കെ.വി തോമസ്| ഫയൽ ഫോട്ടോ
മീന്‍ പിടിച്ചു നടന്ന ആളാണ് കെവി തോമസ്. പറഞ്ഞത് അദ്ദേഹം തന്നെ. മാഷെ മനുഷ്യനെ പിടിക്കുന്നവനാക്കുകയാണ് സിപിഎം. തോമസേ, നീ പാറയാകുന്നു. നിനക്കു മീതെ ഞാന്‍ തൃക്കാക്കരയില്‍ പള്ളി പണിയും.
നൂലില്‍ കെട്ടി വന്നതല്ല എന്നു പറയുന്നു മാഷ്. അച്ചാരു പറമ്പില്‍ തിരുമേനി പാരച്യൂട്ടില്‍ തന്നെ മാഷെ ഇറക്കി. എന്‍പതുകളില്‍ ചൈതന്യയില്‍ ഉയര്‍ന്ന ആരോപണമാണ്. കെ കരുണാകരന്‍ കെട്ടിപ്പിടിച്ചു. അധികാരത്തിന്റെ രസതന്ത്രം മാഷ് പഠിച്ചു. എംഎല്‍എയായി. എംപിയായി. എല്ലായിടത്തും മന്ത്രിയായി. സോണിയയുടെ അടുപ്പക്കാരനായി. രാഹുലിനേയും പ്രിയങ്കയേയും പഠിപ്പിച്ചു. യെച്ചൂരിയുമായി ദൃഢബന്ധമായി.
അങ്ങനെ മാഷ് ക്ലാസിന് പോവുകയാണ്. ചെങ്കോട്ടയിലേക്ക്. കുട്ടികള്‍ പഠിപ്പിസ്റ്റുകളാണ്. പ്രതിഭകള്‍. എന്തിലും അവസാന വാക്ക് പറയുന്നവര്‍. അധ്യാപകരോട് ആദരവുള്ളവര്‍. അവരെ കേന്ദ്ര സംസ്ഥാന ബന്ധം പഠിപ്പിക്കാന്‍ ഇറങ്ങുന്നു പഴയ കോളേജ് അധ്യാപകന്‍.
സ്വന്തം മികവിലാണ് മാഷുടെ വിശ്വാസം. 1984 ല്‍ ആ മികവിനെ സഭ ആശീര്‍വദിച്ചു. കരുണാകരന്‍ ആശ്ലേഷിച്ചു. മണ്ഡലം പ്രസിഡന്റായ മാഷ് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി. കെട്ടിയിറക്കി എന്ന് പറഞ്ഞത് എ ഗ്രൂപ്പും സിപിഎമ്മും. കെ സുധാകരന്‍ പാര്‍ട്ടിയില്‍ ഇല്ല. സതീശന്‍ വിദ്യാര്‍ത്ഥി. മാഷുടെ മികവ് ആഞ്ഞുവീശി. നാനൂറിലേറെ സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. ഇന്ദിര ഇല്ലാത്ത ലോക്‌സഭ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.
മാഷ് പറയുന്നു. 1991 ല്‍ വലിയ നേട്ടം ഉണ്ടാക്കി. അന്നും ഒരു ബോംബ് പൊട്ടി. ശ്രീപെരുമ്പത്തൂരില്‍. കുവൈറ്റ് യുദ്ധത്തിന്റെ വോട്ടില്‍ ജില്ലാ കൗണ്‍സിലിലേക്ക് ജയിച്ച സിപിഎം അന്ന് നേരത്തേ തുന്നിയ മുഖ്യമന്ത്രിക്കുപ്പായം കീറി. മാഷുടെ ഭാഗ്യം.
ആദ്യം കരുണാകരന്റെ കുടുംബത്തിന് തിരുത വിളമ്പി എന്നായിരുന്നു മാഷിന് എതിരായ ആരോപണം. ആന്റണിയേക്കാള്‍ അത് പ്രചരിപ്പിച്ചത് സിപിഎം തന്നെ. ഡിഐസിയുമായി കരുണാകരനും മുരളിയും മാറിയപ്പോള്‍ മാഷ് അകന്നു. പ്രിയങ്കയ്ക്കും രാഹുലിനും ട്യൂഷനെടുത്ത ബന്ധമായി. അന്നും പാര്‍ലമെന്റ് സീറ്റ് നിഷേധിക്കാന്‍ തീരുമാനം വന്നു. കേരളത്തില്‍. മാഷ് ദല്‍ഹിയിലേക്ക് ആയുര്‍വേദ ചികിത്സയ്ക്ക് പോയി. തിരിച്ചു വന്നത് സ്ഥാനാര്‍ത്ഥിയായെന്ന് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു. ആരോപണം കനത്തു. പക്ഷേ മാഷ് ജയിച്ചു. എംപിയായി. മന്ത്രിയായി.
എന്നും സഭയോട് നല്ല ബന്ധമുണ്ട് കെ വി തോമസിന്. കാശു വാങ്ങി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്ന ആരോപണം ഇനി വരില്ല തൃക്കാക്കരയില്‍ ഇടതു മുന്നണിക്ക്. അല്‍മായര്‍ക്ക് മാഷെ അറിയാം. ഏത് അന്തര്‍ജനത്തേക്കാളും. ചന്ദ്രകളഭം ചാര്‍ത്തിയത് മറക്കാന്‍ കാലമായെന്ന് മാഷും കരുതുന്നുണ്ടാവും. അതിവേഗപ്പാതയിലാണ് കാലം.
പിന്നെ അത്ര ബുദ്ധിമുട്ടൊന്നും വരില്ല. എകെ ജിക്ക് ശേഷം പട്ടിണി ജാഥ നടത്തിയ വികസന നായകനായി കെവി തോമസ് മാറും. ഭക്ഷ്യ ഭദ്രതാ ബില്‍ കൊണ്ടു വന്നത് അദ്ദേഹമല്ലോ. അത് കാരാട്ടും യെച്ചൂരിയും നിര്‍ദേശിച്ച പ്രകാരമെന്നും വെളിപ്പെടുത്തും.
ഹൈബി ഈഡന് സീറ്റ് കൊടുത്തതില്‍ പ്രതിഷേധിച്ച മാഷ് പോവുകയാണ്. ശൈലജ ടീച്ചര്‍ക്ക് സീറ്റു നിഷേധിച്ച കൂടാരത്തിലേക്ക്.
കോണ്‍ഗ്രസ്സിനോട് എന്തു പറയാന്‍. കേന്ദ്ര സംസ്ഥാന ബന്ധത്തെ പറ്റി കെ വി തോമസിന്റെ അര മണിക്കൂര്‍ പ്രസംഗം കേള്‍ക്കാം. ആരിഫ് ഖാന് എതിരേ നെഹ്‌റൂവിയന്‍ പറയുന്നതില്‍ പുളകം കൊള്ളാം. 1959 ല്‍ നെഹ്‌റു തന്നെ ഇഎംഎസിനെ പിരിച്ചുവിട്ടത് തല്‍ക്കാലം മറക്കാം.
മുമ്പേ പോയി വഴി വെട്ടിയ കെപി അനില്‍കുമാര്‍ പറഞ്ഞ പോലെ വ്യക്തി സ്വാതന്ത്യത്തെ പുനര്‍നിര്‍വചിക്കാം. സിപിഎം വേറെ പാര്‍ട്ടി. മാഷും അപ് ഡേറ്റഡ്. കുമ്പളങ്ങി നൈറ്റ്‌സാണ് പ്രധാനം. സാമ്രാജ്യത്ത്വത്തേക്കാള്‍ പേടിക്കേണ്ടത് കണ്ണമ്മാലി എസ് ഐയെ ആണ്. മാഷ് വര്‍ക്ക് ചെയ്യാന്‍ ഇറങ്ങുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യ പോയത് ഇനിയും അറിയാത്ത സോണിയാ ഗാന്ധി മാഷെ കാണാന്‍ ഇടയില്ല. ഉരുക്കു പട്ടേലിന് പകരം വച്ച അലൂമിനിയം പട്ടേലിന്റെ മകനും വേറെ വഴി നോക്കുകയാണ്. രാഹുല്‍ ഗാന്ധി എന്തായാലും ഇനി വയനാട്ടിലേക്ക് വരാന്‍ ഇടയില്ല.
മനസ്സാക്ഷിയാണ് മുഖ്യം. ചമ്പാരനില്‍ ഗാന്ധിജി പറഞ്ഞ മനസ്സാക്ഷി. ബ്രിട്ടീഷ് കോടതി ഞെട്ടിയ മനസ്സാക്ഷി. യെച്ചൂരിക്ക് കൊടുത്ത വാക്ക്. പി രാജീവിന് കൊടുത്തെന്ന് ചിലര്‍ പറയുന്ന വാക്ക്. തിരുതത്തോമയെന്ന് ആക്ഷേപിക്കേണ്ട കാര്യമൊന്നുമില്ല. ഓണ്‍ലൈനില്‍ കിട്ടും തിരുത. തേങ്ങാപ്പാലില്‍ വേവിച്ചത്. സമയമില്ല. മാഷുടെ പൊളിറ്റിക്കല്‍ കെമിസ്ട്രി ക്ലാസുണ്ട്. വെള്ളിനിറമുള്ള മീനുകള്‍ തിളങ്ങട്ടെ.
Content Highlights: k v thomas, cpm party congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..