കനല്‍ക്കാറ്റ് നിലയ്ക്കുമ്പോള്‍


By ഡോ. എം. സുമിത്ര

2 min read
Read later
Print
Share

മറഡോണ ജനക്കൂട്ടത്തിന്റെ പ്രാണവായു പന്തില്‍ നിറച്ചു. ഏറ്റവും പിന്നാക്കം നിന്നവരുടെ നിശ്വാസം. ഇറ്റാലിയന്‍ ലീഗില്‍ ചേര്‍ന്നത് നാപ്പോളിയിലാണ്.

കാല്‍പ്പന്തിനെ പ്രതിരോധമാക്കിയ കലാപകാരി മത്തിയാസ് സിന്‍ഡ്‌ലറാണ്. നീലക്കണ്ണുള്ള ഓസ്ട്രിയന്‍ ഇതിഹാസം. ആര്യന്‍ അധിനിവേശത്തിന്റെ ചുവടുകള്‍ ഇടറുമെന്ന് ഹിറ്റ്‌ലര്‍ക്ക് തോന്നിയ കാലം. ജര്‍മ്മനി ഓസ്ട്രിയ പിടിച്ചടക്കി. ആ ഫുട്‌ബോള്‍ സംഘവും ജര്‍മ്മനിയുടേതാക്കി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ തീപ്പിപ്പിടിച്ച മുപ്പതുകള്‍.

നാസി മേലാളന്മാരുടെ കളിനിയമങ്ങള്‍ക്കൊപ്പിച്ച് അവസാന മത്സരം. ഓസ്ട്രിയന്‍ പതാകയിലെ വെളുപ്പും ചുവപ്പും ഉടുപ്പിട്ട് സിന്‍ഡ്‌ലറും സംഘവും. അവസാന ഇരുപത് മിനിറ്റില്‍ അവര്‍ വിജയിച്ചു. സിന്‍ഡ്‌ലര്‍ വിരമിച്ചു. കൊന്നു എന്ന് ഇന്നും കരുതുന്ന, അന്ത്യനിമിഷംവരെ ഒരിക്കലും ഒത്തുതീര്‍പ്പിനു നിന്നില്ല സിന്‍ഡ്‌ലര്‍.

നാടിന്റെ ശ്വാസം പന്തില്‍ നിറച്ചു വന്ന പലരും പന്നീടുമെത്തി. പെലെ അത് കവിതയാക്കി. പുഷ്‌ക്കാസും യൂസേബിയോയും ക്രൈഫുമെല്ലാം തുടര്‍ച്ചയായി. ആ വരിയുടെ അറ്റമാണ് മറഡോണ.

1986-ലെ ലോകക്കപ്പിലാണ് ഡീഗോ കേരളത്തെ കീഴടക്കിയത്. എന്നാല്‍ 1978-ല്‍ മരിയോ കെംപസ്സ് ഹാട്രിക്കില്‍ അര്‍ജന്റീന കിരീടമണിഞ്ഞു. മറഡോണ കളിക്കാനാവാതെ കണ്ടു നിന്നു. ശരാശരിക്കാരന്‍ പാവ്‌ലോ റോസി താരമായ 1982. ടാക്ലിംഗുകളില്‍ വശം കെട്ട് മറഡോണ വീണു. ഗോള്‍ അടിപ്പിക്കുന്നതാണ് കളിയെന്ന് ഡീഗോ അന്ന് അറിഞ്ഞു.
മാരഡോണയുടെ ആ എഴുന്നെള്ളത്താണ് മെക്‌സിക്കന്‍ തിരമാല. മഠത്തില്‍ വരവു കണ്ട് ഞെട്ടിയവര്‍ പിന്നാലെ വിസ്മയിച്ചു. കാലങ്ങളെ മറികടന്ന് ഇലഞ്ഞിത്തറ മേളം.

പ്രതിഭകളുടെ തേര്‍വാഴ്ച കണ്ടു മെക്‌സിക്കോയില്‍. മുഴുവന്‍ സംഘത്തിലും ദൈവങ്ങള്‍. ആരാധകര്‍ തൊഴുതു നിന്നു. മെക്‌സിക്കോയില്‍ ഹ്യൂഗോ സാഞ്ചസ്, ഫ്രാന്‍സില്‍ പ്ലാറ്റീനിയും ടിഗാനയും. ബ്രസീലില്‍ സീക്കോയും സോക്രട്ടീസും. കൊളംബിയയില്‍ കാര്‍ലോസ് വള്‍ഡരാമ. യുറഗ്വായില്‍ എന്‍സോ ഫ്രാന്‍സിസ്‌കോലി, ജര്‍മന്‍ സംഘത്തില്‍ ബ്രഹ്‌മേയും മത്ത്യാസും, ഇംഗ്ലണ്ടില്‍ റോബ്‌സണും ലിനേക്കറും, കാമറൂണില്‍നിന്ന് റോജര്‍ മില്ല. സോവിയറ്റ് യൂണിയനില്‍നിന്ന് ബലാനോവും പ്രോട്ടോസോവും. എല്ലാ സംഘങ്ങളിലും നായകന്മാരാവാന്‍ കെല്‍പുള്ളവര്‍.

എന്നാല്‍, ആ ലോകക്കപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍മാരുടേതായിരുന്നു. നെഹ്‌റു കപ്പ് കളിക്കാന്‍ വന്ന് ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായ റീനെ ദസയേവ് റഷ്യന്‍ വല കാത്തു. കൊളംബിയയില്‍ സാക്ഷാല്‍ ഹിഗ്വിറ്റ. ഫ്രാന്‍സിന് ജോയല്‍ ബാറ്റ്‌സ്, ബല്‍ജിയത്തിന് ജീന്‍ ഫാഫ്, ഉത്തര അയര്‍ലണ്ടിന് പാറ്റ് ജന്നിംഗ്‌സ്, സ്പാനിഷ് വരയില്‍ സുബിസാരെറ്റ, ജര്‍മനിയില്‍ ഷൂമാക്കര്‍, അര്‍ജന്റീനയ്ക്ക് നെരി പുംപിദോ. ഇംഗ്ലണ്ടിന് പീറ്റര്‍ ഷില്‍ട്ടണ്‍.

ഹിഗ്വിറ്റയുടെ ഉന്മാദം, ദസയേവിന്റെ സേവുകള്‍, സുബിസാരെറ്റയുടെ വഴക്കങ്ങള്‍, ജോയല്‍ ബാറ്റ്‌സ് തടുത്തിട്ട പെനാല്‍റ്റി കിക്ക്, ഷൂമാക്കറുടെ ചോരാക്കൈകള്‍. ആദ്യകളിക്കു ശേഷം 336 മിനിറ്റുകള്‍ പിഴയ്ക്കാതെ ഷില്‍ട്ടണ്‍.

അനിവാര്യമായിരുന്നു മറഡോണയ്ക്ക് ഗോള്‍. അത് ഫോക്‌ലാന്‍ഡ് യുദ്ധത്തിലെ തോല്‍വിക്കുള്ള മറുപടി. ഓരോ അര്‍ജന്റീനക്കാരനും അത് ആഗ്രഹിച്ചു. ആ ഗോള്‍ ദൈവത്തിന്റെ കയ്യായി മാറിയത് അതിനാലാണ്. മറഡോണ ഒരിക്കലും പശ്ചാത്തപിച്ചില്ല. പിന്നാലെ നൂറ്റാണ്ടിന്റെ ഗോള്‍. നാലേ നാലു മിനിറ്റ്. പീറ്റര്‍ ഷില്‍ട്ടണ്‍ മാഞ്ഞുപോയി.

മറഡോണ ജനക്കൂട്ടത്തിന്റെ പ്രാണവായു പന്തില്‍ നിറച്ചു. ഏറ്റവും പിന്നാക്കം നിന്നവരുടെ നിശ്വാസം. ഇറ്റാലിയന്‍ ലീഗില്‍ ചേര്‍ന്നത് നാപ്പോളിയിലാണ്. ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ പോലെ യുവന്റസില്‍ അല്ല. റോമാ ക്ലബ്ബുകളിലും അല്ല. നാപ്പോളി നേടിയപ്പോള്‍ ഇറ്റാലിയന്‍ സവര്‍ണര്‍ക്ക് കണ്ണു ചുവന്നതും അതിനാലാണ്.

ഇനി കനല്‍ക്കാറ്റില്ല. ക്ലബ്ബുകള്‍ വാഴുന്ന കാലത്ത് ജനങ്ങളുടെ വികാരമല്ല ഒരു കളിയും. മെസ്സിയും റോണാള്‍ഡോയുമെല്ലാം അമ്പരന്ന് നില്‍ക്കുന്ന കുരുക്ഷേത്രങ്ങള്‍. നിയമങ്ങള്‍ തെറ്റിക്കില്ലെന്ന് ഉറപ്പിക്കുന്നു എല്ലാവരും. മെരുക്കപ്പെട്ട പ്രതിഭകളുടെ പാച്ചിലാണ് പന്തയങ്ങള്‍. അതിലൊരാളാവാന്‍ പറ്റില്ലൊരിക്കും മറഡോണയ്ക്ക്.

മത്തിയാസ് സിന്‍ഡ്‌ലറെ വധിച്ചത് നാസികളെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നു ആരാധകര്‍. മറഡോണയും സന്ധിയില്ലാതെ തന്നെ ജീവിച്ചു. ശാപം തീണ്ടിയ ഗന്ധര്‍വന്‍. അയാള്‍ക്ക് മറ്റേത് ജീവിതം ആശ്ലേഷിക്കാനാവും...!

തെരുവില്‍നിന്ന് എണീറ്റു വന്ന കുട്ടി തെരുവില്‍ ഉറച്ചു നിന്നു. അധികാരത്തിന്റെ മറുവശത്ത് അയാള്‍ സ്വയം കുരിശേന്തി.
ജനങ്ങള്‍ക്കൊപ്പം നിന്നവന്‍ നക്ഷത്രങ്ങളെ തൊടുന്നു. ലോകം വിതുമ്പുന്നു. എന്തെന്നാല്‍ മായുകയാണ്, എല്ലുറപ്പുള്ള മനുഷ്യന്‍.

Content Highlights: Diego Maradona, the story of pain and glory of an extra ordinary life

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


.
Premium

8 min

അജ്മല്‍ കസബ് മുതല്‍ സുനന്ദ പുഷ്‌കര്‍ വരെ നീണ്ട 'മരണ' റിപ്പോര്‍ട്ടിങ്

May 30, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023

Most Commented