ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി | Photo: www.facebook.com|photo.php?fbid=2562230934091886&set=t.100009150123325&type=3
ശ്രീ രാജരാജേശ്വരി ക്വൊട്ടേഷന്സ് കണ്ടിട്ടുണ്ട് സിനിമയില്‍. അതിവേഗം അത് നേരിലും കാണാറായി. ദൈവത്തിന്റെ സ്വന്തം നാട്. മലയാളികളുടെ ആര്‍ജിത പുണ്യം.
മാഹിയില്‍ നിന്ന് മദ്യവും കോഴിയും മാര്‍ബിളും കടത്തി തുടങ്ങിയതാണ്. നികുതി വെട്ടിപ്പില്നിന്ന് ലാഭം. കാശിന് മുട്ടില്ല. അങ്ങനെയിരിക്കേ കണ്ണൂരില്‍ വിമാനത്താവളം വന്നു. കുട്ടികള്‍ കച്ചവടം മെച്ചത്തിലാക്കി. ഇന്റര്‍നാഷണലായി.
എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്ന് പണ്ട് 'അറബിപ്പൊന്ന്' എഴുതി. സ്വര്‍ണക്കച്ചവടത്തിന്റെ കള്ളവഴികളിലൂടെ യാത്ര. അതിലെ ഒരു രംഗം ഇങ്ങനെ. രാത്രി തുറന്നിരിക്കുന്ന ചായക്കട. അവിടെ ചെന്ന് ഉരുപ്പടി മാറ്റണം. അതിനിടെ യാദൃശ്ചികമായി ഓട്ട കുത്തിയ നോട്ട് മാറ്റാന്‍ നോക്കുന്നു. അതായിരുന്നു കോഡ്.
സ്വര്‍ണം കൊണ്ടുവരുന്നവര്‍ ഇടക്കാലത്ത് കുരുവികള്‍ എന്ന് അറിയപ്പെട്ടു. കോഡുകള്‍ പലതു വന്നു. കൊടുവള്ളിയിലേക്ക് ഫാക്സ് മെസ്സേജുകള്‍. അതുമായി ഇരുചക്രത്തില്‍ എത്തുന്ന ആള് വശം കോഡ്. കൈമാറ്റം. അതു പിന്നീട് വാട്സ്ആപ് ചെയ്യുന്ന അഞ്ചു രൂപ നോട്ടിന്റെ കീറിയ ഭാഗമായി. ആ സാങ്കേതികവിദ്യ പല വിധം പുരോഗമിച്ചു.
അപ്പോഴും കുരുവിക്ക് പരമാവധി വരവ് 75,000 രൂപ. അതിനാല്‍ പൊട്ടിക്കാന്‍ തുടങ്ങി. അതിന് സഘം പിറന്നു. അവര്‍ക്ക് പാര്‍ട്ടി പിന്തുണയായി. ജയിലില്‍ കിടക്കുന്ന വമ്പന്‍ ക്രിമിനലാണ് പ്രതിയെങ്കില്‍ കവചത്തിന് ബലമേറും. കൊടിയടയാളം വന്നു.
ഒന്നോ രണ്ടോ വട്ടം പൊട്ടിച്ചാല്‍ കോടികള്‍ വരവ്. ഇരുപതു തികയാത്ത കുട്ടികള്‍ കോടീശ്വരന്മാര്. ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും ഫാന്‍സ് ക്ലബ്ബുണ്ടാക്കി. കാശുള്ളവരെ ഒരു പാര്‍ട്ടിയും തള്ളില്ല. അത് നാട്ടുനടപ്പ്. ഇരുവരും ഫേസ്ബുക്കില്‍ നിറഞ്ഞു. ചെ ഗുവേരയുടെ കുപ്പായം. ചെമ്പട്ടുടുത്തു. പള്ളിവാളേന്തി. പിന്നെ പുറപ്പാട്. ലൈക്കും കമന്റും വൗവും കൂടി.
ചെര്‍പ്പുളശ്ശേരി സംഘം എന്നു കേട്ടാല്‍ പൂരം പഞ്ചവാദ്യം സംഘമെന്നേ കരുതിയിരുന്നുള്ളൂ. കണ്ണൂര്‍ സംഘം, കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം എന്നതൊക്കെ പക്ഷേ കള്ളക്കടത്തുകാരുടെ പേരായി. ജയില്‍ മാനസാന്തര കേന്ദ്രങ്ങള്‍ അല്ല. ഗൂഢാലോചനയ്ക്ക് ഉള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് സംവിധാനമായി.
പൊന്നു കായ്ക്കുന്ന മരങ്ങള്‍. എല്ലാം പുരയ്ക്ക് മീതേ വളര്‍ന്നു. ഗതി കെട്ടു പാര്‍ട്ടി. ഒടുവില്‍ നടപടി. വേരറുക്കണം. അതിന്റെ ബഹളങ്ങളാണ് കണ്ണൂരില്‍. എന്നാല്‍ ഇത് അവിടെ മാത്രം ഉള്ളതല്ല. സി.പി.എമ്മില്‍ മാത്രം നില്‍ക്കുന്നതുമല്ല. ചുറ്റുമൊന്ന് നോക്കിയാല്‍ മതി.
തൃശുരിലെ ചില കുറിക്കമ്പനികളുണ്ട്. നറുക്ക് എത്രയായാലും 500 രൂപ ക്വൊട്ടേഷന്‍ ചെലവാണ്. കൃത്യമായി അടച്ചു തീര്‍ത്താല്‍ 750 തിരിച്ചു കിട്ടും. എന്നു വച്ചാല്‍ മര്യാദക്കാര് ആവാനുള്ള ഈട്. ഇരുന്നൂറോളം ചെറുതും വലുതുമായ തൃശ്ശിവപേര് ക്ളപ്തങ്ങളിലായി മാത്രം ആയിരത്തിലേറെ ക്വൊട്ടേഷന്‍കാര്‍ ജോലി ചെയ്യുന്നു എന്നര്‍ത്ഥം.
പണമിടപാടുകാര്‍ക്ക് സംസ്ഥാനം മുഴുവന്‍ വണ്ടി പിടിക്കാന്‍ ആളുണ്ട്. മണലു കടത്തുന്നവര്‍ക്ക് വഴി കാട്ടാന്‍ പോകുന്നവര്‍, ക്വാറിക്കാരുടെ ഇടപാടുകാര്‍. എല്ലാം ക്വൊട്ടേഷന്‍. രാജരാജേശ്വരി ക്വട്ടേഷന്‍ സംഘം വെറുതേ പറഞ്ഞതല്ല. തട്ടിക്കളയാനാണ് ചെലവു കുറവ്. പാര്‍ട്സിന് വില കൂടും. കയ്യെടുക്കാന്‍, കാലെടുക്കാന്‍ പ്രത്യേക നിരക്കുകള്‍.
കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രാഷ്ട്രീയം ഹിംസയുടെ വിളനിലമായി മാറി. ആത്മാര്‍ത്ഥത ഇല്ലാത്ത നേതാക്കള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരും എം.എല്‍.എമാരും നേതാക്കളും. വീരാരാധന ജനാധിപത്യപരമല്ല. പണാധിപത്യത്തിലും ജനാധിപത്യമില്ല.
തിരഞ്ഞെടുപ്പ് ചെലവിന് കള്ളപ്പണം വരുന്നു എന്ന് നമ്മള് കണ്ടു. കൊടകരയില്‍. ആ പണവും പൊട്ടിച്ചെടുത്തു. ഏതാണ് ഉറവിടം? എല്ലാവര്ക്കും അറിയാം. മുപ്പതു ലക്ഷം രൂപ മാത്രം ചെലവാക്കിയവര്‍ അല്ലാ, ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍. ആ ഉറപ്പിലാണ് മുപ്പതു സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. നിയമം ലംഘിച്ചാണ് സത്യപ്രതിജ്ഞ.
സഹായിച്ചവരാണ്. കണക്കു ചോദിക്കും. തള്ളിപ്പറയാന്‍ പറ്റില്ല. ഇനിയും ആവശ്യം വരും. അതിനാല്‍ ഭാവിയിലേക്കും കണ്ണു വയ്ക്കാം. എല്ലാവര്ക്കും കൂട്ടായി ആലോചിക്കാം. ഇത്രയേറെ യുവാക്കള്‍ക്ക് ജോലി നല്കുന്ന ക്വൊട്ടേഷന്‍ നിയമവിധേയം ആക്കുന്നതിനെ പറ്റി.!
പണി കൊടുക്കുന്നതും ഒരു പണിയാണല്ലോ.
Content Highlights: Gold smuggling and quotation teams | Dr. Sumitra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..