പാർട്ടികോൺഗ്രസ് സമ്മേളനനഗരിയിൽ പതാകയുയർത്തിയപ്പോൾ പി.ബി.അംഗങ്ങളും റെഡ് വൊളന്റിയർമാരും സല്യൂട്ട് നൽകുന്നു
സി.പി.എമ്മിന്റെ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നുവീണ കണ്ണൂരിലെ മണ്ണില്‍ ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദികളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബി.ജെ.പിയെ ഒഴിവാക്കുക എന്ന രാഷ്ട്രീയ പ്രമേയം തന്നെയാണ്. എന്നാല്‍, സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പി. ഭരണം ഒരു ഫാസിസ്റ്റ് ഭരണമായി വിലയിരുത്തുന്നില്ല എന്നുമാത്രമല്ല ഫാസിസ്റ്റിക് ആർ.എസ്. എസിനാല്‍ നയിക്കുന്ന ഹിന്ദുത്വ ഭരണം എന്നാണ് വിലയിരുത്തുന്നത്. അതിന്റെ അര്‍ഥം മറ്റൊന്നുമല്ല. ഫാസിസ്റ്റ് എന്നത് സി.പി.എമ്മിന്റെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ ഇന്ന് നാം കാണുന്നതല്ല. ഫാസിസം എന്നാല്‍ ഒരുകാലത്ത് ജര്‍മനിയിലും ഇറ്റലിയിലും നടന്ന കറകളഞ്ഞ പട്ടാള ഏകാധിപത്യമാണെന്നാണ് അവരിപ്പോഴും കരുതുന്നത്.
ഫാസിസത്തിന്റെ ഉത്ഭവമുണ്ടായാല്‍ അതിനെതിരായ ഐക്യമുന്നണി വേണമെന്നത് കമ്യൂണിസ്റ്റുകാരുടെ ടെംപ്ലേറ്റാണ്, അടിസ്ഥാനനിയമമാണ്. അതാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജി ദിമിത്രോവിന്റെ തീസിസില്‍ പറയുന്നത്. ആ തീസിസിന്റെ അടിസ്ഥാാനത്തിലാണ് ബ്രിട്ടണും അമേരിക്കയുമായി അടക്കം ചേര്‍ന്നുകൊണ്ട് ഹിറ്റ്‌ലറെ സ്റ്റാലിന്‍ പരാജയപ്പെടുത്തിയത്. അതുകൊണ്ട് ഫാസിസത്തിനെതിരായ മുഴുവന്‍ ആളുകളെയും അണിനിരത്തുന്ന ഐക്യമുന്നണി ഉണ്ടാക്കാന്‍ സി.പി.എം. തീരുമാനിക്കുന്നത് വരെ ഇന്ത്യയില്‍ ഫാസിസമുണ്ട് എന്ന് പറയുന്നത് സി.പി.എമ്മിന്റെ ചെറിയ യുക്തിക്ക് നിരക്കുന്നതല്ല എന്നര്‍ഥം.
ഇനിയെന്തുമാവട്ടേ, പ്രായോഗിക രാഷ്ട്രീയം ഏറ്റവും പ്രധാനമാണല്ലോ. ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും സോഷ്യല്‍ ഡെമോക്രാറ്റുകളും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന തിരഞ്ഞെടുപ്പ് മുന്നണി ജര്‍മനിയില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എന്നോര്‍ക്കാം. എന്തായാലും 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ അടവെന്തായിരിക്കണം എന്നത് ഈ പാര്‍ട്ടി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം തന്നെയാണ്. പക്ഷേ, ഉദ്ഘാടന പ്രസംഗത്തില്‍(രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ടുളള പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആരംഭ പ്രസംഗത്തില്‍) സീതാറാം യെച്ചൂരി പറയുന്നത് ബി.ജെ.പിക്കെതിരേ എല്ലാവരും ഒന്നിക്കണം എന്നുതന്നെയാണ്. ഒരു പ്രശ്‌നം ഇപ്പോഴും സി.പി.എമ്മിനെ അലട്ടുന്നു. ഇതില്‍ കോണ്‍ഗ്രസിന്റെ ഇടം എവിടെയാണ്? സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ രാഷ്ട്രീയമായി രണ്ടുതട്ടിലാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ കോണ്‍ഗ്രസിനെ സി.പി.എം. കാണുന്നത് ഇപ്പോഴും ബി.ജെ.പിയെക്കാള്‍ അല്പം താഴെ നില്‍ക്കുന്ന ഒരു ശത്രുപാര്‍ട്ടിയായിട്ടാണ് അഥവാ ഒരു കുത്തക മുതലാളിത്ത പാര്‍ട്ടിയായിട്ടാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാനുളള രാഷ്ട്രീയ സഖ്യത്തില്‍ തൊട്ടുകൂടാനാവാത്ത പാര്‍ട്ടിയായിട്ടാണ്.
എന്നാല്‍, ഇന്നലെ യെച്ചൂരി നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിനുളള മുന്നണിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തണമെങ്കില്‍ അവര്‍ സാമ്പത്തിക നയത്തില്‍ തിരുത്തല്‍ നടത്തേണ്ടതായിട്ടുണ്ട് എന്നുപറയുന്നു. സാമ്പത്തിക നയങ്ങള്‍ മാറ്റുക എന്നുപറഞ്ഞാല്‍ യെച്ചൂരിയുടെ ഭാഷയില്‍ ലാഭം പരമാവധി കൊയ്യല്‍, നവ ഉദാരവത്കരണം മുന്നോട്ടുകൊണ്ടുപോകാനുളള ശ്രമം തുടങ്ങിയവയാണ്. എന്നുപറഞ്ഞാല്‍, ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റുക എന്ന തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ പോലും കോണ്‍ഗ്രസില്‍നിന്നും സി.പി.എം. ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയംമാറ്റമാണ്.
രസകരമെന്ന് പറയട്ടേ, സ്വാതന്ത്ര്യസമ്പാദനത്തിന് ശേഷം നെഹ്‌റു പ്രധാനമന്ത്രിയായ കാലത്തുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ ഇപ്പോള്‍ അതേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യധാരയായി പ്രവര്‍ത്തിക്കുന്ന സി.പി.എം. പറയുന്നത് കോണ്‍ഗ്രസ് തിരുത്തി പഴയ കോണ്‍ഗ്രസിലേക്ക് പോകണം എന്നതാണ്. കോണ്‍ഗ്രസ് തിരുത്തി കമ്യൂണിസ്റ്റ് നയങ്ങളിലേക്ക് വരണമെന്നല്ല, മറിച്ച് കോണ്‍ഗ്രസ് തിരുത്തി പഴയ കോണ്‍ഗ്രസിലേക്ക് മടങ്ങണം എന്നുപറയുമ്പോള്‍ അതില്‍ തന്നെ യുക്തിരാഹിത്യമുണ്ട് എന്ന് കാണാം. ആ നയങ്ങളേയും നെഹ്‌റുവിന്റെ കാലത്ത് നിങ്ങള്‍ എതിര്‍ത്തിരുന്നില്ലേ എന്ന ചോദ്യം 'ചോദ്യം ചോദിച്ച കുട്ടി ക്ലാസില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടും ചോദ്യം ക്ലാസില്‍ തന്നെ അവശേഷിക്കുന്നത് പോലെ' നില്‍ക്കുന്നുണ്ട്.
ബി.ജെ.പിക്കെതിരായ ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് മാത്രം പോര എന്നത് വളരെ ശരിയായ കാര്യമാണ്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വലിയ വ്യാപനവും ശക്തിയുമുണ്ട്. ഏതാണ്ട് 20 ശതമാനം വോട്ടുണ്ട്. പക്ഷേ, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലെയോ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി പോലെയോ സ്വാധീനമുളള സംസ്ഥാനങ്ങള്‍ കുറവാണ്. കേരളത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും, എന്തിന് പഞ്ചാബില്‍ പോലും നിര്‍ണായകമായ സ്വാധീനമുണ്ടെങ്കിലും കോണ്‍ഗ്രസ് എന്തായാലും തനിച്ച് ഭൂരിപക്ഷം നേടുന്ന സംസ്ഥാനങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.
അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കി മുന്‍കൂട്ടിത്തന്നെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസില്‍ നിന്നോ, അതോ കൂടുതല്‍ സീറ്റ് ലഭിക്കുന്ന പ്രാദേശിക കക്ഷിയില്‍ നിന്നോ കണ്ടുപിടിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനുളളത്.
പക്ഷേ, കോണ്‍ഗ്രസിനോട് സാമ്പത്തിക നയം തിരുത്തണമെന്ന് പറയുമ്പോള്‍ ബി.ജെ.പിയെ തോല്പിക്കാന്‍ അനിവാര്യമായിട്ടുളള വന്‍പ്രാദേശിക കക്ഷികളുടെ രാഷ്ട്രീയ നയം കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമല്ല എന്നുകൂടി സി.പി.എം. മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍, ഇ.എം.എസിന്റെ ഭാഷയില്‍ ഏതു ചെകുത്താനേയും കൂട്ടുപിടിക്കുക എന്ന നയം എടുക്കുന്നതിന് പകരം ബി.ജെ.പിയെ ചെറുത്തുതോല്‍പിക്കുന്നതിന് മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്ന, നിബന്ധനകള്‍ മുന്നോട്ടുവെക്കുന്ന സി.പി.എം. വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം മാനദണ്ഡങ്ങള്‍ ബി.ജെ.പിക്കെതിരായ വിശാലമുന്നണി സൃഷ്ടിക്കപ്പെടാതിരിക്കാനുളള തന്ത്രമാണ് എന്നുപറഞ്ഞാല്‍ ആര്‍ക്ക് എതിര്‍ക്കാന്‍ കഴിയും.
പോളിറ്റ് ബ്യൂറോയിലെ കാരാട്ട്-പിണറായി ഭൂരിപക്ഷ വിഭാഗത്തിന് കോണ്‍ഗ്രസുമായുളള ബന്ധം ഇപ്പോഴും ദഹിച്ചിട്ടില്ല. കോണ്‍ഗ്രസുമായി എന്തെ്ങ്കിലും നീക്കുപോക്കുണ്ടാക്കുന്നു എന്നുവന്നാല്‍ അവശേഷിക്കുന്ന ഏക തുരുത്തായ കേരളവും കൂടി നഷ്ടപ്പെടുമോ എന്ന ഭയമാണ് അവര്‍ക്ക്.
സി.പി.എമ്മിന്റെ സമ്മേളനം മറ്റൊരു തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. സി.പി.എമ്മിന്റെ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരിക്കുന്നു. ഇന്ന് സമുന്നത കോണ്‍ഗ്രസ് നേതാവായ കെ.വി. തോമസ് എറണാകുളത്ത് നിന്ന് കണ്ണൂര്‍ക്ക് വണ്ടികേറുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍. കേരളത്തിലെ കെ.പി.സി.സി. തോമസിനോടും ശശി തരൂരിനോടും കണ്ണൂരിലെ സി.പി.എം. സെമിനാറില്‍ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ടത്രേ. പക്ഷേ, സി.പി.എമ്മിനോട് ചോദിക്കാനുളളത് ഒരു ചെറിയ കാര്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ചെറുതാക്കാനാണോ സി.പി.എം. ശ്രമിക്കുന്നത്?
പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി രാഹുല്‍ ഗാന്ധിയും ശരദ് പവാറും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് പറയുന്ന, മമത ബാനര്‍ജിയും സ്റ്റാലിനും ജഗൻ മോഹൻ റെഡ്ഢിയും അഖിലേഷ് യാദവും തേജസ്വി യാദവുമെല്ലാം അണിനിരക്കുന്നതല്ലേ ആകേണ്ടിയിരുന്നത്? അങ്ങനെയല്ലേ എ.കെ.ജിയുടെ നാട്ടിലെ പാര്‍ട്ടി കോണ്‍ഗ്രസ് ശ്രദ്ധിക്കപ്പെടേണ്ടിയിരുന്നത്? അതിനു പകരം കേരളത്തിലെ കോണ്‍ഗ്രസിലെ വിമത ശബ്ദങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വിളിച്ചുവരുത്തി കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയും 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കാമെന്ന 'വരികള്‍ക്കിടയില്‍ വായിച്ചെടുക്കാവുന്ന വാഗ്ദാനം'കൊടുക്കുകയും ചെയ്യുന്നതിലൂടെ സി.പി.എം. നല്‍കുന്ന സന്ദേശം എന്താണ്?
സി.പി.എം. ദേശീയതലത്തില്‍ എത്ര ചെറുതാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുണ്ട്. കാരണം വിദേശ പ്രതിനിധികള്‍ എത്തിയില്ലെങ്കിലും 37 വിദേശ പാര്‍ട്ടികളുടെ സന്ദേശം കണ്ണൂരില്‍ എത്തിയിട്ടുണ്ട്. ഇടതുപക്ഷ ലോകത്തെ അറിയപ്പെടുന്ന ഒരു പാര്‍ട്ടി തന്നെയാണ് സി.പി.എം. എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സി.പി.എം. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലെ വിമതന്മാരുടെ വേദിയാക്കി മാറ്റിയാല്‍ അത് 'ഇമ്മിണി വല്യ' ഒരു കണ്ണൂര്‍ ജില്ലാ സമ്മേളന'ത്തിനപ്പുറത്തേക്ക് പോവുകയില്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കണ്ണൂര്‍ കമ്യൂണിസ്റ്റുകാരുടെ ആവേശകേന്ദ്രമാണ്. കയ്യൂരിന്റെയും കരിവളളൂരിന്റെയും മുനയന്‍കുന്നിന്റേയും നാട്. പക്ഷേ, എന്തുകൊണ്ടാണ് എന്നറിയില്ല, എ.കെ.ജി. നഗറില്‍ അല്ല നായനാര്‍ നഗറിലാണ് കണ്ണൂരിലെ ആദ്യത്തെ പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്നത്. നായനാര്‍ ഒരു വലിയ വ്യക്തിത്വമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, കണ്ണൂരിലെ സി.പി.എം. കെട്ടിപ്പടുക്കുന്നതിന് കാല്‍ നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച എം.വി. രാഘവന്റെ പേര് എവിടെയും പറഞ്ഞുകേട്ടില്ല. അതെന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം.
കെ.പി.ആര്‍. ഗോപാലന്‍ തൂക്കുമരത്തില്‍നിന്നും ഇറങ്ങിവന്ന മഹാവ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ മരുമകളാണ് നായനാരുടെ ഭാര്യ എന്നത് ഒരു വീട്ടുകാര്യം. കെ.പി.ആര്‍. ഗോപാലനും അര്‍ഹിക്കുന്ന രീതിയില്‍ ഓര്‍മിക്കപ്പെട്ടോ എന്നത് സംശയമാണ്. അത് സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി വിഷയമാണ് എന്ന രീതിയില്‍ മാറ്റിവെക്കാവുന്നതല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ നിഷ്‌കാസിതരായ കമ്യൂണിസ്റ്റുകാരെ തമസ്‌കരിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ ലോകത്തെമ്പാടുമുളള സുപ്രധാനമായ ദൗര്‍ബല്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നേതൃത്വത്തെ തലയിലേറ്റും. പക്ഷേ, ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആനപ്പുറത്തിരിക്കുന്ന ആനക്കാരനെ വലിച്ചെറിയുന്നത് പോലെ താഴെ വലിച്ചിട്ട് ചവിട്ടിക്കൂട്ടും. ഈ ഗജസ്വഭാവം അതിന്റെ ശക്തിയെ അല്ല ബലഹീനതയെയാണ് കാണിക്കുന്നത്.
അതിരിക്കട്ടെ, ഇന്നത്തെ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് നിര്‍വഹിക്കാനുളള പങ്ക് വിജയകരമായ പ്രാദേശിക പാര്‍ട്ടിയുടേതാണ്. സി.പി.എമ്മിനെ കുറച്ചു കാണാനല്ല ഇങ്ങനെ പറയുന്നത്. ഡി.എം.കെയെ പോലെ, വൈ.എസ്ആര്‍. റെഡ്ഡിയുടെ പാര്‍ട്ടിയെ പോലെ, തേജസ്വി യാദവിന്റെ പാര്‍ട്ടിയെ പോലെ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയെ പോലെ സി.പി.എമ്മിന് ദേശീയ തലത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിയും. എന്നാല്‍, സുര്‍ജിത്തും ജ്യോതി ബസുവും നയിച്ച കാലഘട്ടത്തില്‍ അതിന് മുമ്പ് ഇ.എം.എസ്. നയിച്ച കാലഘട്ടത്തില്‍ സി.പി.എമ്മിന് ഉണ്ടായിരുന്ന ദേശീയ പ്രാധാന്യം തുലോം കുറഞ്ഞുപോയ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാള്‍ ഇന്ന് പൂജ്യത്തിലെത്തി നില്‍ക്കുകയാണ്. ത്രിപുര അതിദയനീയമായി തകര്‍ക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നത് കേരളമാണ്. കേരളത്തില്‍ ഇനിയും ദീര്‍ഘകാലം നിലനില്‍ക്കാനുളള തന്ത്രമാണ് പിണറായി വിജയന്‍ ആവിഷ്‌കരിക്കുന്നതെന്ന് സ്വാഗതസംഘം ചെയര്‍മാനെന്ന നിലയിലുളള അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് തുടരുകയാണ്. തീര്‍ച്ചയായും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ട ശേഷം വീണ്ടും ഈ വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം.
Content Highlights: cpm party congress 2022, c.p. john column pratibhashanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..