എത്ര കേമമാണെങ്കിലും ചെങ്കോലിനെ സാഷ്ടാംഗം പ്രണമിക്കേണ്ട കാര്യമില്ല; ഇത് പരിഹാസ്യം | പ്രതിഭാഷണം


സി.പി.ജോണ്‍

7 min read
Read later
Print
Share

പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മാർച്ചിൽ സന്ദർശനം നടത്തിയപ്പോൾ |ഫോട്ടോ:PTI

രു രാജ്യത്തിന്റെ തലസ്ഥാനവും തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആസ്ഥാന മന്ദിരങ്ങളും കേവലം കെട്ടിട സമുച്ചയങ്ങള്‍ മാത്രമല്ല. അതത് കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രസ്താവനകള്‍ കൂടിയാണ്. ലോകത്തെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആസ്ഥാന മന്ദിരങ്ങള്‍ക്ക് അതിന്റേതായ രാഷ്ട്രീയം പറയാനുണ്ട്.

ചൈനീസ് വിപ്ലവം കഴിഞ്ഞ് പത്തു വര്‍ഷമായപ്പോഴാണ് പരമ്പരാഗതമായ ടിയാനന്‍മെന്‍ സ്‌ക്വയറിന്റെ പടിഞ്ഞാറേ മൂലയില്‍, ഇന്ന് ഡല്‍ഹിയില്‍ പണിത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഇരട്ടി വലിപ്പമുള്ള, ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിള്‍ പണിതുയര്‍ത്തിയത്. ചൈനയിലെ എല്ലാ പ്രവിശ്യകള്‍ക്കും പ്രത്യേകം പ്രത്യേകം ഹാളുകള്‍ അവിടെയുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം ആയിരം വര്‍ഷം പഴക്കം അവകാശപ്പെടുന്നുണ്ടെങ്കിലും 1834-ല്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ അത് തകര്‍ക്കപ്പെട്ടു. പിന്നീട് വിക്ടോറിയ രാജ്ഞിയുടെ കാലത്ത് 1876-ലാണ് ഇന്നുകാണുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം പണിതീര്‍ത്തത്.
ഇതിനിടയില്‍ ലോക പ്രസിദ്ധമായ ബിഗ്‌ബെന്‍ ക്ലോക്കും സ്ഥാപിക്കപ്പെട്ടു.

ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും വളര്‍ന്നുപടര്‍ന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ആ മന്ദിരം. ക്രെംലിന്‍ കൊട്ടാരത്തിന്റെ കഥയും മറ്റൊന്നല്ല. റഷ്യന്‍ വിപ്ലവത്തിന് ശേഷം നിരവധി മന്ദിരങ്ങളും സ്തൂപങ്ങളും റഷ്യയില്‍ പണിതുവെങ്കിലും റഷ്യന്‍ സാമ്രാജ്യത്തിന്റെ പ്രതീകമായ ക്രെംലിന്‍ കൊട്ടാരം തന്നെയാണ് വിപ്ലവത്തിന് ശേഷവും റഷ്യന്‍ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസ് പണിതുയര്‍ത്തിയത്. ഓരോ രാഷ്ട്രത്തിന്റെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും പ്രഖ്യാപനങ്ങള്‍ കൂടിയായിരുന്നു ഓരോ മന്ദിരങ്ങളും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍, ഇന്ന് നാം ഉപേക്ഷിക്കാന്‍ പോകുന്ന, പാര്‍ലമെന്റ് മന്ദിരത്തിന് അധികം പഴക്കമില്ല. 1927-ല്‍ വൈസ്രോയിയുടെ വീടായി ഇന്നത്തെ രാഷ്ട്രപതി ഭവനും ഇംപീരിയല്‍ ലെജിസ്ലേറ്റര്‍ കൗണ്‍സിലിന്റെ മന്ദിരമായി, ഇന്ന് നാം ഉപേക്ഷിക്കുന്ന പാര്‍ലമെന്റും, ബ്രിട്ടീഷുകാര്‍ തന്നെയാണ് എഡ്വിന്‍ ല്യൂട്ടന്‍സ് എന്ന പ്രസിദ്ധനായ ആര്‍ക്കിടെക്ടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയോടൊപ്പം പണികഴിപ്പിച്ചത്. ലോകത്തെ തലസ്ഥാന നഗരികളിലെ ഏറ്റവും മനോഹരമായ അധികാരകേന്ദ്രങ്ങളിലൊന്നാണ് രാഷ്ട്രപതി ഭവനും രാജ്പതും പാര്‍ലമെന്റ് മന്ദിരവും എല്ലാം അടങ്ങുന്ന നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ആസ്ഥാനം.

ഇന്ത്യയുടെ പാര്‍ലമെന്റ് കെട്ടിടത്തിന് പഴക്കം കൂടിയതുകൊണ്ടല്ല പുതിയ മന്ദിരം പണിതത്. കേരളത്തിന്റെ പഴയ സെക്രട്ടേറിയറ്റിന് ഒന്നേകാല്‍ നൂറ്റാണ്ടിലധികം പ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ പണിതതോ പിന്നീട് സ്വതന്ത്ര ഭാരതം തുടര്‍ന്നുവന്നതോ ആയ മന്ദിരങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളും ഞങ്ങളുടേതല്ല എന്ന പ്രഖ്യാപനമാണ് ഈ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിലൂടെ ബിജെപി പറയുന്നത്.

പക്ഷേ, ഒരു സര്‍ക്കാരിന് ഭരണ മന്ദിര സമുച്ചയങ്ങള്‍ പണിയാനുള്ള അവകാശമില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. കേരളം അതിന്റെ പുതിയ നിയമ നിര്‍മാണസഭാ മന്ദിരം പണി തീര്‍ത്തിട്ട് 25 വര്‍ഷമായി. ആ അര്‍ഥത്തില്‍ പുതിയ മന്ദിരം പണിയുന്നതില്‍ തെറ്റില്ല. പക്ഷേ, മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നേരത്തേ സൂചിപ്പിച്ചതുപോലെ, ഇടുങ്ങിയ രാഷ്ട്രീയ പ്രസ്താവനകള്‍കൊണ്ട് നിറഞ്ഞുപോയി

ഉദ്ഘാടന ദിവസം മുതല്‍ തുടങ്ങാം. ഉദ്ഘാടന ദിവസം നിശ്ചയിച്ചത് സവര്‍ക്കറുടെ ജന്മദിനത്തിനായിരുന്നു. സവര്‍ക്കറും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുകയല്ല പക്ഷേ, സവര്‍ക്കര്‍ ഓര്‍മിക്കപ്പെടുകയും മഹാത്മ ഗാന്ധി വിസ്മരിക്കപ്പെടുകയും ചെയ്ത ദിവസമായിരുന്നു അത്. ഗാന്ധിജിയല്ല
സവര്‍ക്കറാണ് പുതിയ ബി.ജെ.പിയുടെ രാഷ്ട്രീയ മുഖമെന്ന് ഒന്നുകൂടി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗാന്ധിജിയെ മറന്ന ബി.ജെ.പി. അതിന്റെ രാഷ്ട്രീയ പ്രസ്താവന കൃത്യമായി ആവര്‍ത്തിക്കുകയായിരുന്നു.

രാഷ്ട്രപതിയെ തന്നെ ഉദ്ഘാടന ചടങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിസാരവത്കരിച്ചു. രാഷ്ട്രപതിയേക്കാളും ഉപരാഷ്ട്രപതിയേക്കാളും
ഉയര്‍ന്നയാളാണ് താനെന്ന് പ്രസ്താവിക്കാനുള്ള അവസരമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് അദ്ദേഹം പ്രയോജനപ്പെടുത്തി. ഈ നടപടി അങ്ങേയറ്റം വിമര്‍ശന വിധേയമായിട്ടുണ്ടെങ്കിലും അതിലെ രാഷ്ട്രീയവും ഭരണപരവുമായ ശരികേടുകള്‍ വേണ്ട വിധത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

എന്താണ് ഇന്ത്യന്‍ പാര്‍ലമെന്റ്? ഇന്ത്യന്‍ ഭരണഘടനയുടെ 79-ാം ഖണ്ഡിക അതിനെ നിര്‍വചിക്കുന്നുണ്ട്. രാജ്യസഭയും ലോകസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്റ് എന്ന് ഭരണഘടനയില്‍ കൃത്യമായി എഴുതിവെച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് എന്ന ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മാണസഭയുടെ എല്ലാ കാര്യങ്ങളിലും പ്രസിഡന്റ് അഥവാ രാഷ്ട്രപതി ഉണ്ടായിരിക്കണം. രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ ഓരോ സമ്മേളനവും വിളിച്ചു കൂട്ടുന്നതും സമ്മേളനം കഴിഞ്ഞുവെന്ന് അറിയിക്കുന്നതും. എല്ലാ വര്‍ഷവും ആദ്യം ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് രാഷ്ട്രപതിയാണ്. ഇരുസഭകളോടുമുളള രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. ഓരോ വര്‍ഷത്തേയും രാഷ്ട്രീയ നിലപാടുകള്‍ മാറ്റുരയ്ക്കപ്പെടുന്നത് അവിടെ വെച്ചാണ്. സംസ്ഥാന നിയമസഭകളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. ഈ പ്രസംഗം ചെയ്തതിന്രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നന്ദി പറയുന്ന പ്രമേയം പാസ്സാക്കുന്നതിലൂടെ അതത് സഭകളില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുകയും ചെയ്യും.

പാര്‍ലമെന്റ് പാസ്സാക്കുന്ന ഓരോ ബില്ലും നിയമമാകണമെങ്കില്‍ പ്രസിഡന്റിന്റെ കൈയൊപ്പ് വേണം; സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടേതും. ലോകായുക്ത ഭേദഗതി ബില്‍ കേരളത്തില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ട് ഇപ്പോഴും നിയമമായിട്ടില്ലെന്ന് ഓര്‍ക്കുക. ഇത്തരത്തില്‍ നിയമനിര്‍മാണ സഭ എന്ന അര്‍ഥത്തില്‍ രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു പാര്‍ലമെന്റിനെ സങ്കല്പിക്കാന്‍ പോലും സാധ്യമല്ല. പക്ഷേ, സര്‍ക്കാര്‍ എന്നത് മറ്റൊരു സംവിധാനമാണ്, എക്‌സിക്യുട്ടീവാണ്. ലെജിസ്ലേച്ചര്‍ പാസ്സാക്കുന്ന നിയമങ്ങളിലൂടെ രാജ്യം ഭരിക്കുക എന്ന ചുമതലയാണ് സര്‍ക്കാരിന് അഥവാ എക്‌സിക്യുട്ടീവിന് ഉള്ളത്. എക്‌സിക്യുട്ടീവിന്റെ, അതായത് സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രി തന്നെയാണ്. അതിലാര്‍ക്കും സംശയമില്ല. ഡല്‍ഹിയില്‍ പണിതത് പുതിയ സെക്രട്ടേറിയറ്റ് മന്ദിരമായിരുന്നെങ്കില്‍ രാഷ്ട്രപതിയുടെ അസാന്നിധ്യം ഒരു ചര്‍ച്ചാവിഷയം ആവുകയേ ഇല്ലായിരുന്നു.

ഇവിടെ രാഷ്ട്രപതി മാത്രമല്ല അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത്. പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ ഉപരിസഭയാണല്ലോ രാജ്യസഭ. രാജ്യ എന്ന ഹിന്ദി പദത്തിന്റെ അര്‍ഥം സംസ്ഥാനം എന്നാണ്‌. സംസ്ഥാന നിയമസഭകള്‍ തിരഞ്ഞെടുത്ത് അയക്കുന്ന അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. സംസ്ഥാനങ്ങളുടെ സഭയാണ് വാസ്തവത്തില്‍ രാജ്യസഭ. അതിന്റെ അധ്യക്ഷനാകട്ടേ ഉപരാഷ്ട്രപതിയും. ലോകസഭയില്‍ സ്പീക്കര്‍ ചെയ്യുന്ന പ്രവൃത്തികള്‍, ദൈനംദിന പ്രവൃത്തികള്‍ ഉള്‍പ്പടെ നടത്തേണ്ടത് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രവൃത്തിമണ്ഡലമായ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് അദ്ദേഹവും മാറ്റിനിര്‍ത്തപ്പെട്ടു എന്നുള്ളത് ഗുരുതരമായ പിശകാണ്. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം ഭവനത്തിലെ ഒരു ചടങ്ങില്‍നിന്ന് അച്ഛനമ്മമാര്‍ മാറ്റി നിര്‍ത്തപ്പെടുന്ന അനുഭവമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും മാറ്റി നിര്‍ത്തുന്നതിലൂടെ നരേന്ദ്ര മോദി സൃഷ്ടിച്ചത്. അച്ഛനമ്മമാരല്ല, ധനാഢ്യനായ മകനായ ഞാനാണ് എല്ലാറ്റിന്റെയും കാരണക്കാരന്‍ എന്നുപറയുന്നതുപോലെയായി നരേന്ദ്ര മോദിയുടെ ഉദ്ഘാടനം.

വാസ്തവത്തില്‍ ഈ സംഭവം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അറിഞ്ഞ മട്ട് കാണിക്കാതിരിക്കുന്നത് ശരിയല്ല. രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയേക്കാളും പാരമ്പര്യം കുറഞ്ഞവരായിരിക്കാം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. പക്ഷേഅവരാണ് ഒന്നും രണ്ടും സ്ഥാനത്ത് ഇരിക്കുന്നത്. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയുംമേലുദ്യോഗസ്ഥനെപോലെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചതെന്ന് ഇതിനകം വ്യക്തമായ സാഹചര്യത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിലൂടെ ഈ നടപടി ശരിയാണെന്നോ തെറ്റാണെന്നോ പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

തികഞ്ഞ പ്രോട്ടോക്കോള്‍ ലംഘനമാണ് ഉദ്ഘാടനവേളയില്‍ നടന്നത്. രാജ്യസഭയെ പ്രതിനിധീകരിക്കാൻ രാജ്യസഭ ഉപാധ്യക്ഷനെ വേദിയിലേക്ക് ക്ഷണിച്ചതും മറ്റൊരു കല്ലുകടിയായി. ലോക്‌സഭ സ്പീക്കര്‍ മാത്രമാണ് പ്രധാനമന്ത്രിയോടൊപ്പം ഈ ചടങ്ങില്‍ പങ്കെടുക്കേണ്ടവരില്‍ ഒരാളെന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇത് കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണ്. പ്രസിഡന്റിന്റെ കൂടി അധികാരമുള്ള പ്രധാനമന്ത്രിയായി പുതിയ പ്രധാനമന്ത്രിമാര്‍ മാറണമെന്ന ബി.ജെ.പിയുടെ നയമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്.

ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയ്‌ക്കെടുത്ത മറ്റൊരു വിഷയം ദ്രൗപതി മുര്‍മുവെന്ന രാഷ്ട്രപതി ഒരു ആദിവാസി സ്ത്രീയും വിധവയുമാണെന്ന കാര്യമാണ്. ദ്രൗപതി മുര്‍മുവിനെ ബി.ജെ.പി. നിര്‍ദേശിച്ചപ്പോള്‍ അവരെ പിന്താങ്ങുന്നതിന് പകരം അടുത്ത കാലം വരെ ബി.ജെ.പി. നേതാവായിരുന്ന യശ്വന്ത്‌ സിന്‍ഹയെ പിന്താങ്ങിയത് പ്രതിപക്ഷത്തിന്റെ ഭാഗത്തുള്ള തെറ്റായുളള നടപടിയായിരുന്നു.ദ്രൗപതി മുര്‍മുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ട സമയത്തുതന്നെ അവരെ പ്രതിപക്ഷം പിന്താങ്ങണമെന്ന് ഈ ലേഖകന്‍ 'പ്രതിഭാഷണം' കോളത്തില്‍ എഴുതിയിരുന്നു. പ്രതിപക്ഷത്തിന്റെ അന്നത്തെ നോട്ടപ്പിഴവ് ഇന്നത്തെ അവരുടെ
വിമര്‍ശനത്തിന്റെ ആക്കം കുറയ്ക്കാന്‍ ഇടയാക്കി എന്നുപറയാതിരിക്കാന്‍ വയ്യ. ബി.ജെ.പിയുടെ ഓരോ നീക്കങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള ആഘാതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെ വ്യക്തമാകുന്നത്.

പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം ചെങ്കോല്‍ പ്രതിഷ്ഠയാണ്. ചെങ്കോല്‍ എവിടെനിന്ന് വന്നുവെന്നും ആരു കൊണ്ടുവന്നുവെന്നും ഇന്ന് വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ദക്ഷിണേന്ത്യയെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നിരിക്കാം ഉത്തരേന്ത്യവിഭജിക്കപ്പെട്ട 1947-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ ചെങ്കോല്‍ സ്വീകരിച്ചത്. മൗണ്ട്ബാറ്റണ് ശേഷം ഇന്ത്യയുടെ ഒന്നാമത്തെ ഗവര്‍ണര്‍ ജനറലായി രാജഗോപാലാചാരി വരുന്നതിന് മുന്‍പാണല്ലോ ഈ ചടങ്ങ് നടന്നത്. അതുകൊണ്ടുതന്നെ പരിണത പ്രജ്ഞനായ രാജഗോപാലാചാരിയുടെ ഉപദേശപ്രകാരം പഴയ ചോളരാജ്യത്തിന്റെ ഒരു പ്രതീകത്തെ ഉപയോഗിച്ചുകൊണ്ട് ദക്ഷിണേന്ത്യയെ ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തുക എന്ന ഒരു സിംബോളിക് ആക്ട് മാത്രമായിരുന്നു ഈ ചെങ്കോല്‍ദാനമെന്ന് കാണാവുന്നതാണ്.

പക്ഷേ, കാല്‍ കഴുകുമ്പോള്‍ കഴുകാന്‍ വിട്ടുപോയ കാല്‍വണ്ണയിലൂടെ 'കലി' കയറിയതു പോലെയാണ് ഈ സന്ദര്‍ഭം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നരേന്ദ്ര മോദി തന്റെ പുതിയ നീക്കം നടത്തിയത്. ദക്ഷിണേന്ത്യയില്‍ വോട്ട് നേടാനും തമിഴ്‌നാട്ടില്‍നിന്ന് സീറ്റു നേടാനും മാത്രമുള്ള ശ്രമമായി ഇതിനെ കുറച്ചു കണ്ടുകൂടാ. അയോധ്യയിലെ ക്ഷേത്ര നിര്‍മിതി പോലെ മറ്റൊരു നിര്‍മിതിയാണ് ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം എന്ന് സ്ഥാപിച്ചെടുക്കുന്നതിന് സമര്‍ഥമായ തരത്തില്‍ ചരിത്രത്തിന്റെ ചില പേജുകള്‍ കീറിയെടുക്കുകയായിരുന്നു നരേന്ദ്ര മോദി. ഇവിടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ചെറിയ നടപടിയാണ് മോദി ഉപയോഗിച്ചത് എന്ന് മറന്നുകൂടാ. ഒരു സെക്യുലര്‍ രാജ്യത്ത് സെക്യുലര്‍ അല്ലാത്ത ഒരു കാര്യവും നിര്‍ണായക സമയത്ത് ചെയ്തുകൂടാ എന്നാണ് ലേഖകന്‍ ഈ അനുഭവത്തില്‍നിന്ന് വായിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ നേതാക്കളുടെ തീരുമാനം പിന്‍വലിപ്പിക്കുന്നതിന് വലിയ തിടുക്കമൊന്നും സര്‍ക്കാര്‍ കാണിച്ചില്ല. വന്നില്ലെങ്കില്‍ അത്രയ്ക്കും നന്നായി എന്ന മട്ടിലാണ് ആ ബഹിഷ്‌കരണ ആഹ്വാനത്തെ കണ്ടത്. പ്രതിപക്ഷം ബഹിഷ്‌കരണാഹ്വാനം നടത്തിയാല്‍ അവരെ ബോധ്യപ്പെടുത്തുവാനും ഭേദഗതികളോടുകൂടിയാണെങ്കിലും അവരെ പങ്കെടുപ്പിക്കാനുമുള്ള പരിശ്രമം സര്‍ക്കാര്‍ നടത്തിയില്ല എന്നതാണ് പ്രശ്‌നം. പ്രതിപക്ഷങ്ങളുടെ അഭാവം ഒരു സൗകര്യമായി കാണുന്ന ജനാധിപത്യം അത്ര നല്ലതല്ല. ഏതായാലും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. സാധാരണഗതിയില്‍ അടുത്ത നൂറുകൊല്ലത്തേക്കെങ്കിലും ഇനിയൊരു പുതിയ മന്ദിരത്തിന്റെ ആവശ്യവുമില്ല. പക്ഷേ ഈ മന്ദിരത്തില്‍ നാം കെട്ടിപ്പടുക്കാന്‍, അല്ലെങ്കില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യം മതേതരത്വത്തിന്റേതാണോ എന്നതാണ് പ്രശ്‌നം.

ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ കക്ഷികളുടെ അഭാവത്തോടൊപ്പം ധാരാളം മതപുരോഹിതന്മാരുടെ സാന്നിധ്യമാണ് തെളിഞ്ഞുകണ്ടത്. കുറ്റം പറയരുതല്ലോ 12 മതങ്ങളുടെ പ്രതിനിധികള്‍ അവരുടെ വേദപാഠങ്ങള്‍ വായിക്കുമ്പോള്‍ പ്രധാനമന്ത്രിയും സ്പീക്കറും അടക്കമുള്ളവര്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്നത് നാം മാധ്യമങ്ങളില്‍
കാണുകയുണ്ടായി. ഒരു ഡസന്‍ ഇതര മതങ്ങളുണ്ടെങ്കിലും അതില്‍ ഒന്നല്ല ഹിന്ദുമതമെന്ന് മോദി എല്ലാവരേയും ഓര്‍മിപ്പിച്ചു. എല്ലാവരും തുല്യരാണ് പക്ഷേ, ചിലര്‍ കൂടുതല്‍ തുല്യരാണ് എന്ന ജോര്‍ജ് ഓര്‍വലിന്റെ വാക്യത്തെ ഓര്‍മിപ്പിക്കുന്നതരത്തില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക മതമാണ് രാഷ്ട്രത്തിന്റെ മതമായി ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത് എന്ന കൃത്യമായ പ്രസ്താവനയും നാം ഈ ഉദ്ഘാടന ചടങ്ങില്‍ ദര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ ചെങ്കോല്‍ വണക്കം തെറ്റായ ഒരു പ്രവൃത്തിയേക്കാളുപരി തമാശ നിറഞ്ഞ ഒന്നായിപ്പോയെന്ന് പറയാതിരിക്കാനാകില്ല. ചെങ്കോല്‍ എത്ര കേമമാണെങ്കിലും ഒരു വിഗ്രഹം പോലെ നമസ്‌കരിക്കപ്പെടേണ്ട ഒന്നല്ല. ചെങ്കോലില്‍ പഴയ കണക്കില്‍ പറഞ്ഞാല്‍ ക്ഷാത്രാംശമാണ് ഉളളത് ദേവാംശമല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു സ്വര്‍ണക്കോലിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ അത് ആചാരപരമായി നോക്കിയാല്‍ തെറ്റായ നടപടിയായിരുന്നുവെന്ന് കാണാന്‍ സാധിക്കും. ഹൈന്ദവ വിഗ്രഹങ്ങള്‍ വിവിധ ദൈവങ്ങളെ ആവാഹിച്ച വിശുദ്ധ ബിംബങ്ങളായിട്ടാണ് കരുതപ്പെടുന്നത്. അത് തെറ്റോ ശരിയോ എന്നതല്ല പ്രശ്‌നം; അതങ്ങനെയാണ്. പക്ഷേ, ചെങ്കോലിലേക്ക് ഒരു ദൈവികതയും ആവാഹിക്കപ്പെട്ടിട്ടില്ല. അത് ദേവസാന്നിധ്യമുള്ള വിഗ്രഹമല്ല. ഇനി ആണെങ്കില്‍ സ്പീക്കറുടെ പിറകില്‍ ഇരിക്കുന്ന ചെങ്കോലില്‍ പൂജ നടത്തേണ്ടി വരും.പരമ്പരാഗത ഹൈന്ദവ സങ്കല്പങ്ങളെ പോലും നിസ്സാരവല്ക്കരിക്കുകയാണ് ഈ നടപടിയിലൂടെ നരേന്ദ്ര മോദി ചെയ്തത്.

ഒരു പൂജാരിയല്ലാത്ത നരേന്ദ്ര മോദി ദൈവികതയില്ലാത്ത ചെങ്കോലിനെ ഏതാണ്ട് ദൈവിക സാന്നിധ്യമുള്ള വിഗ്രഹത്തെ വണങ്ങുന്നതുപോലെ വണങ്ങുകയും അതെടുത്ത് സ്പീക്കറുടെ ചേംബറില്‍ സ്ഥാപിക്കുകയും ചെയ്തത് വാസ്തവത്തില്‍ ഹൈന്ദവ പരമ്പരാഗത രീതികളെ കൂടി പരിഹസിക്കുന്ന നടപടിയായിപ്പോയി. പക്ഷേ, ഇതൊന്നുമല്ല പ്രശ്‌നം. ഇന്ത്യ എന്ന രാഷ്ട്രം ബി.ജെ.പിയുടെ ഭരണത്തില്‍ പതുക്കെ പതുക്കെ മാറ്റിയെടുക്കപ്പെടുകയാണ്. ഗാന്ധിജിയല്ല സവര്‍ക്കറാണ് ബി.ജെ.പിയുടെ രാഷ്ട്രപിതാവ് എന്നവര്‍ പറഞ്ഞാലും അത്ഭുതമില്ല. ഗോഡ്‌സെയുടെ ചിത്രം എന്നാണ് പുതിയ പാര്‍ലമെന്റിന്റെ ചുവരുകളില്‍ സ്ഥാനം പിടിക്കുക എന്ന് ഇനി കാത്തിരുന്നാല്‍ മതി. ഈ രാഷ്ട്രീയ പരിവര്‍ത്തനം(political transformation) ഇന്ത്യന്‍ ജനത അംഗീകരിക്കുന്ന ഒന്നാണോ? ആയിക്കൂടാ എന്നുമാത്രം പറയട്ടേ

Content Highlights: CP John writes about new Indian parliament inauguration and controversy, Prathibhashanam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Cartoon

3 min

കറുത്ത വറ്റ് കഞ്ഞിയിലല്ല; കഞ്ഞി വെക്കുന്നവരിലാണ്

Sep 28, 2023


karuvannur bank
Premium

8 min

സഹകരണ മേഖലയിലെ ത്രികോണ തട്ടിപ്പ് | പ്രതിഭാഷണം

Sep 20, 2023


പിണറായി വിജയന്‍, മിലന്‍ കുന്ദേര
Premium

6 min

അസഹിഷ്ണുതയില്‍ നിന്നുടലെടുക്കുന്ന ഭയത്തിന്റെ രാഷ്ട്രീയം | പ്രതിഭാഷണം

Jul 29, 2023


Most Commented