വിഴിഞ്ഞം തുറമുഖത്തിന്റെ ആകാശദൃശ്യം, സമരത്തെ നേരിടുന്ന പോലിസ് | ഫോട്ടോ മാതൃഭൂമി
തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങള്‍ കലുഷിതമായിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. തീരജീവിതത്തില് അടക്കിപ്പിടിച്ചിരുന്ന പ്രതിഷേധങ്ങള്‍ അണപൊട്ടി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. എന്താണ് തിരുവനന്തപുരത്തെ തീരപ്രദേശത്ത് നടക്കുന്നത്? വര്‍ഷങ്ങളായി ദുരിതത്തിന്റെ തീരാക്കയത്തിലാണ് അവര്‍. അതു മൂര്‍ച്ഛിച്ചത് ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴാണ്. ഓഖി കൊടുങ്കാറ്റടിച്ചതോടെ ഡസന്‍ കണക്കിന് ആളുകള്‍ മരണപ്പെട്ടു. അവര്‍ക്ക് സാമാന്യം തരക്കേടില്ലാത്ത നഷ്ടപരിഹാരം ലഭിച്ചുവെന്നത് ശരിയാണെങ്കിലും അന്ന് തകര്‍ന്ന വീടുകളിലെ മനുഷ്യര്‍ വര്‍ഷങ്ങളായി ഒരു സിമന്റ് ഗോഡൗണില്‍ കിടക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്.
കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസെടുത്ത കാലത്തും നാനൂറോളം കുടുംബങ്ങളാണ് ഒരു ഗോഡൗണില്‍ തിങ്ങിക്കൂടി കഴിഞ്ഞത് എന്ന് കേരളത്തിന്റെ പൊതുസമൂഹം അറിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. മാധ്യമങ്ങള്‍ അതറിയിക്കുന്നതില്‍ പരാജയപ്പെടുകയും രാഷ്ട്രീയ നേതൃത്വം അത് പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്തു.
കാലം തെറ്റി പെയ്യുന്ന മഴയും കാറ്റും വീണ്ടും കേരളത്തെ പിടിച്ചുലച്ചു. സ്വതവേ ദുര്‍ബലയായിരുന്ന തീരപ്രദേശം അതിന്റെ പ്രയാസങ്ങളില്‍ വീര്‍പ്പുമുട്ടി. കേരളത്തിന്റെ കിഴക്കന്‍ ഭാഗത്ത് വെളളം കയറി രണ്ടാം നിലയില്‍ ജനങ്ങള്‍ അഭയം തേടിയ സന്ദര്‍ഭത്തില്‍ ലോറിയില്‍ വളളങ്ങള്‍ കയറ്റി അവരെ രക്ഷിക്കാന്‍ പോയ, അന്ന് പ്രശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച അതേ മത്സ്യതൊഴിലാളികള്‍ അവരുടെ ആവാസകേന്ദ്രത്തില്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് കേരളത്തിലെ 'ഭദ്രലോക്' അന്വേഷിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
കേരളത്തിന്റെ നാവികസൈന്യമെന്നും ധീരതയുടെ പര്യായപദമെന്നൊക്കെ നാം മത്സ്യത്തൊഴിലാളികളെ വാഴ്ത്തി. പക്ഷേ പരിസ്ഥിതിയുടെ പുതിയ കാലഘട്ടത്തിലെ കളളക്കളികള്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കി തീര്‍ത്തിരുന്നു. ഓഖിക്കും പെരുമഴയ്ക്കും ശേഷം ഗവണ്മെന്റ് കൂടെക്കൂടെ കടലില്‍ പോകരുത് എന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നത് സാധാരണമായി. കടലില്‍ പോകാത്ത ദിവസം മത്സ്യത്തൊഴിലാളികള്‍ എങ്ങനെ ജീവിക്കണമെന്ന് അധികൃതര്‍ പറഞ്ഞുമില്ല.
ഇത്തരം പ്രശ്നങ്ങളാണ് തിരുവനന്തപുരം ലത്തീന്‍ രൂപത മുന്നോട്ട് വെക്കുന്നത്. ഓഖി ദുരന്തത്തില്‍ തകര്‍ന്നുപോയവരുടെ പുനരധിവാസവും കടലില്‍ പോകരുത് എന്ന പ്രഖ്യാപനമുണ്ടാകുന്ന ദിവസങ്ങളില്‍ ജീവിക്കാനുളള തൊഴിലുറപ്പിനോട് സമാനമായ എന്തെങ്കിലും സഹായപദ്ധതികളുമാണ് ലത്തീന്‍ രൂപത മുന്നോട്ടുവെച്ചിട്ടുളള മുദ്രാവാക്യങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുളളത്. ഇതിനെല്ലാം പുറമേയാണ് തുറമുഖ നിര്‍മാണം തിരുവനന്തപുരത്തിന്റെ തീരപ്രദേശത്തെ കാര്‍ന്നു തിന്നുകയാണോ എന്ന ബലമായ സംശയം.
വിഴിഞ്ഞത്ത് പുലിമുട്ട് ഉണ്ടാക്കിയതിന്റെ വടക്കുഭാഗത്ത് വന്‍തോതില്‍ കടലാക്രമണം ഉണ്ടായി. സുപ്രസിദ്ധമായ ശംഖുമുഖം കടപ്പുറം, തിരുവനന്തപുരത്തിന്റെ സുന്ദരമായ ബീച്ച് ഇല്ലാതായി. ശംഖുമുഖം ബീച്ചില്‍നിന്നും ഏതാനും മീറ്റര്‍ ദൂരം മാത്രമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്വേയിലേക്കുളളത് എന്ന കാര്യം മറന്നുകൂടാ. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയായിട്ടില്ലെങ്കിലും അവിടെ നിര്‍മിച്ച പുലിമുട്ടുകളും മറ്റു സംവിധാനങ്ങളും വിഴിഞ്ഞത്തിന്റെ വടക്കന്‍ തീരപ്രദേശങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ടോയെന്ന പഠനം നടത്തണമെന്ന് സമരസമിതി ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങള്‍ ഒന്നുംതന്നെ തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതല്ല.
ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടില്ല എന്നതാണ് സമരം ശക്തമായതിന്റെ കാരണം എന്നു മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് എന്തു കൊണ്ട് കഴിയുന്നില്ലെന്നത് അമ്പരിപ്പിക്കുന്ന ഒരു ചോദ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം എന്ന മട്ടിലാണ് സമരവിരുദ്ധര്‍ സര്‍ക്കാരിന്റെ സഹായത്തോടെ പ്രചാരണം നടത്തുന്നത്.
എന്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രം?
വിഴിഞ്ഞത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. എ.ഡി. ഏഴാം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ട് വരെയുളള കാലയളവില്‍ നാഗര്‍കോവില്‍ മുതല്‍ തിരുവല്ല വരെ നീണ്ടുകിടന്ന ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു വിഴിഞ്ഞം. ആയി വംശം എന്നറിഞ്ഞിരുന്ന ശക്തമായ ഈ രാജവംശം ചോള രാജക്കാന്മാര് അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് ഇന്ത്യയുടെ തെക്കേ മുനമ്പിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രത്തിന്റെ അധിപന്മാരായിരുന്നു. കാലം കടന്നുപോയപ്പോള്‍ വിഴിഞ്ഞത്തിന് അതിന്റെ പ്രതാപം നഷ്ടപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ശ്രീമൂലം രാജാവിന്റെ ഭരണകാലത്ത് തിരുവിതാകൂറിന്റെ പ്രധാന തുറമുഖമായി വിഴിഞ്ഞം വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുവെങ്കിലും അത് സാധിച്ചില്ല. സര് സി.പിയും ആ വഴിക്ക് ചില ചിന്തകള്‍ കൊണ്ടുപോയെങ്കിലും അതും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
1991-ലെ കെ. കരുണാകരന് സര്‍ക്കാരിന്റെ കാലത്ത് തുറമുഖ മന്ത്രിയായി ചുമതലയേറ്റെടുത്ത എം.വി. രാഘവനാണ് വിഴിഞ്ഞം സ്വപ്നത്തിന് വീണ്ടും ചിറക് മുളപ്പിച്ചത്. 91-96 കാലഘട്ടത്തില്‍ ബി.ഒ.ടി. എന്ന സങ്കല്പം ഇന്ത്യയില്‍ ശക്തമായ കാലത്ത് ആന്ധ്രയിലെ കുമാര്‍ ഗ്രൂപ്പ് എന്ന കമ്പനിക്ക് ബി.ഒ.ടി. അടിസ്ഥാനത്തില്‍ തുറമുഖം പണിയാനുളള കരാര്‍ സര്‍ക്കാര്‍ നല്കുകയുണ്ടായി. പക്ഷേ 96-ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ പൊതുവിലുളള ബി.ഒ.ടി. വിരോധം കൊണ്ടും കരുണാകരന് സര്‍ക്കാരില്‍ എം.വി. രാഘവന് കൊണ്ടുവന്ന എന്ന നിലയിലും വിഴിഞ്ഞത്തെ പൂര്‍ണമായും അവഗണിച്ചു എന്നുതന്നെ പറയാം. 2001-ല്‍ ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും എം.വി. രാഘവന് തന്നെയായിരുന്നു തുറമുഖ വകുപ്പ് മന്ത്രി. വളരെ സജീവമായി തുറമുഖത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനകം ഉപേക്ഷിച്ചു പോയ കുമാര്‍ കമ്പനിയെ ഒഴിവാക്കിക്കൊണ്ട് ഒരു ഇന്റര്‍നാഷണല്‍ ട്രാന്‍ഷിപ്പ്മെന്റ് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിയെടുക്കുന്നതിന് വേണ്ട ത്വരിത ഗതിയിലുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് 2005-ല്‍ ഒരു ചൈനീസ് കമ്പനിയുമായി ധാരണയായത്. പക്ഷേ, സൈനിക ക്ലിയറന്‍സ് കിട്ടാത്തതുകൊണ്ട് ചൈനീസ് കമ്പനിക്ക് പണി തുടങ്ങാന്‍ കഴിഞ്ഞില്ല. ഈ ചൈനീസ് കമ്പനി പാകിസ്താനിലും തുറമുഖം പണിയുന്നുണ്ട് എന്നതുകൊണ്ടായിരുന്നു സൈനിക ക്ലിയറന്‍സ് കിട്ടാതെ പോയത്.
പിന്നീട് അധികാരത്തില്‍ വന്നത് അച്യുതാനന്ദന് സര്‍ക്കാരാണ്. 96-ലെ നായനാര്‍ സര്‍ക്കാര്‍ ചെയ്തത് പോലെ പദ്ധതിയെ പൂര്‍ണമായും അവഗണിച്ചില്ലെങ്കില്‍ പോലും മറ്റൊരു വഴിക്ക് പദ്ധതി കൊണ്ടുപോകാനാണ് ആഗ്രഹിച്ചത്. നേരത്തേ ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്ന കരാറിന്റെ അനുവാദത്തിന് വിഘാതമുണ്ടായെങ്കിലും വീണ്ടും അതേ നടപടികള്‍ ആവര്‍ത്തിക്കുന്നത് കാലതാമസം വരുന്നതുകൊണ്ട് റിവേഴ്സ് ടെണ്ടറിങ് എന്ന നടപടിക്രമത്തിലൂടെ മറ്റേതെങ്കിലും കമ്പനികള്‍ മുന്നോട്ടുവരുമോ എന്ന് അന്വേഷിക്കാനാണ് യു.ഡി.എഫ്. അന്നത്തെ അച്യുതാനന്ദന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പക്ഷേ അന്ന് തുറമുഖ മന്ത്രിയായിരുന്ന എം. വിജയകുമാര്‍ മറ്റൊരു വഴിക്ക് നീങ്ങി. കുറേ സ്ഥലം തീരപ്രദേശത്ത് ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തി. കിറ്റ്കോ എന്ന പൊതുമേഖലാസ്ഥാപനത്തെ സ്ഥലമേറ്റെടുക്കാനുളള ചുമതല കൊടുത്ത് പല സ്ഥലത്തും സര്‍വേ ആരംഭിച്ചതോടെ ആദ്യമായി തിരുവനന്തപുരത്തെ തീരവാസികള്‍ ശക്തമായ സമരവുമായി മുന്നോട്ടുവന്നു.
91 മുതല്‍ ആരംഭിച്ച വിഴിഞ്ഞം പദ്ധതിക്കെതിരേ തിരുവനന്തപുരത്തെ തീരദേശവാസികളോ തിരുവനന്തപുരം നിവാസികളോ തുടക്കത്തില്‍ യാതൊരു വിധത്തിലുളള പ്രതിഷേധവും കൊണ്ടുവന്നിരുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതിഷേധം കനത്തതോടെ വീണ്ടും വിഴിഞ്ഞം തുറമുഖ പദ്ധതി ഫ്രീസറില്‍ വെച്ച് അടച്ചു. പിന്നീട് അധികാരത്തില്‍ വന്നത് 2011-ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. 91 മുതല്‍ ആരംഭിച്ചതും 2001-2006 കാലഘട്ടത്തില്‍ നടപ്പിലാകുമെന്നതിന്റെ വക്കോളമെത്തിക്കുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട പുതിയ ശ്രമങ്ങള്‍ ഫലപ്രദമായി നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. പക്ഷേ ടെണ്ടര്‍ വിളിച്ചപ്പോള്‍ ഒന്ന് മാത്രമേ വന്നുളളൂ. അത് അദാനിയുടെ ടെണ്ടര്‍ ആയിരുന്നു. സിംഗിള്‍ ടെണ്ടര്‍ വന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതിനെ സംബന്ധിച്ച് അന്നത്തെ പ്ലാനിങ് കമ്മിഷന് കൃത്യമായ മാര്‍ഗരേഖകള്‍ ഉണ്ടാക്കിയിരുന്നു. ആ മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ പുതിയ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുകയാണ് ചെയ്തത്. അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് വിമര്‍ശനങ്ങള്‍ ധാരാളമായി ഉണ്ടായി എങ്കിലും ആ പദ്ധതി നടക്കട്ടേ എന്ന തീരുമാനമാണ് യു.ഡി.എഫ്. എടുത്തത്.
പക്ഷേ അന്ന് പ്രതിപക്ഷത്തെ ഏറ്റവും പ്രമുഖനായിരുന്ന രാഷ്ട്രീയ നേതാവ് പിണറായി വിജയന് വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടെന്ന് ആരോപിച്ചു. പദ്ധതിയുടെ അടങ്കലിലേക്കാളും വലിയ അഴിമതി ആരോപണമാണ് ഉണ്ടായത്. അന്നത്തെ പ്രതിപക്ഷം ഇതിനെ കടല്ക്കൊളളയായാണ് ചിത്രീകരിച്ചതും പ്രചരണം നടത്തിയതും. അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മിഷന് തന്നെ നിയമിക്കപ്പെട്ടു. പക്ഷേ, അത്തരം ആരോപണങ്ങള്‍ അപ്പാടെ കമ്മിഷന് തള്ളിക്കളയുകയാണ് ചെയ്തത്. പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ നായനാര്‍, അച്യുതാനന്ദന് സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി മുന്‍കാല ആരോപണങ്ങളെ മാറ്റിവെച്ചുകൊണ്ട് അദാനിയുടെ തുറമുഖ നിര്‍മാണം മുന്നോട്ടുപോകാനുളള പച്ചക്കൊടി കാണിച്ചു. സ്വാഗതാര്‍ഹമായ ഒരു നീക്കമായിരുന്നു അത്. പക്ഷേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആയിരം ദിവസം കൊണ്ട് പണിതീര്‍ക്കാമെന്ന് ഏറ്റിരുന്ന അദാനിക്ക് ഏതാണ്ട് എട്ടു വര്‍ഷമായിട്ടും പണിതീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പകുതി പണിയില്‍ ഇപ്പോഴും വിഴിഞ്ഞം തുറമുഖം നില്‍ക്കുകയാണ്.
ഈ കാലയളവില്‍ തന്നെയാണ് ഓഖിയും പേമാരിയും അതിനുശേഷം കോവിഡും ഉണ്ടായത്. സ്വാഭാവികമായും ഉണ്ടാകുന്ന തടസ്സങ്ങളെ നിയമത്തിന്റെ ഭാഷയില്‍ ആക്ട് ഓഫ് ഗോഡ് എന്ന ക്ലോസ് വെച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കിലും മൂന്നു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പദ്ധതി എട്ടു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയാത്തതിന് ന്യായീകരണങ്ങളൊന്നുമില്ല. ഇതിനിടയിലാണ് നേരത്തേ സൂചിപ്പിച്ച തീരശോഷണം ശക്തമായത്. തീരശോഷണം തിരുവനന്തപുരത്ത് മാത്രമല്ല സംഭവിച്ചിട്ടുളളത് എങ്കില്‍പോലും തിരുവനന്തപുരം തീരശോഷണത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം ഇത് ഇന്നും നാളേയും തീരേണ്ട ഒന്നല്ല. നൂറ്റാണ്ടുകള്‍ നിലനില്ക്കേണ്ട തുറമുഖമാണ്.
സമരം ശക്തമായി. തുറമുഖം നിലവില്‍ വരണം എന്നുതന്നെയാണ് ഇരുമുന്നണികളും ആഗ്രഹിക്കുന്നത്. യു.ഡി.എഫിന്റെ സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം. ഇന്നത് പൂര്‍ത്തിയാക്കേണ്ട ചുമതല ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനും. ബി.ജെ.പി. സര്‍ക്കാരിനും ഇതു വരരുത് എന്ന അഭിപ്രായമില്ല. അതുകൊണ്ട് കേരളത്തിലെ മൂന്നു രാഷ്ട്രീയ കക്ഷികള്‍ക്കും വിഴിഞ്ഞം തുറമുഖം വരണം എന്ന നിലപാടാണ് ഉളളതെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നില്ല. ഇവിടെയാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ പാളിപ്പോകുന്നത്. രാഷ്ട്രീയ കക്ഷികള്‍ക്കാര്‍ക്കും വിരോധമില്ലാതിരുന്നിട്ടും എന്തു കൊണ്ട് വിഴിഞ്ഞം തുറമുഖം പദ്ധതി തീര്‍ന്നില്ല എന്ന ചോദ്യത്തിന് മറുപടി പറേയണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.
ഇന്ന് സമരം ചെയ്യുന്ന സമരസമിതി പോലും വിഴിഞ്ഞം തുറമുഖം എന്നന്നേക്കുമായി ഉപേക്ഷിക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. അതിന്റെ ആഘാതം പഠിക്കണം എന്നു മാത്രമേ അവരും പറയുന്നുളളൂ. ഇത്തരത്തിലുളള പരിഹരിക്കാനാവുന്ന ഒരു വിഷയം ഒരു വലിയ സാമൂഹിക സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തില്‍ വഷളാക്കിയതിന്റെ ഉത്തരവാദിത്തം ഇന്നത്തെ സംസ്ഥാന ഭരണത്തിനാണ് എന്ന് പറയാതെ പോകാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ സമരം ചെയ്യുന്ന ആരേയും തീവ്രവാദികളാക്കുന്ന സമീപനം സര്‍ക്കാര്‍ എടുക്കരുത്. അത് വിഴിഞ്ഞത്ത് മാത്രം നാം കണ്ടതല്ല. കെ-റെയിലിലും തീവ്രവാദ ആരോപണം കണ്ടു. കോഴിക്കോട് നടക്കുന്ന പ്ലാന്റിനെതിരായ സമരത്തിലും തീവ്രവാദ ആരോപണം ഇടതുപക്ഷത്തിന്റെ അടുത്ത് നിന്നുതന്നെ ഉണ്ടാകുന്നു. ഇതു ശരിയായ സമീപനം ആണോയെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പരിശോധിക്കണം. അതിനിടയിലാണ് ഞങ്ങളല്ല നിങ്ങളാണ് തീവ്രവാദികളാണെന്ന മട്ടില്‍ ആരോപണം ഉണ്ടാകുന്നത്. സമരസമിതിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പുരോഹിതന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല.
വളരെ തുറന്ന മനസ്സോടുകൂടി പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകളല്ലാതെ പരിഹാരത്തിന് വേറെ കുറുക്കുവഴികളില്ല. ഇതിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആരും അംഗീകരിക്കുന്നതല്ലെങ്കിലും തീരപ്രദേശം കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രദേശമാണെന്ന കാര്യം അധികാരികള്‍ മറന്നുപോകരുത്. അരക്ഷിതാവസ്ഥയിലേക്ക് തള്ളി നീക്കപ്പെട്ട ഒരു ജനത സംഘടിതരാകുമ്പോള്‍ അനിഷ്ട സംഭവങ്ങളും അസാധാരണമായ പ്രതിഷേധരൂപങ്ങളും ഉയര്‍ന്നു വരുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. അതിന് അവരെ പഴിക്കുന്നതിന് പകരം, ലാത്തിന് കാത്തിലിക് രൂപതയുടെ ബിഷപ്പിന്റെ പേരില്‍ തന്നെ കേസെടുത്ത് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, അനുരഞ്ജനത്തിന്റെയും ചര്‍ച്ചയുടെയും പാതയിലൂടെ തീരജീവിതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമായ ഇടപെടല്‍ നടത്തി ആ തുറമുഖം യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍കൈ എടുക്കുകയുമാണ് വേണ്ടത്.
Content Highlights: Goverment's stand on Vizhinjam protest, pratibhashanam column by cp john
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..