മെകോങ് നദി | Photo:mrcmekong.org
ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നദി, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി, ആകെ നീളം ഏകദേശം 4,350 കിലോമീറ്റര്‍. വലിപ്പത്തിനപ്പുറം തെക്കു കിഴക്കന്‍ ഏഷ്യയുടെ ജീവനാഡിയാണ് മെകോങ്. ഏതാണ്ട് 6.5 കോടി ജനങ്ങള്‍ക്ക് ഓരോ ദിവസവും ശുദ്ധജലം നല്കുന്ന നദി. ഒപ്പം ഒരു വലിയ ജനവിഭാഗത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിലും മെക്കോങ് വലിയ പങ്കുവഹിക്കുന്നു. ലോകത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ ഏതാണ്ട് 20 ശതമാനവും മെകോങ്ങാണ് സംഭാവന ചെയ്യുന്നത്. ചൈനയുടേയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയേും ഊര്‍ജ്ജ ആവശ്യങ്ങളെ വലിയൊരളവുവരെ നിറവേറ്റുന്നതും ഈ നദിയാണ്. അത്രത്തോളം ജലവൈദ്യുത പദ്ധതികളാണ് മെകോങ്ങിലുള്ളത്. ചൈനയില്‍ ഉത്ഭവിച്ച് നാല് രാജ്യങ്ങളിലൂടെ കടന്ന് ദക്ഷിണ വിയറ്റ്നാമില്‍ ഫലഭൂയിഷ്ഠമായ അഴിമുഖം സൃഷ്ടിച്ച് തെക്കന്‍ ചൈന കടലില്‍ സഞ്ചാരം അവസാനിപ്പിക്കുന്ന മെകോങ്ങിന് അതിനാല്‍ തന്നെ വലിയ സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രാധാന്യമാണുള്ളത്. എന്നാല്‍, എന്നാല്‍ അതിഗൗരവമായ പ്രശ്നങ്ങളാണ് മെകോങ് നിലവില്‍ നേരിടുന്നത്. അതിനെല്ലാം പിന്നില്‍ പ്രധാനമായും ഒരു രാജ്യവും. ചൈന.
തെക്ക് കിഴക്കന്‍ ഏഷ്യയുടെ ജീവനാഡി
ടിബറ്റന്‍ പീഠഭൂമിയില്‍ ഉത്ഭവിച്ച് ചൈനയിലെ യുനാന്‍ പ്രവിശ്യയിലൂടെയും പിന്നീട് മ്യാന്മര്, ലാവോസ്, തായ്ലന്ഡ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്ന മെകോങ് അക്ഷരാര്‍ഥത്തില്‍ തെക്കു കിഴക്കന്‍ ഏഷ്യയുടെ ജീവധാര തന്നെയാണ്. ലാവോസ്, തായ്ലന്ഡ്, കംബോഡിയ, വിയറ്റ്നാം എന്നീ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികരംഗത്തിന് നദി നല്കുന്ന സംഭാവന ചെറുതല്ല. നദീതടത്തില്‍ താമസിക്കുന്ന ഏകദേശം 65 ദശലക്ഷം ആളുകളില്‍ 80% പേരും അവരുടെ ഉപജീവനത്തിനായി നദിയെയും അതിന്റെ സമ്പന്നമായ പ്രകൃതിവിഭവങ്ങളെയുമാണ് പരമ്പരാഗതമായി ആശ്രയിച്ചുവരുന്നത്. മേഖലയിലെ കോടിക്കണക്കിനാളുകളുടെ ദൈനംദിന ജീവിതമാണ് മെകോങ്ങിനൊപ്പം ഒഴുകുന്നത്.
നദീതടത്തിലെ 6.5 കോടി ജനങ്ങളില്‍ 40 ശതമാനവും നദിക്ക് 15 കിലോമീറ്റര്‍ ചുറ്റളവിലാണ് താമസിക്കുന്നത്. ഒരു വലിയ വിഭാഗത്തിന് മെകോങ്ങാണ് അവരുടെ അന്നദാതാവ്. ഒപ്പം അവരുടെ പ്രധാന ഗതാഗതമാര്‍ഗവും. ഓരോ വര്‍ഷവും 25 ലക്ഷം ടണ്‍ പ്രോട്ടീനാണ് നദീ തടത്തിലെ ജനങ്ങള്‍ക്ക് മെകോങ്ങില്‍ നിന്നുള്ള മത്സ്യസമ്പത്ത് നല്‍കുന്നത്. കംബോഡിയന്‍ ജനതയ്ക്ക് ആവശ്യമായ പ്രോട്ടീന്റെ 90 ശതമാനവും ലഭിക്കുന്നത് ഈ മത്സ്യങ്ങളില്‍ നിന്നാണ്. മേഖലയിലെ വലിയൊരു അളവ് കൃഷിഭൂമിക്ക് വെള്ളം നല്‍കുന്നതിലും മെകോങ്ങിന്റെ പങ്ക് എടുത്ത് പറയാവുന്നതാണ്. 795,000 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന നീര്‍വാര്‍ച്ച പ്രദേശമുള്ള മെകോങ്ങ് അതീവപ്രാധാന്യമുള്ള ഒരു ജൈവമേഖല കൂടിയാണ്. 20,000-ലധികം സസ്യ ഇനങ്ങളും 850-ല്‍ അധികം മത്സ്യഇനങ്ങളും ഇതുവരെ മെകോങ് നദീതടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മെകോങ്ങിന്റെ നദീതടത്തെ പ്രധാനമായും അപ്പര്‍ മെകോങ് നദീതടമെന്നും ലോവര്‍ മെകോങ് നദീതടമെന്നും രണ്ടായി തരംതിരിക്കാം. അപ്പര്‍ മെകോങ് നദീതടം ഏതാണ്ട് പൂര്‍ണമായും ചൈനക്കുള്ളില്‍ തന്നെയാണ്. ലാന്റ്കാങ് എന്ന പേരിലാണ് ഇവിടെ മെകോങ് അറിയപ്പെടുന്നത്. പോഷക നദികളുടെ എണ്ണം താരതമ്യേന കുറവായ ഈ മേഖലയില്‍ ചെങ്കുത്തായ പ്രദേശങ്ങളിലൂടെയാണ് നദി ഒഴുകുന്നത്. വെള്ളച്ചാട്ടങ്ങളും ചെങ്കുത്തായ പ്രദേശങ്ങളുമുള്ളതിനാല്‍ തന്നെ അപ്പര്‍ മെകോങ് മേഖലയില്‍ നദിയിലൂടെയുള്ള സഞ്ചാരം ദുഷ്കരമാണ്. എന്നാല്‍ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള വന്‍കിട അണക്കെട്ടുകള്‍ പണിതുയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമായാണ് ഇവിടം വിലയിരുത്തപ്പെടുന്നത്. പോഷക നദികളാല്‍ സമ്പന്നമായ ലോവര്‍ മെകോങ് നദീതടം മ്യാന്മാര്, ലാവോസ്, തായ്ലന്ഡ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.
%20(1).jpg?$p=50f9d69&w=610&q=0.8)
ജലവൈദ്യുത പദ്ധതികളുടെ നദി
പ്രതിവര്‍ഷം 457 ക്യുബിക് കിലോമീറ്റര്‍ ജലമാണ് മെകോങ്ങിലൂടെ ഒഴുകി തെക്കന്‍ ചൈനാ കടലില്‍ പതിക്കുന്നത്. വലിയ തോതില്‍ ജലം ഉള്‍ക്കൊള്ളുന്നതിനാലും ഇരുകരകളിലുമായുള്ള കോടിക്കണക്കിന് ജനങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിനാലും ജലവൈദ്യുത പദ്ധതികള്‍ക്ക് ഈ മേഖലയില്‍ വലിയ പ്രാധാന്യമാണുള്ളത്. ലാവോസ്, കംബോഡിയ പോലുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പോലും വലിയ സംഭാവനയാണ് ഈ ജലവൈദ്യുത പദ്ധതികള്‍ വഹിക്കുന്നത്. അതിനാല്‍ തന്നെ അപ്പര്‍-ലോവര്‍ മെകോങ് നദീതടങ്ങളില്‍ അണക്കെട്ട് നിര്‍മാണം എന്നത് സര്‍വ സാധാരണമാണ്.
ലാവോസ്, കംബോഡിയ, തായ്ലന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലായി നൂറോളം അണക്കെട്ടുകളാണ് ലോവര്‍ മെകോങ് നദീതടത്തില്‍ നിര്‍മിച്ചിരിക്കുന്നത്. അത്രത്തോളം തന്നെ അണക്കെട്ടുകള്‍ നിര്‍മിക്കാനും ഈ രാജ്യങ്ങള്‍ക്ക് പദ്ധതിയുണ്ട്. 12285 മെഗാവാട്ടാണ് ലോവര്‍ മെകോങ് മേഖലയിലെ 89 ജലവൈദ്യുതപദ്ധതികളുടെ ആകെ ശേഷി. ഇതില്‍ 65 ജലവൈദ്യുത പദ്ധതികളും ലാവോസിലാണ്. 14 എണ്ണം വിയറ്റ്നാമിലും ഏഴ് എണ്ണം തായ്ലന്‍ഡിലും രണ്ടെണ്ണം കമ്പോഡിയിയിലുമാണ്. എന്നാല്‍, എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും ഇവയെല്ലാം ചെറിയ അണക്കെട്ടുകളാണ്. മെകോങ്ങിലേക്ക് ജലം എത്തിക്കുന്ന പോഷക നദികളിലാണ് ഇവയില്‍ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. രണ്ട് അണക്കെട്ടുകളാണ് ഇതില്‍ നിന്ന് വ്യത്യസ്തമായുള്ളത്. ലാവോസിലെ സയ്ബറി അണക്കെട്ടും ഡോണ്സഹോങ് അണക്കെട്ടും. ഇക്കാരണങ്ങളാല്‍തന്നെ ലോവര്‍ മെകോങ് നദിതടത്തില്‍ മെക്കോങ്ങിന്റെ ഒഴുക്കിന് വലിയ തോതില്‍ തടസം നേരിട്ടിട്ടില്ല. എന്നാല്‍ ഇതല്ല ചൈനീസ് പ്രദേശത്ത് നദിയുടെ സ്ഥിതി.
മെക്കോങ്ങില് ചൈനയുടെ കണ്ണ് പതിയുന്നു
1900കളിലാണ് തങ്ങളുടെ പ്രദേശത്ത് ചൈന വ്യാപകമായി വന്‍കിട അണക്കെട്ടുകള്‍ പണിതുയര്‍ത്താന്‍ തുടങ്ങിയത്. പ്രത്യേകിച്ച് മെകോങ്ങില്‍ ചൈനയുടെ കണ്ണ് പതിയുന്നത് ഈ കാലഘട്ടത്തിലാണ്. 1995-ലാണ് അപ്പര്‍ മെകോങ് നദീതടത്തില്‍ ആദ്യത്തെ അണക്കെട്ട് ചൈന പണിതുയര്‍ത്തുന്നത്. യുനാന്‍ പ്രവശ്യയില്‍ പണിത മാന്വാന് ഡാമിന്റെ നിര്‍മാണം ഏതാണ്ട് പത്തു വര്‍ഷം കൊണ്ടാണ് ചൈന പൂര്‍ത്തിയാക്കിയത്. 1570 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ അണക്കെട്ടിനുള്ളത്. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളില്‍ 11 വന്‍കിട അണക്കെട്ടുകളാണ് മെകോങ്ങില്‍ ചൈന കെട്ടിപ്പൊക്കിയത്. 31605 മെഗാവാട്ടാണ് ഈ പദ്ധതികളുടെ ആകെ ശേഷി. പന്ത്രണ്ടാമത്തെ അണക്കെട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 13-മത്തെ വന്‍കിട അണക്കെട്ട് സമീപഭവിയില്‍ തന്നെ പൂര്‍ത്തീകരിക്കാനും അവര്‍ പദ്ധതിയിടുന്നു. ഒപ്പം 20 വര്‍ഷത്തിനുള്ളില്‍ 100 മെഗാവാട്ട് ശേഷിയുള്ള പത്തോളം വന്‍കിട അണക്കെട്ടുകള്‍ നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി.
ലോവന്‍ മെകോങ് മേഖലയില്‍ നിന്ന് വ്യത്യസ്തമായി ഈ വന്‍കിട അണക്കെട്ടുകളെല്ലാം പോഷക നദികളിലല്ല, മെകോങ്ങില്‍ തന്നെയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാകട്ടെ, വളരെ വലിയ സംഭരണശേഷിയുള്ള വന്‍കിട അണക്കെട്ടുകളായാണ് കണക്കാക്കുന്നത്. എന്നാല്‍ തങ്ങളുടെ ജലവൈദ്യുത പദ്ധതികള്‍ മെകോങ്ങിന്റെ ഒഴുക്കിനെ വളരെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് ചൈനയുടെ വാദം. മെകോങ്ങിലേക്ക് ആകെ ഒഴുകി എത്തുന്ന വെള്ളത്തില്‍ വളരെ കുറച്ച് മാത്രമേ തങ്ങളുടെ പ്രദേശത്തിന്റെ സംഭാവനയായുള്ളൂ എന്നാണ് ചൈന വാദിക്കുന്നത്. വിരോധാഭാസം എന്തെന്താല്‍, തങ്ങളുടെ വന്‍കിട ജലവൈദ്യുത പദ്ധതികള്‍, താഴെയുള്ള പ്രദേശങ്ങളുടെ വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കുമെന്നും ജൈവ ആവാസവ്യവസ്ഥയെ സംരക്ഷിക്കുമെന്നും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്നുമാണ് ചൈനയുടെ വാദം.

മെകോങ് നേരിടുന്ന വെല്ലുവിളികള്‍
വലിയ ഒരു ജനവിഭാഗത്തിന്റെ ഊര്‍ജ ആവശ്യങ്ങളെ നിറവേറ്റുണ്ടെങ്കിലും ഒന്നിന് പുറകെ ഒന്നായി പണിതുയര്‍ത്തിയ ഈ അണക്കെട്ടുകളെല്ലാം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് മെകോങ്ങില്‍ സൃഷ്ടിക്കുന്നത്. നദിക്ക് കാലങ്ങളായി തുടര്‍ന്നുവന്ന സ്വാഭാവികതാളം നഷ്ടമായി. ജലനിരപ്പിലെ കാലങ്ങളായി സ്വാധീനിച്ചിരുന്നത് കാലാവസ്ഥ മാത്രമായിരുന്നു എന്ന സ്ഥിതി മാറി. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് ജലസമൃദ്ധമായിരുന്നു നദി. ഹിമാലയത്തില്‍നിന്ന് മഞ്ഞുരുകി എത്തുന്ന അധികജലംകൂടിയാകുമ്പോള് ജലനിരപ്പ് വീണ്ടും ഉയരുകയും ലോവര്‍ മെകോങ് മേഖലയില്‍ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. വലിയ തോതിലുള്ള എക്കല്‍ നിക്ഷേപമാണ് നദീതിരങ്ങളില്‍ ഈഘട്ടത്തില്‍ വന്നടിഞ്ഞിരുന്നത്. നദിയുടെ ഈ സ്വാഭാവിക പ്രവര്‍ത്തനമാണ് ലോവര്‍ മെകോങ് ഡെല്‍റ്റയെ അടക്കമുള്ള മേഖലകളെ ഫലഭൂയിഷ്ഠമാക്കുന്നത്.
എന്നാല്‍ ചൈന അണക്കെട്ടുകള്‍ പണിതുയര്‍ത്തിയതോടെ മെകോങ്ങിലെ ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടായി. അതിരൂക്ഷമല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് സമീപ വര്‍ഷങ്ങളില്‍ മെകോങ്ങില്‍ അനുഭവപ്പെടുന്നത്. നദിയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ദക്ഷിണ ചൈനാ കടലില്‍ നിന്നുള്ള ഉപ്പുവെള്ളം ദക്ഷിണ വിയറ്റ്നാമിലെ മെകോങ് ഡെല്‍റ്റയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാകും ഇത് ഡല്‍റ്റ മേഖലയില്‍ സൃഷ്ടിക്കുക. വിയറ്റ്നാമിന്റെ ആകെ നെല്ലുത്പാദനത്തിന്റെ പകുതിയും പഴം പച്ചക്കറികളുടെ ഏതാണ്ട് 70 ശതമാനനും ആ മേഖലയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കാര്‍ഷിക ഉല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്ന മേഖലയ്ക്ക് ഏല്ക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ സാമ്പത്തികമായും വിയറ്റ്നാമിനെ വലിയ തോതില്‍ ബാധിക്കും.

കാലംതെറ്റിയുള്ള വെള്ളപ്പൊക്കവും ജലദൗര്‍ലഭ്യവുമാണ് മെകോങ് നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. വേനല്‍ക്കാലത്ത് വലിയ തോതിലാണ് നദിയിലെ ജലനിരപ്പ് താഴുന്നത്. നദി വഹിച്ചുകൊണ്ട് വന്നിരുന്ന എക്കല്‍ നിക്ഷേപത്തിലും വലിയ തോതില്‍ കുറവുണ്ടായത് മത്സ്യ- ജൈവ സമ്പത്തിനേയും ആവാസവ്യസ്ഥകളേയും വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചു. ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നുള്ള എക്കലാണ്, മെകോങ്ങിന്റെ ജൈവസമ്പത്തിനെ വേറിട്ടതാക്കി നിര്‍ത്തിയിരുന്നത്. എന്നാല്‍ ജലവൈദ്യുത പദ്ധതികള്‍ വന്നതോടെ ലോവര്‍ മെകോങ് ഭാഗത്തേക്കുള്ള എക്കല്‍ നിക്ഷേപത്തെ ബാധിച്ചു. എക്കല്‍ നിക്ഷേപത്തിലുണ്ടാകുന്ന ഈ കുറവ്, കൃഷിയും മത്സ്യബന്ധനവുമായി മെകോങ്ങിനെ ആശ്രയിച്ച് ജീവിക്കുന്ന മേഖലയിലെ 60 മില്യണ്‍ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുക.
ഡാം വെള്ളപ്പൊക്കത്തെയും വരള്‍ച്ചയെയും തടയുമെന്നാണ് ചൈനീസ് വാദമെങ്കിലും വെള്ളം വലിയതോതില്‍ സംഭരിക്കപ്പെടുകയും പിന്നീട് തുറന്നുവിടുകയും ചെയ്യുമ്പോള്‍ താഴേക്കുള്ള രാജ്യങ്ങളുടെ താളം തെറ്റുകയാണ്. നദിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു വലിയ വിഭാഗത്തെ പ്രതിസന്ധിയിലാക്കുകയാണ് ചൈന. അതുവഴി ചെറു അയല്‍രാജ്യങ്ങളെ വരിധിയിലാക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ലാവോസ്, തായ്ലന്ഡ്, കമ്പോഡിയ, വിയറ്റ്നാം അടക്കമുള്ളവര്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. നദീജലത്തെ ഒരു രാഷ്ട്രീയ- സാമ്പത്തിക ആയുധമായി ചൈന ഉപയോഗിച്ചേക്കാമെന്ന ആശങ്ക മേഖലയിലാകെ നിലനിക്കുകയാണ്.
മെകോങ് റിവര്‍ കമ്മീഷന്
മെകോങ് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രാദേശിയ സഹകരണത്തിന് 60 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1957-ലാണ് കംബോഡിയ, ലാവോസ്, തായ്ലന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് മെകോങ് കമ്മിറ്റി സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. 1977-ല്‍ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് സഹകരണത്തില്‍ കംബോഡിയ പിന്മാറിയെങ്കിലും 1991 മുതല്‍ വീണ്ടും അംഗമായി. 1995 ഏപ്രില്‍ 5-ന്, കംബോഡിയ, ലാവോസ്, തായ്ലന്ഡ്, വിയറ്റ്നാം എന്നിവര്‍ തായ്ലന്ഡിലെ ചിയാങ് റായിയില്‍ വച്ച് മെകോങ് നദീ തടത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള സഹകരണത്തിനുള്ള കരാറില്‍ (മെകോങ് കരാര്‍) ഒപ്പുവച്ചു. ഇതോടെ മെകോങ് റിവര്‍ കമ്മീഷന് നിലവില്‍ വന്നു. മെകോങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നദീ വിഭവങ്ങളുടെ കൃത്യമായ ഉപഭോഗം ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ മുഖ്യോദ്ദേശ്യം. 1996-ല്‍ ചൈനയും മ്യാന്മാറും മെക്കോങ് ചര്‍ച്ചകളില്‍ പങ്കാളികളായെങ്കിലും റിവര്‍ കമ്മീഷനില്‍ ചേരാന്‍ ചൈന തയ്യാറായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..