പിണറായി വിജയനും ഇ.പി. ജയരാജനും | ഫോട്ടോ: മാതൃഭൂമി
വിദ്യ ഏതായാലും കുഴപ്പമില്ല. പിപ്പിടിയോ പിടിയില്ലാത്തതോ ഏതായാലും. പ്രയോഗിച്ചാൽ പിഴക്കാൻ പാടില്ല. രാഷ്ട്രീയത്തിൽ അങ്ങനെ സംഭവിച്ചാൽ അത് ഒടുക്കത്തെ പിഴയാണ്. നാവുപിഴയെന്ന് പറഞ്ഞ് എപ്പോഴും തിരുത്താൻ സുധാകരനും മണിയും തമ്മിലുള്ള മത്സരമല്ലല്ലോ. പോലീസിനെ നേരെയാക്കാൻ പുത്തലത്ത് പോരാ എന്നായപ്പോഴാണ് ശശിയുടെ റിട്ടേൺ വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവ്. വരുന്നു, കാണുന്നു, കീഴടക്കുന്നു എന്നതായിരുന്നു പ്രതീക്ഷ. ന്യൂട്ടന്റെ മൂന്നാം നിയമം ഓർമ്മയിൽ ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല.. ഏതൊരു ഏക്ഷനും തിരിച്ച് അതേ പ്രതിപ്രവർത്തനം. ആക്ഷനെല്ലാം റിയാക്ഷനായി. ഓപ്പറേഷൻ ശശി ഒന്നൊന്നായി സെൽഫ് ഗോളുകളായി.
മുഖ്യമന്ത്രിക്കെതിരായ ആരോപണം ഒതുക്കാൻ ഷാജ് കിരൺ സമീപിച്ചു എന്നു സ്വപ്ന പറയേണ്ട താമസം ആദ്യ ആക്ഷൻ വണ്ടിയുമെടുത്തു പാലക്കാട്ടെ ഫ്ളാറ്റ് ലക്ഷ്യമാക്കി കുതിച്ചു. ശരവേഗത്തിൽ എത്തി, മിന്നൽപോലെ സരിത്തിനെ പൊക്കി. തിരുവനന്തപുരം വിജിലൻസിന്റെ കേസിൽ പാലക്കാട്ടുകാരുടെ വക ഓപ്പറേഷൻ. കേട്ടറിവില്ലാത്തവരെ പോലെ പോലീസ് സിസി ടിവി തപ്പുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം വേണ്ടി വരും എന്നാണല്ലോ. അപ്പോ പിന്നെ ചട്ടമൊന്നും നോക്കേണ്ടതില്ല. സരിത്തിനെ 'തട്ടിക്കൊണ്ടുപോയി' മൊബൈൽ പിടിച്ചെടുത്തു. സരിത്തായിരുന്നോ ടാർജറ്റ്, അതോ മൊബൈലായിരുന്നോ. ആ...!
അടുത്തത് പി.സി. ജോർജിന്റെ അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിൽ ആദ്യം അമാന്തിച്ച സർക്കാർ പിന്നെ ടോപ് ഗിയറിലായി. ജോർജിനെ പൊക്കി തിരുവനന്തപുരത്തേക്കുവച്ചുപിടിച്ചു. പിണറായിയുടെ ഇച്ഛാശക്തി സഖാക്കൾ വാഴ്ത്തിപ്പാടി. പക്ഷേ, തലസ്ഥാനത്ത് എത്തിയപ്പോൾ സംഗതി പിഴച്ചു. ആവേശം ചോർന്നതാണോ അതോ മറവിയാണോ? ആരാണു ചതിച്ചതെന്ന് അറിയില്ല. മജിസ്ട്രേറ്റിന് മുന്നിലെത്തിയപ്പോൾ സർക്കാർ ഭാഗം വാദിക്കാൻ ആളില്ലാതായി. ജോർജ് ജാമ്യവുമായി വന്നപോലെ പൂഞ്ഞാറ്റിലേക്ക് മടങ്ങി.
മൂന്നാമത്തെ താരമാവാനും ഭാഗ്യം കിട്ടിയത്. ജോർജിനു തന്നെ. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്, സരിത നായരുടെ പീഡനപരാതിയിൽ ജോർജിന്റെ രണ്ടാം അറസ്റ്റ്. അബദ്ധം കൊണ്ട് ആദ്യം വഴുതിയ ജോർജിനെ വളഞ്ഞ വഴിയിൽ അകത്തിടാൻ കാണിച്ച വമ്പൻ ട്വസിറ്റ്. രണ്ടാം അറസ്റ്റിലും ഒരു അമാന്തവും കൂടാതെ ജാമ്യവുമായി ജോർജ് വണ്ടിവിട്ടു. പിപ്പിടിവിദ്യ കോടതിക്ക് വശമില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ? ചക്കരപ്പെണ്ണ് പരാതിക്കാരിയാകാൻ അധികം നേരമൊന്നും വേണ്ടല്ലോ. ഉഗ്രശാപം പിന്നാലെ. ജോർജിന്റെ ഭാര്യയുടെ വക. കൊന്ത സാക്ഷിയാണ്. ശാപം ഫലിച്ചതാണോ അതോ ആവേശം അതിരുവിട്ടതാണോ എന്ന് ഇനിയും തീർപ്പാക്കിയിട്ടില്ല. ഒറ്റപ്രസംഗത്തിൽ പണിപോയത് സജി ചെറിയാന്.
കലി തുള്ളിയ സ്വപ്ന മുഖ്യമന്ത്രിയേയും കുടുംബാംഗത്തേയും ക്ലിഫ് ഹൗസും മുതൽ മനോജ് ഏബ്രഹാം വരെ ലിസ്റ്റാക്കി പറഞ്ഞിട്ടുണ്ടെന്നാണ് കേൾവി. നന്നായി ഭരിക്കുന്ന സർക്കാരിനെ വീഴ്ത്താൻ സ്വപ്നയും സരിത്തും ശ്രമിച്ചാൽ പിന്നെ വെറുതെ ഇരിക്കാനൊക്കുമോ. കലാപ ആഹ്വാനമോ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കവുമൊക്കെ മണത്തറിയാനുള്ള കഴിവ് പോലീസിനും ഇന്റലിജൻസിനും നഷ്ടമായിട്ടില്ല. അങ്ങനെ കരുതിയവർക്ക് തെറ്റി. ഒന്നിന് പുറകേ ഒന്നായി കേസുകൾ. ഇതിനിടെ വിജിലൻസ് മേധാവിയുടെ തൊപ്പി തെറിച്ചു. ഷാജ് കിരണുമായുള്ള അവിഹിത ബന്ധം ആണ് തൊപ്പി തെറിപ്പിച്ചത്.
ഷാജ് കിരൺ ഇടനിലക്കാരനാണോ ആണെങ്കിൽ ആ ക്വട്ടേഷൻ ആരാണ് നൽകിയത്? ആർക്കറിയാം. അയാൾ വിളിച്ചുപറഞ്ഞത് അങ്ങ് അമേരിക്കവരെയാണ്. എന്നിട്ടും അയാൾക്ക് ഒരു കൂസലുമില്ല. അശ്വത്ഥാവ് വെറും ആനയാണോ എന്ന തോന്നലിന് ശിവശങ്കറിന് ഒരു കുതിരപ്പവൻ കൊടുക്കണം. അതുവരെ സൈസലന്റായിരുന്ന സ്വപ്ന രണ്ടിലൊന്ന് ഉറപ്പിച്ചു. നേരെ കോടതിയിലെത്തി അടുത്ത 164 കൊടുത്തു. സർക്കാർ നേരെ പോയി ആ മൊഴി ചോദിച്ചു. കോടതി പോയി വേറെ പണിനോക്കാൻ പറഞ്ഞു. അതിലെ രഹസ്യങ്ങൾ അന്വേഷിക്കാൻ വിജിലൻസിനെ ഏൽപിക്കുന്നത് ആലോചിക്കാവുന്നതാണ്. കസ്റ്റംസിന് കൊടുത്ത മൊഴി ഇ.ഡി ചോദിച്ചിട്ട് കൊടുത്തില്ല അപ്പോഴാ.
അതിനിടയ്ക്കാണ് പുതിയ 164 വരുന്നത്. അതു ലഭിക്കാനും സരിത തന്നെ ശരണം. ജില്ലാ കോടതി സരിതയ്ക്ക് കൊടുത്തില്ല. ഇനി ഹൈക്കോടതി കൊടുക്കുമോ ആവോ. അങ്ങനെയിരിക്കെയാണ് കറുപ്പിനോട് കലിപ്പ് തുടങ്ങുന്നത്. കരിങ്കൊടി തന്നെ കരിങ്കൊടി. കറുപ്പ് നിരോധിക്കാൻ പറ്റാത്ത കൊണ്ട് തത്കാലം കുടയുടേയും മാസ്കിന്റെയും കാര്യം ശരിയാക്കി. എല്ലാം കഴിഞ്ഞപ്പോ മുഖ്യൻ തന്നെ കൈയൊഴിഞ്ഞു. പിന്നെയും പഴി പോലീസിന്.
കരിങ്കൊടിയാവേശം പരിധിവിട്ട് വിമാനത്തിലേക്ക് എത്തിയപ്പോ യൂത്ത് കോൺഗ്രസുകാർ വിവരമറിഞ്ഞു. കവചം ഇ.പിയായിരുന്നുവെന്ന് അവർ മറന്നു. അതോടെ സംഭവം കൈവിട്ടു. സി.പി.എമ്മിന് ആയുധം അവർ കൈയിൽ വച്ചുനൽകി. പക്ഷേ, ഇൻഡിഗോ ചതിക്കുമെന്ന് കരുതിയില്ല. ഒന്നുമല്ലെങ്കിൽ എത്ര തവണ പറന്നതാ. കാശ് കൊടുത്തിട്ടല്ലേ. ഓസിനൊന്നുമല്ലല്ലോ. ആ ഇനത്തിൽ എത്ര ലക്ഷങ്ങൾ കൊടുത്തതാ. കണ്ണൂര്‍ ഒരു എയർപോർട്ടുണ്ടാക്കി ഇൻഡിഗോയ്ക്ക് സർവീസ് ഒരുക്കാൻ ഇ.പി. വഹിച്ച ത്യാഗമെങ്കിലും കമ്പനി ഓർക്കേണ്ടതായിരുന്നു.
ആക്രമിക്കാൻ വന്നവർക്ക് രണ്ടാഴ്ചത്തെ വിലക്കും തടയാൻ ശ്രമിച്ച ആൾക്ക് മൂന്നാഴ്ചത്തെ വിലക്കും. ഇത് എന്ത് ന്യായം....! ബൂർഷ്വാ കോടതിയിൽ പണ്ടേ വിശ്വാസമില്ലാത്തതാ. എന്നാലും എന്റെ ഇൻഡിഗോ. അല്ലേ തന്നെ കൂതറ കമ്പനിയാണന്ന് നേരത്തെ പറഞ്ഞില്ലന്നേയുള്ളൂ. നടന്നുപോയാലും ഇനി ഇൻഡിഗോയിലേക്കില്ലെന്ന് ഇ.പിയുടെ ശപഥമാണ്. ഒരു കമ്യൂണിസ്റ്റിന്റെ വാക്കാണ്. അത് മാറ്റണമെങ്കിൽ വേറെ ആളെ നോക്കണം. ഇത് തന്നെ സുവർണാവസരം. കെ റെയിൽ നടപ്പാക്കി ഇൻഡിഗോയെ പൂട്ടിക്കണം. ഇ.പിയെ തന്നെ ബ്രാൻഡ് അംബാസിഡർ ആക്കുന്നതിലും തെറ്റില്ല. ആപ്പീസ് മാത്രമല്ല കമ്പനി തന്നെ പൂട്ടിക്കണം.
ആകാശത്തെ കണക്ക് ഭൂമിയിൽ തീർക്കാം. വേണമെങ്കിൽ പണ്ട് ഉമ്മൻ ചാണ്ടി സ്വപ്നം കണ്ട എയർ കേരള ഒന്ന് പൊടിതട്ടിയെടുക്കുന്നതും കെ എയർ എന്നോ മറ്റോ ആലോചിക്കാവുന്നതാണ്. പക്ഷേ, തത്കാലം ഇൻഡിഗോയ്ക്ക് ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം. വിമാനം അധികാരപരിധിയിൽ അല്ലെങ്കിലെന്ത്. ബസ്സും റോഡും നമ്മുടെ ഏരിയ അല്ലേ. നികുതി അടയ്ക്കാതെ അങ്ങനെ ഓടിക്കണ്ട. കരിപ്പൂർ എയർപോർട്ടിന് പുറത്തുകടന്ന ബസ് ഞൊടിയിടയിൽ അറസ്റ്റിലായി. നികുതി കുടിശ്ശികയും പിഴപ്പലിശയും ചേർത്ത് നല്ല എട്ടിന്റെ പണി.
എല്ലാ എയർപോർട്ടും നിരീക്ഷണത്തിലാണെന്നാണ് കേൾവി. പുറത്തുവരുന്ന ബസ്സിനായിട്ടാണ് കാത്തിരിപ്പ്. ഇതുവരെ എന്തുകൊണ്ട് നികുതി അടയ്ക്കാത്തതിന് നോട്ടീസ് അയച്ചില്ല എന്ന് ചോദിക്കരുത്. ഓരോന്നിനും ഓരോ സമയമില്ലേ ദാസാ. തിരുവനന്തപുരം അദാനിയുടെ പക്കലാ. നെടുമ്പാശ്ശേരിയിൽ ഒരു പണി ആലോചിക്കാവുന്നതാ. സിയാൽ ചെയർമാൻ മുഖ്യമന്ത്രിയാണ്. ഇൻഡിഗോയെ അവിടെ വിലക്കുമോ. കടക്കൂ പുറത്ത് ഒരു ബോർഡ് തൂക്കിയാൽ മതി. ഇൻഡിഗോ വിവരമറിയും. കുറ്റം പറയരുതല്ലോ പോലീസിന്റെ ശുഷ്കാന്തി ഗൗനിക്കാതിരിക്കരുത്.
യൂത്തന്മാരുടെ രഹസ്യ ഓപ്പറേഷൻ പരസ്യമായി ശബരീനാഥൻ കുടുങ്ങി. വാട്സാപ്പ് ചാറ്റ് ചതിക്കുമെന്ന് ശബരി സ്വപ്നത്തിൽ അറിഞ്ഞുകാണില്ല. രഹസ്യ ഓപ്പറേഷൻ അങ്ങനെ അങ്ങാടിപ്പാട്ടാക്കി ശബരിക്ക് കൂടെയുള്ളവർ തന്നെ പണികൊടുത്തു. വധ ഗൂഢാലോചനയാണ് കുറ്റം. അവിടെ ജാമ്യാപേക്ഷ, ഇവിടെ അറസ്റ്റ് എന്ന കണക്കേ എന്തൊരു വേഗമായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം. കണക്ക് പിന്നെയും പിഴച്ചു. ശബരിനാഥന് ജാമ്യം. വാട്സാപ്പ് ചാറ്റ് അല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ എന്നായി കോടതിയുടെ ചോദ്യം.
ഇത്ര വലിയ തെളിവ്, അതും യൂത്ത് കോൺഗ്രസുകാർ തന്നെ താലത്തിൽ വച്ചുതന്നിട്ട് കോടതിക്ക് വിശ്വാസമില്ല എന്ന് വന്നാൽ എന്താ ചെയ്യുക. വിമാനത്തിൽ കരിങ്കൊടി കാണിക്കുന്ന ഐഡിയയാണ് മെസേജ്. ആ മെസേജ് തന്നെ തെളിവായാൽ വധശ്രമം ഏൽക്കുമോ എന്ന ചിന്ത പോലീസിന് പോയില്ലേ ആവോ. ഇ.പിയുടെ പ്രത്യേക ഏക്ഷൻ വീഡിയോ ഇല്ലായിരുന്നെങ്കിൽ സ്ക്രിപ്റ്റ് മാറ്റിയെഴുതായിരുന്നു. റിസൾട്ട് അല്ലല്ലോ എപ്പോഴും മുഖ്യം ആക്ഷനല്ലേ, എല്ലാത്തിലും പോലീസിന് ശരവേഗമായിരുന്നു. പോലീസ് കാവലുള്ള എ.കെ.ജി. സെന്ററിൽ ബോംബ് എറിഞ്ഞിട്ട് ഒറു മെല്ലപ്പോക്ക് ഉണ്ടോ എന്ന് ചില കുബുദ്ധികൾ പറയുന്നു. ചിലപ്പോ തോന്നുന്നതാകും. എന്നാലും ആ ഡ്യുയോ സ്കൂട്ടറുകാരൻ അന്തരീക്ഷത്തിൽ മാഞ്ഞുപോയതാവുമോ.
കെ. റോഡ് എന്ന് പേരിട്ടാ റോഡിലെ കുഴിയടയുമോ എന്ന് കോടതി വരെ ചോദിക്കുന്ന സ്ഥിതിയാണ്. വരുന്നവനും പോകുന്നവനുമൊക്കെ ട്രോളാൻ തുടങ്ങി. കാലാവസ്ഥയാണ് വില്ലൻ എന്ന് മന്ത്രി പറഞ്ഞിട്ടും ആർക്കും വിശ്വാസമില്ല. കാറ്റത്താരും വെടിവെക്കില്ലേ എന്ന് ഇന്ദ്രൻസ് ചോദിച്ച പോലൊന്നുമല്ലല്ലോ. ഉള്ളത് ഉള്ളപോലെ പറഞ്ഞതല്ലേ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..