എച്ച്മുകുട്ടി
ഞാന്‍ ഇരുപത് വയസ്സില്‍ പ്രസവിച്ചവളാണ്. പക്ഷേ, അതിനു ശേഷം ഗര്‍ഭം അലസലോ പ്രസവമോ ഒന്നും എനിക്കുണ്ടായിട്ടില്ല. ഗര്‍ഭം ധരിക്കാതിരുന്നത് എന്റെ ഗര്ഭപാത്രത്തിന് ശുദ്ധി ഇല്ലാത്തതു കൊണ്ടാണെന്ന ആരോപണം ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഒരിക്കല്‍ പ്രസവിച്ചെങ്കിലും നപുംസകം എന്ന വിളിയും എനിക്ക് ധാരാളമായി ലഭിച്ചിട്ടുണ്ട്.
എത്രമാത്രം വികാരങ്ങള്‍ ചവുട്ടി മെതിക്കപ്പെട്ടുവോ എത്രമാത്രം അപമാനം സഹിക്കേണ്ടി വന്നുവോ എത്രമാത്രം ചീത്തപ്പേരുകള്‍ കിട്ടിയോ എത്രമാത്രം ചതിക്കപ്പെട്ടുവോ അതിനോടെല്ലാം കാലക്രമേണ ഞാന്‍ നിസ്സംഗയായി. എന്നെ ആരെന്തു പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ലെന്ന മട്ടില്‍ ജീവിക്കാന്‍ ഞാന്‍ പരിശീലിച്ചു.
അത് എളുപ്പത്തില്‍ നടന്ന ഒരു കാര്യമൊന്നുമായിരുന്നില്ല.യഥാര്‍ഥ ത്തില്‍ നിത്യവും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണത്. വളരെ അടുത്തവര്‍ എന്നു ഞാന്‍ കരുതുന്നവര്‍ പോലും എന്നെ ചതിച്ചു തോല്പിക്കുമ്പോള് അല്പം അധികം സമയമെടുത്തു മാത്രമേ അതുസാരമില്ലെന്ന് വെയ്ക്കാന്‍ എനിക്ക് ഇപ്പോഴും കഴിയാറുള്ളൂ.
കഷ്ടപ്പെട്ടിട്ടായാലും ഇത്തരം മാനസികമായ പരിവര്ത്തനപ്പെടലിന് എന്നെ സഹായിച്ചവര്‍ ഇന്ത്യയിലെ വേരുകളില്ലാത്ത ദരിദ്രരായ പലതരം കെട്ടിടം പണിക്കാരാണ്. കരിങ്കല്ല് പണിയും ഇഷ്ടികപ്പണിയും ആശാരിപ്പണിയും ചെയ്യുന്നവര്‍, കല്ലും സ്ലേറ്റും വിരിക്കുന്നവര്‍, പ്ലംബ്ബിങ്ങും ഇലക്ട്രിക്കല്‍ വര്‍ക്കും വെല്‍ഡിംഗും ചെയ്യുന്നവര്‍....
കെട്ടിടം പണിയിക്കുന്ന ഒരാള്‍ പോലും പരാതി പറയാതിരിക്കില്ല, പെണ്ണുങ്ങള് ആണുങ്ങള്‍ക്കൊപ്പം പണിയുന്നില്ലെന്ന്...പെണ്ണുങ്ങള്‍ക്ക് കൂലി അധികമാണെന്ന്..
അങ്ങനെ ഒരിക്കലാണ് ആണാ മാറിയോളെ ഞാന്‍ കണ്ടത്.
മുക്കാല്‍ കാലുറ, വട്ടക്കഴുത്തുള്ള ബനിയന്, കറുത്ത ഷര്‍ട്ട്, അഴുക്കുള്ള നന്നേ വില കുറഞ്ഞ പ്ളാസ്റ്റിക് ഷൂസ്. വലത്തേ കൈയില്‍ സര്ദാര്ജിമാര് ഇടുന്നതു പോലേയുള്ള ലോഹവള. പറ്റെവെട്ടിയ മുടി...ഇത്തരത്തില്‍ ഒരു പണിക്കാരന് ഉണ്ടായിരുന്നു. ഒരു വിധം നല്ല മസിലുള്ള ആള്. കനത്ത കരിങ്കല്ല് ഒക്കെ ചുമ്മാ പൊക്കും. സിമന്റ് ചാക്ക് പുല്ലു പോലെ എടുക്കും. കൈയിലെയും കഴുത്തിലേയും ഞരമ്പുകള്‍ പിടച്ച് നില്ക്കുന്ന കാണാം. കാലിലെ കാഫ് മസിലുകള്‍ ഒരു അത് ലറ്റിനെ പോലെയാണ്. നടത്തയൊക്കെ ഒത്ത പുരുഷന്റെ ഉറച്ച കാല്‍വെപ്പുകളോടെ..
ആ പണിക്കാരന് ഒരു മോളുണ്ട്. ആ പെണ്‍കുട്ടി ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുന്നു.
ഞാന്‍ തനിച്ചാണെന്നും ഭര്‍ത്താവും കുഞ്ഞുകുട്ടി പരാധീനതകളും ഇല്ലെന്നും വര്ക്സൈറ്റിലെ പണിക്കാര് അറിയാന്‍ വലിയ താമസമൊന്നും ഒരു കാലത്തും ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ അങ്ങനെയാണല്ലോ. ഒറ്റയായ പെണ്ണിനെ എല്ലാവരും വേഗം അറിയും. ഭര്‍ത്താവും കുട്ടീമില്ലാത്ത പെണ്ണിന് എന്തുപണിയാണ് വീട്ടിലുള്ളത്?
അങ്ങനെ ചില പണിക്കാരുടെ കുഞ്ഞുമക്കളെ ഞാന്‍ പഠിപ്പിക്കേണ്ട സാഹചര്യം വന്നിരുന്നു. ഒറ്റയ്ക്ക് ഇരിക്കുന്നതിലും ഭേദമല്ലേ... ടീച്ചര്‍ കളിക്കുന്നത്. അങ്ങനെ ഞാന്‍ കുഞ്ഞുങ്ങളേയും പൂച്ചകളേയും പട്ടികളേയും ഒക്കെ പഠിപ്പിച്ചു തുടങ്ങി. കുട്ടികള്‍ നല്ല മിടുക്കുള്ളവരായിരുന്നു. അവര്‍ക്കു വേണ്ടി ഹിന്ദി എഴുതല്‍, ഹിന്ദിയില്‍ എണ്ണല്‍ ഒക്കെ ഞാന്‍ വേഗത്തില്‍ ശീലമാക്കി.
അങ്ങനെയുള്ള എന്റെ പഠനക്ളാസ്സിലേക്കാണ് ആ പണിക്കാരനും മോളും വന്നത്. മോള് ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. ടീച്ചറായ ഞാന്‍ 'ഇസെപ്ശലായിറ്റ് പടിപ്പിക്കണം'. ഞാന്‍ സമ്മതിച്ചു.
മോള് മിടുക്കിയായിരുന്നു. രാത്രി ഒമ്പത് മണിക്ക് ക്ളാസ്സ് കഴിഞ്ഞു പോവാറാവുമ്പോഴേക്കും മോളുടെ അച്ഛന് വരും. അവര്‍ ഒരുമിച്ചേ പോവൂ. പിന്നെ മീന്‍വറുത്ത് വിൽക്കുന്ന സര്ദാര്ജിക്കടയുടെ മുന്നിലും കബാബ് വിൽക്കുന്ന കരീമിന്റെ കടയുടെ മുന്നിലും അച്ഛനേയും മോളേയും കാണാറുണ്ട്. എപ്പോഴും സന്തോഷമായി ചിരിച്ചു കളിച്ചാണ് അച്ഛനും മോളും വഴി നടക്കുന്നുണ്ടാവുക.
നന്നായി പഠിക്കുന്ന മോളുമായി ഞാന്‍ വേഗം അടുത്തു. മദ്രാസി മാഡം, സൗത്തിന്ത്യന്‍ തുടങ്ങിയ സാധാരണ ഉത്തരേന്ത്യക്കാരുടെ സംബോധനകളൊന്നും അച്ഛനും മോള്‍ക്കും ഉണ്ടായിരുന്നില്ല. ഞാന്‍ എന്നെ അല്പമെങ്കിലും സ്വന്തമായി പരിഗണിക്കുന്നുവെന്ന് തോന്നുന്നവരുമായി വളരേ വേഗം അടുപ്പത്തിലാവും. ഇവിടേയും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.
അങ്ങനെയാണ് ഒരു പാതിരയ്ക്ക് അച്ഛനേയും മോളേയും ആശുപത്രിയില്‍ കൊണ്ടു പോവേണ്ട ഒരു ആവശ്യം വന്നുചേര്‍ന്നത്. സൈറ്റിനപ്പുറത്തെ ചേരിയില്‍ പാര്‍ത്തിരുന്ന അവരുടെ വീട്ടില്‍ നിന്ന് മോള് ഓടി വന്ന് പറയുകയായിരുന്നു. അച്ഛന്റെ വയറ്റില്‍ നിന്ന് ഒരുപാട് രക്തം പോകുന്നുവെന്ന്....
കേട്ടപാതി അടുത്ത മുറിയിലുണ്ടായിരുന്ന ഒരു തമിഴന് സിവില്‍ എന്‍ജിനീയറേയും കൂട്ടി ഓട്ടോറിക്ഷ വിളിച്ചു അച്ഛനേയും മോളേയും അടുത്തിരുത്തി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പാഞ്ഞു ചെന്നു. ഓട്ടോറിക്ഷയുടെ കുടുക്കത്തിലും വീശിയടിച്ചിരുന്ന തണുത്തകാറ്റിനുമുള്ളില് പല്ലുകള്‍ക്കിടയില്‍ ഒതുക്കിയ ഒരു ശബ്ദം ഞാന്‍ കേട്ടെന്ന് തോന്നി. 'മമ്മീ, ആപ് പെഹ് ലേ കി തരാ ഇസ് ബാര്‍ ഭി ഠീക് ഹോജാവോഗി.'
ഞാന്‍ തല തിരിച്ചു നോക്കിയപ്പോള്‍ മകള്‍ അച്ഛന്റെ തോളില്‍ തല ചായിച്ച് ഇരിക്കുകയാണ്... മോള് പാതിയുറക്കത്തിലാണെന്ന് എനിക്ക് മനസ്സിലായി.
ആശുപത്രിയില്‍ ചെന്ന് തമിഴന് സിവില്‍ എന്‍ജിനീയര്‍ അച്ഛനേയും കൂട്ടി അകത്തേക്ക് പോയി. അച്ഛനെ കാഷ്വാലിറ്റിയില്‍ കിടത്തി. ഞാനും മോളും പുറത്തു നിന്നു.
സിവില്‍ എന്‍ജിനീയര്‍ക്ക് ഹിന്ദി അറിയില്ല. കാച്ചടാ പൂച്ചടാന്ന് പറയാനേ പറ്റൂ. മോള് അതും പറഞ്ഞ് എന്നേം കൂട്ടി കാഷ്വാലിറ്റിയില്‍ കിടക്കുന്ന അച്ഛന്റെ അടുക്കെ ചെന്നുനിന്നു.
വന്ന ഡോക്ടര്‍ ആകട്ടേ, ഇംഗ്ലീഷില്‍ കടുക് വറുക്കുന്ന ഒരു ആള്. ഞാനും സിവില്‍ എന്‍ജിനീയറും കൂടി മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആംഗ്യത്തിലും ഡോക്ടറോട് സംസാരിച്ചു.
അതിനിടെ രോഗിയും എന്തോ പറയുന്നുണ്ടായിരുന്നു. ആ ഡോക്ടര്‍ പോയി... പിന്നെ വന്നത് തലമുടി ബോബ് ചെയ്ത ഒരു ലേഡീ ഡോക്ടര്‍ ആണ്. അവര്‍ സിവില്‍ എന്‍ജിനീയറോട് പുറത്തു പോവാന്‍ പറഞ്ഞു. രോഗിക്കു ചുറ്റും പച്ചക്കര്ട്ടനിട്ട ഫ്രെയിം വലിച്ചു വെച്ചു.
അപ്പോള്‍ എന്റെ ചെവിയില്‍ എങ്ങുനിന്നെന്നറിയാതേആ മന്ത്രണം പിന്നേയും ഉയര്‍ന്നു 'മമ്മീ, ആപ് പെഹ് ലേ കി തരാ ഇസ് ബാര്‍ ഭി ഠീക് ഹോജാവോഗി.' അതോടെ ആ മോളുടെ അച്ഛനല്ല അമ്മയാണതെന്ന് എനിക്കൊരു വെളിപാടുണ്ടായി.
ഞാന്‍ മോളേ നോക്കിയപ്പോള്‍ അവള് തല കുനിച്ചു നിന്നു. അതെന്റെ സംശയം ഇരട്ടിപ്പിച്ചതേയുള്ളൂ.ഞാനറിയാതെ എന്റെ വായില്‍ നിന്ന് ആ ചോദ്യമുതിര്ന്നു വീണു. 'യേ മമ്മീ ഹേ ആപ്കി?'
അവള് ഞെട്ടുന്നത് ഞാന്‍ ശരിക്കും കണ്ടു. അടുത്ത നിമിഷം അവളുടെ മുഖം ഗൗരവപൂര്‍ണമായി. ചുണ്ടില്‍ വിരല്‍ വെച്ച് മിണ്ടരുതെന്ന് അവള് എന്നെ വിലക്കി...
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ വിളിച്ചു. പ്രശ്നമൊന്നുമില്ലെന്നും കുത്തിവെച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസം വിശ്രമിച്ചാല്‍ എല്ലാം ശരിയാകുമെന്നും അവര്‍ അറിയിച്ചു.
പൂര്‍ണ നിശ്ശബ്ദരായി ഞങ്ങള്‍ സൈറ്റിലേക്ക് മടങ്ങി എത്തി. അച്ഛനും മോളും പോയപ്പോള്‍ തമിഴന് സിവില്‍ എന്‍ജിനീയര്‍ എന്നോട് ചോദിച്ചു. 'അതെന്ന അപ്പടി മാഡം, ആമ്പിളയെ ലേഡി ഡോക്ടര്‍ പാക്കറാങ്കേ...'
ഞാന്‍ കൈ മലര്‍ത്തി.
ഒന്നു രണ്ട് ദിവസം മോള് പഠിക്കാന്‍ വന്നില്ല. പിന്നെ സാധാരണ പോലെ ക്ലാസ്സില്‍ വന്നു. അന്ന് അവളെ വിളിച്ചു കൊണ്ടുപോവാന്‍ ആ അച്ഛന് വന്നപ്പോഴാണ് ഞാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞത്. ഞാന്‍ ഒന്നും കിള്ളിക്കിഴിച്ച് ചോദിച്ചില്ലെങ്കിലും അച്ഛന് എല്ലാം തുറന്നു പറയുകയാണുണ്ടായത്.
അച്ഛന്റെ വേഷം കെട്ടിയ അമ്മയായിരുന്നു അവര്‍. ഒറ്റയ്ക്ക് ഒരു പെണ്ണിന് ഒരു പെണ്‍കുട്ടിയെ വന്‍ നഗരത്തില്‍ സുരക്ഷിതമായി വളര്‍ത്തല്‍ അത്ര എളുപ്പമല്ല. ആ അമ്മ ഒരിക്കല്‍ ക്രൂരമായി ബലാത്സംഗപ്പെട്ടിട്ടുണ്ട്. അതിനു ശേഷമാണ് അവര്‍ ആ നാടും വിട്ട് ആണ്‍വേഷം കെട്ടി ദില്ലിയില്‍ എത്തിയത്. പെണ്ണുങ്ങള്‍ക്ക് കൊതിയാവും എന്ന് സിനിമയില്‍ കാണിക്കുന്ന ഒന്നും കണ്ടാല്‍ അമ്മയ്ക്ക് കൊതിയാവില്ല. സിനിമ സിനിമയും ജീവിതം ജീവിതവുമാണെന്നവര് എന്നോട് പറഞ്ഞു. മോളേ സുരക്ഷിതമായി വളര്‍ത്തി പഠിപ്പിച്ചു ജോലിക്കാരിയാക്കണം. കല്യാണം കഴിച്ച പെണ്ണുങ്ങള് സുരക്ഷയ്ക്കായി സിന്ദൂരവും മംഗള്‍സൂത്രവും പ്രദര്‍ശിപ്പിക്കുന്ന പോലെയാണ് അവരുടെ ആണ്‍വേഷം എന്നാണമ്മ പറഞ്ഞത്.
ഗര്‍ഭപാത്രം എടുത്തു കളയാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. മാസം തോറുമുള്ള ഈ സ്വൈര്യക്കേട് ഒഴിവാക്കി കൂടുതല്‍ പുരുഷനായി ജീവിക്കാനാണ് അവര്‍ താല്പര്യപ്പെടുന്നത്.
മകളെ സുരക്ഷിതയായി വളര്‍ത്തേണ്ടേ... ഭര്‍ത്താവ് അവരുടെ ഖരപര ശബ്ദത്തിന്റെ പേരിലാണത്രേ അവരെ ഉപേക്ഷിച്ചത്. ആണ്വേഷത്തിന് ഖരപര ശബ്ദം അനുഗ്രഹമായി. ഞാന്‍ കണ്ണിമ പൂട്ടാതെ അവരെ നോക്കിയിരിക്കുകയായിരുന്നു. വലിഞ്ഞു മുറുകിയ മുഖം, ഖരപര എന്ന ശബ്ദം.. ജോലിയെടുത്തു തഴമ്പിച്ച ബലവത്തായ കൈകാലുകള്‍...
ബലാത്സംഗം ചെയ്യപ്പെട്ടതുകൊണ്ട് പെണ്മയെ സ്വയം അടിച്ചിറക്കിയ ഒരു പെണ്ണ്...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..