കൈ വെട്ടുന്നതും 52 വെട്ട് വെട്ടുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും മനുഷ്യക്കുരുതിയാണ് | വഴിപോക്കൻ


വഴിപോക്കൻ

ഓരോ കൊലയും അനീതിയാണ്. ഓരോ കൊലയും മനുഷ്യക്കുരുതിയാണ്. അപരനോടുള്ള സ്നേഹം, സഹാനുഭൂതി എന്നീ സവിശേഷതകളാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. ഇലന്തൂരിലെ കൊലകളല്ല, ബത്തേനെയപ്പൊലുള്ളവരാണ് നമ്മളെ നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്യേണ്ടത്.

ഷാഫി, ലൈല, ഭഗവൽ സിങ്‌

നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പിൽനിന്ന് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട എലീ വീസൽ (Elie Wiesel) എഴുതിയ 'രാത്രി' എന്ന ഗ്രന്ഥമുണ്ട്. 1986-ൽ സമാധാനത്തിനുളള നോബൽ സമ്മാനം വീസലിനായിരുന്നു. 146 പേജ് മാത്രമുള്ള ഈ ചെറുപുസ്തകം ഇടിച്ചുനിറച്ച കതിന പോലെയാണ്. അമ്മയും അനിയത്തിയും നാസികളുടെ ഗ്യാസ് ചേംബറിലേക്ക് വലിച്ചെറിയപ്പെടുന്നതിന് സാക്ഷിയായ ഒരു കുട്ടിയുടെ അനുഭവങ്ങൾ അത്രയേറെ പൊള്ളിക്കുന്നതാണ്. തൊട്ടടുത്ത മുറിയിൽ നാസികൾ പീഡിപ്പിച്ചു കൊന്ന പിതാവിന്റെ നിലവിളി വീസലിനെ ജിവിതകാലം മുഴുവൻ പിന്തുടർന്നു (2016-ലാണ് വീസൽ മരിച്ചത്).

ഈയൊരു പുസ്തകം എഴുതാനായിരിക്കാം താൻ ജീവനോടെ ബാക്കിയായതെന്ന് വീസൽ പറയുമായിരുന്നു. ഓഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിലെ പവർ പ്ലാന്റ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് നാസികൾ ഒരു കുട്ടിയെ തൂക്കിക്കൊല്ലുന്നുണ്ട്. ഈ തൂക്കിക്കൊല കണ്ടുനിൽക്കേണ്ടി വരുന്ന തടവുകാരിൽ പലരും പിറുപിറുക്കുന്നു: ദൈവം എവിടെ?
അപ്പോൾ ഉള്ളിന്റെ ഉള്ളിൽ വിസൽ പ്രതികരിക്കുന്നു: ''ദൈവം എവിടെയാണെന്നോ? ദാ.. അവിടെ... ആ തൂക്കു മരത്തിൽ തൂങ്ങിയാടുന്നു.''
എന്റെ ദൈവത്തേയും എന്റെ ആത്മാവിനെയും ഇല്ലാതാക്കിയ, എന്റെ സ്വപ്നങ്ങൾ ചാരമാക്കിയ ആ നിമിഷങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും വിസൽ എഴുതുന്നുണ്ട്.

ഓഷ്വിറ്റ്സിന് ശേഷം കവിത അസാദ്ധ്യമാണെന്ന് ജർമ്മൻ ചിന്തകൻ തിയഡൊർ അഡോണൊ പറഞ്ഞതും ഇതോടൊപ്പം ചേർത്തു വായിക്കണം. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയുടെ പരമകോടിയായിരുന്നു ഓഷ്വിറ്റ്സ്. പക്ഷേ, ലോകത്ത് ക്രൂരതകൾ അവസാനിച്ചില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് മനുഷ്യരെ ചുട്ടുകൊന്നുകൊണ്ട് ക്രൂരതയ്ക്ക് അമേരിക്ക പുതിയ പദാവലികളും ബിംബങ്ങളും നൽകി. എല്ലാ യുദ്ധങ്ങളും അശ്ലീലമാണെന്ന് ഹെർബർട്ട് മർക്യൂസ് എന്ന ജർമ്മൻ ദാർശനികന്റെ വാക്കുകളും മറക്കാനാവില്ല. ഹിപ്പികൾ തെറിപ്പാട്ടു പാടുന്നതോ ചെറുപ്പക്കാർ നഗ്നത പ്രദർശിപ്പിക്കുന്നതോ അല്ല അശ്ലീലമെന്നും യുദ്ധത്തെ പിന്തുണച്ചുകൊണ്ട് പുരോഹിതർ നടത്തുന്ന പ്രസംഗമാണ് അശ്ലീലമെന്നും യുദ്ധത്തിൽ കൊന്നവരുടെ എണ്ണത്തിനനുസരിച്ച് കിട്ടുന്ന മെഡലുകൾ തോളിലണിഞ്ഞു നടക്കുന്ന പട്ടാളമേധാവിയുടെ പ്രവൃത്തിയാണ് അശ്ലീലമെന്നും മർക്യുസ് എഴുതി.

ഗ്ലാഡിയേറ്റർമാർ മൃഗങ്ങളുമായി ഏറ്റുമുട്ടിയിരുന്ന റോമിലെ പ്രാചീന സ്റ്റേഡിയം | Photo: AP

നരബലിയല്ല മനുഷ്യക്കുരുതി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മനുഷ്യക്കുരുതിയാണ് വീസലിനെയും ഹിറ്റ്്ലറെയും മർക്യുസിനെയും ഓർമ്മിപ്പിച്ചത്. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ഏത് ക്രൂരതയും കുരുതിയാണ്. നരബലി എന്ന വാക്ക് മനഃപൂർവ്വമാണ് ഈ കുറിപ്പിൽ ഉപയോഗിക്കാത്തത്. ബലിയിൽ ത്യാഗത്തിന്റെ അംശമുണ്ട്. ഏറ്റവും പ്രിയപ്പെട്ടതിനെയാണ് പലപ്പോഴും ഗോത്രസംസ്‌കാരത്തിൽ ബലി അർപ്പിച്ചിരുന്നത്. മഹാബലി തന്നെത്തന്നെയാണ് ബലി നൽകുന്നത്. ഒരു ജീവിയെയും കൊല്ലുന്നതിനെ സമകാലിക ലോകത്ത് ബലി എന്ന് വിശേഷിപ്പിക്കാനാവില്ല. ബലിയല്ല കൊലയും കുരുതിയുമാണ് നടക്കുന്നത്. പത്തനംതിട്ടയിലെ ഇലന്തൂരിൽ അതുകൊണ്ടുതന്നെ ബലിയല്ല കുരുതിയാണ് നടന്നത്.

കുരുതികൾ മനുഷ്യരിലെ പൈശാചികതയുടെ പ്രതിഫലനമാണ്. ഇലന്തൂരിലെ നിഷ്ഠൂരമായ കൊലകൾ കേരള ജനത ഇതുവരെ ആർജ്ജിച്ചിട്ടുള്ള പുരോഗതിയും പുരോഗമന ചിന്താഗതിയും റദ്ദു ചെയ്യുന്നുണ്ടെന്ന നിരീക്ഷണങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സഹജിവികളോടുള്ള കരുണയുടെയും സഹാനുഭൂതിയുടെയും കാര്യത്തിൽ മലയാളികൾ ആർക്കും പിന്നിലല്ല. ഒരാൾ ദുരിതത്തിലാണെന്നറിഞ്ഞാൽ കയ്യയഞ്ഞു സഹായിക്കുന്നവർ. ഇന്നു പക്ഷേ, നമ്മളെത്തി നിൽക്കുന്ന അവസ്ഥയെക്കുറിച്ച് തീർച്ചയായും ആത്മപരിശോധന അനിവാര്യമാണ്.

ജീവൻ എടുക്കുന്നതിനും ഇല്ലാതാക്കുന്നതിനും ഒരാൾക്കും അധികാരമില്ല. ക്യാപിറ്റൽ പണിഷ്‌മെന്റിനെതിരെ ലോകത്ത് പല രാജ്യങ്ങളും നിയമം കൊണ്ടുവരുന്നത് അതുകൊണ്ടാണ്. ഇലന്തൂരിലെ കൊലകളെ ഭീകരമാക്കുന്നത് അതിന്റെ വർണ്ണനകളാണ്. എന്തിനാണ് പോലിസ് ഇത്തരം വിശദാംശങ്ങൾ പുറത്തുവിടന്നതെന്നത് ചോദിക്കേണ്ട ചോദ്യമാണ്. ഇവയെല്ലാം തന്നെ ആവേശപൂർവ്വം മാദ്ധ്യമങ്ങൾ പ്രസിദ്ധികരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും എന്തിനാണെന്നതും ചോദിക്കുക തന്നെ വേണം.

നമ്മുടെ ജനിതകങ്ങിളിൽ ഉറങ്ങിക്കിടക്കുന്ന ഗോത്രവാസനയുടെ പ്രതിഫലനമാവാം ഈ വർണ്ണനകളും അവയുടെ സ്വീകാര്യതയും. ദുരന്തസ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നത് 2018-ലെ പ്രളയത്തിൽ നമ്മൾ കണ്ടതാണ്. ഒരാൾ വീഴുമ്പോഴുള്ള ആഹ്ലാദമാണത്. വീഴ്ചകളും ദുരന്തങ്ങളും ആഘോഷക്കാഴ്ചകളാവുന്നു. പൗരാണിക റോമിലെ ഗ്ളാഡിയേറ്റർമാരെ ഓർക്കുന്നില്ലേ? വിശന്നു വലയുന്ന സിംഹങ്ങളോടും പുലികളോടുമൊക്കെ ഏറ്റുമുട്ടാൻ വിധിക്കപ്പെട്ടവർ. മനുഷ്യരും മൃഗങ്ങളും ഏറ്റുമുട്ടുന്നതും മരിച്ചുവീഴുന്നതും ഗാലറികളിൽ ആവേശവും ഇരമ്പവുമായി. കൂടുതൽ ചോരയ്ക്കായി ഗാലറികൾ ഇരമ്പിമറിഞ്ഞു. ഈ പൗരാണിക റോമിനെലേക്കാണോ നമ്മുടെ സഞ്ചാരം?

ബി.ആർ. അംബദ്കർ

ജാതിവെറിയും ഇന്ത്യയും

ഇന്ത്യയുടെ ചരിത്രം ക്രൂരതയുടെയും അസമത്വത്തിന്റേതുമാണ്. ജാതിവ്യവസ്ഥ പോലെ നികൃഷ്ടമായ ജീവിതരീതി ലോകത്ത് വേറൊരിടത്തുമില്ല. 1920-കളിൽ അമേരിക്കയിലെ കൊളംബിയ സർവ്വ കലാശാലയിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇന്ത്യയിൽ തിരിച്ചെത്തിയ ബി.ആർ. അംബദ്കറിനെ ബറോഡയിലെ പുരോഗമന ചിന്തിഗതിക്കാരനായ രാജാവ് സായാജി റാവ് ഗെയ്ക്ക്വാദ് രാജ്യത്തെ ധനമന്ത്രിയാക്കാൻ തീരുമാനിച്ചു. അതിന്റെ തുടക്കമെന്ന നിലയിൽ അംബദ്കറിന് മിലിറ്ററി സെക്രട്ടറിയുടെ പദവി നൽകി. രാജാവിന്റെ അംഗികാരമുണ്ടായിട്ടും അംബദ്കർ എന്ന ദളിതനെ അംഗീകരിക്കാൻ ഉയർന്ന ജാതിക്കാർ തയ്യാറായില്ല. ഫയലുകൾ കൊണ്ടുവരുന്നവർ അംബദ്കറിന്റെ മേശപ്പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നത്.

ഒരു ദളിതനെ അബദ്ധത്തിലെങ്ങാനും തൊട്ടുപോയാലോ എന്ന ചിന്തയാണ് ചവരെ നയിച്ചിരുന്നത്. ബറോഡയിൽ ഒരിടത്തും അംബദ്കറിന് താമസിക്കാൻ ഇടം കിട്ടിയില്ല. സർക്കാർ ബംഗ്ളാവ് വേണമെന്ന അംബദ്കറുടെ അപേക്ഷ, മേൽജാതിക്കാരായ ഓഫീസർമാർ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. പാഴ്സികൾ നടത്തുന്ന ഒരു സത്രത്തിൽ ഒരു പാഴ്സിയെന്ന വ്യാജേനയാണ് ഒടുവിൽ അംബദ്കർ തലചായ്ക്കാൻ ഒരിടം കണ്ടെത്തിയത്. പക്ഷേ, പതിനനൊന്നാം ദിവസം ചില പാഴ്സികൾ അംബദ്കർ മഹർ ജാതിക്കാരനാണെന്ന് കണ്ടെത്തി. അവർ അംബദ്കറിന്റെ മുറിക്ക് പുറത്ത് ബഹളം വെച്ചു. ഉടൻതന്നെ സ്ഥലം വിട്ടില്ലെങ്കിൽ മുറിക്ക് തീയിടുമെന്ന് പറഞ്ഞു. അവസാനം, ഒരു ഗത്യന്തരവുമില്ലാതെ അംബദ്കർ ബറോഡയിലെ ജോലി ഉപേക്ഷിച്ച് ബോംബെയ്ക്ക് പോയി.

മറ്റൊരിക്കൽ മഹാരാഷ്ട്രയിൽ ഒരു സ്ഥലത്തേക്ക് പോകാൻ കുതിരവണ്ടി കിട്ടാതെ വന്നതും ഒടുവിൽ കുതിരവണ്ടി ഓടിക്കാനറിയാത്ത ഒരു ദളിതൻ ഓടിച്ച വണ്ടിയിൽ കയറി യാത്ര ചെയ്തതും ആ വണ്ടി മറിഞ്ഞ് തന്റെ കാലൊടിഞ്ഞതും അംബദ്കർ ഒരു ലേഖനത്തിൽ അനുസ്മരിക്കുന്നുണ്ട്. അപ്പോഴേക്കും ലണ്ടൻ സർവ്വകലാശാലയിൽനിന്ന് രണ്ടാമത്തെ ഡോക്ടറേറ്റും അംബദ്കർക്ക് കിട്ടിയിരുന്നു. ബാരിസ്റ്റർ പരീക്ഷയും അദ്ദേഹം പാസ്സായിട്ടുണ്ടായിരുന്നു. എന്നിട്ടും കുതിരവണ്ടിയോടിക്കുന്ന മേൽജാതിക്കാർ അംബദ്കർ എന്ന ദളിതനെ വണ്ടിയിലിരുത്തി ഓടിക്കാൻ വിസമ്മതിച്ചു.

ഇവരാർക്കും തന്നെ അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയുമായിരുന്നില്ല. എന്നിട്ടും ജാതിയിൽ തങ്ങൾക്ക് കീഴെയാണെന്ന ബോദ്ധ്യത്തിൽ അവർ അംബദ്കറെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു. 2016 ജനുവരി 17-ന് ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുറിപ്പ് ഓർക്കുന്നാല്ലേ? ''എന്റെ ജന്മമാണ് എന്റെ മരണകാരണം(My birth is my fatal accident)'' എന്നാണ് ആ ചെറുപ്പക്കാരൻ എഴുതിയത്. ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ കൊല എങ്ങിനെയാണ് നമ്മൾ മറക്കുക? ഈ ജാതിബോധം ഇന്നും ഇന്ത്യയിൽ ജീവിക്കുന്ന യാഥാർത്ഥ്യമാണ്. ജാതീയത പോലെ മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരത കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് ഇലന്തൂരിനെ ഓർത്തുള്ള ആക്രോശങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്.

പ്രൊഫ. ടി.ജെ. ജോസഫ്‌

മൊയ്നുൾ ഹഖ്, അഖ്ലാക്ക്, ഗൗരി ലങ്കേഷ്

കഴിഞ്ഞ വർഷം സെപ്റ്റംബർ 23-ന് അസമിലെ ദറാങ്ങിൽ പോലിസ് വെടിവെച്ചുകൊന്ന മൊയ്‌നുൾ ഹഖ് എന്ന ചെറുപ്പക്കാരന്റെ ശവശരീരത്തിന് മേൽ ചവിട്ടിത്തുള്ളിയ ഫോട്ടൊഗ്രാഫറെ ഓർക്കുന്നില്ലേ? ആ ദിവസങ്ങളിൽ അമേരിക്കയിലും മറ്റും ജനാധിപത്യ ചർച്ചകളിൽ പങ്കെടുത്ത ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദിക്ക് ഈ ക്രൂരതയെ ഒന്ന് അപലപിക്കണമെന്ന് പോലും തോന്നിയില്ല. മ്യാൻമറിൽ റോഹിംഗ്യകളോട് ചെയ്തത് ഇന്ത്യയിലും ന്യൂനപക്ഷങ്ങളോട് ചെയ്യാൻ പട്ടാളം തയ്യാറാവണമെന്ന് ആഹ്വാനം ചെയ്ത സന്യാസിമാരെ തള്ളിപ്പറയുന്നതിനും അപലപിക്കുന്നതിനും ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്കായില്ല.

2010-ൽ തൊടുപുഴയിൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് മനുഷ്യക്കുരുതിയല്ലെങ്കിൽ മറ്റെന്താണ്. അതിനും രണ്ടു വർഷത്തിനപ്പുറം 2012-ൽ വടകരയിൽ ടി.പി. ചന്ദ്രശേഖരന് മേൽ വീണ 52 വെട്ടുകളും മുനഷ്യക്കുരുതി തന്നെയായിരുന്നു. പറശ്ശിനക്കടവിൽ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ പാമ്പുകളെ ചുട്ടുകൊന്നതും ഈ ഘട്ടത്തിൽ നമ്മൾ ഓർക്കണം. നാല് കൊല്ലം മുമ്പ് എറണാകുളത്ത് മഹാരാജാസ് കോളേജിൽ എതിരാളികളുടെ കത്തിമുനയിൽ ഒടുങ്ങിയ അഭിമന്യുവിനെയും ഇക്കഴിഞ്ഞ ജനുവരിയിൽ ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളേജിൽ കൊല്ലപ്പെട്ട് ധീരജ് രാജേന്ദ്രനെയും നമുക്ക് എങ്ങിനെയാണ് വിസ്മരിക്കാനാവുക?

ഓരോ കൊലയും അനീതിയാണ്. ഓരോ കൊലയും മനുഷ്യക്കുരുതിയാണ്. 2015 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ നിഷ്‌കരുണം കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാക്കിനെ മറക്കാനാവുമോ? പശുവിന്റെ പേരിലുള്ള കൊലകൾ പിന്നീടും ഇന്ത്യ കണ്ടു.

ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്നഹേിയെയാണ് 1948 ജനുവരി 30-ന് ഡെൽഹിയിലെ ബിർള ഹൗസിൽ ഇല്ലാതാക്കിയത്. ആ കൊലയെ ന്യായീകരിക്കാൻ ഘാതകനായ നാഥുറാം ഗോഡ്സെയ്ക്ക് ഒരു മടിയുമുണ്ടായില്ല. ഈ ഗോഡ്സെയെ പ്രകീർത്തിച്ച പ്രഖ്യാസിങ് ഠാക്കൂറിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കാൻ മദ്ധ്യപ്രദേശിലെ ജനങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടായില്ല.

ഗോവിന്ദ് പൻസാരെ, ഖൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലകൾ സ്വതന്ത്ര ഇന്ത്യയിലാണ് നടന്നത്. എന്താണവർ ചെയ്ത കുറ്റം? ശാസ്ത്രീയ മനോഭാവവും ചോദ്യം ചെയ്യുന്നതിനുള്ള വാസനയും വളർത്താൻ ശ്രമിച്ചു. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. ഈ കടമ നിറവേറ്റിയതിനാണ് ഇവർ ഇല്ലാതാക്കപ്പെട്ടത്. ഈ കൊടുംപാതകങ്ങളുടെ പ്രതിസ്ഥാനത്തുള്ള സനാതൻ സൻസ്ത എന്ന സംഘടനയ്ക്കെതിരെ എന്ത് നടപടികളാണ് ഭരണകൂടം എടുത്തിട്ടുള്ളതെന്ന ചോദ്യവും ഇവിടെ ഉയർത്തുക തന്നെ വേണം.

ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കിൽ ഒരാശയവും ഒരു പ്രസ്ഥാനവും വളരില്ല. വിയോജിപ്പാണ് മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്നത്. പക്ഷേ, പിന്തിരിഞ്ഞു നടക്കുന്നവർ, ഇരുട്ടിലേക്ക് സഞ്ചരിക്കുന്നവർ, അധികാരം ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നവർ- ഇവർക്ക് ആശയങ്ങളെ ആയുധങ്ങൾകൊണ്ടേ നേരിടാനാവൂ. മനുഷ്യരെ ഇല്ലാതാക്കുന്നതിലൂടെ അവരുടെ ചിന്തകളും ഇല്ലാതാക്കാനാവുമെന്ന് ഇവർ വിശ്വസിക്കുന്നു.

അടുത്ത മുറിയിലെ കൊലയാളി

ഇലന്തൂരിലെ കൊലകൾ ചർച്ചചെയ്ത ചാനലുകളിലൊന്നിൽ വിദഗ്ദ്ധാഭിപ്രായം പറയാൻ ഒരു ജോത്സ്യനെ ഇരുത്തിയിരിക്കുന്നത് കണ്ടു. ജോത്സ്യത്തിൽനിന്ന് ആഭിചാരത്തിലേക്കുള്ള വഴി നന്നേ നേർത്തതാണ്. അർബുദമാണെന്നറിഞ്ഞിട്ടും ആധുനിക ചികിത്സ നൽകാതെ പ്രാർത്ഥന മാത്രം മതിയെന്ന് കരുതുന്നവർ ഒരർത്ഥത്തിൽ ഇലന്തൂരിലേക്കുള്ള യാത്രയിലാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് തിരിച്ചറിയുക എന്നതാണ് പ്രധാനം.

നമുക്ക് പരിചയമില്ലാത്ത ഡ്രൈവറാണ് ഓടിക്കുന്നതെങ്കിലും ബസ്സിൽ കയറുന്നത് വിശ്വാസത്തിന്റെ പുറത്താണ്. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഇതേ വിശ്വാസം കൊണ്ടാണ്. പേപ്പട്ടി കടിച്ചാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് വിശ്വാസമാണ്. പക്ഷേ, കുത്തിവെയ്‌പെടുക്കാതെ വീട്ടിലിരുന്നാലും രക്ഷപ്പെടുമെന്ന് കരുതുന്നത് അന്ധവിശ്വാസമാണ്. രാത്രി ഇരുട്ടത്ത് ഇടവഴിയിലൂടെ നടക്കുമ്പോൾ കാത്തുകൊള്ളണേ എന്ന് പ്രാർത്ഥിക്കുന്നത് വിശ്വാസമാണ്. പക്ഷേ, പാമ്പുണ്ടെന്നറിഞ്ഞിട്ടും മൊബൈലിലെ ഫ്ളാഷ് ലൈറ്റ് തെളിക്കുന്നില്ലെങ്കിൽ അത് അന്ധവിശ്വാസമാണ്. ചൊവ്വയിലേക്കുള്ള റോക്കറ്റ് വിക്ഷേപിക്കും മുമ്പ് തേങ്ങയുടക്കുന്നത് വിശ്വാസമാണ്. എന്നാൽ റോക്കറ്റ് വിടുന്നതിനുള്ള സ്വിച്ച് ഓണാക്കുന്നില്ലെങ്കിൽ അത് അന്ധവിശ്വാസമാണ്.

'The murderer next door: Why the mind is designed to kill?' എന്ന ഗ്രന്ഥം രചിക്കാനായി അയ്യായിരം പേരെയാണ് രചയിതാവും ടെക്സസ്- ഓസ്റ്റിൻ സർവ്വകലാശാല സൈക്കോളജി പ്രൊഫസറുമായ ഡേവിഡ് ബസ് സർവ്വെ ചെയ്തത്. നാല് ലക്ഷം കൊലകളുമായി ബന്ധപ്പെട്ട എഫ്.ബി.ഐ. ഫയലുകളും അദ്ദേഹം പരിശോധിച്ചു. സർവ്വെ ചെയ്തവരിൽ 91 ശതമാനം പുരുഷന്മാരും 84 ശതമാനം സ്ത്രീകളും ബസ്സിനോട് പറഞ്ഞത് ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ അവരെല്ലാം തന്നെ ചിലരെ കൊല്ലണമെന്നാലോചിച്ചിട്ടുണ്ടെന്നാണ്.

അന്തരിച്ച സിനിമാ സംവിധായകൻ കെ.എസ്. സേതുമാധവൻ ഒരിക്കൽ ഫോൺ ചെയ്തിട്ട് ഈ ലേഖകനോട് പറഞ്ഞത് കൈയ്യിൽ തോക്കുണ്ടായിരുന്നെങ്കിൽ ചില രാഷ്ട്രീയ നേതാക്കളെ താൻ ഈ നിമിഷം വെടിവെച്ചുകൊല്ലുമെന്നാണ്. സേതുമാധവനോട് സംസാരിച്ചിട്ടുള്ളവരാരും തന്നെ ഇത് വിശ്വസിക്കില്ല. കാരണം സംസാരത്തിലും പെരുമാറ്റത്തിലും അദ്ദേഹം അത്രയും സാത്വികനായിരുന്നു. പറഞ്ഞുവന്നത് നമ്മളെല്ലാം തന്നെ പകയും വെറുപ്പുമൊക്കെ പലപ്പോഴും ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ്. അത് പുറത്തെടുക്കാതെ സ്വയം നിയന്ത്രിക്കുമ്പോഴാണ് നമ്മൾ മനുഷ്യരെന്ന് വിളിക്കപ്പെടാൻ അർഹത നേടുന്നത്.

ശ്രീറാം വെങ്കിട്ടരാമൻ

സഹോദരന്റെ കാവലാൾ

മനുഷ്യവംശത്തിലെ ആദ്യ കൊലയെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ആബേലിന്റെ വധത്തിന് ശേഷം ഘാതകനായ കായേനോട് ദൈവം ചോദിക്കുന്നു: ''നിന്റെ സഹോദരൻ ആബേൽ എവിടെ?''
കായേന്റെ പ്രതികരണം ഇതാണ്: ''ഞാനാണോ എന്റെ സഹോദരന്റെ കാവലാൾ?''

ഈ ചോദ്യത്തിനുളള ഉത്തരമാണ് മനുഷ്യവംശത്തിന്റെ പുരോഗതി. പരസ്പരം കാവലാളാവുന്ന ഒരു സമൂഹത്തിൽ മാത്രമേ മനുഷ്യക്കുരുതി ഇല്ലാതാവുകയുള്ളു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ എടുക്കുന്ന നിലപാട് നോക്കുക. താനാരുടേയും കാവലാൾ അല്ലെന്നാണ് അദ്ദേഹം ഒരുളുപ്പുമില്ലാതെ പറയുന്നത്. മദ്യപിച്ചിരുന്നതിന്റെ തെളിവുകൾ പോലിസിന്റെയും ഡോക്ടർമാരുടെയും സഹായത്തോടെ നശിപ്പിച്ച ശേഷമാണ് ശ്രീറാം വെങ്കട്ടരാമൻ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകിയതെന്നത് വെറുമൊരു ആരോപണമല്ലെന്ന് ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്കും ജനങ്ങൾക്കും ഒരു പോലെ അറിയാവുന്നതാണ്. എന്നിട്ടും ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കാൻ കേരള സർക്കാരിന് ഒരു മടിയുമുണ്ടായില്ല. ഈ ധാർമ്മിക അധഃപതനത്തിന്റെ ഉത്തരവാദികൾക്ക് എങ്ങിനെയാണ് ഇലന്തൂരിലെ കൊലകൾ ചോദ്യം ചെയ്യാനാവുക?

പഠിക്കാനായി അമേരിക്കയിലെ കൊളംബിയ സർവ്വകലാശാലയിലെത്തിയ അംബദ്കറെ സഹായിച്ചവരിൽ ഒരാൾ അടുത്ത സുഹൃത്തായ നാവൽ ബത്തേനയായിരുന്നുവെന്ന് അംബദ്കറെക്കുറിച്ചുള്ള പുതിയ പുസ്തകത്തിൽ ശശി തരൂർ വ്യക്തമാക്കുന്നുണ്ട്. പിന്നീട് ലണ്ടനിലെ പഠനത്തിനിടയിലും ബത്തേനയുടെ സഹായം അംബദ്കർ തേടുന്നുണ്ട്. ബെേത്തനയ്ക്കയച്ച ഹൃദയസ്പർശിയായ ഒരു കത്തിൽ അംബദ്കർ എഴുതുന്നു: ''ഞാൻ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. എനിക്കാകെയുള്ള ഒരു പ്രാർത്ഥന, നിങ്ങൾ എന്നോടുള്ള സൗഹൃദം അവസാനിപ്പിക്കരുതെന്നാണ്.''

ബത്തേന സൗഹൃദം അവസാനിപ്പിച്ചില്ല. കാവലാളായി ഞാനുണ്ടെന്ന് പറഞ്ഞുകൊണ്ട് അംബദ്കറിന് വീണ്ടും ബത്തേനിയ പണം അയച്ചുകൊടുത്തു. അപരനോടുള്ള സ്നേഹം, സഹാനുഭൂതി എന്നീ സവിശേഷതകളാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. ഇലന്തൂരിലെ കൊലകളല്ല, ബത്തേനെയപ്പൊലുള്ളവരാണ് നമ്മളെ നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്യേണ്ടത്.

വഴിയിൽ കേട്ടത്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിൽനിന്ന് നീർക്കോലിയെ പിടികൂടി. പാമ്പുകളിലും ആന്റി നാഷനൽസോ?

Content Highlights: Ilanthoor Human Sacrifice, Narabali, Black Magic, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented