സാരോപദേശം മാത്രം പോര, വേണ്ടത് ഇന്ധനവില നയം; സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട് | പ്രതിഭാഷണം


സി.പി.ജോണ്‍ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും എത്രരൂപവരെ വിലയാകാമെന്ന കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരു ബോധ്യമുണ്ടാകണം.

പ്രതീകാത്മക ചിത്രം

ന്ധനവിലയെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഇന്ന് എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ട് പിടിച്ചെടുത്തിരിക്കുകയാണ്. കേന്ദ്രം കഴിഞ്ഞ നവംബര്‍ മാസത്തില്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചത് പോലെ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറയ്ക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയുടെ കാതല്‍. അതിന് ഒരു രാഷ്ട്രീയവും അദ്ദേഹം കാണുന്നുണ്ട്.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില താരതമ്യേന കുറവാണ്. ഗുജറാത്തില്‍ അഹമ്മദാബാദില്‍ 105 രൂപയ്ക്ക് പെട്രോള്‍ അടിക്കാമെങ്കില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ 105 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും. ഡല്‍ഹിയില്‍ എ.എ.പി. ഭരിക്കുന്നിടത്തും 105 രൂപതന്നെ. ബാംഗ്ലൂരില്‍ അത് 111 രൂപയാണ്. ഹിമാചല്‍പ്രദേശിലും 105 രൂപയ്ക്ക് പെട്രോള്‍ കിട്ടും. പക്ഷേ മുംബൈയില്‍ അത് 120 രൂപയാണ്. തിരുവനന്തപുരത്താകട്ടെ 117, കല്‍ക്കത്തയില്‍ 115. ഇത്തരത്തില്‍ വലിയ വിലവ്യത്യാസം സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടെന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. സംസ്ഥാനങ്ങള്‍ നിശ്ചയമായും വര്‍ധിക്കുന്ന വിലയ്ക്ക് അനുസരിച്ച് നികുതി ചുമത്തുന്ന സമ്പ്രദായത്തില്‍നിന്ന് പിന്മാറണം. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും എത്ര രൂപവരെ വിലയാകാമെന്ന കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരു ബോധ്യമുണ്ടാകണം. ഇതു സംബന്ധിച്ച് ഇതേ കോളത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും അതാവര്‍ത്തിക്കുന്നതില്‍ തെറ്റില്ല.

ഇന്ത്യയിലെ ഒരു കൂലിപ്പണിക്കാരന്റെ ശരാശരി വരുമാനം 315 രൂപയാണ്. കേരളത്തില്‍ തൊഴിലുറപ്പിന് കിട്ടുന്ന പണവും അതുതന്നെ. ഈ മിനിമം വേജസുമായി ബന്ധപ്പെടുത്തിക്കൊണ്ടാകണം ഇന്ധനവിലയെന്ന് ഈ ലേഖകന്‍ ഇതേ കോളത്തില്‍ എഴുതിയത് വായനക്കാര്‍ ഓര്‍ക്കുമെന്ന് കരുതട്ടേ. ഒരു മാനദണ്ഡവുമില്ലാതെ കേന്ദ്രമായാലും സംസ്ഥാനമായാലും ഇന്ധനവില ഉയര്‍ത്തി പരോക്ഷനികുതി വര്‍ധിപ്പിച്ച് ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്നത് ഒറ്റനോട്ടത്തില്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്ന് തോന്നുമെങ്കിലും ജനങ്ങളെ പാപ്പരാക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാണ് സൃഷ്ടിക്കുക.

ജനങ്ങള്‍ പാപ്പരായാല്‍ സര്‍ക്കാര്‍ മാത്രം സമ്പന്നമാവുകയില്ല എന്നുമാത്രമല്ല, സമ്പന്നമായിട്ട് കാര്യവുമില്ല. 80% എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ നിശ്ചയമായും അന്താരാഷ്ട്ര ക്രൂഡോയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ വിലയെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പക്ഷേ, നേരത്തേ സൂചിപ്പിച്ചതുപോലെ കേന്ദ്രം ഒരു നയം പ്രഖ്യാപിക്കണം. ഇന്ത്യയില്‍ പരമാവധി ചുമത്താവുന്ന വില എന്താണെന്നു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു ധാരണ ഉണ്ടാവുകയും അത് ഒരു ഇന്ധനവില നയവുമായി ബന്ധപ്പെടുത്തുകയും വേണം. ഇന്ത്യക്ക് ഒരു ഇന്ധനവില നയമുണ്ടോ എന്നതാണ് പ്രധാനമന്ത്രി ഉത്തരം പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍, അദ്ദേഹം ചൂണ്ടിക്കാണിച്ചതുപോലെ സംസ്ഥാനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനങ്ങളും തോന്നിയതുപോലെ നികുതി കൂട്ടുന്നതിനോട്‌ ആര്‍ക്കാണ് യോജിക്കാന്‍ കഴിയുക.

ഉയര്‍ന്ന വില നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ High price regime എന്നതിനെ വിളിക്കാവുന്നതാണ്. ഈ കാലഘട്ടത്തില്‍ ഒരു ലിറ്ററിന് ഇത്ര രൂപയായി പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിജപ്പെടുത്താം. ഉദാഹരണത്തിന് കേരളം ബജറ്റ് പ്രസംഗത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് ഇത്ര നികുതി എന്നു പറഞ്ഞാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിനനുസരിച്ച് വിലവ്യതാസം വന്നാലും കേരളത്തില്‍ നികുതി വ്യത്യാസം ഉണ്ടാവുകയില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ നയത്തെയാണ് non ad valorem എന്ന് വിളിക്കുന്നത്. അതിന്റെ അര്‍ഥം ഇത്ര മാത്രമാണ്. വില അനുസരിച്ചല്ല നികുതി ചുമത്തുക, മറിച്ച് അളവ് അനുസരിച്ചായിരിക്കും. വില ഉയരുന്തോറും നികുതി ഉയരില്ല എന്നുസാരം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ കേന്ദ്രം വില വര്‍ധിപ്പിക്കുമ്പോള്‍ വര്‍ധിപ്പിച്ച നികുതിയില്‍നിന്നു കേരളം നികുതി പിരിക്കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് 700 കോടിയോളം രൂപ അത്തരത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുത്തത് ഒരു വലിയ നയം തന്നെയായിരുന്നു. പക്ഷേ, പൊതുവായി സംസ്ഥാനങ്ങള്‍ ad valorem നികുതി ഒഴിവാക്കുകയും ഒരു ലിറ്ററിന് ഇത്ര രൂപ എന്ന് നിജപ്പെടുത്തുകയും ചെയ്താല്‍ ദിവസേന അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വിലവ്യത്യാസത്തിനനുസരിച്ച് മാറ്റം വരുമ്പോള്‍ ആ വില വ്യത്യാസം വലിയ തോതില്‍ സംസ്ഥാനങ്ങളില്‍ ബാധിക്കാതിരിക്കും.

എന്തായാലും ബി.ജെ.പി. സമര്‍ഥമായി അവരുടെ സംസ്ഥാനങ്ങളിലെ വില കുറച്ച് നിര്‍ത്തിയിട്ടുണ്ടെന്ന് കാണാതിരുന്നുകൂടാ. തിരുവനന്തപുരത്തും അഹമ്മദാബാദിലും 12 രൂപയുടെ വ്യത്യാസമുണ്ട്. ഗുജറാത്തില്‍ ഡാഷ്‌ബോര്‍ഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന സാങ്കേതികവിദ്യ കണ്ടുപഠിക്കാന്‍ പോകുന്ന ചീഫ് സെക്രട്ടറി മടങ്ങിവരുമ്പോള്‍ പെട്രോള്‍ വിലവര്‍ധനയുടെ കാര്യത്തിലും ചില കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. എന്തായാലും, ഇത്രയും ഉയര്‍ന്ന വിലയ്ക്ക് പെട്രോളും ഡീസലും അടിച്ച് സാധാരണക്കാര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്.

ലേഖകന്‍ ഇതേ കോളത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഡീസലിന് ഉയര്‍ന്ന വില വരുന്ന സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്ന ബസുകള്‍ക്ക് മീന്‍പിടിത്ത ബോട്ടുകള്‍ക്ക് നല്‍കുന്നത് പോലെയുളള സബ്‌സിഡി കൊടുത്ത് ഇന്നത്തെ നിലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75 രൂപയായി നിജപ്പെടുത്തിയാല്‍ കെ.എസ്.ആര്‍.ടി.സിക്കും രക്ഷപ്പെടാം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നടത്തുന്ന സ്വകാര്യബസുകാര്‍ക്കും രക്ഷപ്പെടാം.

ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും കെ.എസ്.ആര്‍.ടി.സി. നടത്തുന്നത് പ്രൈവറ്റ് ബസുകളെ നശിപ്പിക്കാനാണ് എന്ന മട്ടിലാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി പോലും സംസാരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ് ഉടമസ്ഥരും ഒരു മേശയ്ക്ക് ചുറ്റുമിരുന്നാല്‍ ഇന്ധനവിലയില്‍ കുറവ് വരുത്തുക എന്ന ഒറ്റമന്ത്രം കൊണ്ട് ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഓട്ടോറിക്ഷകള്‍ക്കും ഒരു ലിറ്റര്‍ അല്ലെങ്കില്‍ രണ്ടു ലിറ്റര്‍, 117 രൂപ വിലയുളളപ്പോള്‍ 95 രൂപയ്ക്ക് കൊടുത്താല്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഉച്ചഭക്ഷണത്തിനുളള വകയായി.

ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. കേന്ദ്രത്തിന്റെ കൈയിലാണ് ഇന്ധനവിലയുടെ താക്കോല്‍ ഇരിക്കുന്നത്. താക്കോല്‍ സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രി ഇതിന്റെ എല്ലാം ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ് എന്ന മട്ടില്‍ പറഞ്ഞൊഴിയുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധ്യമല്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഖിലേന്ത്യാതലത്തില്‍ ഒരു നയം രൂപീകരിക്കാനാണ് പ്രധാനമന്ത്രി മുന്നോട്ടുവരേണ്ടത്. അങ്ങനെ മുന്നോട്ടു വന്നതിന് ശേഷം സാരോപദേശങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല.

അദ്ദേഹം ചൂണ്ടിക്കാണിച്ചതുപോലെ അന്താരാഷ്ട്രരംഗത്ത് നടക്കുന്ന മാറ്റങ്ങള്‍ വളരെ ഗൗരവമുളളതാണ്. റഷ്യയില്‍നിന്ന്‌ ഒരു ശതമാനം എണ്ണ മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെങ്കിലും അത് ലാഭത്തില്‍ വാങ്ങിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തീര്‍ച്ചയായും അംഗീകരിക്കേണ്ടതായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എത്ര മാത്രം എണ്ണ റഷ്യക്ക് അധികമായി നമുക്ക് തരാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുകയും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തില്ലെങ്കില്‍ കോവിഡ് നാലാം തരംഗത്തിന്റെ ഭീഷണി ഉയരുന്നുവെന്ന് പ്രധാനമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കുന്ന ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജീവിതം അത്യന്തം ദുരിതത്തിലാകും.

ഒരു വലിയ അസംതൃപ്തിയുടെ അഗ്നിപര്‍വത്തിന്റെ മുകളിലാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍ ജീവിക്കുന്നത്. പാവപ്പെട്ടവര്‍ മാത്രമല്ല, ചെറിയ ചെറിയ സംരഭങ്ങള്‍ നടത്തുന്ന ചെറുകിട സംരഭകര്‍വരെ വലിയ സാമ്പത്തിക ഭീഷണിയുടെ മുനമ്പിലാണ്. ഈ സാഹചര്യത്തില്‍ പതിവുവര്‍ത്തമാനങ്ങള്‍ക്കപ്പുറത്ത് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഉയരണം. പ്രധാനമന്ത്രി ഈ വിഷയം എടുത്തിട്ടത് നന്നായി. ഇത് ഫലപ്രദമായ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ കക്ഷികളും മുന്നോട്ടുവരണം.

Content Highlights: Fuel Price Hike - C P John Column Prathibhashanam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented