സ്വന്തം റോൾ തിരിച്ചറിയാത്ത ഗവർണറും പിണറായിയുടെ 'വിജയ'കരമായ പിന്മാറ്റവും | പ്രതിഭാഷണം


സി.പി.ജോണ്‍പക്ഷേ, ഭരണഘടനയുടെ 153-ാം വകുപ്പ് അനുസരിച്ച് നിയമിതനാകുന്ന ഗവര്‍ണര്‍ക്ക് അധികാരങ്ങളെ പോലെ കടമകളും ധാരാളമുണ്ട്. അതില്‍ ഒരു കടമയാണ് എല്ലാവര്‍ഷ(കലണ്ടര്‍ വര്‍ഷം)വും നിയമസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നുളളത്. ഏറ്റവും അവസാനമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടെയാണ് കേരള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Photo: .)

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നിരന്തരം മാധ്യമങ്ങളില്‍, രാഷ്ട്രീയവേദികളില്‍ ചൂടുളള ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ 1956 മുതലുളള നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും അധികം വിമര്‍ശനത്തിന് വിധേയനായ ഗവര്‍ണര്‍ ഉണ്ടോയെന്ന് സംശയമാണ്.

ഒന്നാമത്തെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണറെ പോലും വ്യക്തിപരമായി വിമര്‍ശിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാരിനെയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിവിമര്‍ശിച്ചത്. ഇന്ന് സ്ഥിതി അതല്ല. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ ഗവര്‍ണര്‍ എന്ന നിലയിലുളള റോള്‍ എന്താണെന്ന കാര്യത്തില്‍ സംശയമാണ്. ഗവര്‍ണര്‍ക്കെന്നല്ല ഏതൊരു ഭരണാധികാരിക്കും താനിരിക്കുന്ന പദവിയുടെ റോള്‍ വ്യക്തമായി അറിയണം. അഥവാ റോള്‍ ക്ലാരിറ്റി ഉണ്ടായിരിക്കണം. ഇത്രയും സുപ്രധാനമായ ഒരു ഭരണഘടനാ പദവി രാജാധികാരത്തിന്റെ ഭാഗമായിരുന്ന സോവറിന്‍ അധികാരങ്ങള്‍ സബ്‌സോവറിന്‍ അധികാരമായി ലഭിച്ചിട്ടുളള പദവിയാണ് ഗവര്‍ണര്‍ പദവി. നമ്മുടെ സോവറിന്‍, പാര്‍ലമെന്റും പ്രസിഡന്റും ചേര്‍ന്ന സംവിധാനമാണ്. നമ്മുടെ സംസ്ഥാനങ്ങള്‍ ഉപസോവറിനുകളാണ് എന്ന് തന്നെ പറയാം. അതിന്റെ കാവല്‍ക്കാരനായ ഗവര്‍ണര്‍ ബാലിശമായി പ്രവര്‍ത്തിച്ചുകൂടാ.

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനാല്‍ അഥവാ പ്രസിഡന്റിനാല്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണെങ്കിലും സംസ്ഥാനത്തെത്തി കഴിഞ്ഞാല്‍ ആ സംസ്ഥാനത്തിന്റെ ഭരണത്തലവന്റെ ചുമതലയാണ് നിര്‍വഹിക്കേണ്ടത്. തീര്‍ച്ചയായും അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ നിഴലിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

എന്തെല്ലാമാണ് ഗവര്‍ണറുടെ ചുമതലകള്‍ എന്ന് നോക്കാം.
1)എക്‌സിക്യൂട്ടീവിന്റെ പരമാധികാരിയായാണ് ഗവര്‍ണര്‍ സങ്കല്പിക്കപ്പെടുന്നത്. അഡ്വക്കറ്റ് ജനറലിനെയും പിഎസ്‌സി ചെയര്‍മാന്‍ അംഗങ്ങളെയും നിയമിക്കുന്നത് ഗവര്‍ണറാണ്. നിയമസഭ പിരിച്ചുവിട്ടാല്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയാല്‍ ഫലത്തില്‍ സംസ്ഥാനം ഭരിക്കുന്നത് ഗവര്‍ണറാണ്. ഇന്ത്യയില്‍ ഏറ്റവും നീണ്ട പ്രസിഡന്റ് ഭരണം 1965-67 ല്‍ നടന്നത് കേരളത്തിലാണ്.
2) ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ ഒപ്പിട്ടാലേ പാസ്സായ ഏത് ബില്ലും നിയമമാവൂ.
3)ഗവര്‍ണര്‍ക്ക് ജുഡീഷ്യല്‍ അധികാരമുണ്ട്. ജില്ലാ ജഡ്ജിമാരെ നിയമിക്കാനുളള അധികാരം ഗവര്‍ണര്‍ക്കുണ്ട്.
4) ഗവര്‍ണര്‍ക്ക് ധനകാര്യ അവകാശങ്ങളുണ്ട്. ബജറ്റ് അവതരിപ്പിക്കുവാനും ധനകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനും ഗവര്‍ണറുടെ അനുവാദം വേണം.
5)ഗവര്‍ണര്‍ക്ക് പ്രത്യേക വിവേചനാധികാരങ്ങളുണ്ട്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരെയാണ് മുഖ്യമന്ത്രിയായി ക്ഷണിക്കേണ്ടത് എന്ന് ഭൂരിപക്ഷമുളള കക്ഷിയുടെ നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന് തീരുമാനിക്കാം.കേരളത്തിന്റെ പശ്ചാത്തലത്തില്‍ പലപ്പോഴും വലിയ കക്ഷി നയിക്കുന്ന മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. 2011ലെ മന്ത്രിസഭയുടെ കാലത്ത് യുഡിഎഫിന് നേരിയ മുന്‍തൂക്കം ഉണ്ടായെങ്കിലും വലിയ കക്ഷി ഇടതുമുന്നണിയുടെ നേതൃകക്ഷിയായ സിപിഎം ആയിരുന്നു. അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ തീരുമാനങ്ങളെ പോലും ഒരര്‍ഥത്തില്‍ മറികടക്കാനുളള അവകാശമുണ്ട്. പ്രസിഡന്റിന് റിപ്പോര്‍ട്ട് അയക്കാനുളള അധികാരവും അദ്ദേഹത്തിനുണ്ട്.

പക്ഷേ, ഭരണഘടനയുടെ 153-ാം വകുപ്പ് അനുസരിച്ച് നിയമിതനാകുന്ന ഗവര്‍ണര്‍ക്ക് അധികാരങ്ങളെ പോലെ കടമകളും ധാരാളമുണ്ട്. അതില്‍ ഒരു കടമയാണ് എല്ലാവര്‍ഷ(കലണ്ടര്‍ വര്‍ഷം)വും നിയമസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നുളളത്. ഏറ്റവും അവസാനമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടെയാണ് കേരള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.

പിറ്റേന്ന് വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല എന്നറിയുമ്പോള്‍ വൈകുന്നേരം ആറരയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശരവേഗത്തില്‍ രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. പിറ്റേന്ന് കാലത്ത് 9 മണിക്ക് നയപ്രഖ്യാപന പ്രസംഗം നടന്നില്ലെങ്കില്‍ ഒരു ഭരണഘടനാപ്രതിസന്ധി തന്നെ ഉണ്ടായേക്കുമെന്ന് ഭരണ മുന്നണി ഭയന്നതില്‍ തെറ്റുണ്ടെന്ന് പറയാനാകില്ല. പിണറായി വിജയന്‍ അവിടെ ഒരു 'വിജയകരമായ പിന്‍മാറ്റം' (രണ്ടാം ലോകമഹായുദ്ധ കാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഫ്രാന്‍സില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പട്ടാളത്തെ നാടന്‍ ബോട്ടുകള്‍ അടക്കം ഉപയോഗിച്ച് ഇംഗ്ലണ്ടിലെത്തിച്ചപ്പോള്‍ ആ പിന്‍മാറ്റത്തെ 'Success retreat'എന്നാണ് വിളിച്ചത്) നടത്തി.

തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ബി.ജെ.പി. നേതാവിന്റെ നിയമനം സംബന്ധിച്ച ഫയല്‍ അംഗീകരിച്ചതോടൊപ്പം വിമര്‍ശനത്തിന്റെ ഒരു വാചകം കൂടി ചേര്‍ത്തതില്‍ ഗവര്‍ണര്‍ അത്യധികം ക്ഷുഭിതനായി. ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുന്നതിന്റെ വിലയായി ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പിന്നീട് ഗവര്‍ണര്‍ പറഞ്ഞത് മന്ത്രിമാരുടെ സ്റ്റാഫിന്റെ പെന്‍ഷനെ കുറിച്ചായിരുന്നു. അത് നയപ്രഖ്യാപന വിഷയവുമായി കൂട്ടിക്കുഴക്കേണ്ട വിഷയമല്ലെന്ന് മാത്രമല്ല, അത് താന്‍ തന്നെ നയിക്കുന്ന സര്‍ക്കാരിന്റെ ഒരു ഭരണപരമായ വിഷയമാണെന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ മറന്നുപോയി. കണ്ണൂര്‍ വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന് വേണമെങ്കില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാമായിരുന്നു. കാരണം, അത് ഗവര്‍ണര്‍ എന്ന നിലയിലല്ല, മറിച്ച് ചാന്‍സലര്‍ എന്ന നിലയിലാണ് ഒപ്പിടേണ്ടിയിരുന്നത്. അവിടെ അനാവശ്യമായി വഴങ്ങി അദ്ദേഹം.

21 കൊല്ലമായി ഭരണഘടനാപരമായി ഒരു തകരാറും ആരും ദര്‍ശിച്ചിട്ടില്ലാത്ത ലോകായുക്ത നിയമത്തില്‍ കാതലായ ഭാഗം ഭേദഗതി ചെയ്തുകൊണ്ട്‌ ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് അയച്ചപ്പോള്‍ ആദ്യം പിണങ്ങിയെങ്കിലും പ്രതിപക്ഷ നേതാക്കള്‍ (ഞാനടക്കം) അദ്ദേഹത്തെ ചെന്നുകണ്ടപ്പോള്‍ അത് പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും വേണമെങ്കില്‍ പ്രസിഡന്റിന് അയക്കാമായിരുന്ന ആ ഓര്‍ഡിനന്‍സിലും ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. അങ്ങനെ സര്‍ക്കാരിന്റെ തെറ്റായ ചെയ്തികള്‍ക്ക് വഴങ്ങിക്കൊണ്ടും താന്‍ വഴങ്ങിയതിനേക്കാളും എത്രയോ ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പിണങ്ങിക്കൊണ്ടും ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് കേരളത്തെ നയിച്ച ആരിഫ് മുഹമ്മദ് ഖാന്‍ അപലപിക്കപ്പെടുക തന്നെ വേണം.

ഗവര്‍ണറുടെ ചെയ്തികളെ കുറിച്ചും പദവിയെ കുറിച്ചും ചിന്തിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ഭരണഘടനാ നിര്‍മാണസഭ എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഭരണഘടനയുടെ കരട് ബില്ലില്‍ അഥവാ ഡ്രാഫ്റ്റ് കോണ്‍സ്റ്റിറ്റിയൂഷനില്‍ ഗവര്‍ണറെ തിരഞ്ഞെടുക്കണം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, രാജേശ്വര്‍ പ്രസാദ് എന്ന അംഗം ഇത് പാടില്ല എന്ന ഒരു ഭേദഗതി കൊണ്ടുവന്നു. രേഖകളില്‍ കാണുന്നത് രോഹിണി കുമാര്‍ ചൗധരിയും എസ്.എല്‍. സക്‌സേനയും സഭയില്‍ ഇതിനെതിരേ വലിയ ഒച്ചപ്പാടുണ്ടാക്കി എന്നാണ്.ഗവര്‍ണറെ തിരഞ്ഞെടുക്കുക തന്നെ വേണം എന്നാണ് അവര്‍ വാദിച്ചത്. പക്ഷേ ജവഹര്‍ലാല്‍ നെഹ്‌റു, കെ.എം.മുന്‍ഷി തുടങ്ങിയ പ്രമുഖ അംഗങ്ങള്‍ ഭേദഗതിയെ ആണ് അംഗീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമായി നിത്യേന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നതുകൊണ്ട് നോമിനേഷന്‍ മതി എന്നാണ് ഇവര്‍ വാദിച്ചത്. ഒടുവില്‍ അംബേദ്കറും ആ നിലപാട് എടുത്തു. വലിയ അധികാരങ്ങളൊന്നും നല്‍കാത്ത ഗവര്‍ണറെ വലിയ തോതില്‍ ഖജനാവിലെ പണം ചെലവഴിച്ച് നീണ്ട പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്നത് ഒരു പാഴ്‌ചെലവായി അദ്ദേഹം കണ്ടു. അടുത്തപ്രശ്‌നം ഗവര്‍ണറെ എങ്ങനെ പിന്‍വലിക്കണം എന്നതായിരുന്നു.

അവിടെയും ഭരണഘടനയുടെ ഡ്രാഫ്റ്റ്‌ പറഞ്ഞിരുന്നത് സംസ്ഥാന അംസബ്ലിക്ക് ഇംപീച്ച്‌മെന്റിലൂടെ ഗവര്‍ണറെ പിന്‍വലിക്കാം എന്നതായിരുന്നു. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറെ പോലും ഇംപീച്ച് ചെയ്യാനുളള അധികാരം അന്നും ഇന്നും ഉണ്ട്. അവിടത്തെ ഗവര്‍ണര്‍മാര്‍ക്ക് നിയമങ്ങള്‍, കാരണം കാണിച്ചുകൊണ്ട് വീറ്റോ ചെയ്യാനുളള അധികാരം പോലുമുണ്ട്. പക്ഷേ, ഇക്കാര്യത്തിലും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒരു തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറെ ഇംപീച്ച് ചെയ്യുന്നത് അപ്രസക്തമാണെന്ന നിലപാടാണ് ഭരണഘടനാസമിതി എടുത്തത്.

എച്ച്.എന്‍. കുന്‍സുറു, ടി.ടി. കൃഷ്ണമാചാരി തുടങ്ങിയ പ്രഗത്ഭരായ അംഗങ്ങള്‍ ഈ കാര്യത്തില്‍ വിശദമായ ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ്. എന്തായാലും ഗവര്‍ണറുടെ നിയമനം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ വിവാദങ്ങളില്ലെങ്കിലും ഗവര്‍ണര്‍മാരുടെ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം അവര്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നിട്ടുകൂടി ദൈനംദിന സംസ്ഥാന ഭരണത്തെ ശല്യപ്പെടുത്തുന്നതിന്റെ അവസാന ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗ പിണക്കത്തിലൂടെ നാം കണ്ടത്. ഇവിടെ നെഹ്‌റു ശരിവെക്കപ്പെടുകയാണ് എന്ന് വേണമെങ്കില്‍ പറയാം.

ഗവര്‍ണര്‍ പദവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ അടുത്തതായി നാം കാണേണ്ട കാര്യം ഇന്ത്യയിലെ ഗവര്‍ണര്‍ പദവിയുടെ വൈവിധ്യമാണ്. കേരള ഗവര്‍ണര്‍ 56 മുതല്‍ കേന്ദ്രത്തിന്റെ പ്രതിനിധിയും കേന്ദ്രത്തില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയമുളള സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടുമാണ്. പക്ഷേ, ഇന്ത്യന്‍ ഭരണഘടനയുടെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഗവര്‍ണര്‍ വെറുമൊരു റെസിഡന്‌റ് സായ്പ് അല്ല. സംസ്ഥാനങ്ങളെ വടിയെടുത്ത് പേടിപ്പിക്കുന്ന ഒരാള്‍ മാത്രമല്ല ഗവര്‍ണര്‍ എന്നതിലുപരി, വിവിധ സംസ്ഥാനങ്ങള്‍ക്കകത്തുളള വ്യത്യസ്ത സാംസ്‌കാരിക,പ്രാദേശിക ധാരകളെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത് നിര്‍ത്തുന്ന 'വലിയ തുന്നല്‍ക്കാര'നായിട്ടാണ് ഗവര്‍ണറെ നമുക്ക് കാണാന്‍ സാധിക്കുക.

ഭരണഘടനയുടെ 21-ാം ഭാഗത്തില്‍ 370-ാം വകുപ്പ് വളരെ ലാഘവത്തോടെ രണ്ടാം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. കശ്മീരിനെന്തിനാണ് പ്രത്യേക പദവി എന്ന ചോദ്യം ഏറ്റുപറയാന്‍ ബി.ജെ.പിക്ക് പുറത്തും കേരളത്തില്‍ അടക്കം നിരവധി ആളുകള്‍ ഉണ്ടായി. കശ്മീര്‍ അസംബ്ലിയുടെ അസാന്നിധ്യത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഒരു ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഒരു സംസ്ഥാനത്തിന്റെ അഭിപ്രായമായി സങ്കല്പിച്ചുകൊണ്ടാണ് പാര്‍ലമെന്റ് സുപ്രധാനമായ ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

പക്ഷേ, 371-ാം വകുപ്പിനെ കുറിച്ച് നമ്മുടെ പൊതുമണ്ഡലം ഇപ്പോഴും വേണ്ട തരത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. 371-ാം വകുപ്പില്‍ ഗവര്‍ണര്‍മാരിലൂടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 371-ാം വകുപ്പിന്റെ ആദ്യഭാഗത്ത് തന്നെ പറയുന്ന മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും നല്‍കിയിട്ടുളള അഥവാ അവിടുത്തെ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടുളള പ്രത്യേക അവകാശമാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ പ്രദേശത്തിനും മറാത്ത്‌വാദ പ്രദേശത്തിനും ഡവലപ്പ്‌മെന്റ് കൗണ്‍സിലുകള്‍ വേണമെന്നും അതുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണെന്നും എടുത്ത് പറഞ്ഞിരിക്കുന്നു. ഈ പ്രദേശങ്ങള്‍ക്ക് വികസനഫണ്ട് കൃത്യമായി നല്‍കുന്നുണ്ടോ എന്ന് ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ പരിശോധിക്കാനുളള അധികാരവും മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ക്കുണ്ട്.വിദര്‍ഭ, മറാത്ത്‌വാദാ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പോലെ ഗുജറാത്തില്‍ കച്ച് വികസന കൗണ്‍സില്‍ ഉണ്ടാക്കേണ്ടത് അവിടുത്തെ ഗവര്‍ണറുടെ ചുമതലയാണ്.

ഇത് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണെങ്കില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് സവിശേഷ അധികാരങ്ങളുളളതായി കാണാം. അസമിലെ ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുളളത് ഗവര്‍ണറെയാണ്. നാഗാലാന്‍ഡിലേക്ക് വന്നാല്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുന്നത് കാണാം. ഏതാണ്ട് രണ്ടു ലക്ഷം പേര്‍ മാത്രമുളള നാഗാലാന്‍ഡിലെ ത്യുൻസാങ്‌
ജില്ലയ്ക്ക് ഒരു കൗണ്‍സില്‍ ഉണ്ടാക്കേണ്ടത് ഗവര്‍ണറുടെ ചുമതല(371A(f))യാണ് എന്നുമാത്രമല്ല അവിടെനിന്നു ഒരു മന്ത്രി ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഗവര്‍ണറാണ്. ഈ മന്ത്രിക്ക് മുഖ്യമന്ത്രിയിലൂടെ അല്ലാതെ തന്നെ ഗവര്‍ണറെ സമീപിക്കാവുന്നതാണ്. മുഖ്യമന്ത്രി രാജിവെച്ചാലും ഈ മന്ത്രി ത്യുൻസാങ്‌കൗണ്‍സിലിന്റെ പ്രതിനിധിയായി ഗവര്‍ണറോടൊപ്പം നില്‍ക്കുന്ന കാഴ്ച നാഗാലാന്‍ഡില്‍ കാണാവുന്നതാണ്.

371 E അനുസരിച്ച് ആന്ധ്രപ്രദേശില്‍ ഒരു കേന്ദ്ര സര്‍വകലാശാലയുണ്ടാക്കണമെന്ന് ഭരണഘടന പറയുമ്പോള്‍ അതിന്റെ മേല്‍നോട്ടവും ഗവര്‍ണര്‍ക്കാണ്. മണിപ്പൂരിലെ മലമ്പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ഉത്തരവാദിത്തവും സിക്കിമിലെ പല പ്രദേശങ്ങളുടെയും ഉത്തരവാദിത്തവും എന്തിന് അരുണാചല്‍ പ്രദേശിലെ ക്രമസമാധനപാലനം പോലും 371-ാം വകുപ്പിന്റെ ഉപവകുപ്പുകളിലൂടെ ഗവര്‍ണറില്‍ നിക്ഷിപ്തമായിട്ടുണ്ട്. ര്‍ണാടകത്തില്‍ 371 J അനുസരിച്ച് പിന്നോക്ക ജില്ലകള്‍ക്ക്, ഹൈദരാബാദിനോട് ചേര്‍ന്ന് കിടക്കുന്ന ആറ് ജില്ലകള്‍ക്ക്, നേരത്തേ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെന്ന പോലെ ഒരു വികസന സമിതി ഉണ്ടാക്കേണ്ടതിന്റെ ചുമതലയും ഗവര്‍ണര്‍ക്ക് തന്നെ.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാനുളള ഒരു ഹെഡ് മാസ്റ്റർ മാത്രമല്ല.മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് പോലുളള വലിയ സംസ്ഥാനങ്ങളിലും മണിപ്പൂര്‍, നാഗലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് പോലുളള ചെറിയ സംസ്ഥാനങ്ങളിലും പിന്നോക്കാവസ്ഥ പരിഹരിക്കാനുളള പ്രത്യേക അധികാരങ്ങളോട് കൂടി, വളരെ ചെറിയ ഗോത്ര വര്‍ഗങ്ങളെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്താനുളള പ്രത്യേകാധികാരങ്ങളോട് കൂടി ഗവര്‍ണര്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ, റിപ്പബ്ലിക്കന്‍ സത്തയുടെ കാവല്‍ക്കാരാനാവുകയാണ് ഗവര്‍ണര്‍.കേവലം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ (majoritarian) മാത്രമല്ലാതെ, സകലരേയും പരിഗണിക്കുക എന്നുളളതാണ് റിപ്പബ്ലിക്കന്‍ ഭരണത്തിന്റെ സത്തയെങ്കില്‍ ഇന്ത്യയുടെ ആന്തരിക റിപ്പബ്ലിക്കന്‍ ഉളളടക്കത്തിന്റെ ഒരു പ്രധാന കണ്ണിയാണ് ഗവര്‍ണര്‍ എന്ന കാര്യം മറന്നുകൂടാ.

മുഖ്യമന്ത്രിമാരെ മാറ്റുന്നതില്‍ ഗവര്‍ണര്‍മാര്‍ വഹിച്ചിട്ടുളള കുപ്രസിദ്ധമായ നടപടികള്‍ ആ പദവിക്ക് ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടതും എന്‍.ടി. രാമറാവു സര്‍ക്കാരിനെ പിരിച്ചുവിട്ടതും കശ്മീരില്‍ ഒരു കാലഘട്ടത്തില്‍ മുഖ്യമന്ത്രി പദവികൊണ്ട് ഗവര്‍ണര്‍മാര്‍ ചെപ്പും പന്തും കളിച്ചതും എക്കാലത്തേയും ഭരണഘടനാപരമായ നാണക്കേടുകളായി തന്നെയാണ് നിലനില്‍ക്കുന്നത്. പക്ഷേ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഗവര്‍ണര്‍ പദവിയെകുറിച്ച്, ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച്, ഗവര്‍ണറുടെ ഭരണഘടനാപരമായ ഔന്നിത്യത്തെ കുറിച്ച് എല്ലാം അസംബ്ലിയിലും പാര്‍ലമെന്റിലും മാത്രമല്ല പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.

Content Highlights: Kerala governor Arif Mohammad Khan and his roles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented