സാമ്പത്തിക സംവരണം സാമൂഹികനീതി അട്ടിമറിക്കുമ്പോൾ | വഴിപോക്കൻ


വഴിപോക്കൻ

ഒരു ഓട്ടമത്സരത്തിൽ പി.ടി. ഉഷയ്ക്കൊപ്പം മത്സരിക്കാൻ ഒരു പരിശീലനവുമില്ലാത്ത ഒരു പെൺകുട്ടിയോട് ആവശ്യപ്പെടുന്നതുപോലെയാണ് ഒരു പിന്നാക്ക വിഭാഗക്കാരിയോട് ഉന്നത ജാതിയിലുള്ള ഒരാളുമായി പി.എസ്.സി. പരീക്ഷയിൽ നേർക്കുനേർ മത്സരിക്കാൻ പറയുന്നത്. ഇവർക്കിടയിൽ വിവേചനത്തിന്റെ പല തട്ടുകളുണ്ട്. ഈ തട്ടുകൾ മറികടക്കുന്നതിന് സഹായിക്കുന്നതിലൂടെയാണ് സംവരണം വിമോചനാത്മകമാവുന്നത്. സംവരണം മെറിറ്റിന്റെ നിരാകരണവും നിഷേധവുമാണെന്ന് അലമുറയിട്ടിരുന്നവർ ഇപ്പോൾ അവർക്കുതന്നെ സംവരണം കിട്ടുമ്പോൾ മെറിറ്റിനെക്കുറിച്ച് മിണ്ടുന്നില്ല. എത്ര പെട്ടെന്നാണ് മെറിറ്റ് എന്ന ഉമ്മാക്കി ഇല്ലാതാവുന്നത്.

ഡോ. ബി.ആർ. അംബദ്കറിന്റെ ഛായാപടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി നടത്തുന്നു | Photo: PTI

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ രണ്ട് ദിവസങ്ങൾ കൃത്യമായി അടയാളപ്പെടുത്തപ്പെടേണ്ടതുണ്ട്. 2019 ജനുവരി ഒമ്പതും 2022 നവംബർ ഏഴും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം ലക്ഷ്യമിട്ടുള്ള ഭരണഘടന ഭേദഗതി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ആദ്യദിനം. ഈ ഭേദഗതി ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ദിവസമാണ് രണ്ടാമത്തേത്.

ഇന്ത്യൻ ഭരണഘടന കല്ലിൽ കൊത്തിയ വസ്തുവല്ലെന്നും ജീവനുള്ള രേഖയാണെന്നുമുള്ള വിശേഷണം വെറുതെയല്ല. കാലവും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യുന്നത് സമൂഹത്തോടും ജനങ്ങളോടുമുള്ള നീതിയും ധർമ്മവും നിറവേറ്റുന്നതിനാണ്. പക്ഷേ, സാമ്പത്തിക സംവരണത്തിനായുള്ള 103-ാം ഭേദഗതി ഭരണഘടനയുടെ തന്നെ അടിസ്ഥാന സ്വഭാവത്തെ നിരാകരിക്കുകയും സംവരണം എന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുകയുമാണെന്ന വിമർശമാണ് ഉയരുന്നത്. ഈ വിമർശം കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ചെയ്യുന്ന കുറ്റമായിരിക്കും.ഭരണഘടനാ ശിൽപികൾ സംവരണം വിഭാവനം ചെയ്തത് ദാരിദ്ര്യനിർമ്മാർജ്ജനം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഭരണപ്രക്രിയയിൽ, തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിൽനിന്നു മാറ്റി നിർത്തപ്പെട്ടവർക്ക് പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കലായിരുന്നു സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമായിരുന്നില്ല പിന്നാക്ക വിഭാഗങ്ങൾക്ക് നിതി നിഷേധിക്കപ്പെടാനുള്ള കാരണം. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥയാണ് ഈ അനീതിയുടെ അടിസ്ഥാനം.

ഇതു വ്യക്തമാക്കാൻ ഭരണഘടനാ ശിൽപിയായ ബി.ആർ. അംബദ്കറുടെ ജീവിതത്തിൽനിന്നുള്ള ഒരു സംഭവം വിവരിക്കാം. 1929-ൽ മഹാരാഷ്ട്രയിലെ ചലിസ്ഗൊൺ ഗ്രാമത്തിലെ ദളിതരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി അംബദ്കർ അങ്ങോട്ടു പോയി. ഈ ഗ്രാമത്തിനടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയിൽ വന്നിറങ്ങിയ അംബദ്കറെ സ്വീകരിക്കാൻ ചലിസ്ഗൊണിൽനിന്നുള്ള ദളിതർ എത്തിയിരുന്നു. ഗ്രാമത്തിലേക്ക് പോകാൻ കുതിരവണ്ടി ഉടനെ എത്തുമെന്ന് ഇവർ അംബദ്കറോട് പറഞ്ഞു. പക്ഷേ, ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും കുതിരവണ്ടി എത്തിയില്ല. ഗ്രാമത്തിലേക്ക് മൂന്നു കിലോ മീറ്ററോളം ദൂരമേയുള്ളു എന്നറിഞ്ഞപ്പോൾ അംബദ്കർ നടക്കാൻ തയ്യാറായി. പക്ഷേ, അംബദ്കറെ സ്വീകരിക്കാൻ എത്തിയവർക്ക് തങ്ങളുടെ അതിഥി കുതിരവണ്ടിയിൽ തന്നെ വരണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു.

ഡോ. പൽപു | രേഖാചിത്രം: മദനൻ

അംബദ്കറും കുതിരവണ്ടിയും

ഒടുവിൽ അംബദ്കറെ കൊണ്ടുപോകാൻ കുതിരവണ്ടിയെത്തി. പോകുന്ന വഴിയിൽ ഒരു കലുങ്കിന് അടുത്തെത്തിയപ്പോൾ എതിരെനിന്നു വന്ന കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിൽ കുതിരവണ്ടിയുടെ ബാലൻസ് തെറ്റുകയും അംബദ്കർ റോഡിലേക്കും കുതിരവണ്ടിയും വണ്ടിക്കാരനും തോട്ടിലേക്കും തെറിച്ചു വീണു. വീഴ്ചയിൽ അംബദ്കറുടെ കാലൊടിഞ്ഞു, ദേഹമാസകലം പരിക്കുപറ്റി. എന്താണ് അപടകത്തിന് കാരണമായതെന്ന് അന്വേഷിച്ചപ്പോഴാണ് അതിന് പിന്നിലും ജാതിയായിരുന്നു ഘടകമെന്ന് അംബദ്കർക്ക് മനസ്സിലായത്.

റെയിൽവെ സ്റ്റേഷനിലെ കുതിരവണ്ടികൾ ഓടിക്കുന്നവർ ദളിതരേക്കാൾ മുകളിലുള്ള ജാതിയിൽ പെട്ടവരാണ്. ദളിതനായ അംബദ്കറെ ഇരുത്തി വണ്ടി ഓടിക്കാനാവില്ലെന്ന് ഇവർ തീർത്ത് പറഞ്ഞു. ഒടുവിൽ ഒരു വണ്ടിക്കാരൻ സാമാന്യം നല്ലൊരു തുക വാങ്ങി അയാളുടെ വണ്ടി വിട്ടുകൊടുത്തു. പക്ഷേ, വണ്ടി അയാൾ ഓടിക്കില്ല. അങ്ങിനെ വണ്ടി ഓടിച്ചത് അതുവരെ കുതിരവണ്ടി ഓടിച്ചിട്ടില്ലാത്ത ഒരാളായിരുന്നു. എതിരെനിന്നു കാറ് വരുന്നത് കണ്ടപ്പോൾ വണ്ടി നിയന്ത്രിക്കാൻ ഇയാൾക്കായില്ല. അത് അപകടത്തിൽ കലാശിക്കുകയും ചെയ്തു. അതിഥിയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള തത്രപ്പാടിനിടയിൽ അതിഥിയുടെ ജിവന് അപടകമുണ്ടായേക്കുമെന്ന് അംബദ്കറെ സ്വീകരിക്കാൻ എത്തിയവർ കരുതിയില്ല.

അംബദ്കർ ഈ അപകടത്തെക്കുറിച്ച് കാര്യമായി ആലോചിച്ചു. കുതിരവണ്ടിക്കാരിൽ മിക്കവരും നിരക്ഷരരായിരുന്നു. കൊളംബിയ സർവ്വകലാശാലയിൽനിന്നും ലണ്ടൻ സർവ്വകലാശാലയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ രണ്ട് ഡോക്ടറേറ്റുകൾ നേടിയാണ് അംബദ്കർ ഇന്ത്യയിൽ തിരിച്ചെത്തിയത്. ലണ്ടനിൽനിന്നു ബാരിസ്റ്റർ പരീക്ഷയും അംബദ്കർ പാസ്സായിരുന്നു. റെയിൽവെ സ്റ്റേഷനിലെ കുതിരവണ്ടിക്കാരേക്കാൾ മെച്ചമായിരുന്നു അംബദ്കറുടെ സാമ്പത്തികനില. എന്നിട്ടും അംബദ്കറെ കയറ്റിയിരുത്തി വണ്ടിയോടിക്കാൻ അവരുടെ ജാതിബോധം അവരെ അനുവദിച്ചില്ല.

ഡോ. പൽപുവിന്റെ ജീവിതവും ഇതോടൊപ്പം ചേർത്ത്വെയ്ക്കാം. മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് 1889-ൽ എം.ബി.ബി.എസ്. പാസ്സായ ഡോ. പൽപുവിന് തിരുവിതാംകൂറിൽ ഡോക്ടറായി ജോലി ചെയ്യാനായില്ല. ഈഴവർക്ക് അതിന് അനുമതിയില്ല എന്നതായിരുന്നു കാരണം. തുടർന്ന് മൈസൂരിലും ബാംഗ്ലൂരിലുമായി ഗംഭീരസേവനം അനുഷ്ഠിച്ച ഡോ. പൽപു 1896-ൽ ബാംഗ്ലൂരിലെ പ്ലേഗ് ബാധ ഫലപ്രദമായി നേരിട്ടത് ചരിത്രമാണ്. നാരായണഗുരുവിനും കുമാരനാശാനും ഒപ്പം എസ്.എൻ.ഡി.പി. യോഗത്തിന് തുടക്കമിട്ട ഡോ. പൽപു മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ എന്ന എന്നിവയിലൂടെ കേരളത്തിൽ ബ്രാഹ്‌മണ ഇതര ജാതിക്കാർക്ക് സർക്കാർ സർവ്വീസിൽ ജോലി കിട്ടുന്നതിനുള്ള വഴിയൊരുക്കി.

''എന്റെ മരണകാരണം എന്റെ ജന്മമാണ്'' എന്ന് ആത്മഹത്യാ കുറിപ്പിൽ രോഹിത് വെമുല എഴുതിയതും ഈ ഘട്ടത്തിൽ നമ്മൾ ഓർക്കണം. സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ഈഴവർക്ക് പോലും വൈക്കം ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കാനായിരുന്നില്ലെന്നും നമ്മൾ മറന്നുപോവരുത്. പണമില്ലെങ്കിലും ബ്രാഹ്‌മണനായി പിറന്നതുകൊണ്ട് ലഭിക്കുന്ന ആനുകൂല്യങ്ങളിലേക്ക് സംഗീതജ്ഞനായ ടി.എം. കൃഷ്ണ വിരൽ ചൂണ്ടിയിരുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥ എന്ന ഒരേയൊരു ഘടകമല്ലെന്ന് ഇന്ദ്ര സ്വാഹ്നി കേസിൽ 1992-ൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് വ്യക്തമാക്കിയതും വിസ്മരിക്കാനാവില്ല.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ആത്മാഹുതിക്കു ശ്രമിക്കുന്ന രാജീവ് ഗോസ്വാമി

മെറിറ്റ് എന്ന ഉമ്മാക്കി

സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ബേല ത്രിവേദി നടത്തിയ ഒരു നിരീക്ഷണം ഇതാണ്: 'Treating economically weaker sections of the citizens as a separate class would be a reasonable classification, and could not be termed as an unreasonable or unjustifiable classification, much less a betrayal of basic feature or violative of Article 14.' സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാക്കുന്നില്ലെന്നാണ് ജസ്റ്റിസ് ത്രിവേദി അർത്ഥമാക്കുന്നത്. ഇതെത്രമാത്രം ശരിയാണെന്ന് പരിശോധിക്കപ്പെടേണ്ടതായുണ്ട്.

സാമ്പത്തിക പിന്നാക്കാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ്. ദരിദ്ര കുടുംബത്തിൽ ജനിച്ചു വീഴുന്ന ഒരാൾ എക്കാലവും ദരിദ്രനായി തുടരണമെന്നില്ല. ധനിക കുടുംബത്തിൽ പിറന്നയാൾ എക്കാലവും ധനികനായി നിലനിൽക്കണമെന്നും ശഠിക്കാനാവില്ല. പക്ഷേ, ജാതിയുടെ കാര്യം അങ്ങനെയല്ല. അത് ഒരാളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഏത് ജാതിയിൽ പിറക്കുന്നുവെന്നതിൽ നമുക്ക് ഒരു പങ്കുമില്ല. ഒരാൾ എത്ര പണമുണ്ടാക്കിയാലും ജാതി അയാളെ വിട്ടുപോവുന്നില്ല. ഇന്ത്യയിൽ ജാതി സംസ്‌കാരമാണെന്ന് ദളിത് ചിന്തകൻ സൂരജ് യെങ്ഡെ പറയുന്നത് ഇതുകൊണ്ടാണ്. നിലവിൽ തന്നെ ഭരണപരമായ തലങ്ങളിൽ കൂടുതൽ പ്രാതിനിധ്യമുള്ളവർക്ക് വീണ്ടും കൂടുതൽ അവസരങ്ങൾ നൽകുന്ന പദ്ധതിയാണ് സാമ്പത്തിക സംവരണമെന്ന് അഭിഭാഷകനായ മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടുന്നതും കാണാതെ പോവരുത്. മുന്നാക്ക വിഭാഗങ്ങളിൽ പ്രാതിനിധ്യം കുറവുള്ളവരുണ്ടെങ്കിൽ അവർ പിന്നാക്ക വിഭാഗമായി പ്രഖ്യാപിക്കപ്പെടണമെന്നും അങ്ങിനെ അവർക്ക് സംവരണത്തിന്റെ പരിധിയിൽ വരാമെന്നും മോഹൻ ഗോപാൽ പറയുന്നുണ്ട്.

സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ തകർന്നുവീഴുന്ന ഒരു കടങ്കഥ മെറിറ്റിനെ ചുറ്റിപ്പറ്റിയുള്ള വാദങ്ങളാണ്. 1990-ൽ വി.പി. സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ വരേണ്യ വിഭാഗക്കാർ ഉയർത്തിയ വലിയൊരു വാദം മെറിറ്റ് തകർക്കപ്പെടുന്നു എന്നതായിരുന്നു. ബ്രാഹ്‌മണർ അടക്കമുള്ള ഇന്ത്യയിലെ ഉന്നത ജാതിക്കാർ സംവരണത്തെ എതിർക്കാൻ ഏറ്റവുമധികം കൂട്ടുപിടിച്ചിരുന്നത് ഇതേ വാദമായിരുന്നു. സംവരണത്തിലൂടെ കടന്നുവരുന്ന പിന്നാക്കക്കാർ ഇന്ത്യയെ മുന്നോട്ടല്ല പിന്നിലേക്കാണ് കൊണ്ടുപോവുകയെന്നായിരുന്നു ഇവരുടെ വിലാപം.

ഇന്ത്യയിൽ ഏറ്റവുമധികം സംവരണമുള്ളത് തമിഴ്നാട്ടിലാണ്. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമായി 69 ശതമാനം സംവരണമാണ് അവിടെയുള്ളത്. ഇന്ത്യയിൽ പക്ഷേ, ഏറ്റവും തൊഴിൽക്ഷമതയുള്ള (തൊഴിലെടുക്കാനുള്ള വൈദഗ്ധ്യമുള്ള) ബിരുദധാരികൾ കൂടുതലും വരുന്നത് ഇതേ തമിഴ്നാട്ടിൽ നിന്നാണ്. സംവരണം മെറിറ്റ് തകർക്കുന്നില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണിത്.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം വലിയൊരു പരിധി വരെ കാണാതെ പഠിക്കുന്നവരേയും ഓർമ്മിച്ചെഴുതാൻ കഴിവുള്ളവരെയും അനുകൂലിക്കുന്നതാണ്. ബ്രാഹ്‌മണർ അടക്കമുള്ള ഉന്നത ജാതിക്കാർക്ക് പാരമ്പര്യമായി ഇതിനുള്ള സാഹചര്യവും പരിശീലനവുമുണ്ട്. ഈ പശ്ചാത്തലം ഇല്ലാത്തവർക്ക് ഇവരോട് മത്സരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സംവരണം ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത്. ഒരു ഓട്ട മത്സരത്തിൽ പി.ടി. ഉഷയ്ക്കൊപ്പം മത്സരിക്കാൻ ഒരു പരിശീലനവുമില്ലാത്ത ഒരു പെൺകുട്ടിയോട് ആവശ്യപ്പെടുന്നതു പോലെയാണ് ഒരു പിന്നാക്ക വിഭാഗക്കാരിയോട് ഉന്നതജാതിയിലുള്ള ഒരാളുമായി പി.എസ്.സി. പരീക്ഷയിൽ നേർക്കുനേർ മത്സരിക്കാൻ പറയുന്നത്. ഇവർക്കിടയിൽ വിവേചനത്തിന്റെ പല തട്ടുകളുമുണ്ട്. ഈ തട്ടുകൾ മറികടക്കുന്നതിന് സഹായിക്കുന്നതിലൂടെയാണ് സംവരണം വിമോചനാത്മകമാവുന്നത്. സംവരണം മെറിറ്റിന്റെ നിരാകരണവും നിഷേധവുമാണെന്ന് അലമുറയിട്ടിരുന്നവർ ഇപ്പോൾ അവർക്കുതന്നെ സംവരണം കിട്ടുമ്പോൾ മെറിറ്റിനെക്കുറിച്ച് മിണ്ടുന്നില്ല. എത്ര പെട്ടന്നാണ് മെറിറ്റ് എന്ന ഉമ്മാക്കി ഇല്ലാതാവുന്നത്.

സാമ്പത്തിക സംവരണ കേസിൽ സുപ്രീം കോടതി ജസ്റ്റിസുമാർ വിധി രേഖപ്പെടുത്തുന്നു | Photo: ANI

തകർക്കുന്നത് സാമൂഹ്യനിതിയുടെ അസ്തിവാരം

അഞ്ചംഗ ബഞ്ചിൽ ജസ്റ്റിസുമാരായ ബേല ത്രിവേദി, പർദിവാല, ദിനേഷ് മഹേശ്വരി എന്നിവരാണ് സാമ്പത്തിക സംവരണം ശരിവെച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വളരെ പ്രസക്തമായൊരു നിരീക്ഷണം ഇവിടെ എടുത്തുപറയേണ്ടതുണ്ട്: '' റിപ്പബ്ലിക്കിന്റെ എഴുപത് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി ഈ കോടതി അത്യധികം വിവേചനപരവും മാറ്റിനിർത്തുന്നതുമായ ഒരു തത്വത്തിന് അംഗീകാരം നൽകിയിരിക്കുന്നു. നമ്മുടെ ഭരണഘടന ഒരിക്കലും ഒഴിവാക്കലിന്റെ ഭാഷയിൽ സംസാരിക്കുന്നില്ല. ഒഴിവാക്കലിന്റെ ഭാഷയിലൂടെ ഈ ഭരണഘടന ഭേദഗതി സാമൂഹ്യ നീതിയുടെ ഘടനയും അസ്തിവാരവും അട്ടിമറിക്കുന്നു.'' ചിഫ് ജസ്റ്റിസ് യു.യു. ലളിത് ഈ നിരീക്ഷണത്തോട് യോജിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ ദളിതരും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടുന്നില്ല എന്നതാണ് 103-ാം ഭരണഘടന ഭേദഗതിയുടെ ഒരു മുഖ്യഘടകം. 2001-ലെ സെൻസസിന്റെ അടിസ്ഥാനത്തിലും 2005- 2006-ലെ സ്ഥിതി വിവരക്കണക്ക് പ്രകാരവും ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് തഴെയുള്ളവരുടെ എണ്ണം 31.7 കോടി വരും. ഇതിൽ 7.74 കോടി എസ്.സി. വിഭാഗത്തിൽ നിന്നുള്ളവരാണ്. പട്ടിക വർഗ്ഗക്കാരിൽ 4.25 കോടിയും പിന്നാക്ക വിഭാഗങ്ങളിൽ 13.86 കോടിയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതായത് ദാരിദ്ര്യരേഖയ്ക്ക് താഴെയുളള 31.7 കോടിയിൽ 25.85 കോടിയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പക്ഷേ, മോദി സർക്കാരും സുപ്രീം കോടതിയും പറയുന്നത് ഇത്രയും ആൾക്കാരെ സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ്. ഈ ഒഴിവാക്കലിനോടാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ട് ലക്ഷം രൂപ പ്രതിവർഷം വരുമാനമുള്ളവർക്കുവരെ സാമ്പത്തിക സംവരണം ലഭിക്കും. ഒരു മാസം 66,660 രൂപയോളം ഒരു ദിവസം 2,222 രൂപ വരുമാനമുള്ളവർക്ക് സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടായിരിക്കും എന്നർത്ഥം. നഗരങ്ങളിൽ 33 രൂപയും ഗ്രാമങ്ങളിൽ 27 രൂപയും ഒരു ദിവസം ചെലവഴിക്കുന്നവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ ജിവിക്കുന്നവരായി കണക്കാക്കുന്നത്. ഒരു ദിവസം 2,222 രൂപ വരുമാനമുള്ളവർക്ക് സാമ്പത്തിക സംവരണം കിട്ടുമെന്ന് മോദി സർക്കാരും കോടതിയും പറയുമ്പോൾ ദാരിദ്ര്യമെന്താണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ആദായ നികുതി കൊടുക്കണം എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എങ്ങിനെ ആശ്വാസം നൽകാനാവും എന്നതിനെക്കുറിച്ച് പഠിക്കാൻ മൻമോഹൻ സിങ് സർക്കാർ സിൻഹൊ കമ്മീഷനെ നിയോഗിച്ചിരുന്നു. സിൻഹൊ കമ്മീഷന്റെ ശുപാർശ സാമ്പത്തിക സംവരണമായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകണമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഭരണപരമായ പ്രക്രിയയിൽനിന്നു നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ടിട്ടുള്ളവർക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹികമായി മുന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ് അട്ടമിറിക്കപ്പെടുക. എത്രയോ കാലമായി സമൂഹത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് മുന്നാക്ക വിഭാഗങ്ങളിലുള്ളവരാണ്. സാമ്പത്തിക സംവരണം ഇവരുടെ കൈകളിലേക്ക് കൂടുതൽ അധികാരവും അവകാശവും എത്തിച്ചുകൊടുക്കുന്നു.

ഗാന്ധിജി | ഛായാചിത്രം: മദനൻ

സ്വകാര്യവത്കരണവും സംവരണവും

സർക്കാർ ജോലികൾ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും സ്വകാര്യവത്കരണത്തിന്റെ അതിപ്രസരമാണ്. സംവരണമുണ്ടെങ്കിലും അതുകൊണ്ടുള്ള പ്രയോജനം കുറഞ്ഞുവരികയാണ് എന്നർത്ഥം. സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്താൻ ഇടക്കാലത്ത് മൻമോഹൻ സിങ് സർക്കാർ ആലോചിച്ചിരുന്നു. അന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിസിന്റെ തലപ്പത്തുണ്ടായിരുന്നവർ ഒന്നടങ്കം പറഞ്ഞത് സംവരണം ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും തങ്ങൾ അത് സ്വമേധയാ നടപ്പാക്കുമെന്നുമാണ്.

അമേരിക്കയിലൊക്കെ കറുത്ത വർഗ്ഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ വ്യവസായ, വിദ്യാഭ്യാസ മേഖലകളിലുള്ളവർ സ്വമേധയാ നടപടികൾ എടുക്കാറുണ്ട്. Affirmative action എന്നു വിളിക്കുന്ന ഈ പ്രക്രിയ തങ്ങളും നടപ്പാക്കുമെന്നാണ് ഇന്ത്യയിലെ വ്യവസായ മേധാവികൾ പറഞ്ഞത്. പക്ഷേ, നടപ്പാക്കിയതിന്റെ കണക്ക് ചോദിച്ചാൽ ഈ മേധാവികൾക്ക് ദേഹമാസകലം അരിശവും ക്രോധവും ഇരച്ചുകയറും. രാജ്യസഭയിലും സൈന്യത്തിലും ഉന്നത ജുഡീഷ്യറിയിലും സംവരണമില്ലെന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. സംവരണം ആരുടെയും ഔദാര്യമല്ല. നൂറ്റാണ്ടുകളായി തങ്ങളുടേതല്ലാത്ത കുറ്റത്തിന് സാമൂഹികമായ വിവേചനം നേരിടുന്നവർക്ക് പരിഷ്‌കൃതസമൂഹം നടപ്പാക്കുന്ന നീതി നിർവ്വഹണമാണത്. ഈ നീതിയാണ് ഇന്നിപ്പോൾ 103-ാം ഭരണഘടന ഭേദഗതിയിലൂടെ മോദി സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

1931-ൽ തന്നെ കാണാനെത്തിയ അംബദ്കറെ ഗാന്ധിജി പുകഴ്ത്തി: ''ഇതാ, മാതൃരാജ്യത്തിനായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മൂല്യമുള്ള ഒരു ദേശസ്നേഹി.'' അപ്പോൾ അംബദ്കറിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു: ''ഗാന്ധിജീ, എനിക്ക് മാതൃരാജ്യമില്ല. ആത്മാഭിമാനമുള്ള ഒരു ദളിതനും ഈ രാജ്യത്തെച്ചൊല്ലി അഭിമാനിക്കാനാവില്ല. എങ്ങിനെയാണ് ഞാൻ ഈ രാജ്യത്തെ എന്റെ മാതൃരാജ്യമെന്ന് വിളിക്കുക? പട്ടികളേക്കാളും പൂച്ചകളേക്കോളും മോശമായി ഞങ്ങളോട് പെരുമാറുന്ന ഒരു രാജ്യത്തെ, കുടിവെള്ളം പോലും നിഷേധിക്കുന്ന ഒരു രാജ്യത്തെ ഞങ്ങൾ എങ്ങിനെയാണ് മാതൃരാജ്യമായി കാണുക?'' അംബദ്കറുടെ ഈ ചോദ്യത്തിന് ഗാന്ധിജിക്ക് ഉത്തരം നൽകാനായില്ല. അംബദ്കർ ഇക്കാലത്ത് തിരിച്ചുവരികയാണെങ്കിൽ ആ പഴയ ചോദ്യം ആവർത്തിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

സംവരണം കൊണ്ട് നേട്ടമുണ്ടാക്കിയവർ തന്നെ വീണ്ടും വീണ്ടും സംവരണ ആനുകൂല്യങ്ങൾ അനുഭവിക്കുകയാണെന്ന് വിമർശമുണ്ട്. ഇതിനാണ് ക്രീമിലെയർ കൊണ്ടുവന്നത്. സംവരണം കൊണ്ട് നേട്ടമുണ്ടാക്കിയവരെ അതിന്റെ പരിധിയിൽനിന്നു മാറ്റാനുള്ള പ്രക്രിയയുടെ ഭാഗമാണിത്. ജാതി തിരിച്ചുള്ള സെൻസസ് വേണമെന്ന് പിന്നാക്ക വിഭാഗക്കാർ ആവശ്യപ്പെടുന്നതും ഇതിന്റെ ഭാഗമായാണ്. പക്ഷേ, ഇത് നടപ്പാക്കാൻ ഇതുവരെ മോദി സർക്കാർ തയ്യാറായിട്ടില്ല. ജാതി തിരിച്ചുള്ള സെൻസസ് എടുത്താൽ എത്ര പിന്നാക്കക്കാർ സംവരണത്തിലൂടെ മുന്നേറിയിട്ടുണ്ടെന്നറിയാനാവും. കൃത്യമായ കണക്ക് കിട്ടിയാൽ സംവരണം ഇനിയും എത്രകാലം തുടരണമെന്നതിലും വ്യക്തതയുണ്ടാവും.

പ്രൊഫ. എം. കുഞ്ഞാമൻ ചൂണ്ടിക്കാട്ടിയതുപോലെ സംവരണം അനന്തകാലത്തേക്ക് തുടരാനാവില്ല. സംവരണം കൊണ്ട് ജാതി ഇല്ലാതാക്കാനുമാവില്ല. പക്ഷേ, സംവരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടവർ മുന്നോട്ട് കയറിവരുന്നതിൽ സംവരണത്തിനുള്ള പങ്ക് നിസ്തുലമാണ്. ഈ മുന്നേറ്റമാണ് ഇപ്പോൾ സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്.

ഡോ. ബി.ആർ. അംബദ്കർ

സൃഷ്ടിക്കേണ്ടത് കൂടുതൽ തൊഴിൽ അവസരങ്ങൾ

തൊഴിലില്ലായ്മയും ദാരിദ്ര്യവും നേരിടേണ്ടത് കൂടുതൽ തൊഴിൽ അവസരങ്ങളും ആനുപാതികമായ വേതന വർദ്ധനവും നടപ്പാക്കക്കൊണ്ടാണ്. പക്ഷേ, ഈ രണ്ട് മേഖലകളിലും മോദി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. പ്രതിവർഷം രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്ത് പറ്റിയെന്ന് ബി.ജെ.പി. സർക്കാർ ഉത്തരം പറയണം. 8.3 ശതമാനമാണ് നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. ചെറിയൊരു ന്യൂനപക്ഷം കൂടുതൽ കൂടുതലായി സമ്പത്ത് കൈയ്യടക്കുന്നതാണ് ഇന്ത്യയിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് കോർപറേറ്റുകൾക്ക് നികുതി കുറച്ചുകൊടുക്കുകയും മറുവശത്ത് സാധാരണക്കാരെ ഇഞ്ച പോലെ പിഴിയുകയും ചെയ്യുന്ന സർക്കാരാണ് നമുക്ക് മുന്നിലുള്ളത്.

ബുദ്ധമതത്തിലേക്ക് മാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അംബദ്കറോട് പല ഹിന്ദുമത നേതാക്കളും അഭ്യർത്ഥിച്ചിരുന്നു. അന്ന് അംബദ്കർ പറഞ്ഞ മറുപടി ആലോചനാമൃതമായിരുന്നു: ''ഒരു നിശ്ചിത സമയത്തിനുള്ളിൽ തൊട്ട്കൂടായ്മ ഇല്ലാതാക്കിയാൽ മതം മാറാനുള്ള തീരുമാനം പുനഃപരിശോധിക്കുന്നതായിരിക്കും. എന്നാൽ അതിനിടയിൽ മഹാരാഷ്ട്രയിലെ ബ്രാഹ്‌മണർ ദളിത് വിഭാഗത്തിൽനിന്നുള്ള ഒരാളെ ഒരു കൊല്ലത്തേക്കെങ്കിലും ശങ്കരാചാര്യരായി അഭിഷേകം ചെയ്യണം. നൂറ് ബ്രാഹ്‌മണ കുടുംബങ്ങൾ ഈ പുതിയ ശങ്കരാചാര്യരുടെ പാദങ്ങളിൽ നമസ്‌കരിക്കണം.'' 1935-ലാണ് അംബദ്കർ ഇത് പറഞ്ഞത്.

ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം 1956 ഒക്ടോബർ 14-ന് നാഗ്പൂരിൽവെച്ച് ബുദ്ധമതം സ്വീകരിക്കുമ്പോഴും അംബദ്കറുടെ ഈ വ്യവസ്ഥയ്ക്ക് ഒരു മറുപടിയുമുണ്ടായിരുന്നില്ല. അടിച്ചമർത്തപ്പെടുന്നവർക്കും നിരാലംബർക്കും നീതി ഉറപ്പാക്കുന്ന ഭരണഘടനയാണ് അംബദ്കർ വിഭാവനം ചെയ്തത്. പക്ഷേ, ഭരണഘടന ഭരണഘടനയാവുന്നത് അതു കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചിരിക്കും എന്ന് അംബദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു . എത്രമാത്രം ദീർഘദർശിയായിരുന്നു അംബദ്കർ എന്ന് നമ്മൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

വഴിയിൽ കേട്ടത്: സാമ്പത്തിക സംവരണം ആദ്യം അനുകൂലിച്ച സി.പി.എമ്മിനും കോൺഗ്രസിനും വീണ്ടുവിചാരം. ഇച്ചിരി വൈകിയാലും കുഴപ്പമില്ല, തെറ്റ് തിരുത്തട്ടെ!

Content Highlights: EWS, Social Justice, Economically Weaker Section, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented