ദൈവം എപ്പോഴോ ആ കമ്പാർട്ട്മെന്റിൽ നിന്ന് ഇറങ്ങിപ്പോയി


എച്ച്മുക്കുട്ടി

എച്ച്മുക്കുട്ടി

നം നിർമിക്കുന്ന അനവധി അഹന്ത കളുണ്ട്. നന്നേ ചെറുതു മുതൽ ഭീമമായത് വരെ. അവയെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല. ധനം വളരുന്നതനുസരിച്ച് അഹന്തയും വളരും.

ചില നേരനുഭവങ്ങൾ

ഒരു ട്രെയിൻ യാത്രയായിരുന്നു. എനിക്ക് വലിയ ഇഷ്ടമാണ് ട്രെയിനിൽ ദൂരയാത്ര പോകാൻ. ഇന്ത്യയുടെ പരിച്ഛേദം കാണാം ജനറൽ കമ്പാർട്ട്‌മെന്റുകളിലും നമ്മുടെ റെയിൽവേ സ്റ്റേഷനുകളിലും. പ്രസവം മുതൽ മരണം വരെ സംഭവിക്കുന്ന ഇടങ്ങളാണത്. പ്രപഞ്ചം തുളയ്ക്കുന്ന ധിക്കാരം മുതൽ ഭൂമിയ്ക്കപ്പുറത്തേക്കും കിഴിഞ്ഞു പോവുന്ന വിനയം വരെ നമുക്ക് പരിചയമാവും. ഇന്ത്യയുടെ നെടുകെയും കുറുകെയും ഉള്ള യാത്രകൾ ശരിക്കും ഒരു യൂണിവേഴ്‌സിറ്റിയാണ്. ജീവിതം കാണിച്ചു തരുന്ന യൂണിവേഴ്‌സിറ്റി.

അമ്മയാവലാണ് പെണ്ണിന്റെ പൂർണത എന്നതാണ് നമ്മുടെ പൊതുബോധം. ഒരിക്കൽ ഒരമ്മയെ കണ്ടു. അവരുടെ കുഞ്ഞിന്
സ്നേഹവാത്സല്യങ്ങളിൽ കുതിർത്ത് ഒരോ കുഞ്ഞുരുളയായി ആ ചോരിവായിൽ ഭക്ഷണം വെച്ചുകൊടുക്കുകയാണ്. എത്ര ആനന്ദകരമായ കാഴ്ച. ഞാനും അവരും ട്രെയിൻ കമ്പാർട്ട്മെൻറിലെ താഴത്തെ ബെർത്തിലാണിരിപ്പ്. അമ്മയിൽ നിന്നും പ്രസരിക്കുന്ന സ്നേഹവും വാൽസല്യവും കുഞ്ഞിൻറെ ആനന്ദവും ചേർന്നപ്പോൾ ആ സെക്കൻറ് ക്ളാസ്സ് കമ്പാർട്ട്മെൻറ് ഒരു സ്വർഗം പോലെയായി.

അന്നേരമാണ് ട്രെയിൻ ഒരു സ്റ്റേഷനിൽ നിറുത്തിയത്. കുറേപ്പേർ ഇറങ്ങുകയും കുറേപ്പേർ കയറുകയും ചെയ്തു. സമയം സന്ധ്യയാവുന്നുണ്ടായിരുന്നു.

പെട്ടെന്ന് ആ അമ്മയുടെ ഒരു ആക്രോശം കേട്ടു. അഞ്ചാറു വയസ്സുള്ള കറുത്തിരുണ്ട് ചപ്രത്തലമുടിക്കാരിയായ ഒരു കുഞ്ഞിനോടാണ് ആ അമ്മ കയർക്കുന്നത്. ഒറ്റനോട്ടത്തിൽ അറിയാം അതൊരു ഭിക്ഷക്കാരിയുടെ കുഞ്ഞാണെന്ന്. ആ കുഞ്ഞ് അമ്മയുടെ കൊച്ചുകുഞ്ഞിൻറെ ഭക്ഷണം നോക്കി കണ്ണ് വെച്ചിട്ട് കൊച്ചുകുഞ്ഞിന് വയറിളകുമത്രേ…

സ്വർഗം കമ്പാർട്ട്മെൻറിൽ നിന്ന് എപ്പോഴേ ഇറങ്ങിക്കഴിഞ്ഞിരുന്നു. അമ്മയായ ഒരു സ്ത്രീയുടെ കാരുണ്യരഹിതമായ പെരുമാറ്റം, ദയാരഹിതമായ ആക്രോശം..ഒടുവിൽ ആ ചപ്രത്തലമുടിക്കാരി കുഞ്ഞിനെ ചീപ്പ് കൈയിലെടുത്തു പിടിച്ചു അടിക്കാനോങ്ങൽ….

അമ്മയുടെ സ്വാർത്ഥത.. അവരുടെ പക്കലുള്ള ധനത്തിന്റെ, സൗകര്യങ്ങളുടെ അഹന്ത, ആരുമടുത്തില്ലാത്ത ദരിദ്രക്കുഞ്ഞിനോടുള്ള പുച്ഛവും നിസ്സാരതയും എല്ലാം അങ്ങനെ നഗ്നമായ ബീഭൽസതയോടെ അവിടെ പ്രത്യക്ഷപ്പെട്ടു.

മറ്റൊരനുഭവം.

ലാറിബേക്കറുടെ പേരു വഹിച്ചിരുന്ന ഒരു സ്ഥാപനത്തിലാണ് ദില്ലിയിൽ ഞാൻ ജോലി ചെയ്തിരുന്നത്. അതിവിശാലമായ ഒരു ചേരിയുടെ മുൻവശത്തായിരുന്നു പോളിക്ളിനിക്കും റേഷൻ ഷോപ്പും ഡോക്ടറുടെ ഓഫീസും ആംഫി തീയേറ്റ ചമയമുറികളും ഡോർമറ്ററികളും ശൗചാലയങ്ങളും ഒക്കെയുള്ള കെട്ടിടങ്ങൾ നിലകൊണ്ടിരുന്നത്. എല്ലാം ബേക്കറുടെ കെട്ടിടനിർമാണ പ്രമാണങ്ങളനുസരിച്ച് പണിയപ്പെട്ടവയുമായിരുന്നു.

അന്നൊരു നാൾ, ടൈംസ് ഓഫ് ഇന്ത്യയുടെ സെലിബ്രിറ്റി പേജിലൊക്കെ ഫോട്ടോ വരാറുള്ള ഒരു പ്രശസ്തയായ മാഡം ഓഫീസിൽ വന്നു. അമേരിക്കൻ ആക്സൻറിലുള്ള ഇംഗ്ലീഷിൽ അവർ മൊഴിഞ്ഞു. 'അവർക്ക് ഒരു ഹോട്ടലുണ്ട്. അതിന് കുറച്ചു കൂടി സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. അത് ലാറിബേക്കർ രീതിയിൽ ചെയ്യണം.. അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അല്പം സൗഹൃദവുമുണ്ട്'.

ഞങ്ങൾ വളരെ ബഹുമാനത്തോടെ കെട്ടിടനിർമാണത്തിൻറെ ബേക്കർ രീതികൾ പരിചയപ്പെടുത്തിയപ്പോൾ അവർക്ക് എല്ലാം ഇഷ്ടമായി. പൊട്ടിപ്പോയ ടൈൽത്തുണ്ടുകൾ വെച്ചുള്ള ഫ്ളോറിംഗ് മതി എന്നൊക്കെ അവർ ഉൽസാഹത്തോടെ പറഞ്ഞു.

അങ്ങനെ പണി ആരംഭിച്ചു.

നല്ല അഭിപ്രായസ്ഥൈര്യമുള്ള, കാര്യങ്ങളിലും ജോലികളിലും എല്ലാം കൃത്യമായ നിലപാടുകൾ ഉള്ള ഒരു ബംഗാളി ആർക്കിടെക്ട് ആണ് ഡിസൈൻ ചെയ്തു പണികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്.

ഹോട്ടൽ മുറ്റത്ത് അവിടവിടെ കസേലകളും മേശകളും തയ്യാറാക്കേണ്ടേതുണ്ട്. അത് പൊട്ടിയ ടൈൽത്തുണ്ടുകൾ വെച്ച് മതി എന്ന് ആ മാഡവും ആർക്കിടെക്ടും അമേരിക്കൻ ഇംഗ്ലീഷിൽ മൊഴിഞ്ഞ് ധാരണയിലെത്തിയിരുന്നു.

ഒരു ദിവസം ഉച്ചയോടെ ആർക്കിടെക്ട് ഓടിക്കിതച്ചു ഓഫീസിലെത്തി മാഡത്തിന്റെ ഹോട്ടൽ വർക്ക് ഒഴിയുകയാണെന്ന് പറയുന്നു. അവർ കാപട്യക്കാരിയാണെന്ന് കിതയ്ക്കുന്നു. ഒരു ഒത്തുതീർപ്പിനും അദ്ദേഹം ലേശം പോലും വഴങ്ങുന്നില്ല.

സംഭവമെന്താണ്? വേസ്റ്റ് ആയ ടൈൽത്തുണ്ടുകൾക്കു പകരം അവർ ഖജാരിയയുടെ പുത്തൻ ടൈൽപ്പെട്ടികൾ വാങ്ങി പണിക്കാരെ നിറുത്തി ചുറ്റികകൊണ്ട് അടിച്ചുടപ്പിക്കുകയാണ്!! ആർക്കിടെക്ട് ഇതു പറ്റില്ലെന്ന് പറഞ്ഞപ്പോൾ മാഡത്തിന് ഒരു കോടീശ്വരിയുടെ കോപം വന്നു. അവർ അലറി.

'ദാരിദ്ര്യവാസികൾ പൊട്ടിയ ടൈലും തപ്പി നടക്കുന്നത് പോലേയാണോ ഞാൻ? ദരിദ്രവാസികൾക്ക് ചാള പണിയാൻ മാത്രം അറിഞ്ഞാൽ പോരാ, ദില്ലിയിലെ പണക്കാരുടെ പിന്തുണയില്ലെങ്കിൽ നിങ്ങൾക്കിവിടെ ജീവിക്കാൻ പറ്റുമെന്ന് വിചാരിക്കേണ്ട.'

ധനത്തിന്റെ അഹന്തയും കൊലവിളിയും അങ്ങനെയാണ് എന്നും എപ്പോഴും എവിടെയും…

അടുത്തത് ഒരു വഞ്ചനയാണ്. പാവപ്പെട്ട കെട്ടിടംപണിക്കാർക്ക് ആശ കൊടുത്ത് ഞാനും ആ വഞ്ചനയിൽ ഭാഗമായി. അതാലോചിക്കുമ്പോൾ എനിക്കിന്നും കണ്ണീരു പൊട്ടും.

ഹരിയാണയിൽ ഒരു കൊടുംപണക്കാരന് ലാറിബേക്കർ രീതിയിൽ ഫാംഹൗസ് പണിയുന്ന കാലമായിരുന്നു. പ്രോജക്ട് തുടങ്ങുമ്പോൾ മാത്രമേ ഈ കൊടുംപണക്കാരേ നമുക്ക് ഒന്ന് കാണാൻ പറ്റൂ. പിന്നെ നമ്മോടൊക്കെ സംസാരിക്കുന്നതും അത്യാവശ്യം കാണാൻ വരുന്നതും കൊടും പണക്കാരുടെ മാനേജർമാർ ആയിരിക്കും. ദേവൻ പ്രസാദിച്ചാലും പൂജാരി സമ്മതിക്കില്ല എന്ന കൂട്ട് ഗമയന്മാരായിരിക്കും മിക്കവാറും മാനേജർമാർ.

ഈ കൊടും പണക്കാരന് ഗൾഫിലും അമേരിക്കയിലും ഒക്കെ അതികേമമായ ബിസിനസുകളും അനവധി ജോലിക്കാരും ആശ്രിതരും ഉണ്ടായിരുന്നു.

ബംഗാൾ, ബീഹാർ,രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഝാർഖണ്ഡ്, ഉത്തരപ്രദേശ്, ഒഡിഷ, ഗഢ്​വാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ അർധ പട്ടിണിക്കാരായിരുന്നു ഞങ്ങളുടെ കെട്ടിടം പണിക്കാർ. വീടു വെയ്ക്കണം, പെങ്ങളെ കല്യാണം കഴിപ്പിക്കണം, അമ്മേം അച്ഛനേം ചികിൽസിപ്പിക്കണം… അങ്ങനെ ഒരുപാട് ആവശ്യങ്ങളുള്ള ദരിദ്രരായിരുന്നു അവരെല്ലാവരും തന്നെ.

ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ പ്പോഴാണ് രവി എന്ന മേസ്തിരിക്ക് വലിയൊരു ബുദ്ധി ഉദിച്ചത്. കേട്ടവർ കേട്ടവർ കൈയടിച്ചു പാസ്സാക്കി. കൊടുംപണക്കാരനായ സാബിനോട് ഗൾഫിലേക്ക് പണിക്കെടുക്കാമോ എന്ന് ചോദിച്ചു നോക്കിയാലെന്താണ്.? അദ്ദേഹം സമ്മതിച്ചാൽ ജീവിതം രക്ഷപ്പെട്ടില്ലേ..

കൊടും പണക്കാരൻറെ മലയാളി മാനേജരോട് ഞാൻ ഞങ്ങളുടെ ആവശ്യം ഉണർത്തിച്ചു. അയാൾ പണിക്കാരുടെ പേരും വിലാസവും വയസ്സും മറ്റും എഴുതിയെടുക്കുകയും ബഡാ സാബിനോട് ചോദിച്ചിട്ട് അറിയിക്കാമെന്ന് പറയുകയും ചെയ്തു.

വിസ കിട്ടിയ പോലേ സന്തോഷമായി എല്ലാവർക്കും.

എന്തായാലും പാസ്പോർട്ട് എടുക്കാനുള്ള നിർദ്ദേശമാണ് മാനേജർ തന്നത്. ബുദ്ധിമുട്ടേറിയ പണിയായിരുന്നു അത്. പോലീസുകാർ കാശുവാങ്ങാതെ വെരിഫിക്കേഷൻ നടത്തിയില്ല. പരാതി പറയാൻ ആരും ഇല്ലല്ലോ. ദരിദ്രവാസികൾ ആരോടാണ് പരാതിപ്പെടുക? ഇനി പോലീസിനെതിരേ പരാതിപ്പെട്ടാൽ ആരാണത് കേൾക്കുക?

ഫാംഹൗസ് പണി കഴിഞ്ഞാൽ വിദേശത്ത് ജോലിയാക്കിത്തരാം എന്ന വാഗ്ദാനത്തിൽ മയങ്ങി, കഴിയുന്നത്ര വേഗതയിൽ ഞങ്ങൾ ജോലി ചെയ്തു തീർത്തു.

അന്നൊരു ഈദ് ദിനമായിരുന്നു.

അന്നാണ് ഞങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞത്. അത് ആ കൊടുംപണക്കാരനിൽ നിന്ന് നേരിട്ടറിഞ്ഞ പണിക്കാരുടെ കണ്ണീരിൽ ആ പാസ്പോർട്ടുകൾ എല്ലാം തന്നെ നനഞ്ഞു കുതിർന്നു.

മാനേജരോട് ഞാൻ ചോദിക്കാതിരുന്നില്ല. അയാളുടെ മറുപടി കൂടം കൊണ്ട് നിറുകന്തലയിൽ അടിക്കുന്ന പോലെ ആയിരുന്നു.

'നിങ്ങൾക്ക് വല്ല ഭ്രാന്തുമുണ്ടോ? ഈ ദാരിദ്ര്യപ്പിശാചുക്കളെ ഗൾഫിൽ കൊണ്ടു പോവാനോ? പോരാത്തതിന് മുസ്ലീമുകളുമാണ്. അവിടെ ചെന്ന് കാശു വന്നാൽ അപ്പോൾ തുടങ്ങും തീവ്രവാദം. ഫാം ഹൗസ് പണി പെട്ടെന്ന് തീരാൻ ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ.. ഈ അശ്രീകരങ്ങളെ തലയിലെടുത്തു വെക്കാൻ മാത്രം കഷ്ടപ്പാടുണ്ടോ ഞങ്ങൾക്ക് ?.'

ഞാൻ കണ്ണീരടക്കി ഇറങ്ങിപ്പോന്നു. പണിക്കാരോട് ഒന്നും തന്നെ പറഞ്ഞില്ല.

ഇങ്ങനെയാണ് ഉള്ളവർ പലരും ചെയ്യുക എന്ന പാഠം ഒരിക്കൽ കൂടി പഠിച്ചു.

കൊട്ടാരം പോലേയുള്ള കാറോടിച്ചു വരുന്നവരുടെ മുമ്പിൽ വഴിയാത്രക്കാർ പെട്ടുപോയാൽ…

ധാരാളം വിറ്റുപോകുന്ന പുസ്തകങ്ങൾ എഴുതിയവരുടെ മുന്നിൽ എഴുത്തിലെ തുടക്കക്കാർ നിലകൊണ്ടാൽ…

എന്തിന്? കക്കൂസ് ഉള്ള വീടുള്ളവർ അതില്ലാത്തവരോട് പെരുമാറുന്നതെങ്ങനെ എന്ന് നോക്കിയാൽ…

എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉള്ളവർ ഇല്ലാത്തവരോട് കയർക്കുന്ന, ഇല്ലാത്ത വരെ ചതിക്കുന്ന അഹന്തയ്ക്കായി ചൂണ്ടിക്കാട്ടാനാവും.

ഇല്ലാത്തവരുടെ നിസ്സഹായതയെ ശരിക്കും മനസ്സിലാക്കാൻ കഴിവുള്ളവരേ ഞാൻ നന്നേ കുറച്ചേ കണ്ടിട്ടുള്ളൂ. ഒരുപക്ഷേ, കണ്ടിട്ടില്ലെന്നു തന്നെ പറയാം..

Content Highlights: echmuvinte lokam, echmukutty

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented