പോഴും സമാന്തരപാതകളാണ്. 1959-ൽ ഇതേ നെഹ്രുവിന്റെ കാലത്താണ് കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിടാൻ ഗവർണർ രാമകൃഷ്ണറാവു ശുപാർശ ചെയ്തത്. ഇന്ദിര ഗാന്ധിയുടെ കാലത്ത് ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ കളിപ്പാവകളായിരുന്നു. അതിനുശേഷമിങ്ങോട്ട് ഒരു കേന്ദ്ര സർക്കാരും ഗവർണർമാർക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. ഗവർണർമാരെ നിയമിക്കും മുമ്പ് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം കൂടിയാലോചിക്കണമെന്ന് സർക്കാരിയ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ, ഒരു കേന്ദ്ര സർക്കാരും ഇക്കാര്യം നടപ്പാക്കിയിട്ടില്ല.

ഗവർണർമാർ മുഖ്യമന്ത്രിമാരുമായി ഏറ്റുമുട്ടുന്നത് പുതിയ കാര്യമൊന്നുമല്ല. നമ്മുടെ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഗവർണർ കമല ബെനിവാളുമായി ഏറ്റുമുട്ടിയത് ചരിത്രമാണ്. ഗുജറാത്തിൽ ലോകായുക്തയെ നിയമിക്കുന്നതിനെച്ചൊല്ലി ബെനിവാൾ മോദിയുമായി വട്ടമുടക്കി. നിയമനം വൈകിയപ്പോൾ ഗവർണ്ണർ സ്വന്തം നിലയ്ക്ക് നിയമനം നടത്തി. കമലയുടെ കഷ്ടകാലത്തിന് 2014-ൽ മോദി പ്രധാനമന്ത്രിയാവുകയും ബി.ജെ.പി. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്തു. കമലയെ മോദി സർക്കാർ ആദ്യം മിസോറാമിലേക്ക് തട്ടി. പിന്നെ ഗവർണർ പദവിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കോൺഗ്രസ്, ജനതാ സർക്കാരുകളും ഗവർണർമാരെ പിരിച്ചുവിട്ടിട്ടുണ്ട്. പക്ഷേ, രാജ്ഭവനുകൾ ഒരു രാഷ്ട്രീയപാർട്ടിയുടെ ഓഫീസ് പോലെ പ്രവർത്തിക്കുന്നത് മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്.

ബി.ജെ.പിയുമായി ഒരു വിധത്തിലും സഖ്യമില്ലാത്ത കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അസ്ഥിരതയുളവാക്കണം എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഗവർണർമാർക്ക് കൊടുത്തിട്ടുള്ളതെന്ന് തോന്നുന്നു. മഹാരാഷ്ട്രയിൽ ഗവർണർ ഭഗത് സിങ് കോഷ്യാരിയും തമിഴകത്ത് ആർ.എൻ. രവിയും കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും കളിക്കുന്ന കളികൾ നോക്കിയാൽ ഇതൊക്കെ വെറും വട്ടുകേസാണെന്ന് പറയാൻ തോമസ് ഐസക്കിന് മാത്രമേ കഴിയൂ. വാസ്തവത്തിൽ ഷേക്സ്പിയർ പറയുന്നതുപോലെ ഈ ഭ്രാന്ത് വെറും ഭ്രാന്തല്ല. ഇതിനൊരു രീതിയുണ്ട്. ഇ.ഡിയും സി.ബി.ഐയും ആദായ നികുതി വകുപ്പുമൊക്കെ കളിക്കുന്ന കളികളെ പൂരിപ്പിക്കുന്ന കളിയാണിത്. ശൂന്യതയിൽനിന്ന് ഉടലെടുക്കുന്നതല്ല ഈ കളി. ഇതിനൊരു ആസൂത്രണവും കേന്ദ്രവുമുണ്ട്. കാപ്പിയിലെ പത മാത്രമാണ് ബി.ജെ.പിയെന്നും ശരിക്കുള്ള കാപ്പി ആർ.എസ്.എസ്. ആണെന്നും പറയുമ്പോൾ പ്രശാന്ത് കിഷോർ വിരൽ ചൂണ്ടുന്നത് ഇത്തരം കളികളിലേക്ക് കൂടിയാണ്.

2009-ൽ ഗുജറാത്ത് ഗവർണറായി നിയമിക്കപ്പെട്ട കമല ബെനിവാളിനെ മുഖ്യമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു | Photo: AFP

കമല ബെനിവളും മോദിയും

കമല ബെനിവൾ എന്ന മുൻ ഗുജറാത്ത് ഗവർണറിലേക്ക് നമുക്കൊന്ന് തിരിച്ചുവരാം. 1954ഃൽ രാജസ്ഥാനിൽ 27-ാമത്തെ വയസ്സിൽ മന്ത്രിയാവുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യ രാജസ്ഥാൻ വനിതയായിരുന്നു കമല. ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകർ കമലയെ ശ്രദ്ധിച്ചു തുടങ്ങിയത് 2009-ൽ അവർ ഗുജറാത്ത് ഗവർണറായി നിയമിക്കപ്പെട്ടതോടെയാണ്. 2009 നവംബർ 27 മുതൽ 2014 ജൂലായ് ആറ് വരെ കമല ഗുജറാത്ത് ഗവർണറായിരുന്നു. ആ അഞ്ച് വർഷവും കമലയുടെ പ്രധാന ജോലി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഏറ്റുമുട്ടലായിരുന്നു. ഗുജറാത്തിലെ സർവ്വകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ കമല നിരന്തരമായി ഇടപെട്ടു. ഒടുവിൽ മോദി സർക്കാരിനോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് ലോകായുക്തയെ നിയമിക്കാൻ വരെ കമല തയ്യാറായി.

ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് ആർ.എ. മേത്തയെയാണ് കമല ബെനിവാൾ ലോകായുക്തയായി 2011-ൽ നിയമിച്ചത്. 2002-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം ലോകായുക്ത നിയമനം നടന്നിട്ടുണ്ടായിരുന്നില്ല. ലോകായുക്തയാവാൻ ജസ്റ്റിസ് മേത്ത എന്തുകൊണ്ടും യോഗ്യനാണെന്നാണ് ഇക്കാര്യത്തിൽ ഗവർണർക്ക് അന്നത്തെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്‌കർ ഭട്ടാചാര്യ ഉപദേശം നൽകിയത്. പക്ഷേ, പല ഘട്ടങ്ങളിലും തന്റെ സർക്കാരിനെ വിമർശിച്ചിട്ടുള്ള ജസ്റ്റിസ് മേത്ത ലോകായുക്തയാവുന്നത് മുഖ്യമന്ത്രി മോദിക്ക് ദഹിക്കുന്ന കാര്യമായിരുന്നില്ല.

ഗവർണറുടെ നടപടി മോദി സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. 2013 ജനുവരിയിൽ മോദി സർക്കാരിന്റെ എതിർപ്പുകൾ തള്ളിക്കളഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് മേത്തയുടെ നിയമനം അംഗീകരിച്ചു. പക്ഷേ, ജസ്റ്റിസ് മേത്ത ലോകായുക്ത സ്ഥാനം നിരസിച്ചു. സുപ്രീം കോടതി അനുകൂല നിലപാടെടുത്തിട്ടും ജസ്റ്റിസ് മേത്ത തന്നെ തേടിയെത്തിയ ആ വലിയ പദവി വേണ്ടെന്നു വെച്ചു. താൻ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് വിശ്വസിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെ വേദനിപ്പിച്ചെന്നും ഒരു പദവിയും തന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് മേത്ത പറഞ്ഞത്. ജസ്റ്റിസ് മേത്തയല്ല നമ്മുടെ വിഷയം. ആദർശങ്ങൾ കൈവിടാത്ത മനുഷ്യർ നമുക്കിടയിൽ ഇപ്പോഴുമുണ്ടെന്ന് കാണിക്കാനാണ് ജസ്റ്റിസ് മേത്തയെക്കുറിച്ച് ഇവിടെ ഇത്രയും പറഞ്ഞത്.

നമ്മുടെ വിഷയം ഗവർണറും സംസ്ഥാന സർക്കാരും ത്മിലുള്ള ഏറ്റുമുട്ടലാണ്. എട്ട് കൊല്ലം മുമ്പ് ഗുജറാത്ത് ലോകായുക്ത നിയമനത്തിൽ ഗവർണറെ ശരിവെച്ച സുപ്രീം കോടതി വ്യക്തമാക്കിയ ഒരു കാര്യം സംസ്ഥാന സർക്കാരിനെ അട്ടിമറിക്കലല്ല ഗവർണറുടെ ജോലി എന്നാണ്.

ലോകായുക്തയുടെ നിയമനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെ ബാധിക്കില്ലെന്ന ഗവർണറുടെ വാദം ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണെന്നാണ് സുപ്രീം കോടതി ഗവർണറെ ഓർമ്മിപ്പിച്ചത്: '' The governor's version of events, stated in her letter dated 3.3.2010, to the effect that she was not bound by the aid and advice of the council of ministers, and that she had the exclusive right to appoint the Lokayukta, is most certainly not in accordance with the spirit of the Constitution'' എന്നിട്ടും ഗവർണറുടെ നടപടി ശരിവെയക്കുന്നത് രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലോകായുക്തയുടെ പദവിയിൽ കഴിഞ്ഞ ഒമ്പത് കൊല്ലമായി നിയമനം നടന്നിട്ടില്ലെന്നതും ജസ്റ്റിസ് മേത്തയുടെ നിയമനം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർവ്വാത്മനാ അംഗീകരിക്കുന്നുണ്ടെന്നതുമാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമായത്.

ആ വിധിയിൽ സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയ ഒരു കാര്യം ഇതായിരുന്നു: ''തന്റെ പദവിയെക്കുറിച്ച് ഗവർണർക്ക് തെറ്റിദ്ധാരണകളുണ്ട്. ലോകായുക്തയെ നിയമിക്കുന്നതിൽ മന്ത്രിസഭയ്ക്ക് പങ്കൊന്നുമില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും പ്രതിപക്ഷനേതാവുമായും കൂടിയാലോചന നടത്തിയ ശേഷം ലോകായുക്തയെ തനിക്ക് നിയമിക്കാം എന്നുമാണ് ഗവർണർ ധരിച്ചിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യപരമായ ഭരണക്രമത്തോട് ഒത്തുപോകുന്ന ധാരണയല്ല ഇത്.'' അതായത് സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒരു കലാപരിപാടിയായി കൊണ്ടുനടക്കുന്നത് ഒരു ഗവർണർക്കും ഭൂഷണമല്ല എന്നാണ് സുപ്രീം കോടതി പറഞ്ഞുവെച്ചത്.

ചാൻസലറുടെ പദവിയിലിരുന്ന് കമല സർക്കാരിനെതിരെ നീങ്ങിയപ്പോൾ മോദി സർക്കാർ ചാൻസലറുടെ അധികാരങ്ങൾ വെട്ടിനിരത്തുന്ന നിയമം കൊണ്ടുവന്നു. ഈ നീക്കത്തിന് മോദി സർക്കാർ മുഖ്യമായും കൂട്ടു പിടിച്ചത് ജസ്റ്റിസ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടായിരുന്നു. പിണറായി സർക്കാരിനെതിരെ സർവ്വകലാശാല വിഷയത്തിൽ വാളോങ്ങുന്നതിന് മുമ്പ് കേരള ഗവർണർ ഈ റിപ്പോർട്ട് ഒരു തവണയെങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോവുകയാണ്. 2007-ൽ മൻമോഹൻ സിങ് സർക്കാരാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പുഞ്ചിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. 2010-ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഡോ. എൻ.ആർ. മാധവമേനോൻ, ധിരേന്ദ്ര സിങ് , വിനോദ കുമാർ ദിഗ്ഗൽ, വിജയ് ശങ്കർ എന്നിവരായിരുന്നു കമ്മിറ്റിയിലെ ഇതര അംഗങ്ങൾ. ഗവർണർമാർ ചാൻസലർ പദവി വഹിക്കേണ്ടതുണ്ടോ എന്ന കാര്യം കമ്മിറ്റി വിശദമായി പരിശോധിച്ചു.

ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി | Photo: PTI

പൂഞ്ചി കമ്മിറ്റി പറഞ്ഞത്

ഗവർണറുടേത് ഭരണഘടനപരമായ പദവിയാണ്. അതേസമയം ചാൻസലറുടേത് ഭരണഘടന അനുശാസിക്കുന്ന പദവിയല്ല. ഭരണഘടനയുടെ കാവലാളായി പ്രവർത്തിക്കേണ്ട ഗവർണർ അതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും ചാൻസലർ പദവി പോലുള്ള സംഗതികളിൽനിന്ന് വിട്ടുനിൽക്കുകയാണ് വേണ്ടതെന്നുമാണ് ജസ്റ്റിസ് പുഞ്ചി കമ്മിറ്റി പറഞ്ഞത്. ചാൻസലർ എന്ന നിലയിൽ ഏകപക്ഷീയമായി ഗവർണർ നടപടികൾ സ്വീകരിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാവുമെന്നും ഗവർണറെ ചാൻസലറാക്കുന്ന കലാപരിപാടി അവാസാനിപ്പിക്കണമെന്നുമായിരുന്നു പുഞ്ചി കമ്മിറ്റിയുടെ ശുപാർശ.

കമ്മിറ്റികളെ നിയമിക്കുകയല്ലാതെ കമ്മിറ്റികളുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ പൊതുവെ ഒരു ഭരണകൂടവും ശുഷ്‌കാന്തി പുലർത്താറില്ല. അന്ന് ജസ്റ്റിസ് പുഞ്ചി കമ്മിറ്റി പറഞ്ഞത് മൻമോഹൻ സർക്കാർ കേട്ടിരുന്നെങ്കിൽ ഇന്നിപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരം വേലകളുമായി കളത്തിലിറങ്ങുമായിരുന്നില്ല. വി.സി. നിയമനത്തിൽ പിണറായി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഗവർണർ ആരിഫ് പറയുന്നത്. കണ്ണൂർ വി.സിയുടെ പുനർനിയമനമടക്കം എല്ലാ വി.സിമാരുടെയും നിയമനത്തിന്റെ ആത്യന്തിക ഉത്തരവാദിത്വം ചാൻസലർ എന്ന നിലയിൽ ഗവർണർക്കാണ്.

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് എം.എസ്. രാജശ്രീയെ നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഉയർത്തിക്കാട്ടിയാണ് ഗവർണർ വി.സിമാരുടെ രാജി തേടിയത്. ഈ വി.സിമാരുടെ എല്ലാവരുടെയും നിയമനാധികാരി ഗവർണറാണ്. അപ്പോൾ ആദ്യം ഗവർണർ ചെയ്യേണ്ടത് നിയമനത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറയുകയാണ്. പറ്റിയ തെറ്റ് സമ്മതിക്കാതെ എങ്ങിനെയാണ് തെറ്റ് തിരുത്താനാവുക. മന്ത്രിമാർ അധികാരത്തിൽ തുടരുന്നത് തന്റെ പ്രീതിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഗവർണർ പറയുന്നതും ഭരണഘടനയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ എങ്ങിനെ അസ്ഥിരമാക്കാം എന്ന ചിന്ത തലയിൽ കൂടു കൂട്ടുന്നതുകൊണ്ടാണ്.

വി.സി. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുകൾ വേണ്ടെന്നാണ് കേരള ഗവർണർ പറയുന്നത്. ഗവർണർ തന്നെ രാഷ്ട്രീയ നിയമനമാണ്. തങ്ങളുടെ രാഷ്ട്രീയ ചിന്താഗതികളുമായി ഒത്തുപോകുന്നവരെയാണ് ഓരോ പാർട്ടിയും അവർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ഗവർണർമാരായി നിയമിക്കുന്നത്. ഒരു ബി.ജെ.പിക്കാരനെയും മാർക്സിസറ്റുകാരനെയും കോൺഗ്രസ് ഭരണകൂടങ്ങൾ ഗവർണറായി നിയമിച്ച ചരിത്രമില്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യം എടുത്ത നടപടികളിലൊന്ന് കോൺഗ്രസ് സർക്കാർ നിയമിച്ച ഗവർണർമാരെ കളത്തിൽനിന്ന് പറഞ്ഞുവിടുകയായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ പാണ്ഡിത്യമോ ഭരണമികവോ അല്ല, അദ്ദേഹം ഒരു കോൺഗ്രസ് വിരുദ്ധനാണെന്നതും ബി.ജെ.പിയുടെ ആശയങ്ങളുമായി യോജിപ്പുള്ളയാളാണെന്നതുമാണ് കേരള ഗവർണർ നിയമനത്തിൽ മോദി സർക്കാർ മുഖ്യമായും കണക്കിലെടുത്തിരിക്കുക.

ഗവർണർ ആരിഫ് മുഹമ്മദ്ഖാന് വിവരമില്ലെന്ന് ആരും പറയില്ല. പക്ഷേ, വിവരമുള്ളവർ എല്ലാവരും വിവേകമതികളാവണമെന്നില്ല. വിവരവും വിവേകവും ഒന്നിച്ച് പോകണമെന്ന് ഒരു ഭരണഘടനയ്ക്കും നിർബ്ബന്ധിക്കാനുമാവില്ല. പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ കേരളത്തിലെ മാദ്ധ്യമങ്ങളുമായും പൊതു ഇടങ്ങളിലും ഗവർണർ നടത്തിയ സംവാദങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. പക്ഷേ, പാണ്ഡിത്യമല്ല ആത്യന്തികമായി മാനവികതയും നീതിബോധവുമാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്.

ജമ്മു കാശ്മീരിൽ ഭരണഘടനയുടെ 370-ാം വകുപ്പ് നിർവ്വീര്യമാക്കിയ മോദി സർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യത്തെ തളർത്തിയ കാലത്താണ് ആരിഫിനെ ബി.ജെ.പി. സർക്കാർ കേരളത്തിലെക്ക് വിട്ടത്. മുസ്ലിം സമുദായത്തിന് നിർണ്ണായക സാന്നിദ്ധ്യമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ആരിഫിനെ നിയമിക്കുമ്പോൾ മോദി സർക്കാരിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കും. പക്ഷേ, കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തത് പിണറായി വിജയൻ സർക്കാരിനെയാണെന്നും ബി.ജെ.പിയെ തിരസ്‌കരിക്കുകയാണ് കേരള ജനത ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർക്കുക തന്നെ വേണം.

എത്ര ഗവർണർമാരെ ജനങ്ങൾ ഓർക്കുന്നുണ്ടെന്നും കേരള ഗവർണർ ആലോചിക്കണം. ഇ.എം.എസും നായനാരും കരുണാകരനും വി.എസുമൊക്കെ ജനമനസ്സിൽ ഇടം പടിച്ചവരാണ്. അങ്ങിനെ ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ഗവർണറും കേരളത്തിലെന്നല്ല ഒരു സംസ്ഥാനത്തമുണ്ടായിട്ടില്ല. കാരണം ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ നടപടികളാണ്. ജനകീയ സർക്കാരുകളുടെ നയങ്ങൾ അംഗികരിക്കുക എന്ന ഔപചാരികത മാത്രമാണ് ഗവർണർക്ക് ചെയ്യാനുള്ളത്.

ഫാത്തിമ ബീവി, ഗോപാൽ കൃഷ്ണ ഗാന്ധി

ഫാത്തിമ ബീവി, ഗോപാൽകൃഷ്ണ ഗാന്ധി

ബംഗാളിൽ നന്ദിഗ്രാമിനെച്ചൊല്ലിയുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇടതുപക്ഷ സർക്കാർ പ്രക്ഷോഭകാരികൾക്കെതിരെ ബലം പ്രയോഗിക്കുന്നതിനെ അന്നത്തെ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി അപലപിച്ചു. ജഗദിപ് ധൻകറിനെയും കോഷ്യാരിയെയും ആരിഫ് മുഹമ്മദ് ഖാനെയും വെച്ച് നോക്കുമ്പോൾ തീർത്തും സൗമ്യമായ പ്രതികരണമായിരുന്നു ഗോപാൽകൃഷ്ണ ഗാന്ധിയുടേത്. എന്നിട്ടും അന്നത്തെ കേന്ദ്ര സർക്കാർ ഗോപാൽകൃഷ്ണ ഗാന്ധിയോട് ഇത്തരത്തിലുള്ള ഇടപെടലുകൾ ആവശ്യമില്ലെന്ന് വ്യക്തമായിപ്പറഞ്ഞു. ഗവർണർ എവിടെ, എന്തിനിടപെടണം എന്ന കാര്യത്തിൽ മൻമോഹൻ സിങ് സർക്കാരിന് കൃത്യമായ ബോധമുണ്ടായിരുന്നു.

അതിനു മുമ്പ് 2001-ൽ തമിഴകത്ത് ഗവർണ്ണർ ഫാത്തിമ ബീവിക്ക് രാജി വെയ്ക്കേണ്ടി വന്നതും മറക്കാനാവില്ല. ഡി.എം.കെ. നേതാവ് എം. കരുണാനിധിയെ 2001 ജൂൺ 30-ന് അർദ്ധരാത്രി ജയലളിത സർക്കാർ അറസ്റ്റ് ചെയ്തതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ബീവിയുടെ കസേര തെറിപ്പിച്ചത്. ഭരണഘടന അനുശാസിക്കുന്ന ഇടപെടൽ ഗവർണറുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും മുഖ്യമന്ത്രി ജയലളിതയുടെ 'നിയമവിരുദ്ധ' നടപടിക്ക് ഗവർണർ കൂട്ടുനിന്നുവെന്നും ചൂണ്ടിക്കാട്ടി വാജ്പേയി സർക്കാർ ബീവിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. 1997-ൽ ദേവഗൗഡ സർക്കാരിന്റെ കാലത്ത് നിയമിതയായ ഫാത്തിമ ബീവിയെ വാജ്പേയി സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും നമ്മൾ ഓർക്കണം. പത്രപ്രവർത്തകൻ ഹരിഷ് ഖാരെ പറയുന്നതുപോലെ അതെല്ലാം പഴയ ഇന്ത്യയാണ്. പുതിയ ഇന്ത്യയിൽ, മോദിയുടെയും ഷായുടെയും ഇന്ത്യയിൽ ഗവര്‍ണ്ണര്‍മാര്‍ കേന്ദ്ര സർക്കാരിന്റെ ചട്ടുകങ്ങൾ മാത്രമാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: പി.പി. രതീഷ്\മാതൃഭൂമി

ചായക്കോപ്പയിലെ കൊടുങ്കാറ്റുകൾ

കേരളത്തിലെ സർവ്വകലാശാലകളിൽ വി.സി. പദവികളിലടക്കം നടക്കുന്ന നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഈ നിയമനങ്ങൾക്കെതിരെ ആദ്യം ഗവർണർ ശബ്ദമുയർത്തിയപ്പോൾ അതിനൊപ്പം സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുമുണ്ടായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ഗവർണർ ഖാൻ അതിരുവിട്ട് കളിക്കാൻ തുടങ്ങി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചരിത്രകാരന്മാരിൽ ഒരാളായ ഇർഫൻ ഹബീബിനെ ഗുണ്ട എന്നും അക്കാദമിക് മികവിൽ ആർക്കും പിന്നിലല്ലാത്ത കണ്ണൂർ വി.സി. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നും വിളിക്കുമ്പോൾ, ധനമന്ത്രിയിൽ തനിക്കുള്ള പ്രീതി നഷ്ടമായെന്നും അദ്ദേഹം രാജിവെയ്ക്കണമെന്നുമൊക്കെ ആവശ്യപ്പെടുമ്പോൾ അത് കളം വിട്ടുള്ള കളിയായി മാറുകയും ജനാധിപത്യത്തോടും ഭരണഘടനയുടെ അന്തഃസത്തയോടുമുള്ള വെല്ലുവിളിയായും മാറുന്നു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിലിൽനിന്നു മോചിപ്പിച്ചപ്പോൾ എന്തുകൊണ്ടാണ് ഗവർണർ ഖാൻ മൗനിയായതെന്ന ചോദ്യം പ്രസക്തമാവുന്നതിവിടെയാണ്. വർഗീയതയുമായി സന്ധിയില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഭൂതകാലമാണ്. ഒരുപക്ഷേ, ആ ഭൂതകാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ കൂടിയാവാം ഖാൻ ഈ ബഹളങ്ങളുണ്ടാക്കുന്നത്. ബഹുമാനപ്പെട്ട ഗവർണർ, രാജീവ് ഗാന്ധിയോട് കലഹിച്ച, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് ബി.എസ്.പി. വിട്ട ആ പഴയ ആരിഫിനെ ഈ പൊള്ളയായ പോരാട്ടങ്ങളിലൂടെ താങ്കൾക്ക് വീണ്ടെടുക്കാനാവില്ല. സ്വന്തം ഈഗോയ്ക്ക് ശമനമുണ്ടായേക്കാമെന്നല്ലാതെ ചായക്കോപ്പയിലെ കൊടുങ്കാറ്റുകൾ ആത്യന്തികമായി ഒരു വിപ്ലവത്തിനും വഴിയൊരുക്കുന്നില്ല.

വഴിയിൽ കേട്ടത്: വ്യാജവാർത്തകളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും എന്തും ഫോർവേഡ് ചെയ്യും മുമ്പ് പത്ത് തവണയെങ്കിലും ആലോചിക്കണമെന്നും പ്രധാനമന്ത്രി മോദി. 140 പേർ കൊല്ലപ്പെട്ട മോർബി പാലം അപകടത്തിന്റെ ഉത്തരവാദി നെഹ്രുവാണെന്ന കാപ്സ്യൂൾ ഇനിയും ഇറങ്ങിയില്ലേ, ശകുന്തളേ!

Content Highlights: Kerala Governor Arif Muhammed Khan, VC Issue, Pinarayi Vijayan, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented