ഷെർ അമി | Photo: americanhistory.si.edu/
'ഞങ്ങള്‍ 276.4-ന് സമാന്തരമായ പാതയിലൂടെ നീങ്ങുകയാണ്, നമ്മുടെ സ്വന്തം സൈന്യം തന്നെ ഞങ്ങളെ ആക്രമിക്കുകയാണ്. ദൈവത്തെയോർത്ത് അത് അവസാനിപ്പിക്കുക'. പരാജയപ്പെട്ട ഒട്ടേറെ അവസരങ്ങള്‍ക്ക് ശേഷം കൈവശമുണ്ടായിരുന്ന അവസാനത്തെ പ്രാവിന്റെ കാലില്‍ സന്ദേശം എഴുതി ബന്ധിക്കുമ്പോള്‍ കമാന്‍ഡര്‍ ചാര്‍ളി വൈറ്റ് വിറ്റില്‍സിയുടെ പ്രതീക്ഷ നശിച്ചിരുന്നു. ഫ്രാന്‍സിലെ മ്യൂസ്-അര്‍ഗോണ്‍ വനത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു അവരപ്പോള്‍. 550 സൈനികരുമായി കാട് കയറിയ വെറ്റില്‍സിയുടെ സംഘത്തില്‍ അവശേഷിച്ചത് 194 പേര്‍ മാത്രം. ജര്‍മന്‍ സൈനികരാല്‍ വളയപ്പെട്ട അവര്‍, കൈയിലുള്ള ഭക്ഷണവും മരുന്നും വെടിക്കോപ്പുകളും ഏതാണ്ട് പൂര്‍ണമായി തീരാറായ അവസ്ഥയിലുമായിരുന്നു. ഈ ഘട്ടത്തിലാണ് സ്വന്തം സൈന്യം തന്നെ അവര്‍ക്കെതിരേ ആക്രമണം നടത്തിയത്. അതോടെ അവസാന ആശ്രയമെന്ന നിലയിലാണ് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിറ്റില്‍സി പ്രാവുകളെ അയച്ചത്. എന്നാല്‍, അവര്‍ക്കൊന്നും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ജര്‍മന്‍ സൈനികര്‍ അവയെ വെടിവെച്ചു വീഴ്ത്തി.
വെറ്റില്‍സിയുടേയും സംഘത്തിന്റേയും അവസാന ആശ്രയമായിരുന്നു ആ പ്രാവ്. ഷെര്‍ അമി. അതായിരുന്നു ആ പ്രാവിന്റെ പേര്. ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിലെ അര്‍ഗോണ്‍ വനത്തില്‍ ഒറ്റപ്പെട്ടുപോയ 194 അമേരിക്കന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണം ആ ഹോമിങ് പീജിയണായിരുന്നു. ലോസ്റ്റ് ബെറ്റാലിയന്‍ എന്ന് ലോകം പിന്നീട് വിളിച്ച ആ സൈനികരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഷെര്‍ അമിയായിരുന്നു. വിറ്റില്‍സിയുടെ സന്ദേശവുമായുള്ള യാത്രയ്ക്കിടയില്‍ ജര്‍മന്‍ സൈന്യത്തിന്റെ വെടിയേറ്റ് വീണിട്ടും ഗുരുതരമായ പരിക്ക് പറ്റിയിട്ടും ഷെര്‍ അമി തന്റെ യാത്ര അവസാനിപ്പിച്ചില്ല. അത് ലക്ഷ്യത്തില്‍ എത്തിക്കുക തന്നെ ചെയ്തു. ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്കന്‍ സേനയുടെ സിഗ്നല്‍ വിഭാഗം ഉയോഗിച്ചിരുന്ന 600 കാരിയര്‍ പ്രാവുകളില്‍ ഒന്നായിരുന്നു ഷെര്‍ അമി. ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച സന്ദേശവാഹക പ്രാവും ഷെര്‍ അമി തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധനായ പ്രാവെന്ന് ഷെര്‍ അമിയെ വിശേഷിപ്പിച്ചാലും അത് അതിശയോക്തിയായേക്കില്ല.
Also Read
വിറ്റില്‍സിയുടെ കഥ തുടങ്ങുന്നു
1884-ല്‍ ഫ്‌ളോറന്‍സിലെ വിസ്‌കോണില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായാണ് ചാര്‍ളി വൈറ്റ് വിറ്റില്‍സിയുടെ ജനനം. വിസ്‌കോണ്‍സിനിലെ തന്നെ ഗ്രീന്‍ ബേയിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. 1894-ല്‍ പത്ത് വയസുള്ളപ്പോള്‍ കുടുംബം അമേരിക്കയിലെ മസാച്യുസെറ്റ്സിലെ പിറ്റ്സ്ഫീല്‍ഡിലേക്ക് താമസം മാറി. അവിടെയായിരുന്നു കൗമാരകാലവും സ്‌കൂളില്‍ വിദ്യാഭ്യാസവും. കോളേജ് വിദ്യാഭ്യാസകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയായിരുന്ന വിറ്റില്‍സി. വില്യംസ് കോളേജിലെ വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ സജീവമായിരുന്ന അദ്ദേഹം സമപ്രായക്കാര്‍ക്കിടയില്‍ 'കൗണ്ട്' എന്നാണ് അറിയപ്പെട്ടത്. 1908-ല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദം നേടിയ അദ്ദേഹം പഠനശേഷം സഹപാഠിയായ ജെ. ബയാര്‍ഡ് പ്രൂയ്‌നുമായി ചേര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ സ്വന്തമായി സ്ഥാപനവും ആരംഭിച്ചു. സുഹൃത്തായ മാക്‌സ് ഈസ്റ്റ്മാന്റെ സ്വാധീനത്തില്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി വിറ്റില്‍സി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. എന്നാല്‍ പ്രസ്ഥാനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന തീവ്രസ്വഭാവത്തെത്തുടര്‍ന്ന് അദ്ദേഹം അംഗത്വം രാജിവച്ചു.
1917 മെയ് മാസത്തില്‍ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായി ഒരു മാസത്തിനുശേഷം, വിറ്റില്‍സി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മിയില്‍ ചേര്‍ന്നു. സ്ഥാപനത്തില്‍നിന്ന് അവധിയെടുത്താണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. തുടക്കത്തില്‍ 77-ാം ഡിവിഷനിലെ 308-ാം ഇന്‍ഫന്‍ട്രിയില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഫ്രാന്‍സില്‍ നിയമിതനാകുന്നത്. 77-ാം ഡിവിഷന്‍ 'മെട്രോപൊളിറ്റന്‍ ഡിവിഷന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. അതിലുള്ളവരില്‍ അധികവും ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നുള്ളവരായിരുന്നു എന്നതുകൊണ്ടാണ് അങ്ങനെ വിളിച്ചത്. നാല് മാസത്തിന് ശേഷം സെപ്റ്റംബറില്‍ വിറ്റില്‍സിക്ക് മേജറായി സ്ഥാനക്കയറ്റം നല്‍കുകയും ഒന്നാം ബറ്റാലിയന്റെ കമാന്‍ഡറായി നിയമിക്കുകയും ചെയ്തു. 1918 ഒക്ടോബര്‍ ഒന്നിന് ഒരു സംഘടിത ആക്രമണത്തിന്റെ ഭാഗമായി വിറ്റില്‍സിയും രണ്ടാം ബറ്റാലിയന്റെ കമാന്‍ഡറായ ക്യാപ്റ്റന്‍ ജോര്‍ജ്ജ് മക്മൂര്‍ട്രിയും സൈനികരോടൊപ്പം ആര്‍ഗോണ്‍ വനത്തിലേക്ക് പ്രവേശിക്കണമെന്ന് സൈന്യം ഉത്തരവിട്ടു.
സെഡാന്‍ നഗരത്തില്‍ പ്രവേശിക്കുകയും ഫ്രാന്‍സിലെ ജര്‍മന്‍ സൈന്യത്തിന്റെ യുദ്ധസാമഗ്രികളുടെ വിതരണം തടസപ്പെടുത്താന്‍ റെയില്‍- റോഡ് നെറ്റ്വര്‍ക്ക് തകര്‍ക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, രണ്ട് ബെറ്റാലിയനുകളുടേയും ശക്തി ക്ഷയിച്ചിരിക്കുന്നതിനാല്‍ തന്നെ ഈ ദൗത്യം നിര്‍വഹിക്കുക അസാധ്യമാണെന്ന ആശങ്ക രണ്ട് കമാന്‍ഡര്‍മാരും പ്രകടിപ്പിച്ചിരുന്നു. ഒപ്പം ഏതാനും വര്‍ഷങ്ങളായി വനത്തിന് ജര്‍മന്‍ സൈന്യം കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇതവര്‍ക്ക് ആ ഭൂപ്രദേശത്ത് മുന്‍തൂക്കം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍, സൈനിക മേധാവികള്‍ അവരുടെ ആശങ്കകള്‍ തള്ളിക്കളയുകയായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനായിരുന്നു അവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഉത്തരവിനോട് വളരെ വൈകാരികമായാണ് വിറ്റില്‍സി പ്രതികരിച്ചത്. 'ഞാന്‍ ആക്രമണത്തിന് തയ്യാറാണ്, പക്ഷേ, നിങ്ങള്‍ എന്റെ ശബ്ദം വീണ്ടും കേള്‍ക്കുമോ എന്ന് എനിക്കുറപ്പില്ല', അദ്ദേഹം തന്റെ മേലുദ്യോഗസ്ഥരോട് പറഞ്ഞു.
.jpg?$p=298ab5c&&q=0.8)
അര്‍ഗോണ്‍ വനത്തിലേക്ക് ഒരു സംഘം
1918 ഒക്ടോബര്‍ രണ്ട്. 550 സൈനികര്‍ തങ്ങളുടെ കിടങ്ങുകളില്‍ നിന്ന് ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ ചാര്‍ലെവോക്സ് മലയിടുക്കിലേയ്ക്ക് പ്രവേശിച്ചു. വിറ്റില്‍സിയും ജോര്‍ജ്ജ് മക്മൂര്‍ട്രിയും തങ്ങളുടെ സൈനികരെ അര്‍ഗോണ്‍ വനത്തിലേക്ക് നയിച്ചു. അധികം വെല്ലുവിളികളില്ലാതെ തന്നെ അവര്‍ക്ക് വനത്തിനുള്ളിലേയ്ക്ക് കടന്നുകയറാന്‍ കഴിഞ്ഞുവെങ്കിലും അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരവും രക്തരൂക്ഷിതവുമായ അഞ്ച് ദിവസങ്ങളുടെ തുടക്കമായിരുന്നു അത്. വെറ്റില്‍സിയ്ക്കും സംഘത്തിനും പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന യൂണിറ്റുകള്‍ എത്താതിരുന്നതോടെ ജര്‍മന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലായി അവര്‍. അക്ഷരാര്‍ത്ഥത്തില്‍ ആ വനപ്രദേശത്ത് അവര്‍ ഒറ്റപ്പെട്ടുപോയി. അത് മാത്രമായിരുന്നില്ല വെല്ലുവിളി. അവരുടെ കൈവശമുണ്ടായിരുന്ന വെടിക്കോപ്പുകള്‍, ഭക്ഷണം, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരുന്നു. ജര്‍മന്‍ സൈന്യം ആക്രമണം ആരംഭിച്ചതോടെ അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വിറ്റില്‍സിയുടേയും സംഘത്തിന്റേയും കൃത്യമായ സ്ഥാനം മനസിലാക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ സേനയുടെ തന്നെ ഭാഗമായ മറ്റ് സൈനികര്‍ക്ക് അവര്‍ക്ക് സഹായമെത്തിക്കാനും സാധിച്ചില്ല. ഒപ്പം കൊടുംവനത്തിനുള്ളില്‍ സിഗ്നല്‍ ദുര്‍ബലമായതിനാല്‍ റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയവും ഫലവത്തായില്ല. സന്ദേശവാഹകരായി പോകുന്ന സൈനികര്‍ കൊല്ലപ്പെടുകയോ യുദ്ധത്തടവുകാരായി പിടിക്കപ്പെടുകയോ ചെയ്യുമെന്നും ഉറപ്പായിരുന്നു. ഈ ഘട്ടത്തിലാണ് സന്ദേശം കൈമാറാന്‍ പ്രാവുകളെ ഉപയോഗിക്കുന്നത്. അപ്പോള്‍, അമേരിക്കന്‍ സൈനികര്‍ക്ക് സ്വന്തം സേനയുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഏക മാര്‍ഗവും പ്രാവുകളായിരുന്നു. എന്നാല്‍ അര്‍ഗോണ്‍ വനത്തിന്റെ ആകാശവും ഭൂമിയെപ്പോലെ അപകടകരമായിരുന്നു. അത് തിരിച്ചറിയാന്‍ അവര്‍ക്ക് അധിക സമയം വേണ്ടിവന്നില്ല.
എന്തുകൊണ്ട് പ്രാവുകള്‍?
ഒന്നാം ലോകമഹായുദ്ധകാലത്ത് വാര്‍ത്താവിനിമയ സാങ്കേതികവിദ്യ പുരോഗതി കൈവരിച്ചു വരികയായിരുന്നവെങ്കിലും യുദ്ധത്തില്‍ സന്ദേശവാഹകരായ പ്രാവുകളുടെ സേവനം വിലമതിക്കാനാകാത്തതായിരുന്നു. റേഡിയോ സിഗ്നലുകള്‍ അത്ര വിശ്വസനീയവും എളുപ്പവുമായിരുന്നില്ല. അവയ്ക്ക് സങ്കീര്‍ണമായ വയറുകള്‍ ആവശ്യമായിരുന്നു. ആശയവിനിമയത്തിന് പുതിയ വയറുകള്‍ വേഗത്തില്‍ ഇടുന്നതും എല്ലായ്‌പ്പോഴും സാധ്യമല്ലായിരുന്നു. മറ്റൊന്ന് സന്ദേശവുമായി സൈനികരെ തന്നെ അയക്കുന്നതായിരുന്നു. ഇതും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പ്രാവുകളെ വ്യാപകമായി വിശ്വസനീയമായ ആശയവിനിമയ ഉപാധിയായി ഉപയോഗിച്ചത്. ഒരു സന്ദേശവാഹക പ്രാവിന് മണിക്കൂറില്‍ ശരാശരി അന്‍പത് മൈല്‍ പറക്കാന്‍ കഴിയും. ഇത് ആശയവിനിമയം വേഗത്തിലാക്കി. എന്നാല്‍ പ്രാവുകളെ ഉപയോഗിച്ചുള്ള ആശയവിനിമയം ഒരേസമയം വളരെ അപകടസാധ്യതയുള്ളതുമായിരുന്നു. ഒരു പ്രാവിനെ വെടിവച്ചു വീഴ്ത്തിയാല്‍, സന്ദേശം ശത്രുസൈന്യത്തിന് എളുപ്പത്തില്‍ തടയാനാകും. അതിനാല്‍ തന്നെ ജര്‍മന്‍ സൈനികര്‍ ഈ പക്ഷികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനുള്ള പ്രത്യേക പരിശീലനം നേടിയിരുന്നു.
.jpg?$p=aa62323&&q=0.8)
രക്ഷകനായി ഷെര്‍ അമി
ജര്‍മന്‍ സൈന്യം ആക്രമണം ആരംഭിച്ചതോടെ 194 സൈനികര്‍ മാത്രമാണ് സംഘത്തില്‍ അവശേഷിച്ചത്. അതോടെ സഹായം ആഭ്യര്‍ഥിച്ച് വിറ്റില്‍സി പ്രാവുകളെ അയക്കാനാരംഭിച്ചു. ഒക്ടോബര്‍ മൂന്നിനാണ് ആദ്യത്തെ പ്രാവിനെ ഉപയോഗിച്ച് സന്ദേശം കൈമാറാന്‍ ശ്രമിച്ചത്. 'പലര്‍ക്കും പരിക്കേറ്റു, ഞങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സാധ്യമല്ല' എന്ന ആദ്യ സന്ദേശവുമായി പറന്ന പ്രാവിനെ ജര്‍മന്‍ സേന വെടിവച്ചു വീഴ്ത്തി. പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചു. 'സൈനികര്‍ കഷ്ടപ്പെടുന്നു, പിന്തുണ നല്‍കുമോ?' എന്ന സന്ദേശവുമായി പറന്ന ആ പ്രാവും വെടിയേറ്റുവീണു. ഒക്ടോബര്‍ 4 വെള്ളിയാഴ്ച, ഒരു അമേരിക്കന്‍ വിമാനം അവര്‍ക്ക് മുകളിലൂടെ പറന്നു. തങ്ങള്‍ക്ക് സാധനങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചു. പക്ഷേ പൈലറ്റ് അവരെ ജര്‍മന്‍ സൈനികരാണെന്ന് തെറ്റിധരിച്ചു. അമേരിക്കന്‍ പീരങ്കികള്‍ വിറ്റില്‍സിയുടെ ആളുകളെ ലക്ഷ്യം വെച്ചുകൊണ്ട് വെടിയുതിര്‍ത്തു. അന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് വിറ്റില്‍സി തന്റെ കൈവശമുള്ള അവസാനത്തെ പ്രാവ്, ഷെര്‍ അമിയെ പുറത്തെടുക്കുന്നത്. 'ഞങ്ങള്‍ 276.4-ന് സമാന്തരമായ പാതയിലാണ്. നമ്മുടെ സ്വന്തം പട്ടാളം തന്നെ ഞങ്ങളെ ആക്രമിക്കുകയാണ്. ദൈവത്തെ ഓര്‍ത്ത് അത് അവസാനിപ്പിക്കുക', ഷെര്‍ അമിയുടെ കാലില്‍ ഇങ്ങനെ ബന്ധിച്ചിരുന്നു.
പറന്നുയര്‍ന്നതോടെ, ഷെര്‍ അമിക്ക് നേരേയും ജര്‍മന്‍ സൈനികര്‍ വെടിയുതിര്‍ത്തു. എന്നാല്‍ വെടിയുണ്ടകള്‍ക്കിടയിലൂടെ ആ ചെറിയ പക്ഷി പറന്നു തുടങ്ങി. വെടിയുണ്ടകളെ അതിസമര്‍ത്ഥമായി കബളിപ്പിച്ചുകൊണ്ട് അത് ലക്ഷ്യത്തിലേക്ക് പറന്നു. ഭാഗ്യം അധികനേരം നീണ്ടുനിന്നില്ല. ഷെര്‍ അമിയ്ക്കും വെടിയേറ്റു. അമേരിക്കന്‍ പട്ടാളക്കാര്‍, അവരുടെ അവസാന പ്രതീക്ഷ നിലത്ത് പതിക്കുന്നത് ഭീതിയോടെ നോക്കിനിന്നു. എന്നാല്‍ ഷെര്‍ അമി വീണ്ടും എഴുന്നേറ്റു! മുറിവേറ്റു വീണെങ്കിലും അതിന് ജീവന്‍ നഷ്ടമായിരുന്നില്ല. അത് വീണ്ടും പറന്നു, വെടിയൊച്ചയുടെ അലയൊലികള്‍ അപ്പോഴും അവസാനിച്ചിരുന്നില്ല. ഏകദേശം അര മണിക്കൂര്‍ കൊണ്ട് ഷെര്‍ അമി 25 മൈല്‍ പിന്നിട്ടു. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവനോടെയാണ് അത് ലക്ഷ്യത്തിലെത്തിയത്. കൃത്യസമയത്ത് സന്ദേശം എത്തിച്ചതുവഴി, അമേരിക്കന്‍ സൈനികര്‍ക്ക് ഇടപെടാന്‍ സാധിച്ചു. അടുത്ത ദിവസം, ജര്‍മ്മന്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ഷെല്ലാക്രമണം തുടങ്ങി. സാഹചര്യങ്ങള്‍ അമേരിക്കയ്ക്ക് അനുകൂലമായി. ഒക്ടോബര്‍ 8-ന്, ഷെര്‍ അമിയുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് 194 സൈനികര്‍ അമേരിക്കന്‍ ലൈനുകളിലേക്ക് മടങ്ങിയെത്തി.
.jpg?$p=246738b&&q=0.8)
ഷെര്‍ അമി എന്ന 'പ്രിയ സുഹൃത്ത്'
യുദ്ധസമയത്ത് സന്ദേശവാഹകരായ പ്രാവുകളുടെ സേവനം ലോകത്തിലെ പല സേനകളും ഉപയോഗിച്ചിട്ടുണ്ട്. ടെലഗ്രാമും ഫോണും റേഡിയോയും ഒക്കെ വരുന്നതിനു മുമ്പ് ഉള്ള ഒരു നീണ്ട കാലലത്ത് വേഗത്തില്‍ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ പ്രാവുകളുടെ സേവനം മാത്രമേ ഉണ്ടായിരുന്നുള്ളു. 1917-ല്‍ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്ന വേളയില്‍ യുസ് ആര്‍മിയുടെ സിഗ്നല്‍ വിഭാഗത്തിന് 600 പ്രാവുകളെയാണ് നല്‍കിയത്. ബ്രിട്ടനില്‍ നിന്നാണ് ഈ പ്രാവുകളെ എത്തിച്ചത്. യുദ്ധമുഖത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള പരിശീലനവും പ്രാവുകള്‍ക്ക് നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച പ്രാവാണ് ഷെര്‍ അമി. ഷെര്‍ അമി എന്നാല്‍ ഫ്രഞ്ചില്‍ 'പ്രിയ സുഹൃത്ത്' എന്നായിരുന്നു അര്‍ഥം.
1918-ല്‍ സൈന്യത്തിന്റെ ഭാഗമായി നിരവധി ദൗത്യങ്ങളുടെ ഭാഗമായിരുന്നു ഷെര്‍ അമി. ഏതാണ്ട് 12 പ്രധാന ദൗത്യങ്ങള്‍ ഷെര്‍ അമി നടത്തി. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് അര്‍ഗോണിലെ 'ദി ലോസ്റ്റ് ബറ്റാലി'യനെ രക്ഷപെടുത്താന്‍ കാരണക്കാരനായ ദൗത്യമായിരുന്നു. എന്നാല്‍ അവസാനത്തെ ദൗത്യത്തില്‍ ഷെര്‍ അമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേയ്ക്കും ഒട്ടും പറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ആ പക്ഷി. മണിയുടെ ശബ്ദം കേട്ടെത്തിയ പട്ടാളക്കാരന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പക്ഷിയെയാണ് കണ്ടത്. ഒരു വെടിയുണ്ട നെഞ്ചിലാണ് പതിച്ചത്. ഒരു കാല് ഏതാണ്ട് അറ്റുപോയ നിലയിലായിരുന്നു. എന്നാല്‍ കാലിലെ ചെറിയ കണ്ടെയ്‌നറില്‍ സൂക്ഷിച്ച സന്ദേശം സുരക്ഷിതമായിരുന്നു.
ലോസ്റ്റ് ബറ്റാലിയനെ രക്ഷിച്ച പ്രാവ്
194 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരനായ ഷെര്‍ അമി വീരനായകനായി മാറി. സൈന്യം ആ പ്രാവിന് മികച്ച പരിചരണം ഒരുക്കി നല്‍കി. അതിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു. ഷെര്‍ അമിയുടെ ജീവന്‍ രക്ഷിച്ചെങ്കിലും കാല്‍ നഷ്ടപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരെ രക്ഷിച്ച ആ പക്ഷിയെ പരിപാലിക്കാന്‍ ഡിവിഷനിലെ സൈനികര്‍ ശ്രദ്ധാലുക്കളായി. അതിനുവേണ്ടി ഒരു ചെറിയ തടി കാല്‍ പോലും കൊത്തിയെടുത്തു. ഷെര്‍ അമിയുടെ ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥ അറിഞ്ഞ ഫ്രഞ്ച് സൈനികര്‍ ആ പ്രാവിന് രാജ്യത്തിന്റെ മഹത്തായ ബഹുമതികളില്‍ ഒന്ന് നല്‍കി. Croix de Guerre മെഡല്‍ സമ്മാനിച്ചാണ് അമിയെ ഫ്രാന്‍സ് ആദരിച്ചത്.
യാത്ര ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍, അവര്‍ അതിനെ അമേരിക്കയിലെത്തിച്ചു. അമേരിക്കയില്‍ ഷെര്‍ അമിയുടെ കഥ പത്രങ്ങളിലും മാസികകളിലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിലെ ഏറ്റവും പ്രശസ്തനായ നായകരിലൊരാളായി അമി മാറി. അമേരിക്കയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ 1919 ജൂണ്‍ 13-ന് ഷെര്‍ അമി ജീവന്‍ വെടിഞ്ഞു. അമേരിക്കയിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഷെര്‍ അമിയുടെ ശരീരം ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Content Highlights: Cher Ami, The Pigeon that Saved the Lost Battalion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..