അട്ടപ്പാടിയില്‍ കഫീല്‍ഖാന്‍| ഡോ. എം സുമിത്ര


ഡോ എം സുമിത്ര

ഡോ.പ്രഭുദാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ് |ഫോട്ടോ:മാതൃഭൂമി

പൂര്‍വാഞ്ചലത്തിലെ ഗാന്ധിജി ആയിരുന്നു ബാബാ രാഘവ് ദാസ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഗാന്ധിക്കൊപ്പം നിറഞ്ഞ വ്യക്തിത്വം. അദ്ദേഹത്തിന്റെ പേരില്‍ ഗോരഖ്പൂരില്‍ ഒരു ആശുപത്രിയുണ്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ്. അവിടെ പ്രാണവായു കിട്ടാതായി. കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചു. ഡോക്ടറായ കഫീല്‍ ഖാന്‍ രംഗത്തെത്തി. ഓക്‌സിജനെത്തിച്ചു. സര്‍ക്കാരിനെ ഞെട്ടിച്ചത് പക്ഷേ പിഞ്ചുമരണങ്ങളല്ല. ആ വാര്‍ത്ത പുറത്തു വന്നതാണ്. യോഗി കഫീലിനെ നോട്ടമിട്ടു. ഇന്നും തീര്‍ന്നിട്ടില്ല കഫീലിന്റെ സങ്കടങ്ങള്‍.

അട്ടപ്പാടിയുടെ കഫീല്‍ ഖാനാണോ ഡോ പ്രഭുദാസ്? യോഗി ആദിത്യനാഥിനോട് വീണാ ജോര്‍ജിനെ താരതമ്യം ചെയ്യാറായിട്ടില്ല. പക്ഷേ വീണയിലും കണ്ടുതുടങ്ങുകയാണ് അധികാരത്തിന്റെ ജനിതകം. പിണറായി വിജയനും നരേന്ദ്ര മോദിയും മാധ്യമലാളന കിട്ടിയവരല്ല. അവരും പുറന്തള്ളുന്നുണ്ട് ഏകാധിപത്യത്തിന്റെ ദുര്‍ഗന്ധം. വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. അതിവൈകാരിക പക്ഷപാതിത്വങ്ങളുടെ ഭൂതകാലം സമ്മാനിക്കുന്ന തോല്‍വി.
ആ തുരുമ്പിച്ച നാലാം തൂണിലാണ് വീണയുടെ പിറവി. ശൈലജടീച്ചറെ വെല്ലാനാണ് വെമ്പല്‍. ടീച്ചര്‍ക്കുള്ള അനുഭവങ്ങളുടെ അഭാവം മറച്ചുവയ്ക്കാനാണ് തത്രപ്പാട്. മാധ്യമങ്ങള്‍ക്കുള്ള വിലക്കാണ് തുടക്കം. അവജ്ഞയുടേയും പുച്ഛത്തിന്റേയും ഭാവപ്പകര്‍ച്ചകളുണ്ട് മുഖത്ത്.

എസി മുറിയില്‍ ഇരുന്ന് ചോദ്യം ചോദിക്കാന്‍ എളുപ്പമാണ്. മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്. മറുപടി പറയുകയായിരുന്നു പ്രഭുദാസ് ഇത്രനാളും. അട്ടപ്പാടിയുടെ അവഗണിക്കപ്പെട്ട ഉഴവുചാലുകളില്‍. സാംരംഗിലെ വിജയലക്ഷ്മി എഴുതുന്നുണ്ട്. പണ്ട് ജൂനിയര്‍ ഡോക്ടറായിരുന്നപ്പോഴത്തെ പ്രഭുദാസിനെപ്പറ്റി. അനാരോഗ്യകേന്ദ്രത്തെ ആശുപത്രി ആക്കിയതിനെപ്പറ്റി. പ്രാണന്റെ തുള്ളിയോരോന്നും ദിനേന രോഗികള്‍ക്ക് കൈമാറിയ വൈദ്യനെപ്പറ്റി.
പണ്ടാണ്. മുത്തങ്ങ വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന്. ഒട്ടേറെ നേതാക്കള്‍ മുത്തങ്ങയില്‍ എത്തി. ഇപ്പോഴത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വനം മന്ത്രി. കല്ലേപ്പിളര്‍ന്നു അന്ന് മന്ത്രി കല്‍പനകള്‍. മുത്തങ്ങയിലും ബത്തേരിയും വഴി നടക്കാന്‍ പോലും ആദിവാസികള്‍ പേടിച്ചു.

veena george at attappady
അട്ടപ്പാടിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജ്| ഫോട്ടോ: പി.പി രതീഷ്, മാതൃഭൂമി

അപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ വന്നു. പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ട് മറ്റു നേതാക്കള്‍ വിസ്മയിച്ചു. വിഎസ് പറഞ്ഞു.'' ആ പാവങ്ങളുടെ പണി ആയുധങ്ങളല്ലേ. ഞാനിത് കണ്ടിട്ടുണ്ട്, നിങ്ങളൊക്കെ ഉണ്ടാവും മുമ്പ്.'' ഒരു നേതാവ് ജനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജനങ്ങളെ കണ്ടു വളര്‍ന്ന നേതാക്കള്‍ ഇല്ലാതാവുകയാണ്. അട്ടപ്പാടിയുടെ ദുരന്തം അതിനാല്‍ മനസ്സിലാവില്ല. ആദിവാസി അമ്മമാര്‍ മാത്രം എന്തുകൊണ്ട് ചാവുന്ന കുഞ്ഞുങ്ങളെ പെറുന്നു? അവിടെ കുടിയേറിയവര്‍ക്ക് പോഷകാഹാരക്കുറവ് എന്തേ ഉണ്ടാകുന്നില്ല? ആദിവാസി ക്ഷേമ പദ്ധതികള്‍ എന്തേ ഫലം കാണുന്നില്ല? ആനത്താരയില്‍ പറന്നുപോകുന്ന തകരക്കൂടുകളായി ആദിവാസിപാര്‍പ്പിടങ്ങള്‍ പണിയുന്നതാരാണ്?
പറഞ്ഞല്ലോ. ചോദ്യം ചോദിക്കാന്‍ എളുപ്പമാണ്. ഉത്തരം പറയേണ്ടത് മന്ത്രിമാരാണ്. ഇന്നലെ വന്നവരല്ല. ഇന്നോളം നിന്നവര്‍.

വിവിധ മില്ലറ്റുകള്‍ ഭക്ഷണത്തില്‍ ഉണ്ടായിരുന്നവരായിരുന്നു ആദിവാസികള്‍. അരിയും പയറും നല്‍കിയാല്‍ വയറു നിറയുന്നത് സര്‍ക്കാരിന് മാത്രം. ചാവല്‍ബാബമാര്‍ എന്നും അധികാരത്തില്‍ തുടരില്ല. വിശപ്പ് കൊണ്ട് അപ്പം മോഷ്ടിക്കുന്നവരെ തല്ലിക്കൊല്ലുന്ന നാടാണ്. കല്‍പനകള്‍ക്ക് മുമ്പ് കണ്ണു തുറക്കണം അധികാരികള്‍.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചില്ലറക്കാരല്ല. ജനങ്ങളോട് ആത്മാര്‍ത്ഥത ഉള്ളവരാണ് മിക്കവാറും പേര്‍. അല്ലെങ്കില്‍ അവര്‍ക്ക് പോകാന്‍ ഇടങ്ങളുണ്ട്. ഇതിനേക്കാള്‍ മികച്ച സേവന വേതന വ്യവസ്ഥകളും. എന്നിട്ടും അവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരുന്നു. അവരില്‍ പ്രഭുദാസ് പുറകിലല്ല. നഗരകേന്ദ്രങ്ങളില്‍ പണിയെടുക്കേണ്ടെന്ന് നിശ്ചയിച്ച ഡോക്ടര്‍മാര്‍ ഒരുപാടുണ്ട് നമുക്ക്. ഗ്രാമീണ മേഖലകളില്‍ അവര്‍ പണിയെടുക്കുന്നതും പ്രതിജ്ഞാബദ്ധമാണ്. ആ സംതൃപ്തിയെ ശസ്ത്രക്രിയ ചെയ്തു നീക്കുന്നത് നല്ലതല്ല.

അട്ടപ്പാടിയില്‍ ശിശുമരണം ഉണ്ടാകുന്നത് മുമ്പേ പറഞ്ഞ നിരവധി കാരണങ്ങളാലാണ്. ആദിവാസികള്‍ക്ക് മാത്രം ബാധകമാവുന്ന കാരണങ്ങള്‍. അത് സര്‍ക്കാരുകളുടെ പരാജയം. അവിടെ മന്ത്രി തിരക്കിട്ട് ചെല്ലുന്നത് തെറ്റല്ല. പക്ഷേ മികവ് കാണിക്കാന്‍ മറ്റുള്ളവരെ ഇകഴ്ത്തരുത്.

ആശുപത്രി ചുമതലയുള്ള ഡോക്ടറെ ഇല്ലാത്ത യോഗത്തിന് തലസ്ഥാനത്തേക്ക് വിളിക്കുന്നു. ആശുപത്രില്‍ വന്ന മന്ത്രി വിറകിന്റേയും വെണ്ണീറിന്റേയും വരെ കണക്കെടുക്കുന്നു. മറുപടി ഇല്ലാത്തതിന് മുഖം മുഷിപ്പിക്കുന്നു. മറുപടി പറയാന്‍ ആളില്ലെന്ന് മന്ത്രി ഉറപ്പാക്കുന്നു. മന്ത്രിയല്ലെങ്കില്‍ മന്ത്രിക്ക് ഒപ്പമുള്ളവര്‍.

പ്രഭുദാസ് സംശയിച്ചാല്‍ കുറ്റം പറയാന്‍ വയ്യ. അയാളുടെ ആത്മാര്‍ത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കലായിരുന്നു മന്ത്രിക്ക് കരണീയം. മറിച്ച് അനാവശ്യമായി നടപടിയിലേക്ക് നീളുന്നു. സ്ഥലംമാറ്റം. തള്ളിപ്പറയല്‍. ശിക്ഷ.

അത് അധികാരത്തിന്റെ ഭാഷയാണ്. രാഷ്ട്രീയക്കാര്‍ മാത്രമല്ല ജനസേവകര്‍ എന്ന ചിന്ത ഈ മന്ത്രിക്കെങ്കിലും വേണ്ടേ? നാലാം തൂണില്‍ ചാരി ചോദ്യം ചോദിച്ചിട്ടില്ലേ ഒരുപാട്. ചര്‍ച്ചയുടെ വഴിയടയ്ക്കരുത്. ആരും അടിമകളല്ല.
മാറേണ്ടത് മാറ്റം കൊതിക്കുന്ന ഡോക്ടര്‍മാരല്ല. മാറാത്ത വ്യവസ്ഥയാണ്. മരണം വിതയ്ക്കുന്ന നയങ്ങളാണ്. അട്ടപ്പാടിയുടെ വിശപ്പാണ്. ഊരുകളിലെത്താത്ത സര്‍ക്കാര്‍ സംവിധാനമാണ്. ആദിവാസികള്‍ക്ക് കിട്ടാതെ പോകുന്ന സുസ്ഥിര വികസനമാണ്. ആദിവാസികള്‍ക്ക് കിട്ടുന്നതും അടിച്ചുമാറ്റുന്ന ഇടനിലക്കാരാണ്. ദീനമായ സാമൂഹിക സൂചകങ്ങളാണ്.

പട്ടിണി കിടന്നു ചത്തവര്‍ക്ക് ബിരിയാണി വിളമ്പിയിട്ട് കാര്യമില്ല മാഡം. അപ്പം കിട്ടാത്തവരോട് കേക്ക് തിന്നോളാന്‍ പറഞ്ഞ ഫ്രഞ്ച് രാജ്ഞിയുടെ കാലമല്ല. മാസ്‌കിട്ട് മറയ്ക്കാനാവില്ല കഫീല്‍ ഖാന്റെ പിറവി.

Content Highlights: veena george, prabhu das

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented