സ്ത്രീവാദത്തിൻറെ അപ്പസ്തോലന്മാർക്ക് എന്നെ ഉപദ്രവിക്കുന്ന ആൾക്കൊപ്പം നിൽക്കാനായിരുന്നു താത്പര്യം


എച്ച്മുക്കുട്ടി

എച്ച്മുക്കുട്ടി

മുക്ക് പേരും നാളുമില്ല. എന്നാൽ നമ്മുടെ പേരും നാളും ഫോട്ടോയുമൊക്കെ ലോകത്തെല്ലാവർക്കും പരിചിതമാണ്. അവരൊന്നും തന്നെ നമ്മേ അതിജീവിത എന്നായിരിക്കില്ല സ്വകാര്യ സംഭാഷണത്തിൽ വിളിക്കുന്നത്. പല വാക്കുകളും മുന്നിൽ ചേർത്ത് നമ്മുടെ പേരു തന്നെയാവും ഉപയോഗിക്കുന്നത്.

എന്നാൽ നമുക്ക് നാം അതിജീവിതയാണ്.

കുറ്റം ചെയ്ത ആളാണെങ്കിലോ കോടതിയിൽ അത് തെളിയുന്നത് വരെ കുറ്റാരോപിതൻ മാത്രമാണ്. നമ്മളെ അതിജീവിത എന്നു വിളിക്കുന്നത് നമ്മൾ ലൈംഗിക അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന നിലയ്ക്കാണല്ലോ. നമ്മോട് അതിക്രമം ചെയ്തു എന്നത് ഉറപ്പാണ്… ചെയ്തവൻ ആരെന്ന് കോടതിയിൽ തെളിയണം. അന്നേരമേ കുറ്റാരോപിതൻ പ്രതി, കുറ്റവാളി എന്നൊക്കെ ആവുകയുള്ളൂ. എന്തൊരു ഇരട്ടത്താപ്പ്…

ചുരുക്കത്തിൽ അതിജീവിത എന്ന പരസ്യത്തിൽ നമ്മെ ഒതുക്കി, രഹസ്യത്തിൽ നമ്മുടെ പേരും മേൽവിലാസവും ലോകം മുഴുവൻ അറിയിച്ച്, കുറ്റാരോപിതൻ എന്ന സംശയ നിഴലിൽ കുറ്റവാളിക്ക് സംരക്ഷണം നല്കുന്നു.

പീഡനം അനുഭവിച്ചെന്നു പരാതിപ്പെടുന്ന സ്ത്രീയോട് പൊതുസമൂഹത്തിൻറെ കുലസ്ത്രീ സങ്കല്പത്തിനനുസരിച്ചുള്ള തെളിവുകളാണ് ഹാജരാക്കാൻ ആവശ്യപ്പെടാറ്. നേരത്തേ വീട്ടിലെത്തിയില്ലേ, കൂടേ ആരുമുണ്ടായിരുന്നില്ലേ, മദ്യപിക്കാൻ കൂട്ടിരുന്നതെന്തിന്, അയാൾ കൈയിൽ പിടിച്ചപ്പോൾ മൗനമായി ഇരുന്നതെന്തിന്…ഒച്ചയുണ്ടാക്കാമായിരുന്നില്ലേ…. ഓടിരക്ഷപ്പെടാമായിരുന്നില്ലേ, നേരത്തേ ജീവിതം അവസാനിപ്പിക്കാമായിരുന്നില്ലേ…ഇപ്പഴാണോ ഇതു പറയുന്നത്… അയാൾ ചത്തു പോയില്ലേ.. അങ്ങനെ എമ്പാടും അനുതാപമില്ലാത്ത കുറേ വൃത്തികെട്ട ചോദ്യങ്ങൾ..

കുറ്റാരോപിതനോട് ആ സ്ത്രീയുടെ കൺസെൻറ് ഇല്ലാതെ എന്തിന് അതിക്രമം പ്രവർത്തിച്ചു എന്ന ചോദ്യം പോലും ആരും ചോദിക്കില്ല. തുടക്കത്തിൽ കൺസെൻറ് ഉണ്ടായിരുന്നു എന്നും പിന്നീട് പലതരം തെറ്റിദ്ധാരണകളിൽ ആ പെണ്ണ് പെട്ടു പോയി… അങ്ങനെ സമ്മതമല്ല, പീഡനമായി എന്നു വെറുതേ പറഞ്ഞതാണല്ലേ എന്ന് കുറ്റാരോപിതനെ ചോദ്യം ചെയ്യുന്നവർ കൃത്യമായി ചോദിച്ചുകൊള്ളും. നിങ്ങൾ അവളെ കാമിച്ചു എന്ന് പറഞ്ഞ് പ്രശസ്തയാവാൻ നോക്കിയതാണല്ലേ അവള് എന്ന് ചോദിക്കും. അതിജീവിതയെ മാത്രം അവളുടെ ഗതികേടിന് ഉത്തരവാദിയാക്കുന്ന ഇത്തരം സജസ്റ്റീവ് ചോദ്യങ്ങൾ ചോദിക്കും. എന്നാൽ അതേ സമയം കുറ്റാരോപിതനെ നിഷ്കളങ്കനാക്കുന്ന സജസ്റ്റീവ് ചോദ്യങ്ങളാണ് ചോദിക്കുക.

പൊതുബോധം പുരുഷമൂല്യകേന്ദ്രീകൃതവും പുരുഷമൂല്യ നിർമിതവും ആയതുകൊണ്ടാണ് നീതി നടത്തിപ്പും പുരുഷമൂല്യാധിഷ്ഠിതമാകുന്നത്.

അതിജീവിതക്ക് പിന്തുണ നല്കാത്ത സ്ത്രീകൾ ഇത്തരുണത്തിൽ പലതരം കുറ്റങ്ങളാണ് ചെയ്യുന്നത്. 'അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ' എന്നു പറഞ്ഞ പോലെ, ഈ ലോകത്തിൽ സ്ത്രീകളായിപ്പിറന്നവരിൽ വളരെക്കുറച്ച് പേർ മാത്രമേ കാണൂ ലൈംഗികമായി അപമാനിക്കപ്പെടാത്തവർ. തന്നെപ്പോലെ യുള്ള ഒരു സ്ത്രീ അപമാനിക്കപ്പെട്ടതറിയുമ്പോൾ അവൾക്കൊപ്പം നില്ക്കാൻ കഴിയാത്തത് ഒരു സാധാരണ കുറ്റമല്ല.

ഈ പുരുഷമൂല്യാധിഷ്ഠിത സമൂഹത്തിൻറെ ഏതു കാഴ്ചപ്പാട് സ്വീകരിക്കുന്നതും നിലനിർത്താൻ പരിശ്രമിക്കുന്നതും ശരിക്കും രാജ്യദ്രോഹമാണ്. ഇപ്പോൾ നിലനില്ക്കുന്ന ആചാരക്രമങ്ങൾ അതേപോലെ തുടരാൻ സഹായിക്കുന്ന കപടമായ രാഷ്ട്രീയ പ്രവർത്തനം, മതാചാരങ്ങൾ, സവർണ ബോധം, ജാതിമതമേധാവിത്തം, പ്രകൃതി ചൂഷണം, നീചമായ മാധ്യമപ്രവർത്തനം, പണാധിഷ്ഠിത മൂല്യബോധം, ദളിത - ദരിദ്ര ചൂഷണം, സ്ത്രീ - ശിശു പീഡകരോടുള്ള സൗമ്യത, പീഡിതരാക്കപ്പെട്ടവരോടുള്ള ക്രൂരത….. എല്ലാം തന്നെ കടുത്ത രാജ്യദ്രോഹമാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വർഷമായിട്ടും നമ്മുടെ രാജ്യം അധികാരക്കൊതിയരായ മതാധികാരികളുടേയും ആത്മാർഥതയില്ലാത്ത രാഷ്ട്രീയക്കാരുടേയും കരാളമുഷ്ടിയിൽ ഞെരിയുന്നതിന് ഇതുമാതിരി ദ്രോഹിക്കപ്പെടുന്നവരോടുള്ള അനുതാപമില്ലായ്മയും കാരണമാണ്…

സ്ത്രീ ശിശു പീഡനങ്ങളെപ്പറ്റിയുള്ള വൃത്തികെട്ട പരാമർശങ്ങളുള്ള കലാസൃഷ്ടികളുടെ ആൾക്കൂട്ട പ്രചരണം, സിനിമാതാരങ്ങളുടെ കുടിലത, ക്രൂരത ഇവയെ ഒക്കെ മിടുക്കായി വാഴ്ത്തിപ്പാടൽ,രാഷ്ട്രീയക്കാരുടെ തത്വദീക്ഷയില്ലാത്ത അളിഞ്ഞ മൂല്യബോധത്തെ ഏറ്റുപാടൽ… ഇവയെല്ലാം ദരിദ്രരേയും ദളിതരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നതിന് ചൂട്ട് പിടിക്കുന്നുണ്ട്.

ഇത്രയും എഴുതിയത് പാഠഭേദത്തിൻറെ എഡിറ്റർ ആയ സിവിക് ചന്ദ്രന്റെ ലൈംഗിക പീഡനത്തെപ്പറ്റി എഴുതാൻ വേണ്ടി തന്നെയാണ്. സിവിക് തന്റെ വിപുലമായ സൗഹൃദവലയത്തിൽ പരമസുരക്ഷിതനായിരിക്കും. പ്രതിഭാസമ്പന്നരെന്നും ആദർശധീരരെന്നും പൊതുസമൂഹം തെറ്റിദ്ധരിച്ച എഴുത്തുകാരും ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും നിയമജ്ഞരും സിവിക്കിനെ സഹായിക്കും.

1985 - 1990 വരെ പാഠഭേദം തുടങ്ങുന്ന ആദ്യ കാലത്ത് അതിലേ ഒത്തിരിപ്പേർക്ക് അനവധി ചായയും ഊണും ഉണ്ടാക്കി വിളമ്പീട്ടുണ്ട്. പാഠഭേദത്തിൻറെ തിങ്ക് ടാങ്കുകളിൽ ഒരാളായ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപകനൊപ്പം ഞാൻ ജീവിക്കുന്ന ദുരിതകാലമായിരുന്നു അത്. രണ്ടു മൂന്നു ലേഖനങ്ങൾ ഞാൻ പാഠഭേദത്തിൽ എഴുതീട്ടുണ്ട്. പിന്നീട് ഒന്നും തന്നെ എഴുതീട്ടില്ല.

സ്ത്രീവാദത്തിൻറെ അപ്പസ്തോലന്മാരായ അതിലെ ഒരാളും എനിക്ക് ഒര് ജീവന്മരണ പ്രശ്നം വന്നപ്പോൾ ഒപ്പം നിന്നില്ല. തന്നെയുമല്ല, എന്നെ ഉപദ്രവിക്കുന്ന ആൾക്കൊപ്പം ചേർന്ന് നില്ക്കാനായിരുന്നു ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളുമായ സകല പാഠഭേദക്കാർക്കും താത്പര്യം. പകുതി വെന്ത പലതരം ആക്ടിവിസവും ഫെമിനിസവുമാണ് എന്നും പാഠഭേദത്തിൻറെ മുഖമുദ്ര.
അവർക്ക് തന്നെ പൂർണമായും ബോധ്യമായിട്ടില്ലാത്ത ആദർശങ്ങളെ മുൻനിർത്തി വായനക്കാരെ കളിപ്പിക്കാറുണ്ട് പാഠഭേദം തിങ്ക്ടാങ്കുകൾ.

അമ്മ ഉപേക്ഷിച്ചു പോവുന്ന മക്കളെപ്പറ്റി പരാമർശമുള്ള ഒരു ലേഖനം പാഠഭേദം എഴുതീരുന്നു. 1990 - 1991 ൽ. അതിനു ചിത്രമായിക്കൊടുത്തത് എൻറെ മോളുടെ പടമാണ്.

പാഠഭേദത്തിൻറെ പ്രധാനപ്രവർത്തകർ കൂടിയായ രണ്ടു പേരാണ് കുഞ്ഞിനെ എൻറെ കൈയിൽ നിന്ന് തട്ടിപ്പറിച്ചത് എന്ന പരമസത്യമിരിക്കേയായിരുന്നു ഈ ലേഖനം അവർ പ്രസിദ്ധീകരിച്ചത്. മാധ്യമ ധർമ്മം അത്രയേയുള്ളൂ. കേരളവർമ്മയിലെ മലയാളം അധ്യാപകൻ എനിക്ക് ആ പാഠഭേദം പോസ്റ്റിൽ അയച്ചു തരികയും ചെയ്തു.

ദൃക്‌സാക്ഷികൾ ഉള്ള സംഭവത്തിന് സ്വന്തം പാഠഭേദത്തിലൂടെ കള്ളഭാഷ്യം നല്കാൻ അവർക്ക് കഴിയും.

ആ കാലത്തു തന്നെ സിവിക് ഉമ്മവെക്കാൻ താത്പര്യമുള്ള ആളാണെന്ന അറിവ് എനിക്ക് കിട്ടിയിരുന്നു. എൻറെ ജീവിതപ്രശ്നങ്ങൾ ഞാൻ സിവിക്കിനോട് പറഞ്ഞപ്പോൾ കേരളവർമ്മയിലെ അധ്യാപകനാണ് സിവിക്കിനേക്കാൾ വലിയ ഫെമിനിസ്റ്റെന്നും അടങ്ങി ഒതുങ്ങി ജീവിക്കയാണ് ഞാൻ ചെയ്യേണ്ടത് എന്നും എന്നെ പരിഹസിച്ച ഫെമിനിസ്റ്റ് തിങ്ക്ടാങ്കാണ് സിവിക്.

ഇരുപതു വയസ്സുകളിൽ പാഠഭേദം വലിയൊരു സംഭവമാണെന്ന് വിചാരിച്ചു പോവുന്ന മൗഢ്യം എനിക്കും അന്ന് ഉണ്ടായിരുന്നു.

തൃശൂരിലെ ഒരു ഫെമിനിസ്റ്റ് ഈയിടെ പറഞ്ഞിരുന്നു... എൻറെ ആത്മകഥ അർദ്ധസത്യമാണെന്ന്..അതുകൊണ്ട് അവർ എൻറെ കാര്യത്തിൽ സെലക്ടീവ് ഫെമിനിസ്റ്റ് ആണെന്ന്. പിന്നീട് അവർ ഫേസ്‌ബുക്കിൽ എഴുതിയ ആ അഭിപ്രായങ്ങൾ മായിച്ചു കളഞ്ഞു.

എൻറെ സത്യങ്ങൾ അറിയുന്നവരെയാണ് ഞാൻ പഴി പറയുന്നത് എന്നാണ് ആ ഫെമിനിസ്റ്റിൻറെ വാദം.

സിവിക്കിന്റെ ലൈംഗിക പീഡനക്കേസിൽ അതിജീവിതക്ക് ഒപ്പം നില്ക്കുന്ന എഴുത്തുകാരിയും ഫെമിനിസ്റ്റുമൊന്നും ഞാൻ ആത്മകഥ എഴുതുമ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. എഴുത്തുകാരി പറഞ്ഞത് അച്ഛൻ മകളെ ദ്രോഹിക്കില്ലെന്നും ഞാൻ കളവു പറയുകയാണെന്നുമാണ്.

സമസ്ത ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും എഴുത്തുകാരും പോസ്റ്റുകൾ ഇടുന്നതിനുമുമ്പേ സിവിക്കിന്റെ കാപട്യത്തെപ്പറ്റി ഞാൻ 2022 ജൂലായ് 9 ന് ഫെയ്സ്ബുക്കിൽ എഴുതീരുന്നു...

ഇപ്പോൾ കൂടുതൽ പുതിയ വെളിപ്പെടുത്തലുകൾ വരികയാണ്.
പാഠഭേദം തുടങ്ങുന്ന കാലത്തെ തിങ്ക് ടാങ്കുകളായ രണ്ടു പേർ വെളിപ്പെട്ടു കഴിഞ്ഞു.
ഒരാൾ എൻറെ ആത്മകഥയിലൂടെ 2018 - 19 കാലത്തും മറ്റൊരാൾ ഇപ്പോഴും...
ഇനിയും വെളിപ്പെടലുകളുണ്ടാവും...ഉണ്ടാവണം..
കാരണം പലതരം സൂത്രങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ ദ്രോഹിക്കുന്നവരുണ്ട്. അത്തരം ആളുകളുടെ പ്രൈവസി സൂക്ഷിക്കണമെന്നു പറയുന്ന ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഇനിയുമുണ്ട്…
പീഡിപ്പിക്കപ്പെടുന്നവർക്കൊപ്പം മാത്രം… എന്നും എപ്പോഴും..

Content Highlights: echmukutty writes, echmuvinte lokam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented