അതിജീവിക്കുമോ ഒരുത്തീ?


ഡോ എം സുമിത്ര

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊല്ലം കുറച്ചായി. ഒരു പെണ്‍കുട്ടി സഞ്ചരിക്കുകയാണ്. കേരളത്തിന്റെ മനസ്സിലൂടെ. അനാഥം. എല്ലാവരും അവള്‍ക്കൊപ്പം. അവളെ ആക്രമിച്ചവര്‍ പോലും എന്നതാണ് വിചിത്രം. ഇതാദ്യമായി അവള്‍ രാഷ്ട്രീയ വിചാരണയ്ക്ക് വിധേയയാവുന്നു. തിരഞ്ഞെടുപ്പുകള്‍ ചിലപ്പോള്‍ ക്രൂരമാണ്. ഇത് ആ അതിജീവിതയുടെ ഊഴം.
ഓര്‍ത്തുപോവുകയാണ് ചലച്ചിത്രമേള. എത്ര നാടകീയമായാണ് അവളെ അവതരിപ്പിച്ചത്. എത്ര സിനിമാറ്റിക്കായിരുന്നു രഞ്ജിത്? മംഗലശ്ശേരി കാര്‍ത്തികേയന് മുന്നില്‍ ജാനകിയെപ്പോലും ഇങ്ങനെ കൊണ്ടു വന്നിട്ടില്ല. കോശിയുടെ അപ്പന്‍ അയ്യപ്പന്‍ നായരെ കാണാന്‍ ചെന്നപ്പോള്‍ പോലും ഇത്ര തന്മയത്വം കണ്ടില്ല. കയ്യടക്കവും.

സുഖദമാവില്ല ഇര എന്ന പദം. അനുഭവിക്കുന്നവള്‍ക്ക്. അവള്‍ വേട്ടയാടപ്പെട്ടു കൊണ്ടേയിരുന്നു. സിനിമ പൊളിയുന്നതിലേയുള്ളൂ നായകന് സങ്കടം. അതിന് പണയം നിര്‍മ്മാതാവിന്റെ ഭാര്യയുടെ താലിമാല. അവള്‍ക്കോ. പേരു പോലും നഷ്ടമായവള്‍. അഭ്രപാളിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവള്‍. എന്നും അപമാനിത. അതിജീവിത. -അസഹ്യമാണ് ഈ സാന്ത്വനം പോലും.
അവളെയാണ് ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വം കല്ലെറിയുന്നത്. സംസ്ഥാന ഭരണത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകാത്ത ഒരു ഉപതെരഞ്ഞെടുപ്പിന് വേണ്ടി. മൂത്ത ചക്കയ്ക്കും വലിയ മീനിനുമായി തട്ടേറിയ ചേകവന്മാരുടെ വിലയേയുള്ളൂ തൃക്കാക്കരയ്ക്കും. ഇഷ്ടമില്ലെങ്കില്‍ പക്ഷേ അച്ചി തൊട്ടതൊക്കെ കുറ്റം.
എത്ര ഹീനമാണിത്. നോക്കൂ. അവള്‍ പറഞ്ഞത് എന്താണ്? അഥവാ എത്രത്തോളം അവള്‍ പറയാതിരുന്നു?

ഉന്നത വക്കീലിനെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണോദ്യോഗസ്ഥരുടെ ആദ്യ നിലപാട്. അത് പിന്നീട് മാറി. അദ്ദേഹത്തിന്റെ ജൂനിയര്‍ വക്കീല്‍മാരെ ചോദ്യം ചെയ്യണമെന്ന് പിന്നീട് ഹൈക്കോടതിയെ വരെ അറിയിച്ചു. മുംബൈയില്‍ നിന്ന് അമ്മാതിരി തെളിവു കിട്ടി എന്നായിരുന്നു മൊഴി. അതില്‍ നിന്നും അന്വേഷണ സംഘം പിന്മാറി. അതി നാടകീയമായി അതിജീവിതയെ അവതരിപ്പിച്ചവര്‍ അതിലേറെ നാടകീയമായി ഇരുന്നു. പ്രതിക്കൊപ്പം. ഒരേ തീവണ്ടിയില്‍ പോകുന്നവര്‍ കാണില്ലെന്ന വിചിത്ര ന്യായത്തോടെ. തൊട്ടരികെ.

കാണണം. കൊല്ലം അഞ്ചായി. ആദ്യം വേട്ട. പിന്നെ വിചാരണാ പീഡനം. പിന്നാലെ പ്രതിയുടെ വക ഹര്‍ജി, കോടതി നടപടികള്‍ താമസിപ്പിക്കാന്‍ നിരന്തര ഇടപെടലുകള്‍. വെളിപ്പെടുത്തലുകള്‍. പുറകേ പുതിയ വെളിപ്പെടുത്തലുകള്‍. കോടതിയില്‍ കൊടുത്ത ദൃശ്യങ്ങള്‍ പുറത്തായെന്ന സംശയം. അത് ദുരീകരിച്ചിട്ടില്ല ഇനിയും. സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചെന്നത്. കോടതിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ തന്നെ നഷ്ടമായെന്നത്. ശ്രീജിത്ത് മാറിയത്. ദര്‍വേഷ് സാഹിബ് വന്നത്. അന്തിമ റിപ്പോര്‍ട്ട് വൈകില്ലെന്ന വ്യക്തമാക്കല്‍.

പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അവളെ കുറ്റം പറയാനാവില്ല. ഒരു കാരണവശാലും. അത് അവളുടെ അവകാശം. പ്രത്യേകിച്ചും തിരുവനന്തപുരത്ത് ശശികല ചാര്‍ത്തിയ ദീപാവലയം വന്നപ്പോള്‍. എല്ലാം നംധനനംധനനം. നിശയുടെ കാര്‍ത്തിക വര്‍ണാഭരണം. ആകാം, ഭരിക്കുന്നവര്‍ക്ക് കളനൂപുര ശിഞ്ജിതരഞ്ജിതമേളം. അവള്‍ക്ക് പോയത് പകലുകള്‍ കൂടിയാണ്.
തൃക്കാക്കര തിരഞ്ഞെടുപ്പും അവളുമായി ബന്ധമില്ല. ഉപതിരഞ്ഞെടുപ്പുള്ളപ്പോള്‍ ആരും മിണ്ടരുതെന്ന് കല്‍പിക്കരുത്. പറഞ്ഞു കൊടുക്കൂ രഞ്ജിത്. കല്‍പനയുടെ വാറോലയുമായി ആരും കണിമംഗലത്തേക്ക് വരേണ്ടെന്ന്.

അപ്പോഴാണ് പരിഹാസം. അവള്‍ക്കു പിന്നില്‍ ബാഹ്യശക്തികളുണ്ടത്രേ. ആന്റണി രാജു മന്ത്രിയാണ്. ഗതാഗതം. അവിടെ എല്ലാം ശരിയാക്കിക്കഴിഞ്ഞു. സ്വന്തം തൊഴിലാളികളോട് നീതി കാണിക്കാതെ ഉപദേശിക്കാന്‍ പോകരുത്. മരിച്ചു കഴിഞ്ഞാല്‍ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കുമെന്ന് ബോര്‍ഡു വച്ചു കഴിഞ്ഞു ട്രാന്‍സ്‌പോര്‍ട് ബസ്സുകള്‍. ആദ്യം അതൊന്ന് അതിജീവിപ്പിക്കൂ. എന്നിട്ടാവാം അതിജീവിതയോട്.
കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു കഴിഞ്ഞു അവളുടെ ദുരുദ്ദേശ്യങ്ങളെ പറ്റി. പ്രതിയുടെ അത്ര ബന്ധം ഭരണപക്ഷവുമായി എന്തായാലും അവള്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു കൊല്ലമായി അവള്‍ അലയേണ്ടി വരില്ലായിരുന്നു. അവള്‍ക്കായി ബന്ദും ഹര്‍ത്താലും നടക്കുമായിരുന്നു. മറക്കരുത് പണ്ടും ഇത് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. വടകരയില്‍ 51 വെട്ടേറ്റ ഒരാള്‍ മരിച്ചു കിടന്നപ്പോള്‍. ടിപി വധം വടകരയില്‍ വിഷയമാവില്ല. സ്മരണ വേണം.

എന്തുമായിക്കൊള്ളട്ടെ വിഷയങ്ങള്‍. അത് അവളുടെ പ്രശ്‌നമല്ല. അവളുടെ പ്രശ്‌നം അങ്ങനെ എന്തുമാക്കാവുന്നതും അല്ല.
അധികാരം വമിപ്പിക്കുന്ന വാടകളില്‍ അവള്‍ തല്‍പരയല്ല. അതിനാല്‍ അവള്‍ പോയില്ല, കെ റെയിലിന് കല്ലിടാന്‍. കല്ലിടല്‍ തടയാനും. അവളുടെ നെഞ്ചകത്തൊരു കല്ലുണ്ട്. നീതിയുടെ മഴയില്‍ മാത്രം അലിഞ്ഞുപോകുന്നത്.

തൃക്കാക്കരയുടെ ശസ്ത്രക്രിയ നിങ്ങളുടേതാണ്. ആ മേശമേലുള്ള കത്തിയുടെ കൃത്യതയും നിങ്ങള്‍ക്കെടുക്കാം. അവള്‍ക്കു വേണ്ടത് നിങ്ങളുടെ സമാശ്വാസമല്ല. എല്ലാം ശരിയാക്കും എന്ന ഉറപ്പുമല്ല. ഈ സമൂഹം ശരിയാക്കിക്കഴിഞ്ഞ ഒരു ജീവിതം കൊടി പിടിക്കുകയാണ്. ഭരണ- പ്രതിപക്ഷങ്ങള്‍ക്ക് മനസ്സിലാവാത്ത കൊടി. കോടികളല്ല, ഉയരുന്നത് കൊടിയാണ്.

Content Highlights: d. m sumitra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented