കുഴിമന്തിയും തല്ലുമാലയും അഥവാ ശരാശരിയുടെ ആറാട്ട് | വഴിപോക്കൻ


വഴിപോക്കൻ

അധികാരം പ്രദർശിപ്പിക്കുന്നവരാണ് ശരാശരിക്കാർ. തങ്ങൾക്ക് കീഴെയുള്ളവരെ ഇവർ അധികാരം കൊണ്ട് ഞെരുക്കും. അതേസമയം, തങ്ങൾക്ക് മുകളിലുള്ളവർ അധികാരം പ്രയോഗിക്കുമ്പോൾ ഇവർ അടിമകളാവുകയും അടിമത്തമാണ് ആനന്ദം എന്ന് ഉദ്ഘോഷിക്കുകയും ചെയ്യും. ഒരു ജിദ്ദു കൃഷ്ണമൂർത്തിയോ ഓഷോ രജനീഷോ ഇവരുടെ ജനുസ്സുകളിൽനിന്ന് ഒരിക്കലും ഉടലെടുക്കുകയില്ല. ഇവർ തിരുവനന്തപുരത്തെത്തുമ്പോൾ പത്മനാഭ ദാസനും മലബാറിൽ വാഗ്ഭടാനന്ദ ശിഷ്യനുമാവും. ഒരു ദിവസമെങ്കിൽ ഒരു ദിവസം മുണ്ടുടുത്ത മോദിയാവണം എന്നതാണിവരുടെ സ്വപ്നവും അഭിലാഷവും.

മഴയിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി | Photo: ANI, കോടിയേരി ബാലകൃഷ്ണൻ അനുസമരണത്തിനിടെ വിതുമ്പിപ്പോയ മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: സി. സുനിൽ കുമാർ/മാതൃഭൂമി

ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിന്റെ കാഴ്ചയിൽ നിറഞ്ഞുനിന്ന രണ്ട് ദൃശ്യങ്ങൾ നോക്കാം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഴ നനഞ്ഞുകൊണ്ട് പ്രസംഗിക്കുന്നതായിരുന്നു ഒരു ദൃശ്യം. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന ചിത്രമായിരുന്നു രണ്ടാമത്തേത്. രണ്ട് ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങൾ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ചരിത്രം ഇത് ദീർഘകാലം ഓർമ്മിക്കും എന്നായിരുന്നു രാഹുലിന്റെ ചിത്രത്തിനുള്ള അടിക്കുറിപ്പ്. ഇത്രമാത്രം ഉള്ളുലഞ്ഞിരിക്കുന്ന പിണറായിയെ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരിയുടെ വേർപാട് പിണറായി അതിജീവിക്കുന്നത് അദ്ദേഹം പിണറായി വിജയനാണ് എന്നതുകൊണ്ടാണെന്നും രണ്ടാമത്തെ ദൃശ്യത്തിന് അപദാനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായി. ഈ രണ്ട് ചിത്രങ്ങളുടെയും വ്യാഖ്യാനങ്ങൾ സൂചകങ്ങളും ലക്ഷണങ്ങളുമാണ്. നമ്മുടെ സമൂഹം ഇന്നിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിന്റെയും പ്രതിസന്ധിയുടെയും ലക്ഷണങ്ങൾ.

മഴ നനഞ്ഞ് പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുമെന്നൊക്കെ പറയുന്ന അവസ്ഥ ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി നിൽക്കുന്നത് എവിടെയാണെന്ന് വ്യക്തമായി നമ്മോട് പറയുന്നുണ്ട്. മഴയിലും വെയിലിലും പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ എത്രയോ കാലമായി ഒരു സ്വാഭാവികതയായിരുന്നു. മഴയിൽ പ്രസംഗിക്കുന്ന നേതാവ് ചരിത്രസംഭവം ആവുകയാണെങ്കിൽ അതിന്റെയർത്ഥം ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറിമറിയുകയാണെന്നതാണ്. എല്ലാ അർത്ഥത്തിലും പിന്നിലേക്കുള്ള സഞ്ചാരമാണിത്. ഇടത്തരം മനുഷ്യരുടെ ഇടത്തരം കാര്യങ്ങൾ വലുതായി ചിത്രീകരിക്കപ്പെടുന്നു. അടിയന്തരാവസ്ഥയിൽ കൊടിയ മർദ്ധനമേറ്റ ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ വേരുകൾ പടർന്നിട്ടുള്ള കർണ്ണാടകത്തിൽ നിന്നാണ് ഇത്തരമൊരു കാഴ്ച ഇന്ത്യൻ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായ സ്‌നേഹലത റെഡ്ഡിയും ഇതേ മണ്ണിൽ നിന്നാണ് രൂപം കൊണ്ടത്. ശരീരം ബലികൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമാണത്. ആ വലിയ ചരിത്രത്തിനു മുന്നിൽ മഴ നനഞ്ഞു പ്രസംഗിക്കുന്ന രാഹുൽ ഒരു കൗതുകം പോലുമാവുന്നില്ലെന്നതാണ് വാസ്തവം.കോടിയേരിയുടെ മൃതദേഹത്തിനരികിൽ ദുഃഖിതനായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണമായ ഒരു ഇമേജും നമുക്ക് മുന്നിൽ ഉയർത്തുന്നില്ല. തീർത്തും സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണത്. ഏറ്റവും പ്രിയപ്പെട്ടവർ ഇല്ലാതാവുമ്പോൾ മനുഷ്യർ ഉലഞ്ഞുപോവും. അതുകൊണ്ടുകൂടിയാണ് നമ്മൾ മനുഷ്യരാവുന്നത്. പക്ഷേ, മുഖ്യമന്ത്രിയുടെ വ്യഥയും ദുഃഖവും പൊടുന്നനെ അസ്വാഭാവികവും അസാധാരണവുമായി ചിത്രീകരിക്കപ്പെടുന്നു. അതൊരു കാഴ്ചയും ആഘോഷവുമായി മാറുന്നു. മരിച്ചുകിടക്കുന്ന കോടിയേരി ബാലകൃഷ്ണൻ വിസ്മരിക്കപ്പെടുകയും ജീവിച്ചിരിക്കുന്ന നേതാവിന്റെ പ്രതികരണം സമൂഹത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രം ആവുകയും ചെയ്യുന്നു. എന്താരു ദുഃഖമാണിതെന്ന് അനുയായികളും ഭക്തരും അത്ഭുതപ്പെടുന്നു. പതിറ്റാണ്ടുകൾ സി.പി.എം. എന്ന വലിയ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരു നേതാവ് കടന്നുപോവുമ്പോൾ ബാക്കിയാവുന്ന ചിത്രം പിണറായി വിജയൻ എന്ന നേതാവിന്റെ ദുഃഖഭരിതമായ മുഖമാവുന്നു. തീർച്ചയായും അതൊരു ഫോട്ടോഗ്രഫിക് മൊമന്റ് ആണ്. പക്ഷേ, അതിനപ്പുറത്തേക്ക് അതിനെ പ്രതിഷ്ഠിക്കുകയും വിക്ഷേപിക്കുകയും ചെയ്യുമ്പോൾ അത് ശരാശരിയുടെ ആറാട്ടും ആഘോഷവുമായി മാറുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ സന്ദർശനത്തിനിടെ | Photo: AP

ഹാർവേഡിന് പകരം ഹാർഡ് വർക്ക്

Mediocrity എന്ന ഇംഗ്ളിഷ് വാക്കിനെ ശരാശരി, ഇടത്തരം എന്നൊക്കെ മൊഴിമാറ്റാമെന്ന് കരുതുന്നു. ഇന്ത്യൻ സമൂഹത്തെ ഇന്നിപ്പോൾ അടയാളപ്പെടുത്തുന്ന ഒരു ഘടകം ശരാശരിയുടെ അതിപ്രസരമാണ്. ബി.ജെ.പി. നയിക്കുന്ന കേന്ദ്ര ഭരണകൂടത്തെ നോക്കുക. ശരാശരിയാണ് അതിന്റെ മുഖവും മുദ്രയും. ഹാർവേഡിനേക്കാൾ വലുതാണ് ഹാർഡ് വർക്ക് എന്നതാണ് അതിന്റെ മുദ്രാവാക്യം. കഠിനാദ്ധ്വാനമാണ് വിജയരഹസ്യമെങ്കിൽ കഴുതകളായിരിക്കും ഈ ലോകത്തെ ഏറ്റവും വലിയ വിജയികൾ. അദ്ധ്വാനം എങ്ങിനെ കുറയ്ക്കാം എന്നതാണ് മനുഷ്യപുരോഗതിയെ എക്കാലവും ഉത്തേജിപ്പിച്ചിട്ടുള്ള മൂല മന്ത്രം. ഹാർഡ് വർക്ക് അല്ല സ്മാർട്ട് വർക്കാണ് വേണ്ടതെന്ന് പറയുമ്പോൾ അത് ശരാശരിക്കെതിരെയുള്ള ചെറുത്തുനിൽപ്പാവുന്നു.

ഇക്കഴിഞ്ഞ എട്ടുകൊല്ലങ്ങളിൽ ഇന്ത്യയെ കൂടുതൽ പ്രകാശഭരിതവും പ്രസന്നഭരിതവുമാക്കിയ ഒരു നടപടി എടുത്തുകാണിക്കാൻ ശരാശരിയിൽ അഭിരമിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. ഞെട്ടിപ്പിക്കലാണ് ഈ ഭരണകൂടം മുഖ്യമായും ചെയ്യുന്നത്. നോട്ട് നിരോധനമായാലും പൗരത്വ ഭേദഗതി നിയമനമായാലും ജമ്മു കശ്മീരിനെ വിഭജിക്കുന്നതായാലും പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങളായാലും ജനങ്ങളെ ഞെട്ടിപ്പിക്കുക എന്നതാണ് ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യം. സർഗ്ഗാത്മകതയുടെ അഭാവമാണ് ശരാശരിക്കാരെ സൃഷ്ടിക്കുന്നത്. ഗാന്ധിജിയും അംബദ്കറും നെഹ്രുവും ജയപ്രകാശ് നാരായണനും ചന്ദ്രശേഖറും ഈ വ്യവസ്ഥിതിക്ക് നിഷിദ്ധമാവുന്നു. ഇന്ത്യൻ ജനതയുടെ ഭാഗധേയം അടിസ്ഥാനപരമായി നവീകരിക്കാനും പുനഃസൃഷ്ടിക്കാനും കഴിയുന്ന ഒരു നടപടിയും ഈ ഭരണകൂടത്തിൽ നിന്നുണ്ടാവുന്നില്ലെന്നത് കാണാതിരിക്കാനാവില്ല.

ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ലെന്നും എത്രയോ ഇന്ത്യകളാണെന്നുമുള്ള യാഥാർത്ഥ്യം ശരാശരിക്കാർക്ക് ഉൾക്കൊള്ളാനാവില്ല. അവർക്ക് ഒരു ദേശവും ഒരു നേതാവും ഒരു ഭാഷയും മതി. അതിനപ്പുറത്തുള്ള വൈവിദ്ധ്യങ്ങൾ അവരുടെ ചെറിയ മനസ്സുകൾക്ക് പിടിച്ചെടുക്കാനാവുന്നില്ല. ഫെഡറലിസം സർഗ്ഗാത്മകതയുടെ ആവിഷ്‌കരണമാണ്. ഫെഡറലിസത്തിന്റെ അൾത്താര അധികാരത്തിന്റെ ബലിയും വികേന്ദ്രീകരണവും ആവശ്യപ്പെടുന്നുണ്ട്. കേരളത്തെ കേരളമായും തമിഴകത്തെ തമിഴകമായും കാണുന്ന ഇന്ത്യയാണത്. യോജിപ്പുകൾ എന്നതിനേക്കാൾ വിയോജിപ്പുകളുടെ ഇന്ത്യ. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ഫെഡറലിസത്തിന്റെ ആത്മാവ്.

ഒരു തരത്തിലുള്ള ചോദ്യം ചെയ്യലും ശരാശരിക്കാർക്ക് സഹിക്കാനാവില്ല. അവർ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കും, അർബൻ നക്സലുകൾ എന്ന് മുദ്ര കുത്തി തുറുങ്കിലടയ്ക്കും. സ്വാതന്ത്ര്യമാണ് ശരാശരിക്കാരെ ഭയപ്പെടുത്തുന്നത്. ചോദ്യം ചെയ്യാനുള്ള , വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന സത്യം അവർ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് മറച്ചുവെയ്ക്കും. ബി.ജെ.പിക്കുള്ളിൽ പ്രധാനമന്ത്രി മോദിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന സുബ്രഹ്‌മണ്യൻ സ്വാമിയുടെ അവസ്ഥ നോക്കുക. എൽ.കെ. അദ്വാനിക്ക് മാർഗ്ഗ നിർദ്ദേശക മണ്ഡലിലെങ്കിലും സ്ഥാനം കിട്ടി. സ്വാമിക്കാണെങ്കിൽ അത് പോലുമില്ല. മറ്റ് വഴിയൊന്നുമില്ലാത്തതുകൊണ്ട് സ്വാമി ഇപ്പോഴും ബി.ജെ.പിയിൽ തുടരുന്നുവെന്ന് മാത്രം. മോദി മന്ത്രിസഭയിൽ മോദിയോട് എന്തെങ്കിലും കാര്യം നേർക്ക് നേർ നിന്ന് പറയാൻ കെൽപുണ്ടായിരുന്ന നിതിൻ ഗഡ്കരിയും ഒതുക്കപ്പെട്ടു. ചീറ്റകൾക്ക് പേരിടാൻ പറഞ്ഞാൽ അതാവുന്നു ഏറ്റവും വലിയ രാജ്യസേവനം.

വി.കെ. ശ്രീരാമൻ | ഫോട്ടോ: അജിത് ശങ്കരൻ/മാതൃഭൂമി

ആത്മരതിയുടെ നിർവൃതി

ഈ പരിസരത്തിലാണ് വി.കെ. ശ്രീരാമന്റെ കുഴിമന്തി നിരോധനം കാണേണ്ടത്. മലയാള സാഹിത്യം ഇന്നിപ്പോൾ ശരാശരിക്കാരുടെ പിടിയിലാണ്. ശരാശരിയുടെ ആറാട്ടെന്ന് വിളിച്ചാൽ ഒട്ടും തന്നെ അതിശയോക്തിയുണ്ടാവില്ല. സംസാരിക്കേണ്ട സമയത്ത് നിശ്ശബ്ദത പാലിക്കുകയും ഒരു വാക്ക് ഉപയോഗിക്കേണ്ടിടത്ത് പത്ത് വാക്കുകൾ ഉപയോഗിക്കുകയുമാണ് ഈ ശരാശരിക്കാരുടെ രീതി. ഇവർ ഏറ്റവും കൂടുതൽ പറയുക ഇവരെക്കുറിച്ചു തന്നെയാവും. ആത്മരതിയാണ് ഇവരുടെ ദൈവവും മതവും. സ്വന്തം രചനകളായിരിക്കും ഇവർ സദാ ഉദ്ധരിക്കുക.

മോദി ഭരണകൂടം ഞെട്ടിപ്പിക്കുന്നതുപോലെ ഞെട്ടിപ്പിക്കാൻ ആവില്ലെങ്കിലും മനുഷ്യരുടെ ലൈംഗികാവയങ്ങളുടെ പേരുകൾ നാഴികയ്ക്ക് നാൽപതുവട്ടം ഒരു കാര്യവുമില്ലാതെ വിളിച്ചുപറഞ്ഞ് വായനക്കാരെ ഞെട്ടിക്കാൻ നോക്കലാണ് ഇവരുടെ മുഖ്യ വിനോദം. ഭരണകൂടം കുനിയാൻ പറഞ്ഞാൽ ഇവർ മുട്ടികുത്തി ഇഴയും. ഭരണകൂടത്തിനും നേതാവിനും കറുപ്പ് ഇഷട്മല്ലെങ്കിൽ ഇവർ കറുത്ത മാസ്‌കുകൾ കൂട്ടത്തോടെ കത്തിക്കും. ഭരണകൂടം കെ റെയിലിനായി കളത്തിലിറങ്ങിയാൽ ഇവർ ജപ്പാനിലെയും ചൈനയിലെയും ബുള്ളറ്റ് ട്രെയിനുകളിൽ സഞ്ചരിച്ച് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ കസറും.

ഇവരിൽ വലിയൊരു വിഭാഗം ഇടത്പക്ഷക്കാരാണെന്ന് സ്വയം നടിക്കുന്നവരാണ്. പക്ഷേ, അങ്ങ് കേന്ദ്രത്തിൽ സംഘപരിവാറാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്നതിനാൽ കേരളത്തിലെ ശാഖകൾക്ക് മുന്നിലൂടെ മുണ്ട് മടക്കിക്കുത്തി നടക്കാൻ പോലും ഇക്കൂട്ടർക്കാവില്ല. ഹിന്ദുത്വയുടെ പേരിൽ നടക്കുന്ന അക്രമസംഭവങ്ങൾ ഈ വിഭാഗങ്ങൾ പൊതുവെ കാണാറില്ല. കെ.കെ. ശൈലജയ്ക്ക് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിലോ മഗ്സസെ അവാർഡ് നിഷേധിക്കപ്പെടുന്നതിലോ വി.എസ്. അച്ച്യുതാനന്ദനെ തമസ്‌കരിക്കുന്നതിലോ നവകേരള വികസന രേഖയുടെ പേരിൽ ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കുന്നതിലോ ഇവർ ഒരന്യായവും കാണില്ല.

ഇങ്ങോട്ടൊന്നും പറയാത്തവരുടെ മെക്കിട്ടുകയറുക, വീണു കിടക്കുന്നവരെ ചവിട്ടിക്കൂട്ടുക, നേതാവിന്റെ അപദാനങ്ങൾ വാഴ്ത്തുക എന്നതിലാണ് ഇവർ ആനന്ദം കണ്ടെത്തുന്നത്. ഇടത് സർക്കാർ ഭരണത്തിലില്ലാത്തതാണ് പൊതുവെ ഇവർക്ക് സൗകര്യം. അപ്പോൾ പിന്നെ ഓരോ ദിവസവും ഇവർ കലാപങ്ങൾക്ക് പുതുപാഠങ്ങൾ ചമയ്ക്കും. ഇടത് സർക്കാർ ഭരണമേറുകയും പിണറായിയെപ്പോലൊരാൾ മുഖ്യമന്ത്രിയാവുകയും ചെയ്താൽ പിന്നെ ഇവർ പൊതുവെ മൗനികളാവുകയാണ് പതിവ്. സാമൂഹിക മാദ്ധ്യമങ്ങൾ വന്നതുകൊണ്ട് രക്ഷപ്പെട്ട കൂട്ടർ കൂടിയാണിവർ. എന്തെഴുതിയാലും ഇപ്പോൾ പ്രസിദ്ധീകരിക്കാൻ വേറെയാരുടെയും സഹായം ആവശ്യമില്ല. സ്വന്തം ഫെയ്സ്ബുക്ക് പേജിൽ എന്ത് തോന്നിവാസവും എഴുതിയിടാം എന്നതാണ് ഇവരെ ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

കുഴിമന്തി | ഫോട്ടോ: മാതൃഭൂമി

അനന്തപുരിയിൽ പത്മനാഭ ദാസൻ, മലബാറിൽ വാഗ്ഭടാനന്ദ ശിഷ്യൻ

ഭരണകൂടത്തെ വിമർശിക്കണമെങ്കിൽ നട്ടെല്ലും സ്വഭാവദാർഢ്യവും വേണം. അതില്ലാതെ വരുമ്പോൾ മാവേലിയാണോ വാമനനനാണോ വലുത് എന്ന വിഷയത്തിൽ ഉപന്യാസമെഴുതാം. കേരളത്തിന്റെ പ്രാചീനതയും ശ്രീനാരായണ ഗുരുവും എന്ന തലക്കെട്ടിൽ ഒരെണ്ണം വെച്ചുകാച്ചിയാൽ എസ്.എൻ.ഡി.പി. യോഗങ്ങളിൽ ആസ്ഥാന പ്രാസംഗികനായി പ്രതിഷ്ഠിക്കപ്പെടും. എൻ.എസ്.എസിലാണ് കയറിപ്പറ്റേണ്ടെതെങ്കിൽ മന്നത്ത് പദ്മനാഭനും കേരള നവോത്ഥാനവും എന്നാവും സൃഷ്ടിയുടെ ശീർഷകം. തിരുവനന്തപുരത്തെത്തുമ്പോൾ പത്മനാഭ ദാസനും മലബാറിൽ വാഗ്ഭടാനന്ദ ശിഷ്യനുമാവും.

ഭരണകൂടത്തെ വിമർശിക്കാനാവുന്നില്ല എന്നതാണ് അടുത്തിടെയായി ഇക്കൂട്ടർ നേരിടുന്ന വലിയൊരു പ്രതിസന്ധി. അങ്ങിനെ വരുമ്പോൾ ഏറ്റവും എളുപ്പം കുഴിമന്തിയുടെ മെക്കിട്ടുകയറുക എന്നതാണ്. മെയ്യനങ്ങി ഒരു പണിയുമെടുക്കാത്തതുകൊണ്ട് പൊതുവെ ഇക്കൂട്ടർക്ക് വിശപ്പ് കുറവായിരിക്കും. അപ്പോൾ പിന്നെ നാടായ നാട് മുഴുവൻ കുഴിമന്തിക്കടകൾ ഉയർന്നുവരികയും ജനം യഥേഷ്ടം ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഇവർ അസ്വസ്ഥരാവുകയും കുഴിമന്തിക്കെതിരെ കലാപം പ്രഖ്യാപിക്കുകയും ചെയ്യും. ആശയത്തെ ആശയം കൊണ്ടാണ് എതിർക്കേണ്ടത് എന്ന് അധരവ്യായാമം നടത്തുന്ന ഇക്കൂട്ടർ ഉള്ളിന്റെയുള്ളിൽ ചിന്തിക്കുന്നത് ഏകാധിപതിയാവുന്നതിനെക്കുറിച്ചും നിരോധനങ്ങളെക്കുറിച്ചുമാണ്.

ഒരു ദിവസമെങ്കിൽ ഒരു ദിവസം മുണ്ടുടുത്ത മോദിയാവണം എന്നതാണിവരുടെ സ്വപ്നവും അഭിലാഷവും. ഇങ്ങനെയൊരു ഉൾവിളിയിലായിരിക്കണം ശ്രീരാമൻ കുഴിമന്തിക്കെതിരെ പടപ്പുറപ്പാട് നടത്തിയത്. സാധാരണ സംഗതികളെ പുച്ഛിക്കുന്നവരാണ് ശരാശരിക്കാർ എന്ന് റഷ്യൻ എഴുത്തുകാരൻ പാസ്റ്റർനാക്ക് ഒരു ലേഖനത്തിൽ പറയുന്നുണ്ട്. കുഴിമന്തി ഇപ്പോൾ ഒരു സാധാരണ കേരള ഭക്ഷ്യവിഭവം പോലെയൊണ്. സാമ്പാറും പൊറോട്ടയും പോലെ കുഴിമന്തിയും നമ്മുടെ നിത്യേനയുള്ള ജിവിത വ്യവഹാരങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. സ്വാഭാവികതയുടെ തിരസ്‌കരണമാണ് ശരാശരിക്കാരുടെ വിനോദം. സ്വാഭാവികതകളിൽ അല്ല നാട്യങ്ങളിലാണ് ശരാശരിക്കാർക്ക് കമ്പം . ഈ നാട്യങ്ങളാണ് കുഴിമന്തി നിരോധിക്കപ്പെടേണ്ട പേരാണ് എന്ന ചിന്തയുടെ ഉറവിടം. സാധാരണഗതിയിൽ ചായക്കോപ്പയിൽ ( ശ്രീരാമന്റെ ഫെയ്സ്ബുക്ക് പേജിൽ) ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്യേണ്ട മൈനർ ലഹളയായിരുന്നു ഇത്.

പക്ഷേ, നമ്മുടെ നാട്ടിലെ സാംസ്‌കാരിക ഇടനിലക്കാരുടെ വിചാരം ഈ ലോകത്തുള്ള എല്ലാ സംഭവങ്ങളിലും അവരുടെ പ്രതികരണത്തിനായി നാടും നാട്ടുകാരും കാതോർക്കുന്നുണ്ടെന്നാണ്. ഈ വികാരം പതഞ്ഞുയരുമ്പോൾ തെക്കും വടക്കും നടുക്കുമുള്ള സാംസ്‌കാരിക പുരുഷുക്കളും വനിതാരത്നങ്ങളും കുഴിമന്തിയെ നാലു പറഞ്ഞിട്ടുതന്നെ ബാക്കികാര്യം എന്ന് തീരുമാനിക്കുന്നു. ആദ്യത്തെ അടി ആരാണ് കൊടുക്കുന്നതെന്നതാണ് സംഗതി വൈറലാക്കുക. അപ്പോൾ പിന്നെ ആദ്യം അടിക്കുക, പിന്നീട് ചിന്തിക്കുക എന്നതാണ് രീതി. അങ്ങിനെയാണ് ആദ്യത്തെ പ്രതികരണങ്ങൾ പാളം തെറ്റുന്നതും മാപ്പ് ചോദിക്കലിലും കൂട്ടക്കരച്ചിലിലും കലാശിക്കുന്നതും. എനിക്ക് പിടിക്കാത്ത ഒരു വാക്കുണ്ടെങ്കിൽ അത് മാപ്പാണെന്ന് വിജയകാന്തിന്റെ ഒരു കഥാപാത്രം ഒരു തമിഴ് സിനിമയിൽ പറയുന്നത് ഇക്കൂട്ടരെ മുൻകൂട്ടി കണ്ടായിരിക്കണം.

അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

അടൂരും എലിപ്പത്തായവും

രാഷ്ട്രീയം, സാഹിത്യം, കല, മാദ്ധ്യമങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലും ഇന്നിപ്പോൾ വി.കെ. ശ്രീരാമന്മാരുടെ കലാപമാണ്. തല്ലുമാല എന്ന സിനിമ എടുക്കുക. ഒരു ശരാശരി സിനിമയ്ക്കപ്പുറത്ത് പുതുതായി ഒന്നും മുന്നോട്ടുവെയ്ക്കാനില്ലാത്ത കലാപരിപാടിയാണിത്. ശ്രീരാമൻ കുഴിമന്തിയുടെ മെക്കിട്ടാണ് കയറിയതെങ്കിൽ ഈ സിനിമ കശാപ്പ് ചെയ്യുന്നത് സാമാന്യയുക്തിയാണ്. തല്ലുമാലയും കടുവയുമൊക്കെ കാണുമ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായി തുടരുന്നതെന്തുകൊണ്ടാണെന്നും എലിപ്പത്തായം ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച സിനിമയായി തുടരുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാവുന്നത്.

ഹോളിവുഡ് സംവിധായകൻ ക്വന്റിൻ ടറാന്റിനോയുടെ സിനിമകൾ കാണുന്നതുവരെ മാത്രമേ തല്ലുമാലയുടെ വ്യാകരണം നമ്മളെ ഭ്രമിപ്പിക്കുകയുള്ളു. ഇംഗ്ളിഷ് കവി കോളറിഡ്ജിനെക്കുറിച്ച് ഉയർന്ന ഒരു ആക്ഷേപം അദ്ദേഹത്തിന് ഒറിജിനലും അനുകരണവും തിരിച്ചറിയാനാവാതായി എന്നതായിരുന്നു. വലിയ ചിന്തകൾ എന്ന നിലയിൽ കോളറിഡ്ജ് അവതരിപ്പിച്ചിരുന്ന ആശയങ്ങൾ പലതും ജർമ്മൻ തത്ത്വചിന്തകരുടേതായിരുന്നു. നമ്മുടെ സിനിമക്കാരിൽ ഭൂരിപക്ഷവും ഇപ്പോൾ ഇത്തരത്തിൽ അനുകരണങ്ങളുടെ അനുകരണങ്ങളാണ്. ഹോളിവുഡ് സംവിധായകൻ ഫ്രാൻസിസ് ഫോഡ് കപ്പോളയുടെ ഗോഡ്ഫാദറിനെ അനുകരിക്കാത്ത ഒരു മാഫിയ സിനിമയും ഈ ഭൂമിമലയാളത്തിൽ ഇറങ്ങിയിട്ടില്ല.

അടൂരിന്റെയും സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സിനിമകൾ കാണുക എന്നതാണ് തല്ലുമാലക്കാരും കടുവക്കാരുമൊക്കെ ചെയ്യേണ്ടത്. സാഹിത്യം നന്നാവണമെങ്കിൽ എം.പി. നാരായണപിള്ളയെ വായിക്കുക എന്നതാണ് പെട്ടെന്ന് ചെയ്യാവുന്ന കാര്യം. സാമൂഹ്യ ശാസ്ത്രജ്ഞനായ പ്രൊഫസർ എം. കുഞ്ഞാമന്റെ 'എതിര്' എന്ന് പേരുള്ള ആത്മകഥ വായിച്ചാലും മീഡിയൊക്രിറ്റിയെ മറികടക്കുന്നതിനുള്ള രാസവിദ്യകൾ പിടികിട്ടും. കേരള രാഷ്ട്രീയത്തിൽ മീഡിയൊക്രിറ്റി മറി കടന്നവരെക്കുറിച്ച് പറയാൻ പറഞ്ഞാൽ ഓർമ്മയിലേക്ക് കയറി വരുന്ന രണ്ട് പേരുകൾ കെ. ദാമോദരന്റേതും വി.എസ്. അച്ച്യുതാനന്ദന്റേതുമാണ്.

പാർട്ടിക്കുള്ളിൽ ഉയർത്തിയ വിയോജിപ്പുകളും കലാപവുമാണ് ഇരുവരെയും ശരാശരിയിൽനിന്ന് മുകളിലേക്കുയർത്തുന്ന മുഖ്യഘടകം. ആദ്യ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് 1958 ജൂലായ് 26-ന് കൊല്ലത്തിനടുത്ത് ചന്ദനത്തോപ്പിലെ കശുവണ്ടി ഫാക്ടറി തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെ പോലിസ് നടത്തിയ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി(1964 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിരിഞ്ഞത്) ആസ്ഥാനത്ത് പാർട്ടിയുടെ സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടയിലാണ് ഈ വാർത്ത എത്തിയതെന്ന് ദാമോദരൻ ഇടത് ചിന്തകനും എഴുത്തുകാരനുമായ താരിഖ് അലിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

വി.എസ്. അച്യുതാനന്ദൻ, കെ. ദാമോദരൻ | ഫോട്ടോ: മാതൃഭൂമി

കെ. ദാമോദരനും വി.എസും

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുമ്പോൾ തൊഴിലാളികളെ പോലിസ് വെടിവെച്ചു കൊല്ലുന്നുവെന്നത് ഞെട്ടലോടെയാണ് സഖാക്കൾ കേട്ടതെന്ന് ദാമോരൻ പറയുന്നു. പോലിസ് വെടിവെയ്പ് ഒരിക്കലും ന്യായീകരിക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന സമിതി ആദ്യമെടുത്ത നിലപാട്. പക്ഷേ, ചർച്ച മുറുകിയതോടെ നിലപാട് മാറിമറിഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ വിമോചന സമരം നടക്കുന്ന സമയമായിരുന്നു അത്. ഈ ഘട്ടത്തിൽ പോലിസിന്റെ മനോവീര്യം കെടുത്തിയാൽ അത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ബാധിക്കുമെന്നും അതുകൊണ്ട് സമരം നടത്തിയ ആർ.എസ്.പിക്കെതിരെയാണ് സി.പി.ഐ. വിമർശനമുയർത്തേണ്ടതെന്നും ചർച്ചയ്ക്കൊടുവിൽ പാർട്ടി തീരുമാനിച്ചു.

ചന്ദനത്തോപ്പിലെത്തി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിന് പാർട്ടി അന്ന് നിയോഗിച്ചത് കെ. ദാമോദരനെയാണ്. പാർട്ടിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ ആ നിലപാട് ന്യായീകരിച്ച് പ്രസംഗിക്കാനാവില്ലെന്നും ദാമോദരൻ നേതൃത്വത്തോട് പറഞ്ഞു. പക്ഷേ, പാർട്ടി നിലപാട് കടുപ്പിച്ചതോടെ ദാമോദരൻ വഴങ്ങി. അടുത്ത ദിവസം ചന്ദനത്തോപ്പിലെത്തി ആർ.എസ്.പിയെ വിമർശിച്ച് സംസാരിച്ചു. അന്ന് രാത്രി തനിക്കുറങ്ങാൻ കഴിഞ്ഞില്ലെന്നും ഒരു കാരണവുമില്ലാതെ ഭാര്യയോട് തട്ടിക്കയറിയെന്നും ദാമോദരൻ വ്യക്തമാക്കുന്നു. അടുത്ത ദിവസം മറ്റു സ്ഥലങ്ങളിലും പ്രസംഗിക്കണമെന്ന പാർട്ടി ആവശ്യപ്പെട്ടപ്പോൾ ദാമോദരൻ നിരസിച്ചു. പാർട്ടി നിലപാടിനോട് യോജിക്കാനാവില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ പാർട്ടി ദാമോദരനെ പിന്നീട് നിർബ്ബന്ധിച്ചില്ല.

1956-ൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോൾ അന്നത്തെ സോവിയറ്റ് യൂണിയനിലെ പരമോന്നത നേതാവ് ക്രൂഷ്‌ചേവുമായി നടത്തിയ സംഭാഷണവും മീഡിയൊക്രിറ്റിയെ കെ. ദാമോദരൻ എങ്ങിനെയാണ് മറികടക്കുന്നതെന്ന് വ്യക്തമാക്കും. താഷ്‌കെന്റിൽ ഒരു ബാലെ കാണാൻ എത്തിയപ്പോൾ ദാമോദരന്റെ തൊട്ടടുത്ത കസേരയിൽ വന്നിരുന്നത് ക്രൂഷ്ചേവായിരുന്നു. മനസ്സിലുണ്ടായിരുന്ന ചില സംശയങ്ങൾ ദുരീകരിക്കാൻ ഇതു തന്നെയാണ് അവസരം എന്ന് കരുതി ദാമോദരൻ ക്രൂഷ്ചേവിനോട് സംഭാഷണം തുടങ്ങി. ബോറിസ് പാസ്റ്റർനാക്കിന്റെ നോവൽ ഡോക്ടർ ഷിവാഗൊ സോവിയറ്റ് ഭരണകൂടം നിരോധിച്ചത് എങ്ങിനെ ന്യായീകരിക്കാനാവും എന്നാണ് ദാമോദരൻ ക്രൂഷ്ചേവിനോട് ചോദിച്ചത്. വിപ്ലവം കഴിഞ്ഞ് നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരു നോവലിനെ എന്തിനാണ് പേടിക്കുന്നതെന്നും ദാമോദരൻ ചോദിച്ചു. പാസ്റ്റർനാക്ക് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുള്ളപ്പോൾ തന്നെ നിരോധനം അംഗീകരിക്കാനാവില്ലെന്നായിരുന്നു ദാമോദരന്റെ നിലപാട്. ദാമോദരൻ ഉയർത്തിയ ചോദ്യങ്ങൾക്കു മുന്നിൽ കൃത്യമായ ഉത്തരമില്ലാതെ വന്നപ്പോൾ ക്രൂഷ്ചേവ് ഒടുവിൽ തടിയൂരിയത് നമുക്ക് ബാലെ കാണുന്നതിൽ ശ്രദ്ധിക്കാം എന്ന് പറഞ്ഞുകൊണ്ടാണ്.

2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വി.എസും അധികാരത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ കൃത്യമായ നിലപാടെടുക്കുകയായിരുന്നു. പാർട്ടിക്കെതിരെ കലാപമുയർത്തിയ വിമതനേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയായിരുന്നു വി.എസിന്റെ പടപ്പുറപ്പാട്. പാർട്ടി അച്ചടക്കവും അധികാരവും ഈ വിധത്തിൽ വെല്ലുവിളക്കപ്പെട്ട മറ്റൊരു നടപടി സി.പി.എമ്മിന്റെ ചരിത്രത്തിൽ അധികമുണ്ടാവില്ല.

ന്യായമെന്നുറപ്പുള്ള ഒരു കാര്യത്തിൽ ഭൂരിപക്ഷത്തിനെതിരെ നീങ്ങാൻ ശരാശരിക്കാർക്ക് ഒരിക്കലും ആവില്ല. ഇവിടെയാണ് കെ. ദാമോദരനും വി.എസും ശരശാരിയുടെ കൊത്തളങ്ങൾ പൊളിച്ചുമാറ്റുന്നത്. ഇത്തരം വിയോജിപ്പുകൾ ഇപ്പോൾ ഒരിടത്തും കാണാനില്ല. അന്യായമായ നിയമങ്ങൾ ലംഘിക്കുക തന്നെ വേണമെന്നതിൽ ഗാന്ധിജിക്ക് തരിമ്പും സംശയമുണ്ടായിരുന്നില്ല. പക്ഷേ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു ചെറുവിരൽ പോലും ഉയർത്താൻ ബി.ജെ.പിക്കുള്ളിൽ ആരുമുണ്ടാവില്ല. പാർട്ടികൾ ആൾക്കൂട്ടമായി ചുരുങ്ങുകയും മീഡിയൊക്രിറ്റിയുടെ ഉപാസകരായി മാറുകയും ചെയ്യുമ്പോൾ ദാമോദരന്മാരും വി.എസുമാരും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാവുന്നു.

സംസാരിക്കുന്ന തവള

അധികാരം പ്രദർശിപ്പിക്കുന്നവരാണ് ശരാശരിക്കാർ. തങ്ങൾക്ക് കീഴെയുള്ളവരെ ഇവർ അധികാരം കൊണ്ട് ഞെരുക്കും. അതേസമയം, തങ്ങൾക്ക് മുകളിലുള്ളവർ അധികാരം പ്രയോഗിക്കുമ്പോൾ ഇവർ അടിമകളാവുകയും അടിമത്തമാണ് ആനന്ദം എന്ന് ഉദ്ഘോഷിക്കുകയും ചെയ്യും. ഒരു ജിദ്ദു കൃഷ്ണമൂർത്തിയോ ഓഷോ രജനീഷോ ഇവരുടെ ജനുസ്സുകളിൽ നിന്ന് ഉടലെടുക്കുകയില്ല. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയുണ്ടെന്നറിഞ്ഞാൽ ആ നിമിഷം ഇവർ ആ സ്ഥാനാർത്ഥിക്ക് ജയ് വിളിക്കുകയും എതിരാളിയെ അപഹസിക്കുകയും ചെയ്യും. വ്യവസ്ഥിതിക്കെതിരെയുള്ള ഒരു കലാപവും ചെറുത്തുനിൽപ്പും ഇവരുടെ നിഘണ്ടുവിൽ കണ്ടെത്താനാവില്ല.

കഴിഞ്ഞയാഴ്ച ഐ.ഐ.ടി. മദ്രാസിൽ വിദ്യാർത്ഥികളുമായി സംവദിക്കവെ ശശി തരൂർ പങ്കുവെച്ച ഒരു കഥയോടെയാവട്ടെ ഈ കുറിപ്പിന്റെ സമാപനം. ഒരു പ്രൊഫസർ ഒരു കുളത്തിനടുത്തുകൂടെ നടന്നുപോവുമ്പോൾ ഒരു ശബ്ദം കേട്ടു.
''ഇങ്ങോട്ട് വരൂ.''
പ്രൊഫസർ നോക്കിയപ്പോൾ ആരെയും കണ്ടില്ല. അപ്പോൾ ശബ്ദം വീണ്ടുമുയർന്നു: ''ഇവിടെ, ഇവിടേക്ക് നോക്കൂ.''
ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ പ്രൊഫസർ കണ്ടത് ഒരു തവളയെയാണ്.
''ഞാൻ തന്നെയാണ് സംസാരിക്കുന്നത്.''
തവള പറഞ്ഞു: ''എന്നെ ചുംബിച്ചാൽ ഞാൻ ഒരു സുന്ദരിയായ യുവതിയാവും. താങ്കളുടെ ഗേൾഫ്രണ്ടായി കൂടെ കഴിയും.''
പ്രൊഫസർ തവളയെ കൈയ്യിലെടുത്തു, എന്നിട്ട് ജുബ്ബയുടെ കീശയിലേക്കിട്ടു.
''താങ്കൾ എന്താണ് എന്നെ ചുംബിക്കാത്തത്? ഒന്ന് ചുംബിക്കൂ, സുന്ദരിയായ കാമുകിയെയാണ്‌ താങ്കൾക്ക് കിട്ടുക!''
അപ്പോൾ പ്രൊഫസറുടെ മറുപടി ആലോചനാമൃതമായിരുന്നു: ''ഈ പ്രായത്തിൽ എനിക്ക് ഒരു ചെറുപ്പക്കാരിയായ കാമുകിയുടെ ആവശ്യമില്ല. അങ്ങിനെയൊരാൾ എത്രനാൾ എന്റെ കൂടെയുണ്ടാവും എന്നൊരുറപ്പുമില്ല. പക്ഷേ, സംസാരിക്കുന്ന തവള എന്നും എനിക്കൊരു നിധിയായിരിക്കും.''

ശശി തരൂർ | Photo: PTI

നമ്മുടെ ശരാശരിക്കാർക്ക് ഈ പ്രൊഫസറെ മനസ്സിലാവില്ല. അവർ ആദ്യം കിട്ടുന്ന അവസരത്തിൽ തന്നെ തവളയെ ചുംബിക്കും. കുഴിമന്തിക്കെതിരെയുള്ള കലാപവും തല്ലുമാല പോലുള്ള തട്ടുപൊളിപ്പൻ സിനിമകളും രാഹുലിന്റെയും പിണറായിയുടെയും ഭക്തർ ഉയർത്തുന്ന അപദാനങ്ങളും ഈ ചുംബനങ്ങളുടെ ബാക്കിപത്രമാണ്.

1882-ൽ ന്യൂയോര്‍ക്കില്‍ കപ്പലിറങ്ങിയപ്പോള്‍ ഐറിഷ് എഴുത്തുകാരൻ ഓസ്‌കർ വൈൽഡ് ക്സ്റ്റംസ് അധികൃതരോട് പറഞ്ഞത് വെളിപ്പെടുത്താനായി (ഡിക്ലയർ ചെയ്യാൻ) തന്റെ കൈയ്യിൽ ആകെയുള്ളത് 'ജീനിയസ്' മാത്രമാണെന്നാണ്. ഇന്നിപ്പോൾ നമ്മുടെ ശരാശരിക്കാർക്ക് വെളിപ്പെടുത്താൻ കൈയ്യിലില്ലാത്തതും 'ജിനിയസ്' മാത്രമായിരിക്കും.

വഴിയിൽ കേട്ടത്: വിദേശയാത്രയിൽ മുഖ്യമന്ത്രി പിണറായിക്കൊപ്പം മകളും പേരക്കിടാവും. ഞാനാണ് രാഷ്ട്രമെങ്കിൽ എന്റെ കുടുംബവും രാഷ്ട്രമാണ്.

Content Highlights: Rahul Gandhi, Pinarayi Vijayan, Photos, Images, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented