കൊറോണ എല്ലാവരേയും ഒരു പോലെയാണ് ബാധിക്കുന്നതെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ് | വഴിപോക്കന്‍


വഴിപോക്കന്‍

ചാള്‍സും ബോറിസും നേരിടുന്നതുപോലെയല്ല സാധാരണക്കാര്‍ കൊവിഡിനെ നേരിടുന്നത്. ചാള്‍സ് അസുഖബാധിതനാവുമ്പോള്‍ ചാള്‍സിന്റെ കുടുംബം വീഴുന്നില്ല. പക്ഷേ, ഒരു ദിവസത്തൊഴിലാളിയെ കൊറോണ ആക്രമിക്കുമ്പോള്‍ അയാളുടെ കുടുംബം ഒന്നടങ്കം വീണുപോവുന്നു.

-

മാറയിലെ കൂടിക്കാഴ്ച എന്ന പേരില്‍ ഇംഗ്ലിഷ് എഴുത്തുകാരന്‍ സോമര്‍സെറ്റ് മൊമിന്റെ ഒരു കഥയുണ്ട്. ഒരു മെസപ്പൊട്ടേമിയന്‍ കഥയുടെ പുനഃരാവിഷ്‌കാരമാണ് 1933-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന. കഥ ഇതാണ്:
ബാഗ്ദാദിലെ സമ്പന്നനായ ഒരു കച്ചവടക്കാരന്റെ ഭൃത്യന്‍ ഒരു ദിവസം ചന്തയിലേക്ക് പോകുന്നു. ഭൃത്യന്‍ ചന്തയില്‍നിന്ന് തിരിച്ചുവരുന്നത് പേടിച്ചുവിറച്ചാണ്. കച്ചവടക്കാരന്‍ ഭൃത്യനോട് എന്തു പറ്റിയെന്ന് ചോദിക്കുന്നു.
''ചന്തയില്‍ ഞാന്‍ മരണത്തെ കണ്ടു.''
ഭൃത്യന്‍ വിറച്ചുകൊണ്ട് പറയുന്നു.
''മരണം എന്നെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ നോക്കി. എനിക്ക് അങ്ങ് ഒരു കുതിരയെ തരണം. ഇവിടെ നിന്നാല്‍ മരണം എന്നെ കൊണ്ടുപോവും. ഞാന്‍ സമാറയിലേക്ക് പോയി രക്ഷപ്പെട്ടുകൊള്ളാം. അവിടെ മരണത്തിന് എന്നെ കണ്ടെത്താനാവില്ല.''

കച്ചവടക്കാരന്‍ ഭൃത്യന് തന്റെ ഏറ്റവും വേഗമുള്ള കുതിരയെ കൊടുത്തു. ഭൃത്യന്‍ ആ കുതിരപ്പുറത്തു കയറി സമാറയിലേക്ക് കുതിച്ചു. ഭൃത്യന്‍ പോയപ്പോള്‍ ആകാംക്ഷ അടയ്ക്കാന്‍ വയ്യാതെ കച്ചവടക്കാരന്‍ ചന്തയിലേക്ക് പോയി. അവിടെ മരണം നില്‍ക്കുന്നത് അയാള്‍ കണ്ടു. കച്ചവടക്കാരന്‍ മരണത്തിന്റെ അടുത്തെത്തി ചോദിച്ചു.
''നീ എന്തിനാണെന്റെ ഭൃത്യനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ നോക്കിയത്?''
അപ്പോള്‍ മരണം പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ഭൃത്യനെ ഭീഷണിപ്പെടുത്തിയില്ല. എന്റെ കണ്ണുകളില്‍ ആശ്ചര്യമായിരുന്നു. അയാളെ ഇവിടെ കണ്ടതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇന്ന് രാത്രി സമാറയില്‍ വെച്ചാണ് എനിക്കയാളെ കാണേണ്ടത്.''

മരണത്തിന്റെ അനിവാര്യത ഇത്രയും ശക്തമായി വെളിപ്പെടുത്തുന്ന മറ്റൊരു കഥയില്ലെന്നാണ് നിരൂപകരുടെ മതം. മരണത്തില്‍നിന്ന് ആര്‍ക്കും ഒളിച്ചോടാനാവില്ല. ആരായിരുന്നാലും എവിടെയായിരുന്നാലും മരണം നമ്മളെ തേടിയെത്തും. മരണമാണ് ഏറ്റവും വലിയ ജനാധിപത്യവാദി എന്ന നിരീക്ഷണമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. കൊറോണയും മരണം പോലെ വലിയ ജനാധിപത്യവാദിയാണെന്ന വാദം പലരും ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാനമില്ലാത്ത വാദമാണിത്. കൊറോണയ്ക്ക് മതവും ജാതിയുമില്ലെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, കൊറോണയ്ക്ക് തീര്‍ച്ചയായും സാമ്പത്തിക വിവേചനമുണ്ട്. നമ്മുടെ വ്യവസ്ഥിതി കൊണ്ടുണ്ടാവുന്ന വിവേചനം. പണക്കാരും പാവപ്പെട്ടവരും ഒരു പോലെയല്ല കൊറോണയെ നേരിടുന്നത്.

ചാള്‍സ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കൊവിഡ് 19-ന് ഇരയായില്ലേ എന്ന ചോദ്യം ഈ അവസരത്തില്‍ പ്രസക്തമാണ്. ചാള്‍സ് രാജകുമാരന്‍ പൂര്‍ണ്ണമായും കൊറോണ മുക്തനായിക്കഴിഞ്ഞു. ബോറിസ് ജോണ്‍സന്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നല്ല വാര്‍ത്തകള്‍. എല്ലാവരും സുഖം പ്രാപിക്കണമെന്നാണ് ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന. പക്ഷേ, യാഥാര്‍ത്ഥ്യം കയ്പു നിറഞ്ഞതാണ്. ചാള്‍സും ബോറിസും നേരിടുന്നതുപോലെയല്ല സാധാരണക്കാര്‍ കൊവിഡിനെ നേരിടുന്നത്. ചാള്‍സ് അസുഖബാധിതനാവുമ്പോള്‍ ചാള്‍സിന്റെ കുടുംബം വീഴുന്നില്ല. പക്ഷേ, ഒരു ദിവസത്തൊഴിലാളിയെ കൊറോണ ആക്രമിക്കുമ്പോള്‍ അയാളുടെ കുടുംബം ഒന്നടങ്കം വീണുപോവുന്നു.

കഴിഞ്ഞ ദിവസം ബി.ബി.സി. അവതാരക എമിലി മെയ്റ്റ്ലിസ് ഇതേക്കുറിച്ച് ഹൃദയാര്‍ദ്രമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കൊവിഡ് എല്ലാവരേയും ഒരു പോലെയാണ് ബാധിക്കുന്നതെന്ന പറച്ചില്‍ ഒരു മിത്താണെന്നും ഈ മിത്ത് പൊളിക്കേണ്ടതുണ്ടെന്നുമാണ് എമിലി ചൂണ്ടിക്കാട്ടിയത്. കൊവിഡിനെ നേരിടുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആസ്പത്രികളിലെ സാധാരണ തൊഴിലാളികള്‍, മരുന്നുകടകളില്‍ ജോലി ചെയ്യുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവരെല്ലാം തന്നെ കുറഞ്ഞ വേതനം ലഭിക്കുന്നവരാണെന്ന് എമിലി ചൂണ്ടിക്കാട്ടി. കൊവിഡുമായുള്ള ഏറ്റുമുട്ടലില്‍ വലിയ റിസ്‌കാണ് ഇവര്‍ നേരിടുന്നത്.

നിലവില്‍ 18 ലക്ഷം പേരോളം ലോകമെമ്പാടുമായി കൊവിഡ് ബാധിതരാണെന്നാണ് വിവരം. മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഈ മരിച്ചവരില്‍ നമ്മുടെ അയല്‍പക്കത്തല്ലാത്ത ആരുടെയെങ്കിലും പേര് നമുക്ക് പെട്ടെന്ന് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഈ ഒരു ലക്ഷം പേരില്‍ ഒരു സെലിബ്രിറ്റി എങ്കിലും ഉണ്ടോ എന്നറിയില്ല. സെലിബ്രിറ്റികളോടുള്ള അസൂയ കൊണ്ടാണിത് പറയുന്നതെന്ന് പറഞ്ഞ് മെക്കിട്ടു കയറരുത്. അങ്ങിനെ ഒരു സെലിബ്രിറ്റിയോടും ഒരസൂയയും ഇതെഴുതുന്നയാള്‍ക്കില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ക്രൂരമായ ഒരു തമാശ അമേരിക്കന്‍ വ്യവസ്ഥിതിയെ കുറിച്ചായിരുന്നു. അമേരിക്കയിലെ സാധാരണ മനുഷ്യര്‍ക്ക് കൊവിഡ് 19 ഉണ്ടോയെന്ന് അറിയണമെങ്കില്‍ അവര്‍ ഏതെങ്കിലും പണക്കാരുടെ മുഖത്തേക്ക് തുമ്മണമെന്നും അപ്പോള്‍ ആ പണക്കാര്‍ പരിശോധനയ്ക്ക് വിധേയരാവുമെന്നും അണുബാധയുണ്ടോയെന്ന് അങ്ങിനെ അറിയാമെന്നുമായിരുന്നു ആ ഫലിതം. ഒര്‍ര്‍ത്ഥത്തില്‍ ക്രൂരമാണെങ്കിലും കൊറോണയുടെ രാഷ്ട്രീയം ഈ ഫലിതത്തില്‍ നിറഞ്ഞു നില്‍പുണ്ട്.

ലോക്ക്ഡൗണാണ് കൊവിഡിനെ നേരിടുന്നതില്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ മാര്‍ഗ്ഗം. സാമൂഹിക അകലം പാലിച്ച് കൊറോണയുടെ നടുവൊടിക്കാമെന്ന വാദമാണ് ഇതിനു പിന്നില്‍. അതവിടെ നില്‍ക്കട്ടെ. ലോക്ക്ഡൗണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് സാധാരണ മനുഷ്യരാണ്.

മാര്‍ച്ച് 24-ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാലുമണിക്കൂറിനുള്ളില്‍ അര്‍ദ്ധരാത്രി 12 മണിയോടെ ഇന്ത്യ അടച്ചുപൂട്ടപ്പെട്ടു. ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് ഈ നീക്കത്തില്‍ പെട്ടുപോയത്.

ധാരാവിയിലെ കുടുസ്സുമുറികളില്‍ തിങ്ങിപ്പാര്‍ക്കുന്നവര്‍ക്ക് സാമൂഹിക അകലം വികലമായ തമാശ മാത്രമാണ്. ഫെബ്രുവരി മൂന്നിനാണ് കേരളം ആദ്യ കൊവിഡ് 19 രോഗിയുടെ കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 22-നാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യു നടപ്പാക്കിയത്. ഫെബ്രുവരി മൂന്നിനും മാര്‍ച്ച് 22 നുമിടയില്‍ എത്രയോ വിലപ്പെട്ട ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടയില്‍ ഫെബ്രുവരി 24-ന് അഹമ്മദാബാദില്‍ ഗംഭീരമായ ട്രംപ് ഷോ നടന്നു.

മാര്‍ച്ച് 23-നാണ് മദ്ധ്യപ്രദേശില്‍ ശിവ്‌രാജ്‌ സിങ് ചൗഹാന്റെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ വേണ്ടിയാണോ ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് ശശി തരൂര്‍ ചോദിക്കുന്നത് വെറുതെയല്ല. ബാല്‍ക്കണിയില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണോ ഇതെന്ന നടന്‍ കമല്‍ഹാസന്റെ ചോദ്യവും കാണാതിരിക്കാനിവല്ല.

ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ചകളൊക്കെ പക്ഷേ, പൊടുന്നനെ തബ്ലീഗി ജമാഅത്തിനു മുന്നില്‍ വിസ്മരിക്കപ്പെട്ടു. ഡല്‍ഹി ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തബ്ലീഗി ജമാഅത്തിന്റെ നടത്തിപ്പിന് ഒരു പോലെ ഉത്തരം പറയേണ്ടതുണ്ട്. പക്ഷേ, അതിനു പകരം ശരദ് പവാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഒരു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രചാരണങ്ങളാണുണ്ടായത്.

കൊറോണയുടെ ഈ വര്‍ഗ്ഗീയവത്കരണം മുളയിലേ നുള്ളുന്നതിനുള്ള ഒരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അത്യന്തം ഖേദകരമായിരുന്നു. തബ്ലീഗി ജമാഅത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ആര്‍ക്കും വെള്ള പൂശാനാവില്ല. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കുറ്റം തന്നെയാണത്. പക്ഷേ, അതിന്റെ മറവില്‍ മറ്റു വിഴ്ചകള്‍ കണ്ടില്ലെന്നു നടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കൊറോണയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു വന്നത്. കൊറോണ എങ്ങിനെയാണ് സാധാരണക്കാരെ കൂടുതലായി ബാധിക്കുന്നതെന്ന് മറ്റൊരു ഉദാഹരണത്തിലൂടെ പറയാം. പലരും ഇപ്പോള്‍ വീട്ടിലിരുന്ന് പണിയെടുക്കുന്നുണ്ട്. വീട്ടിലിരുന്ന് പണിയെടുക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം കൂലിത്തൊഴിലാളികളാണ്. ഇവര്‍ ഇതുവരെ എന്തെങ്കിലും മിച്ചം വെച്ചിട്ടുണ്ടെങ്കില്‍ അതും ഈ കൊറോണക്കാലം കൊണ്ടുപോവും.

പണമുള്ളവര്‍ക്ക് ഒരര്‍ത്ഥത്തില്‍ കുറച്ചെങ്കാലും പണം സമ്പാദിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാവും. കാരണം അവരുടെ പല ചെലവുകളും ഇപ്പോള്‍ മാറ്റിവെയ്ക്കപ്പെടുന്നു. വിനോദസഞ്ചാരങ്ങള്‍, പുറത്തുപോയുള്ള ഭക്ഷണങ്ങള്‍, ഷോപ്പിങ് എന്നിങ്ങനെ ഒരു പാട് കാശ് ചെലവാകുന്ന പല ഇടപാടുകളും ഇപ്പോള്‍ നടക്കുന്നില്ല. ഇത് ഒരുതരത്തില്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഡല്‍ഹിയിലും സൂററ്റിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ കുടിയേറ്റത്തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നതിന്റെ വാര്‍ത്തകളുണ്ടായിരുന്നു. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നതാണ് ഈ രോഷത്തിന് കാരണമായത്. ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ടിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ നിരാലംബരാണ്.

ഇവരില്‍ മിക്കവരുടെയും റേഷന്‍ കാര്‍ഡുകള്‍ അവരുടെ നാട്ടിലായിരിക്കും. റേഷനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഇതു കാരണം ഇവര്‍ക്ക് നഷ്ടമാവുന്നു. ഇവര്‍ക്ക് നേരിട്ടുള്ള പണം വിതരണമാണ് നടത്തേണ്ടത്. ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് മാസം വെറും 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കൊവിഡിനെ നേരിടാന്‍ ഇന്ത്യ ഇതുവരെ മാറ്റി വെച്ചിരിക്കുന്നത് 1.7 ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) യുടെ ഒരു ശതമാനം പോലുമില്ല.

അമേരിക്ക അവരുടെ ജി.ഡി.പിയുടെ പത്തു ശതമാനവും ജപ്പാന്‍ 20 ശതമാനവുമാണ് കൊവിഡിനെ നേരിടാന്‍ മാറ്റിവെച്ചിരിക്കുന്നത്. മലേഷ്യ പത്തു ശതമാനം വരുന്ന തുകയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. എന്തിന് ഇന്തേിനേഷ്യ പോലും 2.5 ശതമാനം കൊവിഡ് 19 പോരാട്ടത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ ഘട്ടത്തില്‍ ധനക്കമ്മിയെക്കുറിച്ച് വ്യാകുലപ്പെടരുതെന്നും പണം കൈയ്യയച്ച് ചെലവഴിക്കണമെന്നും നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെപ്പോലുള്ളവര്‍ പറയുന്നത് അവഗണിക്കപ്പെടരുത്. കൊവിഡ് 19-നെതിരെയുള്ള പോരാട്ടം ആരോഗ്യപരിപാലന മേഖലയില്‍ മാത്രമല്ല, സാമ്പത്തിക തലത്തിലും നടക്കേണ്ടതായുണ്ട്. ഇല്ലെങ്കില്‍ അതിന് നമ്മള്‍ കൊടുക്കുന്ന വില കനത്തതായിരിക്കും.

വഴിയില്‍ കേട്ടത്: കൊവിഡിനെതിരെ പ്രയോഗിക്കാനാവുമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്സിക്ലൊറൊക്വിന്‍ കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചു. അമേരിക്കയ്ക്ക് മാത്രമല്ല ബ്രസീല്‍, ഇസ്രായേല്‍ എന്നിവ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് ഇനിയിപ്പോള്‍ ഈ മരുന്ന് കയറ്റി അയക്കാം. ഇങ്ങനെ കയറ്റി അയച്ചാലും ഇന്ത്യയിലുള്ളവര്‍ക്ക് ആവശ്യമായ മരുന്ന് ഇവിടെയുണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങിനെ ആവശ്യത്തിന് മരുന്നുണ്ടായിരുന്നെങ്കില്‍ കയറ്റുമതി നിരോധിച്ചത് എന്തിനായിരുന്നു?

Content Highlights: Corona Virus can hit anybody, but the aftermath is different | Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented