ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തെ തുടർന്ന് നടന്ന പ്രതിഷേധം | Photo: Indranil MukherjeeAFP
ഇക്കഴിഞ്ഞ ജൂലായ് അഞ്ചിന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30-ന് ബോംബെ ഹൈക്കോടതിയില്‍ ഒരു കേസ് വാദത്തിനെടുത്തു. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെയും എന്‍.ജെ. ജംദാറും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഫാദര്‍ സ്റ്റാന്‍ സ്വാമി ആയിരുന്നു പരാതിക്കാരന്.
''ഞങ്ങള്‍ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇത് നാളെ കേള്‍ക്കും. പരാതിക്കാരന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രിയില്‍നിന്നു മുദ്ര വെച്ച കവറില്‍ ഞങ്ങള്‍ക്ക് വേണം.'' കോടതി ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനോട് പറഞ്ഞു.
അപ്പോള്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന് മിഹിര്‍ ദേശായ് കോടതിയോട് ഫാ. സ്റ്റാന്‍ സ്വാമി ചികിത്സയില്‍ കഴിയുന്ന ഹോളി ഫാമിലി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇയാന്‍ ഡിസൂസയെ കേള്ക്കണമെന്നപേക്ഷിച്ചു. ഡോ. ഡിസൂസ കോടതിയോട് പറഞ്ഞത് ഇതാണ്: ''ഫ. സ്റ്റാന്‍ സ്വാമി ഇന്ന്(ജൂലായ് 5) ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു.''
ഡോ. ഡിസൂസയുടെ വാക്കുകള്‍ കോടതിയെ പിടിച്ചുകുലുക്കിയിരിക്കണം. കോടതിയുടെ പ്രതികരണം ഇതായിരുന്നു: ''ഈ വാര്‍ത്ത ഞങ്ങളെ ഞെട്ടിച്ചിരിക്കുന്നു. പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.''
ജസ്റ്റിസ് ഷിന്‍ഡെയുടെ വാക്കുകളില്‍ എല്ലാമുണ്ട്. പറയാന്‍ തങ്ങള്‍ക്ക് വാക്കുകളില്ല എന്ന് കോടതി പറയുമ്പോള്‍ അതൊരു കുറ്റസമ്മതം കൂടിയാവുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ പോവുന്നതിലുള്ള മനഃസാക്ഷിയുടെ കുത്ത് ആ വാക്കുകളിലുണ്ട്. ഈ വീഴ്ചയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ജുഡീഷ്യല്‍ കൊലപാതകമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതികളും ഇതില്‍ ഒരുപോലെ കുറ്റവാളികളാണെന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത്. വിചാരണ നേരിടാതെയാണ് ഫാ. സ്റ്റാന്‍ സ്വാമി ഇക്കഴിഞ്ഞ ഒമ്പത് മാസവും ജയിലില്‍ കഴിഞ്ഞത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ ഫാദറിനെ എന്‍.ഐ.എയ്ക്ക് കസ്റ്റഡിയില്‍ ആവശ്യമുണ്ടായിരുന്നില്ല എന്നാണിതിന്റെ അര്‍ത്ഥം. എന്നിട്ടും ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടു.
പാര്‍ക്കിന്‍സണ്‍സ് അസുഖം കാരണം കൈ വിറയ്ക്കുന്നതിനാല്‍ വെള്ളം കുടിക്കുന്നതിന് ഒരു സ്ട്രോ വേണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അപേക്ഷയിന്മേല് തീരുമാനമെടുക്കാന്‍ എന്‍.ഐ.എയ്ക്ക് രണ്ടാഴ്ച സമയം കൊടുത്ത ചരിത്രവും കോടതിക്കുണ്ട്. 2020 നവംബര്‍ ഏഴിനാണ് ഈ അപേക്ഷയുമായി സ്റ്റാന്‍ സ്വാമി കോടതിയിലെത്തിയത്.
സ്ട്രോയും സിപ്പറുമടങ്ങിയ ബാഗ് എന്‍.ഐ.എ. പിടിച്ചെടുത്തെന്നും അത് തിരികെ തരണമെന്നുമായിരുന്നു സ്വാമിയുടെ ആവശ്യം. രണ്ടാഴ്ചയ്ക്കൊടുവില്‍ എന്‍.ഐ.എ. കോടതിയോട് പറഞ്ഞത് തങ്ങളുടെ കൈയ്യില്‍ ഈ ബാഗില്ലെന്നും അതുകൊണ്ടുതന്നെ സ്വാമിയുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നുമാണ്. ഹൃദയശൂന്യമായ ഈ പ്രതികരണം കോടതി നിസ്സംഗതയോടെ കേള്‍ക്കുകയും സ്വാമിയുടെ അപേക്ഷ നിഷ്കരുണം തള്ളുകയും ചെയ്തു. ഒടുവില്‍ ഡിസംബര്‍ ആദ്യവാരം തലോജ ജയില്‍ അധികൃതരാണ് സ്വാമിക്ക് ഒരു സ്ട്രൊയും സിപ്പറും സംഘടിപ്പിച്ചു കൊടുത്തത്.
സ്റ്റാന്‍ സ്വാമിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ പറയാന്‍ തങ്ങള്‍ക്ക് വാക്കുകളില്ല എന്ന് ജസ്റ്റിസ് ഷിന്‍ഡെ പ്രതികരിച്ചത് വെറുതെയല്ല. നീതിക്ക് വേണ്ടി പോരാടിയ ഒരു മനുഷ്യന് നിരാലംബനും നിസ്സഹായനുമായി മരണത്തിന് കീഴ്പ്പെടുമ്പോള്‍ കോടതികള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെടുമെന്നത് സ്വാഭാവികമാണ്. അര്‍ണബ് ഗൊസ്വാമിമാരെപ്പോലുള്ളവര്ക്കായി അതിശീഘ്രം ഇടപെടുന്ന കോടതികള്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ കാണിച്ച നിസ്സംഗതയും അലംഭാവവും ജനാധിപത്യ സമൂഹത്തിന് ഒരിക്കലും മറക്കാനാവില്ല.
എന്തായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ കുറ്റം? ഭീമ കൊറിഗാവ് അക്രമത്തില്‍ പങ്കാളിയാണെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നുമാണ് എന്‍.ഐ.എ. ആരോപിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യു.എ.പി.എ.)ത്തിന് കീഴിലാണ് സ്വാമിയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. യു.എ.പി.എ. കരിനിയമമാണെന്നും ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്നും നിരപരാധികളുടെ രക്തത്തില്‍ കുതിര്‍ന്നാണ് ഈ നിയമം തടിച്ചു ചീര്ക്കുന്നതെന്നുമുള്ള വിമര്‍ശത്തിന് അടിവരയിടുന്ന നടപടിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്.
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്കടുത്തുള്ള ബഗൈച്ചയില് ആദിവാസകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി ഭീകരപ്രവര്ത്തകനാണെന്ന എന്‍.ഐ.എയുടെ വാദം എല്ലാ തലത്തിലും പരിഹാസ്യവും അര്‍ത്ഥശൂന്യവുമായിരുന്നു. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കിരയാവുന്ന ആദിവസികള്‍ക്കായി സമര്‍പ്പിച്ച ഒരു ജീവിതം തകര്‍ക്കുന്നതിനുള്ള ഗൂഢമായ പദ്ധതിയുടെ ആസൂത്രണവും നിറവേറലുമായിരുന്നു സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്. ശതാഭിഷിക്തനായ ഒരു വന്ദ്യവയോധികനെ എന്‍.ഐ.എ. എല്ലാ അര്‍ത്ഥത്തിലും കുരിശിലേറ്റുകയായിരുന്നു!
ഭീമറാവു കൊറിഗാവ് അക്രമത്തില്‍ പങ്കാളിയാണെന്നാരോപിക്കപ്പെട്ടിട്ടുള്ള റൊണ വിത്സന്റെ കമ്പ്യൂട്ടറില്‍ തിരിമറി നടത്തിയാണ് ഇതുമായി ബന്ധപ്പെട്ട കത്തുകള്‍ നിക്ഷേപിച്ചതെന്ന് അമേരിക്കന്‍ ഡിജിറ്റല്‍ ഫൊറന്‍സിക്സ് കമ്പനി കണ്ടെത്തിയത് ഈ ഘട്ടത്തില്‍ വിസ്മരിക്കാനാവില്ല. ഇതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എണ്‍പതുകാരനായ തെലുഗു കവി വരവരറാവുവിന്റെ ഇ മെയില്‍ ഐ.ഡി. ഉപയോഗിച്ചാണ് ഈ തിരിമറി നടത്തിയതെന്നും അമേരിക്കന്‍ കമ്പനിയായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയിരുന്നു.
റൊണ വിത്സന്റെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ 2018 ഏപ്രില്‍ 17-നാണ് പോലിസ് പിടിച്ചെടുത്തത്. ഈ റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വിത്സന്റെ കമ്പ്യൂട്ടര്‍ സൈബര്‍ ആക്രമണത്തിനിരയായതെന്ന് ആഴ്സണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭീമ കൊറിഗാവ് അക്രമവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്കെതിരെ ഭരണകൂടം നീങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നുവെന്ന് വിമര്‍ശം ഉയരുന്നത് ഈ പരിസരത്തിലാണ്.
851 കൊല്ലം മുമ്പ് 1170-ല്‍ ഇംഗ്ളണ്ടിലെ കാന്റര്‍ബറിയില്‍ ഒരു കൊലപാതകം നടന്നു. 'Murder In The Cathedral' എന്ന പേരില്‍ 1937-ല്‍ ടി.എസ്. ഏലിയറ്റ് ഈ സംഭവം സുപ്രസിദ്ധമായ നാടകമാക്കി. ഹെന്‍ട്രി രണ്ടാമന് രാജാവിനെതിരെ നിലപാടെടുത്ത കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റിനെ കത്തീഡ്രലിനുള്ളിലിട്ട് രാജാവിന്റെ പടയാളികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഭരണകൂടത്തിന്റെ അനീതിയ്ക്കെതിരെ നിലയുറപ്പിക്കുന്നവര്‍ ദേവാലയത്തിനുള്ളില്‍ പോലും സുരക്ഷിതരല്ല എന്നാണ് ചരിത്രം. 'രാജ്യദ്രോഹിക്ക് മരണം'' എന്നാക്രോശിച്ചുകൊണ്ടാണ് പടയാളികള്‍ ആര്‍ച്ച് ബിഷപ്പിന് നേര്‍ക്ക് ഊരിപ്പടിച്ച വാളുകളുമായി കുതിച്ചത്. ഇവരെ തടയുന്നതിനായി ദേവാലയ വാതിലുകള്‍ അടയ്ക്കാന്‍ ശ്രമിച്ച പുരോഹിതന്മാരെ ആര്‍ച്ച് ബിഷപ് പിന്തിരിപ്പിച്ചു. ദൈവത്തിന്റെ ഭവനം ആര്‍ക്ക് മുന്നിലും അടച്ചിടാനാവില്ല എന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ''ഞാന്‍ രാജ്യദ്രോഹിയല്ല. മരിക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്ന് പറഞ്ഞുകൊണ്ട് ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റ് പടയാളികള്‍ക്ക് മുന്നില്‍ നിര്‍ഭയനായി നിന്നു.
നിരാലംബരും നിരാശ്രിതരുമായ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് രാജ്യദ്രോഹമാവുന്നത് എങ്ങിനെയാണെന്നാണ് ഫാ. സ്റ്റാന്‍ സ്വാമി ചോദിച്ചത്. ഇക്കഴിഞ്ഞ മെയ് 21-ന് തലോജ ജയിലില്‍നിന്ന് അദ്ദേഹം പറഞ്ഞത് ''മിക്കവാറും ഞാന്‍ ഇവിടെ കിടന്ന് മരിക്കും' എന്നായിരുന്നു. തന്റെ പ്രവര്‍ത്തന മേഖലയായ ബഗൈച്ചയിലക്കേ് മടങ്ങിപ്പോവാനായി ജാമ്യം അനുവദിക്കണമെന്ന സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ നിഷ്കരുണം നിരസിക്കപ്പെട്ടു. 45 ദിവസങ്ങള്‍ക്ക് ശേഷം ഫാ. സ്റ്റാന്‍ സ്വാമി ഓര്‍മ്മയായി.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റിന്റെ കൊലപാതകത്തില്‍ ഹെന്‍ട്രി രണ്ടാമന് പരസ്യമായി പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണ്ടി വന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ' കൊലപാതക' ത്തില്‍ ഇതുപോലൊരു നടപടി കാലവും ചരിത്രവും ആവശ്യപ്പെടുന്നുണ്ട്. കാരുണ്യവും ദയയും അപരിചിതമായ ഒരു ഭരണകൂടത്തില്‍ നിന്ന് ഇത്തരമൊരുനടപടി പ്രതീക്ഷിക്കുന്നത് യുക്തി വിരുദ്ധമാവും. എന്നാലും പ്രതീക്ഷകളില്ലാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. ഓരോ ദിവസവും രാവിലെ നമ്മള് ഉണര്ന്നെഴുന്നേല്ക്കുന്നത് ഇത്തരം പ്രതീക്ഷകള്‍ ഉള്ളതുകൊണ്ടാണ്. തെറ്റുകള്‍ തിരുത്താന്‍ ഭരണകൂടം തയ്യാറാവുന്നില്ലെങ്കില്‍ ആ ഭരണകൂടത്തെ തിരുത്താനുള്ള അവകാശവും അധികാരവും കടമയും പൗര സമൂഹത്തിനുണ്ട്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തം ഇന്ത്യന്‍ ജനതയുടെ ശിരസ്സുകള്‍ക്ക് മേലുണ്ട്. ഭരണകൂടത്തിന്റെ ചൂഷണവും അതിക്രമവും ചോദ്യം ചെയ്യുന്നവര്‍ ഇല്ലായ്മ ചെയ്യപ്പെടുമ്പോള്‍ അത് ജനാധിപത്യത്തിന്റെ മരണം കുറിക്കുന്ന മണിമുഴക്കമാവുന്നു. പ്രതിക്കൂട്ടില്‍ എല്ലാവരുമുണ്ട്. ഭരണകൂടം, കോടതികള്‍, പോലിസ്, ഈ അതിക്രമങ്ങള്‍ക്ക് മുന്നില്‍ നിശ്ശബ്ദരായി നിന്ന പൗരസമൂഹം. ഫാ, സ്റ്റാന്‍ സ്വാമിക്ക് നീതി ലഭ്യമാക്കുന്നതില്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത കത്തോലിക്ക സഭ പരാജയപ്പെട്ടുവെന്നതും ഈ ഘട്ടത്തില്‍ കാണാതിരിക്കാനാവില്ല.
ആഗോളതലത്തില്‍തന്നെ കത്തോലിക്ക സഭയെപ്പോലെ സംഘടിതമായ ഒരു പ്രസ്ഥാനം വേറെയില്ല. ലോകത്തെവിടെയും നീതിക്കായി ഇടപെടാന്‍ നിയോഗമുണ്ടെന്ന് വിശ്വസിക്കുന്ന കത്തേിലിക്ക സഭ പക്ഷേ, ഫാ. സ്റ്റാന്‍ സ്വാമിക്കായി അവര്‍ക്ക് സാദ്ധ്യമായത് എല്ലാം ചെയ്തുവോ എന്ന ചോദ്യം ബാക്കിയാവുന്നു. ബിഷപ് ഫ്രാങ്കോയ്ക്കു വേണ്ടി കാണിച്ച ശുഷ്കാന്തിയുടെയും കരുതലിന്റെയും നാലിലൊന്നു പോലും ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തിലുണ്ടായില്ല. സ്വാമിയുടെ മരണത്തില്‍ കത്തോലിക്ക സഭയും ഇപ്പോള്‍ വാക്കുകള്‍ക്കായി തപ്പിത്തടയുന്നുണ്ടാവണം. പിതാവേ , ഇവരോട് പൊറുക്കണമേ എന്ന് അപേക്ഷിക്കാന്‍ നമുക്കാവില്ല. കാരണം ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നു.
വഴിയില്‍ കേട്ടത്: സഹകരണ വകുപ്പിന് രൂപം നല്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുമതല. പത്തായത്തില് നെല്ലുണ്ടെങ്കില്‍ എലി ഡല്‍ഹിയില്‍നിന്നും വരും.
Content Highlights: Fr. Stan Swamy's unfortunate death and Indian Government and Society | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..