എൽ കൊളാച്ചോ ആഘോഷത്തിനിടെ കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നു. കടപ്പാട്:ഗെറ്റി ഇമേജസ്
ഒരു ദിവസം മുതല്‍ ഒരു വയസ്സുവരെയുള്ള പൊടിക്കുഞ്ഞുങ്ങളാണ് താരങ്ങൾ. കണ്ണു തുറന്ന് കാണുന്നതൊക്കെ പുതിയ കാഴ്ചയാണവര്‍ക്ക്. സ്‌പെയിനിലെ കൊച്ചുനഗരമായ കാസ്ട്രിലോയ്ക്ക് കുഞ്ഞുങ്ങളെ കുറിച്ചൊരു രസകരമായ കഥ പറയാനുണ്ട്. അമ്മയോട് ചേര്‍ന്നുനിന്ന് പുതിയ ലോകത്തേക്ക് നോക്കുന്നതിന് മുമ്പേ ഇവര്‍ക്ക് ചില പരീക്ഷണങ്ങള്‍ നേരിടേണ്ടതുണ്ട്. അതാണ് എല്‍കൊളാച്ചോ അല്ലെങ്കില്‍ ബേബി ജംബിഗ് ആഘോഷം. കുഞ്ഞുങ്ങളെ നിലത്ത് കിടത്തി തലയ്ക്ക് മുകളിലൂടെ ഒരു വലിയ മനുഷ്യന്‍ ചാടിച്ചാടി പോവും. ഞെട്ടണ്ട സ്‌പെയിനിലെ ഈ വിചിത്രാഘോഷമാണ് എല്‍കൊളാച്ചോ. ഇതിന്റ പിന്നാമ്പുറ കഥ പറയുകയാണ് ഫെസ്റ്റോ സ്‌റ്റോറിയെന്ന പംക്തിയിലൂടെ.

പിറന്നുവീണ കുഞ്ഞിനെ ആദിപാപത്തില്‍നിന്ന് മോചിപ്പിക്കുകയെന്നതാണ് എല്‍കൊളാച്ചോ ആഘോഷത്തിന്റെ ലക്ഷ്യം. സ്‌പെയിനില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്നെ തുടങ്ങിയെന്ന് വിശ്വസിക്കുന്ന ആഘോഷം ഇപ്പോഴും എല്ലാ വര്‍ഷവും തുടരുന്നുണ്ട്. സ്‌പെയിനിലെ കാസ്ട്രിലോ ലെ മുര്‍ഷ്യ എന്ന കുഞ്ഞുപട്ടണത്തിലാണ് ജൂണ്‍ മാസം 23-ാം തീയതി ഈ ആഘോഷം ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പേരില്‍ നടക്കുന്നത്. കൃത്യമായി പറയുന്നില്ലെങ്കിലും ക്രിസ്തുവർഷം 1620 മുതലുള്ള ആഘോഷമെന്നാണ് പറയപ്പെടുന്നത്. അന്നുമുതല്‍ തുടര്‍ന്ന് വരുന്ന ഈ ആഘോഷത്തില്‍ ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ അവകാശപ്പെടുന്നു.

ഒരു വയസ്സു തികയാത്ത കുട്ടികളെയാണ് ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നത്. കിടക്കയോ മറ്റോ നിലത്ത് വിരിച്ച് വീടിന് മുന്നില്‍ തെരുവോരത്ത് കുട്ടികളെ നിരത്തിക്കിടത്തുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം മഞ്ഞയും ചുവപ്പും വേഷമിട്ട് (പിശാചിന്റെ വേഷം) മുഖംമൂടി ധരിച്ച ഒരാള്‍ ഇവര്‍ക്ക് മുകളിലൂടെ ചാടിച്ചാടി പോവും. കാണികള്‍ ആര്‍ത്ത് വിളിക്കും. 'പിശാചി'നെ തെറി വിളിക്കുകയും പരഹിസിക്കുകയും ചെയ്യും. ഇതിലൂടെ കുഞ്ഞുങ്ങളില്‍ ഉണ്ടായിട്ടുള്ള പാപങ്ങൾ കഴുകിക്കളയാനാവുമെന്നാണ് വിശ്വാസം. കാത്തലിക് ബ്രദര്‍ഹുഡ് ഓഫ് ദ ബ്ലസ്ഡ് സക്കാര്‍മെന്റ് ഓഫ് മിനര്‍വയാണ് എല്ലാ വര്‍ഷവും ഈ ആഘോഷം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം.
ഏദന്‍ തോട്ടത്തില്‍വെച്ച് ആദവും ഹവ്വയും ദൈവകല്‍പ്പന നിരസിച്ചതിന്റെ ഫലമായിട്ടാണ് ഓരോ മനുഷ്യനും ഗര്‍ഭം ധരിക്കുന്നതെന്നാണ് അവിടത്തുകാരുടെ വിശ്വാസം. അന്നു ചെയ്ത പാപം എല്‍കൊളാച്ചോയിലൂടെ കഴുകിക്കളയാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശേഷം പനിനീര്‍ തളിച്ച് പുരോഹിതര്‍ അനുഗ്രഹിക്കുകയും ചെയ്യും. പ്രാകൃത ആഘോഷമെന്ന രീതിയില്‍ ഇതിനോട് മുതിര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരാണെന്നതിനാല്‍ പ്രാദേശിക പുരോഹിതരോട് ഇതില്‍നിന്നു വിട്ടുനില്‍ക്കാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞു ജനിച്ചാല്‍ മാമോദീസ നടത്തുകയെന്നതാണ് ക്രിസ്ത്യന്‍ വിശ്വാസപ്രകാരം പരമ്പരാഗതമായി ചെയ്തുപോവുന്നത്. ഇതിന് വിരുദ്ധമായിട്ടാണ് ഒരു വിഭാഗം കുഞ്ഞുങ്ങളെ നിലത്ത് കിടത്തി തലയ്ക്ക് മുകളിലൂടെ 'സാത്താനെ' ചാടിച്ച് പനിനീര്‍ തളിക്കുന്നത്. നാല് നൂറ്റാണ്ടിലേറെയായി നടന്നുപോവുന്ന പരമ്പരാഗത ആഘോഷത്തെ ഒഴിവാക്കാനാവിലെന്നാണ് മുതിര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതരുടെ എതിര്‍പ്പിന് മറുപടിയായി ഇവിടേയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ വര്‍ഷവും ജൂണ്‍ മാസം 23-നാണ് കാസ്ട്രിലോ ഡെ മുര്‍ഷ്യ എന്ന സ്‌പെയിനിലെ നഗരത്തില്‍ ആഘോഷം നടക്കുന്നത്. ഇതിനായി തെരുവോരത്ത് ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടുന്നത്.
കാസ്ട്രിലോ ഡെ മുര്‍ഷ്യയില്‍ ഒതുങ്ങി നിന്നതായിരുന്നു ഈ ആഘോഷമെങ്കില്‍ കഴിഞ്ഞ കുറേക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആഘോഷത്തിന്റെ ഭാഗമാവാന്‍ ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്. ഇതോടെ ഇതൊരു പ്രധാന ടൂറിസ്റ്റ് ആഘോഷവുമായി മാറി. രാവിലെ ആറ് മണി മുതലാണ് ആഘോഷം നടക്കുക. ഇതിന് മുന്‍പേ ആളുകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ വെള്ളത്തുണികള്‍ തൂക്കിയിടും. തുടര്‍ന്നാണ് റോസാപൂക്കള്‍ വിതറിയ കിടക്കയില്‍ കുട്ടികളെ നിലത്ത് കിടക്കുക. ഓരോ കിടക്കയിലും ഒരേസമയം മൂന്നും നാലും കുട്ടികളുണ്ടാവും. അല്‍പ്പം സ്ഥലം വിട്ടതിന് ശേഷം അടുത്ത കിടക്ക വിരിക്കും. ഇങ്ങനെ നിരനിരയായിട്ടാണ് കുട്ടികളെ കിടത്തുക. ഇതിന് മുകളിലൂടെയാവും ഹര്‍ഡില്‍സ് മത്സരാര്‍ഥിയെ പോലെ പ്രത്യേകം വേഷം ധരിച്ചയാള്‍ ചാടിക്കടക്കുന്നത്.

കുട്ടികള്‍ക്ക് മുകളിലൂടെ ചാടിയ ശേഷം പിന്നെ സ്ഥലത്തെ യുവതി യുവാക്കളുടെ പിറകേയും വേഷധാരി ചാട്ടവാറുമായി ഓടും. പിശാചിനെ കളിയാക്കുകയും പരഹസിക്കുകയും ചെയ്ത് പ്രകോപിപ്പിക്കുകയാണ് യുവജനങ്ങളുടെ ജോലി. ഇങ്ങനെ 'പിശാചി'നെ പ്രകോപിപ്പിച്ച് സ്ഥലത്തുനിന്ന് ഓടിക്കുകയാണ് ചെയ്യുന്നത്. ബാന്‍ഡ് മേളത്തോടൊപ്പം പാട്ടുപാടി വലിയ ജനക്കൂട്ടം നടത്തുന്ന ഘോഷയാത്രയും ഇതിനൊപ്പമുണ്ടാവും. കാസ്ട്രിലോ നഗരത്തിലോ അല്ലെങ്കില്‍ സമീപ പ്രദേശത്തോ ജനിച്ച കുട്ടികളെ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ക്കും എത്താമെങ്കിലും അവര്‍ കാഴ്ചക്കാര്‍ മാത്രമാവും. നാനൂറ് വര്‍ഷത്തിലേറെയായുള്ള ആഘോഷ ചരിത്രത്തില്‍ ഇതുവരെ ഒരു കുട്ടിക്ക് പോലും ആഘോഷത്തിനിടെ അപകടമുണ്ടായിട്ടില്ലെന്നാണ് കാസ്ട്രിലോ നിവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഏറെ അപകടം നിറഞ്ഞ ഈ ആഘോഷത്തിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് കാസ്ട്രിലോ നിവാസികളും സംഘാടകരും നടത്തുന്നത്. സാത്താനായി വേഷം കെട്ടുന്നയാള്‍ മാസങ്ങളോളം പരിശീലനം നടത്തും. മദ്യപാനവും പുകവലിയും ഈ സമയങ്ങളില്‍ ഉപേക്ഷിക്കും.
Content Highlights: El Colacho or Baby Jumbing Festival In Spain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..