ദാക്ഷായണി ബിസ്‌കറ്റുകള്‍ ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ | മധുരം ജീവിതം


കെ.കെ ജയകുമാര്‍| jayakumarkk8@gmail.com.

സിറ്റൗട്ടിലിരുന്ന് ഭാര്യയും കൂട്ടുകാരിയും കൂടി ചര്‍ച്ചതുടങ്ങിയിട്ട് നേരം കുറെയായി. രാവിലത്തെ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് പുറത്തേക്കിറങ്ങിയതാണ്. ആദ്യം മുറ്റത്തൊക്കെ രണ്ടുപേരും കൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഗാര്‍ഡന്‍ വാളില്‍ കുത്തിയിരിക്കുന്നത് കണ്ടു.

കൂട്ടുകാരി സുനിത അതിരാവിലെ ഭാര്യയെക്കാണാന്‍ എത്തിയതാണ്. അവര്‍ കുറേക്കാലം ഒരു ഐ.ടി കമ്പനിയില്‍ ആയിരുന്നു. ഇവരൊക്കെ ഏര്‍ലി റിട്ടയര്‍മെന്റിന്റെ ആള്‍ക്കാരാണല്ലോ. കഴിഞ്ഞയിടെ ജോലിയെല്ലാം മതിയാക്കി. ഇനി എന്തെങ്കിലും സ്വന്തമായി തുടങ്ങി സ്വസ്ഥമാകണം എന്ന അടങ്ങാത്ത ആഗ്രഹവുമായി നടക്കുകയാണ്. പക്ഷേ ഭാര്യയുമായി എന്താണോ ഇത്രയേറെ ചര്‍ച്ചചെയ്യാന്‍. ബിസിനസുമായി അങ്ങനെ കാര്യമായ അടുപ്പമൊന്നുമില്ലാത്ത ആളാണ് ഭാര്യ. സംരംഭവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെങ്കില്‍ എന്റടുത്താണല്ലോ വരേണ്ടത് എന്ന് ഞാനോര്‍ത്തു.ചര്‍ച്ച ഉടനെയൊന്നും തീരുന്ന മട്ട് കാണാത്തതുകൊണ്ട് ഞാന്‍ പതിയെ അടുക്കളയിലേക്ക് കയറി. ഉച്ചഭക്ഷണത്തിന് ഗസ്റ്റുമുള്ളതല്ലേ. ബ്രേക്ക് ഫാസ്റ്റിന്റെ ബാക്കി പത്രമായി അടുക്കളയാകെ ബ്രേക്കായി കിടക്കുന്നു. രാവിലെ തന്നെ തുടങ്ങിയതാണല്ലോ ചര്‍ച്ച. ഭാര്യയ്ക്ക് പിന്നൊന്നിനും സമയം കിട്ടിയില്ല. ഞാന്‍ പാത്രങ്ങളൊക്കെ ഒതുക്കി ഉച്ചഭക്ഷണത്തിനുള്ള വകുപ്പിനായി ഫ്രിഡ്ജ് തുറന്നു. കുറച്ചു മീനും ചിക്കനും പുറത്തെടുത്തു. മീന്‍ മുളകിട്ടുവയ്ക്കാമെന്നും ചിക്കന്‍ ഫ്രൈ ചെയ്യാമെന്നും തീരുമാനിച്ചു.

ഭക്ഷണമെല്ലാം റെഡിയായിട്ടും ചര്‍ച്ചക്കാര്‍ സിറ്റൗട്ട് വരെയേ എത്തിയിട്ടുള്ളൂ. ഞാന്‍ സ്വീകരണമുറിയിലെത്തി ടി വി ഓണ്‍ചെയ്തു. നല്ലോരു തമാശപ്പടം. അതിലൊന്ന് മുഴുകിത്തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും ഭാര്യയുടെ ആംഗ്യം. കുടിക്കാനെന്തെങ്കിലും കിട്ടുമോ ഞാന്‍ ഊണിനൊപ്പം നല്‍കാനായി കലക്കിവെച്ചിരുന്ന സംഭാരം രണ്ടുഗ്ലാസിലെടുത്തു കൊടുത്തു. രണ്ട് പേരും അകത്ത് വന്ന് അത് ഒറ്റവലിക്ക് കാലിയായി. സംസാരിച്ച് തൊണ്ടവരണ്ട് ഉമിനീര്‍ വറ്റിക്കാണും.

'എന്താണ് സംഭവം. കുറേനേരമായല്ലോ ചര്‍ച്ച. ആരെ കൊല്ലുന്ന കാര്യമാണോ ആവോ?' ഞാന്‍ ചോദിച്ചു.

'ആളെകൊല്ലാനൊക്കെ ഇപ്പോള്‍ എളുപ്പമല്ലേ. കുറച്ച് ജ്യൂസ് കലക്കികൊടുത്താല്‍ പോരെ. ഇത് അതിനേക്കാള്‍ കടുപ്പമുള്ള കാര്യമാ'. സുനിത ചിരിച്ചു.

കുറേ നാളത്തെ ആലോചനയ്ക്കും സ്വപ്നം കാണലിനും ശേഷം സുനിത ഏതു ബിസിനസ് ആണ് തുടങ്ങേണ്ടതെന്ന് തീരുമാനിച്ചു. ഹോം സ്റ്റേ. അതിന് ഒരു പേരുവേണം. അതിന്റെ പ്രാണവേദനയോ പ്രസവവേദനയോ ആയിരുന്നു ഇത്രനേരവും കണ്ടത്. സുനിതയുടെ ആമാശയത്തില്‍ വരെയുള്ള പേര് സങ്കല്‍പ്പം ഭാര്യ താറുമാറാക്കിക്കഴിഞ്ഞിട്ടുണ്ടാകും എന്ന് എനിക്കുറപ്പായി.

' സര്‍ ഞാന്‍ കുറേ പേരുകളൊക്കെ കണ്ടുപിടിച്ചിട്ടാണ് വന്നത്. ഇവളോട് ഡിസ്‌കസ് ചെയ്തതോടെ ആകെ കണ്‍ഫ്യൂഷനായി. മകന്റെ പേരിടാമെന്നാണ് ഇവള്‍ പറയുന്നത്. ' സുനിത പറഞ്ഞു.

'നിവിന്‍ ഹോം സ്റ്റേ'. ഞാനുറക്കെ പറഞ്ഞു.

'കൊള്ളാമോ സര്‍.' സുനിത ചോദിച്ചു.

'തുടങ്ങുന്നത് ഒരു ലോഡ്ജാണെങ്കില്‍ ഇത് സൂപ്പറാ'-ഞാന്‍ പറഞ്ഞതും ഭാര്യയുടെ മുഖം ഇരുണ്ടു.

'ഒരു ബിസിനസ് തുടങ്ങുന്നത് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതുപോലാണ്, അതിനെ മക്കളെ പോലെ നോക്കി വളര്‍ത്തണം എന്നൊക്കെയല്ലേ നിങ്ങള്‍ എഴുതാറും പ്രസംഗിക്കാറുമുള്ളത്. എന്നിട്ടിപ്പോ. നിവിന്‍ എന്തുനല്ല പേരാണ്'-ഭാര്യയുടെ ദേഷ്യം അടങ്ങുന്നില്ല.

ഞാന്‍ ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കി. തമാശ പടം ഓടുകയാണ്. ഈ പറക്കും തളിക. ഞാനല്പം വോള്യം കൂട്ടി.
തന്റെ ഐഡന്റിറ്റി മറച്ചുവെച്ച് നാടോടിയുടെ വേഷത്തില്‍ താമരാക്ഷന്‍ പിള്ള എന്ന ബസില്‍ കയറിവന്ന പെണ്‍കുട്ടിയോടുള്ള തന്റെ പ്രണയം ഹരിശ്രീ അശോകനോട് ദിലീപ് വിവരിക്കുന്ന രംഗമാണ്

ദിലീപ്- സുന്ദരോ. ഒരു ബാങ്ക് തൊഴിലാളിയുടെ മകളെ ഒരു ബസ് മുതലാളി കല്ല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം.
ഹരിശ്രീ അശോകന്‍-ബാങ്ക് തൊഴിലാളിയെ മനസിലായി. പക്ഷേ ബസ് മുതലാളി....??
ദിലീപ്- മനസിലായില്ല അല്ലേ. ഞാന്‍ ഒരു ക്ലൂ തരാം. അമ്പാടിയിലുണ്ട്. കൈലാസത്തിലില്ല.
ഹരിശ്രീ അശോകന്‍- അമ്പാടിയിലുണ്ട്. കൈലാസത്തിലില്ല...ങാ മനസിലായി ബീഫ് ഫ്രൈ....
ദിലീപ് (ഞെട്ടുന്നു.) ബീഫ് ഫ്രൈയോ
ഹരിശ്രീ അശോകന്‍- അമ്പാടി ഹോട്ടലില്‍ ബീഫ് ഫ്രൈ ഉണ്ട്. കൈലാസം ഹോട്ടലില്‍ ഇല്ല. അത് വെജിറ്റേറിയനല്ലേ.-
ഇത് കണ്ട് എല്ലാവരും ചിരിച്ചു.

ഞാന്‍ പറഞ്ഞു. ' നമ്മുടെ സ്ഥാപനത്തിനോ ഉല്‍പ്പന്നത്തിനോ എന്തുപേരുവേണമെങ്കിലും ഇടാം. ദാക്ഷായണി ബിസ്‌ക്കറ്റ് എന്നോ നിവിന്‍ ഹോട്ടലെന്നോ അമ്പാടി ഹോട്ടലെന്നോ ഒക്കെ. ഒരു നല്ല പേര് തുടക്കത്തില്‍ ബിസിനസിന്റെയോ ബ്രാന്‍ഡിന്റെയോ വളര്‍ച്ചയ്ക്ക് വലുതായൊന്നും സഹായിക്കില്ല, പക്ഷേ പിന്നീട് വളര്‍ച്ചയുടെ പാതയിലെത്തിയാല്‍ കുതിച്ചുചാട്ടത്തിന് നല്ല പേര് തന്നെ വേണം. പേര് മോശം എങ്കില്‍ തുടക്കത്തിലും പിന്നീടും അത് വളര്‍ച്ചയ്ക്ക് ഒരുതടസം തന്നെയാകും.'

'അതൊക്കെ എല്ലാവര്‍ക്കും അറിയാം. ഈ നല്ല പേരും മോശം പേരും എന്നുവെച്ചാല്‍ എന്താണ് എന്ന് പറയണം. അതല്ലേ അറിയേണ്ടത്' ഭാര്യയുടെ ദേഷ്യം ഇപ്പോഴും അടങ്ങിയിട്ടില്ല.

അതൊക്കെ പറയാം. പക്ഷേ ആദ്യം ഭക്ഷണം കഴിക്കാം. നേരെ കുറേ ആയില്ല. ഞാന്‍ അവരെ തീന്‍മേശയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു 'കേള്‍ക്കാന്‍ ഇഷ്ടമുള്ളതോ നമുക്ക് പ്രത്യേകം താല്‍പ്പര്യമുള്ളതോ മാത്രമാകരുത് ബിസിനസിനോ ബ്രാന്‍ഡിനോ പേരിടുമ്പോള്‍ മാനദണ്ഡമാക്കേണ്ടത്. രാമചന്ദ്രന്‍ തുള്ളി നീലം ആദ്യമായി വിപണിയിലിറക്കിയപ്പോള്‍ അതിന് പേരിട്ടത് ഉജാല എന്നാണ്. വസ്ത്രങ്ങള്‍ക്ക് വെണ്മ നല്‍കുന്ന ഉല്‍പ്പന്നമായതുകൊണ്ടാണ് വെളിച്ചം എന്നര്‍ത്ഥം വരുന്ന ഉജാല എന്ന പേര് തന്നെ തിരഞ്ഞെടുത്തത്. മലയാളികള്‍ അത്തരമൊരു പേര് ഇതിനുമുമ്പ് കേട്ടിട്ടുപോലുമില്ലായിരുന്നു. എന്നുവെച്ച് ബ്രാന്‍ഡ് നെയിം ഇതുവരെ ആരും കേട്ടിട്ടില്ലാത്തത് ആയിരിക്കണം എന്നൊന്നുമില്ല. മോഹനന്‍ തന്റെ ഇലക്ട്രോണിക് കൊതുകുനാശിനിക്ക് ഗുഡ് നൈറ്റ് എന്നാണ് പേരിട്ടത്. കൊതുകു കടി മൂലം ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് ഗുഡ് നൈറ്റ് ഉറപ്പാക്കുന്ന തന്റെ ഉല്‍പ്പന്നം നല്‍കുന്ന സേവനത്തെ സൂചിപ്പിക്കാന്‍ ഇതിലും ഉചിതമായ വേറെന്താണ് പേര്. വോള്‍ട്ടേജ് വ്യതിയാനത്തില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള ഒരുല്‍പ്പന്നം ഉണ്ടാക്കിയപ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അതിനിട്ട് പേര് വീ ഗാര്‍ഡ് എന്നാണ്. ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങൂ, നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം തരാം എന്ന് പേര് തന്നെ സൂചിപ്പിക്കുന്നു. എത്ര അന്വര്‍ത്ഥമായ പേര്. എന്നാല്‍ മലയാളികളെ പതപ്പിച്ച് കുളിപ്പിച്ച സോപ്പ് ബ്രാന്‍ഡുകളായ രാധാസ്, ചന്ദ്രിക എന്നിവയ്ക്ക് അങ്ങനെ പ്രത്യേകിച്ച് അര്‍ത്ഥങ്ങളൊന്നുമില്ല. കേള്‍ക്കാന്‍ ഇമ്പമുള്ള രണ്ട് പേരുകള്‍ മാത്രം. ഉജാലയ്ക്ക് രാധാസ് എന്നും വീ ഗാര്‍ഡിന് ചന്ദ്രിക എന്നും പേര് സങ്കല്‍പ്പിച്ചുനോക്കൂ.' ഞാന്‍ പറഞ്ഞു നിര്‍ത്തി.

' അയ്യോ. അങ്ങനെ സങ്കല്‍പ്പിക്കാനേ പറ്റുന്നില്ല.' സുനിത പറഞ്ഞു.

ഞാന്‍ സുനിതയോട് ചോദിച്ചു. 'ഹോംസ്റ്റേ എന്നുപറയുമ്പോള്‍ ഏതുതരം തമാസക്കാരെയാണ് പ്രധാനമായും ലക്ഷമിടുന്നത്. ഡൊമസ്റ്റിക് ട്രാവലേഴ്സിനെയാണോ അതോ നോര്‍ത്തിന്ത്യന്‍, ഫോറിന്‍ യാത്രക്കാരെയാണോ?'

'അങ്ങനെയൊന്നും ആലോചിച്ചിട്ടല്ല. സര്‍. ആരുവന്നാലും സന്തോഷം'

ഈ മീന്‍ കറിക്ക് ഉപ്പുകൂടതലാണല്ലോ. ചിക്കന്‍ ഫ്രൈയിലാകട്ടെ മസാല പിടിച്ചിട്ടുമില്ല. ഭാര്യ പറഞ്ഞു. ഞാന്‍ അവളെ ഒന്നുനോക്കി. നന്നായി ആസ്വദിച്ചുകഴിച്ചുകൊണ്ട് കുറ്റം പറയുകയാണ്. ഏതുനേരത്താണോ നിവിന്‍ ഹോംസ്റ്റേ എന്ന പേരിനെ കളിയാക്കാന്‍ തോന്നിയത്.

ഞാന്‍ സുനിതയോടു പറഞ്ഞു-'നമ്മുടെ കസ്റ്റമേഴ്സ് ആരൊക്കെ ആയിരിക്കണം എന്ന വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. ഉചിതമായ പേര് സെലക്ട് ചെയ്യാന്‍ അത്യാവശ്യമാണ്.'

' എന്റെ വീട് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്താണ്. അവിടെ ധാരാളം വിദേശികളും ഉത്തരേന്ത്യക്കാരുമൊക്കെ വരുന്നുണ്ട്. അവിടെ നല്ല ത്രീ സ്റ്റാര്‍ ഹോട്ടലൊക്കെയുണ്ട്. ഹോട്ടലില്‍ താമിസിക്കുന്ന ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാം എന്ന പ്രതീക്ഷയിലാണ് ഇത് തുടങ്ങുന്നത്. തൊട്ടടുത്ത് കുറച്ച് ബന്ധുക്കളും തമാസിക്കുന്നുണ്ട്. ഇതൊന്ന് പച്ച പിടിച്ചാല്‍ അവരുടെ വീടുകളിലും സൗകര്യമൊരുക്കി ഒരു ഹോം സ്റ്റേ ചെയിന്‍ ആണ് മനസില്‍ ലക്ഷ്യം. ഒരു പേരൊക്കെ ആയാല്‍ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും ഇതുപോലെ ഹോം സ്റ്റേ തുടങ്ങണം എന്നതാണ് അന്ത്യാഭിലാഷം.' സുനിത പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

'ഉത്തരേന്ത്യക്കാരെയും വിദേശികളെയും കൂടി ലക്ഷ്യമിടുന്നുണ്ട് എങ്കില്‍ പേര് തിരഞ്ഞെടുക്കുന്നതില്‍ ചില മാനണ്ഡങ്ങള്‍ കര്‍ശനമായിതന്നെ പാലിക്കുന്നത് നല്ലതാണ്. മറ്റുഭാഷക്കാര്‍ക്ക് കൂടി ഉച്ചരിക്കാന്‍ എളുപ്പമുള്ളതാവണം പേര്. ആ പേരിലൂടെ ഇവിടെ നിന്ന് ലഭിക്കാവുന്ന എക്സ്പീരിയന്‍സിനെക്കുറിച്ചും സര്‍വീസിനെക്കുറിച്ച് ഒരു ധാരണ ലഭിക്കണം. കടല്‍ തീരത്തുള്ള ഹോട്ടലുകള്‍ക്ക് സീ വ്യൂ, സീ ലോര്‍ഡ് തുടങ്ങിയ പേരുകള്‍ വരുന്നത് അങ്ങനെയാണ്. നദീ തീരത്തുള്ള ഹോട്ടലുകളുടെ പേരുകള്‍ ശ്രദ്ധിച്ചിട്ടില്ലേ. റിവര്‍ വ്യൂ, റിവര്‍ ലാന്‍ഡ്, റിവര്‍ പാലസ് എന്നൊക്ക ആളുകള്‍ പേരിടുന്നത് അതുകൊണ്ടാണ്. ഇനി മലമ്പ്രദേശത്തുള്ള ഹോട്ടലുകളാണെങ്കില്‍ ഹില്‍ പാലസ്, മൗണ്ട് ഹൊറൈസണ്‍, ഹില്‍ ടോപ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള ഹോട്ടലുകളെ പേരുകളെല്ലാം ഏതെങ്കിലും ദൈവങ്ങളുടെ പേരിലുള്ളതായിരിക്കും.

ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗ് ആണല്ലോ കൂടുതലും. അപ്പോള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്ന പേരില്‍ നിന്നുതന്നെ സ്ഥലത്തിന്റെ ആംബിയന്‍സ് നല്‍കാന്‍ കഴിയുന്നത് നല്ലതാണ്. പേരില്‍ നിന്നുതന്നെ ഹോട്ടിലിന്റെ ഏറ്റവും വലിയ സവിശേഷത വെളിപ്പെടുമെങ്കില്‍ അതിലും നല്ല പരസ്യം വേറെയില്ല. കേരളത്തിലെ പ്രശസ്തമായ ഹോട്ടലാണ് കാസിനൊ ഹോട്ടല്‍. വിദേശത്തൊക്കെ നല്ല പേര് കേട്ട് വളര്‍ന്ന് തുടങ്ങിയപ്പോള്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് പേര് തടസമായി. കാസിനൊ എന്ന് പേരിലുള്ളതുകൊണ്ട് ഹോട്ടലില്‍ ചൂതാട്ടവും മറ്റും ഉണ്ടാകുമെന്ന ഒരു ധാരണ പടര്‍ന്നു. കുടംബങ്ങള്‍ ഹോട്ടലില്‍ വരാന്‍ മടികാണിച്ചു. പേര് തന്നെ ഒടുവില്‍ മാറ്റിയാണ് ഹോട്ടല്‍ വളര്‍ച്ചയുടെ മുന്‍നിരയില്‍ എത്തിയത്. കാസിനൊ ഹോട്ടില്‍ എന്നത് കാസിനൊ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ എന്നാക്കി വികസിപ്പിച്ചശേഷം അത് സി.ജി.എച്ച് എര്‍ത്ത് എന്ന് ചുരുക്കി.'

ഞാന്‍ പറഞ്ഞുനിര്‍ത്തി ഭാര്യയെ നോക്കി. അവളുടെ മുഖത്ത് പ്രകാശം പരക്കുന്നത് ഞാന്‍ കണ്ടു. നല്ല ആശയങ്ങള്‍ ആ തലയില്‍ ഉരുത്തിരിയുന്നതായി എനിക്ക് മനസിലായി. ഞാന്‍ സുനതിയേയും നോക്കി. അതേവരെയുള്ള ശൂന്യതയും ആശയക്കുഴപ്പവുമൊക്കെ മാറിയ മുഖം.

'ഇനി ഞങ്ങള്‍ ആലോചിച്ച് തകര്‍പ്പനൊരു പേര് കണ്ടെത്തിക്കൊള്ളാം സര്‍.' സുനിത പറഞ്ഞു.

'നല്ലത്. ഒരു കാര്യം കൂടി. എന്തായിരിക്കും ഈ ഹോംസ്റ്റേയുടെ യുണീക്ക്നെസ്.' ഞാന്‍ ചോദിച്ചു.

സുനിത അതേവരെ ഇല്ലാത്ത രീതിയില്‍ അതിവാചാലയായി- 'അതുപിന്നെ സര്‍ ഫുഡ് തന്നെ. നാടനോ ഫോറിനൊ, കോണ്ടിനെന്റലോ, സൗത്തോ, ചൈനീസോ, കൊറിയനോ എന്തുചോദിച്ചാലും റെഡി. അതും നല്ല കിടുക്കാച്ചി രുചിയില്‍.'

കൊറിയനോ? ഞാന്‍ അമ്പരന്നു.

' അതുപിന്നെ ബി.റ്റി.എസ് ഒക്കെ വന്നതോടെ പിള്ളേര്‍ക്കിപ്പോ എല്ലാം കൊറിയന്‍ മതി. കൊറിയന്‍ ഭാഷ വരെ പഠിക്കുന്നു.' മറുപടി പറഞ്ഞത് ഭാര്യയാണ്. ഇതു കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു. എപ്പോഴും ഫോണും കൊണ്ട് പാട്ടും കേട്ട് നടക്കുന്നു എന്ന് പറഞ്ഞ് മോളെ വഴക്കിടുന്ന ഇവളും ബി.റ്റി.എസ് ആര്‍മിയായോ.?

' തുടക്കത്തില്‍ ഇത്രയും വൈവിധ്യമാര്‍ന്ന മെനു കീപ്പ് ചെയ്യാന്‍ കുക്കിനെ വേണ്ടിവരില്ലേ?'. ഞാന്‍ നെറ്റിചുളിച്ചു.

'എന്തിന് കുക്ക് സര്‍. എന്റെ പാഷനല്ലേ കുക്കിംഗ്. ഞാനതില്‍ ഒരു വലിയ സംഭവമല്ലേ സര്‍. ഈ ഹോട്ടല്‍ ബിസിനസിനെക്കുറിച്ച് എനിക്ക് ഒരു ചുക്കുമറിയില്ല. പക്ഷേ ഫുഡിലുള്ള എന്റെ കഴിവ് മാത്രമാണ് എന്റെ കൈമുതലും മുടക്കുമുതലും. അതുകൊണ്ട് മിന്നിക്കാമെന്നാണ് എന്റെ പ്രതീക്ഷ. ആളുകളുടെ വയറും മനസും ഒരു പോലെ നിറയക്കാന്‍ കഴിയുന്ന ഏക സംഭവമാണ് സര്‍ ഫുഡ്.' സുനിത നിര്‍ത്തുന്നേയില്ല. ഭാര്യ ഇടയില്‍ കയറി.

'ഭക്ഷണം ഉണ്ടാക്കി നശിപ്പിക്കാന്‍ മാത്രമറിയുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ സുനിതേ'. ഭാര്യ കുത്തുവാക്ക് ഒഴിവാക്കി ട്രോളിലേക്ക് കടന്നു.

'ഏയ് സാറിന്റെ ചിക്കന്‍ ഫ്രൈ ഒരു രക്ഷയുമില്ല. പൊളിയാണ്. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കാതെ ചതച്ചിട്ടുണ്ട്. അല്‍പ്പം കുരുമുളക് പൊടിയും. ചതച്ച് പൊടിച്ച ഉണക്ക മുളക്. വേറെ രണ്ട് ചേരുവകള്‍കൂടി ചേര്‍ത്തിട്ടുണ്ട്. അതെന്താണ് എന്ന് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഇതിന്റെ റസീപി തരണേ സാര്‍. ഒരു നല്ല പേരുമിട്ട് ഞാനിതിനെ സ്റ്റാറാക്കിത്തരാം.' സുനിതയുടെ ആവേശം കെട്ടടങ്ങുന്നേയില്ല.

പ്ലേറ്റിലെ അവസാന കഷണം ചിക്കനും കയ്യിലെടുത്ത് ഭാര്യ പറഞ്ഞു-'എന്തിനാ മോളെ ഇതൊക്കെ വിളമ്പി നിന്റെ ഹോട്ടല് പൂട്ടിക്കുന്നെ.'

ഞാന്‍ പ്ലേറ്റുകളെല്ലാം എടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.


(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കോ ഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്.)

Content Highlights: entrepreneurship and first lesson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented