ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയും തോല്‍ക്കുമ്പോഴാണ് ജനാധിപത്യമാവുന്നത് | വഴിപോക്കന്‍


വഴിപോക്കന്‍

വാളയാറില്‍നിന്നുള്ള അമ്മയ്ക്ക് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടല്ലോ അതിന്റെ പേരാണ് ജനാധിപത്യം. ഈ ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ വിജയത്തിലുണ്ടായത്. ഗാന്ധിജിയെപ്പോലും അമ്പരപ്പിച്ച ജനാധിപത്യമാണത്.

പോളിങ് സാമഗ്രികളുടെ വിതരണം നടന്ന കൊല്ലം തേവള്ളി മോഡൽ ബോയ്‌സ് സ്‌കൂളിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി

1939 ജനുവരി 29. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ ദിനമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസും പട്ടാഭി സീതാരമയ്യയും തമ്മില്‍ മത്സരം നടന്ന ദിവസം. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോള്‍ 82 കൊല്ലം മുമ്പ് നടന്ന ഈ തിരഞ്ഞെടുപ്പിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് രസകരമായിരിക്കും.

ജനാധിപത്യത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ആത്യന്തികമായി പരീക്ഷിക്കപ്പെടുന്നത് ജനാധിപത്യം തന്നെയാണ്. ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ, അതിന് അതിജീവന സാദ്ധ്യതയുണ്ടോ എന്നതാണ് ചോദ്യം. ബംഗാളിലായാലും കേരളത്തിലായാലും അസമിലായാലും തമിഴകത്തായാലും പുതുച്ചേരിയിലായാലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനാധിപത്യം കൂടുതല്‍ സുന്ദരവും സുരഭിലവുമാവുമോ എന്നാണറിയേണ്ടത്. ഭരണത്തുടര്‍ച്ചയല്ല, ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യം എന്നര്‍ത്ഥം.

1938-ലാണ് സുഭാഷ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. അതിനും ഒമ്പത് കൊല്ലം മുമ്പാണ് നെഹ്‌റു ആദ്യമായി ഈ പദവി കൈയ്യാളിയത്. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഗാന്ധിജിയുടെ നിയന്ത്രണത്തിലുള്ള വര്‍ക്കിങ് കമ്മിറ്റിയാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നതെന്നും തിരിച്ചറിയാന്‍ നെഹ്‌റുവിന് അധിക കാലമൊന്നും വേണ്ടി വന്നില്ല.

കോണ്‍ഗ്രസിനുള്ളിലെ സോഷ്യലിസ്റ്റുകളായിരുന്നു നെഹ്‌റുവും സുഭാഷും. അതുകൊണ്ടുതന്നെ വലതുപക്ഷവാദികളായിരുന്ന പട്ടേലിന്റെയും രാജേന്ദ്രപ്രസാദിന്റെയും രാജാജിയുടെയും നോട്ടപ്പുള്ളികളും. രണ്ടാം വട്ടം പ്രസിഡന്റാവണമെന്ന സുഭാഷിന്റെ നിലപാട് ഈ ത്രിമൂര്‍ത്തികള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. ഗാന്ധിജിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ സുഭാഷിനെതിരെ പട്ടാഭി രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.

മൗലാന അബുള്‍ കലാമിനെ പ്രസിഡന്റാക്കണമെന്നായിരുന്നു ഗാന്ധിജിയുടെ പദ്ധതി. പക്ഷേ, സ്വന്തം നാട്ടുകാരനായ സുഭാഷിനെതിരെ മത്സരിക്കാന്‍ അബുള്‍ കലാമിന് താല്‍പര്യമുണ്ടായിരുന്നില്ല. അറ്റകൈക്ക് നെഹ്‌റുവിനോട് കളത്തിലിറങ്ങാന്‍ ഗാന്ധിജി ആവശ്യപ്പെട്ടെങ്കിലും നെഹ്‌റു വഴങ്ങിയില്ല.

വോട്ടെടുപ്പ് നടന്നപ്പോള്‍ സുഭാഷിന് 1,580 വോട്ടും പട്ടാഭിക്ക് 1,377 വോട്ടും കിട്ടി. പട്ടാഭിയുടെ തോല്‍വി തന്റെ തോല്‍വിയാണെന്നാണ് ഗാന്ധിജി പ്രതികരിച്ചത്. ഗാന്ധിജിയുടെ ഈ നിലപാട് സുഭാഷിനെ വേദനിപ്പിച്ചു. തന്റെ ജയം ഗാന്ധിജി വ്യക്തിപരമായി എടുക്കരുതെന്നും ഗാന്ധിജിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടു ചെയ്യാനല്ല പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നതെന്നും സുഭാഷ് ഓര്‍മ്മിപ്പിച്ചു. പക്ഷേ, ഗാന്ധിജിയും മനുഷ്യനാണ്. ദൗര്‍ബ്ബല്യങ്ങള്‍ ഇല്ലായിരുന്നു എന്നതല്ല, തന്റെ കുറവുകളും തെറ്റുകളും പരസ്യമായി സമ്മതിക്കാനും അവയ്ക്കെതിരെ സ്വയം ഗൊറില്ലാ പ്രവര്‍ത്തനം നടത്താനും കഴിഞ്ഞിരുന്നു എന്നതാണ് ഗാന്ധിജിയെ ഗാന്ധിജിയാക്കിയത്.

നമ്മുടെ ഇന്നത്തെ വിഷയം ഗാന്ധിജിയോ സുഭാഷോ അല്ല. തിരഞ്ഞെടുപ്പും ജനാധിപത്യവുമാണ് നമ്മള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ നമുക്ക് സുഭാഷിന് കിട്ടിയ വോട്ടുകളിലേക്ക് വരാം. ബംഗാള്‍, മൈസൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മദ്രാസ് എന്നിവിടങ്ങളില്‍നിന്നാണ് സുഭാഷിന് ഭൂരിഭാഗം വോട്ടുകളും കിട്ടിയതെന്നാണ് സുഭാഷിനെയും നെഹ്‌റുവിനെയും കുറിച്ചുള്ള പഠനഗ്രന്ഥത്തില്‍ രുദ്രാംഗ്ഷു മുഖര്‍ജി രേഖപ്പെടുത്തുന്നത്.

സുഭാഷിനെയും നെഹ്‌റുവിനെയും ബന്ധിപ്പിക്കുന്ന രണ്ട് സുപ്രധാന കണ്ണികള്‍ സോഷ്യലിസവും വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള നിലപാടുമാണ്. പട്ടേലും രാജേന്ദ്രപ്രസാദും രാജാജിയുമടങ്ങുന്ന വലതുപക്ഷം സുഭാഷിനെതിരെ അണിനിരന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വന്നത് മുഖ്യമായും അഞ്ച് ദേശങ്ങളില്‍നിന്നാണ്. ഈ അഞ്ചിടങ്ങളില്‍ പഞ്ചാബും ബംഗാളും തമിഴകവും കേരളവുമാണ് ഇന്നിപ്പോള്‍ വലതുപക്ഷത്തിന്റെ പിടിയില്‍ അകപ്പെടാതെ ബാക്കി നില്‍ക്കുന്ന പ്രമുഖദേശങ്ങള്‍.

പട്ടേലും രാജാജിയും രാജേന്ദ്ര പ്രസാദും ഒരിക്കലും ബി.ജെ.പിയുടെ ആദിരൂപമായിരുന്നില്ല. നെഹ്‌റുവിനും സുഭാഷിനുമെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട വലതുപക്ഷം എന്ന നിലയിലാണ് ഈ ത്രിമൂര്‍ത്തികളെ ഇവിടെ കാണുന്നത്. ഇന്ത്യയില്‍ ബി.ജെ.പി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഖ്യാനത്തിന്റെ കൗതുകകരമായൊരു ചരിത്ര പരിസരം.

മെയ് രണ്ടിന് ഫലം വരുമ്പോള്‍ അഞ്ചിടങ്ങളില്‍ ആരൊക്കെ ഭരണം പിടിച്ചാലും ഒരു കാര്യത്തില്‍ മാറ്റമുണ്ടാവില്ല. അഞ്ചിടത്തും ഒരു പോലെ നിറഞ്ഞുനിന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബി.ജെ.പിയാണെന്ന വസ്തുതയാണത്. നെഹ്‌റു ആദ്യമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നതിനും നാല് വര്‍ഷം മുമ്പാണ് ആര്‍.എസ്.എസ്. നിലവില്‍ വന്നത്. നാലു കൊല്ലം കൂടി കഴിഞ്ഞാല്‍ സംഘം നൂറാം വാര്‍ഷികം ആഘോഷിക്കും. ശതാബ്ദി വര്‍ഷം കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ തുടരണമെന്ന ആഗ്രഹം പോലെയോ അതിലും തീവ്രമോ ആയിരിക്കും ബംഗാളില്‍ ഒരു വലതുപക്ഷ സര്‍ക്കാര്‍ വേണമെന്ന പരിവാറിന്റെ ആഗ്രഹം. ഈ ആഗ്രഹം നിറവേറിയാലും ഇല്ലെങ്കിലും വിവേകാനന്ദന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജന്മദേശത്ത് പ്രബല ശക്തിയാവുകയെന്ന ലക്ഷ്യം ബി.ജെ.പി. കൈവരിച്ചു കഴിഞ്ഞു.

വിഭജനത്തിന്റെ മുറിവുകള്‍ ഏറ്റവുമധികം അനുഭവിച്ച രണ്ടിടങ്ങളില്‍ പഞ്ചാബിലും ബംഗാളിലും അധികാരം പിടിക്കാനായിട്ടില്ലെന്നത് ബി.ജെ.പിയും ആര്‍.എസ്.എസും നേരിടുന്ന സമസ്യകളില്‍ ഒന്നാണ്. ഈ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ ഒരു പക്ഷേ, അതിനുള്ള ഉത്തരമായേക്കും എന്നാണ് ബി.ജെ.പി. കരുതുന്നത്. മമത ബാനര്‍ജി എന്ന ഒരു നേതാവില്ലായിരുന്നുവെങ്കില്‍ ഈ ഉത്തരം ഉറപ്പാണെന്ന് ബി.ജെ.പി .പറയുമായിരുന്നു.

എന്തായാലും, ഇക്കുറി കിട്ടിയില്ലെങ്കിലും ബംഗാളിലെ അധികാരം അധികം ദൂരെയല്ല എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നീങ്ങുന്നത്. 2025 ലക്ഷ്യമിട്ടുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും മെഗാ പദ്ധതിയില്‍ ഏറെ കടമ്പകളുള്ളത് പഞ്ചാബിലും തമിഴകത്തുമാണ്. ഹിന്ദുത്വയുടെ കോട്ടകള്‍ക്കെതിരെ ഉയരുന്ന ആന്തരികമായ ചെറുത്തുനില്‍പുകളാണ് തമിഴകത്തെയും പഞ്ചാബിനെയും അടയാളപ്പെടുത്തുന്നത്.

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടാവില്ല. പഞ്ചാബിന്റെ മനസ്സും ഭാവനയും പിടിക്കാനുള്ള ഒരു ബദല്‍ പദ്ധതി ഇപ്പോള്‍ ബി.ജെ.പിയുടെ ആയുധശേഖരങ്ങളിലില്ല.

പക്ഷേ, ബംഗാളില്‍ ബി.ജെ.പി. ഏറെ മുന്നേറിക്കഴിഞ്ഞു. ഹിന്ദു - മുസ്ലിം വിഭജന ആഖ്യാനമാണ് ഇക്കുറി ബംഗാളിലെ തിരഞ്ഞെടുപ്പ് വിഷയം. അസമില്‍ ഈ ആഖ്യാനം വളരെ നേരത്തെ തന്നെ ബി.ജെ.പി. നടപ്പാക്കിക്കഴിഞ്ഞതാണ്. ഈ ആഖ്യാനത്തിനെതിരെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം വിജയിക്കുമോ എന്നിടത്തായിരിക്കും അസമിലെ മതനിരപേക്ഷതയുടെ ഭാവിയും തുടര്‍ച്ചയും.

ഇത്തവണ ബി.ജെ.പി. ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചത് ബംഗാളിലാണ്. തങ്ങള്‍ക്ക് വേരോട്ടമില്ലാത്ത ഇടങ്ങളില്‍ സഖ്യകക്ഷികളിലൂടെ വളരുക എന്നതാണ് ബി.ജെ.പിയുടെ നയം. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു. ബി.ജെ.പിയുടെ ഈ പദ്ധതിക്ക് എന്തുകൊണ്ടും ചേര്‍ന്ന ഇരയായിരുന്നു. ബംഗാളിലും കേരളത്തിലും ബി.ജെ.പി. നേരിട്ട പ്രതിസന്ധി ഇങ്ങനെയൊരു സഖ്യമുണ്ടാക്കാനായില്ല എന്നതാണ് .

പക്ഷേ, ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നത് ബി.ജെ.പിക്ക് തുണയായി. മമതയുടെ തൃണമൂലിനെതിരെ ബംഗാളില്‍ ബി.ജെ.പിയെ തുണയ്ക്കുന്നത് പഴയ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളുമാണെന്നത് രഹസ്യമല്ല. ബംഗ്ലാദേശ് എന്ന രാജ്യത്തെ മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ ബി.ജെ.പിയുടെ പോരാട്ടം. വിഭജനത്തിന്റെ മാരകമായ മുറിവുകള്‍ തുറന്നുകൊണ്ടുള്ള യുദ്ധമാണത്. ഇതിനെ മമത നേരിട്ടത് പ്രാദേശിക വികാരം ഉണര്‍ത്തിക്കൊണ്ടാണ്. ബംഗാളിനെ ബംഗാളികളാണോ പുറത്തു നിന്നുള്ളവരാണോ ഭരിക്കേണ്ടതെന്ന് മമത ചോദിക്കുന്നു.

ഇതേ ചോദ്യം തന്നെയാണ് തമിഴകത്ത് എം.കെ. സ്റ്റാലിനും ഉയര്‍ത്തുന്നത്. ഇക്കുറി തമിഴകത്ത് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലല്ല പോരാട്ടമെന്നും ഡി.എം.കെയും ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരമെന്നും സ്ഥാപിച്ചെടുക്കാന്‍ സ്റ്റാലിനായിട്ടുണ്ട്. ഈ സമവാക്യമാണ് ഇത്തവണ തമിഴകത്ത് ഡി.എം.കെയുടെ ഊര്‍ജ്ജവും കരുത്തും.

പഞ്ചാബില്‍ ഹിന്ദുത്വയുടെ ആഖ്യാനം എത്രമാത്രം ദുര്‍ബ്ബലമാണോ അതുപോലെ തന്നെയാണ് തമിഴകത്തെയും അവസ്ഥ. ഉപരിതലത്തില്‍ അത് രണ്ട് വര്‍ണ്ണങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അടിത്തട്ടില്‍ രണ്ടാശയങ്ങള്‍ തമ്മിലും. അതുകൊണ്ടുതന്നെയാണ് 2025-ല്‍ ശതാബ്ദി വര്‍ഷത്തിലും ഈ രണ്ട് സംസ്ഥാനങ്ങള്‍ തങ്ങളുടെ വിളിപ്പുറത്തുണ്ടാവില്ലെന്ന് ആര്‍.എസ്.എസ്. തിരിച്ചറിയുന്നത്.

ബംഗാള്‍ ഇക്കുറി മമത നിലനിര്‍ത്തുമെന്നാണ് പ്രശാന്ത് കിഷോറും കൂട്ടരും പറയുന്നത്. മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ ബി.ജെ.പിയെ നേരിടാനുള്ള തൃണമൂലിന്റെ ശ്രമം ഇക്കുറി ഫലം കണ്ടേക്കാം. പക്ഷേ, ബംഗാളില്‍ ഈ സമവാക്യം തിരിച്ചിട്ട് പെരുക്കുന്നതിന് ബി.ജെ.പിക്ക് അധികകാലം വേണ്ടി വരില്ല. ബംഗാളികളെന്നാല്‍ ആരാണെന്ന മറുചോദ്യമാണ് ബി.ജെ.പി. ഉയര്‍ത്തുന്നത്. ബംഗ്ളാദേശില്‍ നിന്നുള്ളവരാണോ ബംഗാളിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന മുദ്രാവാക്യം ബി.ജെ.പി. ഉയര്‍ത്തുമ്പോള്‍ അതില്‍ വിഭജനത്തിന്റെ ചരിത്രവും മുറിവുമുണ്ട്. ഈ മുറിവിലാണ് ബി.ജെ.പി. പ്രതീക്ഷകള്‍ നെയ്യുന്നത്. ഈ തിരഞ്ഞെടുപ്പിലല്ലെങ്കില്‍ അടുത്തതില്‍ തങ്ങള്‍ തുന്നുന്ന ഉടുപ്പിട്ടവരായിരിക്കും റൈറ്റേഴ്സ് ബില്‍ഡിങ്ങിലെ അധികാര പീഠത്തിലുണ്ടാവുക എന്ന് ബി.ജെ.പി. സ്വപ്നം കാണുന്നതും ഈ സമവാക്യത്തിന്റെ പുറത്താണ്.

കേരളം ബി.ജെ.പിയുടെ മറ്റൊരു സമസ്യയാണ്. കേരളത്തില്‍ അധികാരത്തിനായല്ല, നിര്‍ണ്ണായക സ്വാധീനത്തിനായാണ് ബി.ജെ.പി. പോരാടുന്നത്. നിലവില്‍ മൂന്നാം മുന്നണിയാണെങ്കില്‍ അധികം വൈകാതെ രണ്ടാം മുന്നണിയാവുക എന്നതാണ് ലക്ഷ്യം. ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കുമൊപ്പം നിറഞ്ഞുനില്‍ക്കാനായി എന്നത് ബി.ജെ.പി. കൈവരിച്ച നേട്ടം തന്നെയാണ്. കാര്യമായൊരു സഖ്യവുമില്ലാതെയാണ് ബി.ജെ.പി. ഈ വിധത്തില്‍ വളര്‍ന്നതെന്നത് കാണാതിരിക്കാനാവില്ല.

ഭരണത്തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മെയ് രണ്ടിന് വ്യക്തമാവുകയെന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞത് വെറുതെയല്ല. വിയോജിപ്പിനും എതിര്‍പ്പിനുമുള്ള ഇടമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. രാഷ്ട്രീയമെന്നു പറയുന്നത് അധികാരത്തെ ചോദ്യം ചെയ്യലാണെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനം. വാളയാറില്‍നിന്നുള്ള അമ്മയ്ക്ക് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടല്ലോ അതിന്റെ പേരാണ് ജനാധിപത്യം.

ഈ ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ് സുഭാഷ് ചന്ദ്ര ബോസിന്റെ വിജയത്തിലുണ്ടായത്. ഗാന്ധിജിയെപ്പോലും അമ്പരപ്പിച്ച ജനാധിപത്യമാണത്. ഇങ്ങനെയുള്ള അമ്പരപ്പുകളും വിസ്മയങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഈ സൗന്ദര്യം ഉള്‍ക്കൊള്ളാനായി എന്നതുകൊണ്ടാണ് സുഭാഷിന്റെ ജയത്തെതുടര്‍ന്ന് ഗാന്ധിജിയുടെ നിര്‍ദ്ദേശാനുസരണം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ 12 പേരും രാജിച്ചെപ്പോഴും നെഹ്‌റു രാജിവെയ്ക്കാതിരുന്നത്.

പിന്നീട് സുഭാഷ് രാജിവെയ്ക്കുകയും രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാവുകയും ചെയ്തപ്പോള്‍ പ്രവര്‍ത്തക സമിതിയില്‍ തുടരാനില്ലെന്ന് നെഹ്‌റു തീരുമാനിച്ചതും ഇന്ത്യന്‍ ജനാധിപത്യത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്നാണ്.

1947 മുതല്‍ 64 വരെ നീണ്ട 17 കൊല്ലം നെഹ്‌റുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പക്ഷേ, നെഹ്‌റുവിന്റെ തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നതാണ് ചരിത്രം മുന്നോട്ടുവെയ്ക്കുന്ന പാഠം. ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലുള്ള അതിര്‍വരമ്പ് പലപ്പോഴും വളരെ നേര്‍ത്തതാണ്. ആ അതിര്‍വരമ്പ് കാക്കാന്‍ ജനങ്ങള്‍ പുലര്‍ത്തുന്ന ശുഷ്‌കാന്തിയും ജാഗ്രതയുമാണ് ജനാധിപത്യത്തിന്റെ വില.

വഴിയില്‍ കേട്ടത്: കാറില്‍ തനിച്ച് ഡ്രൈവ് ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബ്ബന്ധമാണെന്നും വാഹനം പൊതു ഇടമാണെന്നും ഡല്‍ഹി ഹൈക്കോടതി. ഈ പരാമര്‍ശം കേട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ചിരിക്കാന്‍ തുടങ്ങിയ ചിരി അടുത്ത കാലത്തെങ്ങും നില്‍ക്കുമെന്ന് തോന്നുന്നില്ല.

Content Highlights: Democracy and five state election 2021 | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented