'ഞാന്‍ എന്റെ ഭര്‍ത്താവിന് ജീവിതം കൊടുത്തൂന്ന് ആദ്യകാലത്ത് പറഞ്ഞ്ണ്ട് മനുഷേര്';ജീവിതം കൊടുത്തോള്


എച്ച്മുക്കുട്ടി

column

എച്ച്മുക്കുട്ടി

ജീവിതം കൊടുക്കല് പതിവായിട്ട് ആണുങ്ങളാണ് ചെയ്യല്. സിനിമേലും നാടകത്തിലും സാഹിത്യത്തിലും ഒക്കെ കണ്ടിട്ടില്ലേ, എന്റെ പെങ്കുട്ടിക്ക് ഒരു ജീവിതം കൊടുക്ക് മോനേ എന്ന് കെഞ്ചുന്ന മാതാപിതാക്കളേയും സഹോദരന്മാരേയും. എന്റെ മരുമോള്‍ക്ക് ഒരു ജീവിതം കൊടുക്ക് മോനേ എന്ന് കെഞ്ചുന്ന അമ്മാവന്മാരെ. ഇനി ബന്ധമൊന്നുമില്ലെങ്കിലും ആ പെണ്‍കുട്ടിക്ക് ഒരു ജീവിതം കൊടുത്തൂകൂടെന്ന് ചോദിക്കുന്ന അയല്പക്കക്കാരനെ.

ഒരു ആണിന് ജീവിതം കൊടുത്തുകൂടെ എന്ന് ഒരു പെണ്ണിനോട് ആരെങ്കിലും ചോദിച്ച് കേട്ടിട്ടുണ്ടോ? ഏതേലും സിനിമേലോ നാടകത്തിലോ സാഹിത്യത്തിലോ സംസ്‌ക്കാരത്തിലോ? ഉണ്ടാവില്ല.



കുഷ്ഠരോഗിയായ മഹര്‍ഷിയെ മറ്റൊരു പെണ്ണിന്റെ അടുത്തേക്ക് കുട്ടയിലേറ്റി തലയില്‍ച്ചുമന്നുകൊണ്ട് പോയ പെണ്ണിന്റെ കഥയുള്ള നാടാണിത്. അവിടെ പെണ്ണ് ആണൊരുത്തന് ജീവിതം കൊടുക്കേ?

ഞങ്ങള്‍ ഞാനും എന്റനീത്തിയും കൂടി സംസാരിക്കുമ്പോഴാണ് മാലതിയേച്ചി വന്നത്.

അവര്‍ പറഞ്ഞു. 'ഞാന്‍ എന്റെ ഭര്‍ത്താവിന് ജീവിതം കൊടുത്തൂന്ന് ആദ്യകാലത്ത് കൊറച്ചൊക്കെ പറഞ്ഞ്ണ്ട് മനുഷേര്.'

ഞങ്ങള്‍ ചോദിച്ചു, 'അതെങ്ങനെ?'

അപ്പോഴാണ് മാലതിയേച്ചി ആ ജീവിതം പറഞ്ഞു കേള്‍പ്പിച്ചത്.

അവരുടെ വീട്ടില്‍ നാലഞ്ച് പെണ്‍കുട്ടികളാണ്. അച്ഛനും അമ്മയ്ക്കും ഉള്ളില്‍ തീയാണെപ്പോഴും. പെണ്‍കുട്ടികള്‍ ചീത്തപ്പേരു കേള്‍പ്പിക്കുമോ? മാനം മര്യാദയ്ക്ക് അവരവരുടെ ഉടമസ്ഥന്മാരുടെ ഒപ്പം ഇറക്കി വിട്ട് സമാധാനിക്കാന്‍ കഴിയുമോ? ആധിപ്പെട്ടാണ് അച്ഛനും അമ്മയും ജീവിച്ചിരുന്നത്.

ആയിടയ്ക്കാണ് പാര്‍ട്ടിക്കാര്‍ ഒരു കൊലപാതകം നടത്തിയതായി വാര്‍ത്തവരുന്നത്.ഏതു പാര്‍ട്ടിയിലായാലും പ്രധാനപ്പെട്ട ഒരു നേതാവ് കൊലക്കേസില്‍ കുടുങ്ങിയാല്‍ അയാളെ രക്ഷിക്കാന്‍ ഒന്നോ ഒന്നിലധികമോ ബിനാമി പ്രതി ഹാജരാകും. എല്ലാവര്‍ക്കും അറിയാം അത്. ആ ബിനാമി പ്രതിയാണ് ശിക്ഷിക്കപ്പെടുക. അതാണ് കീഴ്‌വഴക്കം. മാലതിയേച്ചിയുടെ അച്ഛന്‍ പെങ്ങളുടെ മോനായിരുന്നു ഈ കേസില്‍ ബിനാമി പ്രതി. മോനും അമ്മയും മാത്രമേയുള്ളൂ. മൂന്നുസെന്റ് പറമ്പും ഒരു കൂരയുമാണ് ഏക സമ്പാദ്യം. അമ്മയെ സംരക്ഷിക്കുന്ന കാര്യം കേസില്‍പെട്ട പാര്‍ട്ടി ഏറ്റെടുത്തു.

അമ്മയ്ക്ക് മകന്‍ ജയിലില്‍ ആയപ്പോള്‍ മുതല്‍ മാനസികാസ്വാസ്ഥ്യമായി. മാലതിയേച്ചിയുടെ അച്ഛന്‍ സ്വന്തം പെങ്ങളെ വീട്ടില്‍ കൊണ്ടു വന്നു പാര്‍പ്പിച്ചു. അത് അമ്മയ്ക്ക് ഒട്ടും ഇഷ്ടമായില്ല. ഈ ഭ്രാന്തി അമ്മായി കാരണം പെണ്‍മക്കളുടെ കല്യാണം നടക്കാതെ പോവുമോ എന്നായിരുന്നു അവരുടെ ഏറ്റവും വലിയ ഭയം.

മാലതിയേച്ചി അച്ഛന്‍ പെങ്ങളെ കാര്യമായി നോക്കി, അവരുടെ ഭ്രാന്ത് നാട്ടുകാരറിഞ്ഞ് ഒരു ചര്‍ച്ചാവിഷയമാവാന്‍ സമ്മതിക്കാതെ ഇടംവലം നടന്നു പരിചരിച്ചു.

അച്ഛന്‍ പെങ്ങളുടെ മകന്‍ ആദ്യമായി പരോളിലിറങ്ങിയപ്പോള്‍ അമ്മയെ കാണാന്‍ അമ്മാവന്റെ വീട്ടിലേക്കു വന്നു. മാലതിയേച്ചി അമ്മയെ പരിചരിക്കുന്നതുകണ്ട് മനസ്സുനിറഞ്ഞു. അങ്ങനാണ് 'നീയെനിക്കൊരു ജീവിതം തരാമോ?' എന്ന് ആ മകന്‍ മാലതിയേച്ചിയോട് ചോദിച്ചത്. കാര്യം ജയിലില്‍ കിടക്കുകയാണെങ്കിലും ചോദിച്ചത് ആണൊരുത്തനല്ലേ.

അതേ, അങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ കണ്ടില്ല കേട്ടില്ലാന്ന് വെക്കാന്‍ പറ്റുമോ?
ഇല്ല..

അങ്ങനെ മൂത്തമകളായ മാലതിയേച്ചിയുടെ കഴുത്തില്‍ താലി വീണു. ആ പരോള്‍ കഴിഞ്ഞു ഭര്‍ത്താവ് മടങ്ങുംനേരം മാലതിയേച്ചി ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട് ജയിലായതുകൊണ്ട് ശിക്ഷ തീരും വരെ മാലതിയേച്ചിക്ക് സ്വന്തം വീട്ടില്‍ തന്നെയായിരുന്നു താമസിക്കേണ്ടിയിരുന്നത്. ശിക്ഷാകാലാവധി തീരും മുമ്പേ രണ്ടു തവണ കൂടി പരോള്‍ അനുവദിച്ചു. അങ്ങനെ മാലതിയേച്ചി ആകെ മൊത്തം മൂന്നു പെണ്‍കുട്ടികളുടെ അമ്മയായി.

ശിക്ഷാകാലാവധി കഴിഞ്ഞു ഭര്‍ത്താവ് വന്നു, അമ്മയേയും മാലതിയേച്ചിയേം മക്കളേയും കൂട്ടി സ്വന്തം കൂരയില്‍ പാര്‍പ്പ് തുടങ്ങി.ജയിലില്‍ പോയതുകൊണ്ട് ആരും പണി തരില്ല, ഭ്രാന്തുള്ള അമ്മയുടെ മോനായതു കൊണ്ട് ആരും പണി തരില്ല എന്നുംപറഞ്ഞ് ഭര്‍ത്താവ് വീട്ടിലിരിക്കും.

മാലതിയേച്ചി വെളുക്കെ ചിരിച്ചു.

'ജീവിതം കൊടുക്കണ്ടേ കുട്ടികളെ.. ഞാന്‍ ഏറ്റതല്ലേ..അങ്ങനെ ഞാന്‍ അത് കൊടുത്തു. ഇപ്പ ഇവടത്തെ എട്ട് ഫ്‌ളാറ്റോളില് അടിച്ചുവാരിത്തൊടയ്ക്കല്ണ്ട്. പാത്രം കഴ്കലും തുണി അല്ക്കലും ഇണ്ട്. ഫ്‌ളാറ്റായോണ്ട് രക്ഷ്യായി. കാലത്തെ നേരത്തേ വന്ന് കേറ്യാ സന്ധ്യാവുമ്പളക്കും എറങ്ങാം. ദൂരെ ദൂരേ വീടുകളാച്ചാല്‍ അത് പറ്റ്വോ?. ഫ്‌ളാറ്റ്കള് വരണത് എന്നെപ്പോലെള്ള പെണ്ണ്ങ്ങള്ക്ക് ഒരന്ഗ്രഹാ. ആരൊക്കെഫ്‌ളാറ്റ് മോശാന്ന് പറ്ഞ്ഞാലും ഞങ്ങളെപ്പോലത്തെ പെണ്ണങ്ങള് അത് പറയില്ല. വന്ന് കേറ്യാ മഴേം വെയ്‌ലും കൊള്ളാണ്ടും വഴി നട്ക്കാണ്ടും പണി കഴിച്ച് കുടുമ്മത്തീപ്പൂവാലോ..'

ഭൂമിയെ വേദനിപ്പിക്കലാണ് ഫ്‌ളാറ്റ് പണിയലെന്ന് പറയുന്ന എല്ലാവരും മാലതിയേച്ചിയുടെ മുന്നില്‍ തോല്‍ക്കുന്നതായി എനിക്കു തോന്നി. മാലതിയേച്ചി ജീവിതം കൊടുക്കുന്നത് എത്ര പേര്‍ക്കാണെന്നും അതെത്രത്തോളം ബുദ്ധിമുട്ടീട്ടാണെന്നും ഓര്‍ത്തുകൊണ്ട് ഞാന്‍ മൗനമായിരുന്നു.

Content Highlights: echmuvinte lokam column by echmukutty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented