ആരാണ് മികച്ച സ്ഥാനാര്‍ഥി എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ... | പ്രതിഭാഷണം


സി.പി.ജോണ്‍മല്ലികാർജുൻ ഖാർഗെ, ശശി തരൂർ| Photo: Mathrubhumi

137 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെയും ഇംഗ്ലണ്ടിലെ കണ്‍സര്‍വേറ്റീവ് ലേബര്‍ പാര്‍ട്ടികളുടെയും ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ കോണ്‍ഗ്രസിന്റെയും എല്ലാം ഗണത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്നത്.

1969-ല്‍ പിളര്‍പ്പിന് ശേഷം ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ഇന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രപരമായ അവകാശികളാണെന്ന കാര്യത്തില്‍ അതിന്റെ എതിരാളികള്‍ക്ക് പോലും സംശയമില്ല. പക്ഷേ 137 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നാലു തവണ മാത്രമേ ഔപചാരികമായ വോട്ടെടുപ്പോടു കൂടിയുളള തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടുളളൂവെന്നത് ഒരു തരത്തില്‍ നേതൃത്വത്തിനുളള അംഗീകാരത്തിന്റെ സൂചനയാണെങ്കിലും മറ്റൊരു തരത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നേതൃത്വത്തെ കണ്ടെത്താനുള്ള വൈമുഖ്യത്തിന്റെ വ്യക്തമായ സൂചനയുമാണ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ 22 വര്‍ഷത്തിന് ശേഷം രണ്ടു സ്ഥാനാര്‍ഥികള്‍ അഭിമുഖമായി നിന്ന് തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുകയാണ്. ഔദ്യോഗിക നേതൃത്വം ആര്‍ക്കും ഔപചാരിക പിന്തുണ നല്‍കുന്നില്ലെങ്കിലും മല്ലികാര്‍ജുന ഖാര്‍ഗെ നിലവിലുളള ദേശീയ നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണ് മത്സരിക്കുന്നതെന്ന കാര്യം രഹസ്യമല്ല. ഖാര്‍ഗെയുടെ നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടിരിക്കുന്നത് എ.കെ. ആന്റണിയാണ് എന്നതും നേതൃത്വത്തിന്റെ മനസ്സ് എവിടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഖാര്‍ഗെയെ എതിര്‍ക്കുന്നത് നമുക്കെല്ലാം സുപരിചിതനായ, മൂന്നു തവണ തിരുവനന്തപുരത്തിന്റെ എം.പിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാകെ അറിയുന്ന മലയാളികളില്‍ ഒരാളായ ശശി തരൂരാണ്. ആരുടെ പക്ഷത്താണ് എ.ഐ.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടില്ലാത്തവര്‍ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഏതാണ്ട് 9000 പേര്‍ക്ക് മാത്രമേ വോട്ടുളളൂ.

ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതാവായി മാറുന്ന എ.ഐ.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഒരു അംസബ്ലി മണ്ഡലത്തില്‍നിന്നു രണ്ടു പേര്‍ വീതമുളള ഇലക്ട്രല്‍ കോളജാണ്. അതിനുപുറമേ എം.എല്‍.എമാരുടെയും മുന്‍ഭാരവാഹികളുടെയുമെല്ലാം പ്രാതിനിധ്യമുണ്ട്. രണ്ടു സ്ഥാനാര്‍ഥികളും പടിപടിയായി വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് വോട്ടര്‍മാരെ കണ്ട് വോട്ട് ചോദിച്ചുവരികയാണ്.

എ.ഐ.സി.സി. തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നോ ആരാണ് ജയിക്കേണ്ടതെന്നോ ഉളള വിഷയമല്ല 'പ്രതിഭാഷണ'ത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ തിരഞ്ഞെടുക്കാനുളള തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് കൂടുതല്‍ വ്യക്തതയോടെ നടത്തേണ്ടത് എന്നതാണ് ഇന്നത്തെ ആലോചനാ വിഷയം. ഇതിന് അമേരിക്കയുടേയോ ഇംഗ്ലണ്ടിന്റെയോ മാതൃകകള്‍ പകര്‍ത്തേണ്ട കാര്യം ഇന്ത്യക്കില്ല. 75 വര്‍ഷമായി നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട്. ആയിരക്കണക്കിന് എം.എല്‍.എമാരും നൂറുകണക്കിന് എം.പിമാരും നമുക്കുണ്ട്. കോണ്‍ഗ്രസിന്റെ ഘടനയനുസരിച്ച് എ.ഐ.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അതത് പ്രദേശത്തെ പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണമനുസരിച്ചുളള പ്രാതിനിധ്യം വെച്ചല്ല, മറിച്ച് നേരത്തേ സൂചിപ്പിച്ചതുപോലെ അതത് അസംബ്ലികളിലെ ആകെ അംഗങ്ങളുടെ (കേരളത്തില്‍ 140) പ്രാതിനിധ്യം വെച്ചാണ്. ഒരര്‍ഥത്തില്‍ ജനങ്ങളുടെ എണ്ണം വെച്ചുതന്നെയാണ്.

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് തീര്‍ച്ചയായും അവരുടെ പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമാണ് എങ്കില്‍പോലും ആ തിരഞ്ഞെടുപ്പിന്
മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനോ അല്ലെങ്കില്‍ ആ ഉത്തരവാദിത്തം മാത്രം നിര്‍വഹിക്കുന്ന മറ്റൊരു കമ്മിഷനോ ഉണ്ടെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കാരണം, രാഷ്ട്രീയ പാര്‍ട്ടികളാണ് പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അവര്‍ക്ക് ചിഹ്നങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ഞാറ്റടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഞാറ്റില്‍ പിഴയ്ക്കരുതല്ലോ. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഔദ്യോഗിക മേല്‍നോട്ടത്തില്‍ ഉളളതും ആകേണ്ടത് കൃത്യമായ തരത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് അത്യാവശ്യമാണ്.

യുണൈറ്റഡ് കിങ്ഡം ഒരു ചെറിയ രാജ്യമാണ്. അവിടെ ആറു കോടി ജനങ്ങള്‍ മാത്രമേയുളളു. അമേരിക്കയില്‍ പോലും 30 കോടി ജനങ്ങളേയുളളൂ. പക്ഷേ ഇന്ത്യ അമേരിക്കയുടെ ജനസംഖ്യയുടെ നാലിരിട്ടയിലധികം ജനങ്ങളുളള ഒരുനാടാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ നടക്കുന്ന ഈ നാട്ടില്‍ അതിന് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യപരമായാണ് സംഘടിപ്പിക്കപ്പെട്ടിട്ടുളളത് എന്നുറപ്പ് വരുത്തേണ്ടത് പാര്‍ലമെന്റിന്റെ നിയമം കൊണ്ട് നിര്‍മിതമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലൊരു കമ്മിഷന്‍ ആയിരിക്കണം. ഓരോ രാഷ്ട്രീയ കക്ഷിയും അതിന്റെ ഭരണഘടന അനുസരിച്ച് അവരുടെ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കാനുളള വോട്ടേഴ്‌സ് ലിസ്റ്റ് കൃത്യമായ കാലയളവില്‍ പ്രസിദ്ധപ്പെടുത്തേണ്ടതും നേരത്തേ സൂചിപ്പിച്ച ഔദ്യോഗിക സംവിധാനം അത് പരിശോധിക്കേണ്ടതുമാണ്. വോട്ടര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് കൊടുത്തുകൊണ്ട് നോമിനേഷന്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ട ചുമതലയായിരിക്കണം ഈ കമ്മിഷനുളളത്.

ഇന്ത്യയുടെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെന്നതുപോലെ വര്‍ഷാവര്‍ഷം പാര്‍ട്ടികള്‍ക്കകത്ത് തിരഞ്ഞെടുപ്പ് അപ്രായോഗികമാണ്. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ അഖിലേന്ത്യാനേതൃത്വത്തെ തിരഞ്ഞെടുക്കുക എന്നുളളതാണ് യുക്തിസഹമായ കാര്യം. ആ തിരഞ്ഞെടുപ്പിന്റെ ഒരുവര്‍ഷം മുമ്പുതന്നെ തയ്യാറാക്കപ്പെടുന്ന വോട്ടേഴ്‌സ് ലിസ്റ്റ് ഔദ്യോഗിക സംവിധാനത്തിന്റെ അംഗീകാരത്തോടുകൂടി പ്രസിദ്ധപ്പെടുത്തുകയും ഇന്നത്തെ നിലയ്ക്ക് അവരുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ ഐഡികളും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. അതിനുശേഷമായിരിക്കണം നോമിനേഷന്‍ പ്രക്രിയ ആരംഭിക്കേണ്ടത്.

നോമിനേഷന്‍ നല്‍കിക്കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പിന് ഏറ്റവും ചുരുങ്ങിയത് ഒരുമാസമെങ്കിലും ആവശ്യമുണ്ട്. അതിലധികമായാലും തെറ്റില്ല. കാരണം എല്ലാ സംസ്ഥാനങ്ങളിലും കടന്നുചെല്ലണമല്ലോ. സംസ്ഥാനങ്ങളില്‍ ടൗണ്‍ഹാള്‍ മീറ്റിങ്ങുകള്‍ പോലുളള മീറ്റിങ്ങുകള്‍ നടത്തുന്നതും തെറ്റല്ല. അല്പം വീറും വാശിയും ഉളളിടത്ത് ചില തര്‍ക്കങ്ങള്‍ ഉണ്ടാകാവുന്നത് സാധാരണമായിരിക്കാമെങ്കിലും ആരോഗ്യമുളള ജനാധിപത്യത്തിന് അത് താങ്ങാനുളള കരുത്തുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഒരുപാര്‍ട്ടിയില്‍ രണ്ടുസ്ഥാനാര്‍ഥികള്‍ ഉയര്‍ന്നുവന്നാല്‍ പ്രൈമറീസ് എന്ന് അറിയപ്പെടുന്ന തിരഞ്ഞെടുപ്പുകള്‍ സര്‍വസാധാരണമാണ്. ഹിലരി ക്ലിന്റണും ഒബാമയും തമ്മില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുളള തിരഞ്ഞെടുപ്പ് ഏതാണ്ട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലെ തന്നെ ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

അതുപോലെ തന്നെ കോക്കസുകള്‍ എന്നറിയപ്പെടുന്ന യോഗങ്ങള്‍ ചേര്‍ന്നുകൊണ്ട് സ്ഥാനാര്‍ഥികളെ ചര്‍ച്ചകളിലൂടെയും ശബ്ദവോട്ടുകളിലൂടെയും തിരഞ്ഞെടുക്കുന്ന രീതിയും അമേരിക്കയില്‍ ഉണ്ടത്രേ. ഈ അടുത്തകാലത്ത് ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിനാണ് ഭൂരിപക്ഷം ലഭിച്ചതെങ്കിലും പിന്നീട് നടന്ന പാര്‍ട്ടിമെമ്പര്‍മാര്‍ക്കിടയിലെ വോട്ടെടുപ്പില്‍ അദ്ദേഹത്തിന് നിര്‍ണായക വോട്ടുകള്‍ ലഭിച്ചെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല. 57 ശതമാനം വോട്ട് നേടിയ ലിസ് ട്രസ് അങ്ങനെയാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വേറെയും പ്രത്യേകതകള്‍ ഉണ്ട്‌. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഒരു അംഗകക്ഷിയാണ് സൗത്താഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. വര്‍ണവെറിക്കെതിരായ സമരത്തില്‍ നിര്‍ണായക പോരാട്ടം നടത്തി വീരേതിഹാസം സൃഷ്ടിച്ച നിരവധി ആളുകള്‍ സൗത്താഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. ഏതാണ്ട് കാല്‍നൂറ്റാണ്ടായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ദക്ഷിണാഫ്രിക്കയില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അതിന്റെ അഫിലിയേറ്റ് ആയ സൗത്താഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലുണ്ട് എന്ന കാര്യം കേരളത്തിലെ ഇടതുപക്ഷക്കാര്‍ക്കിടയില്‍ പോലും പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാതെ പോയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായാല്‍ സ്വാഭാവികമായും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലും അംഗത്വം കിട്ടുകയായി. സൗത്താഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമായി നടക്കുകയും ആ പാര്‍ട്ടി നിശ്ചയിക്കുന്ന പ്രതിനിധികള്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുക്കുകയുമാണ് ചെയ്യുക. അതായത് ഒരു പാര്‍ട്ടിക്ക് അകത്തുതന്നെ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിന് മുമ്പ് ഇത്തരത്തില്‍ വിവിധ ചിന്താധാരകളെ ഉള്‍ക്കൊണ്ടിരുന്ന ഒരു അംബ്രല്ല ഓര്‍ഗനൈസേഷന്‍ ആയിരുന്നു എന്ന് പറയാം. രാഷ്ട്രീയ കക്ഷികള്‍ തമ്മിലുളള മുന്നണികളില്‍ ഉളളതിനേക്കാള്‍ അധികം അടുത്ത ബന്ധമാണ് ഇത്തരത്തിലുളള അഫിലിയേറ്റുകള്‍ക്ക് ഉളളത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. എന്തായാലും നമുക്ക് ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങളിലേക്ക് തിരിച്ചുവരാം.

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇതര പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ കാലയളവില്‍ സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നടക്കാറുണ്ട്. സി.പി.എമ്മും സി.പി.ഐയും പോലുളള പാര്‍ട്ടികള്‍ മൂന്നുവര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടത്തുക. അവിടെ ബ്രാഞ്ച് മുതല്‍ പോളിറ്റ് ബ്യൂറോ വരെ സാങ്കേതികമായ അര്‍ഥത്തില്‍ തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്. സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുപ്പാകാം.

കേന്ദ്രീകൃത കക്ഷികളെന്ന നിലയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രചരണം നടത്തിക്കൊണ്ടുളള തിരഞ്ഞെടുപ്പുകള്‍ അസാധ്യമാണ്. സാങ്കേതിക ജനാധിപത്യം(formal Democracy) കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൂടുതലുണ്ടെങ്കിലും ജനാധിപത്യപരമായ ഉളളടക്കം (Democratic Content ) കുറവാണെന്ന വിമര്‍ശനം യാഥാര്‍ഥ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാകണമെന്ന് അതത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാമെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും, ബിജെപി പോലുളള രാഷ്ട്രീയകക്ഷികളും, ഇന്ന് ശക്തമായ സാന്നിധ്യം തെളിയിക്കുന്ന ഡിഎംകെ , ടിഎംസി , സമാജ് വാദി, ജെഡിയു , എന്‍സിപി , ബിഎസ്പി, ആര്‍ജെഡി തുടങ്ങിയ പ്രബല രാഷ്ട്രീയ കക്ഷികളിലും തിരഞ്ഞെടുപ്പ് പ്രക്രിയ കൃത്യമായി നടക്കുന്നുണ്ടെന്നും ആ പാര്‍ട്ടികളില്‍ അംഗത്വമെടുത്തവര്‍ക്ക് അതിന്റെ ഭാരവാഹി സ്ഥാനത്തേക്ക് കടന്നുവരാന്‍ അവസരമുണ്ടെന്നും ഉറപ്പുവരുത്തേണ്ടതും നിയമം മൂലം നിര്‍മിക്കപ്പെട്ട പൊളിറ്റിക്കല്‍ പാര്‍ട്ടി കമ്മിഷന്‍ തന്നെയാണ്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്കകത്തെ തിരഞ്ഞെടുപ്പ് നടത്താനുംസംസ്ഥാനതലത്തില്‍ ഇതുപോലുളള പ്രാദേശിക കമ്മിഷനുകള്‍ ഉണ്ടാക്കാവുന്നതാണ്.

ഇന്ത്യന്‍ ജനാധിപത്യം ഒരു നിര്‍ണായക ഘടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ തലമുറ രാഷ്ട്രീയ കക്ഷികളിലേക്ക് കടന്നുവരണം. തീര്‍ച്ചയായും ശശി തരൂരിനെ പോലുളള ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യക്കാരന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതും രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിലേക്കുളള തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്തതും നിര്‍ണായകമായ കാര്യം തന്നെയാണ്. അദ്ദേഹം നേരിടുന്നത് പരിണിതപ്രജ്ഞനായ എണ്‍പത് വയസ്സുണ്ടെങ്കിലും ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി ബി.ജെ.പി. ഭരണത്തിനെതിരേ ശക്തമായി വിരല്‍ചൂണ്ടി സംസാരിച്ച മല്ലികാര്‍ജുന ഖാര്‍ഗെ എന്ന സമ്മുന്നതനായ നേതാവിനെയാണ്.

ജഗ്ജീവന്‍ റാമിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ ഒരു ദളിത് മുഖം എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുന്നത്. ഈ കോളത്തില്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോവിന്ദിന് ശേഷം ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയ രാഷ്ട്രീയ തന്ത്രത്തിന് ഒരു പരിധി വരെയുളള മറുപടിയാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനര്‍ഥിത്വം എന്നുപറയാവുന്നതാണ്. ഇന്ത്യയിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ 24 ശതമാനം ഉണ്ടെന്ന് നമുക്കറിയാം. ബിജെപി ഹ്രസ്വകാലം ഒരു പ്രസിഡന്റിനെ ദളിത് വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തെ നാണംകെടുത്തി. അദ്ദേഹം പുറത്താക്കപ്പെട്ടു.

ആദ്യമേ സൂചിപ്പിച്ചതുപോലെ ഈ ലേഖനത്തില്‍ നേരിട്ടോ അല്ലാതെയോ ആരാണ് മികച്ച സ്ഥാനാര്‍ഥി എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന് പുറത്തുളള ഒരാള്‍ അതിനകത്തെ കാര്യത്തില്‍ ഇടപെടുക എന്ന തെറ്റായ മാതൃകയാണ് അതിലൂടെ സൃഷ്ടിക്കപ്പെടുക. എന്തായാലും ഒരാഴ്ച കഴിയുമ്പോള്‍ ചിത്രം വ്യക്തമാകും. ഖാര്‍ഗയാണോ തരൂരാണോ ജയിക്കുക എന്നതല്ല അടിസ്ഥാനപരമായ പ്രശ്‌നം. കോണ്‍ഗ്രസ് പോലെ 20 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുളള ലോകാമാകെ ശ്രദ്ധിക്കുന്ന ഒരു മതേതര പുരോഗമന പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നു എന്നത് നല്ല കാര്യമാണ്.

രാഹുല്‍ ഗാന്ധി നടന്നുനീങ്ങുകയാണ്. അദ്ദേഹം തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ യാത്ര ആയിരം കിലോമീറ്റര്‍ പിന്നിടുകയാണ്. ഇരുപതാം നൂറ്റാണ്ടില്‍ മാവേ സേ തൂങ് 8000 കിലോമീറ്ററിലധികം നടന്ന് ബീജിങ്ങില്‍ എത്തിയതിനുശേഷം ഒരു ദേശീയ നേതാവും ഇത്രയും വലിയ യാത്ര ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ അധികാരസ്ഥാനങ്ങളില്‍ ഇരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് നിന്ന് മാറിനിന്നുകൊണ്ട് ജനങ്ങളുടെ ഭാഗമായി അവരെ നയിക്കുക എന്ന നമുക്ക് പരിചയമില്ലാത്ത രീതിയാണ് രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് മാത്രമല്ല രാഷ്ട്രീയം ഗൗരവമായെടുത്ത എല്ലാവര്‍ക്കും ആവേശം ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ പുതിയ തലമുറ ഗൗരവത്തോടെ കാണുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതിന് പുറമേയാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുളള തിരഞ്ഞെടുപ്പും വന്നിരിക്കുന്നത്. അതിനെന്തല്ലാം ന്യൂനതകളും കുറവുകളും ഉണ്ടെങ്കിലും ഈ രണ്ടു പ്രക്രിയയും -രാഹുലിന്റെ ലോങ് മാര്‍ച്ചും കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പും - ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു മുതല്‍ക്കൂട്ടാകും.

Content Highlights: Congress president election 2022, Shashi Tharoor, mallikarjun kharge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented