ആ വാക്കുകള്‍ ഏല്പിച്ച മുറിവ് കമലയില്‍ ഒരിക്കലും ഉണങ്ങിയില്ല


എച്ച്മുക്കുട്ടി

എച്ച്മുകുട്ടി

രു കല്യാണത്തിനു പോയതായിരുന്നു. അലങ്കാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ഒരു കുറവുമില്ലാത്ത അവിടത്തെ ഇരമ്പത്തിനിടയിലും ആ വാക്കുകള്‍ എന്റെ ചെവിയില്‍ തുളച്ചു കയറി.

'അറുവാണിച്ചി. അവളടെ ഒര് വല്യ കാറ്. ആയ കാലം മുഴോനും തള്ളടേം മോള്‌ടേം തീട്ടോം മൂത്രോം കോരി. കെട്ട്യോനേം കളഞ്ഞിട്ട് ഇപ്പോ സിനിമാക്കാര്‌ടെ പോലത്തേ ഒര് കാറില് കേറി വന്നേക്കണു.'

തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിലായി. കമലയെപ്പറ്റിയാണ്. പണ്ടത്തേ പോലേയല്ല, ആര്‍ക്കും അസൂയ തോന്നും വിധമാണ് ഇപ്പോള്‍ അവളുടെ ജീവിതം. രണ്ടു ആണ്‍മക്കളും അവളെ കൈവെള്ളയില്‍ വെച്ച് നോക്കുന്നുണ്ട്. ആണ്‍മക്കള്‍ വലുതായി കല്യാണം കഴിച്ചാല്‍ പിന്നെ അമ്മമാരെ നോക്കില്ല എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞുണ്ടാക്കുക. അത് കേട്ട് കേട്ട് ആണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് ആധി പെരുക്കും. മകന്റെ ഭാര്യയായി വരുന്നവള്‍ ഈ വീട്ടില്‍ വന്നു കേറാന്‍ പാടില്ലാത്തവളാണെന്ന് അമ്മ ആദ്യമേ അങ്ങ് തീരുമാനിക്കും.. ശീതസമരം അങ്ങനെ ഉറപ്പാവും.

കമലേടെ വീട്ടില്‍ ഇതൊന്നും ഉണ്ടായില്ല. കമലയെ ആദ്യം കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. എന്റെ നിയമപരമായ കല്യാണം കഴിഞ്ഞ ഉടനെയാണ്.
കമല മൂന്നാല് മുറികളുള്ള ഒരു വീട്ടിലെ ഗൃഹനായികയായിരുന്നു. ഒരു മുറി എപ്പോഴും അടച്ചിട്ടിരുന്നു ആ വീട്ടില്‍. കമലേടെ ഭര്‍ത്താവ് ഉണ്ണിയേട്ടന്റെ അമ്മയും പെങ്ങളുമായിരുന്നു ആ മുറിയില്‍ താമസം.

അമ്മയ്ക്കും പെങ്ങള്‍ക്കും വല്ലാത്ത രോഗാവസ്ഥ ആയിരുന്നു. അമ്മയ്ക്ക് അല്‍ഷിമേഴ്‌സ്. പെങ്ങള്‍ക്ക് ചെറുപ്പന്നേ മാനസികമായ വളര്‍ച്ചക്കുറവ്.ഉണ്ണിയേട്ടന്‍ ജോലിക്ക് പോയിരുന്നുമില്ല.കമലയെ കല്യാണം കഴിച്ചുകൊണ്ട് വന്നത് അമ്മേം പെങ്ങളേം ശുശ്രൂഷിക്കാനായും വീട്ടുജോലികള്‍ ചെയ്യാനും മാത്രമായിരുന്നു.ആ അമ്മയുടെ മറ്റ് മക്കളൊക്കെ മാസാമാസം പൈസ അയച്ചുകൊടുക്കും. അതായിരുന്നു ഉണ്യേട്ടന്റെ ഏക വരുമാനം.

കമലയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചു. ആ കുട്ടികള്‍ക്ക് അഞ്ചും ആറും വയസ്സുള്ള കാലത്താണ് ഞാന്‍ കമലയെ ആദ്യം കാണുന്നത്. ധാരാളം ബന്ധുക്കള്‍ സുഖമില്ലാത്ത അമ്മേം പെങ്ങളേം കാണാന്‍ വരും. കമലയെ അനുഗ്രഹിക്കും. പുണ്യം കിട്ടുംന്ന് പറയും. കമല മൗനം കവചമായി ധരിച്ച നാളുകളായിരുന്നു അത്. മുറുക്കിപ്പിടിച്ച ചുണ്ടുകള്‍ ഒരു പുഞ്ചിരിയില്‍ പോലും അയഞ്ഞിരുന്നില്ല.

ഞാന്‍ പുണ്യം, മോക്ഷം എന്നിങ്ങനെ ഒന്നും പറഞ്ഞിട്ടില്ല കമലയോട്.. വിവാഹം കഴിച്ചെന്ന ധാരണയില്‍ അധ്യാപകനോടൊപ്പം പാര്‍ത്ത്, പ്രസവിച്ച്, ഒടുവില്‍ ആ ബന്ധം അവസാനിപ്പിച്ച് മറ്റൊരാള്‍ക്കൊപ്പം പോവുകയും കുറച്ച് കൊല്ലങ്ങള്‍ക്ക് ശേഷം അയാളെ നിയമപ്രകാരം വിവാഹം കഴിക്കുകയും ചെയ്ത അതിഭയങ്കരിയാണല്ലോ ഞാന്‍. അതുകൊണ്ട് പുണ്യം, മോക്ഷം തുടങ്ങിയ ദിവ്യത്വമുള്ള പദങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നതില്‍ എല്ലാവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു... അന്നും... ഇന്നും.

എനിക്കറിയാമായിരുന്നു കമല കഷ്ടപ്പെടുന്നത് എത്രയാണെന്ന്.. അമ്മയും പെങ്ങളും പെണ്ണുങ്ങളല്ലേ. ഉണ്യേട്ടന്‍ ജോലിക്ക് പോണില്ലെങ്കിലും അവരെ ശുശ്രൂഷിക്കാന്‍ പറ്റുമോ?. ഇല്ല. പിന്നെ ആണൊരുത്തന്‍ അടുക്കളപ്പണീം വീട്ടുപണീം എടുക്കാന്‍ പറ്റുമോ? ഇല്ല.കമലയ്ക്ക് ഒരു ദിവസം പോലും ഒഴിവുണ്ടായില്ല ജീവിതത്തില്‍. ഒരു പാട്ടു കേള്‍ക്കാനോ ഒരു ബുക്ക് വായിക്കാനോ മതിയാവോളം ഒന്നുറങ്ങാനോ ഒന്നിനും ഒഴിവുണ്ടായില്ല.എപ്പോഴും പണി... പമ്പരം പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള പണി.

പെറ്റിട്ട മക്കളെ നോക്കല് മാത്രം കമല കുറച്ചേ ചെയ്തുള്ളൂ. അത്യാവശ്യം കാര്യങ്ങള്‍ മാത്രം നടത്തി. ആരോ പറഞ്ഞ പോലേ അതുങ്ങള്‍ എങ്ങനേയൊക്കേയോ അങ്ങ് വളര്‍ന്നു..മക്കളേ മടീലിരുത്തി വേണ്ട പോലേ ഒന്ന് ഓമനിച്ചില്ല. 'എടാ' എന്നല്ലാതെ വിളിച്ചില്ല. ആഹാരം കൊടുത്തു എന്ന് മാത്രം. അഞ്ചാറു വയസ്സായപ്പോഴേക്കും റേഷന്‍ മേടിക്കാനും അരി പൊടിപ്പിക്കാനും മീന്‍ വാങ്ങാനും ഒക്കെ പറഞ്ഞു വിട്ടു. കമലേടെ മക്കള്‍ക്ക് അങ്ങനെ ഓര്‍മ്മിക്കാന്‍ പറ്റിയ വര്‍ണപ്പൂങ്കുലകളുടെ ബാല്യവും കൗമാരവും ഒന്നും ഉണ്ടായില്ല.

അമ്മയേം പെങ്ങളേം നോക്കാന്‍ ആരും വന്ന് നില്‍ക്കുമായിരുന്നില്ല ഒരു ദിവസമെങ്കിലും. മറ്റു മക്കള്‍ പണമയച്ചും വര്‍ഷത്തിലൊരിക്കല്‍ വന്നു കണ്ടും മാത്രം അവരുടെ ബാധ്യത തീര്‍ത്തു. മാസാമാസം പണമയയ്ക്കുന്നത് തന്നേ വലിയ കാര്യമല്ലേ.. എത്ര കഷ്ടപ്പെട്ടാണ് അവര്‍ പണമുണ്ടാക്കുന്നത്.

കമല എന്നും സൂര്യനുദിക്കുന്ന പോലേ, ഒരു മാറ്റവുമില്ലാതെ, നിറുത്താതെ ജോലി ചെയ്തു. കമലയെ എപ്പോഴും പലതരം വിസര്‍ജ്യങ്ങളുടെ അളിഞ്ഞ ഗന്ധമായിരുന്നു. ഉണ്യേട്ടന്റെ അമ്മയും പെങ്ങളും തുണിയുടുക്കാതേയും മലമൂത്രങ്ങള്‍ മുറി മുഴുവനും പരത്തിയിട്ടും ആഹാരം കൊടുക്കുമ്പോള്‍ വിരലില്‍ കടിച്ചും വെറുതെ അലറിയും കമലേടെ മുടി പിടിച്ച് വലിച്ചും ആഹാരം തുപ്പിയും പറ്റുന്ന രീതിയിലൊക്കെ അവളെ ഉപദ്രവിച്ചു. വേണമെന്ന് വെച്ചിട്ടല്ലല്ലോ. അവര്‍ക്ക് വയ്യാത്തതുകൊണ്ടല്ലേ.

തിരിച്ചു വീട്ടിലേക്ക് പോവണമെന്ന് കമല ഒരിക്കലേ ആശിച്ചുള്ളൂ.അത് അവള്‍ക്കൊപ്പം കിടക്കുന്ന രാത്രി നേരത്ത് മലത്തിന്റെ ചൂരാണ് അവള്‍ക്കെന്നും അറപ്പു തോന്നുന്നു അവളെ എന്നും ഉണ്യേട്ടന്‍ പറഞ്ഞപ്പോഴാണ്.ആ വാക്കുകള്‍ ഏല്പിച്ച മുറിവ് കമലയില്‍ ഒരിക്കലും ഉണങ്ങിയില്ല..

എല്ലാ ഗതികേടിനുമിടയിലാണെങ്കിലും കമലേടെ മക്കള്‍ നന്നായി പഠിച്ചു... എന്‍ജിനീയറിങ് കഴിഞ്ഞു ഒരാള്‍ എയര്‍ഫോഴ്‌സിലും മറ്റേയാള്‍ ആര്‍മിയിലും പോയി. എന്നാലും പല ബന്ധുക്കളും രഹസ്യമായി കമലയെ 'തീട്ടം കോരി' എന്ന് വിളിച്ചാണ് ഇന്നും സന്തോഷിക്കുന്നത്.

ആദ്യം പെങ്ങള്‍ മരിച്ചു. പിന്നീട് അമ്മയും. മക്കള്‍ പട്ടണത്തില്‍ വാങ്ങിക്കൊടുത്ത ഒരു വീട്ടിലാണ് കമല ഇപ്പോള്‍ തനിച്ച് പാര്‍ക്കുന്നത്. ഉണ്യേട്ടന്‍ ഗ്രാമത്തിലെ ആ പഴയ വീട്ടില്‍ കഴിയുന്നു.

'അറുപത് വയസ്സ് കഴിഞ്ഞു. ഇനിയെങ്കിലും കുറച്ചു ദിവസം എനിക്ക് ഞാനായി ജീവിക്കണ'മെന്ന് കല്യാണ വീട്ടില്‍ വെച്ച് കമല എന്നോട് പറഞ്ഞു. ഞാന്‍ തലയാട്ടി.

കമല തന്നിഷ്ടം പോലെ സന്തോഷത്തോടെ ജീവിക്കട്ടേ.

Content Highlights: echmuvinte lokam column by Echmukutty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented