പിണറായി വിജയൻ | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
മലയാളം എഴുത്തുകാരിലെ നക്സല്‍ എന്നു വിളിക്കാവുന്ന എം.പി. നാരായണപിള്ള വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ലേഖനത്തില്‍ വിവരിക്കുന്ന ഒരു സംഭവകഥയുണ്ട്. എഞ്ചിനീയറിങ് ബിരുദം നേടിയ ഫിലിപ്പോസ് എന്ന ചെറുപ്പക്കാരന്‍ വേറെയാരുടെയെങ്കിലും കീഴില്‍ തൊഴില്‍ തേടുന്നതിനു പകരം കൂട്ടുകാരനുമൊത്ത് സ്വയം ഒരു സംരംഭം തുടങ്ങുന്നു. ഇലക്ട്രോണിക്സ് പാര്‍ട്സ് സംയോജിപ്പിച്ച് വലിയ കമ്പനികള്‍ക്ക് കൈമാറുന്ന പരിപാടിയിലാണ് ഈ ചെറുപ്പക്കാര്‍ കൈവെച്ചത്. പക്ഷേ, ഫാക്ടറി തുറന്ന് നാലാം നാള്‍ പണിമുടക്കുണ്ടായി. പണിമുടക്കിയവര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചപ്പോള്‍ ഫിലിപ്പോസ് രോഷാകുലനായെങ്കിലും നിരാശനായില്ല. ഒരു ഫാക്ടറിക്ക് പകരം നൂറുകണക്കിന് ഫാക്ടറികള്‍ തുറക്കാനാണ് ഫിലിപ്പോസ് തീരുമാനിച്ചത്. സംഗതി വളരെ സിമ്പിളായിരുന്നു. ഇലക്ട്രോണിക്സ് പാര്‍ട്സുകളുടെ സംയോജനം ഫിലിപ്പോസ് നൂറുകണക്കിന് വീടുകളിലേക്ക് മാറ്റി. ഓരോ വീടും ഓരോ യൂണിറ്റായി. ഒരു മുതലാളിക്ക് പകരം നൂറുകണക്കിന് മുതലാളിമാര്‍ ഉടലെടുക്കുന്ന പ്രക്രിയ. സര്‍ഗ്ഗാത്മകതയെന്നു പറഞ്ഞാല്‍ ഇതാണെന്നാണ് നാരായണപിള്ള പറഞ്ഞത്. സക്കറിയ ഒരു കഥയെഴുതുന്നതുപോലെയോ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ പിടിക്കുന്നതു പോലെയോ ഉള്ള പ്രക്രിയ. നമ്മുടെ വി ഗാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയൊക്കെ പിന്നീട് സമര്‍ത്ഥമായി നടപ്പാക്കിയിട്ടുള്ള കലാപരിപാടി.
ഈ സര്‍ഗ്ഗാത്മകതയാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവേണ്ടത്. ചാലക്കുടിയിലെ പേരാമ്പ്രയില്‍ അപ്പോളൊ എന്ന ടയര്‍ കമ്പനി തുടങ്ങി വന്‍വിജയമാക്കിയ ഓങ്കാര്‍ കണ്‍വാര്‍ എന്ന പഞ്ചാബിയുടെ സര്‍ഗ്ഗാത്മകത. സാക്ഷാല്‍ മാമ്മന്‍ മാപ്പിള തമിഴകത്തു പോയി ടയര്‍ കമ്പനി തുടങ്ങിയപ്പോഴാണ് കേരളത്തില്‍ ഈ നേട്ടം കണ്‍വാര്‍ കൊയ്തതെന്ന് മറക്കരുത്(വെറുതെയല്ല പഞ്ചാബികളായ കര്‍ഷകര്‍ക്കു മുന്നില്‍ നരേന്ദ്ര മോദിയും അമിത് ഷായും വെള്ളം കുടിക്കുന്നത്.)
പറഞ്ഞുവന്നത് സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. കേരളത്തില്‍ ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദമായ പിന്‍വാതില്‍ നിയമനങ്ങളുടെ മുഖ്യകാരണം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനയില്ലായ്മയാണ്. നാട്ടിലൊരു തൊഴില്‍, അതും സര്‍ക്കാര്‍ ജോലി കിട്ടുകയെന്നത് ഈ ആഗോള ഗ്രാമകാലത്തും ചെറുപ്പക്കാരുടെ സ്വപ്നമാണ്. ഒരു നിവൃത്തിയുണ്ടെങ്കില്‍ ജനിച്ചു വളര്‍ന്ന നാടു വിട്ട് അന്യദേശങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്കും താല്‍പര്യമുണ്ടാവില്ല. സര്‍ക്കാര്‍ ജോലിയെന്നു പറഞ്ഞാല്‍ ഈ നാട്ടിലെ സകല ജനത്തിനും അവകാശപ്പെട്ടതാണ്. സമൂഹം പക്ഷേ, സങ്കീര്‍ണ്ണമാണ്. പല തട്ടുകളിലും പല തലങ്ങളിലുമായി ജീവിക്കുന്നവരുടെ കൂട്ടം. ഇതില്‍ പ്രത്യക്ഷത്തില്‍ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാനാണ് സംവരണം കൊണ്ടു വന്നത്.
പി.ടി. ഉഷയും ഒരു സാധാരണ പെണ്‍കുട്ടിയും ഒന്നിച്ച് നൂറു മീറ്റര്‍ ഓടാനിറങ്ങിയാല്‍ അതിലുള്ള നീതികേട് ഇല്ലാതാക്കാനുള്ള ശ്രമമാണ് സംവരണമെന്നര്‍ത്ഥം. പിന്‍വാതില്‍ നിയമനം സംവരണം പോലെയാണെന്ന് സമര്‍ത്ഥിക്കാന്‍ ഇടതു മുന്നണിയിലെ ബുദ്ധിജീവികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മദര്‍ തെരേസ ആതുരാലയങ്ങള്‍ തുടങ്ങുന്നതു പോലെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പത്തും പതിനഞ്ചും കൊല്ലമായി താല്‍ക്കാലികമായി ജോലി ചെയ്യുന്നവരോട് ഇടതു സര്‍ക്കാര്‍ ദയ കാട്ടിയില്ലെങ്കില്‍ പിന്നെയാരു കാട്ടുമെന്നാണ് ചോദ്യം.
ഈ ചോദ്യത്തിന് ജസ്റ്റിസ് വൈ.കെ. സബര്‍വാളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2006-ല്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് ഇതാണ്: ''നിയമപരമായ അവകാശമില്ലെങ്കില്‍ ഒരു താല്‍ക്കാലിക തസ്തികയും സ്ഥിരപ്പെടുത്താനാവില്ല. കാരുണ്യവും ദയയുമല്ല സ്ഥിരം നിയമനങ്ങളുടെ മാനദണ്ഡം.''
മൃദുലവികാരങ്ങളുടെ അടിസ്ഥാനത്തിലല്ല നീതി നിശ്ചയിക്കപ്പെടുന്നത്. താല്‍ക്കാലിക ജിവനക്കാരനായി കയറിപ്പറ്റുന്ന ഒരാളെ വര്‍ഷങ്ങള്‍ക്കു ശേഷം സ്്ഥിരപ്പെടുത്തണമെങ്കില്‍ ആ വ്യക്തിക്ക് ആ തസ്തിക അനുശാസിക്കുന്ന സര്‍വ്വ യോഗ്യതകളുമുണ്ടായിരിക്കണം. ഇതേ യോഗ്യതകളുള്ള മറ്റുള്ളവരുമായി മത്സരിച്ച് വിജയിച്ചാല്‍ അയാളെ സ്ഥിരപ്പെടുത്താമെന്നാണ് കോടതി പൊതുവെ പറഞ്ഞത്. ചിലപ്പോള്‍ അടിയന്തര ഘട്ടങ്ങളില്‍ ഇങ്ങനെയുള്ള സ്ഥിരപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ പറ്റാതെ വന്നാലും യോഗ്യതയുടെ കാര്യത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല.
ഉമാദേവി കേസ് പരിഗണിച്ച് പത്തു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് കോടതി അവസരം നല്‍കിയത്. ഇതേ മാതൃകയില്‍ വീണ്ടും സ്ഥിരപ്പെടുത്തല്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഇടതുമുന്നണിയായാലും വലതു മുന്നണിയായാലും കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയമവാഴ്ചയുടെയും നിതിയുടെയും ലംഘനമാണെന്നു പറയാന്‍ സുപ്രീം കോടതി വരെ പോകേണ്ട കാര്യമൊന്നുമില്ല. നിയമത്തിനുള്ളിലെ നിയമമാണ് സംവരണം. അതിനൊക്കെ വ്യവസ്ഥയും വെള്ളിയാഴ്ചയുമുണ്ട്. പിന്‍വാതില്‍ നിയമനം പക്ഷേ, തികഞ്ഞ തട്ടിപ്പാണ്. നാട്ടുകാരുടെ നെഞ്ചത്ത് കയറി ആടുന്ന ചവിട്ടു നാടകം.
കാലടി സര്‍വ്വകാശാലയില്‍ വിവാദമായ നിയമനങ്ങള്‍ നോക്കാം. താല്‍ക്കാലിക നിയമനമല്ല, സ്ഥിരം നിയമനമാണ് അവിടെ നടന്നത്. പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. വിഷയ വിദഗ്ധര്‍ തിരഞ്ഞെടുത്തയാളെപ്പോലും അട്ടിമറിക്കുന്ന പരിപാടി. തങ്ങളുമായി അടുപ്പമുള്ളയാള്‍ക്കാണ് വിഷയ വിദഗ്ധര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നും ആരോപണമുണ്ട്. വിഷയ വിദഗ്ധരുടെ താല്‍പര്യം മറികടന്ന് മറ്റൊരാളെ നിയമിക്കണമെങ്കില്‍ അങ്ങിനെ നിയമിക്കപ്പെടുന്ന വ്യക്തി ചില്ലറക്കാരനോ ചില്ലറക്കാരിയോ ആവില്ലെന്നുറപ്പാണ്.
അതായത് കൂടുതല്‍ പിടിയുള്ളവര്‍ക്ക് നിയമനം കിട്ടുന്നു. സര്‍ക്കാര്‍ ജോലിയുടെ മുഖ്യമാനദണ്ഡം പിടിപാടും സ്വാധീനവുമാണെന്നു വരുന്നത് നീതിയുടെ നിഷേധവും ലംഘനവുമാണ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരവാകാശ രേഖകള്‍ പ്രകാരം നമ്മുടെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നവരില്‍ പലരും ഈ മാനദണ്ഡത്തിനു പുറത്ത് കയറിപ്പറ്റിയവരാണ്. എന്നിട്ടും നാടുനീളെ നടന്ന് ധര്‍മ്മത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പ്രസംഗിക്കാന്‍ ഈ വാദ്ധ്യാര്‍മാര്‍ക്ക് ഒരുളുപ്പുമില്ലെന്നത് നമ്മള്‍ ഇന്നെത്തി നില്‍ക്കുന്ന ധാര്‍മ്മിക പാപ്പരത്തത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
പി.എസ്.സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമൊക്കെ നോക്കുകുത്തിയാവുന്ന ഇടപാടാണ് പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ ചെലവില്‍, അതായത് പൊതുജനത്തിന്റെ കാശുപയോഗിച്ച് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കുന്ന ഈ പരിപാടി ഒരു ജനാധിപത്യ സമൂഹത്തിനും അംഗികരിക്കാനാവില്ല. അനുയായികളെ പിടിച്ചു നിര്‍ത്താന്‍ തൊഴില്‍ കൊടുക്കണമെന്നുണ്ടെങ്കില്‍ സി.പി.എം. ചെയ്യേണ്ടത് സ്വയം സംരംഭങ്ങള്‍ തുടങ്ങുക എന്നാണ്. ഇവിടെയാണ് നമ്മള്‍ ആദ്യം പറഞ്ഞ ഫിലിപ്പോസിന്റെയും കൊച്ചൗസേപ്പിന്റെയും ഓങ്കാര്‍ കണ്‍വാറിന്റെയും സര്‍ഗ്ഗാത്മകതയിലേക്ക് സി.പി.എം. പോലുള്ള പാര്‍ട്ടികള്‍ ഉണരേണ്ടത്.
ഐക്യ കേരളം കണ്ട ഏറ്റവും സര്‍ഗ്ഗാത്മകമായ രണ്ട് സംരംഭങ്ങള്‍ ഗ്രന്ഥശാല പ്രസ്ഥാനവും കുടുംബശ്രീയുമാണ്. ലോകത്തെവിടെയും പോയി തൊഴില്‍ നേടാനുള്ള അടിസ്ഥാന വിജ്ഞാനം മലയാളികള്‍ ആര്‍ജ്ജിച്ചത് വായനശാലകളിലൂടെയാണ്. മലയാളിയായ ഒരാള്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ടെങ്കില്‍ ആദ്യം പരിഗണിക്കേണ്ടത് പി.എന്‍. പണിക്കരെയാവണം.
വീടിന്റെ അകത്തളങ്ങളില്‍ ഒുടങ്ങിപ്പോവുമായിരുന്ന ലക്ഷക്കണക്കിന് വനിതകള്‍ക്ക് പുതിയൊരു ലോകം തുറന്നുകൊടുത്തത് കുടുംബശ്രീയാണ്. ഇതില്‍ ഇടതു മുന്നണി വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്നു പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ട കാര്യമില്ല. ഈ സര്‍ഗ്ഗാത്മകതയാണ് സ്വയം സംരംഭകത്വത്തിലുണ്ടാവേണ്ടത്.
സഖാക്കള്‍ ജോലിക്ക് കയറേണ്ടത് മുന്‍വാതിലിലൂടെ തന്നെയവാണം. നിവൃത്തികേടുകൊണ്ട് മോഷണം നടത്തുന്നതു പോലെയല്ല പിന്‍വാതിലിലൂടെ നിയമനം നേടുന്നത്. നാലാളറിഞ്ഞാല്‍ മാനം പോകുന്ന കേസാണ്. വിവരാവകാശ നിയമങ്ങള്‍ തുറന്നു കാട്ടുന്ന നമ്മുടെ അദ്ധ്യാപകര്‍ക്ക് എങ്ങിനെയാണ് തല ഉയര്‍ത്തിപ്പിടിച്ച് പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കാനാവുക?
ഒന്നു മനസ്സിരുത്തിയാല്‍ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദാതാവാന്‍ സി.പി.എമ്മിനു കഴിയും. അതിനാദ്യം വേണ്ടത് പാര്‍ട്ടിയുടെ അമരത്ത് വിവരവും ഭാവനയുമുള്ളവരെ കൊണ്ടുവരികയെന്നതാണ്. ഒരു ചെറിയ ഉദാഹരണം പറയാം. തെങ്ങിന്‍ കള്ളുപോലെ ഗംഭീരമായ പാനീയം വേറെയുണ്ടെന്നു തോന്നുന്നില്ല. ലോകത്തെവിടെയും സധൈര്യം വില്‍ക്കാവുന്ന ചരക്കാണിത്.
അന്തിയൊന്നു വെളുത്താല്‍ പുളിക്കാന്‍ തുടങ്ങുമെന്നതാണ് കള്ളിന്റെ മുഖ്യപ്രശ്നം. ഇതു പരിഹരിക്കുന്നതിന് ചൊവ്വയിലേക്ക് ആളെ വിടുന്ന വിജ്ഞാനമൊന്നും ആവശ്യമില്ല. നീരയായോ കള്ളായോ ഏതു രൂപത്തില്‍ ഇറക്കിയാലും വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കും.
സ്‌കോട്ലന്റുകാര്‍ സ്‌കോച്ച് വിസ്‌കി വില്‍ക്കുന്നതുപോലെ ഒരു സംരംഭം സിപിഎമ്മിന് എന്തു കൊണ്ട് തുടങ്ങിക്കൂടാ? പണ്ട് എ.കെ.ജി. തുടങ്ങിയ ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഇന്നിപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. കാലം മാറിയതിനനുസരിച്ച് ഇന്ത്യന്‍ കോഫി ഹൗസുകള്‍ക്ക് എന്തുകൊണ്ടൊരു നവീന മുഖം നല്‍കുന്ന കാര്യം പാര്‍ട്ടിചിന്തിക്കുന്നില്ല?
വൃത്തിയും രൂചിയുമാണ് ഹോട്ടല്‍ വ്യവസായത്തിന്റെ അടിക്കല്ല്. ഇതു രണ്ടുമുണ്ടെന്നതാണ് ലോകത്തെവിടെയും ചായക്കട തുടങ്ങാന്‍ മലയാളിക്ക് പ്രാപ്തി നല്‍കിയത്. ഗ്ളാസ്സിനുള്ളില്‍ വിരലിടാതെ ചായ കിട്ടിയാല്‍ തന്നെ കുടിക്കാന്‍ ആളുണ്ടാവും. ഇത്തരം പദ്ധതികളിലൂടെ സഖാക്കള്‍ക്ക് തൊഴില്‍ നല്‍കാനാണ് സി.പി.എം. തയ്യാറാവേണ്ടത്. മര്യാദയ്‌ക്കൊരു പണി കിട്ടുമെന്നറിഞ്ഞാല്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ പിന്നെ വേറെ ആളെ അന്വേഷിക്കേണ്ടി വരില്ല.
സി.പി.എം. മാത്രമല്ല, കോണ്‍ഗ്രസും ബി.ജെ.പിയും ഈ വഴിക്കാണ് നീങ്ങേണ്ടത്. അല്ലാതെ, പൊതുജനത്തിന്റെ മെക്കിട്ടുകയറി അവരുടെ സ്വപ്നങ്ങളില്‍ മണ്ണു വാരിയിട്ടല്ല വേണ്ടപ്പെട്ടവര്‍ക്ക് പണി തരപ്പെടുത്തിക്കൊടുക്കേണ്ടത്.
ഇതോടൊപ്പം തന്നെ കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയിലെത്തിയിട്ടുള്ള പി.എസ്.സി. പോലുള്ള സ്ഥാപനങ്ങള്‍ വൃത്തിയാക്കാനും പാര്‍ട്ടികള്‍ക്കാവണം. കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിമാരില്‍ മുന്‍നിരയിലുള്ള ഗൗരിയമ്മയെപ്പോലുള്ളവരെ കണ്ടെത്തി പി.എസ്.സിയുടെ ചുമതല നല്‍കണം. കവിതയെഴുതില്ലെന്നുറപ്പ് കിട്ടിയാല്‍ ജി. സുധാകരനെയും ഈ പണിക്ക് പരിഗണിക്കാം.
നിയമനത്തിലുള്ള സുതാര്യതയാവട്ടെ ഇക്കുറി നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയിലെ മുഖ്യ അജണ്ട. ആയിരക്കണക്കിന് ചെറുപ്പക്കരുടെ കണ്ണീരില്‍ കുതിര്‍ന്ന ഭരണകൂടങ്ങളാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. ഒരു ഗംഗയ്ക്കും ഒരു കുമ്പസാരത്തിനും ഈ പാപം കഴുകിക്കളയാനാവില്ല.
വഴിയില്‍ കേട്ടത്: വൈരുദ്ധ്യാത്മക ഭൗതികവാദം ഇപ്പോള്‍ പ്രായോഗികമല്ലെന്ന് എം.വി. ഗോവിന്ദന്‍. ഗീത ഗോപിനാഥ്, രമണ്‍ ശ്രീവാസ്തവ, ശബരിമല എന്നീ വൈരുദ്ധ്യങ്ങള്‍ അത്രയെളുപ്പത്തില്‍ മറക്കാനാവുമോ സഖാവേ?
Content Highlights: Dear Chief Minister, let comrades came through the front door | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..