ഖാർഗെ ഓർക്കേണ്ടത് 1931-ലെ കറാച്ചി പ്രമേയം; കോൺഗ്രസ് മാറേണ്ടത് അംബ്രല്ലാ സംഘടനയിലേക്ക് | പ്രതിഭാഷണം


സി.പി.ജോണ്‍.

ല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കോൺഗ്രസ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നിരിക്കുന്നു. മല്ലികാര്‍ജുന ഖാര്‍ഗെ വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിന് 1072 വോട്ട് അതായത് 12 ശതമാനം വോട്ട് കിട്ടി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. 2000-ത്തില്‍ സോണിയാഗാന്ധി വിജയിച്ച തിരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ വോട്ട് മാത്രമാണ് എതിര്‍സ്ഥാനാര്‍ഥിക്ക് കിട്ടിയത് എന്നതുകൊണ്ട് അതിനെ ഒരു തിരഞ്ഞെടുപ്പായി കാണുന്നത് സാങ്കേതികമായി മാത്രമാണ്.

അതിനുമുമ്പ് സീതാറാം കേസരി മത്സരിച്ചപ്പോഴാണ് ഗൗരവകരമായ തിരഞ്ഞെടുപ്പ് ഉണ്ടായത്. ശരദ് പവാറായിരുന്നു തൊട്ടടുത്തുളള എതിര്‍സ്ഥാനാര്‍ഥി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപീകരിച്ചത് ചരിത്രമാണ്. എന്തായാലും ശശി തരൂര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കി എന്നുവേണം കരുതാന്‍. പരമ്പരാഗതമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ആളല്ല ശശി തരൂര്‍. ലാറ്ററല്‍ എന്‍ട്രി എന്നുവേണമെങ്കില്‍ പറയാം. അമ്പതു വയസ്സുവരെ ഐക്യരാഷ്ട്ര സഭയുടെ ഉയര്‍ന്ന പദവികളില്‍ ഇരുന്ന ശശി തരൂര്‍ തിരുവനന്തപുരത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.ഈ 15 വര്‍ഷക്കാലത്തെ തിരുവനന്തപുരം പാര്‍ലമെന്റ് പ്രവര്‍ത്തനം കൊണ്ടും ഇന്ത്യക്ക് പുറത്തുളള വിവിധ വേദികളിലെ പ്രസംഗങ്ങള്‍ കൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പോലെ 137 വര്‍ഷം പഴക്കമുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 12 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കില്‍ നിശ്ചയമായും അത് വലിയ കാര്യമായി തന്നെവേണം കരുതാന്‍. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തേക്കാളുപരി ശക്തിയാണ് പുറത്തുകാണിക്കുന്നത്. ഒരു തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള ശക്തിയും മിതത്വവും കോണ്‍ഗ്രസിന് ഉണ്ടെന്ന് ആ പാര്‍ട്ടി തെളിയിച്ചിരിക്കുന്നു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ, അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ആര്‍.എസ്എസിന്റെ പ്രധാനപ്പെട്ട ആരോപണത്തെയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അട്ടിമറിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരേയുളള രാഷ്ട്രീയ കടന്നാക്രമണത്തെ സംഘടനാ തിരഞ്ഞെടുപ്പ് കൊണ്ട് അട്ടിമറിക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമാണ്. കോണ്‍ഗ്രസ് ഒരു കുടുംബാധിഷ്ഠിത പാര്‍ട്ടിയാണെന്നും ഒരു പ്രത്യേക കുടുംബത്തില്‍ പെട്ടവര്‍ക്കല്ലാതെ നേതൃത്വത്തിലെത്താന്‍ സാധിക്കുകയില്ല എന്നുമുളള പ്രചരണം ഒരളവുവരെ രാഷ്ട്രീയ പ്രവര്‍ത്തകരിലും സ്വാധീനം ചെലുത്തി. ആര്‍.എസ്എസ്. സൂചിപ്പിച്ച ഗാന്ധി കുടുംബം അല്ലെങ്കില്‍ നെഹ്‌റു കുടുംബം ഇക്കുറി തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായില്ല. അവര്‍ മാറി നിന്നു. അതുമാത്രമല്ല, ആര്‍ക്കും മത്സരിക്കുവാനുളള അനുവാദമുണ്ടെന്ന് സാങ്കേതികമായി പറയുന്നതിന് പകരം തിരഞ്ഞെടുപ്പിനെ പ്രോത്സാഹിപ്പിച്ചു.

തിരഞ്ഞെടുപ്പ് കാലത്താകട്ടേ മുന്‍ പ്രസിഡന്റായ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ 137 വര്‍ഷക്കാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. 3700 കിലോ മീറ്റര്‍ ദൂരം കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുളള നടത്തം ഈ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആയിരം കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടില്‍ ഒരു രാഷ്ട്രീയനേതാവും ഇന്ത്യയില്‍ ആയിരം കിലോ മീറ്ററിലധികം നടന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

3700 കിലോ മീറ്റര്‍ നടക്കുന്നു എന്നതിലുപരി ഈ യാത്രയില്‍ ലക്ഷോപലക്ഷം ആളുകളെ നേരിട്ട് കാണുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. അവിടെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍, നടന്നുകൊണ്ടുതന്നെ, നടക്കാന്‍ കഴിയാത്തവരെ കൈപിടിച്ചു നടത്തിക്കാന്‍, തൊഴിലാളികളെയും കര്‍ഷകരെയും നേരിട്ട് കണ്ട് അവരുടെ തോളില്‍ കൈയിടാന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന മെയ്‌വഴക്കം അദ്ദേഹത്തിന്റെ എതിരാളികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നടക്കുമ്പോള്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം മറ്റൊരു വഴിക്ക് പോയി എന്നതാണ് ശ്രദ്ധേയമായ കാര്യം.

എന്തായാലും ഒരു വലിയ തിരഞ്ഞെടുപ്പിന് ശേഷം മല്ലികാര്‍ജുന ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ 52 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് പ്രസിഡന്റ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ദളിത് പ്രസിഡന്റാണ് ഖാര്‍ഗെ.

അറുപതുകളുടെ അവസാനത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജഗ്ജീവന്‍ റാമിനെയാണ് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി മുന്നോട്ടുവെച്ചത്. പക്ഷേ അതിന് ശേഷം പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ ഒന്നിന്റെയും നേതൃത്വത്തില്‍ ദളിത് പ്രസിഡന്റുമാരുണ്ടായില്ല. ബി.ജെ.പിക്ക് ഹ്രസ്വകാലം ഒരു ദളിത് പ്രസിഡന്റ് ഉണ്ടായെങ്കിലും അദ്ദേഹത്തെ ചതിയില്‍ കുടുക്കി പുറത്താക്കുകയാണ് ചെയ്തത്. ബി.എസ്.പി. ഒഴികെ മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഒരു ദളിത് പ്രസിഡന്റ് ഉണ്ടായില്ല. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.എമ്മിന് ഒരു പോളിറ്റ് ബ്യൂറോ അംഗം പോലും ഉണ്ടായത്. എന്നാല്‍ സി.പി.ഐ. രണ്ടു തവണയായി ദളിത് ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തതും ഇത്തരത്തില്‍ ശ്രദ്ധേയമായ കാര്യമാണ്.

അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചില ചേരുവകള്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും. ഫാസിസത്തെ തോല്‍പ്പിക്കുക എന്നത് കാര്യമായ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുമാത്രം സാധിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ 24 ശതമാനം വരുന്ന വലിയ വിഭാഗമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതുകളും ആദിവാസികളും. അവര്‍ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ സമുദായത്തിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് എന്ന കാര്യവും മറന്നുപോകരുത്. അത്തരത്തില്‍ ബി.ജെ.പി. ലക്ഷ്യം വെക്കുന്ന ഹിന്ദു ഭൂരിപക്ഷത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ദളിത്- ആദിവാസി വിഭാഗങ്ങളെ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് പദവി നല്‍കിക്കൊണ്ട് കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് ബി.ജെ.പി. ചെയ്തതെങ്കില്‍ കോണ്‍ഗ്രസ് ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുന്നു.

കോണ്‍സിന്റെ പ്രസിഡന്റ് സ്ഥാനം തന്നെ പരിണിതപ്രജ്ഞനായ ദളിത് നേതാവിന് നല്‍കി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയവശം. പത്തു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ പാര്‍ലമെന്റിലും അംഗമായി. മന്ത്രിയായി. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകള്‍ കര്‍ണാടകത്തില്‍ കുറവാണ്. അഭിഭാഷകനായ അദ്ദേഹം തന്റെ തലമുറയിലെ ഏറ്റവും വിദ്യാസമ്പന്നനായ ആളുകളില്‍ ഒരാളാണ്. എന്തായാലും മല്ലികാര്‍ജുന ഖാര്‍ഗെ എന്ന പ്രസിഡന്റ് ജഗ്ജീവന്‍ റാമിന് ശേഷം ഒരു ദളിത് പ്രസിഡന്റായി മുന്നോട്ടുവരുമ്പോള്‍ ആരുടേയും നോമിനിയല്ല മറിച്ച് ശക്തമായ പോരാട്ടത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെന്ന കാര്യം മറന്നുപോകരുത്.

കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പുകള്‍ ലോകരാഷ്ട്രീയം ശ്രദ്ധിക്കുന്ന വിവിധ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. കാരണം അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തകാലത്ത് തകൃതിയായി നടന്നു. ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവന്നത് ഹിലാരി ക്ലിന്റണെ തോല്‍പിച്ചുകൊണ്ടായിരുന്നു.ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിച്ചതും വോട്ടെടുപ്പിലൂടെയാണ്. ലിസ് ട്രസ് എന്ന വനിത 55 ശതമാനം വോട്ട് നേടി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിനെ തോല്‍പ്പിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അമേരിക്കയിലും ബ്രിട്ടണിലും ഇപ്പോള്‍ ഇന്ത്യയിലും പ്രധാന രാഷ്ട്രീയ കക്ഷികളില്‍ പരസ്യമായ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു എന്നത് ജനാധിപത്യ ലോകത്തിന് അഭിമാനകരമായ കാര്യമാണ്. ഇത് ലോകരാഷ്ട്രീയത്തിലേക്കുളള പുതിയ ചൂണ്ടുപലകയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. ഇന്ത്യയുടെ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. ഏറ്റവും സങ്കീര്‍ണവുമായ ജനാധിപത്യമാണ്. പല തട്ടുകളിലായി സാമൂഹ്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവിടെ സാമ്പത്തികവും സാമൂഹ്യവുമായി ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി 20 ശതമാനം വോട്ട് നേടിയിട്ടുളള മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു എന്നുളളത് തീര്‍ച്ചയായും ശ്രദ്ധേയമായ കാര്യമാണ്.

മല്ലികാര്‍ജുന ഖാര്‍ഗെയുടെ മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. അദ്ദേഹം ദളിത് വിഭാഗത്തില്‍ വന്നു എന്നതുകൊണ്ട് മാത്രമായില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രസിഡന്റായി ഖാര്‍ഗെ മാറുമോ എന്നുളളതാണ് പ്രസക്തമായ ചോദ്യം. നമുക്കറിയാം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പോയ ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങളെ രക്ഷിച്ചെടുത്തത് സോണിയ ഗാന്ധി മുന്നോട്ട് വെച്ച പരിപാടിയിലൂടെയാണ്. സോണിയ ഗാന്ധിയുടെ ഉപദേശക ബോര്‍ഡ് വലിയ വിദഗ്ധന്മാര്‍ ഉള്‍പ്പെട്ടതാണ്. Jean Drèze അടക്കമുളള നിരവധി സാമ്പത്തിക വിദഗ്ധന്മാര്‍ ആ സമിതിയില്‍ ഉണ്ടായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയാണ് കോവിഡുകൊണ്ട് തകര്‍ന്നുപോകുമായിരുന്ന ലക്ഷോപലക്ഷം കുടുംബങ്ങളെ പട്ടിണി മരണങ്ങളില്‍ നിന്ന് രക്ഷിച്ചത് എന്ന് നമുക്കറിയാം. കോവിഡ് പിന്നിട്ടപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ കടയ്ക്കല്‍ കത്തിവെച്ചിരിക്കുകയാണ്. അതിനെ തിരിച്ചുപിടിക്കുക എന്ന കര്‍ത്തവ്യമാണ് ഖാര്‍ഗെയുടെ മുന്നിലുളളത് എന്ന് ഞാന്‍ കരുതുന്നു. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച എന്‍.ജി.എന്‍.ഇ.ആര്‍.എസ്. പദ്ധതിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം ഇന്ത്യ എമ്പാടും യാത്ര ചെയ്യുകയും അതിനു വേണ്ടിയുളള പ്രക്ഷോഭം ശക്തിപ്പെടുത്തുകയും വേണ്ടതായിട്ടുണ്ട്. സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിലും ചില ചര്‍ച്ചകള്‍ ശക്തമായി നടന്നു. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവെച്ചതിനെ സി.പി.ഐ. എതിര്‍ത്തതായാണ് പത്രവാര്‍ത്തകള്‍ കാണുന്നത്.

ഈ കാര്യത്തില്‍ തുറന്ന ചര്‍ച്ച കൊണ്ടുവരേണ്ടതായിട്ടുണ്ട്. 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ആര്‍ക്കാണ് പ്രയോജനം കിട്ടിയത് എന്ന് പരിശോധിക്കാനുളള അവസരം കൂടിയാണ് ഇത്. ഏറ്റവും വലിയ മിടുക്കന്മാരും സാമാന്യം സാമ്പത്തികമായി സൗകര്യമുളളവരും എഴുതുന്ന പരീക്ഷയാണല്ലോ ഐ.എ.എസ്.- ഐ.പി.എസ്. പരീക്ഷകള്‍. ആ പരീക്ഷയില്‍ ജനറല്‍ കാറ്റഗറി കഴിഞ്ഞാല്‍ രണ്ടാമതായി ഒ.ബി.സി. ഉദ്യോഗാര്‍ഥികളാണ് വരുന്നത്. ഒ.ബി.സിക്കാരേക്കാള്‍ മാര്‍ക്ക് കുറഞ്ഞ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ഐ.എ.എസ്.- ഐ.പി.എസ്. സ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ കഴിയും. പത്തു ശതമാനം സംവരണമെന്ന ആ തത്വം പുനഃപരിശോധിക്കണമെന്ന് പല കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. എന്താണ് പത്തു ശതമാനത്തിന്റെ പ്രസക്തി എന്നതിനെ പറ്റി സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണ്. എസ്എന്‍ഡിപിക്ക് വേണ്ടി ആ കേസ് വാദിക്കുന്നത് യു.ഡി.എഫ്. നേതാവ് കൂടിയായ അഡ്വ. രാജന്‍ ബാബുവാണ്. ഇത്തരം മൗലികമായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എടുക്കുന്ന സമീപനം എന്തായിരിക്കണമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു.

ഭൂരഹിതരും ഭവനരഹിതരുമായ കോടിക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. ഒരു ദിവസത്തെ ഭക്ഷണത്തിനുളള വകയാണ് തൊഴിലുറപ്പ് പദ്ധതി നല്‍കുന്നതെങ്കില്‍, അവരുടെ ഇന്‍കം സപ്പോര്‍ട്ടാണ് തൊഴിലുറപ്പ് പദ്ധതിയെങ്കില്‍ അവര്‍ക്ക് ആസ്തി വളര്‍ത്തിക്കൊടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ദാരിദ്ര്യത്തെ വലിച്ചെറിയാന്‍ കഴിയൂ എന്നുളളത് ഒരു യാഥാര്‍ഥ്യമാണ്. പാവപ്പെട്ടവര്‍ക്ക് തലചായ്ക്കാന്‍ ഒരിടം, അവര്‍ക്ക് കൃഷി ചെയ്യാന്‍ ഒരു തുണ്ടുഭൂമി എന്ന 1931-ലെ കറാച്ചി പ്രമേയത്തിലൂടെ മുന്നോട്ടുവെച്ച വാക്യം ഇന്ന് പുതുതായി ചര്‍ച്ച ചെയ്യുകയും അതിനു വേണ്ട പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതായിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കോണ്‍ഗ്രസ് വരുത്തുമോ എന്നുളളതാണ് ചോദ്യം. അതിന് മല്ലികാര്‍ജുന ഖാര്‍ഗെ മുന്‍കൈ എടുക്കുമെങ്കില്‍ കോണ്‍ഗ്രസിലേക്ക് ഒരു കാലത്ത് സ്വാതന്ത്ര്യത്തിന് മുമ്പും അതിനു ശേഷവും കോടാനുകോടി ആളുകള്‍ ഒഴുകിയെത്തിയതുപോലെ പാവപ്പെട്ടവരും പണിയെടുക്കുന്നവരും ഒഴുകിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ ഒഴുകിയെത്തുന്നവരിലൂടെ മാത്രമേ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകമായ ബി.ജെ.പിയെ തോല്‍പിക്കാന്‍ ആവൂ എന്നതാണ് ഈ ലേഖകന്റെ അഭിപ്രായം. കേവലമായ മുന്നണി രാഷ്ട്രീയം കൊണ്ട് മാത്രം അത് സാധിക്കില്ല. എന്നാല്‍ മുന്നണി രാഷ്ട്രീയം ഏറ്റവും പ്രധാനമാണ്.

കോണ്‍ഗ്രസ് വിട്ടുപോയവര്‍ പ്രബലരാണ്. നേരത്തേ സൂചിപ്പിച്ച ശരദ് പവാര്‍. അദ്ദേഹത്തിന് ആറ് സീറ്റുണ്ട് എന്നതിലുപരി അദ്ദേഹം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന വ്യക്തിത്വമാണ്. മമത ബാനര്‍ജി ത്രിണമൂല്‍ കോണ്‍ഗ്രസുകാരിയാണ്. അവരുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസിനുളളതിനോട് സമാനമായ അംഗങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നുണ്ട്. ആന്ധ്രപ്രദേശിലെ റെഡ്ഡിമാരും കോണ്‍ഗ്രസ് വിട്ടുപോയവരാണ്. എന്‍.സി.പിയും ആന്ധ്രയിലെ വിട്ടുപോയ കോണ്‍ഗ്രസുകാരും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്നാല്‍ ഇന്ന് കോണ്‍ഗ്രസിന് ഉളളതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ പാര്‍ലമെന്റിലുണ്ട്. ഈ മൂന്നു പാര്‍ട്ടികളുടേയും അതുപോലെ കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ചേര്‍ത്തുവെച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നിശ്ചയമായും 150 സീറ്റ് എന്ന മാജിക് നമ്പര്‍ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയും പക്ഷേ വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരികയും അതല്ലെങ്കില്‍ അവരെ അതത് പാര്‍ട്ടിയായി നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസിനെ ഒരു അംബ്രല്ലാ സംഘടനയാക്കി മാറ്റുകയും ചെയ്യുക എന്ന അത്യന്തം പ്രധാനമായ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കും അദ്ദേഹത്തിന്റെ ടീമിനും കഴിയുമോയെന്ന് ആളുകള്‍ ഉറ്റുനോക്കുന്നു. ഒപ്പം കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന എത്രയോ പാര്‍ട്ടികള്‍ ഇന്ത്യയുടെ നാനാഭാഗത്തും ഉണ്ട്.

ഐക്യജനാധിപത്യ മുന്നണി കോണ്‍ഗ്രസിനോടൊപ്പമുളള ഒരു വലിയ മുന്നണിയാണ്. അതില്‍ മുസ്ലീംലീഗ് മുതല്‍ സി.എം.പി. വരെയുളള പാര്‍ട്ടികളുണ്ട്. പതിറ്റാണ്ടുകളായി ഈ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയിലെമ്പാടും അത്തരം പാര്‍ട്ടികളെ കാണാന്‍ കഴിയും. അവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുളള വലിയ പരിശ്രമമായിരിക്കണം മല്ലികാര്‍ജുന ഖാര്‍ഗെ നടത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടപ്പ് മുന്നണിയായി മാത്രം കാണാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യന്‍ സമ്പദ്ഘടനയിലും മൗലികമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലുളള ഒരു പുതിയ പുരോഗമന മുന്നണി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിന് കഴിയേണ്ടതുണ്ട്. അതിനവര്‍ക്ക് സാധിക്കട്ടേ എന്നാശംസിക്കുന്നു. വിജയിച്ച മല്ലികാര്‍ജുന ഖാര്‍ഗെയെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ മത്സരം കാഴ്ചവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ ഒരു ജനാധിപത്യ കക്ഷി എന്ന നിലയില്‍ വിജയിപ്പിച്ച ശശി തരൂരിനെയും അഭിനന്ദിക്കുന്നു. ഭാവിയില്‍ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാത്തിരുന്ന് കാണാം.

Content Highlights: Congress president election CP John| pratibhashanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented