മുഖ്യമന്ത്രീ... വഴികാട്ടേണ്ടത് ബുഷ് അല്ല, നെഹ്രുവാണ് | വഴിപോക്കന്‍


വഴിപോക്കന്‍

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്താലും പൊങ്ങാതെ വരുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ വരുമ്പോഴാണ്.

ഫോട്ടോ: പി.പി. ബിനോജ്‌

രു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. സ്ഥലം ഒരു മുന്‍ ഇന്ത്യന്‍ അംബാസഡറുടെ വീട്. വിദേശകാര്യ വകുപ്പില്‍ നിന്നൊക്കെ വിരമിച്ച് സ്വസ്ഥജീവിതം നയിക്കുന്നതിനിടയില്‍ മാസത്തിലൊരിക്കല്‍ അടുത്ത സുഹൃത്തുക്കളുമായി ഒന്നിച്ചിരിക്കുന്നത് ഈ മുന്‍ അംബാസഡറുടെ ശീലമായിരുന്നു. ഒരു തരം അനുഷ്ഠാനം പോലുള്ള പതിവ്. നയതന്ത്രവിദഗ്ധര്‍ എങ്ങിനെയാണ് സാദാ ഉദ്യോഗസ്ഥരില്‍നിന്നു വ്യത്യസ്തരാവുന്നതെന്ന് നേരിട്ടറിയാന്‍ ഇടയായത് ഇത്തരമൊരു കൂടിച്ചേരലിലാണ്.

പ്രശസ്തനായൊരു സംഗീത സംവിധായകനായിരുന്നു അന്നത്തെ കൂട്ടായ്മയിലെ മുഖ്യതിഥി. ലേശം വൈകിയാണ് സംഗീത്ജ്ഞന്‍ എത്തിയത്. കൃത്യനിഷ്ഠയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പാര്‍ട്ടിയായിരുന്നു മുന്‍ അംബാസഡര്‍. എന്നിട്ടും സംഗീതജ്ഞന്റെ വൈകിയുള്ള വരവില്‍ അദ്ദേഹം ഒട്ടും തന്നെ അലോസരം പുറത്തുകാട്ടിയില്ല. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍നിന്ന് നേരത്തെ തന്നെ സ്ഥലത്ത് സന്നിഹിതരായിരുന്ന സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം താഴെയെത്തി സംഗീത സംവിധായകനെ സ്വീകരിച്ചു.

മുകളിലെത്തി വിരുന്നുശാലയിലേക്ക് നടക്കുന്നതിനിടെ സംഗീത സംവിധായകന്റെ കൈ തട്ടി ഒരു പൂപ്പാത്രം തഴെവിണ് ചിന്നിച്ചിതറി. അതിമനോഹരമായൊരു പൂപ്പാത്രമായിരുന്നു അത്. ഏതോ വിദേശരാജ്യത്ത് അംബാസഡറായിരിക്കെ അവിടത്തെ ഭരണാധികാരി നല്‍കിയ സമ്മാനം. പൂപ്പാത്രം വീണതോടെ സംഗീതസംവിധായകന്റെ മുഖം വിളറി വെളുത്തു. കൂടെയുണ്ടായിരുന്ന ഞങ്ങള്‍ എല്ലാവരും തന്നെ എന്തുപറയണമെന്നറിയാതെ അന്ധാളിച്ചു നിന്നു.

അപ്പോഴാണ് മുന്‍ അംബാസഡറിലെ നയതന്ത്രജ്ഞത പുറത്തേക്ക് വന്നത്: ''ഇതെന്തായാലും നന്നായി. ഒരു വിഘ്നം ഒഴിഞ്ഞുപോയെന്നു കരുതിയാല്‍ മതി.'' വിഘ്നേശ്വരന് തേങ്ങയുടയ്ക്കാന്‍ വൈകിയതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവാം ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ എല്ലാ അതിഥികളും സ്വാസ്ഥ്യം വീണ്ടെടുത്തു. സംഗീത സംവിധായകനാണെങ്കില്‍ ഇത്രയും മനസ്സമാധാനം പകരുന്ന വാക്കുകള്‍ ഇതിനു മുമ്പ് കേട്ടിരിക്കാനിടയില്ല.

ഒരു പ്രതിസന്ധി എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിലാണ് ഒരു വ്യക്തി അസാധാരണ തലങ്ങളിലേക്കെത്തുന്നത്. ഇന്ത്യയുടെ വിദേശമന്ത്രിയും മുന്‍ അംബാസഡറുമായിരുന്ന കെ. നട്വര്‍സിങ് എഴുതിയ ഒരു പുസ്തകമുണ്ട്. 'സിംഹങ്ങള്‍ക്കൊപ്പമുള്ള നടത്തം ' എന്ന് പേരിട്ടിട്ടുള്ള ഈ ഗ്രന്ഥത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും നിരവധി ശ്രേഷ്ഠവ്യക്തിത്വങ്ങളെ നട്വര്‍ പരിചയപ്പെടുത്തുന്നുണ്ട്.

ദലൈലാമ ടിബറ്റില്‍നിന്ന് 1959-ല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തിയപ്പോള്‍ നടന്ന ഒരു കൂടിക്കാഴ്ച പ്രതിസന്ധികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ഒരു നേതാവിനെ നമുക്ക് കാണിച്ചു തരുന്നുണ്ട്. അന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്താണ് ആ നേതാവ്. പന്തിനെ കാണാന്‍ ദലൈലാമയെത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതിനിധിയായി നട്വറും കൂടെയുണ്ടായിരുന്നു. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയ്ക്ക് തീരെ രസിച്ചിരുന്നില്ല. ടിബറ്റിനെ ഇന്ത്യയുടെ ഭാഗമാക്കാനുള്ള ശ്രമമാണിതെന്നും ഇതിന് മാപ്പു തരാനാവില്ലെന്നുമാണ് ചൈനീസ് പത്രമായ പീപ്പിള്‍സ് ഡെയ്ലി എഴുതിയത്.

ദലൈലാമയ്ക്ക് അന്ന് 25 വയസ്സാണ് പ്രായം. പക്ഷേ , ഇരുത്തം വന്ന ഒരു ഗുരുവിന്റെ എല്ലാ ലക്ഷണവും അന്നേ ദലൈലാമയില്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ നെഹ്രുവടക്കം ഇന്ത്യയിലെ എല്ലാ നേതാക്കളും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നതെന്നും നട്വര്‍ എഴുതുന്നുണ്ട്. ഗോവിന്ദ് വല്ലഭ് പന്തുമായുള്ള സംഭാഷണത്തില്‍ ചൈനയുടെ നിലപാടുകളടക്കം പ്രധാനപ്പെട്ട പല വിഷയങ്ങളും കടന്നുവന്നു.

പെട്ടെന്ന് നട്വര്‍ ഇരുന്ന ഭാഗത്തേക്ക് നോക്കി പന്ത് ചോദിച്ചു: ''നിങ്ങള്‍ ആരാണ്?'' പന്തിന് തന്നെ മനസ്സിലായില്ലേയെന്ന ജാള്യത്തില്‍ നട്വര്‍ ഒന്ന് ചിരിച്ചു. അപ്പോഴാണ് തന്റെ പിന്നിലിരിക്കുന്ന മറ്റൊരാളെയാണ് പന്ത് ലക്ഷ്യമിട്ടതെന്ന് നട്വറിന് മനസ്സിലായത്. ഇന്ത്യയിലെ പ്രമുഖ ന്യൂസ് സര്‍വ്വിസായ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടറായിരുന്നു നട്വറിന് പിന്നില്‍. അതീവ രഹസ്യസ്വഭാവമാര്‍ന്ന സംഭാഷണം ഒരു പത്രപ്രവര്‍ത്തകന്‍ കേട്ടിരിക്കുന്നു എന്ന അറിവ് ദലൈലാമയെ ഞെട്ടിച്ചു. പന്ത് ഇപ്പോള്‍തന്നെ ആ പത്രപ്രവര്‍ത്തകനെ പുറത്താക്കുമെന്നാണ് നട്വര്‍ കരുതിയത്. പക്ഷേ, അതുണ്ടായില്ല. പന്തിന്റെ മുഖത്ത് ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല. സംഭാഷണം തുടരാമെന്ന് പന്ത് പറഞ്ഞു.

സംഭാഷണം അവസാനിപ്പിച്ച് ദലൈലാമ സ്ഥലം വിട്ടപ്പോള്‍ പന്ത് ആ പത്രപ്രവര്‍ത്തകനോട് അവിടെതന്നെയിരിക്കാന്‍ പറഞ്ഞു. എന്നിട്ട് വളരെ സൗമ്യമായി ഇവിടെ നടന്നത് അതീവ രഹസ്യസ്വഭാവമാര്‍ന്ന ചര്‍ച്ചയാണെന്നും ഇതില്‍ ഒരക്ഷരം പുറത്തു വന്നാല്‍ കടുത്ത നിയമ നടപടികളാവും നേരിടേണ്ടി വരികയെന്നും പന്ത് അദ്ദേഹത്തോട് പറഞ്ഞു.

ദലൈലാമ ഇരിക്കെ ആ പത്രപ്രവര്‍ത്തകനെ മുറിയില്‍ നിന്നിറക്കിവിടാതിരുന്നത് പന്തിന്റെ ബുദ്ധിയായിരുന്നു. അപ്പോള്‍ ആ പത്രപ്രവര്‍ത്തകനെ പറഞ്ഞുവിട്ടിരുന്നെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യുക അടുത്തെവിടെനിന്നെങ്കിലും ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് തനിക്ക് കിട്ടിയ രഹസ്യവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരിക്കും. ഇതുണ്ടാക്കുമായിരുന്ന കോലാഹലം നിസ്സാരമാവുമായിരുന്നില്ല. ഒരു പ്രതിസന്ധി എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഉദാഹരണമായിരുന്നു പന്തിന്റെ നടപടിയെന്നാണ് നട്വര്‍ രേഖപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ഒരു നടപടി കൂടി ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ. 1986 ഡിസംബറില്‍ അന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന എ.പി. വെങ്കടേശ്വരന്‍ ഇസ്ലാമാബാദില്‍വെച്ച് ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി രാജിവ്ഗാന്ധി ഉടനെ തന്നെ പാക്കിസ്താന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞു.

ഒരു മാസം കഴിഞ്ഞ് 1987 ജനവരിയില്‍ രാജീവ് ഡല്‍ഹിയില്‍ വിദേശ പത്രപ്രവര്‍ത്തകരെ കണ്ടു. രാജീവിന്റെ കൂടെ വെങ്കടേശ്വരനുമുണ്ടായിരുന്നു. എന്നാണ് താങ്കള്‍ പാക്കിസ്താനിലേക്ക് വരുന്നതെന്ന് പാക്ക് പത്രലേഖകന്‍ രാജിവിനോട് ചോദിച്ചു. താന്‍ ഉടനെയെങ്ങും പാക്കിസ്താനിലേക്ക് വരുന്നില്ലെന്നായിരുന്നു രാജീവിന്റെ മറുപടി. അപ്പോള്‍ ഇസ്ലാമാബാദില്‍ വെച്ച് ഇന്ത്യയുടെ വിദേശസെക്രട്ടറി പറഞ്ഞകാര്യം പാക്ക്ലേഖകന്‍ രാജീവിന്റെ ശ്രദ്ധയില്‍ പെടുത്തി.

രാജീവ് പൊടുന്നനെ ക്ഷുഭിതനായി: ''നിങ്ങള്‍ക്ക് ഉടനെതന്നെ പുതിയൊരു വിദേശകാര്യ സെക്രട്ടറിയെ കാണാം.'' എന്നായിരുന്നു രാജീവിന്റെ മറുപടി. പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ അവിടെയുണ്ടായിരുന്ന എല്ലാവരേയും ഞെട്ടിച്ചു. ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമനില നഷ്ടപ്പെടുന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ആത്മാഭിമാനം പണയംവെയ്ക്കാന്‍ തയ്യാറല്ലായിരുന്ന വെങ്കടേശ്വരന്‍ ഉടനെ തന്നെ രാജിവെച്ചു. വിദേശകാര്യ വകുപ്പില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് എടുക്കുകയും ചെയ്തു. രാജിവ് ഗാന്ധിയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായാണ് ചരിത്രം ഇതിനെ അടയാളപ്പെടുത്തിയത്.

പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിക്ക് സവിശേഷ വൈദഗ്ധ്യമുണ്ടായിരുന്നു. ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ കരുണാനിധി ഹിന്ദു എന്ന വാക്കിന് മോഷ്ടാവ് എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് പറഞ്ഞു. സംഗതി വിവാദമായപ്പോള്‍ കരുണാനിധി അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: ''ഹൃദയങ്ങള്‍ കവരുന്നവര്‍'' എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്.

രാജീവിനെയും കരുണാനിധിയെയും ഗോവിന്ദ് വല്ലഭ് പന്തിനെയുമൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനങ്ങളാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പത്രസമ്മേളനങ്ങളാണ് മുഖ്യമന്ത്രിയുടേത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ഗംഭീരമായ ചെറുത്തുനില്‍പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിക്കുകയും ചെയ്തു. പ്രധാനന്ത്രി നരേന്ദ്ര മോദിയടക്കം ഒരു നേതാവിനും കിട്ടാത്ത പ്രശംസയും ആദരവുമാണ് ഈ പ്രവൃത്തികള്‍ മുഖ്യമന്ത്രിക്ക് നേടിക്കൊടുത്തത്. ഈ ഘട്ടത്തിലാണ് സ്്പ്രിംക്‌ളര്‍ വിവാദമുണ്ടായത്.

പ്രതിപക്ഷ നേതാവിന്റെ ആരോപണം നേരിടുന്നതിന് മുഖ്യമന്ത്രിക്ക് സാവകാശമുണ്ടായിരുന്നു. പാര്‍ട്ടിയിലേയും മന്ത്രിസഭയിലേയും സഹപ്രവര്‍ത്തകരുമായി കൂടിയാലോചന നടത്തി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതിന് മുഖ്യമന്ത്രിക്കാവുമായിരുന്നു. പകരം പത്രപ്രവര്‍ത്തകരുടെ മെക്കിട്ടുകയറാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം പത്രപ്രവര്‍ത്തകരെ നുണക്കഥകള്‍ മെനയുന്നവരെന്ന് വിളിക്കാന്‍ ശ്രമമുണ്ടായി. സേവ് സിപിഎം ഫോറത്തെക്കുറിച്ചുള്ള അനുസ്മരണമുണ്ടായി. അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന സമീപനം.

ഈ വിഷയത്തില്‍ ഇങ്ങനെ ഒരു കുരുക്കിലേക്ക് മുഖ്യമന്ത്രി സ്വയം നടന്നുകയറേണ്ട കാര്യമുണ്ടായിരുന്നില്ല. സംഗതി കോടതിയിലെത്തിയതോടെ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിക്കേണ്ട ഗതികേടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ ഈ നടപടി ആദ്യമേ തന്നെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ചക്ക കുഴയുന്നതുപോലെ ഇങ്ങനെ കുഴയുമായിരുന്നില്ല. മടിയില്‍ കനമില്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന സംഗതിയിയിരുന്നു ഇത്. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്താലും പൊങ്ങാതെ വരുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ വരുമ്പോഴാണ്.

ആത്യന്തികമായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവത്തിലേക്ക് തന്നെയാണ് ഈ പ്രതിസന്ധി വിരല്‍ ചൂണ്ടുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിശിത വിമര്‍ശവും വിചാരണയുമുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കാവുമായിരുന്നു. എന്തുചോദിച്ചാലും 'യെസ്' എന്നു മാത്രം പറയുന്നവരാണ് ചുറ്റുമുള്ളതെങ്കില്‍ ഒരു നേതാവിനും കെണികള്‍ തിരിച്ചറിയാന്‍ കഴിയില്ല.

ഇന്ദിര ഗാന്ധിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം പി.എന്‍. ഹക്സറിനെപ്പോലൊരു ഉദ്യോഗസ്ഥനെ അവഗണിച്ചതാണെന്ന വിലയിരുത്തലുണ്ട്. സഞ്ജയ് ഗാന്ധിയുടേത് നേരായ വഴിയല്ലെന്ന് ഇന്ദിരയുടെ മുഖത്തു നോക്കി പറയാന്‍ ഹക്സറിന് മടിയുണ്ടായിരുന്നില്ല. ഇത്തരം കയ്്പുനിറഞ്ഞ സത്യങ്ങള്‍ വിളിച്ചുപറയാന്‍ കഴിവുള്ളവരെയാണ് ഭരണാധികാരികള്‍ ഉപദേശകരായി വെയ്ക്കേണ്ടത്.

നിങ്ങള്‍ എന്റെ കൂടെയല്ലെങ്കില്‍ എനിക്കെതിരെയാണ് എന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയല്ല ''എന്നെ വെറുതെ വിടരുത്'' എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിനെ ആയിരിക്കണം ഈ ആപത്തുകാലത്ത് പിണറായി വിജയന്‍ മാതൃകയാക്കേണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented