സത്യപാൽ മാലിക്കിന്റെ കുമ്പസാരം മോദി സർക്കാരിനോട് ചെയ്യുന്നത് | വഴിപോക്കൻ


By വഴിപോക്കൻ

7 min read
Read later
Print
Share

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസമില്ല. സത്യപാൽ മാലിക് ഒരു ട്രോജൻ കുതിരയായി മാറുന്ന കാഴ്ചയിൽ സംഘപരിവാർ വിയർക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടെന്ന് കരുതാനാവില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സത്യപാൽ മാലിക്‌

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ചിലാണ് ഹൈദരാബാദിൽവെച്ച് കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡിയെ കണ്ടത്. പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാദ്ധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ ജയ്പാലിന്റെ പ്രതികരണം ഇതായിരുന്നു: ''പുൽവാമ സംഭവിക്കുന്നതിന് മുമ്പ് വരെ ഞങ്ങൾ ശരിക്കും മുന്നിലായിരുന്നു. ഇനിയിപ്പോൾ എന്താണുണ്ടാവുകയെന്ന് പറയാനാവില്ല.'' പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയം അടുത്തുനിന്നു കണ്ടിരുന്ന നേതാവായിരുന്നു ജയ്പാൽ. പുൽവാമയും ബാലക്കോട്ടും തിരഞ്ഞെടുപ്പിന്റെ ഗതി ബി.ജെ.പി്ക്കനുകൂലമായി തിരിച്ചുവിടുന്നത് കാണാതിരിക്കാൻ ജയ്പാലിന് ആവുമായിരുന്നില്ല.

പുൽവാമയ്ക്ക് മുമ്പ് നരേന്ദ്ര മോദി സർക്കാരിന്റെ നില പരുങ്ങലിലായിരുന്നു. സാമ്പത്തിക മേഖലയിൽ മോദി സർക്കാരിന്റെ പ്രകടനം മോശമായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായി. മോദി സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അലയടിക്കാൻ തുടങ്ങിയിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയും മോദി സർക്കാരിനെ പ്രതിക്കൂട്ടിലിക്കി. ഇതിനൊക്കെയൊപ്പമാണ് റഫേൽ വിമാന ഇടപാടിലെ അഴിമതി ആരോപണങ്ങൾ വന്നത്. വിമാന നിർമ്മാണത്തിൽ ഒരു മുൻപരിചയവുമില്ലാത്ത അനിൽ അംബാനി കമ്പനിക്ക് റഫേൽ ഇടപാടിൽ പങ്കാളിത്തം നൽകിയത് നിഷ്‌കളങ്കമായ നടപടിയല്ലെന്ന് മനസ്സിലാക്കാൻ കണ്ണും കാതും തുറന്നുപിടിച്ചാൽ മാത്രം മതിയായിരുന്നു. 2014-ൽ നേടിയ 282 സീറ്റുകളിൽ നൂറിലെങ്കിലും ബി.ജെ.പി. പിന്നിലേക്ക് പോകും എന്നായിരുന്നു കണക്കുകൂട്ടലുകൾ.

ഇതിലേക്കാണ് പുൽവാമയും ബാലക്കോട്ടും വന്നത്. പുൽവാമയ്ക്ക് പിന്നാലെ ദ പ്രിന്റിൽ എഴുതിയ ലേഖനത്തിൽ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയതു പോലെ ബി.ജെ.പിയുടെ ഏറ്റവും വലിയ ബൂത്തുപിടിത്തമായിരുന്നു അത്. വോട്ടിങ്ങ് യന്ത്രത്തേക്കാളും സാധാരണഗതിയിലുള്ള ബൂത്തുപിടിത്തത്തേക്കാളും വലിയ ബൂത്തുപിടിത്തം. ദരിദ്ര കുടുംബങ്ങൾക്ക് മാസം തോറും ആറായിരം രൂപ എന്ന കണക്കിൽ പ്രതിവർഷം 72,000 രൂപ വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യൻ ജനതയുടെ മനസ്സും ഭാവനയും പൊടുന്നനെ സംഘപരിവാർ ഒരിക്കൽ കൂടി പിടിച്ചെടുത്തു.

ദേശസുരക്ഷ, ദേശസ്നേഹം എന്നീ മുദ്രാവാക്യങ്ങൾ കളത്തിൽ നിറഞ്ഞതോടെ ബാക്കി സകല പ്രശ്നങ്ങളും തമസ്‌കരിക്കപ്പെട്ടു. 40 ജവാന്മാരുടെ രക്തത്തിൽ മോദി സർക്കാരിന്റെ തുടർച്ചയ്ക്കുള്ള സുശക്തമായ അടിത്തറ പടുത്തുയർത്തപ്പെടുന്നതു കണ്ട് പ്രതിപക്ഷം നിരായുധരും നിരാലംബരുമായി. ബാലക്കോട്ടിലെ ' മിന്നൽ പ്രഹര' ത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടുവെന്ന പ്രചാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ അലകും പിടിയും മാറ്റി. ഒരു ഭീകരന്റെ പോലും മൃതദേഹം കണ്ടുകിട്ടിയില്ലെന്ന അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ സംഘപരിവാറിന്റെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കിടയിൽ മുങ്ങിപ്പോയി. ഹിന്ദി ഹൃദയഭൂമി ഒന്നാകെ മോദിക്കൊപ്പം നിലയുറപ്പിച്ചപ്പോൾ പ്രതിപക്ഷ മഹാസഖ്യത്തിന്റെ കണക്ക്കൂട്ടലുകളും നിഗമനങ്ങളും പൊളിഞ്ഞ് പാളിസായി.

പുൽവാമ ഭീകരാക്രമണം നടന്ന സ്ഥലം

പുൽവാമ: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ജമ്മു കശ്മീർ മുൻ ഗവർണ്ണർ സത്യപാൽ മാലിക്ക് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ പൊളിച്ചടുക്കുന്നത് പുൽവാമയുടെ മേൽ സംഘപരിവാറും മോദി സർക്കാറും കെട്ടിപ്പൊക്കിയ കോട്ടകളാണ്. പത്രപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ മാലിക്ക് വിരൽചൂണ്ടുന്നത് പ്രധാനമായും രണ്ടു പേരുടെ നേർക്കാണ്. പ്രധാനമന്ത്രി മോദിയുടെയും ദേശീയ സുരക്ഷ ഉപദേശകൻ അജിത് ദോവലിന്റെയും നേർക്ക്.

നമുക്ക് സത്യപാൽ മാലിക്കിന്റെ സുപ്രധാന വെളിപ്പെടുത്തലുകൾ പരിശോധിക്കാം. 2019 ഫെബ്രുവരി 14-നാണ് പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തകൻ ഇരുപതുകാരനായ അദിൽ അഹമ്മദ് ദാർ 300 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ അടങ്ങിയ കാർ സി.ആർ.പി.എഫ്. ജവാന്മാരുടെ വാഹനശൃംഖലയിലേക്ക് ഓടിച്ചുകയറ്റി. 40 ജവാന്മാർ കൊല്ലപ്പെട്ടു.

ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷനൽ പാർക്കിലായിരുന്നുവെന്നും അവിടെയുള്ളെ ഒരു ധാബയിൽനിന്ന് തന്നെ വിളിച്ചെന്നും മാലിക് പറയുന്നു. ''I distinctly remember. He was in Corbett National Park, getting his shooting done. There ins't a phone there, so after getting out of there, he called me from a dhaba, Satyapal, what happened? I told him sir I am very unhappy that this happened solely due to our fault if we had given them an aircraft it wouldn't have happened. He told me to keep quiet about it then.'' (ഞാൻ കൃത്യമായി ഓർക്കുന്നു. അദ്ദേഹം കോർബെറ്റ് നാഷനൽ പാർക്കിലായിരുന്നു. അവിടെ ഫോണുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെനിന്നു പുറത്തുവന്ന് ഒരു ധാബയിൽ നിന്നാണ് എന്നെ വിളിച്ചത്, സത്യപാൽ, എന്താണുണ്ടായത്? നമ്മുടെ വീഴ്ചകൊണ്ടാണ് ഇതുണ്ടായതെന്നതിൽ എനിക്ക് വലിയ സങ്കടമുണ്ടെന്നും അവർക്ക് യാത്ര ചെയ്യാൻ വിമാനം കൊടുത്തിരുന്നെങ്കിൽ ഇതുണ്ടാവുമായിരുന്നില്ലെന്നും ഞാൻ പറഞ്ഞു. അപ്പോൾ അതിനെക്കുറിച്ച് ഇനിയൊന്നും സംസാരിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.'' ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് മാലിക്ക് പറയുന്നു. ''ദോവൽ എന്റെ ക്ലാസ് മേറ്റായിരുന്നു. അതുകൊണ്ട് ഞങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും സംസാരിക്കും. സത്യപാൽ ഇതൊന്നും പറയരുതെന്ന് ദോവൽ പറഞ്ഞു.''

ജമ്മു - ശ്രീനഗർ റൂട്ടിൽ എട്ട് പത്ത് ലിങ്ക് റോഡുകളുണ്ടെന്നും ഈ റോഡുകളിലൊന്നിലും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും മാലിക് പറയുന്നു. 300 കിലോ സ്ഫോടകവസ്തുക്കളുമായി അദിൽ അഹമ്മദിന് ഈ വഴികളിലൂടെ പത്ത് പന്ത്രണ്ട് ദിവസത്തോളം നിർബ്ബാധം സഞ്ചരിക്കാനായി എന്നും മാലിക് പറയുന്നു. ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. സി.ആർ.പി.എഫ്. ജവാന്മാരുടെ യാത്രയെക്കുറിച്ച് അദിലിന് കൃത്യമായ വിവരമുണ്ടായിരുന്നു. ജവാന്മാരുടെ യാത്രാപഥത്തിൽ പഴുതുകളടച്ചുള്ള സുരക്ഷ ഒരുക്കാൻ കേന്ദ്ര സർക്കാരിനായില്ല. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങായിരുന്നു. താനായിരുന്നു സിങ്ങിന്റെ സ്ഥാനത്തെങ്കിൽ ആ നിമിഷം രാജിവെയ്ക്കുമായിരുന്നുവെന്ന് മാലിക് പറയുന്നു.

പക്ഷേ, പുൽവാമയിലുണ്ടായ ഇന്റലിജൻസ് വീഴ്ചയ്ക്കും സുരക്ഷ സംവിധാനത്തിലെ തകരാറുകൾക്കും ആരും ഉത്തരം പറഞ്ഞില്ല. മാലിക്കിന്റെ വെളിപ്പെടുത്തലുകൾ ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ കരസേനയുടെ മുൻ മേധാവി ജനറൽ ശങ്കർ റോയ് ചൗധരി ദ ടെലഗ്രാഫ് പത്രത്തോട് സംസാരിച്ചത്. 'The primary responsibility behind the loss of lives in Pulwama rests on the government headed by the Prime Minister, who is advised by the national security adviser. This was a setback.''

സത്യപാൽ മാലിക്കും അജിത് ഡോവലും

''വന്നത് അഞ്ച് പൈജാമകളുമായി, തിരിച്ചുപോകുമ്പോഴും അതേ കൂടെയുണ്ടാവൂ''

പുൽവാമയുടെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തെങ്കിലും ആക്രമണത്തിന്റെ പ്രേരണ എന്തായിരുന്നു എന്നതിലേക്കോ എങ്ങിനെയാണ് ആക്രമണം ഇത്രയും സുഗമമായി നടത്താനായത് എന്നതിലേക്കോ ഇതുവരെ ഒരു വെളിച്ചവും വീശാൻ എൻ.ഐ.എ. നടത്തിയ അന്വേഷണത്തിനായിട്ടില്ല. എൻ.ഐ.എ. 2020 ഓഗസ്റ്റിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പേരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ എട്ടുപേർ പിന്നീടുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. ഏഴു പേർ ജയിലിലാണ്. ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറടക്കം നാലുപേരെ ഇനിയും പിടികൂടാനായിട്ടില്ല.

പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധത്തിലേക്കുവരെ എത്തിച്ചേക്കുമായിരുന്ന ഭീകരാക്രമണമായിരുന്നു പുൽവാമയിലേത്. ബാലക്കോട്ടിലെ തിരിച്ചടിയിൽ ഇന്ത്യയുടെ പ്രതികരണം ഒതുങ്ങിയെന്നതും തടവിലാക്കിയ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റിനെ വിട്ടുകൊടുക്കുന്നതിന് പാക്കിസ്താൻ വഴങ്ങിയെന്നതും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോകുന്നതിനിടയാക്കി.

മാലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാരാണ് പുൽവാമ സംഭവത്തിൽ മുഖ്യമായും പ്രതിക്കൂട്ടിലുള്ളത്. സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തലുകളോട് പ്രധാനമന്ത്രി മോദി ഇനിയും പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നത്. 40 ജവാന്മാരുടെ രക്തത്തിന് കേന്ദ്ര സർക്കാർ തീർച്ചയായും മറുപടി പറയണം. പുൽവാമയിൽ വീഴ്ച വരുത്തിയവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്.

മാലിക്ക് ഒരു കാര്യത്തിലും സ്ഥിരതയില്ലാത്തവനാണെന്ന ആരോപണം ഉയർത്തി മാലിക്കിനെ അവഗണിക്കുന്ന സമീപനമാണ് ബി.ജെ.പിയുടെ ഭാഗത്തു നിന്നുള്ളത്. പക്ഷേ, അങ്ങിനെയങ്ങ് തള്ളിക്കളയാൻ കഴിയുന്ന ചെറിയ മീനല്ല മാലിക് എന്നതാണ് വാസ്തവം. റാം മനോഹർ ലോഹ്യയുടെ സ്്കൂളിൽ രാഷ്ട്രീയ വിദ്യാഭ്യാസം നടത്തി ചരൺ സിങ്ങിനും അരുൺ നെഹ്രുവിനും വി.പി. സിങ്ങിനുമൊക്കെയൊപ്പം പ്രായോഗിക രാഷ്ട്രീയം പയറ്റിയ ശേഷമാണ് മാലിക് ബി.ജെ.പിയിലെത്തിയത്. 2017-ൽ ബിഹാർ ഗവർണ്ണറാകും മുമ്പ് ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു മാലിക്.

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായിരുന്നതുകൊണ്ടാണ് മാലിക്കിനെ 2018-ൽ ജമ്മു കാശ്മിർ ഗവർണ്ണറായി നിയമിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് നിർവ്വീര്യമാക്കുമ്പോഴും സംസ്ഥാന പദവി എടുത്തു കളഞ്ഞ് ജമ്മു കാശ്മീരിനെ രണ്ടാക്കുമ്പോഴും മാലിക്ക് ആയിരുന്നു ഗവർണ്ണർ. പക്ഷേ, കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന പലരിൽനിന്നും മാലിക്കിനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം അദ്ദേഹം കറ കളഞ്ഞ ആർ.എസ്.എസുകാരനല്ല എന്നതാണ്. സംഘത്തിന്റെ വഴിയിലൂടെയല്ല മാലിക് ബി.ജെ.പിയിലെത്തിയത്.

'ഗോഡ്ഫാദർ' എന്ന നോവലിൽ മരിയൊ പുസൊ 'ഒമെർത്ത'യെക്കുറിച്ച് പറയുന്നുണ്ട്. തങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ചോർത്തിക്കൊടുക്കാതെ ആ സംഘടനയിലെ അംഗങ്ങൾ നിശ്ശബദ്ത പാലിക്കുന്നതിനെയാണ് ഒമെർത്ത എന്ന് പറയുന്നത്. മാലിക്കിന് ഇത്തരം കോഡുകളിൽ വിശ്വാസമില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാണല്ലോ പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെയും അനുശാസനങ്ങൾ മറി കടന്ന് മാലിക്ക് വെളിപ്പെടുത്തലുകൾക്ക് ഒരുങ്ങിയത്.

ജമ്മു കാശ്മീർ ഗവർണറായിരുന്ന സമയത്ത് രണ്ട് ഫയലുകൾ പാസ്സാക്കുന്നതിന് തന്റെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നെന്നും 300 കോടി രൂപയുടെ കൈക്കൂലിയായിരുന്നു ഓഫറെന്നും മാലിക് പറയുന്നുണ്ട്. ഒരു ഫയൽ അനിൽ അംബാനിയുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് ഒരു ഹൈഡൽ ഇലക്ട്രിക് പവർ പ്ലാന്റുമായി ബന്ധപ്പെട്ടതും. ഓരോ ഫയലിലും 150 കോടി രൂപയുടെ ഓഫറുണ്ടെന്ന് സെക്രട്ടറിമാർ പറഞ്ഞപ്പോൾ താൻ രാജ്ഭവനിലേക്ക് വന്നിരിക്കുന്നത് അഞ്ച് പൈജാമകളും കുർത്തകളുമായിട്ടാണെന്നും തിരിച്ചുപോകുമ്പോഴും തന്റെ കൂടെ അത് മാത്രമേ ഉണ്ടാവുകയുള്ളുവെന്നുമാണ് താൻ മറുപടി പറഞ്ഞതെന്നും മാലിക് പറയുന്നു.

ഗോവയിലും മേഘാലയയിലും ഗവർണറായിരിക്കുമ്പോഴും അഴിമതിക്കെതിരെ മാലിക് കർശന നിലപാടെടുത്തിരുന്നു. അലമാരയിൽ അസ്ഥികൂടങ്ങളില്ല എന്നതായിരിക്കാം മാലിക്കിനെയും ധൈര്യവാനാക്കുന്നത്. മോദിക്കും കൂട്ടർക്കുമെതിരെ ഇത്രയും ശക്തമായി പ്രതികരിക്കണമെങ്കിൽ തന്റെ ഭൂതകാലത്തിൽ മാലിക്കിന് അത്രയും കൃത്യമായ ഉറപ്പുണ്ടായിരിക്കണം.

യു.പിയിൽ അതീഖ് അഹമ്മദിനെയും ലോഹരനെയും വെടിവെച്ചു കൊലപ്പെടുത്തുന്നനിടയിലുള്ള ചിത്രം

ബി.ജെ.പിയെ വിറപ്പിക്കുന്ന ട്രോജൻ കുതിര

2019-ൽ പുൽവാമയ്ക്ക് മുമ്പുണ്ടായിരുന്ന പ്രതിസന്ധികൾക്ക് മുന്നിലാണ് മോദി ഭരണകൂടം ഇപ്പോഴുള്ളത്. കർഷകർ പൊതുവെ അസംതൃപ്തരാണ്. തൊഴിലില്ലായ്മയും രൂക്ഷമാണ്. 2019-ൽ റഫേൽ ഇടപാടാണ് മോദി സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തിയതെങ്കിൽ അദാനിയുമായുള്ള ചങ്ങാത്തമാണ് ഇപ്പോൾ മോദി ഭരണകൂടത്തെ ഇരുട്ടിലാക്കുന്നത്. ബോഫോഴ്സ് വിവാദം രാജീവ് സർക്കാരിനെ വീഴ്ത്തിയതുപോലെ അദാനി വിവാദം മോദി സർക്കാരിനെയും വീഴ്ത്തിയേക്കുമെന്നാണ് മാലിക് പ്രവചിക്കുന്നത്. പ്രതിപക്ഷം സംയുക്തമായി ഓരോ മണ്ഡലത്തിലും ബി.ജെ.പിയെ നേരിട്ടാൽ ഇത് സാദ്ധ്യമാണെന്നും മാലിക് പറയുന്നു.

യു.പിയിൽ അതിഖ് അഹമ്മദിന്റെയും അഷ്റഫ് അഹമ്മദിന്റെയും കൊലകൾ മാലിക്കിന്റെ വെളിപ്പെടുത്തലുകളെ മറികടക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്. ഈ ആരോപണത്തിൽ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. അതിഖിന്റെയും അഷ്റഫിന്റെയും കൊലകൾ യു.പി. സർക്കാരിന്റെ കനത്ത പരാജയമാണ്. നിയമവാഴ്ചയുടെ തകർച്ചയാണത്. ജനാധിപത്യത്തോടും ഭരണഘടനയോടും തരിമ്പെങ്കിലും കൂറുണ്ടെങ്കിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോവേണ്ട വീഴ്ചയാണത്. മാലിക്കിന്റെ വെളിപ്പെടുത്തലുകൾ മറികടക്കാൻ യു.പിയിലെ കാട്ടുനീതിക്കാവുമെന്ന് തോന്നുന്നില്ല.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസമില്ല. കർണാടകത്തിൽ ബി.ജെ.പിക്ക് അടിപതറിയാൽ 2024-ലെ പൊതുതിരഞ്ഞെടുപ്പ് മോദിക്കും കൂട്ടർക്കും എളുപ്പമാവില്ല. ഇന്ത്യൻ ജനാധിപത്യത്തിന് ചില വരപ്രസാദങ്ങളുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന സൗധമാണത്. അതിനെ അങ്ങിനെയങ്ങ് ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. 2006-നും 2009-നുമിടയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ അധികാരകേന്ദ്രായിരുന്നു തമിഴകത്ത് കരുണാനിധി കുടുംബം. കേന്ദ്രത്തിലെ യു.പി.എയിൽ ഡി.എം.കെ. അന്ന് നിർണ്ണായക ശക്തിയായിരുന്നു. തമിഴ്നാട്ടിലും പാർട്ടിയായിരുന്നു അധികാരത്തിൽ. ബിസിനസ്, മാദ്ധ്യമങ്ങൾ, രാഷ്ട്രീയ അധികാരം എന്നിവയുടെ മാരകമിശ്രണമായിരുന്നു അത്.

ഇനിയങ്ങോട്ട് കരുണാനിധി കുടുംബത്തിന് എതിരില്ലെന്ന് തോന്നിച്ച നാളുകൾ. അന്ന് മാരൻ സഹോദരന്മാരും കരുണാനിധിയുടെ മകൻ അഴഗിരിയും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് ഡി.എം.കെയ്ക്ക് വിനയായത്. ദയാനിധി മാരൻ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു പുറത്താകുന്നതും എ. രാജ ടെലികോം മന്ത്രിയാവുന്നതും 2 ജി കുംഭകോണമുണ്ടാവുന്നതും ഇതിന്റെ തുടർച്ചയായിരുന്നു. ഇന്നിപ്പോൾ മറ്റൊരു തലത്തിൽ ബി.ജെ.പിയുടെ ഇൻസൈഡൈറായിരുന്ന സത്യപാൽ മാലിക് പാർട്ടിയുടെ ഉന്നത നേതൃത്വത്തോട് ഏറ്റുമുട്ടുമ്പോൾ അതിന്റെ അനുരണനങ്ങൾ ബി.ജെ.പിയെ അസ്വസ്ഥമാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല. സത്യപാൽ മാലിക് ഒരു ട്രോജൻ കുതിരയായി മാറുന്ന കാഴ്ചയിൽ ബിജെപി വിയർക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടെന്ന് കരുതാനാവില്ല.

വഴിയിൽ കേട്ടത്: പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ ഏഴ് മണിക്കൂർ പത്ത് മിനിറ്റ് കൊണ്ടെത്തിയെന്ന് റിപ്പോർട്ട്. ജനശതാബ്ധി എക്സ്പ്രസ് നിലവിൽ 9 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തുന്നുണ്ട്. എ.സി. കോച്ചിൽ യാത്ര ചെയ്യാൻ 755 രൂപയാണ് ടിക്കറ്റ് നിരക്ക്. അപ്പോൾ പിന്നെ കൂടുതൽ ജന ശതാബ്ധി എക്സ്പ്രസ്സുകളല്ലേ റെയിൽവേ ഓടിക്കേണ്ടത്?

Content Highlights: Satyapal malik, Pulwama Terror Attack, Karan Thapar interview, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023


Saji Cheriyan, Pinarayi Vijayan
Premium

7 min

സജി ചെറിയാൻ, ധാർമ്മികതയെക്കുറിച്ച് മാത്രം താങ്കൾ സംസാരിക്കരുത്...! | വഴിപോക്കൻ

Jan 4, 2023

Most Commented