എം.വി. ഗോവിന്ദൻ | ഫോട്ടോ: ലതീഷ് പൂവത്തൂർ|മാതൃഭൂമി, പി.കെ. കുഞ്ഞാലിക്കുട്ടി | ഫോട്ടോ: ജി. ശിവപ്രസാദ്|മാതൃഭൂമി
മുസ്ലിം ലീഗിന് സി.പി.എമ്മിന്റെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ എന്നത് ലീഗ് നേതൃതവും അണികളും ചോദിക്കേണ്ട ചോദ്യമാണ്. ലീഗിന്റെ മതേതരത്വം നിർണ്ണിയിക്കുന്നതും നിർവ്വചിക്കുന്നതും സി.പി.എമ്മാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഭാഷയിൽ പറഞ്ഞാൽ അടവുനയമാണ്. സാമൂഹിക സാഹചര്യങ്ങളാണ് മാനവബോധം നിർമ്മിക്കുന്നതെന്നും മതം മനുഷ്യനെയല്ല മനുഷ്യൻ മതത്തെയാണ് സൃഷ്ടിക്കുന്നതെന്നുമുള്ള മാർക്സിയൻ വചനത്തിന്റെ ചുവട് പിടിച്ച് 1985-ൽ ഇ.എം.എസും പാർട്ടി കോൺഗ്രസും പറഞ്ഞത് ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയെ ഊട്ടിവളർത്തുന്നുണ്ടെന്നും മുസ്ലിം ലീഗുപോലുള്ള കക്ഷികളുമായി കൂട്ടുകൂടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നുമാണ്.
ഈ ഒരൊറ്റ നിലപാടിന്റെ പുറത്താണ് പാർട്ടി എം.വി. രാഘവനെയും കൂട്ടരേയും പുറത്താക്കിയതും സി.എം.പി. എന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവി കേരളം കണ്ടതും. തുടക്കത്തിൽ രാഘവനൊപ്പം നിന്ന സഖാക്കളായിരുന്നു നായനാരും എം.വി. ഗോവിന്ദനുമെന്നും പിന്നീടവർ ഔദ്യോഗിക പക്ഷത്തിലേക്ക് കൂറുമാറുകയായിരുന്നുവെന്നും സി.എം.പിയുടെ അവശേഷിക്കുന്ന ജീവാത്മാവും പരമാത്മാവുമായ സി.പി. ജോൺ അടുത്തിടെ മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുകയുണ്ടായി. നായനാർക്ക് പകരം വി.എസ്. അച്ച്യുതാനന്ദനെ 1985-ലെ പാർട്ടി കോൺഗസ് പോളിറ്റ്ബ്യുറൊയിലേക്ക് തിരഞ്ഞെടുത്തത് ഈ നിലപാടിനെ ചൊല്ലിയായിരുന്നുവെന്നും നിരീക്ഷണമുണ്ട്. എന്തായാലും പാർട്ടിയുടെ പരമോന്നത നേതൃനിരയിൽ ഇടം പിടിക്കാൻ നായനാർക്ക് 1992 വരെ കാത്തിരിക്കേണ്ടി വന്നു. എം.വി. ഗോവിന്ദൻ ഇപ്പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ്. പാർട്ടിയിലുണ്ടായിരുന്നെങ്കിൽ സി.പി. ജോൺ ആവുമായിരുന്നു ഒരുപക്ഷേ, ഇന്നാ സ്ഥാനത്തുണ്ടാവുക.
ഗോവിന്ദന്റെ സ്ഥാനലബ്്ധിയും ജോണിന്റെ സ്ഥാനനഷ്ടവുമല്ല നമ്മുടെ വിഷയം. ലീഗിനോടുള്ള സി.പി.എമ്മിന്റെ ആധുനികോത്തര പ്രണയത്തിന്റെ നെല്ലും പതിരും തിരിച്ചറിയണമെങ്കിൽ നമ്മൾ ഒന്നുകൂടി പിന്നാക്കം നടക്കണം. ചരിത്രത്തിന്റെ ഊടുവഴികളിലൂടെയും പെരുവഴികളിലൂടെയുമുള്ള യാത്ര. ഇന്ത്യ സ്വതന്ത്രമായപ്പോൾ വലിയൊരു വിഭാഗം മുസ്ലിങ്ങൾ ഇന്ത്യയിൽ തുടരുകയും പാക്കിസ്താനെ നിരാകരിക്കുകയുമാണ് ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഇന്തോനേഷ്യയിലാണെങ്കിൽ രണ്ടാം സ്ഥാനത്ത് പാക്കിസ്താനും മൂന്നാമത് ഇന്ത്യയുമാണ്. 1948-ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ഖ്വായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ അടിസ്ഥാനപരമായി ചെയ്തത് ജിന്നയുടെ ദ്വിരാഷ്ട്രവാദം തള്ളുകയായിരുന്നു. 1960-കളിൽ ലോക്സഭയിൽ ഖ്വായിദെ മില്ലത്ത് പറഞ്ഞത് പാക്കിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ പാക്കിസ്താനെതിരെ യുദ്ധം ചെയ്യാൻ താൻ തന്റെ മക്കളെ അയക്കുമെന്നാണ്.
മുസ്ലിങ്ങളും സിഖുകാരുമടങ്ങുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ദളിത്, ആദിവാസി വിഭാഗങ്ങളെപ്പോലെ ലോക്‌സഭകളിലും നിയമസഭകളിലും സംവരണം നൽകണമെന്ന ചിന്ത ഭരണഘടന അസംബ്ലിക്കുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ പ്രത്യേക ഇലക്ടറേറ്റ് (ഒരു വിഭാഗത്തിന്റെ സ്ഥാനാർത്ഥികളെ ആ വിഭാഗത്തിൽ നിന്നുള്ളവർ മാത്രം തിരഞ്ഞെടുക്കുന്ന സംവിധാനം) നിലവിലുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. എന്നാൽ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടതോടെ ഭരണഘടന അസംബ്ലിക്ക് ഇക്കാര്യത്തിൽ വീണ്ടുവിചാരമുണ്ടായി. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഈ വിഷയത്തിന്മേൽ തീരുമാനമെടുക്കുന്നതിന് ഉപസമിതി നിലവിൽ വന്നത് അങ്ങിനെയാണ്.
ആ സമിതിയിൽ ഉണ്ടായിരുന്ന മുസ്ലീം അംഗങ്ങൾ ബീഗം ഐസാസ് റസൂലും മൗലാന ഹിഫ്സുർ റഹ്‌മാനും തജമുൽ ഹുസൈനുമായിരുന്നെന്ന് റഫീഖ് സക്കറിയ 'സർദാർ പട്ടേലും ഇന്ത്യൻ മുസ്ലിങ്ങളും' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. പ്രത്യേക ഇലക്ടറേറ്റ് വേണ്ടെന്നും സംയുക്ത ഇലക്ടറേറ്റ് മതിയെന്നും സമിതിയിൽ ആദ്യം പറഞ്ഞത് മുസ്ലിം അംഗങ്ങളാണ്. ആദ്യം ഉടക്കിയെങ്കിലും ഒടുവിൽ സിഖുകാരും ഈ നിലപാടിലേക്ക് വന്നു. ഈ സമീപനത്തിന്റെ പരിസരത്തിലാണ് ദളിതർക്കും ആദിവാസികൾക്കും മാത്രം സംവരണം മതിയെന്ന തീരുമാനത്തിലേക്കെത്താൻ ഭരണഘടന അസംബ്ലിക്കായത്.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
ലീഗ്, കേരളം, ഇ.എം.എസ്
വിഭജനത്തിന്റെ മുറിവുകൾ നീറി നിന്നതുകൊണ്ടാണോ എന്നറിയില്ല ഉത്തരേന്ത്യയിൽ വേരുകൾ പടർത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനായില്ല. ലീഗ് ശരിക്കും ക്ലച്ച് പിടിച്ചത് കേരളത്തിലാണ്. ഖായിദെ മില്ലത്തിനെയും ബനാത്ത്‌വാലയെയുമൊക്കെ ലോക്സഭയിലേക്കയച്ചത് കേരളമായിരുന്നു. ലീഗിനെ തള്ളിപ്പറഞ്ഞവർക്കൊക്കെ അത് തിരുത്തേണ്ടി വന്നിട്ടുണ്ടെന്നുള്ളതാണ് ചരിത്രം. 1957-ൽ നെഹ്രു പറഞ്ഞത് മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നാണ്. പക്ഷേ, രണ്ട് വർഷത്തിനപ്പുറം ഇതേ പാർട്ടിയുമായി കേരളത്തിൽ കോൺഗ്രസിന് കൂട്ടുകൂടേണ്ടി വന്നു. ലീഗിന് ആദ്യമായി കേരളത്തിൽ മന്ത്രിസ്ഥാനം കിട്ടിയത് 1967-ലെ ഇ.എം.എസ്. സർക്കാരിലാണ്. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസവും എം.പി.എം. അഹമ്മദ് കുരിക്കൾ പഞ്ചായത്ത് വകുപ്പും കൈകാര്യം ചെയ്തു. 1968-ൽ കുരിക്കൾ മരിച്ചപ്പോൾ പകരക്കാരനായി അവുക്കാദർകുട്ടി നഹ വന്നു. ഈ സർക്കാരാണ് 1969-ൽ മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. ജനസംഘം ഈ നീക്കത്തെ ശക്തമായി എതിർത്തെങ്കിലും ഇ.എം.എസ്. പാറപോലെ ലിഗിന് പിന്നിൽ ഉറച്ചുനിന്നു. മലപ്പുറം ഇന്നിപ്പോൾ എല്ലാ അർത്ഥത്തിലും ലീഗിന്റെ ആസ്ഥാനമാണെങ്കിൽ അതിൽ ഇ.എം.എസിനുള്ള പങ്ക് ചെറുതല്ലെന്ന് ചുരുക്കം.
കേരളത്തിൽ മുസ്ലിം ലീഗ് വർഗ്ഗീയത ഒരിക്കലും ആയുധമാക്കിയിട്ടില്ലെന്ന വിലയിരുത്തൽ ശൂന്യതയിൽനിന്ന് ഉടലെടുക്കുന്നതല്ല. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തനായി തങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയും കേരളത്തിലെ സമുദായ സൗഹാർദ്ദം ഉലയ്ക്കുന്നില്ലെന്ന് എക്കാലത്തും ലീഗ് ഉറപ്പ് വരുത്തിയിട്ടുണ്ട്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളം ശാന്തമായി നിലകൊണ്ടതിൽ ലീഗിനുള്ള നിർണ്ണായക പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല. ലീഗ് നേതൃതം അഴിമതി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാൽ അത് വിശ്വസിക്കാൻ ആളുണ്ടാവും. യാഥാസ്ഥിതികതയ്ക്കും ആൺമേൽക്കോയ്മയ്ക്കും ഒപ്പമാണ് ലീഗെന്ന് പറഞ്ഞാലും അതേറ്റെടുക്കാൻ ആളുണ്ടാവും. പക്ഷേ, ലിഗ് നേതൃത്വം വർഗീയത ആളിക്കത്തിക്കുന്നവരാണെന്ന് പറഞ്ഞാൽ അത് തള്ളിക്കളയുന്നവരാവും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തിന് വാസ്തവത്തിൽ പാർട്ടിയുടെ ബീജാവാപം മുതലുള്ള പഴക്കമുണ്ട്. 1920-കളിൽ എം.എൻ. റോയ് താഷ്‌കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയപ്പോൾ അതിലെ വലിയൊരു വിഭാഗം അംഗങ്ങൾ ഇന്ത്യയിൽനിന്ന് ഹിജറയുടെ ഭാഗമായി അഫ്ഘാനിസ്താനിലേക്കെത്തിയ മുസ്ലിങ്ങളായിരുന്നു. ഇസ്ലാമിന്റെ അന്തർദ്ദേശീയത കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലുമായി ഒത്തുപോകുന്നതാണെന്നും കൊളോണിയൽ ജനസാമാന്യത്തിന്റെ സ്വഭാഘടനയ്ക്ക് വിരുദ്ധമാണെന്നും സ്റ്റാലിനെപ്പോലെ തന്നെ റോയിയും വിലയിരുത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ തുടക്കാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൗലാന ഉബൈദുള്ള സിന്ധി, മൗലവി ബറാക്കത്തുള്ള എന്നിവരെയും ഇവിടെ ഓർക്കേണ്ടതുണ്ട്. ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഷൗക്കത്ത് ഉസ്മാനിയെയും മുസഫർ അഹമ്മദിനെയും പോലുള്ളവരെയും വിസ്മരിക്കാനാവില്ല.
1921-ലെ മലബാർ കലാപം മുഖ്യമായും കൊളോണിയൽ വിരുദ്ധ സമരമാണെന്നും എന്നാൽ അതിൽ അവിടവിടെയായി വർഗീയതയുടെ നിഴലാട്ടമുണ്ടായിരുന്നുവെന്നും പറഞ്ഞ ഇ.എം.എസ്. തന്നെയാണ് 1967-ൽ മുസ്ലിം ലീഗിനെ ഒപ്പം നിർത്തിയത്. ഇതേ ഇ.എം.എസ്. തന്നെയാണ് എം.വി. രാഘവന്റെ ബദൽരേഖ തള്ളിക്കൊണ്ട് മുസ്ലിം ലീഗ് ഇടതുമുന്നണിയിൽ വേണ്ടെന്ന കടുത്ത നിലപാടെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ടിനോടും സീതാറാം യെച്ചൂരിയോടും എം.എ. ബേബിയോടും ലീഗിനോടുള്ള സമിപനത്തിൽ മാറ്റമുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. 1985-ൽ പാർട്ടി കോൺഗ്രസ് എടുത്ത ലീഗ് വിരുദ്ധ സമീപനത്തിൽനിന്ന് കാതലായ ഒരു മാറ്റവുണ്ടായിട്ടില്ലെന്നാണ് ഇവരെല്ലാവരും തന്നെ പറഞ്ഞത്. ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രസ്താവന പാർട്ടി നേതൃത്വം തള്ളിക്കളയുകയാണ് ചെയ്തത്.

ചക്കിന് വെയ്ക്കുന്നത് കൊക്കിന് കൊള്ളുമ്പോൾ
എന്നിട്ടുമെന്നിട്ടും ഇപ്പോൾ ലീഗുമായി പുതിയൊരു ബാന്ധവത്തിന് സി.പി.എം. തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്. രണ്ടാം പിണറായി സർക്കാരിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതിയില്ലായ്്മ പാർട്ടിയെ പേടിപ്പിക്കുന്നുണ്ട്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് 2021-ൽ കിട്ടിയ വോട്ട് നിലനിർത്താനാവുമോ എന്ന പേടിയാണത്. കേരള കോൺഗ്രസിനെപ്പോലെ മുസ്ലിം ലീഗും കൂടെയുണ്ടെങ്കിൽ മൂന്നാം വട്ടവും തുടർച്ചയായി ഭരണം ഉറപ്പിക്കാം എന്ന് കരുതുന്ന ഒരു വിഭാഗം സി.പി.എമ്മിലുണ്ട്. ലീഗിന്റെ പ്രവേശം ശക്തമായി എതിർത്തിരുന്ന വി.എസ്. അച്ച്യുതാനന്ദൻ പാർട്ടിയിൽ സജിവമല്ലെന്നതും ഈ വിഭാഗത്തിന് കരുത്തു പകരുന്നു. പക്ഷേ, ലീഗുമായി കൂട്ടുകൂടുക എന്നത് എളുപ്പമല്ലെന്ന് എം.വി. ഗോവിന്ദന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
പണ്ട് മഅദനിയുമായി കൂട്ടുകൂടാൻ പോയതിന്റെ പൊള്ളിക്കുന്ന അനുഭവം സി.പി.എമ്മിന് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. കേരളത്തിൽ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുബാങ്ക് ഇപ്പോഴും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. ലീഗുമായുള്ള ബാന്ധവം ഈ വോട്ടുബാങ്കിന്റെ കടയ്ക്കലായിരിക്കും കത്തിവെയ്ക്കുക. ശബരിമലയിൽ കൈപൊള്ളിയത് എങ്ങിനെയാണെന്നും സി.പി.എമ്മിന് നന്നായി അറിയാം. ലീഗുമായി സി.പി.എം. സഖ്യമുണ്ടാക്കിയാൽ അത് കേരളത്തിൽ ബി.ജെ.പിക്ക് കിട്ടുന്ന ബംബർ ലോട്ടറിയാവും.
ശബരിമലയിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ്സാണെന്ന് മറന്നുകൊണ്ടല്ല ഇതെഴുന്നത്. ശബരിമല വിവാദത്തിന് ശേഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടം കൊയ്തത് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. എന്നാൽ മുസ്ലിം ലിഗ് - സി.പി.എം. കൂട്ടുകെട്ടുണ്ടായാൽ അത് തങ്ങൾക്ക് ശരിക്കും ചാകരയാവുമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും കണക്ക് കൂട്ടുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് ഗതിവേഗം നൽകുന്ന നീക്കമാവും അതെന്ന് കോൺഗ്രസും തിരിച്ചറിയുന്നുണ്ട്.
തമിഴകത്ത് കോൺഗ്രസും ലീഗുമുള്ള മുന്നണിയിൽ നിൽക്കുന്നതുപോലെയല്ല കേരളത്തിൽ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതെന്ന് സി.പി.എം. നേതൃത്വത്തിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കോൺഗ്രസായാലും ലീഗായാലും സി.പി.എമ്മായാലും തമിഴകത്ത് ഡി.എം.കെയുടെ കാരുണ്യത്തിൽ കഴിഞ്ഞുകൂടുന്നവരാണ്. കേരളത്തിൽ അതല്ല അവസ്ഥ. 1994-ൽ ഇബ്രാഹിം സുലൈമാൻ സേട്ടും കൂട്ടരും പുതിയ ലീഗുണ്ടാക്കിയപ്പോൾ പേരിൽനിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് ഇ.എം.എസാണ് സേട്ടിനെ ഉപദേശിച്ചതെന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ ഇന്ത്യൻ നാഷണൽ ലീഗായിട്ടുപോലും 2018-ൽ മാത്രമാണ് ഐ.എൻ.എല്ലിനെ ഇടതു മുന്നണിയിലേക്കെടുക്കാൻ സി.പി.എം. തയ്യാറായതെന്ന് മറക്കരുത്. സി.പി.എമ്മിന്റെ അടിത്തട്ടിലുള്ള പുരോഗമന ചിന്താഗതിക്കാരായ ഹൈന്ദവ സമൂഹത്തിന് ലീഗുമായുള്ള ബന്ധം ദഹിക്കാവുന്നതിനും അപ്പുറത്തായിരിക്കും.
ലീഗുമായി കൂട്ടുകൂടുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല എന്നതാണ് വാസ്തവം. അപ്പോൾ പിന്നെ വെള്ളം വെറുതെ ഒന്ന് കലക്കിനോക്കാം എന്നായിരിക്കും സി.പി.എമ്മും ഗോവിന്ദനും കരുതുന്നത്. സി.പി.എമ്മുമായി കൂട്ടുകൂടുക എന്നത് ലീഗിനും പ്രയാസകരമായിരിക്കും. മറ്റ് വഴികളൊന്നുമില്ലെങ്കിൽ മാത്രമേ ലീഗ് ഈ സാഹസത്തിന് മുതിരുകയുള്ളു. കോൺഗ്രസ് മുന്നണിയിൽ കിട്ടുന്ന പ്രാധാന്യം സി.പി.എം. മുന്നണിയിൽ കിട്ടുമോ എന്ന കാര്യത്തിലും ലീഗിന് സംശയമുണ്ട്. ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിൽ മാത്രമേ ലീഗ് സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കുകയുള്ളു.
സി.പി.എമ്മിന്റെ ഇപ്പോഴത്തെ നീക്കം ഗുണം ചെയ്യുക ശശി തരൂരിനായിരിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തരൂർ ആയിരിക്കണം യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ലീഗിന് ആഗ്രഹമുണ്ട്. യു.ഡി.എഫ്. വിടാതിരിക്കണമെങ്കിൽ, ഈ ആവശ്യം കോൺഗ്രസ് അംഗീകരിക്കണമെന്ന സമ്മർദ്ദതന്ത്രം ലീഗ് ഉയർത്താനുള്ള സാദ്ധ്യത ഏറെയാണ്. തരൂരല്ല നയിക്കുന്നതെങ്കിൽ ഭരണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എൻ.എസ്.എസും കത്തോലിക്ക സഭയും ഇതേ കാര്യം തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ടെന്നാണറിയുന്നത്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉപജാപകവൃന്ദമാണ് തരൂരിന്റെ വരവിനെ തടയുന്നത്. കോൺഗ്രസ് ഹൈക്കമാന്റ് എന്ന് പറഞ്ഞാൽ ഗാന്ധി കുടുംബം എന്നാണർത്ഥം. ഈ ഹൈക്കമാന്റിന്റെ വിശ്വസ്തനാണ് കെ.സി.
എൻ.എസ്.എസിനേയും കത്തോലിക്ക സഭയയേയും കണ്ടില്ലെന്ന് നടിക്കാൻ കെ.സിക്കും ഹൈക്കമാന്റിനുമായേക്കും. പക്ഷേ, തരൂർ തന്നെ വേണമെന്ന് ലീഗും കൂടി നിർബ്ബന്ധം പിടിച്ചാൽ ഹൈക്കമാന്റിന് മനസ്സു മാറ്റേണ്ടി വരും. അറിഞ്ഞോ അറിയാതെയോ കോൺഗ്രസിനുള്ളിൽ തരൂരിന്റെ മുന്നേറ്റത്തിനാണ് സി.പി.എം. വഴിയൊരുക്കുന്നത്. ലീഗിനെ ആകർഷിക്കാനുള്ള സി.പി.എം. നീക്കത്തിൽ സി.പി.ഐ. സന്തുഷ്ടരല്ലെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ലീഗിന്റെ കാര്യത്തിൽ സി.പി.എമ്മിന്റെ അടവുനയം പാളുന്നതിനുള്ള സാദ്ധ്യതകൾ തന്നെയാണ് കേരള രാഷ്ട്രീയം സൂചിപ്പിക്കുന്നത്.
വഴിയിൽ കേട്ടത്: മൂന്ന് തിരഞ്ഞെടുപ്പുകളിൽ മൂന്ന് പാർട്ടികൾ വിജയിച്ചത് (ഗുജറാത്തിൽ ബി.ജെ.പി., ഹിമാചലിൽ കോൺഗ്രസ്, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എ.എ.പി.) ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചനയെന്ന് പി. ചിദംബരം. പ്രാർത്ഥിക്കാൻ... സോറി, ആശ്വസിക്കാൻ ഒരോരുത്തർക്കും ഓരോ കാരണങ്ങൾ!
Content Highlights: Muslim League, CPM, MV Govindan, PK Kunhalikutty, BJP, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..