കെ.കെ. രമ, എം.എം. മണി | ഫോട്ടോ: മാതൃഭൂമി
എം.പി. നാരായണപിളളയുടെ പരിണാമം എന്ന നോവലിൽ രഹസ്യപ്പോലിസ് മേധാവി പ്രിയരഞ്ജൻദാസ് സഹപ്രവർത്തകനായ ഇട്ട്യേര മാത്യുവിനോട് പറയുന്ന ഒരു ഡയലോഗ് രാഷ്ട്രീയ വിദ്യാർത്ഥികൾ ക്ഷീരബല പോലെ ആവർത്തിക്കേണ്ടതായുണ്ട്: ''എന്നും അധികാരത്തിന്റെ അവസാന ലക്ഷ്യം അധികാരം നിലനിർത്തുക മാത്രമാണ്. അതിനു വേണ്ടി ഏത് ക്രൂരതയും ന്യായീകരിക്കപ്പെടും. ഈ നഗരത്തിൽ ചെങ്കോലേന്തുന്ന ഏതു മനുഷ്യനും ഈ ചരിത്രത്തിൽ നിന്നൊളിച്ചോടാൻ പറ്റില്ല. സ്വന്തം കണ്ണുകളാരാണ് കുത്തിപ്പൊട്ടിക്കാൻ പോകുന്നതെന്ന പേടിയാണവരെ രാപ്പകൽ പിന്തുടരുന്നത്. അനിവാര്യമായ ആ നാടകാന്തത്തെ അകറ്റി നിർത്താൻ അവരേത് ഹീനകൃത്യവും ചെയ്യുമെന്നത് സ്വാഭാവികമാണ്.''
അധികാരത്തിന്റെ ചരിത്രം ഇതാണെന്നാണ് നാരായണപിള്ള പറയുന്നത്. ഏത് വൃത്തികേടും അധികാരത്തിന്റെ അൾത്താരയിൽ ന്യായീകരിക്കപ്പെടും. ഇത്തരമൊരു ന്യായീകരമണമാണ് കഴിഞ്ഞ ദിവസം സി.പി.എം. എം.എൽ.എ. എം.എം. മണി കേരള നിയമസഭയിൽ നടത്തിയത്. തന്റെ പ്രതികരണം നാവുപിഴ ആയിരുന്നില്ലെന്നും പറയാൻ ഉദ്ദേശിച്ചതു തന്നെയാണ് പറഞ്ഞതെന്നും മണി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
ടി.പി. ചന്ദ്രശേഖരന്റെ അരുംകൊല വിധിയായിരുന്നുവെന്നാണ് മണി പറയുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവും മാത്രമല്ല ആത്യന്തികമായി മാർക്സിസത്തിന്റെ നിരാകരണം കൂടിയാണ് മണിയുടെ വിഷലിപ്തമായ വാക്കുകൾ. മനുഷ്യനാണ് മാർക്സിസത്തിന്റെ കേന്ദ്രബിന്ദു. ചരിത്രം നിർമ്മിക്കാൻ കെൽപുള്ള മനുഷ്യൻ ലോകത്തെ വ്യാഖ്യാനിക്കുന്നത് നിർത്തണമെന്നും ഇനിയങ്ങോട്ട് ലോകത്തെ മാറ്റിത്തീർക്കുയാണ് വേണ്ടതെന്നും എഴുതുമ്പോൾ മാർക്സിന്റെ പരികൽപനയിൽ വിധി എന്ന വാക്ക് ഉണ്ടായിരുന്നില്ല.
വിധിയിൽ വിശ്വസിക്കുന്നവരല്ല മാർക്സിസ്റ്റുകൾ. അങ്ങിനെയായിരുന്നെങ്കിൽ ലെനിനും മാവോയ്ക്കും ഹോചിമിനും ചെഗുവേരയ്ക്കും ഫിദൽ കാസ്ട്രോയ്ക്കും, എന്തിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിനു വരെ വെറുതെ ഇരുന്നാൽ മതിയായിരുന്നു. എത്രയോ പ്രവർത്തകർ ചോരയും നീരും കൊടുത്ത് പ്രയത്നിച്ചതിന്റെ ഫലമായിരുന്നു 1957-ൽ കേരളത്തിൽ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ. രണ്ടു വർഷത്തിനപ്പുറം ആ സർക്കാരിനെ പിരിച്ചുവിട്ട നെഹ്രു മന്ത്രിസഭയുടെ ചെയ്തി വിധിയായിരുന്നുവെന്നാണോ മണി സഖാവ് പറയുന്നത്. 1975-ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ജനതയുടെ വിധിയായിരുന്നോ? സിഖ് കൂട്ടക്കൊലയും ഗുജറാത്ത് കലാപവും വിധിയായിരുന്നോ?
.jpg?$p=eb17589&w=610&q=0.8)
1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്സെ രാഷ്ട്രപിതാവ് ഗാന്ധിജിയെ നിഷ്ഠൂരമായി വെടിവെച്ചു കൊന്നത് വിധിയായിരുന്നുവെന്നാണോ നമ്മൾ വിശ്വസിക്കേണ്ടത്. തങ്ങൾക്ക് ഹിതകരമല്ലാത്തത് ചെയ്യുന്നവരെ ഇല്ലാതാക്കുന്നതിനെ വിധിയെന്ന് വിളിക്കുന്നത് പോലൊരു ന്യായീകരണം വേറെയില്ല. മതവർഗ്ഗീയതയുടെ വൃത്തികെട്ട ശക്തികൾ സ്വതന്ത്ര ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധമായിരുന്നു ഗാന്ധിജി. ഈശ്വർ അള്ളാ തേരേ നാം പോലെ അവരെ പേടിപ്പിച്ചിട്ടുള്ള മറ്റൊരു വചനം വേറെയില്ല.
54 കൊല്ലം മുമ്പ് ഡൽഹിയിലെ ബിർള ഹൗസിൽനിന്ന് സഞ്ചാരം തുടങ്ങിയ ആ വെടിയുണ്ട ഇപ്പോഴും ഇന്ത്യയിലുടനീളം ചീറിപ്പായുന്നുണ്ട്. ധബോൽക്കർ, ഗോവിന്ദ പൻസാരെ, ഖൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരിലൂടെ കടന്നുപോയ ബുള്ളറ്റ് ഇതേ വെറുപ്പിനാൽ സൃഷ്ടിക്കപ്പെട്ടതാണ്.
1948-ലെ വേനലിലാണ് വടകരയിലെ ഒഞ്ചിയത്ത് മണ്ടോടി കണ്ണൻ അടക്കം പത്ത് കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ മലബാർ സ്പെഷ്യൽ പോലീസ് കശാപ്പ് ചെയ്യുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്ത സംഭവമായിരുന്നു ഒഞ്ചിയം രക്തസാക്ഷിത്വം.
കൊൽക്കൊത്തയിൽനിന്നു പുറത്തിറങ്ങുന്ന ദ ടെലിഗ്രാഫ് പത്രത്തിന്റെ പത്രാധിപരും മലയാളിയുമായ ആർ. രാജഗോപാൽ ഇക്കഴിഞ്ഞ ഏപ്രിൽ 30-ന് ഒഞ്ചിയത്തെ ഈ ചുവന്ന മണ്ണിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എയെയും അവരുടെ പിതാവ് കെ.കെ. മാധവനയേും നിരവധി കമ്മ്യൂണിസ്റ്റ് പ്രവർത്തകരെയും മാത്രമല്ല, ടി.പിയുടെ ബൈക്കും രാജഗോപാൽ കാണുന്നുണ്ട്.
രാജഗോപാലിന്റെ വാക്കുകളിലേക്ക്: ''ബൈക്കിരിക്കുന്ന ഒന്നാം നിലയിലേക്ക് എന്റെ സുഹൃത്ത് എന്നെ കൊണ്ടുപോയി. സ്പീഡൊ മീറ്ററിന് മുകളിൽ ഹെൽമറ്റ് ഇപ്പോഴുമുണ്ട്. കൊലപാതകം പോലെ നിഷ്ഠൂരമായ ഒരു ചെയ്തിയുടെ ലക്ഷ്യമായിരുന്നു ഈ ഇരുചക്രവാഹമെന്നെതിന്റെ ഒരേയൊരു അടയാളം പോലെ തകർന്നുതരിപ്പണമായ ഹെഡ്ലൈറ്റ്. ടി.പിയുടെ ജീവിതവും മരണവും നിഴലിക്കുന്ന മറ്റ് നിരവധി വസ്തുക്കളും അവിടെയുണ്ടായിരുന്നു. അവിടെ, സമകാലിക കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ കൊലപാതകത്തിനെ ഓർമ്മിപ്പിക്കുന്ന ബൈക്കിനും മറ്റ് സ്മൃതിശേഖരങ്ങൾക്കും ഇടയിൽ നിൽക്കുമ്പോൾ എനിക്ക് മനസ്സിലായി, ഞാൻ എന്തിനാണ് ഒഞ്ചിയത്തേക്ക് വന്നതെന്നും രമയെ കണ്ടതെന്നും.''
രാജഗോപാലിന്റെ ലേഖനം ഒഞ്ചിയത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അവസ്ഥാന്തരങ്ങളിലേക്കുള്ള സഞ്ചാരമാണ്. മനുഷ്യർ മനുഷ്യരോട് എന്താണ് ചെയ്യുന്നതെന്ന വിശകലനവും വിശ്ലേഷണവുമാണത്.
.jpg?$p=8c99ecc&w=610&q=0.8)
2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഒരു മാസത്തിനപ്പുറം ജൂൺ മൂന്നിന് സി.പി.എം. നേതാവ് വി.എസ്. അച്ച്യുതാനന്ദൻ ഒഞ്ചിയത്തെത്തി ടി.പിയുടെ ഭാര്യ കെ.കെ. രമയെ കാണുന്നുണ്ട്. അതും ഒരു ചരിത്രനിമിഷമായിരുന്നു. സഹനവും കാരുണ്യവും പശ്ചാത്തപവും അതിരിട്ട ചരിത്രനിമിഷം. എം.എം. മണി കാണുന്നത് കുലംകുത്തികളെ മാത്രമാണ്. പാർട്ടിയുടെ യാന്ത്രികമായ വ്യാഖ്യാനങ്ങൾ മാത്രമാണ്. വി.എസും വി.എസ്. മുന്നോട്ടുവെയ്ക്കുന്ന മനുഷ്യത്വത്തിന്റെ പതാകകളും മണിയുടെ റഡാറിലേക്ക് കടന്നുവരുന്നതേയില്ല. ഇതൊരു പ്രതിസന്ധിയാണ്. അധികാരം തീർക്കുന്ന പ്രതിസന്ധി. അധികാരമല്ല, മനുഷ്യരാണ് വലുതെന്ന ദർശനമാണ് കമ്മ്യൂണിസ്റ്റുകാരെ നയിക്കേണ്ടത്. ആ ദർശനത്തിന്റെ പിൻബലത്തിലാണ് 1959-ൽ അധികാരം നഷ്ടപ്പെട്ടിട്ടും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തകരാതിരുന്നത്.
അതിജീവിതയ്ക്കൊപ്പം എന്ന മുദ്രാവാക്യം കേരളത്തിൽ അലയടിക്കുന്ന ദിവസങ്ങളാണിത്. സമകാലിക കേരളം കണ്ട ഏറ്റവും വലിയ അതിജീവിതമാരിലൊരാളാണ് കെ.കെ. രമ. അവർ അപഹസിക്കപ്പെടുമ്പോൾ, അവർ പരിഹസിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ ഈ വാക്കിന് എന്ത് പ്രസക്തിയാണുള്ളത്?
എം.എം. മണിയുടെ വാക്കുകൾ രോഗമല്ല, രോഗലക്ഷണമാണ്. ലക്ഷണത്തിനല്ല, രോഗത്തിനാണ് ചികിത്സ വേണ്ടത്. സജി ചെറിയാൻ ഭരണഘടനയുടെ മെക്കിട്ട് കയറിയതും ജനഹിതം ആരായാതെ സിൽവർലൈൻ അടിച്ചേൽപിക്കാൻ നോക്കിയതും കറുത്ത മാസ്ക് പോലും ധരിക്കരുതെന്ന നിലപാടുണ്ടാവുന്നതും ഇതേ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഒന്ന് കണ്ണാടിയുടെ മുന്നിൽനിന്ന് സ്വയം ഒന്നുള്ളിലേക്ക് നോക്കിയാൽ രോഗം എന്താണെന്ന് പിടികിട്ടും. പക്ഷേ, ആത്മപരിശോധനയല്ല, കണ്ണാടികൾ പൊട്ടിക്കലാണ് നമുക്കിഷ്ടം. കടമ്മനിട്ടയുടെ ആ വരികൾ സഖാവ് മണിയെ ഒന്നോർമ്മിപ്പിക്കുകയാണ്: ''നിങ്ങളോർക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന്!''
വഴിയിൽ കേട്ടത്: അഴിമതി, ഏകാധിപതി, കഴുത, മുതലക്കണ്ണീർ തുടങ്ങിയ വാക്കുകൾക്ക് പാർലമെന്റിൽ നിരോധനം. എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുക്കാമെങ്കിൽ പിന്നെ എന്ത് വാക്ക്, ഏത് വാക്ക്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..