കോൺഗ്രസ് തിരിച്ചു വരുന്നു; ഇന്ത്യൻ ജനാധിപത്യവും | വഴിപോക്കൻ


By വഴിപോക്കൻ

5 min read
Read later
Print
Share

മോദിക്കെതിരെ കർണാടകം എന്നതായിരുന്നു കോൺഗ്രസിന്റെ തന്ത്രം. ഈ തന്ത്രമാണ് ബംഗാളിൽ മമത പയറ്റിയത്. ഒഡിഷയിൽ നവീൻ പട്നായിക്കും തമഴകത്ത് എം.കെ. സ്റ്റാലിനും കളിച്ചതും ഇതേ കളിയാണ്.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയചിഹ്നം ഉയർത്തിക്കാട്ടുന്ന കോൺഗസ് നേതാവ് സിദ്ധരാമയ്യ | Photo: ANI

കോൺഗ്രസ് കർണാടകത്തിൽ കളിച്ച കളിക്ക് ഒരു ഗാന്ധി-മാവോ സ്പര്‍ശമുണ്ട്. ചൈനീസ് വിപ്ലവത്തിൽ മാവോയുടെ മന്ത്രം ഗ്രാമങ്ങളിലേക്കു പോവുക എന്നതായിരുന്നു. ഗ്രാമീണരായ കർഷകരായിരിക്കും ചൈനയെ മാറ്റിത്തീർക്കുകയെന്ന നിഗമനമായിരുന്നു മാവോയുടെ വിപ്ലവദർശനത്തിന്റെ അടിത്തറ. ഗ്രാമങ്ങൾ നഗരങ്ങളെ വളയട്ടെ എന്ന മാവോ സിദ്ധാന്തം പിറവിയെടുക്കുന്നത് അങ്ങിനെയാണ്. ഒരർത്ഥത്തിൽ ഗാന്ധിജിയുടെ ദാർശനിക അടിത്തറയും ഗ്രാമങ്ങളാണ്. യൂണിയൻ ഒഫ് സ്റ്റേറ്റ്സ് എന്നല്ല, യൂണിയൻ ഒഫ് വില്ലേജസ് എന്നാവും ഭരണഘടനയുടെ ശിൽപി ഗാന്ധിജിയായിരുന്നെങ്കിൽ എഴുതപ്പെട്ടിട്ടുണ്ടാവുക. ഗ്രാമങ്ങളെന്ന് ഈ 2023-ലെ ഇന്ത്യയിൽനിന്ന് പറയുന്നത് ഗാന്ധിജിയുടെയും മാവോയുടെയും കാലത്തുണ്ടായിരുന്ന 'ഗ്രാമം' എന്ന ഭൂമിശാസ്ത്രപരമായ അർത്ഥത്തിലല്ല. അടിത്തട്ടിലേക്കുള്ള മടക്കം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ജനസമൂഹത്തിന്റെ അടിത്തട്ടിലേക്കുള്ള മടക്കമാണ് കോൺഗ്രസിന് കർണാടകത്തിൽ ഈ അസൂയാവഹമായ വിജയം സമ്മാനിച്ചിരിക്കുന്നത്.

ആർ.എസ്.എസിനും ബി.ജെ.പിക്കും പിഴച്ചതും ഇവിടെയാണ്. മോദി എന്ന നേതാവിലേക്കാണ് സംഘപരിവാർ മടങ്ങിയത്. അതിനവർ നിർബ്ബന്ധിതരായി എന്നു പറയുന്നതാവും കൂടുതൽ ശരി. കർണാടകത്തിൽ, അടിത്തട്ടിൽ ഉയർത്തിക്കാട്ടാൻ ഇക്കുറി ബി.ജെ.പിക്ക് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കോൺഗ്രസ് സർക്കാരുകളുടെ അഴിമതി എന്ന എക്കാലത്തെയും ബി.ജെ.പിയുടെ പ്രചാരണതന്ത്രം കർണാടകത്തിൽ അടിപടലം പൊളിഞ്ഞുവീണു. യെദ്യൂരപ്പയുടെ പകരക്കാരൻ എന്ന നിലയിൽ അതിദയനീയമായ പ്രകടനമായിരുന്നു ബാസവരാജ് ബൊമ്മയുടേത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഭിന്നതകൾ മറന്ന് ഒന്നിച്ച് നിലയുറപ്പിച്ചതോടെ ബി.ജെ.പി. ഇത്തവണ കോൺഗ്രസിന് പിന്നാലെ നടന്നു.

അതായത് തിരഞ്ഞെടുപ്പിന്റെ അജണ്ട കോൺഗ്രസ് നിശ്ചയിക്കുകയും അതിനുള്ള മറുപടികൾ എന്ന നിലയിലേക്ക് ബി.ജെ.പിയുടെ പ്രചാരണം മാറുകയും ചെയ്തു. ദരിദ്രരും സാധാരണക്കാരുമായ ജനസമൂഹത്തെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളായിരുന്നു കോൺഗ്രസ് പ്രകടനപത്രികയുടെ മുഖമുദ്ര. മുസ്ലീങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കുമിടയിൽ വീതിച്ചതും ബജ്രംഗ്ദളിനെ വേണ്ടിവന്നാൽ നിരോധിക്കുമെന്ന കോൺഗ്രസ് നിലപാട് ബജ്രംഗ്ബലി(ഹനുമാൻ)ക്കെതിരെയാണെന്ന് പ്രധാനമന്ത്രി മോദി തന്നെ വളച്ചൊടിച്ചതും ഈ പരിസരത്തിലാണ്.

ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ

മോദിക്കെതിരെ കർണാടകം

മോദിക്കെതിരെ രാഹുൽ എന്ന കെണിയിലേക്ക് കോൺഗ്രസ് വീണില്ല. രാഹുലും പ്രിയങ്കയും കർണാടകത്തിൽ സജീവമായുണ്ടായിരുന്നെങ്കിലും പ്രചാരണത്തിന്റെ മുൻനിരപ്പോരാളികൾ സിദ്ധരാമയ്യയും ശിവകുമാറുമായിരുന്നു. മുഖ്യമന്ത്രിയാവുക എന്നത് രണ്ടാമത്തെ കാര്യമാണെന്നും ആദ്യം ചെയ്യേണ്ടത് ബി.ജെ.പി. സർക്കാരിനെ വീഴ്ത്തുകയാണെന്നും ഇരുവരും കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന ജനത പാർട്ടി സർക്കാരിനെ ജനം പുറംതള്ളിയത് ഭരണത്തിലെ പാളിച്ചകൾ കാരണമാണ്. 1980-ൽ ഇന്ദിര ഗാന്ധി മുന്നോട്ടുവെച്ച മുഖ്യ മുദ്രാവാക്യം 'പ്രവർത്തിക്കുന്ന സർക്കാർ' എന്നതായിരുന്നു. ഇത്തവണ കർണാടകത്തിൽ കോൺഗ്രസ് ഈ മുദ്രാവാക്യത്തിലേക്കു കൂടിയാണു തിരിച്ചുപോയത്. ബൊമ്മെ സർക്കാരിന്റെ നിഷ്‌ക്രിയത്വമായിരുന്നു കോൺഗ്രസിന്റെ മൂലധനം. ഈ മൂലധനത്തിന്റെ പുറത്താണ് സിദ്ധരാമയ്യയും ശിവകുമാറും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കെട്ടിയുയർത്തിയത്.

സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം കർണാടകം ആത്മപരിശോധനയ്ക്കുള്ള മുന്നറിയിപ്പാണ്. ഒരു രാഷ്ട്രം, ഒരു നേതാവ്, ഒരു ഭാഷ എന്ന ഏകശിലാത്മക ലോകം കോർപറേറ്റുകൾക്ക് പ്രിയപ്പെട്ടതായിരിക്കും. പക്ഷേ, ഇന്ത്യൻ റിപ്പബ്ലിക്ക് അടിസ്ഥാനപരമായി വിഭിന്ന ദേശങ്ങളുടെ സംഘാതമാണ്. ഈ പരമമായ സത്യമാണ് കർണാടകം ഒരിക്കൽ കൂടി തെളിയിക്കുന്നത്. രാമകൃഷ്ണ ഹെഗ്ഡെയും ദേവരാജ് അരസുമൊക്കെ അരക്കിട്ടുറപ്പിച്ച ഈ വഴിയിലൂടെയാണ് ഇപ്പോൾ സിദ്ധരാമയ്യയും ശിവകുമാറും സഞ്ചരിക്കുന്നത്.

മോദിക്കെതിരെ കർണാടകം എന്നതായിരുന്നു കോൺഗ്രസിന്റെ തന്ത്രം. ഈ തന്ത്രമാണ് ബംഗാളിൽ മമത പയറ്റിയത്. ഒഡിഷയിൽ നവീൻ പട്നായിക്കും തമഴകത്ത് എം.കെ. സ്റ്റാലിനും കളിച്ചതും ഇതേ കളിയാണ്. ഔദ്യോഗികമായിട്ടല്ലെങ്കിലും ഇന്ത്യയിൽ സ്വന്തമായി ഒരു പതാക ഉള്ള സംസ്ഥാനമാണ് കർണാടകം(നേരത്തെ ജമ്മു-കശ്മീർ സംസ്ഥാനത്തിന് ഇതുണ്ടായിരുന്നു.) ശക്തമായ പ്രാദേശികത നിലനിൽക്കുന്ന സംസ്ഥാനമാണ് കർണാടകം. ഡൽഹിയിൽ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ആധികാരികത സുപ്രീം കോടതി ഉയർത്തിപ്പിടിച്ചതിന് പിന്നാലെയാണ് കർണാടകത്തിലെ ജനവിധി വരുന്നതെന്നതും ശ്രദ്ധേയമാണ്. എല്ലാംകൊണ്ടും ഫെഡറലിസത്തിന്റെ വിജയത്തിളക്കമാർന്ന ദിനങ്ങളിലൂടെയാണ് രാഷ്ട്രം ഇപ്പോൾ കടന്നുപോവുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo: PTI

അധികാര കേന്ദ്രീകരണത്തിനെതിരെ

ഈ പ്രാദേശികതയ്ക്ക് മുകളിൽ മോദിയെ അടിച്ചേൽപിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. എല്ലാ വഴികളുമടയുമ്പോൾ 'കാളൻ നെല്ലായി' എന്ന് തൃശ്ശൂരുകാർ പറയുന്നതുപോലെയാണ് ബി.ജെ.പി. മോദിയിലേക്ക് തിരിച്ചുപോയത്. ജനറൽ തിമ്മയ്യയേയും ഫീൽഡ് മാർഷൽ കരിയപ്പയേയും നെഹ്രു സർക്കാർ അപമാനിച്ചു എന്നൊരു വ്യാജചരിത്രം പ്രധാനമന്ത്രി മോദി 2018-ൽ കർണാടക തിരഞ്ഞെടുപ്പിൽ ഇറക്കിയിരുന്നു. ഇക്കുറി ഹനുമാനെപ്പിടിച്ച് സമാനമായൊരു കളിയിലേക്കാണ് മോദി നീങ്ങിയത്. പക്ഷേ, അടിസ്ഥാനപരമായ പ്രശ്നങ്ങളെ വർഗ്ഗീയത കൊണ്ട് മറികടക്കാനുള്ള ബി.ജെ.പിയുടെ ശ്രമം കർണാടകത്തിലെ ജനങ്ങൾ സമൂലം തള്ളിക്കളഞ്ഞിരിക്കുന്നു.

ഇന്ദിര ഗാന്ധിയുടെ അധികാര കേന്ദ്രീകരണത്തിനെതിരെ ജയപ്രകാശ് നാരായണനൊപ്പം അണിനിരന്നുകൊണ്ടാണ് സംഘപരിവാർ ഗാന്ധി വധത്തിന്റെ നിഴലിൽനിന്നു പുറത്തുകടന്നത്. ഇന്ത്യയെന്നാൽ ഒരൊറ്റ ഇന്ത്യയല്ലെന്നും വ്യത്യസ്തവും വിഭിന്നവുമായ സംസ്‌കൃതികളുടെ സമന്വയമാണെന്നും അധികാരത്തിന്റെ പരമോന്നത പീഠത്തിൽ ഇരുന്നപ്പോഴും ഇന്ദിര മറന്നിരുന്നില്ല. ഇന്ത്യയുടെ ബഹുസ്വരത അവർ ഒരിക്കൽപോലും തള്ളിപ്പറഞ്ഞിരുന്നില്ല. പക്ഷേ, അധികാരം നിലനിർത്താനുള്ള പാച്ചിലിൽ ഇന്ദിര കോൺഗ്രസിന്റെ പ്രാദേശികമായ അസ്തിത്വങ്ങൾ നിരാകരിക്കുകയും ഹൈക്കമാന്റിന്റെ (നെഹ്രു കുടുംബം എന്ന് വായിക്കുക) അപ്രമാദിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്തു. കാമരാജും നിജലിംഗപ്പയും വീരേന്ദ്രപാട്ടീലും അതുല്യഘോഷും നീലം സഞ്ജീവ റെഡ്ഡിയും എസ്.കെ. പാട്ടിലുമൊക്കെ ഒതുക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു.

അധികാര കേന്ദ്രീകരണത്തിന്റെ ഈ നാളുകളിൽനിന്ന് കോൺഗ്രസ് പതുക്കെ പുറത്തുവരുന്നതിന്റെ സൂചനയാണ് കർണാടകം തരുന്നത്. സംസ്ഥാനതലത്തിൽ ശക്തരായ നേതാക്കളെ വളർത്തിയെടുക്കാതെ കോൺഗ്രസിന് അതിജീവനം അസാദ്ധ്യമാണെന്ന പാഠം ഒരിക്കൽകൂടി സുവ്യക്തവും സുദൃഢവുമാവുന്നു. അതേസമയം, ഇന്ദിര പണ്ട് സഞ്ചരിച്ച വഴികളിലൂടെയാണ് ഇപ്പോൾ മോദിയുടെ യാത്ര. ഇന്ദിരയേക്കാൾ വലിയ അധികാരമാണ് ഇപ്പോൾ മോദി ആസ്വദിക്കുന്നത്. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്ര പദ്ധതിയും കോർപ്പറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണയുമാണ് മോദിയെ ഇന്ദിരയേക്കാൾ ശക്തനാക്കുന്നത്. ഈ അധികാര ദുഷ്പ്രഭുത്വത്തിനുള്ള തിരിച്ചടി കൂടിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്നു പറയാൻ മടിക്കേണ്ടതില്ല.

കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 131 ലോക്സഭ സീറ്റുകളാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇതിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ പിടിക്കാനായത് 29 സീറ്റാണ്. അതിൽ തന്നെ 25 സീറ്റുകൾ കർണാടകത്തിൽനിന്നും ബാക്കി നാല് തെലങ്കാനയിൽ നിന്നുമായിരുന്നു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയല്ല ദക്ഷിണേന്ത്യയാണ് ബി.ജെ.പിയെ വീണ്ടും വെല്ലുവിളിക്കുക എന്നൊരു സന്ദേശം കൂടി കർണാടക മുന്നോട്ടുവെയ്ക്കുന്നുണ്ട്. കർണാടകത്തിലെ 25-ൽനിന്നുള്ള ഓരോ വീഴ്ചയും മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ബി.ജെ.പി. സ്വപ്നത്തിനുള്ള തിരിച്ചടിയാവും. 2025-ൽ ആർ.എസ്.എസിന് നൂറ് വയസ്സാവും. ശതാബ്ദി ആഘോഷിക്കുമ്പോൾ സവർക്കറുടെയും ഗോൾവാൾക്കറുടെയും ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ സംഘപരിവാറിന് 2024-ൽ വൻവിജയം അനിവാര്യമാണ്. അത് പക്ഷേ, അത്ര എളുപ്പമല്ലെന്ന് കർണാടകം പറയുന്നു.

'എദെലു കർണാടക'യുടെ പോസ്റ്റർ

പൗരസമൂഹത്തിന്റെ ഇടപെടൽ

പൗരസമൂഹത്തിൽ നിന്നുള്ള വിവിധ പ്രസ്ഥാനങ്ങൾ സജീവമായി ഇടപെട്ട തിരഞ്ഞെടുപ്പിനു കൂടിയാണ് കർണാടക ഇക്കുറി സാക്ഷ്യം വഹിച്ചത്. കർഷക സംഘടനകൾ, ദളിത് പ്രസ്ഥാനങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്നിവരുൾപ്പെടുന്ന വലിയൊരു വിഭാഗം അടിത്തട്ടിലേക്കിറങ്ങി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. 80 മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് അവിടെ പ്രവർത്തനം കേന്ദ്രീകരിക്കുകയാണ് ഇവർ ചെയ്തത്. വെറുപ്പിന്റെയും വർഗ്ഗീയതയുടെയും പ്രത്യയശാസ്ത്രത്തിനെതിരെയുള്ള പോരാട്ടം. ഒന്നര ലക്ഷം പുതിയ വോട്ടർമാരെയാണ് ' എദെലു കർണാടക' (ഉണരൂ കർണാടകം) എന്ന പേരിലുള്ള ഈ പ്രസ്ഥാനം പുതുതായി വോട്ടർ പട്ടികയിൽ ചേർത്തത്.

യോഗേന്ദ്ര യാദവ്, രാമചന്ദ്ര ഗുഹ

തുറക്കുന്നത് പ്രതീക്ഷയുടെ വാതിൽ

എന്തുകൊണ്ടാണ് ദക്ഷിണേന്ത്യ പൊതുവെ ബി.ജെ.പിയോട് മുഖം തിരിഞ്ഞു നിൽക്കുന്നതെന്നതൊരു ചോദ്യമാണ്. ഓരോ തെരുവിലും കോവിലുകളും ഹിന്ദു ദൈവങ്ങളും നിറഞ്ഞു നിൽക്കുന്ന സംസ്ഥാനമാണ് തമിഴകം. പക്ഷേ, ഇവിടെയാണ് ബി.ജെ.പി. ഇന്ത്യയിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ആർ.എസ്.എസിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ഒരൊറ്റ ലോക്സഭ മണ്ഡലത്തിലും പച്ച തൊടാൻ ഇന്നേവരെ കേരളത്തിൽ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ദ്രാവിഡത്തിന്റെ ഉറപ്പാർന്ന തട്ടകങ്ങൾ ബി.ജെ.പിക്ക് ഇപ്പോഴും ബാലികേറാമലകളായി തുടരുന്നു.

ഒരു ദക്ഷിണേന്ത്യൻ പാർട്ടിയാവാൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഹിന്ദിയും വടക്കേ ഇന്ത്യയുമാണ് ബി.ജെ.പിയുടെ മുഖമുദ്രകൾ. ഹിന്ദിയിൽ പ്രസംഗിക്കുന്ന മോദിക്കും അമിത് ഷായ്ക്കും കർണാടകത്തിനിപ്പുറത്ത് ആവേശത്തിര ഉയർത്താനായിട്ടില്ല. ഹിന്ദിയല്ല ഇംഗ്ലീഷാണ് കേരളത്തിലായാലും തമിഴകത്തായാലും ദേശീയ ഭാഷ. അതുകൊണ്ടാണ് ഇംഗ്ലിഷിൽ പ്രസംഗിക്കുന്ന സോണിയയും രാഹുലും ദക്ഷിണേന്ത്യയ്ക്ക് അന്യരാകാത്തത്. മനുഷ്യരുടെ ഉള്ളിലിടം കിട്ടണമെങ്കിൽ ഭാഷ പോലൊരായുധം മറ്റൊന്നില്ല. ബി.ജെ.പി. ദേശീയ നേതൃത്വത്തിന് ഈ കടമ്പ കടക്കാനാവുന്നില്ല എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.

വെങ്കയ്യ നായിഡുവിനെയും ബംഗാരു ലക്ഷ്മണിനെയും പോലുള്ള ദേശീയ അദ്ധ്യക്ഷന്മാർ ബി.ജെ.പിക്കുണ്ടായിരുന്നില്ലേ എന്ന് ചോദിച്ച് മെക്കിട്ട് കയറരുത്. വെങ്കയ്യയേയും ബംഗാരുവിനെയും പ്രസിഡന്റുമാരായി വടക്കേ ഇന്ത്യൻ ബി.ജെ.പിക്കാർ കണ്ടിരുന്നുവോ എന്ന കാര്യം സംശയമാണ്. ആന്ധ്രയിലും തമിഴകത്തും കേരളത്തിലും മൂന്നാം പാർട്ടി മാത്രമാണ് ബി.ജെ.പി. സി.പി.എമ്മും കോൺഗ്രസുമാണ് കേരളത്തിലെ മുഖ്യ പാർട്ടികൾ. കോൺഗ്രസിൽനിന്ന് വിട്ടുപോയവരാണ് ആദിയിലെ കമ്മ്യൂണിസ്റ്റുകാർ എന്നോർത്താൽ ഈ രണ്ടു പാർട്ടികളും കേരളീയർക്ക് ഒരു പോലെ പ്രിയമുള്ളതാവുന്നത് എങ്ങിനെയെന്നതിന്റെ രസതന്ത്രം പിടി കിട്ടും. ന്യൂനപക്ഷങ്ങൾ മാത്രമല്ല, കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷവും ബി.ജെ.പിക്കൊപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. ശബരിമല പോലൊരു വൈകാരിക വിഷയത്തിന് പോലും ബി.ജെ.പിയെ സഹായിക്കാനായില്ല എന്നതും ഓർക്കേണ്ടതുണ്ട്. കർണാടകത്തിലെന്നതുപോലെ കേരളത്തിലും ബി.ജെ.പിക്ക് വ്യക്തിപ്രഭാവമുള്ള ഒരു നേതാവില്ല.

യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യൻ റിപ്പബ്ളിക്കിന്റെ ആത്മാവ് വീണ്ടെുടുക്കാനുള്ള കുരുക്ഷേത്ര യുദ്ധമായിരുന്നു കർണ്ണാടകത്തിലേത്. 2024-ൽ പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപിനുള്ള സാദ്ധ്യതയാണ് കർണാടകത്തിലെ കോൺഗ്രസ് വിജയം മുന്നോട്ടുവെയ്ക്കുന്നത്. പ്രതീക്ഷകളുടെ വലിയൊരു വാതിൽ വീണ്ടും തുറക്കപ്പെടുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറ തീർക്കപ്പെട്ടിരിക്കുന്നത്. ഗാന്ധിജിയുടെ സ്വാധീനം ഏറ്റവും ശക്തമായിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടകം എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടിയിരുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് അങ്ങിനെയങ്ങ് തകർക്കാൻ കഴിയുന്നതല്ല ആ അടിത്തറ എന്നാണ് കർണാടകം ഇപ്പോൾ നമ്മോട് പറയുന്നത്. കോൺഗ്രസിന്റെ ഈ തിരിച്ചുവരവ് ആ അർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും കൂടി തിരിച്ചുവരവാകുന്നു.

വഴിയിൽ കേട്ടത്: ബജ്‌രംഗ്ദളിനെ ബജ്‌രംഗ്ബലിയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കം തിരിച്ചടിച്ചു. ദൈവങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയൊക്കെ ഇല്ലേ!

Content Highlights: Karnataka Election 2023, BJP, Congress, Narendra Modi, Rahul Gandhi, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023

Most Commented